Friday, December 8, 2017

"ഇപ്പോൾ എങ്ങനെയുണ്ട്?" ആസ്പത്രിക്കിടക്കയിൽ ക്ഷീണിച്ചു തളർന്നുകിടന്നിരുന്ന അവൾ ചോദ്യം കേട്ട് പതിയെ തലതിരിച്ചു എന്നെ നോക്കി. വിളറിയ ഒരു പുഞ്ചിരി വളരെ പണിപ്പെട്ട് ആ മുഖത്ത് പ്രത്യക്ഷമായി.  "ആശ്വാസം തോന്നുന്നുണ്ട് " , നേർത്ത സ്വരം മറുപടി തന്നു . "എന്നാൽ ഞാൻ ഇറങ്ങട്ടെ". മടിയിൽ വച്ചിരുന്ന ബാഗ് എടുത്തു തോളത്തിട്ട് ഞാൻ എഴുന്നേറ്റു . ചെയ്തു തീർക്കാനുള്ള ജോലികളെക്കുറിച്ചോർക്കുമ്പോൾ എനിക്ക് തിടുക്കമേറി . പെട്ടെന്ന് അവൾ കൈകാട്ടി എന്നെ വിളിച്ചു . എന്നോടെന്തോ പറയാനുണ്ടെന്ന് മനസ്സിലായി  അവളുടെ കിടക്കയുടെ അരികിൽ ഇരുന്നു. മേശപ്പുറത്തിരുന്ന ഒരു കേട്ട് റോസാപ്പൂക്കൾ ചൂണ്ടിക്കാട്ടി അവൾ പറഞ്ഞു , "ലവ്  യുവേഴ്‌സെൽഫ് , നമ്മൾ നമ്മെത്തന്നെ സ്നേഹിക്കാൻ പഠിക്കണം  . അല്ലെങ്കിൽ ഒടുവിൽ ഒരു റോസാപ്പൂവിന്റെ വിലയേ കമ്പനിക്ക് നഷ്ടം വരൂ ."

വീട്ടിലേക്കുള്ള യാത്രയിൽ ഓടിമറഞ്ഞ കാഴ്ച്ചകളൊന്നും ഞാൻ കണ്ടില്ല . ഓഫീസിനു തൊട്ടു ചേർന്നുള്ള കഫ്ത്തീരിയയിലാണ് അവൾ ജോലി ചെയ്യുന്നത്. മൂന്നുമണി വരെ അവിടെ , അതിനു ശേഷം വേറൊരു കമ്പനിയിൽ . ഒരു കോഫി വാങ്ങുന്നതിൽ തുടങ്ങിയ സൗഹൃദമാണ്, ഇടയ്ക്കു തിരക്കൊഴിഞ്ഞ വേളയിൽ കാണുമ്പോൾ ധാരാളം സംസാരിക്കും . രാവിലെ ആറു  മണിക്ക് വീട്ടിൽനിന്നിറങ്ങിയാൽ തിരികെയെത്തുന്നത് രാത്രി പത്തു മണിയ്ക്കാണ്. "കുട്ടികൾ ഉറങ്ങിയിട്ടുണ്ടാവും" ഇടറിയ സ്വരത്തിൽ ഒരിക്കൽ അവൾ പറഞ്ഞു . "എന്നാലും അവർ ചോദിക്കുന്നതെന്തും വാങ്ങിക്കൊടുക്കാൻ എനിക്ക് പറ്റുന്നുണ്ട് . അതുകൊണ്ടു അവർ ഹാപ്പി ആണ്". മെലിഞ്ഞുണങ്ങിയ അവളുടെ നേരെ നോക്കി "നീ എപ്പോഴാണ് വിശ്രമിക്കുക " എന്ന ചോദ്യത്തിന് ആ  പതിവു നിറകൺചിരി വിരാമമിട്ടു.

ഈയിടെയായി കഫ്റ്റീരിയയിൽ പോക്ക് കുറച്ചു . ജോലിത്തിരക്ക് കൂടിയതു തന്നെ കാരണം . മൂന്നാഴ്ച്ച മുൻപ് ഒരു ഉച്ചനേരത്തു E M S (അടിയന്തിര മെഡിക്കൽ സേവനം ) വന്നതിന്റെ ബഹളം കേട്ട് വിവരം തിരക്കിയപ്പോൾ സഹപ്രവർത്തക  പറഞ്ഞു  " കഫ്റ്റീരിയയിൽ ആരോ ബോധം മറഞ്ഞു വീണതാണ് ". ആരാണെന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും തിരക്ക് അതിന് അനുവദിച്ചില്ല .

വർഷാവസാനത്തെ ജോലികളും മറ്റ് അനുബന്ധ പ്രശ്നങ്ങളും ഓരോ ദിവസ്സവും കൂടിക്കൂടി വന്നു . കുളിമുറിയിൽ കൊഴിഞ്ഞുവീഴുന്ന അസംഖ്യം മുടിയിഴകളോ കണ്ണിനടിയിലെ കരുവാളിപ്പോ ഒന്നും ശ്രദ്ധിക്കാൻ സമയം കിട്ടാറില്ല . ഡിസംബറിലെ തണുപ്പുള്ള വൈകുന്നേരങ്ങളോ കാലം  തെറ്റി വന്ന വെയിലോ ഒന്നും എന്നെ ബാധിച്ചില്ല. വാരാന്ത്യങ്ങളിലെ പതിവുള്ള യാത്രകൾക്കും താത്പര്യമില്ലാതായപ്പോൾ ഭർത്താവ് ഓർമിപ്പിച്ചു , "ജോലിയിലെ നേട്ടങ്ങളൊന്നും സഹായിക്കാത്ത, ശരീരം പണിമുടക്കുന്ന, ഒരു കാലം വരും. അന്ന് സ്വപ്നങ്ങളേക്കാളേറെ ഓർമ്മകൾക്കായിരിക്കും പ്രാധാന്യം."

വീട്ടിലെത്തി, ബാഗൊക്കെ എവിടെയോ ഇട്ടു.  ഒരു ആസ്പത്രിക്കിടക്കയും പ്രതീക്ഷയറ്റ രണ്ടുകണ്ണുകളും എന്നെ പേടിപ്പെടുത്തുന്നുണ്ടായിരുന്നു.  കസേരയിൽ ചാരിക്കിടന്നു മയങ്ങിപ്പോയി . പെട്ടെന്ന് ആരോ രണ്ടു റോസാപ്പൂക്കൾ എൻറെ ദേഹത്തുവച്ചതുപോലെ  . ഞാൻ മയക്കത്തിൽ നിന്നും ഞെട്ടിയെണീറ്റു , ഭർത്താവാണ് ,  പുതപ്പ് എന്റെ ദേഹത്തേക്ക് വലിച്ചിടുകയാണ്. "നിനക്ക് നല്ല ക്ഷീണമുണ്ട് , കിടന്നോളൂ". പെട്ടെന്ന് ആ കയ്യിൽ പിടിച്ചു ഞാൻ ചോദിച്ചു , "നമുക്കൊരു ഡ്രൈവിനു പോയാലോ? "

   


Friday, December 1, 2017

ചിലർ അങ്ങനെയാണ്, നമ്മുടെ ഈ ഭ്രാന്തൻ യാത്രയിൽ ഇടയ്ക്ക് ഏതോ സ്റ്റോപ്പിൽ നിന്നും കയറി കുറേ നേരം നമ്മെ ചിരിച്ചും ചിന്തിപ്പിച്ചും ചിലപ്പോൾ കരയിച്ചും പൊടുന്നനേ എവിടെയോ മറയുന്നു. പേരിടാൻ അറിയാത്ത ഏതോ ബന്ധങ്ങൾ അവർ വരച്ചുവെക്കുന്നു, പിന്നീട് കണ്ടു മുട്ടുമെന്ന പ്രതീക്ഷയ്ക്കുപോലും വകയില്ലാതെ.

 ഒട്ടനവധി വർഷങ്ങൾക്കു ശേഷം സൂസന്റെ അപ്പച്ചന്റെ ചിരിക്കുന്ന മുഖം കണ്ടത് ഇന്നാണ് . അനിയൻ അയച്ചു തന്ന വാട്സാപ്പ് സന്ദേശത്തിൽ  "ആദരാഞ്ജലികൾ" എന്ന തലക്കെട്ടോടെ .

എന്റെ ബാല്യകാല ഓർമ്മകളിൽ ഇപ്പോഴും ആ മുഖം തെളിഞ്ഞുകിടപ്പുണ്ട്. നേഴ്സറി മുതൽ ഉള്ള കൂട്ടാണ് സൂസനുമായുള്ളത് . സ്കൂൾ വിട്ട് വരുമ്പോൾ ഇടയ്ക്കൊക്കെ പോകാൻ അനുവാദമുണ്ടായിരുന്ന ഒരു വീടായിരുന്നു അത് . കുളവും മീനുകളും പക്ഷി മൃഗാദികളും വായിൽ വെള്ളമിറ്റിക്കുന്ന ഇരുമ്പൻപുളിയും , നിറയെ വർത്തമാനം പറയുന്ന ഒരു അപ്പച്ചനും. കാലം മിന്നിമറയുകയും ഞാനും സൂസനും ലോകത്തിന്റെ രണ്ടു കോണുകളിൽ ആവുകയും ചെയ്തു. ഇക്കാലമത്രയും നാട്ടിൽ പോയിട്ടും ഒരിക്കൽ പോലും അവിടംവരെ ഒന്നു പോകാത്തതിലുള്ള ഒരു കുറ്റബോധം ഇന്നെനിക്കു തോന്നുന്നുണ്ട് .

ഭൂമിയുടെ ഇങ്ങേയറ്റത്തിരിക്കുമ്പോൾ പല മരണ വാർത്തകളും സൃഷ്ടിക്കുന്ന വികാരം ഇതു തന്നെ. ചെറിയ തെറ്റിദ്ധാരണകളിലെ  പിണക്കത്തിൽ മറന്നവർ, സമയം മാറ്റിവെക്കാൻ കാണിച്ച മടിമൂലം വർഷങ്ങളായി കാണാത്തവർ , മുൻഗണനാലിസ്റ്റിൽ പേരു വരാത്തതുകൊണ്ടു ഒഴിവാക്കപ്പെട്ടവർ അങ്ങനെ ഒട്ടനവധി കാരണങ്ങൾ . പക്ഷേ തിരുത്താനുള്ള സമയം പോലും തരാതെ  ഒരു ചരമക്കോളത്തിൽ നിറഞ്ഞു നിന്ന് അവർ നമ്മളെ നോക്കി ചിരിക്കുമ്പോൾ തോന്നുന്ന ആ നിസ്സഹായാവസ്ഥ വല്ലാത്തതാണ് . അത് നമ്മളോട് പറയാൻ ശ്രമിക്കുന്ന പാഠങ്ങൾ വളരെ വലുതാണ് .


മരണം ഒരു ഓർമപ്പെടുത്തലാണ് എന്ന് ആരോ പറഞ്ഞുകേട്ടിട്ടുണ്ട്. അക്ഷരംപ്രതി ശരിയാണത്. ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ . ജനനത്തിനും മരണത്തിനും ഇടയിലുള്ള വളരെക്കുറച്ചു മാത്രം നിമിഷങ്ങളുടെ അസ്ഥിരതയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ. കണക്കുകൂട്ടലുകളുടെയും വിലയിരുത്തലുകളുടെയും വിഡ്ഢിത്തത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ. എല്ലാറ്റിലുമുപരി,  മിർച്ചി ആർ ജെ ജോസഫ് പറഞ്ഞതുപോലെ, കുറച്ചുകൂടി സ്നേഹിക്കാമായിരുന്നു എന്ന ഓർമ്മപ്പെടുത്തൽ.




Saturday, November 25, 2017

"കുട്ടികളൊക്കെ വലുതായിട്ടു വേണം അവരും ഞാനും കൂടി കുറേ യാത്രകൾ പോകാൻ".  പതിവു വാരാന്ത്യ സമയംകൊല്ലൽ വേളയിലെ സംസാരത്തിൽ അബദ്ധം പിണഞ്ഞതാവും എന്നാണ് ഞാൻ കരുതിയത് . ഉദ്ദേശിച്ചത്‌ കുട്ടികളുടെ കൂടെത്തന്നെ യാത്ര പോവലാണോ എന്ന ചോദ്യം മനസ്സിൽ വന്നെങ്കിലും ചോദിച്ചത് ഇങ്ങനെയാണ്, "അപ്പോൾ നിങ്ങളുടെ ആ ചിത്രങ്ങളിലൊന്നും ഞാൻ ഇല്ല അല്ലേ ?".  കഴിച്ച ബിരിയാണിയുടെ ആലസ്യത്തിൽ കസേരയിലോട്ടു ചാഞ്ഞിരുന്ന ആൾ എന്നെയൊന്നു നോക്കി, "ഓ, നീ ക്ഷീണിതയായിരിക്കും . നിനക്ക് വിശ്രമിക്കാമല്ലോ ".  ഒന്നും പറയാൻ തോന്നിയില്ല, വർഷങ്ങളത്രയും ഓടിക്കഴിഞ്ഞു  മൂലയിലേക്ക് മാറ്റിയിടപ്പെട്ട     ഒരു  പഴയ അംബാസഡർ കാറിനോട് ആദ്യമായി എനിക്കൊരു സ്നേഹം തോന്നി.

യാത്രകൾ പണ്ടൊക്കെ എനിയ്ക്ക് വലിയ ഇഷ്ടമായിരുന്നു. രാവിലെ തോളിൽ ഒരു സഞ്ചിയും തൂക്കി സുസൂക്കിയുടെ പിറകിൽ കയറിയാൽ പിന്നെ തളരുവോളം , അതു ആർത്തലച്ചു പെയ്യുന്ന മഴയായാലും പൊള്ളുന്ന വെയിലായാലും . മടുക്കുമ്പോൾ എവിടെയെങ്കിലും നിർത്തി എന്തെങ്കിലും കഴിയ്ക്കുക , പിന്നെ വീണ്ടും.. അങ്ങനെ കുന്നും മലകളും കാടുകളും നഗരങ്ങളും . കുടജാദ്രിയുടെ മൂടൽ മഞ്ഞണിഞ്ഞ മനോഹാരിതയും  വന്യതയും.

പതിയെപ്പതിയെ യാത്രകളോടുള്ള കമ്പം കുറഞ്ഞുവന്നു.
യഥാർത്ഥത്തിൽ അത് കുറഞ്ഞുവന്നതല്ല,  ജീവിതത്തിലെ മാറ്റങ്ങൾക്കനുസരിച്ചു മറ്റു പലതിനും പ്രാധാന്യം ഏറിയതാണ് .  "കുഞ്ഞിനേയും കൊണ്ട് നീ എന്തിനാണ് ഇത്ര യാത്ര ചെയ്യുന്നത്? അവൻ പോയിട്ട് വരട്ടേ " എന്ന സംയുക്താഭിപ്രായത്തിനു മുന്നിൽ യാത്രകളുടെ പ്രാധാന്യം മെല്ലെമെല്ലെ മങ്ങിവന്നു . കുഞ്ഞുങ്ങൾ അൽപ്പം കൂടി മുതിർന്നപ്പോൾ, "കുട്ടികളുടെ പഠനം കളഞ്ഞു നീ പോകണോ?" ചോദ്യത്തിന്റെ ശൈലി മാത്രമേ മാറിയിട്ടുള്ളൂ .

"നമുക്കൊന്ന് ഐസ്‌ലാന്റിൽ പോകണം , ഫോട്ടോഗ്രാഫിയ്ക്ക് പറ്റിയ സ്ഥലമാണ് " ഭർത്താവ് പറഞ്ഞപ്പോൾ ഞാൻ ആദ്യം ആലോചിച്ചതും പറഞ്ഞതും  ആ ഒരാഴ്ചകൂടി കിട്ടിയാൽ നാട്ടിൽ അച്ഛനമ്മമാരുടെ കൂടെ നിൽക്കാമായിരുന്നു എന്നാണ് .

പക്ഷേ , പിന്നീട് എപ്പോഴോ ഞാൻ ഓർത്തു , പോകണം, കുറേ സ്ഥലങ്ങളിൽ പോകണം . കുട്ടികളൊക്കെ സെറ്റിലായിക്കഴിയുമ്പോൾ ജോലിയൊക്കെ മതിയാക്കി കുറച്ചു യാത്രകൾ പോകണം, ആൾത്തിരക്കുകൾക്കിടയിൽ അറിയപ്പെടാത്ത രണ്ടു യാത്രികരായി.  വല്യ വല്യ നഗരങ്ങൾ വേണ്ട, മനസ്സിന് കുളിർമ്മ തരുന്ന കുറച്ചു സ്ഥലങ്ങൾ . പക്ഷേ , കഴിയുമോ എന്നറിയില്ല , മറ്റൊന്നുമല്ലാ , കാലിൽ ചങ്ങലകളിട്ട് പുറകോട്ടു വലിയ്ക്കുന്ന ബന്ധങ്ങൾ . എത്ര മുതിർന്നാലും എവിടെയായാലും എന്റെ മക്കൾ ഉണ്ടോ ഉറങ്ങിയോ എന്ന ആവലാതികൾ .

ചിലർ അങ്ങനെയാണ് , അവരുടെ സന്തോഷങ്ങൾ വീടിന്റെ നാലു ചുമരുകൾക്കുള്ളിലും കുടുംബത്തിന്റെ കൂടെയും മാത്രമേ പൂർണമാകുന്നുള്ളു, അത് മടി കൊണ്ടല്ല,   കാലഹരണപ്പെട്ട മനസ്സുള്ളതുകൊണ്ടുമല്ല , അമ്മയായതുകൊണ്ടാണ് ,   സ്വന്തം കാര്യം മാത്രം നോക്കി ഇറങ്ങിപ്പോകാൻ ചിന്തകൾ അനുവദിക്കാത്തതുകൊണ്ടാണ് .




വിടർന്ന കണ്ണുകളും നിഷ്കളങ്കത നിറഞ്ഞ ചിരിയുമായി നിൽക്കുന്ന ആ പിഞ്ചുകുഞ്ഞിന്റെ മുഖം എത്ര ശ്രമിച്ചിട്ടും മനസ്സിൽ നിന്നും മായുന്നില്ല. രണ്ടു ദിവസമായി കുഞ്ഞു ഐലിനാണ് മാധ്യമങ്ങളിൽ നിറയുന്നത് .  അതെന്നെ കൊണ്ടുപോകുന്നത് മറ്റൊരു നടുക്കത്തിന്റെ ഓർമയിലേക്കാണ്.

ഏകദേശം  എട്ടു വർഷങ്ങൾക്കു മുൻപാണ് . ഇളയ മോനെ ഗർഭിണിയായിരിക്കുന്ന സമയം . നിറവയറുമായി ഒന്ന് വീണതിനാൽ അതീവ ശ്രദ്ധയിലാണ് മുന്നോട്ടുപോകുന്നത് . നമ്മുടെ കലൂരിലെ ഇന്ത്യൻ എക്സ്പ്രസ്സ് ബിൽഡിങ്ങിൽ ആണ് അന്ന് ഓഫീസ്. പതിവുപോലെ രാവിലെ ജോലിക്കെത്തിയപ്പോഴേ രവി സർ പറഞ്ഞു, "വൈകിട്ട് സ്റ്റേഡിയത്തിൽ ഒരു രാഷ്‌ട്രീയ പാർട്ടിയുടെ സമ്മേളനമുണ്ട് , കുട്ടി നേരത്തെ ഇറങ്ങിക്കോളൂ ". അന്ന് സെക്ഷനിൽ ഉള്ള മറ്റൊരു വനിത എത്തിയിട്ടുമില്ല . എങ്കിലും എനിക്ക് അശേഷം ഭയം തോന്നിയില്ല. കാരണം രവി സാറും ഭാസ്കരൻ സാറുമെല്ലാം സ്വന്തം മകളോടെന്നപോലെ എനിയ്ക്കൊരു കരുതൽ തരുന്നുണ്ട് .

ഉച്ചകഴിഞ്ഞപ്പോൾ എന്തോ വല്ലാത്ത ക്ഷീണം, ഒരു ശ്വാസം മുട്ടുപോലെ . നെഞ്ചിൽ എന്തോ കുരുങ്ങി നിൽക്കുന്നതുപോലെ, വയറിനാണെങ്കിൽ വല്ലാത്ത വേദനയും. വല്ലാതെ വിയർക്കുന്നുമുണ്ട് . എന്റെ ഭാവമാറ്റം കണ്ട് സഹപ്രവർത്തകർ ഓടി വന്നു , എനിക്ക് ശ്വസിക്കാനുള്ള ബുദ്ധിമുട്ട് കൂടി വരുന്നതുപോലെ . ആരോ ഭർത്താവിനെ വിളിച്ചുപറഞ്ഞു , ആസ്പത്രിയിൽ എത്തിക്കണം , ടാക്സി വിളിക്കാൻ പോയ പയ്യൻ ഓടി വന്ന് രവിസാറിനോട് പറഞ്ഞു, "ടാക്സി പോവില്ല, വഴിയെല്ലാം ബ്ലോക്ക് ആണ്, മെഡിക്കൽ സെൻറർ വരെ സ്റ്റേഡിയത്തിലോട്ടു പ്രവർത്തകരുടെ ഒഴുക്കാണ് ". ജോലിക്കു കൊണ്ടുപോയ കാർ വഴിയിലിട്ട് ആരുടെയൊക്കെയോ ബൈക്കിൽ കയറി ഓടിക്കിതച്ചു ഭർത്താവ് എത്തി . അറിയാവുന്ന ഒരു ടാക്സി വിളിച്ചു  മെഡിക്കൽ സെന്ററിലേക്ക് .

വഴിനിറയെ മഞ്ഞക്കടലായിരിക്കുന്നു . അണികൾ മുദ്രാവാക്യങ്ങൾ ആഞ്ഞു വിളിച്ചു ഏതോ ഉന്മാദലഹരിലെന്നപോലെ നടക്കുന്നു. പാലാരിവട്ടത്തെത്തിയപ്പോൾ ആരോ കാർ തടഞ്ഞു . ഡ്രൈവർ പുറത്തിറങ്ങി കാര്യം പറഞ്ഞു . കടന്നുപോകാൻ പറ്റില്ലെന്ന് തടഞ്ഞവർ കട്ടായം പറഞ്ഞു. തളർന്നവശയായി ചാഞ്ഞിരുന്ന എന്നെ വിട്ട് ഭർത്താവ് പുറത്തിറങ്ങി , കരഞ്ഞപേക്ഷിച്ചു . വഴിയേ പോകുന്നവർ നിറവയറുമായി വണ്ടിയിലിരുന്നു കരയുന്ന എന്നെ നോക്കി നിസ്സംഗരായി നടന്നകന്നു .

അപ്പോൾ ആണ് ഒരു പോലീസ് വാഹനത്തിനു മുൻപിലായി ഒരു പോലീസുകാരൻ ഓടി വന്നത് . "വാഹനം മാറ്റൂ , ഐ ജി വരുന്നുണ്ട് , അദ്ദേഹത്തിന്റെ വാഹനം കടന്നുപോകണം ".  ഭർത്താവിന്റെ കരച്ചിലോ അപേക്ഷയോ ഒന്നും കേൾക്കപ്പെട്ടില്ല.  യാത്ര തടസ്സപ്പെടുത്തി മുന്നിൽ കിടക്കുന്ന കാർ കണ്ട്, ഐ ജി ഇറങ്ങിവന്നു, മനോജ് എബ്രഹാം I P S . അദ്ദേഹം കാര്യം തിരക്കി . ഡോറിനടുത്തു വന്ന് എന്നോട് പറഞ്ഞു , "കുട്ടി പേടിക്കേണ്ട ". എന്നിട്ട് കാറിനു മുന്നിൽ നടന്നു, ഒപ്പം കുറേ പോലീസുകാരും. പിന്നെയെല്ലാം പെട്ടെന്നായിരുന്നു . ആളുകൾ അരികിലേക്ക് മാറി, കുറച്ചു ദൂരം അദ്ദേഹം നടന്നു, പിന്നെ രണ്ടു പോലീസുകാർ ആസ്പത്രി വരെ. സ്ഥിതി വഷളാവുന്നതിനു മുൻപ് ആസ്പത്രിയിൽ എത്തി .ഇപ്പോഴും ഞാൻ ആഗ്രഹിക്കുന്നുണ്ട് , എന്നെങ്കിലും അദ്ദേഹത്തെ കണ്ടാൽ പറയാതെപോയ ഒരു നന്ദി പറയണമെന്ന് .

വാർത്താമൂല്യം ഉള്ള ദുരന്തങ്ങളൊന്നും ഉണ്ടാവാത്തതിനാൽ ഇതൊരു അറിയപ്പെടാത്ത സംഭവമായി.  പക്ഷേ , എത്രയോ ജീവിതങ്ങൾ ഇത്തരം കോപ്രായങ്ങളിൽ മാറ്റിയെഴുതപ്പെട്ടിട്ടുണ്ടാവാം . മനുഷ്യനിലും വലുതല്ല  ഒരു കൊടിയുടെയും നിറം എന്ന് എന്നാണ് നമ്മൾ തിരിച്ചറിയുക?

ദൈവത്തിന്റെ കൈയ്യൊപ്പുമായി നിന്നെ രക്ഷിക്കാൻ  ഒരു മാലാഖയും അവതരിച്ചില്ലല്ലോ കുഞ്ഞേ .....  പ്രിയപ്പെട്ടവർ ആരെങ്കിലും കടന്നുപോകുന്നത് വരെ പ്രതികരിക്കാൻ കൂട്ടാക്കാത്ത  ഒരു സമൂഹത്തിനു വേണ്ടി മാപ്പ് .



































Saturday, November 18, 2017

പതിനേഴു വർഷത്തിനു ശേഷം ഇന്ത്യക്കു വീണ്ടും ലോകസുന്ദരിപ്പട്ടം കിട്ടിയത്രേ . "സ്വപ്നകിരീടം" സ്വന്തമാക്കിയ പെൺകുട്ടിക്കും ആ പെൺകുട്ടിയെ സ്വന്തമാക്കിയ നമ്മുടെ നാടിനും അഭിമാനമുഹൂർത്തം . അതിലുപരി, സുന്ദരിപ്പട്ടത്തിലേക്കു കണ്ണും നട്ടിരിക്കുന്ന ഭാവി സുന്ദരികൾക്ക് പ്രതീക്ഷയുടെ പൊൻവെളിച്ചം..

ഇതിലൊന്നും എനിയ്ക്കൊരു എതിർപ്പുമില്ല. മാത്രമല്ല, പുതിയ സുന്ദരിയെ എനിക്കങ്ങോട്ടു ഇഷ്ടപ്പെടുകയും ചെയ്തു. പിന്നെ ആ അവസാന ചോദ്യത്തിന്റെ ഉത്തരം, അത് പലരെയും  വീഴ്ത്തിക്കളഞ്ഞു . "ലോകത്തിൽ ഏറ്റവും പ്രതിഫലം അർഹിക്കുന്ന ജോലി എന്ത് " എന്നതിന് "'അമ്മ" എന്ന ഉത്തരം. അതൊരു ജോലിയാണോ എന്ന് നാഴികക്ക് നാല്പതുവട്ടം ചോദിച്ചിരുന്നു മഹാനുഭാവന്മാരൊക്കെ ലോകസുന്ദരിയുടെ ഉത്തരത്തോടെ മൗനികളായി തലയാട്ടി.

എന്റെ പ്രശ്നം ഇതൊന്നുമല്ല. സൗന്ദര്യത്തിന്റെ അളവുകോൽ എനിക്കങ്ങോട്ടു പിടിച്ചിട്ടില്ല. അളന്നും തൂക്കിയും സൗന്ദര്യം പറയുന്ന രീതി ഇല്ലാത്ത പഴഞ്ചൻ മനഃസ്ഥിതിയായതുകൊണ്ടാവാം .    മുഖത്ത് നിറയുന്ന നിറങ്ങൾ, കാലിയാക്കുന്ന കീശകളുടെ ദീനരോദനം ഓർത്തുമാകാം. സർവോപരി അവ സൃഷ്ടിക്കുന്ന മായാലോകത്തിന്റെയും മത്സരബുദ്ധിയുടെയും അപകടഭീതി കണ്മുന്നിൽ തെളിയുന്നതുകൊണ്ടുമാകാം.

എന്താണ് സൗന്ദര്യം, അതിനെ ഒരു സ്കെയിൽ വച്ച് അളക്കാനാകുമോ , അളക്കേണ്ടതുണ്ടോ ഇതൊക്കെ  മുൻപേതന്നെ ചർച്ച ചെയ്തു തളർന്നതാണ് . കിട്ടാത്ത മുന്തിരി പുളിക്കും എന്നൊക്കെപ്പറഞ്ഞു ചിലരെങ്കിലും അടിച്ചിരുത്തും. എങ്കിലും പറയാതെ വയ്യ, പ്രത്യേകിച്ചും ഈ "അഭിമാന മുഹൂർത്തത്തിൽ".

സൗന്ദര്യത്തെക്കുറിച്ചുള്ള നമ്മുടെ ചിന്ത നിറത്തിൽ തുടങ്ങുന്നു, വെളുത്ത പെണ്ണുവേണം എനിക്ക് എന്നു പറയുമ്പോൾ നിറം കുറഞ്ഞ നമ്മുടെ സ്വന്തം അമ്മയെയോ പെങ്ങന്മാരെയോ നമ്മളെ തന്നെയോ നമ്മൾ മറന്നുപോവുന്നു .
 "മോന് കുഞ്ഞുണ്ടായീട്ടോ" എന്ന് പറയുമ്പോൾ  "നിറം എങ്ങനെ, വെളുത്തതാ?" എന്ന ചോദ്യത്തിൽ നിന്നും നമ്മൾ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. സൗന്ദര്യത്തിനു, നിറം ഒരു അളവുകോലാവരുത്.

നല്ല പെരുമാറ്റവും, മനോഭാവവും ആവണം അതിൽ മുഖ്യം. കണ്ണുകൾ തിളങ്ങേണ്ടത് "ലാക്മെ"യുടെ മാത്രം പിൻബലത്തിലാവരുത് , ആത്മവിശ്വാസത്തിന്റെ തിളക്കമാവണം അത് . സമൂഹത്തിനു മുന്നിൽ നമ്മെ വലിയവരാക്കുന്നത് ഇട്ടിരിക്കുന്ന ഉടുപ്പുകളുടെ ബ്രാൻഡുകൾ  അല്ല , നമ്മെ നാം എങ്ങിനെ രൂപപ്പെടുത്തുന്നു എന്നതാണ് . തല ഉയർത്തിനിൽക്കുമ്പോഴും ഭൂമിയാണ് നമ്മെ താങ്ങുന്നതെന്ന തിരിച്ചറിവാണത് .

നമ്മുടെ കുഞ്ഞുങ്ങളെ നമുക്ക് സുന്ദരന്മാരും സുന്ദരികളുമാക്കാം , അതിനു കൂർത്ത മുനകളിൽ അവർ എല്ലൊടിഞ്ഞു നടക്കേണ്ടതില്ല , പാകമല്ലാത്ത ഉടുപ്പുകളിൽ നാണം മറയ്ക്കാൻ പാടുപെടേണ്ടതുമില്ല  . അവരെ നല്ല മനുഷ്യരാക്കി വളർത്തിയാൽ മതി . സ്നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിച്ചാൽ മതി . എരിയുന്ന വയറിനും നീട്ടുന്ന കൈകൾക്കും താങ്ങാവണം എന്ന് ഓര്മിപ്പിച്ചാൽ മതി . അതിനു പത്തും പതിനേഴും വർഷങ്ങൾ കാത്തിരിക്കേണ്ടതില്ല .



Friday, November 10, 2017


"നിനക്ക് മുറിയിൽ നിന്നിറങ്ങുമ്പോൾ ആ ലൈറ്റും ഫാനും നിർത്തിക്കൂടെ? " പല പ്രാവശ്യം ആവർത്തിച്ചിട്ടും അതിനു തെല്ലു ശ്രദ്ധ പോലും കൊടുക്കാത്തതിലുള്ള ദേഷ്യം മുഴുവനും എന്റെ സ്വരത്തിലുണ്ടായിരുന്നു.  "ആ, സോറി 'അമ്മ", കഴിഞ്ഞു പ്രതികരണം .  "ഒരു ഗ്ലാസ്സ് കഴുകുന്നതിനാണോ മോളെ ആ പൈപ്പ് ഇങ്ങനെ തുറന്നിട്ടിരിക്കുന്നത്?"  ഒരു കയ്യിലിരുന്ന ബുക്കിൽ നിന്നും കണ്ണെടുത്തു അവൾ എന്നെ തുറിച്ചു നോക്കി. " ഇതെന്താ  ഹിറ്റ്ലർ ഭരണമോ?" എന്ന് മുറുമുറുത്തു .

അലക്ഷ്യമായി തുറന്നിട്ട് നഷ്ടപ്പെടുത്തുന്ന വെള്ളവും ആളൊഴിഞ്ഞ മുറികളിൽ കത്തി നിൽക്കുന്ന ബൾബുകളും അവിരാമം  കറങ്ങുന്ന ഫാനുകളുമെല്ലാം എൻറെ ജോലിഭാരം കൂട്ടുന്നുണ്ട്  ഈയിടയായി .  പണ്ട് അച്ഛനായിരുന്നു ഇങ്ങനെ ഓരോരുത്തരുടെയും പുറകെ നടന്ന് ശകാരിച്ചു  അനാവശ്യമായ ലൈറ്റുകളും ഫാനുകളുമൊക്കെ ഓഫാക്കിക്കൊണ്ടിരുന്നത് . കിണർ നിറയുന്ന മഴക്കാലത്തുപോലും പാഴാക്കുന്ന ഓരോ തുള്ളിയുടെയും  ഓരോ അരിമണിയുടെയും കണക്കെടുപ്പുകൾ ഒട്ടൊക്കെ അലോസരമായിരുന്നു സൃഷ്ടിച്ചിരുന്നത്. 

പിന്നീട്, സ്വന്തമായി ജീവിതം തുടങ്ങിയപ്പോൾ ഒരിക്കൽ പോലും അത്തരം ചിന്തകൾ എനിക്ക് വന്നിരുന്നില്ല . രാവും പകലുമന്യേ എന്റെ മുറികളിൽ ലൈറ്റും ഫാനും പ്രവർത്തിച്ചു . തുറന്നിട്ട പൈപ്പുകളിൽ വെള്ളം ഒഴുകിയിറങ്ങി . ഫ്രിഡ്ജിൽ ഭക്ഷണം കുന്നുകൂടി. അടിയ്ക്കടി കൂടിക്കൂടി വന്ന ബില്ലുകൾ തെല്ലും എന്നെ ആശങ്കപ്പെടുത്തിയില്ല. കാശുകൊടുക്കുന്നവന്റെ ധാർഷ്ട്യം എന്നെയും പിടികൂടി. ഫൗസിയയെ കാണുന്നതുവരെ .

പുതിയ ജോലിയിൽ പ്രവേശിച്ചു ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ ആണ് ഒരു ഉച്ച നേരത്തു ഫൗസിയ കടന്നു വരുന്നത് . മെലിഞ്ഞു നീണ്ട ഒരു സ്ത്രീ . അത്ര ആകർഷണീയമല്ലാത്ത വേഷം. ആളെ മനസ്സിലാകാഞ്ഞിട്ടും ഞാൻ പുഞ്ചിരിച്ചു, എന്റെ നേരെ ഒന്ന് നോക്കി നിർവികാര ഭാവത്തിൽ അവർ മുറിയിലേക്ക് കടന്നുവന്ന് കയ്യിലെ പേപ്പറുകൾ അവിടെ വച്ച് ഇറങ്ങിപ്പോയി . "നമ്മുടെ സ്റ്റാഫ് ആണ്, ഓഫ്‌സൈറ്റ്  ആണ് ജോലി" ആരോ പറഞ്ഞു.  പിന്നീട് പല പ്രാവശ്യം. തോൽക്കാൻ മനസ്സില്ലാത്തതുകൊണ്ട് , ഓരോ പ്രാവശ്യവും ഫൗസിയയെ കാണുമ്പോൾ ഞാൻ ചിരിച്ചു, അഭിവാദ്യം ചെയ്തു . പതിയെപ്പതിയെ അവർ എന്നോട് ചിരിച്ചു തുടങ്ങി.

പാതിവഴിയിൽ മതിയാക്കിയ ഭക്ഷണം ചവറ്റുകൊട്ടയിലേക്കു ഇടാൻ തുടങ്ങുമ്പോളാണ് അന്ന് ഫൗസിയ കടന്നു വന്നത്. "ആവശ്യമുള്ള ഭക്ഷണം എടുത്താൽ പോരെ,  എന്തിനാണ് ഇതിങ്ങനെ കളയുന്നത്? എത്രയോ പേർ ഇതിനുവേണ്ടി യാചിക്കുന്നു." പരുഷമായ ആ സ്വരം കേട്ട് എനിക്ക് കുറ്റബോധം തോന്നി.  ബാക്കിയായ ഭക്ഷണത്തിൽ കരയുന്ന ദീനമായ മുഖങ്ങൾ..

ഫൗസിയ എന്റെ എതിരെ വന്നിരുന്നു. "ഞാൻ സൊമാലിയയിൽ നിന്നാണ് ,  ദാരിദ്ര്യത്തിൽ മുങ്ങിയ ഒരു ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം  വയർ നിറഞ്ഞു ഉറങ്ങുന്ന ഒരു ദിവസം ആയിരുന്നു. ഒരു റൊട്ടി ആറു കുട്ടികൾക്ക് പങ്കിട്ടു കൊടുക്കേണ്ടി വരുന്ന ഒരു പിതാവിന്റെ ഗതികേട് നിങ്ങൾക്കു മനസ്സിലാകുമോ എന്നറിയില്ല. ഞാൻ അത് കണ്ടാണ് വളർന്നത് . മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിലൂടെയുള്ള നൂൽപാലമായിരുന്നു കാനഡയിലേക്കുള്ള കുടിയേറ്റം .അഭയാർത്ഥിയായിട്ട്  പലരുടെയും കാരുണ്യത്തിൽ ഇവിടെ വന്നിറങ്ങുമ്പോൾ  ഇതൊരു മാന്ത്രികലോകമായാണ് തോന്നിയത് . വൃത്തിയുള്ള ഉടുപ്പുകളും നിറഞ്ഞ ചിരിയുമുള്ള മനുഷ്യരും നിറഞ്ഞ ഒരു ലോകമുണ്ടെന്നു തന്നെ വിശ്വസിച്ചത് അപ്പോളാണ് . പഠിക്കാൻ സഹായം കിട്ടി. പഠിച്ചു , ചെറിയൊരു ജോലി കിട്ടി .കുട്ടികൾ വലുതായി . എന്നാലും പിന്നിട്ട കല്ലും മുള്ളും നിറഞ്ഞ വഴികൾ മനസ്സിൽ നിന്നും മായുന്നില്ല. അനാവശ്യമായി കളയുന്ന ഓരോന്നിന്റെയും അവകാശികൾ ഈ ലോകത്തിന്റെ മറ്റൊരു കോണിൽ നിറപ്പകിട്ടില്ലാത്ത ജീവിതങ്ങളിൽ അലയുന്നുണ്ടെന്ന ഓർമ്മ ഓരോ നിശ്വാസത്തിലും എനിക്കുണ്ട്".

എഴുന്നേറ്റു നിന്ന് ഞാൻ അവരോട് ചോദിച്ചു. "ഞാൻ നിങ്ങളെയൊന്ന് ആലിംഗനം ചെയ്തോട്ടെ?" ഒരു വലിയ പാഠമാണ് അവരെന്നെ പഠിപ്പിച്ചത് .  അഹങ്കാരത്തിന്റെയും ആഡംബരത്തിന്റെയും ധൂർത്തിന്റെയും കാട്ടിക്കൂട്ടലുകൾക്കപ്പുറം ഈ ലോകത്തിന്റെ ഓരോ അവകാശികളോടും ഞാൻ കടപ്പെട്ടിരിക്കുന്നു എന്ന സത്യം .

"അമ്മാ , എനിക്കിന്ന് ചപ്പാത്തി വേണ്ട, വ്യത്യസ്തമായതെന്തെങ്കിലും...."  ഞാൻ അവളെ രൂക്ഷമായി നോക്കി. "ഓ, സൊമാലിയയിൽ 120 കുട്ടികൾ പട്ടിണിമൂലം....എനിക്കോര്മയുണ്ട് അമ്മാ , സോറി ". പാത്രം കാലിയാക്കി അവൾ എഴുന്നേറ്റു.


Friday, November 3, 2017

എന്റെ ഉറക്കം കെടുത്തി കൂർക്കം വലിച്ചുറങ്ങുന്ന ഭർത്താവിനെ കണ്ടിട്ട് എനിക്ക് അനിയന്ത്രിതമായ ദേഷ്യം വന്നു.  തിരിഞ്ഞും മറിഞ്ഞും പല പ്രാവശ്യം ശ്രമിച്ചെങ്കിലും ഉറക്കം എന്റെ കണ്ണുകളിൽനിന്നും ഓടിയൊളിച്ചിരുന്നു . എഴുന്നേറ്റു ജനാലക്കരികിൽ പോയി പുറത്തേയ്ക്കു നോക്കി,  ചുറ്റുപാടും വെളുപ്പുമയം. എത്ര പെട്ടെന്നാണ് തീജ്വാലകൾ പോലെ നിറഞ്ഞു നിന്നിരുന്ന മഞ്ഞയും ഓറഞ്ചും  കലർന്ന കണ്ണഞ്ചിപ്പിച്ച നിറം വിരസമായ വെളുപ്പിന് വഴിമാറിക്കൊടുത്തത്, മെയ്‌വഴക്കമേറിയ ഒരു മജീഷ്യന്റെ കൈവിരുതുപോലെ .

വല്ലാതെ ക്ഷീണിച്ചാണ്‌ വൈകിട്ട് വീട്ടിൽ വന്നു കയറിയത്. മഞ്ഞുകാലം അതിശക്തമായിത്തന്നെ അതിന്റെ വരവറിയിക്കുന്നുണ്ട് . മുഴുനീളൻ ജാക്കറ്റിനുള്ളിൽ ആഴ്ന്നിറങ്ങി മഞ്ഞിലൂടെ ആയാസപ്പെട്ട് കാലുകൾ വലിച്ചു നടന്നാണ് ട്രെയിൻ സ്റ്റേഷനിൽ എത്തിയത്. മുഖത്തേക്ക് ആഞ്ഞടിച്ചുകൊണ്ടിരുന്ന മഞ്ഞു തുള്ളികൾ കാഴ്ച തടസ്സപ്പെടുത്തുന്നുണ്ടായിരുന്നു .  ആവി പറക്കുന്ന ഒരു ചൂടു ചായയിൽ ഈ തണുപ്പ് അലിയിച്ചു കളയാൻ കൊതിച്ചാണ് വീട്ടിൽ കയറിയത് .  ആണുങ്ങളുടെ അധികാരങ്ങളെക്കുറിച്ചും അവർ ചെയ്യരുതാത്തതായ പണികളെക്കുറിച്ചും ബോധ്യപ്പെടുത്തി മലയാളികളുടെ സ്വതഃസിദ്ധമായ ദുരഭിമാനത്തെ ചൂടുപിടിപ്പിക്കാൻ ആരും വീട്ടിലില്ലാത്തതു കൊണ്ട്, വന്നു കയറുമ്പോൾ അപൂർവ്വമെങ്കിലും ഒരു ചായയോ മലയാളിക്കടയിലെ വിറങ്ങലിച്ച പഴംപൊരി ചൂടാക്കിയതോ ഒക്കെ കിട്ടാറുണ്ട് . അതിങ്ങനെ നുണഞ്ഞു  അലസമായിരിക്കുമ്പോൾ ആണ് വീണ്ടും ആ ചിന്ത ഞങ്ങൾക്കിടയിലേക്ക് പൊട്ടിവീണത് .

പിറന്ന മണ്ണു വിട്ട് ഈ നാട്ടിൽ വന്നിറങ്ങിയ അന്ന് മുതൽ തുടങ്ങിയതാണ് ഒരു മടങ്ങിപ്പോകലിനെക്കുറിച്ചുള്ള സ്വപ്നം . പത്തു വർഷങ്ങൾക്കു ശേഷം ഒരു മടക്കയാത്ര എന്ന എന്റെ മോഹത്തെ അതിമോഹമായി പലരും വിശേഷിപ്പിച്ചെങ്കിലും ആ കച്ചിത്തുരുമ്പിൽ ഞാൻ ഒരുപാടു നാൾ ജീവിതം മുന്നോട്ടുകൊണ്ടുപോയി . എട്ടുവർഷങ്ങൾക്കിപ്പുറം ഇതു പോലൊരു മഞ്ഞുറഞ്ഞ സന്ധ്യയിലെ സംഭാഷണങ്ങൾക്കിടയിലാണ് ഭർത്താവ് പറയുന്നത് , "മോൾ യൂണിവേഴ്സിറ്റി കഴിയട്ടെ , അപ്പോൾ നമുക്ക് മടക്കയാത്രയെക്കുറിച്ചു ചിന്തിക്കാം". ഓടിക്കൊണ്ടിരുന്ന ട്രെയിൻ ആരോ അപായച്ചങ്ങല പിടിച്ചു വലിച്ചു നിർത്തിയതുപോലെയാണ് എനിക്കു തോന്നിയത് .

"അതിന് ഇനിയും എത്രയോ വർഷങ്ങൾ.. " ആത്മഗതം ഉറക്കെയായിപ്പോയതു കൊണ്ട്, "അല്ലെങ്കിലും നമ്മുടെ വയസ്സു കാലത്തു ആരാണ് നമുക്ക് നാട്ടിൽ ഉണ്ടാവുക ? മക്കൾ അവരുടെ വഴിക്കു പോകും. അപ്പോൾ ഇവിടെ ഏതെങ്കിലും വൃദ്ധസദനം തന്നെ നല്ലത്. നോക്കാൻ നേഴ്സ് എങ്കിലും ഉണ്ടാവും.", കണിശവും കൃത്യവുമായ മറുപടി എന്നെ നിശ്ശബ്ദയാക്കി . നാട്ടിൽ എന്താണ് എന്നെ കാത്തിരിക്കുന്നതെന്ന ചോദ്യത്തിനു മറുപടി പറഞ്ഞാൽ അത് ആർക്കെങ്കിലും മനസ്സിലാവുമോ എന്നുറപ്പില്ലാത്തതിനാൽ ഞാൻ ഒരു വിളറിയ ചിരിയിൽ എന്നെ പിടിച്ചു കെട്ടി. കുറേ ദിവസങ്ങൾ അതെന്റെ സ്വര്യം കെടുത്തി .

ഇന്നു ചായ ഊതി കുടിക്കുമ്പോൾ ആണ് പാതി തമാശയായി അദ്ദേഹം പറയുന്നത്, "പുതിയ ഒരു ഫെസിലിറ്റി വരുന്നുണ്ട് , ഇവിടെ അടുത്താണ്, പോയി നോക്കിയാലോ? " വായിലേക്ക് ഒഴിച്ച ചായ ആവിയായിപ്പോയതുപോലെ . "അല്ല, നമുക്കു തിരിച്ചു പോകണം, നാടിന്റെ മണം തന്നെ നമ്മളെ പൊതിഞ്ഞു സംരക്ഷിക്കും . ആരെങ്കിലുമൊക്കെ കാണില്ലേ നമുക്ക്?".  കുത്തിക്കൊണ്ടിരുന്ന ഫോൺ നിർത്തി ആൾ എന്നെ ഏറുകണ്ണിട്ടു നോക്കി "നീ എന്നു പ്രാക്ടിക്കൽ ആവും?" എന്നു പിറുപിറുത്തു .

ഉറങ്ങാൻ കിടന്നപ്പോൾ തന്നെ ഭർത്താവ് ജാമ്യമെടുത്തു, "നീ ഉറങ്ങിയില്ലെങ്കിലും എന്നെ വിളിച്ചുണർത്തരുത് , നല്ല ക്ഷീണം ഉണ്ട്".

പുറത്തേക്കുള്ള നോട്ടം അവസാനിപ്പിച്ചു മോളുടെ മുറിയിൽ പോയി നോക്കി, അവൾ ശാന്തമായി ഉറങ്ങുന്നുണ്ട്. ഉറങ്ങിക്കിടക്കുമ്പോഴും മോന്റെ മുഖത്തൊരു ചിരി പാതി വിരിഞ്ഞു നിൽപ്പുണ്ട് .  മക്കളെ കണ്ടും മാമ്പൂ കണ്ടും മോഹിക്കരുതെന്ന് ആരോ പറഞ്ഞതോർത്തു . സ്വന്തം ജീവിതം തേടി മക്കൾ യാത്രയാവുന്നതും എന്റെ വീട് കിളിയൊഴിഞ്ഞ കൂടുപോലെ ശൂന്യമാവുന്നതും ഞാൻ സങ്കൽപ്പിച്ചു . "ഒടുവിൽ ഞാനും നീയും മാത്രമാവും" എന്ന  സത്യം വല്ലാതങ്ങു പേടിപ്പിച്ചു . കുലുക്കി വിളിച്ചാലോ എന്നോർത്ത് കൈയ്യെടുത്തു . വേണ്ട, ഉറങ്ങട്ടെ, ദുഃസ്വപ്നങ്ങൾ കാണാതെ .....





Saturday, October 28, 2017

അമ്മയെക്കുറിച്ചു പറയുമ്പോഴെല്ലാം മീരയുടെ കണ്ണുകൾ നിറഞ്ഞു കൊണ്ടേയിരുന്നു.  ഒരേ കട്ടിലിൽ കൈയ്യെത്തും ദൂരത്തു കിടന്നിട്ടും അവൾ കാതങ്ങൾക്കപ്പുറത്തു നിന്നും സംസാരിക്കുന്നതുപോലെ തോന്നി.

"എല്ലാ ദിവസവും അമ്മ വിളിക്കുമായിരുന്നു. വിശേഷങ്ങളെല്ലാം പറയും.  വീടിനും ഓഫീസിനും ഇടയിലുള്ള എന്റെ ജീവിതത്തിന്റെ വിശ്രമമില്ലാത്ത ഓട്ടം അമ്മയെ എപ്പോഴും വ്യാകുലപ്പെടുത്തിയിരുന്നു. " നിറഞ്ഞുവന്ന കണ്ണുകൾ പുതപ്പുകൊണ്ട് തുടച്ചു അവൾ തുടർന്നു , "അന്നും 'അമ്മ വിളിച്ചു. ബാങ്കിലെ തിരക്കിനിടയിൽ. എന്നിട്ടും ഞാൻ ഫോൺ എടുത്തു .  അന്ന് ഒരു വിശേഷദിവസ്സമായിരുന്നു , വൈകിട്ട് അമ്പലത്തിൽ പോകാൻ മറക്കരുത് എന്ന് ഓര്മിപ്പിക്കാനാണ് അമ്മ വിളിച്ചത് ". അവളുടെ സ്വരം വീണ്ടും പാതിയിൽ മുറിഞ്ഞു.

ഞാനും ആ ദിവസം ഓർത്തെടുക്കാൻ ശ്രമിച്ചു. ഓഫീസിലെ തിരക്കിനിടയിൽ പല പ്രാവശ്യം ഞാൻ അന്ന് എന്തുകൊണ്ടോ മീരയെ ഓർമിച്ചു. സാധാരണയായി ഒരു ടെലിപ്പതി ഞങ്ങൾക്കിടയിൽ പ്രവർത്തിക്കാറുണ്ട്. അത് കൊണ്ടുതന്നെ എനിക്കെന്തോ ഒരു വല്ലായ്മ തോന്നി. വിളിക്കാനായി ഫോൺ എടുത്തപ്പോൾ, നാട്ടിലെ സമയം രാത്രി പന്ത്രണ്ടു മണി . ഈ പാതിരായ്ക്ക് അവളെ വിളിച്ചുണർത്തേണ്ടന്ന് കരുതി പിന്തിരിഞ്ഞു . വീട്ടിലെത്തിയപ്പോഴേക്കും ഓർമയിൽ നിന്നെന്തോ അത് വിട്ടുപോയി.

അടുത്ത ദിവസം രാവിലെ ഫോണിൽ അവളുടെ മെസ്സേജ്, "എനിക്ക് നിന്നോട് സംസാരിക്കണം".  ഈ ഇരുപത്തഞ്ചു വർഷങ്ങൾക്കിടയിൽ ഒരിക്കൽ പോലും ഞങ്ങൾക്കിടയിൽ ഇങ്ങനൊരു കാര്യം നടന്നിട്ടില്ല. കാണുന്നതും വിളിക്കുന്നതും വല്ലപ്പോഴും. എങ്കിലും പരിഭവങ്ങളോ കുറ്റപ്പടുത്തലുകളോ ഇല്ലാതെ ഇന്നലെ പ്രീഡിഗ്രി ക്ലാസ്സിൽ തോളുരുമ്മു ഇരുന്ന അതേ സ്നേഹത്തിൽ ഞങ്ങൾ സംസാരിക്കും . ജീവിതങ്ങൾ വിശാലമായതോ അതിലെ കഥാപാത്രങ്ങളുടെ എണ്ണം കൂടിയതോ ഒന്നും ഞങ്ങളെ ബാധിച്ചിട്ടില്ല. കാനഡയിലേക്ക് പറിച്ചു നടപ്പെട്ടപ്പോൾ പോലും എന്റെ കൊച്ചുകൊച്ചു സന്തോഷങ്ങൾക്കും പ്രത്യേകിച്ച് സങ്കടങ്ങൾക്കും അങ്ങേത്തലക്കൽ ഒരു നല്ല കേൾവിക്കാരിയും സഹയാത്രികയുമായി അവൾ ഉണ്ടായിരുന്നു. പലപ്പോഴും "ഫേസ്ബുക്കോ വാട്സാപ്പോ തുടങ്ങു, എപ്പോഴും ബന്ധപ്പെടാമല്ലോ " എന്ന എന്റെ നിർബന്ധത്തെ , "എന്തിന്? മനസ്സിന് തോന്നുമ്പോൾ നമ്മൾ സംസാരിക്കാറുണ്ടല്ലോ " എന്ന മറു വാദം കൊണ്ട് അവൾ അറുപഴഞ്ചനായി നേരിട്ടു . വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകങ്ങളെക്കുറിച്ചു ഞങ്ങൾ വാ തോരാതെ സംസാരിച്ചു .

രണ്ടു ദിവസം കൂടി കഴിഞ്ഞാണ് അവളെ വിളിച്ചത്, "'അമ്മ പോയി " ഫോൺ എടുത്തപ്പോഴേ വളരെ പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു . "അമ്പലത്തിൽ വിശേഷാൽ പൂജയ്ക്കു പോകാൻ ഒരുങ്ങി ഇറങ്ങുകയായിരുന്നു. അച്ഛൻ എത്തിയപ്പോൾ , മുഖം വല്ലാതെ വിളറിയിരുന്നു. ആസ്പത്രിയിൽ എത്തും മുൻപേ അച്ഛന്റെ മടിയിൽ ... അതിനു പത്തു മിനിറ്റു മുൻപ് എന്നെ വിളിച്ചിരുന്നു.  എന്റെ തിരക്ക് കണ്ട്  അമ്മ പിന്നെ വിളിക്കാം മോളെ  എന്നു പറഞ്ഞു വച്ചു . പിന്നീട് ഒരിക്കലും ആ വിളി വന്നില്ല ."  അസഹനീയമായ നിശ്ശബ്ദതക്കും തേങ്ങലുകൾക്കുമൊടുവിൽ ഞാൻ ഫോൺ വച്ചു .

ഇത്തവണത്തെ അവധിക്കാലത്തു അപ്രതീക്ഷിതമായാണ് അവളുടെ വീട്ടിൽ ഒരു ദിവസം തങ്ങിയത് . മോളാണ് പറഞ്ഞത്, "അമ്മയും ആന്റിയും ഒരുമിച്ചു കിടക്കട്ടേ, അവർക്കു പഴയ കാര്യങ്ങൾ സംസാരിക്കാമല്ലോ".

മീര വീണ്ടും പറഞ്ഞു കൊണ്ടേയിരുന്നു, "നാം ആർക്കും വേണ്ടി  നമ്മുടെ അമ്മയുടെ സമയം മാറ്റിവെക്കരുത് . ഒരു പാട് കാര്യങ്ങൾ അവർക്കു നമ്മളോടു പറയാനുണ്ടാവും. പലതും പറയാതെ അവർക്കു ഉള്ളിലൊതുക്കേണ്ടി വരും. നമ്മളെക്കുറിച്ചുള്ള ആധിയാണ് സമയം നോക്കാതെയുള്ള ആ വിളികൾക്കു പിന്നിൽ .  പോയ സമയങ്ങൾ തിരിച്ചു വരില്ല. ഇപ്പോഴും ഇടയ്ക്കിടെ ഞാൻ ഫോൺ ബെല്ലടിക്കുമ്പോൾ പ്രതീക്ഷയോടെ ഞാൻ നോക്കും , "'അമ്മ കോളിംഗ് " എന്നാണോ എന്ന് . കണ്ടില്ലെങ്കിലും സാരമില്ല, ആ സ്വരം ഒന്ന് കൂടി കേട്ടിരുന്നെങ്കിൽ.." .

എന്റെ  കണ്ണുകളും  ജലം കൊണ്ട് മുറിവേറ്റു നീറി .  നഷ്ടപ്പെടുത്തിയ സമയങ്ങളെക്കുറിച്ചോർത്തു  മനസ്സ് വിങ്ങി .ഇരുട്ടിലേക്ക് നോക്കുംതോറും എനിക്കു പേടിയായി, അമ്മയുടെ സാരിത്തലപ്പു കാണാതെ ഒരു  കൊച്ചുകുട്ടി കരഞ്ഞുവിളിച്ചു .  

Friday, October 20, 2017

ഓഫീസിൽ നിന്നിറങ്ങുമ്പോൾ മഴത്തുള്ളികൾ ഓരോന്നായി വീണുതുടങ്ങിയിരുന്നു. വെള്ളിയാഴ്ചയായതുകൊണ്ടാവാം പതിവു തിരക്കും ട്രെയിനിൽ ഉണ്ടായിരുന്നില്ല. പുറത്തേക്കുനോക്കാൻ പറ്റിയ ഒരിടത്തിരുന്നു. ഉച്ചയ്ക്ക് പ്രസീദയുടെ മഴക്കുറിപ്പു വായിച്ചതുകൊണ്ടാവാം ,ഒരു മഴ ആർത്തലച്ചുപെയ്യുന്നതുകാണാൻ വല്ലാതെ കൊതിക്കുന്നുണ്ടായിരുന്നു. പക്ഷേ, പതിവുപോലെ നിലത്തു നനവു പടരുന്നത് കാണാമെന്നല്ലാതെ , ഒരു മഴയിരമ്പമോ മഴത്തുള്ളികളുടെ കുണുങ്ങിച്ചിരികളോ ഒന്നും കേട്ടില്ല.

പണ്ട് കൊച്ചുകുട്ടിയായിരുന്നപ്പോൾ പെയ്യുന്ന ഓരോ മഴയ്ക്കും ജീവനുണ്ടായിരുന്നു. ആകാശത്തു കാർമേഘം ഉരുണ്ടുകൂടുമ്പോൾ എല്ലാവരും ഒരോട്ടമാണ് . അയയിൽ ഉണങ്ങാനിട്ട തുണികൾ പെറുക്കാൻ, വിറകു നനയാതെ വാരി വയ്ക്കാൻ , കോഴികളെ കൂട്ടിൽ കയറ്റാൻ, പശുവിനെ തൊഴുത്തിലാക്കാൻ അങ്ങനെ  എന്തെല്ലാം പണികൾ. എല്ലാം ഒതുക്കി മഴ പെയ്യാൻ തുടങ്ങുമ്പോൾ പിന്നെ വിശ്രമമാണ്, ശരിക്കും ഒരു കുടുംബസമയം. ഞങ്ങൾ കുട്ടികൾ ഒരു മേശയുടെ അടിയിൽ കയറി ഇരിക്കും. ഇടിമുഴക്കങ്ങൾ അന്നും ഇന്നും എനിക്ക് ഒരുപോലെ പേടിയാണ് . "ആകാശത്തു ദൈവം പാറക്കല്ലുരുട്ടി കളിക്കുന്നതാണത്രേ ഇടിമുഴക്കം" ഞങ്ങൾ ചേച്ചിമാർ അനിയന് മുന്നിൽ വല്യ പണ്ഡിതരാകും. മഴ പെയ്തു തോർന്നാൽ പിന്നെ ചെയ്തു തീർക്കാൻ വീണ്ടും ഒട്ടനവധി ജോലികൾ..വെള്ളത്തിൽ വീണുപോയ ചെടികളെ നേരെ നിർത്തുക, അടർന്നു വീണ മുല്ലപ്പൂക്കൾ പെറുക്കുക, മാവിൻ ചോട്ടിലും തെങ്ങിൻ ചോട്ടിലുമൊക്കെ പോയി നോക്കുക..

ഓരോ പ്രായത്തിലും മഴ ഓരോ അനുഭവമാണ് . കുറച്ചുകൂടി മുതിർന്നപ്പോൾ മഴ, പുതിയ കുടയും ചൂടി, വെള്ളം തെറിക്കുന്ന ഹവായി ചെരുപ്പിൽ നെറുക വരെ ചെളി തെറിപ്പിച്ചു മുതിർന്നവരെക്കൊണ്ടു ശകാരവാക്കുകൾ കേൾപ്പിച്ചു . എവിടെ മഴ വെള്ളച്ചാലുകൾ കണ്ടാലും , അവിടെല്ലാം കാലുകൊണ്ട് തടകെട്ടി കുഞ്ഞുപാലങ്ങൾ പണിത് വീട്ടിലേക്കുള്ള മഴക്കാല യാത്രകൾ ആഘോഷിച്ചുതിമിർത്തു . കോളേജിലെത്തിയപ്പോൾ  മഴ, കവിതകളെയും കഥകളെയും കടലാസുകളിൽ നിറച്ചു . "ബർസാത്തിൽ" നീളൻ മുടിക്കാരൻ ബോബി ഡിയോളിനും ട്വിങ്കിളിനുമൊപ്പം   "ഹം കോ സിർഫ് തും സെ പ്യാർ ഹേ "  എന്നു പാടി ഇടയിലെപ്പോഴോ വിരുന്നെത്തിയ പ്രണയത്തിനും സാക്ഷിയായി.

കാലം പിന്നെയും ഇരുണ്ടു  വെളുക്കുമ്പോൾ  മഴ വേർപാടുകളുടെ നൊമ്പരങ്ങൾ സമ്മാനിച്ചുതുടങ്ങി.  അത്ര നാൾ പ്രണയിച്ചയാളുടെ വധുവായി പടിയിറങ്ങുമ്പോൾ  കണ്ണുകളിൽ ആർത്തിരമ്പി പെയ്ത മഴ കാഴ്ചകളെ അവ്യക്തമാക്കിക്കളഞ്ഞു. എങ്കിലും ഒരു തിരിഞ്ഞുനോട്ടത്തിൽ കണ്ടു പെയ്തുതോർന്ന നാല് കണ്ണുകളിൽ വീണ്ടും മഴക്കാറുകൾ .

എണ്ണിച്ചുട്ട  അപ്പം പോലെ കിട്ടുന്ന അവധിദിനങ്ങളിൽ പിറന്ന നാട്ടിൽ എത്തുമ്പോൾ മഴ വീണ്ടും മനോഹരിയായി എന്നെ അതിശയിപ്പിച്ചു . വിശാലമായ വരാന്തയിലിരുന്ന് ആർത്തലച്ചുപെയ്യുന്ന മഴയെ ഞാൻ ആവോളം പ്രണയിച്ചു . ഇത്ര നാളും നീ എവിടെയായിരുന്നുവെന്നു പരിഭവം പറഞ്ഞു .  തിരികെവരാൻ നേരം നെഞ്ചിലെ മഴക്കാറുകളെ ഒരു വിളറിയ ചിരിയിൽ ഒതുക്കി വച്ചു.

ഋതുക്കൾ മാറിമാറി  ഇവിടെയെത്തുമ്പോൾ എന്റെ മഴയ്ക്ക് പഴയ ഭംഗിയില്ല , ഉത്സാഹത്തിമിർപ്പില്ല , ഒരു നിശബ്‌ദഗാനം പോലെ.  ഭദ്രയായും സൗമ്യയായും വേഷങ്ങൾ പകർന്നാടിയ എന്റെയാ പഴയ മഴ ഏറെ അകലെയാണെന്ന സത്യം എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി . നല്ലോർമ്മകളുടെ  നിറം കെടുത്തുന്ന ഈ മഴയ്ക്കു നേരെ കണ്ണുകൾ  ഇറുക്കിയടക്കുമ്പോൾ ഒരു കുഞ്ഞുമഴ എന്റെ അധരങ്ങളിലൂടെ ഒഴുകിയിറങ്ങി ആരും കാണാതെ എന്റെ ചുണ്ടുകളിൽ ഉമ്മ വച്ചു . 


ഓരോ പിറന്നാളും ജീവിച്ചു തീർത്ത നിമിഷങ്ങളുടെ കണക്കെടുപ്പാണ് . നടന്നു തീർത്ത ദൂരങ്ങളുടെ ഓർമപ്പെടുത്തലുകളാണ് .  നമുക്കത്, പങ്കുവെച്ച ജീവിതത്തിന്റെയും പ്രണയത്തിൻറെയും ഊർജ്ജത്തിൽനിന്നും വരാനിരിക്കുന്ന നല്ല നാളെകളെക്കുറിച്ചുള്ള പ്രതീക്ഷകളാണ് . സർവ്വശക്തന്റെ കരുണയാണ് . ഓർമ്മകൾ സ്വപ്നങ്ങൾക്കു വഴികാട്ടിയാവട്ടേ ..... എന്നും ഒപ്പമാവട്ടെ..

Friday, October 6, 2017

ഇതിപ്പോൾ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളുടെ കാലമാണെന്നു തോന്നുന്നു. കാറ്റലോണിയക്കു സ്പെയിനിൽ നിന്നു സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് നടത്തിയ അഭിപ്രായ വോട്ടെടുപ്പിന്റെയും രക്തച്ചൊരിച്ചിലിന്റെയും വാർത്തകൾ വായിച്ചപ്പോൾ ആണ് "സ്വാതന്ത്ര്യം" വീണ്ടും എന്റെ ചിന്തകളിൽ കയറി വന്നത് .

വമ്പൻ രാജ്യങ്ങളുടെ പ്രഖ്യാപനങ്ങൾ വർത്തമാനപത്രങ്ങളിൽ വെറുതെയങ്ങു വായിച്ചു തള്ളാനും "ഹോ, ഈ ലോകത്തിന്റെ പോക്ക് എങ്ങോട്ടാണ്?" എന്ന് ആർക്കും ചേതമില്ലാത്ത ഒരു ഡയലോഗ് അടിക്കാനും എല്ലാ മാന്യരെയും പോലെ ഞാനും ബഹുമിടുക്കിയാണ്.

പക്ഷേ, സ്വാതന്ത്ര്യപ്രഖ്യാപനങ്ങൾ സ്വന്തം മൂക്കിൻ തുമ്പത്തു നിന്നു വരുമ്പോൾ കുറച്ചൊന്നുമല്ല ഞെട്ടലുണ്ടാവുന്നത് . അത്തരം ഒരു ഞെട്ടലിന്റെ വെളിച്ചത്തു നിന്നാണ് ഈ കുറിപ്പ് .

സ്വാതന്ത്ര്യത്തിന്റെ നിർവചനം പലർക്കും പലതാണ്. പലപ്പോഴും അമ്മമാർക്ക് അത് കുടുംബത്തിന്റെ നോക്കിനടത്തലാണ്, ഭർത്താവും കുട്ട്യോളുമല്ലാത്ത സ്വതന്ത്ര ലോകമൊന്നും അവരുടെ സ്വപ്നങ്ങളിൽ ഇല്ല. കുട്ടികൾക്കാവട്ടെ അത്, തോന്നുന്നത് ചെയ്യാനുള്ള അവകാശമാണ് . ശരിതെറ്റുകൾ അവർക്കു ചൂണ്ടിക്കാണിച്ചു കൊടുക്കുമ്പോളാണ് സ്വാതന്ത്ര്യ ബോധം സടകുടഞ്ഞെണീക്കുന്നത് 

സ്വാതന്ത്ര്യത്തെക്കുറിച്ചു നമ്മുടെ കുടുംബങ്ങളിലെ പുരുഷപ്രജകൾക്കു ഓര്മ വരുന്നത് എപ്പോൾ ആണെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? കുറെ സുഹൃത്തുക്കൾക്കൊപ്പം കളിച്ചു ചിരിച്ചിരിക്കുമ്പോൾ ഭാര്യയുടെ ഫോൺ വിളി വരുമ്പോൾ. അതൊരു വല്ലാത്ത ഭീകര നിമിഷമാണെന്നാണ് ബഹുഭൂരിപക്ഷം ഭർത്താക്കന്മാരുടെയും പക്ഷം. ഭാര്യയെ പേടിച്ചിട്ടല്ല അത്, ചുറ്റും ഇരിക്കുന്നവരുടെ മുഖത്തെ പരിഹാസച്ചിരി കണ്ടിട്ടാണത്രേ ! ഫോൺ ബെൽ അടിക്കുമ്പോൾ ഓരോരുത്തരും അത് സ്വന്തം ഫോണല്ല അടിച്ചതെന്നു ഉറപ്പാക്കും.  ഞങ്ങൾ സ്ത്രീകൾക്ക് തീരെ മനസ്സിലാവാത്ത ഒന്നുണ്ട്, സ്വന്തം ഭർത്താവിനെ വിളിക്കാൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ പേടിക്കണോ, ചുമ്മാതല്ല, ഏതൊരു ഭാര്യയുടെയും ഒന്നാം നമ്പർ ശത്രു ഭർത്താവിന്റെ സുഹൃത്തുക്കൾ ആവുന്നത്.

വീട്ടിൽ  നിന്നും "ദാ വരുന്നു" എന്ന് പറഞ്ഞു ഇറങ്ങിയിട്ട് മണിക്കൂറുകൾ കഴിഞ്ഞും കാണാതാവുമ്പോൾ, അങ്കലാപ്പിൽ ഭാര്യ വിളിക്കുന്നത്, ഏറെ വൈകി വീട്ടിൽ വന്നു കയറുമ്പോൾ ദേഷ്യത്തോടെയും സങ്കടത്തോടെയും കാരണമന്വേഷിക്കുന്നത്, ഇതൊക്കെ സ്വാതന്ത്ര്യ ലംഘനം ആണത്രേ !  വിവാഹം കഴിച്ചത് കൊണ്ടു  മാത്രം നിൻറെ  ക്ലോക്കിന്റെ  സൂചിയിലൂടെ ജീവിക്കാൻ എന്നെ കിട്ടില്ലെന്ന്‌ പറഞ്ഞു ഇറങ്ങിപ്പോയ ഭർത്താവിനെക്കുറിച്ചു ഇന്നലെ ഒരു സുഹൃത്ത്  പറയുന്നുണ്ടായിരുന്നു.

കുടുംബബന്ധങ്ങൾ ദൃഢമാക്കുന്നതിനുള്ള പ്രധാന കാര്യങ്ങളിലൊന്ന് നമ്മുടെ ശബ്ദം നിയന്ത്രിക്കുകയാണ് എന്ന് കേട്ടിട്ടുണ്ട്. മനസ്സുകൾ അകന്നിരിക്കുമ്പോഴാണ് ശബ്ദം ഉയരുന്നതെന്നത് ഇതേവരെ ഒരു രസതന്ത്രജ്ഞനും കണ്ടുപിടിക്കാത്ത ഒരു പരമാർഥമാണ്. അതിനുള്ള കുറുക്കു വഴി അന്യോന്യം സ്വാതന്ത്ര്യങ്ങളിൽ കൈ കടത്താതിരിക്കുക എന്ന ക്ലേശകരമായ തീരുമാനമാവാം .

ഇതൊക്കെയായാലും, ഞങ്ങൾ ഭാര്യമാർ ഇനിയും വിളിച്ചുകൊണ്ടേയിരിക്കും, "ചന്ദ്രേട്ടാ, എവിടെയാ??". സ്നേഹം കൊണ്ടാണെന്നേ, ക്ഷമിച്ചുകള.


Friday, September 15, 2017

പതിവില്ലാത്ത  വൈകുന്നേരത്തെ ഉറക്കം കഴിഞ്ഞെഴുന്നേറ്റപ്പോൾ കാലിന് വല്ലാത്ത വേദനയുണ്ടായിരുന്നു.  രാവിലെ തുടങ്ങിയതാണ് . ജോലി കഴിഞ്ഞു വൈകുന്നേരം എത്തിയപ്പോൾ ക്ഷീണം കാരണം ഒന്ന് കിടക്കാമെന്നേ കരുതിയുള്ളൂ . എഴുന്നേറ്റ് സമയം നോക്കുമ്പോൾ പത്തു കഴിഞ്ഞിരിക്കുന്നു. ചാടിയെഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ കഴിയുന്നില്ല. വേദന  അരിച്ചിറങ്ങുന്നതുപോലെ .

"വീട്ടിൽ ഒരു ഫിസിയോതെറാപ്പിസ്റ്റ് ഉള്ളതുകൊണ്ട് നിനക്കു സുഖമാണ് " എന്ന കമെന്റ് ദിവസവും കേൾക്കാറുണ്ട് ഞാൻ. ജീവിതത്തിലെ നിയമങ്ങളും അച്ചടക്കങ്ങളുമൊക്കെ കാറ്റിൽ പറത്തി , ഇഷ്ടം പോലെ തിന്നുകുടിച്ചു , അവസാനം വേദനകളും പണിമുടക്കുമൊക്കെയായി ജീവിതം നമുക്കു കടിഞ്ഞാണിട്ടു തുടങ്ങുമ്പോൾ , "ഫിസിയോതെറാപ്പിസ്റ്റ് " വീട്ടിലുണ്ടായിട്ടൊന്നും വല്യ കാര്യമില്ല എന്നൊന്നും പറയാൻ മിനക്കെടാറില്ല . ഒരു ചിരിയൊക്കെ ചിരിച്ചു അങ്ങ് തടിതപ്പും . 

എന്നിരുന്നാലും ആ സൗകര്യം വെറുതെയങ്ങു വിട്ടുകളയാറുമില്ല ഞാൻ. എന്തു സംഭവിച്ചാലും അതിനൊരു പരിഹാരം കാണാൻ സ്വയം ശ്രമിക്കുന്നതിനു പകരം ,  ഈ എളുപ്പവഴിയാണ് ഞാൻ തിരഞ്ഞെടുക്കുക . ഭർത്താവിനെ വല്ലാതങ്ങു ആശ്രയിക്കുന്നത് ഒരു കുറവായിട്ടു ഇതേ വരെ തോന്നിത്തുടങ്ങിയിട്ടുമില്ല, മടിയുണ്ട്, അതിലുപരി വിശ്വാസം കൊണ്ടാണ് . ഏതിനും ഒരു പരിഹാരം കിട്ടുമെന്നുള്ള ആ വിശ്വാസത്തിനു ഇതു വരെ പോറൽ ഏറ്റിട്ടില്ല .

പറഞ്ഞു വന്നത്, വേദനയെക്കുറിച്ചാണ് . ഉറക്കച്ചടവിൽ എഴുന്നേറ്റു വരുമ്പോൾ, പതിവ് കാഴ്ചകളൊക്കെത്തന്നെ. ഐപാഡ്, ലാപ്ടോപ്പ് , ഫോൺ  - എന്റെ മൂന്നു ശത്രുക്കളുമുണ്ട്. എന്നെ കണ്ടതും ഒരേ സ്വരത്തിൽ മൂന്നുപേരും പാടി, "'അമ്മ ഉറങ്ങട്ടെ എന്നോർത്ത് നമ്മൾ ശല്യപ്പെടുത്താതിരുന്നതാണ്".  കാലു നിലത്തു കുത്താൻ പാടുപെടുന്നത് കണ്ടപ്പോൾ മകൾ പറഞ്ഞു, "ഞാൻ ഞെക്കി തരാം ". അവളുടെ ഊഴം, ശേഷം മകൻ, എന്നിട്ടും കുറവില്ലെന്നു കണ്ടപ്പോൾ സ്വന്തം ഫിസിയോ എഴുന്നേറ്റു വന്നു. കാലിൽ നോക്കി, തൊണ്ടശുദ്ധി വരുത്തുന്നത് കേട്ടപ്പോൾ കാര്യം മനസ്സിലായി, രക്ഷപ്പെടാൻ ശ്രമിക്കുന്നതിനു മുൻപേ ഉപദേശം തുടങ്ങി, " ചെറുപ്പത്തിലേതു പോലല്ല ഇപ്പോൾ, ശരീരത്തിന് വ്യായാമം വേണം. ഇല്ലെങ്കിൽ കാലിനു മാത്രമല്ലാ എല്ലാ സന്ധികൾക്കും വേദന തുടങ്ങും, ഈ പ്രായത്തിൽ ഇനി മെറ്റബോളിസം കുറയും. ശരീരഭാരം കൂടും  " . കേട്ടിട്ട് എന്റെ വേദന കൂടിക്കൂടി വന്നു. വ്യായാമത്തെക്കുറിച്ചുള്ള ഉപദേശം ഒട്ടു മിക്ക വീട്ടമ്മമാരെപ്പോലെയും എന്നെയും അലോസരപ്പെടുത്തി . പെട്ടെന്നാണ് , എഫ് ബിയിൽ ആരോ പോസ്റ്റിട്ട നോട്ടിഫിക്കേഷൻ  കേട്ടത്. ഉപദേശം പാതിയിൽ നിർത്തി ഫിസിയോ പോയി . ചില നേരങ്ങളിൽ എഫ് ബിയും ഒരനുഗ്രഹമാണെന്നു എനിക്ക് തോന്നി . "നിങ്ങളുടെ എഫ് ബി ഫ്രണ്ട് ആവുന്നതായിരുന്നു ഭാര്യയാവുന്നതിലും നല്ലതു" എന്ന പറഞ്ഞുപഴകിയ കമന്റ് എന്നിട്ടും ഞാൻ ഉറക്കെ പറഞ്ഞു .

പക്ഷേ അടുക്കളയിൽ കയറിയപ്പോൾ ഞാൻ ഞെട്ടിപ്പോയി. പാത്രങ്ങളൊഴിഞ്ഞ സിങ്ക്, എല്ലാം അടുക്കിപ്പെറുക്കി വച്ചിരിക്കുന്നു . പണികളെല്ലാം തീർത്തിരിക്കുന്നു. കണ്ടപ്പോൾ വേദനയ്ക്കൊരു കുറവുപോലെ.. ചില ഹിന്ദി സിനിമകൾ പോലെ, എല്ലാം ശുഭം. 

വാൽക്കഷ്ണം :  നാളെ പതിനേഴു വർഷമാവുന്നു ഈ മനുഷ്യൻ എന്നെയിങ്ങനെ ഞെട്ടിക്കാൻ തുടങ്ങിയിട്ട് . ശകാരിച്ചും ദേഷ്യം പിടിപ്പിച്ചും പിന്നെ പൂർവാധികം പ്രണയിച്ചും പതിനേഴു വർഷങ്ങൾ... നന്ദി .

Sunday, September 3, 2017

ഓർമ്മകളിലെ ഓണത്തിനു മുല്ലപ്പൂവുകളുടെ സുഗന്ധമാണ്. തലേന്നു പെയ്തു തോർന്ന രാത്രിമഴയുടെ നീർമുത്തുകൾ നനയിച്ച മുല്ലപ്പൂവുകളുടെ സുഗന്ധം.  മഴയ്ക്കു ശേഷം മരം പെയ്യുമ്പോൾ ചിതറിവീഴുന്ന നനുത്ത തുള്ളികൾക്കും അതേ ഗന്ധമാണ്.

വെളുക്കുംമുമ്പേ അയൽവക്കത്തെ അടർന്നുവീണ മുല്ലപ്പൂക്കൾ പെറുക്കാൻ ഓടിയിരുന്ന ബാല്യം. മുല്ലവള്ളിയിലെ പുതുമയാർന്ന പൂവുകളെല്ലാം അവിടത്തെ വല്യേച്ചിക്കുള്ളതായിരുന്നു .  എങ്കിലും അതിൽ തെല്ലും സങ്കടം തോന്നിപ്പിക്കാത്ത  വിധത്തിൽ കൈക്കുടന്ന നിറയെ മുല്ലപ്പൂക്കൾ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരുന്നു .

അല്പം കൂടി മുതിർന്നപ്പോൾ, വീട്ടുമുറ്റത്തു തന്നെ മുല്ലച്ചെടി നട്ടുനനച്ചു . വരാന്തയിലേക്ക് തഴച്ചുപടർന്ന മുല്ലയിൽ തളിരിടുന്നതും മൊട്ടുവിരിയുന്നതും നോക്കി കണ്ണിലെണ്ണയൊഴിച്ചിരുന്ന നാളുകൾ. മുല്ലവള്ളിയിൽ പൂവിടരുമ്പോൾ ആ പ്രദേശമാകെ ഒരു വശ്യഗന്ധമായിരുന്നു. മുല്ലപ്പൂവുകൾ  തേടിവരുന്ന, ഒരു കുഞ്ഞുമനസ്സിനെയും നിരാശയാക്കിയിട്ടില്ല , ഉള്ളിലെവിടെയോ പഴയ രണ്ടാം സ്ഥാനക്കാരിയുടെ കുഞ്ഞു സങ്കടം ഉണർന്നുകിടന്നിരുന്നതു കൊണ്ടാവും.

വർഷങ്ങൾ കഴിഞ്ഞു വീണ്ടും മുല്ലപ്പൂവുകൾ ജീവിതത്തിന്റെ പടി കയറിവന്നത് എൽ കെ ബിയിലെ ഔദ്യോഗിക ജീവിതത്തിലായിരുന്നു . ഓരോ ഓണാഘോഷ വേളകളിലും  പാതയോരങ്ങൾ വൈവിധ്യമാർന്ന പൂക്കളെകൊണ്ട് നിറഞ്ഞിരുന്നു. പൂക്കച്ചവടക്കാർ മത്സരിച്ചു ആളുകളെ ക്ഷണിച്ചുകൊണ്ടിരുന്നു . സെറ്റുടുത്തു ഓഫീസിലെ ആഘോഷത്തിന് ഒരുങ്ങിയിറങ്ങുമ്പോൾ ഭർത്താവിന്റെ അമ്മയാവും പറയുക, "ആ കുട്ടിക്ക് ഇത്തിരി പൂവുകൂടി വാങ്ങിക്കൊടുക്കൂ " എന്ന്.  ഉള്ളിലെവിടെയോ വീണ്ടും ആ പഴയ കുട്ടി ഉണർന്നെണീക്കും അപ്പോൾ. വല്ലാത്തൊരു കൊതിയായിരുന്നു ആ പൂക്കളോട് .

ജീവിതം ഇങ്ങു കാൽഗരിയിലേക്കു പറിച്ചു നട്ടപ്പോൾ നഷ്ടമായ അപൂർവം ഇഷ്ടങ്ങളുടെ കൂട്ടത്തിൽ എന്റെ മുല്ലപ്പൂവുകൾ കരിഞ്ഞുകിടന്നു. വസന്തമായും ഗ്രീഷ്മമായും ശരത്തായും ഒക്കെ കാലം മാറി മറഞ്ഞപ്പോൾ അവയൊക്കെ എവിടെയോ ഞാൻ ഒളിപ്പിച്ചുവച്ചു .

അപ്രതീക്ഷിതമായിട്ടാണ് രണ്ടുവർഷം മുൻപ് ഭർത്താവ് ആ അമൂല്യ സമ്മാനം കൊണ്ടുതന്നത്‌ , ഒരു ചെറിയ ചട്ടിയിൽ ഒരു കുഞ്ഞുമുല്ല !! അതു കയ്യിൽ വാങ്ങിയപ്പോൾ, "നീ എന്തേ എന്നെ മറന്നു?" എന്ന പരിഭവത്തിൽ അതിന്ടെ കുഞ്ഞു വള്ളികൾ എന്റെ കയ്യിൽ മുഖമുരുമ്മി .  വെള്ളവും വളവും നൽകി അതിലെ മൊട്ടുകൾക്കായി പഴയ ആ "കുട്ടി" വീണ്ടും കാത്തിരുന്നു. നിറയെ പൂക്കൾ നൽകി, എന്റെ രാത്രികളിൽ വശ്യ ഗന്ധം പരത്തി, മുല്ലവള്ളി എന്നെ വല്ലാതെ പ്രണയിച്ചു.

വീണ്ടും എന്റെ മുല്ല പൂത്തിരിക്കുന്നു. ഓണത്തിന്റെ സുഗന്ധം പരത്തി അതെന്നെ കൊഴിഞ്ഞ നല്ല കാലങ്ങൾ ഓർമിപ്പിക്കുന്നു. വരാനിരിക്കുന്ന നല്ല നാളെകളെക്കുറിച്ചു സ്വപ്നം കാണിക്കുന്നു.

എല്ലാവർക്കും മുല്ലപ്പൂവുകളുടെ സുഗന്ധമുള്ള സ്നേഹം നിറഞ്ഞ ഓണാശംസകൾ !!!

Friday, August 25, 2017

ഈയിടെയായി രാവിലെ ട്രെയിൻ ഓടിച്ചിട്ടു പിടിക്കുകയാണ് പതിവ് .  രാത്രി ഒൻപതു മണിയാവുമ്പോൾ ആണ് മടിച്ചുമടിച്ചു സൂര്യൻ വിടവാങ്ങുന്നത്. അതിനാൽ തന്നെ ഉറങ്ങാൻ വൈകുന്നു.  ഈ വർഷത്തെ മധ്യവേനൽ അവധിയുടെ അവസാനദിനങ്ങൾ അതിന്റെ അങ്ങേയറ്റം ആസ്വദിക്കുന്നതുകൊണ്ടു മക്കൾക്കും ഉറക്കമില്ല.  എല്ലാ ദിവസവുമുള്ള പരിദേവനം പറച്ചിൽ എനിക്കു തന്നെ മടുത്തതിനാൽ ആരെയും ശകാരിച്ചു കിടത്താറുമില്ല. എന്തൊക്കെ കാരണങ്ങൾ കൊണ്ടായാലും, ഓടിത്തളർന്നു ട്രെയിനിൽ കയറുക എന്ന എന്റെ വിധി അങ്ങനെ അനസ്യൂതം തുടർന്നു കൊണ്ടേയിരിക്കുന്നു .

 പതിവുപോലെ സീറ്റിലോട്ടു തളർന്നിരുന്നപ്പോൾ കുറേ നേരത്തേക്ക് ചുറ്റും നോക്കിയില്ല . കിതപ്പൊക്കെ അടങ്ങി  ചുറ്റുമൊന്നു നോക്കി അടുത്തിരിക്കുന്നയാളുടെ സ്ഥലത്തേക്കു അതിക്രമിച്ചുകയറിയതിനു ഒരു ക്ഷമാപണം  നടത്തി നേരെയിരുന്നു.  അപ്പോൾ ആണ് അതു ശ്രദ്ധയിൽ പെട്ടത് . ട്രെയിനിന്റെ വാതിലിൽ പരസ്യങ്ങൾ എഴുതുന്നിടത്ത് നല്ല ഭംഗിയുള്ള രീതിയിൽ ഒരു വാചകം , "the perfect marriage or the perfect lie? ". ഒരു പുസ്തകത്തിൻറെ പരസ്യമാണ്.  കടലോളം ചിന്തകൾക്കുള്ള വിഷയം  മുന്നിലോട്ടു ഇട്ടു തന്ന എഴുത്തുകാരന്റെ പേരു നോക്കാൻ മറന്നു .

എല്ലാം  തികഞ്ഞ, പൂർണമായ ഒരു വിവാഹം അഥവാ കുടുംബ ജീവിതം ഒരു തികഞ്ഞ നുണയാണോ എന്ന ചോദ്യത്തിന്റെ കാലിക  പ്രസക്തിയെക്കുറിച്ചാണ് ചിന്തിച്ചത് .   സ്വർഗ്ഗം ഭൂമിയിൽ ഇറങ്ങിവന്നതുപോലുള്ള ജീവിതങ്ങൾ ഒരു പെരുംനുണയാണോ?  അടഞ്ഞ വാതിലുകൾക്കു പിന്നിലെ പിരിമുറുക്കങ്ങളും കണ്ണീർ  പൂക്കളും കൊണ്ട് മലയാള പരമ്പരകൾ കാട്ടിത്തരുന്നത്ര സങ്കീർണമാണോ ജീവിതങ്ങൾ? ഉത്തരങ്ങൾ മനസ്സിൽ നിന്നാണ് വരേണ്ടത് . അതു സത്യസന്ധമാവണോ കള്ളമാവണോ എന്നു  തീരുമാനിക്കേണ്ടത് നമ്മളാണ്.

സ്വന്തം ഭർത്താവിന്റെ മരണത്തെക്കുറിച്ചു , "എനിക്കൊരു ഭാരമില്ലായ്മയാണ് അനുഭവപ്പെട്ടത്" എന്നു തുറന്നു പറഞ്ഞ ഒരാളെ എനിക്കറിയാം.കേട്ടപ്പോൾ ഞെട്ടിയത് ഞാനാണ്. അത്രമാത്രം അപസ്വരങ്ങൾ ഉയർത്തി മനസ്സമാധാനം നഷ്ടപ്പെട്ട ഒരു അനുഭവമായിരുന്നു അവർക്ക് ആ ജീവിതം. ഭർത്താവു നഷ്ടപ്പെട്ട ശേഷവും, അദ്ദേഹത്തിന്റെ  ചിന്തകളിൽ , ആ സന്തോഷങ്ങളിൽ ജീവിതം നടന്നു തീർത്ത ഒരാളേയും ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്.

ജീവിതം പ്രവചനാതീതമാണ് . എങ്കിലും കുറെയൊക്കെ നമുക്ക് വഴി തിരിച്ചു വിടാം .എന്റെ അഭിപ്രായത്തിൽ ജീവിതം  നമ്മുടെ മുൻഗണനകളും സഹനശക്തിയും കാഴ്ച്ചപ്പാടുകളും എല്ലാം കൂടി ചേർത്തുണ്ടാക്കിയ ഒരു നല്ല അവിയൽ പോലെയാണ് .എല്ലാ ദിവസവും സദ്യക്ക് വിളമ്പുന്നതുപോലുള്ള  അവിയൽ നമുക്ക് ഉണ്ടാക്കാൻ പറ്റില്ലല്ലോ .  ഉള്ള പച്ചക്കറികളൊക്കെ വച്ച് അങ്ങ് ഉണ്ടാക്കുക.സ്വാദു നന്നാവും, താരതമ്യപ്പെടുത്താതിരുന്നാൽ മതി .

ജീവിതവും അങ്ങനെ തന്നെ. തൃപ്തിപ്പെടാൻ പഠിക്കുന്നിടത്തുനിന്നു മനസ്സമാധാനത്തിന്റെ പടികൾ തുടങ്ങുന്നു. ഏതൊരു പ്രവർത്തിയും ചെയ്യുമ്പോൾ അതിൽ നന്മയുണ്ടോ എന്നു നോക്കിയാൽ മതി, നാട്ടുകാർ എന്ത് ചിന്തിക്കും എന്നു ആധി പിടിക്കില്ലെന്ന് നാം തീരുമാനിക്കുന്നിടമാണ് മനസ്സമാധാനത്തിന്റെ  അടുത്ത പടി . പിന്നെ, ഞാൻ ഞാനായിരിക്കാൻ ഇഷ്ടപ്പെടുന്നത് പോലെ എന്റെ ഭർത്താവ് / ഭാര്യ അവരായിരിക്കാൻ  ഇഷ്ടപ്പെടുന്നു എന്ന്, വളരെ  പണിപ്പെട്ടാണെങ്കിലും മനസ്സിലാക്കുന്നിടത്തു ജീവിതം ആയാസരഹിതമാകുന്നു.

ഒടുവിൽ, ഇന്നലെ  ഓഫീസ് ഗോസ്സിപ്പുകൾക്കിടെ ബോസ്സ് പറയുന്നു , "ഇന്ന് എന്റെ ഇരുപത്തിമൂന്നാം വിവാഹ വാർഷികമാണ് . ഞാൻ അതിൽ അഭിമാനിക്കുന്നു . ക്യാറ്റലോഗു് ഇല്ലാത്ത, തീർത്തും അപരിചിതമായ, ഒരു മെഷീൻ പ്രവർത്തനക്ഷമമാക്കി ഇത്ര നാളും കൊണ്ടെത്തിച്ചില്ലേ , അതൊരു നേട്ടം തന്നെയാണ്".

ആ നിമിഷം  എനിക്ക് തോന്നി, ആ വാചകം ഇങ്ങനെ മാറ്റിയെഴുതേണ്ടിയിരിക്കുന്നു, the perfect  marriage - the perfect adjustment  .,
അതേ , തെറ്റിദ്ധരിക്കേണ്ട, വിട്ടുവീഴ്ചകൾ തന്നെ.

അതിനോളം പോന്ന മറ്റൊരു സൂത്രവാക്യവും ഇന്നേ വരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല !!!


Friday, August 18, 2017

കുറേ  ദിവസങ്ങളായിരിക്കുന്നു എഴുതാനിരുന്നിട്ട് .  ജീവിതത്തിൽ വളരെ അനിവാര്യമായിട്ടുള്ള ചില ഒളിച്ചോട്ടങ്ങളുണ്ടല്ലോ , അത്തരത്തിലൊന്നിൽ ആയിരുന്നു ഈ ദിവസങ്ങളിൽ . തിങ്കൾ മുതൽ വെള്ളി വരെയുള്ള ജോലിത്തിരക്കുകളിൽനിന്നും  അതിനു മുൻപും പിമ്പുമുള്ള അടുക്കളകലഹങ്ങളിൽനിന്നും,  പിന്നെ, വാരാന്ത്യത്തിലെ സ്ഥിരം ബിരിയാണിയിൽ നിന്നും  ഒക്കെയുള്ള ഒരു ഒളിച്ചോട്ടം. അതു പിറന്നമണ്ണിലേക്കാകുമ്പോൾ അതിനു ഒരു പ്രത്യേക സുഖമാണ് .

ഏതൊരു പ്രവാസിയുടെ പേജിലും കാണുന്ന സ്ഥിരം കലാപരിപാടികൾ ഒഴിവാക്കിക്കൊണ്ട് നിശബ്ദമായി ഈ യാത്ര പോകണമെന്നു മനസ്സിലൊരു മോഹമുണ്ടായിരുന്നു. ആകെയുള്ള ഇരുപത്തിയഞ്ചു ദിവസത്തിൽ, ജീവിതം അതിന്റെ പൂർണ്ണതയിൽ തന്നെ ജീവിച്ചു . പത്രവാർത്തകളിൽ നിറയുന്ന പകനിറഞ്ഞ ജീവിതങ്ങളെ ഒരിടത്തും ഞാൻ കണ്ടില്ല. ഇരുപതു വർഷങ്ങൾക്കു ശേഷം കണ്ട സുഹൃത്തും അതേ ആത്മാർത്ഥതയോടെ കയ്യിൽ മുറുകെ പിടിച്ചു.
സ്നേഹം അന്നും ഇന്നും ഒന്നുപോലെ തീവ്രമായി എന്നെ ചുറ്റിനിന്നു .  കാണുമ്പോഴും പിരിയുമ്പോഴും  കണ്ണുകളിൽ നിന്നും  ഉതിർന്നുവീണ അമ്മകണ്ണീരിനും മാറ്റമുണ്ടായിരുന്നില്ല. ഉള്ളിൽ സ്നേഹം നിറഞ്ഞൊഴുകുമ്പോഴും പ്രകടിപ്പിക്കാൻ നാട്ടുനടപ്പില്ലാത്തതിനാൽ  അച്ഛൻ മാത്രം വീണ്ടും മൗനിയായി .  പകലന്തിയോളം പണി കഴിഞ്ഞു മടങ്ങുന്ന നാട്ടിൻപുറത്തുകാരുടെ നന്മ നിറഞ്ഞ ചിരികൾക്കും മാറ്റമുണ്ടായില്ല.

ആർത്തുല്ലസിക്കാൻ മൂന്നവസരങ്ങൾ വിവാഹങ്ങളുടെ രൂപത്തിൽ എത്തിയതായിരുന്നു ഇത്തവണത്തെ പ്രധാന സവിശേഷത. മതിവരുവോളം ചുറ്റിനടന്നു, ആഹാരം കഴിച്ചു, ഓരോ തവണ പിരിയുമ്പോഴും അ ടു ത്തതിനു കാണാം എന്ന് പറഞ്ഞു ആശ്വസിച്ചു . ഒടുവിൽ, ഇനി അടുത്ത തവണ കാണാം എന്ന് പറയുമ്പോൾ കരയാതിരിക്കാൻ ശ്രമിച്ചു.

തിരിച്ചു വരാനുള്ള പെട്ടികൾ പായ്ക്ക് ചെയ്യുമ്പോൾ ദിവസങ്ങൾക്കു നിമിഷങ്ങളുടെ ദൈർഖ്യമേയുള്ളു എന്ന് തോന്നി. എയർപോർട്ട്യിലേക്ക് തിരിക്കുമ്പോൾ  വെറുതെ തിരിഞ്ഞു നോക്കി. എത്ര പെട്ടന്നാണ് മരങ്ങളും പുഴകളും പിന്നിലേക്ക് ഓടി മറയുന്നത് !. കണ്ണുകൾ അമർത്തിത്തുടക്കുമ്പോൾ മോൻ ചോദിച്ചു , "അമ്മാ , ഡു യൂ സ്റ്റിൽ മിസ്  "ഇന്ത്യ"? കരയണ്ട വീണ്ടും വരാം ". പിന്നെ, എന്നെ സമാധാനിപ്പിക്കാനെന്നവണ്ണം അവൻ പണ്ടെന്നോ ഞാൻ പഠിപ്പിച്ച ആ വരികൾ ഉറക്കെപ്പാടി , "ഐ ലവ് മൈ ഇന്ത്യ, യേ മേരാ ഇന്ത്യ"...





Saturday, June 24, 2017

അങ്ങനെ ഒരു നോമ്പുകാലവും കൂടി വിടവാങ്ങുകയായി. ഇനി പെരുന്നാളാഘോഷങ്ങൾ.. ഓരോ പെരുന്നാളും മനസ്സിൽ നിറക്കുന്നത് ഒട്ടനവധി ഓർമകളാണ്, ഗൃഹാതുരത്വത്തിന്റെ നനവുള്ള ഓർമ്മകൾ.

മനസ്സിലെ ഏറ്റവും പകിട്ടാർന്ന പെരുന്നാളുകൾ തീർച്ചയായും കുട്ടിക്കാലത്തേതു തന്നെ. പെരുന്നാൾ പണം എന്നി നോക്കി കൂടുതൽ കിട്ടിയ ആളോടുള്ള അസൂയയിൽ ഉറക്കമൊഴിച്ച രാത്രികളും അവക്ക് സ്വന്തം. അന്നത്തെ പെരുന്നാൾ അതിഥികൾ അമ്മാവനും കുടുംബവുമായിരുന്നു. നഗരത്തിൽ പോലീസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹവും കുടുംബവും നാട്ടിൽ എത്തുമ്പോളാണ് ഞങ്ങളുടെ പെരുന്നാളുകൾ തുടങ്ങുക. രാവിലെ പെരുന്നാൾ നമസ്കാരം കഴിഞ്ഞു അവർ ഉച്ചയൂണിനെത്തുന്നത് ഞങ്ങളുടെ വീട്ടിലായിരുന്നു. അതിനു ശേഷം വൈകുന്നേരത്തെ ഒത്തുകൂടൽ തറവാട്ടിൽ. ഏകദേശം 2 കിലോമീറ്റർ ദൂരം നടന്നാണ് പോകുന്നത് . അതൊരു  മനസ്സ് നിറയ്ക്കുന്ന യാത്രയായിരുന്നു. എല്ലാവരോടും വിനയപൂർവം പ്രസന്നനായി സംസാരിച്ചു അമ്മാവനും ഞങ്ങൾ എല്ലാവരും അങ്ങനെ നടക്കും. തറവാട്ടിലെ പത്തിരിക്കും കറിക്കും എങ്ങനെയാണാവോ അത്രമാത്രം സ്വാദു ഉണ്ടായതെന്ന് ഇന്നും ഞാൻ ആലോചിക്കാറുണ്ട്. ഒരു നോമ്പ് കാലത്ത് , ഒരു കുറ്റവാളിയുടെ കത്തിമുനയിൽ അമ്മാവൻ ഇല്ലാതാകുന്നതുവരെ  ആ സന്തോഷങ്ങൾ അങ്ങനെ നിറഞ്ഞു നിന്നു . അമ്മാവൻ അവശേഷിപ്പിച്ചു കടന്നു പോയ ആ ശൂന്യത ഒരു വെല്ലുവിളിയായിരുന്നു ഏറെക്കാലം. കാലം, അതിനു മായ്ക്കാൻ കഴിയാത്ത അപൂർവം ചില മുറിവുകൾ അങ്ങനെയും..

പെരുന്നാളുകൾ പിന്നെയും വന്നു. പുതിയ മുഖങ്ങൾ കടന്നു വരികയും പഴയ പല മുഖങ്ങളും അപ്രത്യക്ഷമാവുകയും ചെയ്തുകൊണ്ടിരുന്നു . വിവാഹ ശേഷം, അനുവാദം ചോദിക്കാതെ സ്വന്തം വീട്ടിലേക്കു പോകാവുന്ന ഒരു ദിവസമായി പെരുന്നാളുകൾ മാറി .

മറക്കാനാവാത്ത മറ്റൊരു പെരുന്നാൾ ഏഴു വർഷം മുൻപ് കാനഡയിലെ ആദ്യത്തെ പെരുന്നാളായിരുന്നു. ആരവങ്ങളില്ലാതെ , ആൾക്കൂട്ടങ്ങളില്ലാത്ത ആദ്യത്തെ പെരുന്നാൾ. കൈക്കുഞ്ഞായ മോനെയും ആറുവയസ്സുകാരി. മോളെയും ചേർത്തു പിടിച്ചു അന്ന് ഞാൻ ഒത്തിരി കരഞ്ഞു . വീട്ടുടമസ്ഥനായ പാകിസ്ഥാനി ആസിഫ് , കുഞ്ഞുങ്ങൾക്കു ഉടുപ്പുകളും കേക്കും ആയി വന്നത് അപ്പോഴാണ് . ഭർത്താവിനെ ചേർത്തു നിർത്തി അയാൾ പറഞ്ഞു, "നിങ്ങൾ എന്റെ സഹോദരനാണ് , എന്റെ വീട്ടിലേക്കു വരൂ, നമുക്ക് ഒരുമിച്ചു പെരുന്നാൾ കൂടാം ."  സ്നേഹത്തിനു രാജ്യത്തിന്റെയോ ഭാഷയുടെയോ അതിർത്തികളില്ലെന്നു പറഞ്ഞു തന്ന ഒരാൾ .

ജീവിതം നമുക്ക് വേണ്ടി അത്ഭുതങ്ങളുടെ ഒരു കൂമ്പാരമാണ് കാത്തുവച്ചിരിക്കുന്നത് . ഓരോന്നും അതിന്റേതായ സമയത്തു കടന്നുവരും. അങ്ങനെയാണ് കാസർഗോഡുകാരൻ സിയാദ് ഞങ്ങളുടെ ജീവിതത്തിന്റെ ചെറിയലോകത്തേക്കു കടന്നു വന്നത് . ബന്ധങ്ങൾ സൃഷ്ടിക്കാനും അത് നിലനിർത്താനും ആത്മാർത്ഥയുള്ള ഒരു ചെറുപ്പക്കാരൻ. പണ്ടൊക്കെ കേരളത്തിന്റെ അങ്ങ് വടക്കുള്ളവരെ ഒരു അകലത്തിൽ നിന്നാണ് ഞാൻ വീക്ഷിച്ചിരുന്നത്. ഹൃദയത്തിന്റെ നന്മകൊണ്ട് അത്ഭുതപ്പെടുത്തിയ മറ്റൊരാൾ. ഒട്ടനവധി നൻമ നിറഞ്ഞ മുഖങ്ങളെ അവൻ ഞങ്ങൾക്കു പരിചയ പ്പെടുത്തി .

ഇപ്പോൾ ഒരു വലിയ കുടുംബമാണ് ഞങ്ങളിവിടെ. പല നാട്ടുകാർ, മതസ്ഥർ .. എന്റെ പെരുന്നാളുകളുടെ വർണ്ണങ്ങൾ തിരിച്ചു വന്നിരിക്കുന്നു . കുട്ടികൾ മയിലാഞ്ചി ഇടുന്നു, ബിരിയാണിക്കുള്ള വട്ടക്കൂട്ടങ്ങൾ ഒരിടത്ത് . സക്കാത്തിന്റെ പണം അർഹരിൽ എത്തിയെന്നു വീണ്ടും വീണ്ടും ഉറപ്പാക്കുന്നു. ആഘോഷങ്ങൾ അതിരുവിടാതെ ശ്രദ്ധിക്കുന്നു. വിശക്കുന്ന ഓരോ വയറും നിറയ്ക്കാതെ സ്വന്തം വയറു നിറക്കരുതെന്നു കുഞ്ഞുങ്ങളോട് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നു..

പെരുന്നാളുകൾ എന്നും നന്മയുടെ നിലാവെളിച്ചം വിതറട്ടെ . ലോകത്തെങ്ങും സമാധാനം നിറയട്ടെ . എല്ലാവർക്കും സ്നേഹത്തിന്റെ മൊഞ്ചുള്ള പെരുന്നാൾ ആശംസകൾ..

Saturday, June 10, 2017

വൈകുന്നേരങ്ങൾ ഇപ്പോൾ വളരെ തിരക്കേറിയതാണ്. പതിനെട്ടു മണിക്കൂറോളം നീളുന്ന നോമ്പിന്റെ ക്ഷീണം വൈകിട്ടാണ് ബാധിച്ചു തുടങ്ങുക. ആ ക്ഷീണത്തിൽ നിൽക്കുമ്പോളാണ് അന്നത്തെ വിശേഷങ്ങളുമായി മകളുടെ രംഗപ്രവേശം ."അമ്മാ, ഇന്ന് സ്കൂളിൽ "ലോക്ക്ഡൗൺ ഡ്രിൽ " ഉണ്ടായിരുന്നു. ഞങ്ങൾ വിചാരിച്ചത് ശരിക്കും ആരോ സ്കൂളിൽ കടന്നു എന്നാണ്. ഞാൻ വല്ലാതെ പേടിച്ചുപോയി."  (സംഭവിച്ചേക്കാവുന്ന അത്യാഹിതങ്ങളിൽ നിന്നും , അതായത്, ആയുധധാരികളായ അക്രമികളോ മറ്റോ അകത്തുകടന്നാൽ രക്ഷപ്പെടാനോ ഒളിച്ചിരിക്കാനോ കുട്ടികളെ സജ്ജരാക്കാൻ നൽകുന്ന പരിശീലനമാണ് ലോക്ക് ഡൗൺ ഡ്രിൽ കൊണ്ട് ഉദ്ദേശിക്കുന്നത്.) എന്റെ ക്ഷീണമൊന്നും വകവയ്ക്കാതെ അവൾ തുടർന്നു, "അമ്മയ്ക്കറിയുവോ ഞാൻ എന്താ ആ ഒന്നര മണിക്കൂറിൽ ചെയ്തതെന്ന്? ". ഞാൻ തലയുയർത്തി നോക്കി,  "ഞാൻ ദൈവത്തോട് സംസാരിക്കുകയായിരുന്നു. എന്നെ ഇന്ന് മരിപ്പിക്കല്ലേ എന്നു ഞാൻ യാചിച്ചു . എനിക്കിനിയും കുറെ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്നു ഞാൻ പറഞ്ഞു."    പിന്നീട് അവൾ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല, എന്റെ കണ്മുന്നിൽ പേടിച്ചരണ്ട് ഡെസ്കിനടിയിൽ പതുങ്ങിയിരിക്കുന്ന എന്റെ കുഞ്ഞിന്റെ മുഖം തെളിഞ്ഞു വന്നു.

ഓരോ ദിവസവും പത്രവാർത്തകളിൽ എത്രയോ പേടിച്ചരണ്ട മുഖങ്ങളാണ് നമുക്കു മുന്നിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നത് . ഗർജിക്കുന്ന തോക്കുകൾക്കു മുന്നിൽ നിന്നും രക്ഷപ്പെടാൻ നിസ്സഹായരായ എത്രയോ കുഞ്ഞുങ്ങളാണ് ശ്വാസമടക്കിപ്പിടിച്ചു പതുങ്ങിയിരിക്കുന്നത് . അടുത്തടുത്തുവരുന്ന കാലടികൾ എത്രയോ പേരുടെ ഹൃദയമിടിപ്പുകളെയാണ് നിശ്ശബ്ദമാക്കുന്നത് . ചീഞ്ഞുനാറുന്ന രാഷ്ട്രീയ പിശാചുക്കളിൽ നിന്നും തമ്മിലടിപ്പിക്കുന്ന ചെന്നായ്ക്കളിൽ നിന്നും രക്ഷപ്പെടാൻ പ്രാർത്ഥിക്കാനേ നമുക്കാവൂ .

നമുക്കു ലഭിച്ചുകൊണ്ടിരിക്കുന്ന സൗഭാഗ്യങ്ങളെക്കുറിച്ച് ഓർമ്മിക്കുവാൻ ദിവസത്തിന്റെ അൽപ നിമിഷങ്ങളെങ്കിലും മാറ്റിവെക്കണം . നമ്മൾ ശ്വസിക്കുന്ന സ്വാതന്ത്ര്യം, കഴിക്കുന്ന ഭക്ഷണം, വസ്ത്രങ്ങൾ, തല ചായ്ക്കാൻ ഒരിടം ഇതൊക്കെ വലിയ അനുഗ്രഹങ്ങളാണ് .    ഇഷ്ടപ്പെടാത്ത ഭക്ഷണം തള്ളിമാറ്റി വച്ച്   മുഖം കറുപ്പിക്കുന്നതിനു മുൻപ്  ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി ദിവസങ്ങൾ കാത്തിരിക്കുന്ന മനുഷ്യക്കോലങ്ങൾ നമുക്കു മുന്നിൽ തെളിയണം . സോമാലിയയിൽ ഭക്ഷണവും വെള്ളവും കിട്ടാതെ മരണമടഞ്ഞ നൂറുകണക്കിനു കുട്ടികളെക്കുറിച്ചുള്ള വാർത്ത ഞാൻ എന്റെ കുഞ്ഞുങ്ങളെ വായിച്ചുകേൾപ്പിച്ചു . തങ്ങൾ എത്രമാത്രം ഭാഗ്യം ചെയ്തവരാണെന്നു  അവർക്കു ബോധ്യപ്പെടണമെങ്കിൽ  അതൊക്കെ കേൾക്കണം. ഏറ്റവും പുതിയ മോഡൽ ഫോണോ കളികളോ അല്ല ജീവിതത്തിന്റെ നേട്ടങ്ങളെന്ന് നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കണം. അവർ നന്ദിയുള്ളവരാകട്ടേ .

ജീവിതത്തിലെ കൊച്ചു കൊച്ചു പരാജയങ്ങൾക്ക് നിരാശപ്പെടുന്ന ഒരു പതിവ് എനിക്കുണ്ടായിരുന്നു. എന്തു കൊണ്ട് ഞാൻ മാത്രം ... എന്ന ചോദ്യം പലപ്പോഴും എന്നെ വല്ലാതെ അസ്വസ്ഥയാക്കിയിരുന്നു. ഒട്ടനവധി ദുരിതങ്ങളിൽ നിന്നും രക്ഷപ്പെട്ടോടി, സ്വപ്നങ്ങൾ കാണാൻ പോലും മറന്നു പോയ ഒരു കൂട്ടം ആളുകളെ നിത്യവും കാണാൻ തുടങ്ങിയതോടെ പരാജയങ്ങളെ ഞാൻ മറന്നു തുടങ്ങി.
സമാധാനത്തിലേക്ക് ഉണർന്നെണീക്കുന്ന പ്രഭാതങ്ങളെക്കാളും വലിയ നേട്ടങ്ങളൊന്നുമില്ലെന്ന് മനസ്സിലാക്കിത്തുടങ്ങി. സ്വാതന്ത്ര്യത്തിന്റെ ഓരോ നിമിഷവും അനുഗൃഹീതം തന്നെ.

"അമ്മാ, ഞാൻ പറയുന്നതു കേൾക്കുന്നുണ്ടോ?" മോൾ അക്ഷമയാവുന്നതു കണ്ടു ഞാൻ മടങ്ങിവന്നു . "അവസാനം ഞാൻ ദൈവത്തോട് പറഞ്ഞു , എനിക്കു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി . അപ്പോൾ ഒരു ചെറിയ കാറ്റുപോലെ അമ്മയുടെ സ്നേഹം എന്നെ കെട്ടിപ്പിടിച്ചു . എനിക്കു ഒട്ടും പേടി തോന്നിയില്ല".   ഞാൻ അവളെ നോക്കി, എന്റെ കുഞ്ഞ് എന്നെക്കാളും  ആകാശം മുട്ടെ വളർന്നു എന്നെ ചിറകിനടിയിൽ ചേർത്തു പിടിച്ചിരിക്കുന്നു .  പേരറിയാത്ത ഒട്ടനേകം നാടുകളിലിരുന്നു ആയിരക്കണക്കിനു കുഞ്ഞുങ്ങൾ എന്നെ നോക്കി പുഞ്ചിരിച്ചു . നമ്മുടെ കുഞ്ഞുങ്ങളെ , ദൈവം സംരക്ഷിക്കട്ടേ , ലോകത്തെവിടെയായാലും .

Friday, May 26, 2017

ഊണുമേശകളാണ് സാധാരണയായി മിക്ക ചർച്ചകൾക്കും സാക്ഷിയാവാറ് , അത് വീട്ടിലായാലും ഓഫീസിലായാലും . ഉച്ചയൂണിൻറെ ഇടവേളകളിൽ സ്റ്റാഫ് റൂം മിക്കപ്പോഴും ആശയ വൈരുദ്ധ്യങ്ങൾ കൊണ്ടും ആശയ സംഘട്ടനങ്ങൾ കൊണ്ടും ശബ്ദമുഖരിതമാവുക പതിവാണ് .  പലപല ദേശങ്ങളിൽ നിന്നുള്ളവർ ജോലി ചെയ്യുന്നതിനാൽ ഇത്തരം വിചിത്ര സംഭാഷണങ്ങൾ കേട്ടിരിക്കാൻ എനിക്കു ഇഷ്ടവുമാണ് .

എന്നാൽ ഇതിൽ നിന്നെല്ലാം അകന്നു മൂകമായി വളരെ സാവധാനത്തിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന നിലോഫറിനോട് ഞാൻ പതുക്കെ ചോദിച്ചു, "എന്താ ആലോചിച്ചുകൊണ്ടിരിക്കുന്നത്?"  മുഖമുയർത്തി അവർ എന്നെ ഒരു നിമിഷം നോക്കി, "എൻറെ അമ്മായിഅമ്മ ഇന്നലെ മരിച്ചുപോയി, നാട്ടിലാണ് " ഒരു മരണവാർത്ത കേട്ടതിലുള്ള സങ്കടത്തോടെ ഞാൻ ചോദിച്ചു , "നീ എത്ര നാളായി അവരെ കണ്ടിട്ട്?" മറുപടി എന്നെ ശരിക്കും അമ്പരപ്പിച്ചു , "ഞാൻ കണ്ടിട്ടേയില്ല, ഞാൻ എന്റെ ഭർത്താവിന് കണ്ടുമുട്ടിയത് വേറൊരു നഗരത്തിൽ വച്ചായിരുന്നു, ഞങ്ങൾ വിവാഹിതരായത് മറ്റൊരു നഗരത്തിലും. അതിനു ശേഷം ഞങ്ങൾ കാനഡയിലേക്ക് വന്നു. " ഒരു ശരാശരി മലയാളിയുടെ നന്മകൾ പാടെ കൈമോശം വന്നിട്ടില്ലാത്തതിനാൽ ഞാൻ വീണ്ടും സഹതാപത്തോടെ ചോദിച്ചു, "മോൾക്കിപ്പോൾപതിനെട്ടു വയസ്സായില്ലേ, എന്തേ ഇതിനിടെ ഒരിക്കൽ പോലും? ". അവരുടെ കണ്ണുകൾ നനഞ്ഞു തുടങ്ങിയിരുന്നു , "ആദ്യം  ജീവിതമൊന്നു പച്ചപിടിക്കട്ടെ എന്ന് വച്ചു . പിന്നീട്  വീട് വാങ്ങി, അതിന്ടെ ലോൺ തീരട്ടെ എന്നോർത്തു . പിന്നെ മോളുടെ പഠനമായി. അങ്ങനെ അതങ്ങനെ നീണ്ടുപോയി. ഈ ജൂലൈയിൽ പോകാൻ ഇരിക്കുക ആയിരുന്നു. അമ്മ നല്ല ആരോഗ്യവതിയായിരുന്നു.  മിനിയാന്ന് രാത്രി ഉറങ്ങാൻ കിടന്നതാണ്, പിന്നെ ഉണർന്നില്ല . ഇത്ര പെട്ടെന്ന് ..." അവർ മുഴുമിപ്പിച്ചില്ല.

ഊണ് കഴിച്ചു തീർക്കുമ്പോഴും വീട്ടിലേക്കു മടങ്ങി വരുമ്പോഴും ഞാൻ അത് തന്നെയാണ് ചിന്തിച്ചുകൊണ്ടിരുന്നത്. എനിക്കെന്തുകൊണ്ടോ അവരെ ന്യായീകരിക്കാൻ ആയില്ല . ജീവിതം ഇത്ര ക്ഷണികവും അനിശ്ചിതവും ആണെന്ന അറിവുണ്ടായിരിക്കേ പിന്നത്തേക്കു മാറ്റിവെയ്ക്കപ്പെടാൻ മാത്രം അത്ര അപ്രധാനമായിരുന്നോ ആ ബന്ധം എന്നു വീണ്ടും വീണ്ടും ആലോചിച്ചു. ചിന്തകൾ അവരെ വിട്ട് ഒരു ടൊർണാഡോ പോലെ എന്നിലേക്കു തന്നെ മടങ്ങിവന്നു .

പിന്നീടു ചെയ്യാമെന്ന് കരുതി മാറ്റിവെക്കപ്പെട്ട നല്ല കാര്യങ്ങൾ ഓർത്തെടുത്തു. വൈകിട്ട് തന്നെ ശീതളിന്റെ മാജിയെക്കാണാൻ പോയി. എന്നെക്കണ്ടപ്പോൾ സന്ദോഷം കൊണ്ട് കെട്ടിപ്പിടിച്ചു, കണ്ണ് നിറഞ്ഞു, "ബേട്ടി" എന്ന് പിറുപിറുത്തു . എന്നെ തിരിച്ചറിഞ്ഞതു തന്നെ എന്റെ പ്രതീക്ഷകൾക്കും അപ്പുറത്തായിരുന്നു . അപ്പോൾ മനസ്സിലുറപ്പിച്ചു , മാറ്റിവയ്ക്കപ്പെട്ടവ ചെയ്തുതീർക്കണം .

ജീവിതം വളരെ നൈമിഷികമാണ് . കണ്ണു ചിമ്മുംമുമ്പേ മാറിമറിയപ്പെടും . പരിഭവിച്ചും കലഹിച്ചും തീർന്നുപോയ സമയത്തെക്കുറിച്ചോർത്തു പിന്നീട് സങ്കടപ്പെടേണ്ടിവരും. സ്നേഹിക്കണം പരസ്പരം. ചിരിക്കാതെ കടന്നുപോയ സുഹൃത്തിനോട് പരിഭവം വേണ്ട, ഈശ്വരനും അയാൾക്കും മാത്രമേ അറിയൂ എന്തിലൂടെയാണ് അയാൾ സഞ്ചരിക്കുന്നതെന്ന്.  നമ്മുടെ ഒരു കാരുണ്യപൂർവ്വമായ നോട്ടം അവർക്കു നൽകുന്നത് വലിയ ആശ്വാസമായിരിക്കും. നല്ലതെന്നു ബോധ്യമുള്ള ഒന്നും പിന്നത്തേക്കു മാറ്റിവക്കേണ്ട, കഴിയാതെ പോയ ഒന്നിനെക്കുറിച്ചോർത്തു സങ്കടപ്പെടേണ്ടല്ലോ .

വളരെ ആവേശപൂർവമാണ് റമദാൻ വ്രതാരംഭത്തെ ഞാൻ കാത്തിരിക്കുന്നത് . സാധാരണയായി മുപ്പതു നോമ്പു തീർന്ന് പെരുന്നാളിന്റെ ആഹ്ലാദത്തിമിർപ്പിൽ മിക്കവരും മുഴുകുമ്പോൾ അവസാന നോമ്പിന്റെ വൈകുന്നേരം പള്ളികളിൽ സങ്കടത്തോടെ കാണുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട്, വളരെ പ്രായം ചെന്നവർ . അവർ പറയുന്ന, നമ്മുടെ നെഞ്ചിൽ തറയ്ക്കുന്ന ഒരു വാചകമാണ്, "അടുത്ത റമദാന് ഞങ്ങൾ ഉണ്ടാവുമോ" . ജീവിതത്തിൻറെ യാഥാർഥ്യങ്ങൾ അവരെ ഓർമപ്പെടുത്തുന്ന ഒന്നാണത് . നമ്മളും അങ്ങനെ തന്നെ, അടുത്ത നിമിഷത്തിൽ ആരാണുണ്ടാവുക? സ്നേഹവും മനുഷ്യത്വവും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ സമയം ഒട്ടും വൈകിയിട്ടില്ല.  നമ്മുടെ ഊണുമേശകൾ സ്നേഹം വിളമ്പട്ടെ, നമ്മുടെ കുഞ്ഞുങ്ങൾ അത് നുണഞ്ഞിറക്കട്ടെ .


Friday, May 19, 2017

"അധികനേരമായ് സന്ദർശകർക്കുള്ള മുറിയിൽ മൗനം കുടിച്ചിരിക്കുന്നു നാം.." അടുക്കളയിൽനിന്നും ചുള്ളിക്കാട് ഹൃദയം തകർന്നു പാടുന്നത് പതിവില്ലാത്തവണ്ണം ഉച്ചത്തിലായതിനാൽ ആവും സഹജീവികൾ ഓരോരുത്തരായി എത്തിനോക്കിക്കൊണ്ടിരുന്നത് . ചുള്ളിക്കാട് ഒരു കവിതയിൽ നിന്നും മറ്റൊന്നിലേക്കു മാറിമാറി തകർക്കുമ്പോൾ മക്കളും അവരുടെ അച്ഛനുമെല്ലാം ഒരു ജാഥ പോലെ വന്നു മുന്നിൽനിന്നു, കഴിയുന്നത്ര മാന്യമായിട്ടു ചോദിച്ചു, "നിനക്കു കവിത കേൾക്കണമെങ്കിൽ  കുറച്ചു പതിയെ ആയിക്കൂടെ? വേണുഗോപാൽ പാടിയ ആ സോഫ്റ്റ് വേർഷനെങ്കിലും". പരത്തിക്കൊണ്ടിരുന്ന ചപ്പാത്തി ഒന്നുകൂടെ ആഞ്ഞു പരത്തിയിട്ടു ആത്മഗതം പോലെ ഞാൻ പറഞ്ഞു "കവിയുടെ ആത്മവേദന മനസ്സിലാക്കണമെങ്കിൽ ഇങ്ങനെ കേൾക്കണം, അല്ലെങ്കിൽ തന്നെ ചെവി ഉണ്ടായതുകൊണ്ടു മാത്രം കാര്യമില്ലല്ലോ". മനസ്സിൽ തികട്ടി വന്നത് അറിയാതെ പറഞ്ഞുപോയതാണ് , വന്നപോലെ എല്ലാവരും പോയി.

ഈ ആഴ്ച ആകെ സംഭവബഹുലമായിരുന്നു. പതിവ് തിരക്കുകൾക്കും പാരവെപ്പുകൾക്കുമൊക്കെ അപ്പുറം പുതിയ ചർച്ചകളായിരുന്നു ഓഫീസിൽ .  കഴിഞ്ഞവർഷത്തെ ബിസിനസ് കണക്കുകളൊക്കെ അവതരിപ്പിച്ച സ്റ്റാഫ് മീറ്റിംഗിലെ അവസാനത്തെ അജൻഡ ആയിരുന്നു ഓഫീസ് ഡ്രസ്സ് കോഡിലെ ചില പരിഷ്ക്കാരങ്ങൾ . മുട്ടിനു വളരെ മുകളിൽ നിൽക്കുന്ന ഉടുപ്പുകൾ ഇനി പാടില്ല എന്നു പറഞ്ഞപ്പോൾ മൂന്നാം ലോക മഹായുദ്ധം തുടങ്ങാൻപോകുന്നു എന്നു കേൾക്കുമ്പോൾ ഉണ്ടാവുന്ന ഞെട്ടലിനേക്കാൾ പതിന്മടങ്ങു ഞെട്ടലാണ് പലരിലും കണ്ടത് . അത്ര നേരം അവതരിപ്പിച്ച കണക്കുകളൊക്കെ മറന്ന്, പുതിയ കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും സേവിക്കുന്ന ഒരു സംഘടനയിലെ ജീവനക്കാർ രോഷം കൊണ്ടപ്പോൾ എനിക്കോർമ്മ വന്നത് രണ്ടു ദിവസം മുൻപ് സിറിയയിൽ നിന്നും വന്ന ഒരു കുടുംബത്തെയാണ്. "കാനഡ  നല്ല സുരക്ഷിത രാജ്യം തന്നെ, പക്ഷെ എനിക്കിവിടെ ഉറങ്ങാനാവുന്നില്ല ,എൻറെ മനസ്സ് മുഴുവനും സിറിയയിൽ ആണ്, എന്റെ അമ്മയും കൂടപ്പിറപ്പുകളും അവിടെയാണ്. ബോംബുകൾക്കും സ്ഫോടനകൾക്കും ഇടയിൽ, എൻറെ ജീവനേക്കാൾ വിലപ്പെട്ടതൊക്കെ അവിടെയാണ്,  ഇനിയും നിറമുള്ള സ്വപ്‌നങ്ങൾ കണ്ടുതുടങ്ങിയിട്ടില്ലാത്ത മക്കൾക്കു വേണ്ടിയാണ് ഞങ്ങൾ ഇങ്ങോട്ട്.." പറഞ്ഞു തീരും മുൻപേ പർദ്ദയുടെ കയ്യിൽ മുഖം ചേർത്ത് അവർ വിതുമ്പി തുടങ്ങിയിരുന്നു. ഓരോരുത്തരുടെയും മുൻഗണനകൾ എന്തു വ്യത്യസ്തമാണ് .

സാധാരണഗതിയിൽ ഇത്തരം എല്ലാ സംഭവങ്ങളും വൈകിട്ടു വീട്ടിലെത്തുമ്പോൾ കുടഞ്ഞിടുക എന്റെയൊരു ശീലമായിരുന്നു. ഇതു മാത്രമല്ല, രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ മുതൽ വൈകിട്ടു വന്നു കയറുന്നതുവരെയുള്ള  എല്ലാ കാര്യങ്ങളും. ഇതു സഹിച്ചുകേൾക്കുക എന്നത് ഭർത്താവിന്റെയും കുഞ്ഞുങ്ങളുടെയും കടമയാണ്, ഔദാര്യമല്ല എന്നൊരു ചിന്തയും എനിക്കുണ്ടായിരുന്നു, അവർ പ്രതികരിക്കുന്നത് വരെ . ഞാൻ വായ തുറക്കുമ്പോൾ, "കുറച്ചു കഴിഞ്ഞു പറഞ്ഞാലോ, ഈ ചായ തീർന്നിട്ടായാലോ" എന്നിങ്ങനെയുള്ള ചോദ്യങ്ങൾ പതിവാകാൻ തുടങ്ങിയപ്പോൾ ആണ് ആ സത്യം ഞാൻ തിരിച്ചറിഞ്ഞത് . രണ്ടു മൂന്നാഴ്ചകളായി ഞാൻ ആ സംസാരം നിർത്തി . പലപ്പോഴും വായിൽ വരുന്നത് വിഴുങ്ങി , പക്ഷെ പറയാത്ത വാക്കുകളെല്ലാം കൂടി എന്നെ ശ്വാസം മുട്ടിച്ചുകൊണ്ടിരുന്നു.

തിരക്കിട്ടു ആരോടെങ്കിലും ഫോണിൽ സംസാരിക്കുമ്പോൾ , പിന്നിൽ വന്നു നിൽക്കുന്ന കുഞ്ഞിൻറെ  "'അമ്മ, എന്നെയൊന്നു കേൾക്കൂ " എന്ന സങ്കടത്തിനു പിന്നിലെ ആഴവും കേൾക്കാൻ ഒരു ശ്രോതാവുണ്ടാകുക വലിയ കാര്യമാണെന്ന സത്യവും എനിക്കു മനസ്സിലായത്  അപ്പോൾ ആണ്.

അങ്ങനെയാണ് ഞാൻ ചുള്ളിക്കാടിനെയും സുഗതകുമാരിയെയുമൊക്കെ എൻറെ അടുക്കളയിലേക്കു ക്ഷണിച്ചത് . കറിക്കരിയുമ്പോൾ, പാത്രം കഴുകുമ്പോൾ, പാചകം ചെയ്യുമ്പോൾ ഒക്കെ അവർ എനിക്കുവേണ്ടി പാടിക്കൊണ്ടിരിക്കുന്നു.  എനിക്കു പറയാനുള്ളതെല്ലാം ഞാനും മൗനമായ് പറയുന്നു . എല്ലാ ദിവസവും എന്തെങ്കിലും ഉടക്കുമായി വരുന്ന കൊളംബിയക്കാരിയോടു പറഞ്ഞു ജയിക്കാനുള്ള തന്ത്രങ്ങൾ ഇപ്പോൾ സ്വയം മെനഞ്ഞെടുക്കാൻ ഞാൻ പഠിച്ചിരിക്കുന്നു .എങ്കിലും മനസ്സിലെ കുഞ്ഞുകുഞ്ഞു സംഘർഷങ്ങൾ ഏറ്റു  വാങ്ങാൻ തയ്യാറാവാത്ത കാതുകളിലേക്കു, ഇടയ്ക്കിടെ അലറി വിളിക്കുന്ന ശബ്ദത്തിൽ "അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും" എന്നു മധുസൂദനൻ നായരെക്കൊണ്ടു പാടിച്ചു ഞാൻ വീണ്ടും ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.



Friday, May 5, 2017

ജീവിതത്തിലെ യാത്രകളിൽ നല്ല പങ്കും ട്രെയിൻ അപഹരിക്കുന്നതുകൊണ്ടാവാം എൻറെ എഴുത്തുകളിൽ മിക്കയിടത്തും അത് കടന്നുവരുന്നത് . രാവിലെയുള്ള മാരത്തോൺ ഓട്ടം അവസാനിക്കുന്നതു ട്രെയിനിലാണ് . എവിടെയെങ്കിലും ഒരു സീറ്റ് തരപ്പെടുത്തി ഇരുന്നുകഴിഞ്ഞാൽ പിന്നെ ഒരാശ്വാസമാണ് . പിന്നീടുള്ള അരമണിക്കൂർ എൻറെ സ്വന്തം സമയമാണ് . വായനയും കാഴ്ചകാണലും ചിന്തകളും ഒക്കെയായി അതു നിമിഷനേരം കൊണ്ട് കഴിഞ്ഞുപോകും . എന്നിരുന്നാലും ഒരു ദിവസത്തേക്കുള്ള ഊർജം അതെനിക്ക് തരുന്നുണ്ട് .

ഡൗൺടൗണിലേക്കുള്ള യാത്രയിൽ മാൽബൊറോ സ്റ്റേഷനും ഫ്രാങ്ക്‌ളിൻ സ്റ്റേഷനും ഇടയിൽ ഏതാണ്ട് ഒരുമിനിറ്റു ദൈർഖ്യം വരുന്ന ഒരു തുരങ്കമുണ്ട്. ആദ്യമൊക്കെ ട്രെയിൻ അവിടേക്കു കയറുമ്പോൾ തന്നെ ഞാൻ കണ്ണടയ്ക്കുമായിരുന്നു . ഒരു മിനിറ്റിനു മണിക്കൂറുകളുടെ നീളമുണ്ടെന്നു എനിക്കു തോന്നിയത് അവിടെ വച്ചാണ്. അവിടെ സെൽഫോണുകൾക്കു സിഗ്നലുമില്ല . ആ ഒരു മിനിറ്റിൽ, സംഭവിക്കാവുന്ന ഏറ്റവും മോശം കാര്യങ്ങളാവും മനസ്സിൽ. മെല്ലെമെല്ലെ ഞാൻ അവിടെയെത്തുമ്പോൾ കണ്ണു തുറന്നിരിക്കാൻ ശ്രമിച്ചുതുടങ്ങി . പുറത്തു കാണുന്ന ഇരുട്ടിനെ പേടിക്കേണ്ടതില്ലെന്നു മനസ്സിലാക്കിയിട്ടൊന്നുമല്ല അത് . "ഈ നിമിഷവും കടന്നു പോകും" എന്ന യാഥാർഥ്യം നിറഞ്ഞ ചിന്തയെ മനസ്സിലങ്ങനെ തറച്ചുവച്ചു. അങ്ങനെ, വർഷങ്ങളായി ഞാൻ പേടികൂടാതെ ആ തുരങ്കപാതയിലൂടെ യാത്ര ചെയ്യുന്നു .

ജീവിതവും പലപ്പോഴും ഇങ്ങനെയാണ് . പൂത്തുലഞ്ഞു നിൽക്കുമ്പോൾ മുന്നിൽ വന്നുപോയേക്കാവുന്ന പലതിനെക്കുറിച്ചും നാം ചിന്തിക്കാറില്ല. മറിച്ചു, അപ്രതീക്ഷിതങ്ങളെ വളരെ തന്മയത്വത്തോടെ നമ്മുടെ മുന്നിലേക്കിട്ടു വിധി മാറി നിന്ന് ചിരിക്കുമ്പോൾ പലപ്പോഴും നാം കണ്ണുകൾ ഇറുക്കി അടച്ചുപോകുന്നു . കൂടുതൽ ഭീകരങ്ങളായ ചിന്തകൾ ഗ്രഹിച്ചെടുക്കുന്നു . ഓരോ നിമിഷവും ഇന്നലെകളാവും എന്ന ചിന്തയെ ഒന്ന് വേരുറപ്പിച്ചെടുത്താൽ ഭാരങ്ങൾ കുറെയൊക്കെ വലിച്ചെറിയാനാവും.

വളരെ സന്തോഷിച്ചു എല്ലാവരോടും തമാശയൊക്കെ പറഞ്ഞു നടക്കുന്ന ഒരു സഹപ്രവർത്തക എനിക്കുണ്ട് . ഒരിക്കൽപ്പോലും അവരുടെ മുഖം വാടി ഞാൻ കണ്ടിട്ടില്ല. ഒന്നിച്ചു നടക്കാനിറങ്ങുമ്പോൾ പലപ്പോഴും വിചാരിച്ചിട്ടുണ്ട് , ഇതിനു പിന്നിലെ രഹസ്യം ഒന്നറിയണമെന്ന് . അവരുടെ സ്വകാര്യതയെ ഹനിക്കലാവുമോ എന്ന് ഭയന്നാണ് മടിച്ചു മടിച്ചു  ഇന്നലെ അത് അവരോടു ചോദിച്ചത്. മറുപടി വളരെ ചിന്താർഹമായിരുന്നു , "എൻറെ പേഴ്‌സണൽ സ്പേസ്,  ഞാൻ വ്യക്തമായി വരച്ചുവച്ചിട്ടുണ്ട് , അവിടേക്കു ആർക്കും കടന്നു വരാനാവില്ല, ഞാൻ അനുവദിച്ചിട്ടുള്ളവരും എൻറെ പ്രിയപ്പെട്ടവരുമല്ലാതെ . അതു കൊണ്ടുതന്നെ,ആർക്കും എൻറെ ചിന്തകളെയും വികാരങ്ങളെയും സ്വാധീനിക്കാനാവില്ല . മനസ്സംഘർഷം എന്നൊന്ന് ഉണ്ടാവില്ലതന്നെ". 

സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കിയാലോ എന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല . വഴിയേപോകുന്ന ആർക്കും കല്ലെറിയാവുന്ന ഒരു പഞ്ചായത്തുകുളമൊന്നുമല്ലല്ലോ നമ്മുടെ ജീവിതങ്ങൾ . പരിധികൾ നിശ്ചയിക്കുന്നത് നല്ലതാണ്, നമ്മുടെ സ്വന്തം ജീവിതത്തിനു ചായം പൂശാൻ നമ്മള് തന്നെ മതി .

Friday, April 21, 2017

എല്ലാ വീട്ടമ്മമാരെയും പോലെ എന്റെയും സന്ധ്യകൾ ഇന്നു എന്താണ് പാചകം ചെയ്യുക എന്ന കുഴക്കുന്ന സമസ്യയുമായി മല്ലിട്ടുകൊണ്ടാവും തുടങ്ങുക . എന്തെങ്കിലും ഒന്ന് തലയിൽ ഉദിച്ചാൽ പിന്നെ അത് തട്ടിക്കൂട്ടുന്ന തത്രപ്പാടിലായി . അങ്ങനെയുള്ള ഒരു പതിവു വൈകുന്നേരത്തിലാണ്  അടുക്കളയിൽ വന്നു മോൾ അല്പം സങ്കടത്തോടെ പറഞ്ഞത് " അമ്മാ , ശീതളിന്റെ ഗ്രാനിക്കു ഡിമെൻഷ്യ ആണത്രേ. അവരെ ലോങ്ങ് ടെം കെയറിലേക്കു മാറ്റാൻ പോവുകയാണ്".  ആ വാർത്ത എന്നിലുണ്ടാക്കിയ ഞെട്ടൽ ചെറുതായിരുന്നില്ല .

ശീതളിന്റെ കുടുംബത്തെ ഞങ്ങൾ പരിചയപ്പെടുന്നത് ഏതാണ്ട് അഞ്ചു വര്ഷം മുൻപാണ് . മോളുടെ സഹപാഠിയാണ് അവൾ. ഉത്തരേന്ത്യയിൽ നിന്നും വർഷങ്ങൾക്കു മുൻപ് ഫിജിയിലേക്കു കുടിയേറിയതാണ് അവളുടെ മുതുമുത്തച്ഛന്മാർ . ഇപ്പോഴും ഇന്ത്യൻ പാരമ്പര്യവും ആചാരങ്ങളും അഭിമാനപൂർവം കൊണ്ടു നടക്കുന്ന ഒരു മുത്തച്ഛനും മുത്തശ്ശിയും അവൾക്കുണ്ട്.  ഇടയ്ക്കിടെ ഞങ്ങൾ അവിടെ പോകാറുണ്ടായിരുന്നു . ചെല്ലുമ്പോഴെല്ലാം നിറഞ്ഞ ചിരിയുമായി വാത്സല്യത്തോടെ എന്നെ സ്വീകരിച്ചിരുന്നത് ആ  മുത്തശ്ശിയായിരുന്നു. "ബേട്ടി" എന്ന വിളിയിൽ ആ വാത്സല്യം തുളുമ്പി നിന്നു.  അവരെനിക്ക് "മാജി" ആയിരുന്നു . ചെറിയ ആ രൂപത്തിൽ വളരെ വലിയ ഒരു മനസ്സാണ് ഉണ്ടായിരുന്നത്. വിശേഷദിവസങ്ങളിൽ ഒരു വീതം കൃത്യമായി എനിക്ക് എത്തിച്ചിരുന്നു മാജി . എന്നെ ഇടയ്ക്കിടെ കണ്ടില്ലെങ്കിൽ മോളോടു പരിഭവം പറഞ്ഞയയ്ക്കും.

മോൾ മുതിർന്ന ക്‌ളാസ്സുകളിലേക്കു മാറിയപ്പോൾ ശീതളിന്റെ വീട്ടിലേക്കുള്ള പോക്കു കുറഞ്ഞു . ജോലിയും തിരക്കുകളും കൂടിക്കൂടി വന്നപ്പോൾ ഒഴിവാക്കപ്പെട്ടവയുടെ കൂട്ടത്തിൽ ഇതും ചേർക്കപ്പെട്ടു . ഫോൺ വിളികളും കുറഞ്ഞു . എങ്കിലും വല്ലപ്പോഴും കണ്ടുമുട്ടുമ്പോൾ മോളോട് എന്നെപ്പറ്റി വീണ്ടും വീണ്ടും മാജി ചോദിക്കുകയും അവളതു എന്റെ ചെവിയിൽ എത്തിക്കുകയും ചെയ്തുകൊണ്ടിരുന്നു .

കാണാൻ പോകണമെന്നു പലപ്പോഴും വിചാരിച്ചെങ്കിലും അതൊന്നും നടന്നില്ല . നടത്താൻ അത്രകണ്ട് ഞാൻ ശ്രമിച്ചില്ല എന്നുതന്നെ പറയണം . കാരണം മുന്ഗണനാലിസ്റ്റിൽ അതുണ്ടായിരുന്നില്ല എന്നതുതന്നെ . പിന്നീട് മാജിയ്ക്കു സുഖമില്ലെന്നു കഴിഞ്ഞാഴ്ച മോളു പറഞ്ഞപ്പോൾ ഓർത്തിരുന്നു ഈ ആഴ്ചയെങ്കിലും കാണാൻ പോകണമെന്ന് .

കാണാൻ ഇഷ്ടമില്ലാത്ത കാഴ്ചകളുടെ നേരെ കണ്ണടക്കുക എന്ന (ദു:)ശീലം പണ്ടേ എനിക്കുണ്ട് . ഒരു പക്ഷേ അത് ഭീരുത്വമായിരിക്കാം. സ്വസ്ഥത കെടുത്തുന്ന അത്തരം കാഴ്ചകൾ ഞാൻ കാണാൻ ശ്രമിക്കാറില്ല .കാരണം  ചില ദൗർബല്യങ്ങൾ ജീവിതത്തിന്റെ ചിരികൾക്കു മങ്ങലേൽക്കാതിരിക്കാൻ എന്നെ സഹായിക്കാറുണ്ട്‌ .  അതുകൊണ്ടു തന്നെ, മറവി ബാധിച്ച്‌ , എന്നെ തിരിച്ചറിയാൻ പറ്റാതെ ഓർമ്മകളെ വീണ്ടെടുക്കാൻ വ്യർത്ഥശ്രമം നടത്തുന്ന മാജിയെ കാണാൻ പോകുന്നില്ലെന്ന് തീരുമാനിച്ചു . തനിയ്ക്കു ചുറ്റുമുണ്ടായിരുന്ന ലോകം പതിയെപ്പതിയെ അന്യമാകുന്ന ഒരാളേക്കാൾ തനിക്കു പ്രിയപ്പെട്ട ഒരാൾ തിരിച്ചറിയാത്തതു നൊമ്പരപ്പെടുത്തുന്ന മുത്തച്ഛനേയും എനിക്കു സങ്കൽപ്പിക്കാനായില്ല .


ഉറങ്ങാൻ കിടക്കുമ്പോഴാണ് ഞാൻ പലപ്പോഴും ഓർമകളിലേക്ക് യാത്രപോവാറ് . പെട്ടെന്നാണ് ആ ചിന്ത എന്നെ പേടിപ്പെടുത്തിയത് . ജീവിതത്തിന്റെ ഏതെങ്കിലുമൊരു  നിമിഷത്തിൽ എന്റെയും ഓർമ്മകൾ എന്റെ കൈവിട്ടുപോയാലോ , പ്രിയപ്പെട്ടതൊക്കെയും അപരിചിതമാവുന്ന ഒരു നിമിഷം എന്നെയും കാത്തിരിക്കുന്നുണ്ടാവുമോ . ഉറങ്ങിത്തുടങ്ങിയിരുന്ന ഭർത്താവിനെ ഞാൻ വിളിച്ചുണർത്തി , ആ കയ്യിൽ മുറുകെപ്പിടിച്ചു , കരച്ചിലിന്റെ വക്കോളമെത്തിയ എന്നെകണ്ടു അന്ധാളിച്ച ആളോട് ഞാൻ പറഞ്ഞൊപ്പിച്ചു, " എനിക്കു ഡിമെൻഷ്യ ബാധിച്ചാൽ എന്നെ വേറെവിടെയും കൊണ്ടാക്കരുത്, എനിക്കിവിടെ മതി, ഒരുപക്ഷേ ,എനിക്കറിയില്ലെങ്കിലും, നിങ്ങൾക്കറിയാമല്ലോ എനിയ്ക്കൊറ്റക്ക് ജീവിക്കാനാവില്ലെന്ന് ".

Thursday, April 6, 2017

ഈയാഴ്ച്ച എനിക്കു  പനിക്കാലമായിരുന്നു. പുറത്തെ വെയിൽകണ്ടു ഉച്ചക്ക് ഒരു വട്ടം നടന്നിട്ടു വരാം എന്നു കരുതി പുറത്തേക്കിറങ്ങിയപ്പോഴേ സഹപ്രവർത്തക മുന്നറിയിപ്പു തന്നതാണ്, തണുപ്പുണ്ടാവും ജാക്കറ്റ് എടുത്തോളൂ എന്ന് . അതിനെ ചിരിച്ചുതള്ളി നടന്നു തുടങ്ങിയപ്പോൾ തന്നെ മനസ്സിലായി, അമിതവിശ്വാസം നല്ലതല്ലെന്ന് . എന്നിട്ടും തിരിച്ചുപോവാൻ ആത്മാഭിമാനം സമ്മതിക്കാത്തതിനാൽ പത്തു മിനിറ്റ് നടന്നു. തിരികെ വന്നു കയറുമ്പോൾ ദേഹം മുഴുവൻ തണുത്തു മരവിച്ചിരുന്നു. വൈകിട്ടത്തേക്ക് അത് ഒച്ചയടപ്പായി, തലവേദനയായി, അങ്ങനെ പനിയായി, ഇപ്പോൾ ഇതാ വീട്ടിലിരിക്കാൻ തുടങ്ങിയിട്ട് ദിവസം മൂന്നുനാലായി .

ഇതൊക്കെയാണെങ്കിലും പനിക്കാലം പലപ്പോഴും ഒരു ആഘോഷമാണെനിക്ക്.  ജോലിക്കു പോകേണ്ട, വീട്ടിലെ പണികളൊന്നും ചെയ്യേണ്ട, ഭക്ഷണം തയ്യാറാക്കേണ്ട, ഒരു കമ്പിളിക്കുള്ളിൽ മൂടിപ്പുതച്ചങ്ങനെ കിടക്കാം. അത്ര നാൾ വരെ ഊണുമേശയിൽ മാത്രം കാണപ്പെടുന്ന എൻറെ മൂന്നാൾ പട്ടാളം, സർവ്വസന്നദ്ധരായി അരയും തലയും മുറുക്കി എൻറെ ചുറ്റും കാണും. ചുക്കു കാപ്പി, മരുന്ന്, വെള്ളം എന്ന് വേണ്ട, ഞാൻ പറയുന്നതെന്തും എൻറെ അടുക്കലെത്തും ഞൊടിയിടയിൽ. ഇടയ്ക്കു എൻറെ പേരും പറഞ്ഞു "മറീന"യിൽ പോയി മസാലദോശയും സാമ്പാർ വടയുമൊക്കെ വാങ്ങാനും വല്യ ഉത്സാഹം തന്നെ . ഫോണിൽ കുത്തി തളർന്നിരിക്കുന്ന എന്റെ പാവം ഭർത്താവിനു വ്യത്യസ്ഥമായ അനവധി ജോലികൾ ചെയ്യാനുള്ള ഒരു അവസരവും ആണിത് . മാത്രമല്ല, ഇന്ദു ആന്റിയുടെ അവിയലും കറികളും ഷിഫ ആൻടിയുടെ പാൽക്കഞ്ഞിയുമൊക്കെ കൃത്യമായി ഇങ്ങെത്തുകയും ചെയ്യും.

ബന്ധങ്ങൾ പലപ്പോഴും എന്നെ അദ്‌ഭുതപ്പെടുത്തുന്നത് ഇങ്ങനെ സുഖമില്ലായ്മകളിലാണ്. നാട്ടിൽ നിന്നും ഇത്ര ദൂരെയാണെങ്കിലും  ഒരു വേദന വന്നാൽ ഓടിയെത്തുന്ന സൗഹൃദങ്ങൾ എന്റെ സ്വന്തമാണ്. പലരും ഇവിടെ വന്നു പരിചയപ്പെട്ടവർ. ഭൂതകാലങ്ങൾ അപ്രധാനങ്ങളായവർ . ആരും പ്രത്യുപകാരം പ്രതീക്ഷിച്ചിട്ടല്ല പലപ്പോഴും പലതും ചെയ്യുന്നത് .

എനിക്കിവിടെ എഴുപത്തിയെട്ടു വയസ്സുള്ള ഒരു അമ്മൂമ്മയുണ്ട് . എന്റെ മക്കൾ അവരെ അമ്മൂമ്മ എന്നാണു വിളിക്കുന്നത് . ജീവിതത്തിൻറെ ഭൂരിഭാഗവും പല നാടുകളിൽ കഷ്ടപ്പെട്ട്, മക്കളെ നല്ല നിലയിലാക്കി ഉദ്യോഗത്തിൽ നിന്നും പിരിഞ്ഞു ഇപ്പോൾ മുതിർന്ന പൗരന്മാർക്കുള്ള സദനത്തിൽ ഒറ്റയ്ക്ക് താമസിക്കുന്ന 'അമ്മ . എന്റെ സ്വരം ഒന്ന് മാറിയാൽ വേവലാതിപ്പെടുന്ന ഒരമ്മ . ബന്ധങ്ങളുടെ കണക്കെടുപ്പു നടത്തിയാൽ എനിക്കാരുമല്ല അവർ. പക്ഷെ, അവർ എന്നെ "മോളെ" എന്നു വിളിക്കുമ്പോൾ നിറയുന്ന ആ സ്നേഹത്തിന് എന്റെ അമ്മയുടെ ഗന്ധമാണ് .

നാട്ടിൽ എനിക്ക് ഒട്ടനവധി സുഹൃത്തുക്കളുണ്ട് . അതിൽ രണ്ടു പേരെക്കുറിച്ചു പറയാതെ വയ്യ . തത്കാലത്തേക്ക് അവർക്കു ഞാൻ ഹരിയെന്നും ഗീതുവെന്നും പേരു കൊടുക്കാം . എല്ലാ ദിവസവും വിളിച്ചു ഞാൻ വിശേഷങ്ങൾ പങ്കു വെക്കാറില്ല ഇവരോട് . എന്നാലും, എൻറെ നമ്പർ ഫോണിൽ തെളിഞ്ഞാൽ ഹരി ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, ഇന്ന് എന്താണുണ്ടായത്,എന്ന് . ഒരു പടി കൂടെക്കടന്നു ചിലപ്പോൾ ഗീതു ചോദിക്കും, കഴിഞ്ഞാഴ്ച എന്തായിരുന്നു വിശേഷം. എന്റെ സന്തോഷങ്ങളും സങ്കടങ്ങളും ഒക്കെ ഒരു പ്രതിഫലനം പോലെ അറിയുന്ന രണ്ടു പേര്. ബന്ധങ്ങൾ വീണ്ടും അതിശയിപ്പിക്കുന്നു.

ഒടുവിൽ, ഇന്നു സംസാരിച്ചപ്പോൾ മറ്റൊരു സുഹൃത്തു പറയുന്നു, " ചേട്ടന്റെ അമ്മ  കിടപ്പിലാണ്, എല്ലാത്തിനും ഞാൻ അരികിൽ വേണം, ഇനിയിപ്പോൾ അവിടെനിന്നും ഒരു തിരിച്ചുവരവ് അമ്മക്ക് ആവുമൊന്നു അറിയില്ല". നാട്ടിലെ തിരക്കുള്ള ഒരു സ്ഥാപനത്തിലെ ഉദ്യോഗസ്ഥയായ അവളോട് എങ്ങനെ എല്ലാം കൈകാര്യം ചെയ്യുന്നു എന്ന് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ, "ഇതൊക്കെ ഒരു ഭാഗ്യം ആണ് ഷാ. നന്മ ചെയ്യാൻ ദൈവം നമുക്കു തരുന്ന അവസരം, എല്ലാം എനിക്ക് ശീലമായിക്കഴിഞ്ഞു". സ്നേഹത്തിന്റെ വിരൽസ്പർശമായി എന്റെ മുന്നിൽ അവളും .

എവിടെ നിന്നൊക്കെയോ കടന്നുവന്ന് എത്തിനോക്കിയും കൂടെയൊഴുകിയും യാത്ര ചോദിക്കുക പോലും ചെയ്യാതെ പടിയിറങ്ങിപ്പോയും കണ്ടില്ലെന്നു നടിച്ചും ഇനിയുമുണ്ട് ഒട്ടേറെ ബന്ധങ്ങൾ .  നമ്മുടെ ജീവിതത്തിൻറെ വീണക്കമ്പികളാണ് , അമൂല്യങ്ങളാണ് അവ . അറിഞ്ഞോ അറിയാതെയോ ആ വീണയിൽ നിന്നും അപശ്രുതികൾ ഉയർത്താതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട് ഞാൻ , ആ നാദം ശാന്തി  പരത്തി നിറഞ്ഞൊഴുകട്ടെ.


Sunday, April 2, 2017

ശൈത്യം പതിയെപ്പതിയെ വിടവാങ്ങിത്തുടങ്ങിയിരിക്കുന്നു.  ഇനിയിപ്പോൾ വസന്തകാലത്തിന്റെ വരവായി . ഒരു പക്ഷേ ഡൗൺടൗണിലെ നടത്തത്തിൽ  വെറുതേ ചുറ്റുപാടും  ശ്രദ്ധിക്കുന്നതു കൊണ്ടാവാം, എനിക്കു വല്ലാത്തൊരു ഇഷ്ടമാണ് ഈ മാറ്റങ്ങളോട് . നടവഴികളിലെ മഞ്ഞെല്ലാം ഉരുകിമാറിയിരിക്കുന്നു . മരങ്ങളിലൊക്കെ ചെറിയ കിളികൾ നിറഞ്ഞിരുന്നു ചിലയ്ക്കുന്നു. മഞ്ഞുകാലത്തു ദൂരദേശങ്ങളിലേക്കു യാത്രയായ ദേശാടനക്കിളികൾ മടങ്ങിവരുന്നു. അങ്ങനെ  ശബ്ദമുഖരിതമാണ് ഇപ്പോൾ എന്റെ നടപ്പാതകൾ. ഇതിനിടയിലൂടെ വസന്തവും ശൈത്യവും ഒക്കെ നഷ്ടപ്പെട്ട കുറെ മനുഷ്യർ എങ്ങോട്ടെന്നില്ലാതെ തിരക്കിട്ടു നടന്നുപോകുന്നു . 

കുറെ മുൻപു വരെ  ഞാനും അങ്ങിനെയായിരുന്നു . എപ്പോഴും തിരക്കു തന്നെ . രാവിലെ വീട്ടിൽ നിന്നിറങ്ങാനുള്ള തിരക്ക്, ഓഫീസിലേക്കുള്ള ഓട്ടം, അവിടെ എത്തിയാൽ പിന്നെ ജോലിത്തിരക്കുകൾ, നാലുമണി കഴിഞ്ഞാൽ വീട്ടിലേക്കുള്ള ഓട്ടം. ഈ ഓട്ടങ്ങൾക്കിടയിൽ ദിവസങ്ങൾ ആഴ്ചകളും മാസങ്ങളും വർഷങ്ങളുമൊക്കെ ആകുന്നതു തിരിച്ചറിയുന്നത് ചുവരിൽ തൂങ്ങുന്ന കലണ്ടർ മാറ്റിയിടുമ്പോൾ ആണ്. 

ഈയിടെയായി ഞാൻ എന്റെ ഓട്ടങ്ങൾ കുറച്ചു. മറ്റൊന്നുമല്ല, ഏതോ ഒരു സുഹൃത്ത് അയച്ച ഒരു സന്ദേശം, എന്നെ വല്ലാതെ സ്വാധീനിച്ചു , " ചിന്തിക്കു, നീ  ഓടുന്നതു എങ്ങോട്ടാണ്? ജീവിതത്തിന്റെ നല്ല നിമിഷങ്ങളിൽ നിന്നും മരണത്തിന്റെ മരവിപ്പുകളിലേക്കാണ്". കാര്യം ഇതൊരു ഫോർവേഡഡ് മെസ്സേജ് ആണെങ്കിലും അതെന്നെ പലതും ഓർമപ്പെടുത്തി . 

ഒരു നിമിഷം നിന്നു, ചുറ്റുപാടുമൊക്കെ കണ്ട്, ആളുകളെ തിരിച്ചറിഞ്ഞു നടക്കാൻ ഞാൻ ശ്രമിച്ചു തുടങ്ങി . സൗഹൃദങ്ങളൊക്കെ വീണ്ടും പൊടിതട്ടിയെടുത്തു കുറച്ചു സമയം അതിനായി നീക്കി വെക്കാനും. ഇപ്പോൾ ഞാൻ കാണുന്ന കാഴ്ചകൾക്ക് വൈവിധ്യങ്ങളുണ്ട് , എന്റെ നിമിഷങ്ങൾക്ക് ജീവനുണ്ട് , എന്റെ കാലടികൾക്കു സമാധാനത്തിന്റെ ശാന്തത ഉണ്ട് . മാഞ്ഞുപോകുന്ന ഗ്രീൻ സിഗ്നലുകൾ എന്നെ ആവലാതിപ്പെടുത്തുന്നില്ല . കാത്തു നില്പുകൾ അലോസരപ്പെടുത്തുന്നുമില്ല . 

ജീവിതം ഓടിത്തീർക്കാനുള്ളതല്ല , അത് കണ്ടുകണ്ടു പതിയെ കടന്നുപോകേണ്ടതാണ് . ഒത്തിരിയേറെ കാഴ്ചകൾ അത് നമുക്ക് കാത്തു വച്ചിട്ടുണ്ട്, വിതുമ്പലുകളായും പുഞ്ചിരികളായും. വല്ലപ്പോഴും എത്തിനോക്കി കടന്നുപോകുന്ന ദേശാടനക്കിളികളായും. ഓരോ കാഴ്ചയും മനസ്സിൽ നിറയ്ക്കണം, ഒടുവിൽ ഏതെങ്കിലും കോണിൽ ഒറ്റപ്പെടുമ്പോൾ  ഒരു നിരാശയും പാടില്ല. എന്നും വസന്തങ്ങൾ മാത്രമാകണം മനസ്സിൽ.

Saturday, March 25, 2017

എല്ലാ  ദിവസവും മുടങ്ങാതെ പത്രം വായിക്കുക എന്നത് ചെറുപ്പം മുതൽ എനിക്കുള്ള ശീലമാണ് . അന്ന് "മാതൃഭൂമി " ആയിരുന്നു വീട്ടിലെ പത്രം. രാവിലെ തന്നെ അത് അരച്ചു കലക്കി കുടിച്ചില്ലെങ്കിൽ എന്തോ ഒരു വല്ലായ്‌മയായിരുന്നു. മുതിർന്നപ്പോഴും പത്രങ്ങളുടെ പേരുകൾ മാറിയെങ്കിലും ആ ശീലം തുടർന്നുപോന്നു. ഇവിടെയെത്തിയപ്പോൾ , അത് ഓൺലൈൻ പത്രങ്ങളിലേക്കു മാറി. എന്നിരുന്നാലും എല്ലാ ദിവസവും നാട്ടിലെ വിശേഷങ്ങളറിയാൻ സ്ഥിരം ഇതിനു മുന്നിലിരിക്കുക ശീലമായിരുന്നു, ഏതാനും ആഴ്ചകൾ മുൻപ് വരെ.

ഈയിടെയായി പത്രം വായന ഞാൻ നിർത്തിയിരിക്കുകയാണ്. കാരണം അവ  എന്റെ പേടിസ്വപ്നങ്ങളായി മാറിയിരിക്കുന്നു. ഉറക്കത്തിനിടയിൽ ഞെട്ടി എഴുന്നേറ്റു എന്റെ കുഞ്ഞുങ്ങൾ കിടക്കുന്ന മുറികളിൽ ഞാൻ വീണ്ടും വീണ്ടും പോയി നോക്കുന്നു, ശാന്തമായുറങ്ങുന്ന അവരെ കാണുമ്പോൾ ആശ്വസിക്കുന്നു. ഞാൻ നാട്ടിലല്ല എന്ന സ്വാർത്ഥ ചിന്ത ഇപ്പോൾ എന്നെ അല്പം സ്വസ്ഥമാക്കുന്നുണ്ട്.

കുറച്ചുനാളുകളായി പത്രം തുറന്നാൽ കാണുന്ന വാർത്തകൾ മനസ്സിൽ തീ കോരിയിടുകയാണ്. വർഗ്ഗീയതയും പീഡനങ്ങളും പിന്നെ അവയുടെ നിറം പിടിപ്പിച്ച വിശദീകരണങ്ങളും മാത്രമായിരിക്കുന്നു വാർത്തകളിൽ . ഒരു പടി കൂടെ കടന്ന് കുഞ്ഞുങ്ങൾ ആത്മഹത്യ ചെയ്യുന്ന ഒരു നാടായി നമ്മൾ "പുരോഗമിച്ചിരിക്കുന്നു".  ജീവിതത്തിൻടെയും മരണത്തിന്റെയും ഇടയിലുള്ള നൂൽപാലത്തിലൂടെ നടക്കാനുള്ള മാനസികാവസ്ഥയിലേക്ക് നമ്മുടെ കുഞ്ഞുങ്ങളെ കൊണ്ടെത്തിക്കുന്നവർ എല്ലാം കണ്ടു അട്ടഹസിച്ചു നിൽക്കുന്നു. 
നിയമവും ന്യായവും വിപരീത ദിശകളിലൂടെ നടക്കുമ്പോൾ കഥകൾ ആവർത്തിക്കപ്പെടുകയാണ്. 

ജീവിതത്തെ തിരിച്ചറിയും മുൻപേ വെറും "ശരീരങ്ങൾ" മാത്രമായി  മുദ്ര ചെയ്യപ്പെടുകയാണ് ആൺപെൺ ഭേദമില്ലാതെ നമ്മുടെ കുഞ്ഞുങ്ങൾ. ചുറ്റിവരിയുന്ന ഭീകരങ്ങളായ കൈകൾക്ക് അച്ഛനെന്നോ മുത്തച്ഛനെന്നോ അധ്യാപകനെന്നോ വകതിരിവില്ലാതെയായിരിക്കുന്നു. നിശബ്ദമാക്കപ്പെടുന്ന നിലവിളികൾ അടുത്തടുത്ത് വരുന്നു.  പുതിയ ഇരകളെ കിട്ടുമ്പോൾ പഴയവയെ മറന്ന് കൂടുതൽ  വാണിജ്യ തന്ത്രങ്ങൾ മെനഞ്ഞു മാധ്യമരാജാക്കന്മാരും കൊഴുക്കുന്നു . ചാനലുകളിൽ ഉറ്റവരുടെ തേങ്ങലുകൾ വിലപേശപ്പെടുന്നു .

കശക്കിയെറിയപ്പെടുന്ന ഓരോ കുരുന്നിലും ഞാൻ എന്റെ കുഞ്ഞുങ്ങളുടെ മുഖമാണ് കാണുന്നത് . കണ്ണടച്ച് ഇരുട്ടാക്കുക എന്ന എന്റെ പഴയ തന്ത്രം ഇനി വിലപ്പോകില്ലെന്നു ഞാൻ തിരിച്ചറിയുന്നുണ്ട് . ഉറക്കത്തിന്റെ ഓരോ നിമിഷാർത്ഥത്തിലും കണ്ണീരണിഞ്ഞ ഈ മുഖങ്ങൾ എനിക്കു നേരെയും കൈ ചൂണ്ടുന്നുണ്ട് , " ഞങ്ങൾക്കു വേണ്ടി എന്തു  ചെയ്തു " എന്ന് .

കാലഹരണപ്പെട്ട നിയമപുസ്തകങ്ങൾ കത്തിച്ചു കളയുക, ഓരോ കുഞ്ഞിനു മേലും ചാടിവീഴുന്നവനു ജീവന്റെ  ആനുകൂല്യം നൽകാതിരിക്കുക, അവരെ പരസ്യമായി ഇഞ്ചിഞ്ചായി കൊന്നുതീർക്കുക, ഇനിയൊരു കൈയ്യും നമ്മുടെ കുഞ്ഞുങ്ങളെ അടർത്താൻ ഉയരാതിരിക്കണം . മരണം മുന്നിലെത്തുന്ന നിസ്സഹായാവസ്ഥ ആ ശവംതീനികൾ അനുഭവിക്കണം  .  വിടരും മുൻപേ കൊഴിഞ്ഞു പോയ നമ്മുടെ കുഞ്ഞുങ്ങൾക്കു വേണ്ടി ഇതെങ്കിലും ചെയ്യണം. വേദനകളില്ലാത്ത ഏതോ ലോകത്തിരുന്നു ആ കുഞ്ഞുങ്ങൾ നമ്മുടെ നിർവികാരതയെ ചോദ്യം ചെയ്യുന്നുണ്ടാവും. 




Friday, March 17, 2017

ഇത്രയും കാലത്തിനിടക്ക് ഒട്ടനവധി "ദിനങ്ങള്‍" ആഘോഷിക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്, വനിതാദിനം,അമ്മ ദിനം, കുട്ടികളുടെ ദിനം അങ്ങനെ നിരവധി. ഇതു വരെ ആഘോഷിക്കാത്ത ഒരു ദിനമാണ് ഏതായാലും ഇന്നു ആഘോഷിച്ചത്. " താങ്ക്യൂ ഡ്രൈവര്‍ ഡേ". എല്ലാ ദിവസവും നമ്മെ സുരക്ഷിതരായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ബസ്‌ ഡ്രൈവര്‍ മാരോടും ട്രെയിന്‍ ഡ്രൈവര്‍ മാരോടും നന്ദി പറയാനുള്ള ഒരു ദിനം.

ഒരു സ്ഥിരം ബസ്സ്‌/ട്രെയിന്‍ യാത്രക്കാരി ആയതു കൊണ്ടും അവരുടെ സ്നേഹപൂര്‍ണവും ബഹുമാനപുരസ്സരവുമായ പെരുമാറ്റത്തെ അങ്ങേയറ്റം വിലമതിക്കുന്നതുകൊണ്ടും ഈ ആഘോഷത്തിനു എനിക്കു പതിവുള്ള എതിര്‍പ്പൊന്നും തോന്നിയില്ല.

രാവിലെ തത്രപ്പെട്ട് ബസ്‌സ്റ്റോപ്പിലേക്ക് ഓടിവരികയാണ് എന്‍റെ പതിവ്. ബസ്സ്‌    നിര്‍ത്തി വാതില്‍ തുറക്കുമ്പോള്‍ തന്നെ, ഡ്രൈവര്‍ നമ്മുടെ നേരെ നോക്കി പുഞ്ചിരിക്കുന്നു, വിശേഷങ്ങള്‍ ചോദിക്കുന്നു,  പ്രായമായവരെയും കുട്ടികളെയും കൊണ്ടു യാത്രചെയ്യുന്നവരെയും ക്ഷമാപൂര്‍വ്വം സഹായിക്കുന്നു, ഇതൊക്കെ കാണുമ്പോള്‍ കുറച്ചു സമയത്തേക്ക് എങ്കിലും എന്‍റെ മനസ്സും തണുക്കുന്നു.

അതുകൊണ്ടു തന്നെ, ഇന്നു രാവിലെ കണ്ട ആദ്യത്തെ ഡ്രൈവറോട് ഉള്ളില്‍ തട്ടി ഒരു നന്ദി പറയുകയും ചെയ്തു. സീറ്റില്‍ ഇരുന്നപ്പോള്‍ കണ്ടു,  കയറുന്ന പല യാത്രക്കാരും നന്ദി പറയുന്നത്, ഒരു സ്കൂള്‍ കുട്ടി ഒരു പൂവു സമ്മാനിക്കുന്നു. തല പതിയെ താഴ്ത്തി, ഡ്രൈവര്‍ ഒരു പുഞ്ചിരിയോടെ തിരിച്ചും നന്ദി പറയുന്നു.

വേണമെന്നു കരുതിയിട്ടല്ല അറിയാതെയാണെങ്കിലും എന്‍റെ ഓര്‍മ പെട്ടെന്നു നാട്ടിലേക്കു വണ്ടി കയറി.

ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്തു, എന്‍റെ പേടിസ്വപ്നങ്ങളായിരുന്നു സ്ഥിരം പോകുന്ന ബസിലെ ഡ്രൈവറും കണ്ടക്ടറും. രാവിലെ ബസില്‍ കയറാന്‍ തുടങ്ങുമ്പോള്‍ മുതല്‍ കോളേജില്‍ എത്തുന്നതു വരെ ഇവരുടെ ലീലാവിലാസങ്ങള്‍ സഹിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. കാരണം "എസ് ടി" എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വിദ്യാര്‍ഥി ടിക്കറ്റില്‍ ആണല്ലോ നമ്മള്‍ യാത്ര ചെയ്യുന്നത്. ഏറ്റവും ഒടുവിലേ ബസ്സില്‍ കയറാവു, സീറ്റ്‌ കണ്ടാലും ഇരിക്കരുത്, ഇതെല്ലാം പോരാഞ്ഞിട്ട്കയറുമ്പോഴും ഇറങ്ങുമ്പോഴും വാതിലില്‍ നില്‍കുന്ന "കിളി" യുടെ വക വേറെയും. പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട്, എന്തിനാണ് ഇങ്ങനോരാള്‍ ആ വാതിലില്‍ നില്‍കുന്നതെന്ന്.
ഇതിനിടയില്‍ ഒരിക്കല്‍ അരുതാത്തത് പറഞ്ഞ ഒരു കണ്ടക്ടറെ നിലയ്ക്ക്നിര്‍ത്താന്‍ കോളേജ്  യുണിയന്റെ സഹായം തേടെണ്ടിയും വന്നിട്ടുണ്ട്. ചുരിക്കിപ്പറഞ്ഞാല്‍ , ആ കാലഘട്ടത്തെ വില്ലന്മാര്‍ ഇവരായിരുന്നു.
അപ്പോഴത്തെ എന്‍റെ വല്യ മോഹങ്ങളായിരുന്നു ഫുള്‍ ടിക്കറ്റെടുത്ത്ആ ബസ്സില്‍ ഇരുന്നു യാത്ര ചെയ്യുക എന്നതും ,പിന്നെ, നടു നിവര്‍ത്തിനിന്നു ഇക്കൂട്ടരോടു രണ്ടുപറയുക എന്നതും

ഇതിനിടയിലും അപൂര്‍വമായി പൂക്കുന്ന നീലക്കുറിഞ്ഞിപോലെ ചില ബസ്സുകാരും ഉണ്ടായിരുന്നു, ചീത്ത പറയാത്ത അപൂര്‍വ്വം ചിലര്‍.

ഇപ്പോഴുംഇങ്ങനെ തന്നെയാണോ നാട്ടില്‍ എന്നു എനിക്കറിയില്ല. അതോ ഇക്കാലമത്രയും കൊണ്ടു നമ്മുടെ ബസ്സുകാരും മാറിയോ ആവോ.

ഇവിടത്തെപ്പോലെ അവിടെ ആകാന്‍ പറ്റില്ല എന്നറിയാം, എന്നാലും മനുഷ്യനു മനുഷ്യനോടുള്ള കാഴ്ചപ്പാടില്‍ മാറ്റം വരുത്താനാവില്ലേ ഏതു നാടായാലും?  രാവിലെ സ്വന്തം കാശു കൊടുത്തു ബസ്സില്‍ കയറുന്ന യാത്രക്കാരനു പോകേണ്ടത് ജോലിസ്ഥലത്താവാം, സ്കൂളില്‍ ആവാം, ഒരു പക്ഷേ അത്യാസന്ന നിലയില്‍ പ്രതീക്ഷയറ്റു കിടക്കുന്ന ഒരു രോഗിയുടെ അടുത്താവാം, എവിടെയായാലും മുഖത്തു നോക്കുമ്പോള്‍ അവര്‍ക്കു കിട്ടുന്ന ആ ഒരു മന്ദഹാസത്തിനു വലിയ വിലയുണ്ട്‌.

മലയാളിയുടെ സ്വന്തം ലാലേട്ടന്‍ ആ പരസ്യത്തില്‍ പറയുന്നതുപോലെ, ഒന്നു ശ്രമിക്കൂ, "പുഞ്ചിരിക്കൂ പരസ്പരം ". 

Friday, March 10, 2017

ഓരോ ജൂലൈ മാസവും എനിക്കു പുനര്‍ജനികളാണ്. ഇവിടെ മധ്യവേനല്‍ അവധിക്കാലമായതുകൊണ്ട് നാട്ടിലേക്കു പോകാന്‍ കിട്ടുന്ന സുവര്‍ണാവസരങ്ങള്‍ആണ് അത്. അവസരത്തിനൊത്ത് ഉയരുന്ന വിമാന ടിക്കറ്റ്‌ തുക വല്ലപ്പോഴും നമ്മെ നോക്കി പല്ലിളിക്കുമെങ്കിലും രണ്ടുവർഷത്തിലൊരിക്കൽ  നാട്ടിലോട്ടു ഒരു തീര്‍ഥാടനം നടത്താറുണ്ട്‌. ഇത്തവണത്തെ ജൂലൈ ആ ഭാഗ്യം എനിക്കു തന്ന് മാടിവിളിച്ചുകൊണ്ടിരിക്കുന്നു.

ടിക്കറ്റ്‌ എടുത്തുകഴിഞ്ഞാല്‍, കഴിഞ്ഞ ദിവസം രാജീവേട്ടന്‍ എഴുതിയതുപോലെ, മറ്റു കുറേ ചടങ്ങുകള്‍ കൂടി ഞങ്ങള്‍ പ്രവാസികള്‍ക്കുണ്ട്.  ഏതു കടയില്‍ ചെന്നാലും അവിടെക്കാണുന്ന ബൊമ്മകളില്‍ നമ്മുടെ പ്രിയപ്പെട്ടവരെ സങ്കല്‍പിച്ചു അവര്‍ക്കായി ഓരോന്നു വാങ്ങിക്കൂട്ടുക, ജോലിസ്ഥലത്തേക്ക് അങ്ങോട്ടും  ഇങ്ങോട്ടുമുള്ള യാത്രകളില്‍ വെറുതെ അവധിക്കാലപരിപാടികള്‍ കണക്കുകൂട്ടുക, (അതില്‍ പത്തു ശതമാനം പോലും പ്രാവര്‍ത്തികമാകില്ലെങ്കിലും), പിന്നെ നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചു നമ്മുടെ വരവ് നേരത്തെ തന്നെ അറിയിക്കുക അങ്ങനെ പലതും.

അങ്ങനെ ടിക്കറ്റ്‌ എടുത്തുകഴിഞ്ഞപ്പോള്‍ പതിവുപോലെ കഴിഞ്ഞദിവസം ഞാന്‍ പഴയ ഡയറി തപ്പിയെടുത്തു ഓരോരുത്തരെയായി നാട്ടില്‍ വിളിച്ച് എന്‍റെ വരവറിയിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ ഇന്ദിരാ ആന്‍റിയെ  വിളിച്ചപ്പോള്‍ , ആന്‍റിയുടെ ശബ്ദതിനെന്തോ പഴയ പ്രസരിപ്പില്ല. ആകെ എന്തോ സങ്കടം പോലെ.

"മോള്‍ക്ക് അവിടെ സുഖം ആണോ? "  , ആ ചോദ്യത്തിന് പതിവുപോലെ , " ആ, നന്നായി പോകുന്നു ആന്‍റി" എന്നു ഞാന്‍.  ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം ആന്‍റി ചോദിച്ചു, " മോള്‍ എത്ര ഭംഗിയായി കള്ളം പറയുന്നു. എനിക്കറിയാം നിനക്കവിടെ വല്യ പാടാണെന്ന്". ഞാന്‍ അമ്പരന്നുപോയി. ആന്‍റി തുടര്‍ന്നു, " അങ്കിള്‍ പറഞ്ഞല്ലോ, നീ എന്തൊക്കെയോ എഴുതുന്നുണ്ട്, ഫേസ് ബുക്കിലോ മറ്റോ, നിന്‍റെ അനുഭവങ്ങള്‍, ജീവിതം ആകെ താറുമാറാണ് എന്നൊക്കെ" എന്താണ് സംഭവിക്കുന്നതെന്ന് അപ്പോള്‍ എനിക്കു മനസ്സിലായി. "അങ്ങനൊന്നുമില്ല ആന്‍റി, അതൊക്കെ വെറും കഥകളാണ്, കഥയുള്ള കഥയില്ലായ്മകളാണ്" പിന്നെയും എന്തൊക്കെയോ ഞാന്‍ പറഞ്ഞു, മൂളിമൂളി കേട്ടതല്ലാതെ അപ്പുറത്തുനിന്നും കാര്യമായ പ്രതികരണം എനിക്കു കിട്ടിയില്ല.

ഫോണ്‍ വച്ചു തിരിയുമ്പോള്‍ ഞാന്‍ ഓര്‍ത്തു, അവധിക്കാലത്തെക്കുള്ള എന്‍റെ പ്രവര്‍ത്തനപട്ടികയില്‍ ഒരെണ്ണം കൂടി ആയിരിക്കുന്നു. എത്ര പേരോട് വിശദീകരണം പറയണം എന്നു മാത്രം ഇനി ആലോചിച്ചാല്‍ മതി. സ്വയംകൃതാനര്‍ത്ഥം, അത്ര തന്നെ.

തല്‍കാലത്തേക്ക് ഇത് ഭര്‍ത്താവിനോടു പറയേണ്ട എന്നു ഞാന്‍ തീരുമാനിച്ചു. എന്‍റെ കഥാപാത്രങ്ങളുടെ  ഭാരം പേറാന്‍ വിധിക്കപ്പെട്ട ആ പാവത്തിന്‍റെ  ഒരു സായാഹ്നം വെറുതെ നഷ്ടമാക്കെണ്ടല്ലോ.

എന്തായാലും ഇനി മുതല്‍ ഒരു ഡിസ്ക്ലൈമര്‍ ഇടുകയാണ്, " എന്‍റെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല, എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കില്‍ അതു യാദൃശ്ചികം മാത്രം. ഇത് എന്‍റെ ജീവചരിത്രവുമല്ല"

മനസ്സമാധാനം, അതാണല്ലോ വലുത്..

Wednesday, March 8, 2017



നന്നേ ക്ഷീണിച്ചിരുന്നുവെങ്കിലും തല അല്പം ഉയർത്തിപ്പിടിച്ചുതന്നെയാണ് കയ്യിലൊരു റോസാപ്പൂവുമായി വൈകുന്നേരം വീട്ടിൽ വന്നു കയറിയത്.  അപ്പോഴാണ് യാതൊരു ഭാവഭേദവുമില്ലാതെ വീട്ടുകാരൻ ചോദിക്കുന്നത്, "ഇതെന്താ പൂവൊക്കെയായിട്ട്?". ശരിക്കും ഉയർത്തിപ്പിടിച്ചിരുന്ന തല കഴുത്തൊടിഞ്ഞ ചെടി പോലെ കുനിഞ്ഞുപോയി. കാറ്റു കുത്തിവിട്ട ബലൂണിനെപ്പോലെ ഞാനും ചുളുങ്ങിപ്പോയി.  കാരണമുണ്ട്, രാവിലെ റെയിൽവേ സ്റ്റേഷനിൽ "മെട്രോ" വിൽക്കാൻ നിന്നിരുന്ന സ്വദേശിയായ വെള്ളക്കാരൻ മുതൽ ട്രെയിനിൽ തൊട്ടടുത്തിരുന്ന സഹയാത്രികൻ, സ്ട്രീറ്റ് മുറിച്ചുകടക്കുമ്പോൾ എതിരെ വന്ന തീർത്തും അപരിചിതനായ മറ്റൊരാൾ, എല്ലാവരും ഒരേ ഈണത്തിൽ ഇന്നു പറഞ്ഞ ഒരു കാര്യമുണ്ട് , "ഹാപ്പി വിമൻസ് ഡേ.."

 പഴയ ഏതോ സിനിമയിലെ ഡയലോഗ് പോലെ "മറന്നു അല്ലെ.." എന്നു ചോദിക്കണമെന്നു തോന്നി, പിന്നെ , ആവശ്യമില്ലാത്ത സംസാരം നമ്മുടെ ഊർജം വ്യർത്ഥമാക്കുമെന്ന തിരിച്ചറിവ് ഈ അടുത്ത നാളുകളിലെപ്പോഴോ  കൈവന്നതിനാൽ ആ ശ്രമം ഞാൻ ഉപേക്ഷിച്ചു.

വനിതകൾ ഭൂരിപക്ഷമുള്ള, വനിതകൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയിൽ ജോലി ചെയ്യുന്നതുകൊണ്ടാവും ഈയിടെയായി ഇതൊക്കെ ഞാൻ കൃത്യമായി ഓർത്തുവയ്ക്കുന്നത്.  അല്ലെങ്കിൽ വനിതാദിനം എൻറെ ചിന്തകളെയൊന്നും അത്ര ബാധിക്കാറില്ലായിരുന്നു.

വനിതകൾക്കായി വർഷത്തിൽ ഒരു ദിനമെങ്കിലും വേണ്ടേ എന്ന ചോദ്യത്തിന് പകരമായി , വനിതകൾ ഇല്ലാത്ത ഒരു ദിനമെങ്കിലും നമുക്ക് ജീവിതത്തിൽ സങ്കല്പിക്കാനാകുമോ എന്ന് ചോദിക്കാനാണ് എനിക്കിഷ്ടം. രാവിലെ ഉണരുമ്പോൾ അലാം അഞ്ചു മിനിറ്റ് കൂടി സ്നൂസ് ചെയ്തു പുതപ്പിനടിയിലേക്കു ചുരുണ്ടുകൂടാൻ നമ്മുടെ പുരുഷപ്രജകൾക്കു ധൈര്യം കൊടുക്കുന്നത്, "അവൾ എഴുന്നേറ്റു പൊയ്ക്കോളും" എന്ന ആത്മവിശ്വാസമാണ്. പാതിരാത്രിക്ക് ഉറങ്ങി പുലർച്ചെ എഴുന്നേൽക്കുമ്പോൾ "നാളെ മുതൽ കുട്ടിക്കുള്ള ഉടുപ്പുകൂടി എടുത്തു വച്ചിട്ട് കിടക്കണം, അല്ലെങ്കിൽ രാവിലെ എനിക്കു ബുദ്ധിമുട്ടാണ്" എന്ന് പറയിക്കുന്നതും ഇതേ ആത്മവിശ്വാസം തന്നെ. എൻറെ നന്മമരങ്ങൾ ക്ഷമിക്കുക,അടച്ചാക്ഷേപമല്ല, ചില ദൈനംദിന കാഴ്ചകളാണ് കേട്ടോ.

എന്നു കരുതി, നാളെ മുതൽ രാവിലെ ബെഡ്‌കോഫിയുമായി നിൽക്കുന്ന ഭർത്താവിനെ കണികാണണം എന്ന ആഗ്രഹമൊന്നും ഞാനുൾപ്പെടെയുള്ള ഭാര്യമാരുടെ വിദൂര സ്വപ്നങ്ങളിൽപോലും ഇല്ല. "നിന്റെ സാന്നിധ്യം ഞാൻ അറിയുന്നുണ്ട്" എന്നു ഒന്നു ബോധ്യപ്പെടുത്തിയാൽ മാത്രം മതി. സ്വന്തം അസ്തിത്വം അംഗീകരിക്കപ്പെടുക എന്ന ഏതൊരു ജീവിയുടെയും  മൗലികാവകാശം അതിന്റെ ഏറ്റവും ചെറിയ അളവിലെങ്കിലും സാധിച്ചുകിട്ടിയാൽ സന്തോഷമായി.

ഇങ്ങനെയുള്ള നിരവധി ചിന്തകൾ തലയിലൂടെ പായുമ്പോൾ ആണ് മോൻ പറയുന്നത്, "ഇന്ന് വിമൻസ് ഡേ അല്ലെ , ഇന്നത്തെ കിച്ചൺ ജോലികൾ അച്ഛന്റെ വക, 'അമ്മ വിശ്രമിക്കട്ടെ" . അത് കേട്ടപ്പോൾ അറിയാതെ കണ്ണിൽ ഒരു നനവ് പടർന്നു, സ്ത്രീകളെ രക്ഷപ്പെടുത്തണമെങ്കിൽ നമ്മുടെ ആൺകുട്ടികളെ ബോധവത്കരിക്കണം എന്നു എവിടെയോ വായിച്ചതാണ് ശരി.ഓരോ കുസൃതിക്കുരുന്നിലും  പ്രതീക്ഷക്കു വകയുണ്ട് , ശീലിപ്പിച്ചെടുക്കണം നമ്മൾ ..

Sunday, February 19, 2017

മൈ ലൈഫ് ഈസ് മൈ വൈഫ് ..


വല്ലപ്പോഴും ആണ് കാൽഗരിയിൽ ഒരു മലയാളം സിനിമ വരുന്നത്. എപ്പോൾ വന്നാലും എന്റെ കുഞ്ഞനിയൻ സന്ദീപ് കൃത്യമായി ഞങ്ങളെ അറിയിക്കുകയും ചെയ്യും. അങ്ങനെയാണ് ഇന്നലെ ഉച്ചകഴിഞ്ഞു "മുന്തിരിവള്ളികൾ തളിർക്കുമ്പോൾ" കാണാൻ ഇറങ്ങിയത്.

ഒരു സിനിമ മുഴുവൻ കണ്ടിരിക്കുക എന്നെ സംബന്ധിച്ചിടത്തോളം വളരെ ക്ലേശകരമായ പണിയാണ്. എനിക്കതിനുള്ള ക്ഷമയില്ല എന്നതു തന്നെ കാരണം. എന്നിരുന്നാലും കഴിയുമ്പോൾ എല്ലാം മക്കളെയും കൂട്ടി ഞങ്ങൾ ഇറങ്ങാറുണ്ട്. അതിനു പിന്നിൽ ഒരു ഗൂഢോദ്ദേശ്യവും ഉണ്ടെന്നു കൂട്ടിക്കോളൂ. അത് മറ്റൊന്നുമല്ല, മലയാളികളുടെ ഒരു വലിയ കൂട്ടം കാണാൻ കിട്ടുന്നതു മിക്കവാറും അവിടെയാണ്. കുറെ മലയാളം കേൾക്കാം, പുതിയ കുറേപ്പേരെ പരിചയപ്പെടാം, അങ്ങനെ തികച്ചും സ്വാർത്ഥമായ ചില ഉദ്ദേശങ്ങളുമായാണ് ഞാൻ ഈ സാഹസത്തിനു മുതിരുന്നത്.

പോകുന്നവഴി ചെറുതായി മഞ്ഞുപെയ്യുന്നുണ്ടായിരുന്നു. ആ കാഴ്ച നല്ല ഭംഗിയാണ് , നമ്മുടെ മുഖത്തേക്ക് നനുത്തമഞ്ഞിൻ കണങ്ങൾ പാറിവീഴുന്നതുപോലെ. ഞങ്ങൾക്ക് രണ്ടാൾക്കും ഇത്തരം ഡ്രൈവ് വല്യ ഇഷ്ടമാണ്. മാത്രമല്ല , കാണാൻ പോകുന്ന പൂരത്തെക്കുറിച്ചുള്ള ഒരു സന്തോഷവും ഉള്ളിലുണ്ടായിരുന്നു.

അവിടെയെത്തുമ്പോൾ , സാമാന്യം നല്ല തിരക്കുണ്ട്. ടിക്കറ്റ് കൗണ്ടറിൽ തെളിഞ്ഞ ചിരിയുമായി സന്ദീപ് നിൽക്കുന്നുമുണ്ട് . പരിചയമുള്ള ഒന്ന് രണ്ടു മുഖങ്ങൾ എന്നെ നോക്കി ചിരിച്ചു, കുശലം പറഞ്ഞു. ഒട്ടു മിക്കവരെയും പരിചയമില്ല. എന്നാലും ഇവരെല്ലാം മലയാളികൾ ആണല്ലോ എന്ന ധൈര്യത്തിൽ ഞാൻ ഒന്നു രണ്ടു സ്ത്രീ ജനങ്ങളെ നോക്കി പുഞ്ചിരിച്ചു. അവരുടെ മുഖത്തെ ഭാവം കണ്ടപ്പോൾ എനിക്കൊരു സംശയം. എനിക്കെന്തോ കുഴപ്പമുണ്ടോ? ഞാൻ തിരിഞ്ഞു മോളോടു ചോദിച്ചു, "അമ്മയെക്കണ്ടാൽ എന്തെങ്കിലും പ്രശ്നമുണ്ടോ? " . "ഈ അമ്മക്കെന്താ?" എന്ന പതിവു അസഹിഷ്ണുതാ പ്രകടനവുമായി അവൾ... 

വീണ്ടും ഞാൻ അവരെ നോക്കി ചിരിച്ചു, ഇല്ല, അവർ ചിരിക്കുന്നില്ല. പകരം ഒരു നിർവികാര ഭാവത്തിൽ നില്കുന്നു. ആ ശ്രമം മതിയാക്കി മറ്റു രണ്ടുപേരോടു ഞാൻ "ഹലോ" പറഞ്ഞു. ഇല്ല, അതും ഒരു പാഴ്ശ്രമം.  മിക്കവരും അങ്ങനെ തന്നെ . അക്ഷമയോടെ സിനിമ തുടങ്ങാൻ കാത്തുനിൽക്കുന്നു . പരസ്പരം നോക്കുന്നതുപോലും ഇല്ല.

എനിക്കൊരു കാര്യം മനസ്സിലായി, കാണുമ്പോൾ ചിരിക്കുക, പരിചയപ്പെടുക എന്നതൊക്കെ  പഴഞ്ചൻ ആചാരങ്ങളാണ് മിക്ക മലയാളികൾക്കും . സ്വയം തീർത്ത ഒരു ചുറ്റുമതിലിനുള്ളിൽ അവർ സ്വയം രാജാക്കന്മാരായി ജീവിക്കുന്നു.  പരസ്പരം ഒന്ന് ചിരിക്കാൻ പോലും ആ ജാഡ അവരെ സമ്മതിക്കുന്നില്ല. 

ഭാഗ്യത്തിന്, സിനിമ തുടങ്ങാൻ സമയമായി . എല്ലാവരും തിരക്കിട്ട് ഇരിപ്പിടങ്ങളിലേക്ക്. ഞാനും ഒരു നിർവികാരഭാവം എടുത്തണിഞ്ഞു ശ്വാസം മുട്ടി . സ്‌ക്രീനിൽ പച്ചപ്പുനിറഞ്ഞ നാട്ടിൻപുറം തെളിഞ്ഞപ്പോൾ അഭിമാനത്തോടെ ഞാൻ മോനോടു പറഞ്ഞു " നമ്മുടെ നാടാണ്. ഇപ്പോഴും  എത്ര സുന്ദരമാണ് " മനസ്സിൽ ഞാൻ കൂട്ടിച്ചേർത്തു, "നാട്ടുകാരുടെ മനസ്സിന് ആ സൗന്ദര്യം കൈമോശം വന്നെങ്കിലും ".


Monday, February 13, 2017

എന്ടെ നന്മമരങ്ങൾ..

എഴുതാനിരിക്കുമ്പോൾ , "ഇന്നെന്താണാവോ സംഭവിച്ചത്" എന്ന നോട്ടം എന്റെ ചുറ്റും ഇങ്ങനെ പാറിനടക്കുന്നുണ്ട്. അതോ ഇനിയിപ്പോൾ "പ്രണയദിനസന്ദേശം " വല്ലതുമാണോ ആവോ എന്ന സന്ദേഹവും ആ നോട്ടം പങ്കുവെക്കുന്നുണ്ട്.

ഇതൊന്നുമല്ല ഇന്നത്തെ എഴുത്തിന്റെ കാരണം. കുറച്ചു ദിവസങ്ങളായുള്ള എഴുത്തിന്റെ ഒരു ഗതി കണ്ടിട്ടാവണം "'അമ്മ ഒരു ഫെമിനിസ്റ്റ് ആണോ" എന്ന ചോദ്യം മകൾ ചോദിച്ചത്. ഞാൻ ഒരു ഫെമിനിസ്റ്റ് അല്ലെന്നു മാത്രമല്ല പുരുഷന്റെ തലയെടുപ്പിലും ആ കരുതലിലും  സൗഹൃദത്തിലും വിശ്വസിക്കുന്ന ഒരു സാധാരണ വനിതയാണെന്നു ആവർത്തിച്ചു പറഞ്ഞെങ്കിലും അവൾക്കത് മനസ്സിലായോ എന്നൊരു സംശയം.

ഒരു പക്ഷെ എന്റെ വായനക്കാർക്കും ഈ ചോദ്യം ബാക്കിനില്കുന്നുണ്ടാവും എന്ന തിരിച്ചറിവിൽ നിന്നും എന്റെ ജീവിതത്തിലെ  നന്മമരങ്ങളായ ആ മൂന്നു ആൺപിറന്നവരെക്കുറിച്ചാണ് ഈ കുറിപ്പ് .

തീർച്ചയായും മറ്റേതൊരു പെൺകുട്ടിയെപ്പോലെയും എന്റെ ആദ്യത്തെ ആൺസുഹൃത്ത് എന്റെ പിതാവുതന്നെ. ഒരിക്കൽപ്പോലും  ഒരു പെൺകുട്ടിയുടെ പരിമിതികളിൽ എന്നെ തളച്ചിടാൻ ഒരുക്കമല്ലാതിരുന്ന ഒരു സ്കൂൾ അദ്ധ്യാപകൻ. കാതങ്ങൾ അകലെയാണെങ്കിലും എന്റെ പരിഭവം പറച്ചിലുകൾക്കൊടുവിൽ "സാരമില്ല " എന്ന ഫോണിന്റെ അങ്ങേത്തലക്കലെ ആ സ്വരം എന്റെ സർവ്വരോഗസംഹാരിയാണ്.

ഇനിയൊരാൾ, ചെറുപ്പത്തിൽ വളരെ കുസൃതിയും മുതിർന്നപ്പോൾ വളരെ മാന്യനും ആയ എന്റെ കുഞ്ഞനുജനാണ്.ഞാൻ നടത്തുന്ന ഈ വാചകക്കസർത്തുകളിൽ അവൻ വിശ്വസിക്കുന്നില്ലെങ്കിലും വളരെകുറഞ്ഞ  വാക്കുകളിലൂടെയും പതിഞ്ഞ ചിരിയിലൂടെയും ഒരു മൂളലിലൂടെയും അവൻ എനിക്ക് പകർന്നുതരുന്ന സ്നേഹത്തിന്റെ കരുതൽ എന്റെ നെഞ്ചിനുള്ളിലെ ആത്മവിശ്വാസമാണ്.

ക്യാനഡയിലേക്കുള്ള പറിച്ചുനടലിൽ ഈ രണ്ടുസാമീപ്യങ്ങളും എനിക്ക് കൈമോശം വന്നുവെങ്കിലും ഒരു വലിയ നന്മമരം അതിന്റെ ശിഖരങ്ങൾ വിരിച്ചു ഈ മഞ്ഞിലും വെയിലിലും എന്നെ ചേർത്തുനിർത്തിക്കൊണ്ടിരിക്കുന്നു. ഒരു ഭർത്താവിന്റെ അധികാരം അടിച്ചേൽപ്പിക്കേണ്ടതല്ല എന്നു വിശ്വസിക്കുന്ന ഒരാൾ. സ്നേഹം പ്രകടിപ്പിക്കാനുള്ളതാണെന്നും ഓരോ സങ്കടവും കഴിഞ്ഞുപോകുന്ന നിമിഷങ്ങളാണെന്നും കരുതുന്ന ഒരാൾ. ജീവിതത്തെ സങ്കീർണമായിക്കാണാതെ ലളിതമായി ചിന്തിക്കാൻ എന്നെ ഓർമപ്പെടുത്തുന്ന ഒരാൾ, ഓരോ നിമിഷവും ജീവിച്ചുതീർക്കണമെന്നു കരുതുന്ന , നമ്മളുടെ കാൽപാടുകൾ അവശേഷിപ്പിച്ചു കടന്നുപോകണമെന്നു നിർബന്ധമുള്ള ഒരാൾ..

ഒന്നു തിരിഞ്ഞുനോക്കിയാൽ ഓരോ പുരുഷനും ആ വീട്ടിലെ നന്മമരങ്ങളാണ്, അവർ അച്ഛനായും സഹോദരനായും ഭർത്താവായും സുഹൃത്തായും ഓരോ വേഷങ്ങളിൽ പകർന്നാട്ടം നടത്തുകയാണ്... ഈ വലിയ മസിലുകൾക്കും കാരിരുമ്പുപോലുള്ള ശരീരത്തിനും ഉള്ളിൽ ഒരു പുഞ്ചിരികൊണ്ടു സാന്ത്വനിപ്പിക്കാവുന്ന ഒരു ജീവിതത്തിന്റെ ഉടമസ്ഥർ.. ഈ ലോകത്തിലെ  അപകടങ്ങളിൽ നിന്നും നമ്മെ  കാക്കുന്ന കാവൽക്കാർ മാത്രമല്ല അവർ.. വളരെയേറെ ആഘോഷിക്കപ്പെടുന്ന സ്ത്രീജീവിതങ്ങളുടെ യഥാർത്ഥ തിരക്കഥാകൃത്തുക്കൾ കൂടിയാണ്...

എന്ടെ  വീട്ടിലെ ആ നന്മമരത്തിനാണ് ഈ സമർപ്പണം..


Friday, February 10, 2017

ചില പെണ്‍മോഹങ്ങള്‍

ഞാന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ കുത്തിക്കൊണ്ടിരുന്ന ഐ-പാഡില്‍ നിന്നും തലയുയര്‍ത്തി മകള്‍ എന്‍റെ നേരെ കണ്ണുമിഴിച്ചു നോക്കി.  "ചിലപ്പോള്‍ പനിക്കോളായിരിക്കും" എന്നു ഉറക്കെ ആത്മഗതം ചെയ്തു ഭര്‍ത്താവ് സ്ക്രീനിലേക്കു തലതാഴ്ത്തി. ഈ ലോകത്തു തന്‍റെ ടീച്ചറും സ്കൂളും അല്ലാത്ത മറ്റൊന്നും തന്നെ ബാധിക്കില്ലെന്നു ഉറപ്പുള്ള മകന്‍ അതൊന്നും ശ്രദ്ധിച്ചതേയില്ല.

ഞാന്‍ പറഞ്ഞത് എന്തോ അപരാധമാണോ എന്നു എനിക്കു തന്നെ സംശയമായി. എന്‍റെ വളരെക്കുറഞ്ഞ ചില മോഹങ്ങളെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചുകൊണ്ടിരുന്നത്. അതു പറയാന്‍ ഇന്നു ഒരു കാരണവും ഉണ്ടായി. 

മിക്ക മാസങ്ങളിലും പതിവുള്ള മാനെജ്മെന്‍റ് മീറ്റിംഗ്എന്ന പ്രഹസനം ഇന്നും ഉണ്ടായിരുന്നു. പതിവിനു വിരുദ്ധമായി ഇന്നൊരു പ്രാസംഗികനും അവിടെ ഉണ്ടായിരുന്നു. ജീവിതത്തിലെ കൊച്ചുകൊച്ചു മോഹങ്ങളെക്കുറിച്ചും അവയുടെ പ്രസക്തിയെക്കുറിച്ചും ഒരു ചെറിയ പ്രഭാഷണത്തിനാണ് അയാള്‍ വന്നത്. ഇന്നു തന്നെ ഒരു ചെറിയ പേപ്പറില്‍ നിങ്ങളുടെ അത്തരം ആഗ്രഹങ്ങള്‍ എഴുത്തിവെയ്ക്കു എന്നു അയാള്‍ പറഞ്ഞു. അതു നിങ്ങളുടെ ജീവിതത്തില്‍ ഒരു സ്വാതന്ത്ര്യം കൊണ്ടുവരും എന്നും കൂട്ടിച്ചേര്‍ത്തു.

ആഗ്രഹങ്ങള്‍ക്ക് ആര്‍ക്കും, പ്രത്യേകിച്ചു ഞങ്ങള്‍ വനിതകള്‍ക്കു, ഒരു പഞ്ഞവും ഇല്ലല്ലോ.  എന്‍റെ അടുത്തിരുന്ന നെതെര്‍ലണ്ടുകാരി ക്രിസ്ടീന എന്നോടു പറഞ്ഞതു അവളുടെ ജീവിതാഭിലാഷമായ ഒരു യാത്രയെക്കുറിച്ചാണ്. കയ്യിലെ പേപ്പറും വച്ചു കുറേ നേരം ഞാന്‍ ആലോചിച്ചു. 

എന്‍റെ മോഹങ്ങളില്‍ ഒന്നാമത്തേത് നാട്ടിലേക്കുള്ള മടങ്ങിപ്പോക്ക് ആണ്. അതു ഒരുമഹാ അസംബന്ധമായി കരുതുന്ന ഒട്ടനവധി സുഹൃത്തുക്കള്‍ എനിക്കുള്ളതിനാല്‍ അതു കുറിക്കുക എന്ന സ്വയംകൃതാനര്‍ത്ഥം ഞാന്‍ ചെയ്തില്ല. പകരം എനിക്കുള്ള ആഗ്രഹങ്ങള്‍ എന്‍റെതു മാത്രമാണെന്നും അതു പങ്കുവക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഒരു കുറിപ്പെഴുതി ആ ഉദ്യമം ഞാന്‍ അവസാനിപ്പിച്ചു. പക്ഷെ മനസ്സില്‍ ഞാന്‍ അവ ഓര്‍ത്തെടുത്തു കുറിച്ചിടുക തന്നെ ചെയ്തു.

വൈകിട്ടു വീട്ടില്‍ എത്തി ഭക്ഷണം കഴിക്കുമ്പോള്‍ പെട്ടെന്നാണ് ഭര്‍ത്താവു പറഞ്ഞത് " മോനു കഴിക്കാന്‍ കൊടുക്കു, അവനു വിശക്കുന്നുണ്ടാവും " എന്ന്. പാതിയില്‍ നിര്‍ത്തി എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ഉള്ളിലിരുന്നു ആരോ വിലക്കി. പെട്ടെന്നാണു പറഞ്ഞുപോയത്‌ "ഞാന്‍ കഴിച്ചുകഴിയട്ടെ". ഒന്നു കൂടി നിവര്‍ന്നിരുന്നു ഭക്ഷണം തുടരുമ്പോള്‍ മകള്‍ ഒളികണ്ണിട്ടു ഭര്‍ത്താവിനെ നോക്കി. "എനിക്കു തോന്നുന്നതു പോലെ ഒരു ദിവസം എനിക്കു ജീവിക്കാന്‍ പറ്റുമോ? ഉറക്കെ കൂക്കിവിളിച്ചു, ഉയരത്തില്‍ ചാടി, ഇഷ്ടമില്ലാത്തത് ചെയ്യാതെ, ആജ്ഞാപിക്കുന്നവരോട് പോയിത്തുലയാന്‍ പറഞ്ഞ്, ഒരു ദിവസം എനിക്കു ജീവിക്കാന്‍ പറ്റുമോ?" പരിചിതമല്ലാത്ത കാര്‍ക്കശ്യം സ്വരത്തില്‍ കേട്ടിട്ടാവണം രണ്ടാളും രണ്ടു ദിക്കിലേക്ക് നോക്കിയിരുന്നത്. 

പക്ഷെ,  ഒരാവേശത്തില്‍ പറഞ്ഞെങ്കിലും "മോനു ശരിക്കും വിശക്കുന്നുണ്ടാകുമോ" എന്ന സംശയം എന്നെ നോവിച്ചു. കഴിച്ചിട്ടു തോണ്ടയില്‍നിന്നും കീഴ്പോട്ടു ഇറങ്ങാത്തതുപോലെ. കഴിച്ചതു മതിയാക്കി എഴുന്നേല്‍ക്കുമ്പോള്‍ മനസ്സിലെ കൊച്ചുകൊച്ചു മോഹങ്ങള്‍ കുറിച്ചിടാന്‍ പറഞ്ഞ അയാളെ മനസ്സാ ശപിച്ചു.  ഒരു വെള്ളക്കാരന്‍റെ ചിന്തകള്‍ ഒരു ശരാശരി മലയാളിയുടെ ചിന്തകളെ സ്വാധീനിച്ചു കൂടാ എന്നു മനസ്സിലുറപ്പിച്ചു വീണ്ടും ആ വാതില്‍ കൊട്ടിയടച്ചു മോനുള്ള ഭക്ഷണം എടുത്തു ഞാന്‍ നടന്നു.

Saturday, January 21, 2017

മനസ്സ് അങ്ങനെയാണ്, ആരോടെങ്കിലും ശത്രുതയുണ്ടെങ്കില്‍ അതു നമ്മുടെ ഉറക്കം കെടുത്തും. രാത്രി എല്ലാവരും കൂര്‍ക്കം  വലിച്ചുറങ്ങുമ്പോള്‍ അതു നമ്മെ  ഉണര്‍ത്തി ഓരോരോ ഉപായങ്ങള്‍ പറഞ്ഞുതന്നുകൊണ്ടിരിക്കും.

ഒന്നാം ക്ലാസിലെ എന്‍റെ ശത്രു ഒരിക്കലും കുളിക്കാതെ വരുന്ന ബിന്ദുവും അവളെ എന്‍റെ അടുത്തുതന്നെ ഇരുത്തണമെന്നു വാശിയുണ്ടായിരുന്ന ടീച്ചറും ആയിരുന്നു. ഓരോ രാത്രിയിലും ബിന്ദുവിനെ എങ്ങനെ നന്നാക്കാമെന്നും ടീച്ചറിനെ എങ്ങനെ വകവരുതാമെന്നും ആലോചിച്ചു ഞാന്‍ ഉറക്കം നഷ്ടപ്പെടുത്തി.

കുറച്ചുകൂടി മുതിര്‍ന്നു ഹൈസ്കൂളില്‍ എത്തിയപ്പോള്‍ എന്‍റെ ഉറക്കം കെടുത്തിയത് ഭൂമിശാസ്ത്രം ആയിരുന്നു. ബാക്കി എല്ലാ വിഷയങ്ങള്‍ക്കും മുഴുവന്‍ മാര്‍ക്ക് കിട്ടുമ്പോള്‍ , ഭൂമിശാസ്ത്രം  മൂന്നോ നാലോ മാര്‍ക്കുകള്‍ എന്‍റെ കയ്യില്‍ നിന്നും തട്ടിയെടുത്ത് എന്നെ നോക്കി പല്ലിളിച്ചു. വീണ്ടും എനിക്കു അനേകം രാത്രികളിലെ ഉറക്കം നഷ്ടമായി.

ഇതിനിടയില്‍ അയല്‍പക്കത്തെ മാളുവിന്‍റെ നീണ്ടമുടിയും സലീനയുടെ കയ്യിലെ പുതിയ വാച്ചും സൈക്കിളില്‍ പാഞ്ഞുപോകുന്ന ചെക്കന്മാരുടെ അഹങ്കാരവും എല്ലാം എന്‍റെ ഉറക്കത്തെ ഇടയ്ക്കിടെ ശല്യപ്പെടുത്തി.

പിന്നീടു എന്‍റെ ശത്രുവായത് വീണ്ടും അധ്യാപകര്‍ തന്നെ. യുനിവേഴ്സിറ്റിയുടെ പടികളിറങ്ങുമ്പോള്‍ അത്ര നാളും പരിഹസിച്ച, വിലപ്പെട്ട രണ്ടു വര്‍ഷങ്ങളിലെ ഉറക്കം കെടുത്തിയ അധ്യാപികയോട്‌ നാലു വാക്കുകള്‍ പറഞ്ഞതിന്‍റെ സംതൃപ്തി ആയിരുന്നു. (ബാലിശമായിരുന്നെന്നു മനസ്സിലാക്കാന്‍ വര്‍ഷങ്ങളെടുത്തു).

ജീവിതം അതിന്‍റെ സ്വന്തം ദിശ വരച്ചു ആ വഴിക്ക് എന്നെ നടത്തിയപ്പോള്‍ സ്വന്തം നാടും അതിന്‍റെ ഗന്ധവും കാതങ്ങള്‍ അകലെയായപ്പോള്‍ ശത്രുതകളൊക്കെ ഒട്ടു മിക്കവാറും മറന്നുകഴിഞ്ഞു.


എന്നിട്ടും, കുറേ നാളുകളായി വീണ്ടും ഉറക്കം നഷ്ടമാവുന്നു. ഇത്തവണത്തെ ശത്രു ഒരിക്കലും തോല്പിക്കാന്‍ ആവാതെ എന്നെ വെല്ലുവിളിച്ചുകൊണ്ട് എന്‍റെ ഈ ചെറിയ സ്വകാര്യതയില്‍ സ്വൈര്യ വിഹാരം നടത്തുന്നു. ഊണുമേശയില്‍ കഷ്ടപ്പെട്ടുണ്ടാക്കിയ കറികള്‍ വിളമ്പി അഭിപ്രായങ്ങള്‍ക്കായി വിജയീഭാവത്തില്‍ കാതോര്‍ക്കുമ്പോള്‍ എന്നെ ഇളിഭ്യയാക്കി എന്‍റെ ഭര്‍ത്താവിനോടു കിന്നരിക്കുന്നു. ഓഫീസിലെ തിരക്കുകളില്‍ നിന്നും രക്ഷപ്പെട്ട് ക്ഷീണിച്ചു വീടണയുമ്പോള്‍ മക്കളുടെ ചിരികള്‍ക്കു ദൈര്ഘ്യം കുറച്ചു എന്നെ കൊഞ്ഞനം കുത്തുന്നു. കൂട്ടായ ചിരികള്‍ക്കും  സംസാരങ്ങള്‍ക്കും പകരം എല്ലാവരും ഒറ്റപ്പെട്ട തുരുത്തുകളാവുന്നു. എന്‍റെ പ്രാര്‍ഥനകള്‍ വികൃതമായ മണിയടി ഒച്ചകള്‍ കൊണ്ടു വികലമാകുന്നു. സംസാരിക്കുമ്പോള്‍ ഭാവങ്ങലറിയാതെ എല്ലാവരും താഴോട്ടു നോക്കിയിരിക്കുന്നു. കൈവിരലുകള്‍ കീ ബോര്‍ഡുകളില്‍ അമര്‍ന്നു തഴംബിക്കുന്നു.. അങ്ങേത്തലക്കല്‍ ആരെന്നറിയാതെ ഞാനും എന്‍റെ മൌനങ്ങളും കണ്മിഴിക്കുന്നു.  എന്‍റെ ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു. എന്‍റെ പുസ്തകങ്ങളും ഓര്‍മകളും ചിതലരിക്കുന്നു. ഈ ശത്രുവിനെ വകവരുത്താന്‍ എന്‍റെ പഴയ വിദ്യകള്‍ക്കൊന്നും ആവുന്നില്ലല്ലോ.


കളയാൻ പഠിക്കണം...
ചുമരിൽ തൂക്കിയ പഴയ കലണ്ടറുകളെ
ദ്രവിച്ച മഞ്ഞ കണക്കു പുസ്തകങ്ങളെ
മനസ്സിലുരുകുന്ന കനലോർമ്മകളെ
കളയാൻ പഠിക്കണം
ചളുങ്ങിച്ചുങ്ങിയ പിച്ചളപ്പാത്രങ്ങളെ
ഓർമ്മകളുറങ്ങുന്ന പുസ്തകത്താളുകളെ
കാലുകളിലുടക്കുന്ന ചങ്ങലകളെ
കളയാൻ പഠിക്കണം
പിൻവിളികളെ ,കണ്ണീർ നനവിനെ
നെഞ്ചിലുയരുന്ന തേങ്ങലുകളെ
മുക്കുപണ്ടങ്ങളാം സൗഹൃദങ്ങളെ
കളയാൻ പഠിക്കണം
മുന്നോട്ടു നീങ്ങുവാൻ,
ഒരു സ്വപ്നമായ് മറക്കാൻ പഠിക്കണം....