എന്റെ ഉറക്കം കെടുത്തി കൂർക്കം വലിച്ചുറങ്ങുന്ന ഭർത്താവിനെ കണ്ടിട്ട് എനിക്ക് അനിയന്ത്രിതമായ ദേഷ്യം വന്നു. തിരിഞ്ഞും മറിഞ്ഞും പല പ്രാവശ്യം ശ്രമിച്ചെങ്കിലും ഉറക്കം എന്റെ കണ്ണുകളിൽനിന്നും ഓടിയൊളിച്ചിരുന്നു . എഴുന്നേറ്റു ജനാലക്കരികിൽ പോയി പുറത്തേയ്ക്കു നോക്കി, ചുറ്റുപാടും വെളുപ്പുമയം. എത്ര പെട്ടെന്നാണ് തീജ്വാലകൾ പോലെ നിറഞ്ഞു നിന്നിരുന്ന മഞ്ഞയും ഓറഞ്ചും കലർന്ന കണ്ണഞ്ചിപ്പിച്ച നിറം വിരസമായ വെളുപ്പിന് വഴിമാറിക്കൊടുത്തത്, മെയ്‌വഴക്കമേറിയ ഒരു മജീഷ്യന്റെ കൈവിരുതുപോലെ .
വല്ലാതെ ക്ഷീണിച്ചാണ് വൈകിട്ട് വീട്ടിൽ വന്നു കയറിയത്. മഞ്ഞുകാലം അതിശക്തമായിത്തന്നെ അതിന്റെ വരവറിയിക്കുന്നുണ്ട് . മുഴുനീളൻ ജാക്കറ്റിനുള്ളിൽ ആഴ്ന്നിറങ്ങി മഞ്ഞിലൂടെ ആയാസപ്പെട്ട് കാലുകൾ വലിച്ചു നടന്നാണ് ട്രെയിൻ സ്റ്റേഷനിൽ എത്തിയത്. മുഖത്തേക്ക് ആഞ്ഞടിച്ചുകൊണ്ടിരുന്ന മഞ്ഞു തുള്ളികൾ കാഴ്ച തടസ്സപ്പെടുത്തുന്നുണ്ടായിരുന്നു . ആവി പറക്കുന്ന ഒരു ചൂടു ചായയിൽ ഈ തണുപ്പ് അലിയിച്ചു കളയാൻ കൊതിച്ചാണ് വീട്ടിൽ കയറിയത് . ആണുങ്ങളുടെ അധികാരങ്ങളെക്കുറിച്ചും അവർ ചെയ്യരുതാത്തതായ പണികളെക്കുറിച്ചും ബോധ്യപ്പെടുത്തി മലയാളികളുടെ സ്വതഃസിദ്ധമായ ദുരഭിമാനത്തെ ചൂടുപിടിപ്പിക്കാൻ ആരും വീട്ടിലില്ലാത്തതു കൊണ്ട്, വന്നു കയറുമ്പോൾ അപൂർവ്വമെങ്കിലും ഒരു ചായയോ മലയാളിക്കടയിലെ വിറങ്ങലിച്ച പഴംപൊരി ചൂടാക്കിയതോ ഒക്കെ കിട്ടാറുണ്ട് . അതിങ്ങനെ നുണഞ്ഞു അലസമായിരിക്കുമ്പോൾ ആണ് വീണ്ടും ആ ചിന്ത ഞങ്ങൾക്കിടയിലേക്ക് പൊട്ടിവീണത് .
പിറന്ന മണ്ണു വിട്ട് ഈ നാട്ടിൽ വന്നിറങ്ങിയ അന്ന് മുതൽ തുടങ്ങിയതാണ് ഒരു മടങ്ങിപ്പോകലിനെക്കുറിച്ചുള്ള സ്വപ്നം . പത്തു വർഷങ്ങൾക്കു ശേഷം ഒരു മടക്കയാത്ര എന്ന എന്റെ മോഹത്തെ അതിമോഹമായി പലരും വിശേഷിപ്പിച്ചെങ്കിലും ആ കച്ചിത്തുരുമ്പിൽ ഞാൻ ഒരുപാടു നാൾ ജീവിതം മുന്നോട്ടുകൊണ്ടുപോയി . എട്ടുവർഷങ്ങൾക്കിപ്പുറം ഇതു പോലൊരു മഞ്ഞുറഞ്ഞ സന്ധ്യയിലെ സംഭാഷണങ്ങൾക്കിടയിലാണ് ഭർത്താവ് പറയുന്നത് , "മോൾ യൂണിവേഴ്സിറ്റി കഴിയട്ടെ , അപ്പോൾ നമുക്ക് മടക്കയാത്രയെക്കുറിച്ചു ചിന്തിക്കാം". ഓടിക്കൊണ്ടിരുന്ന ട്രെയിൻ ആരോ അപായച്ചങ്ങല പിടിച്ചു വലിച്ചു നിർത്തിയതുപോലെയാണ് എനിക്കു തോന്നിയത് .
"അതിന് ഇനിയും എത്രയോ വർഷങ്ങൾ.. " ആത്മഗതം ഉറക്കെയായിപ്പോയതു കൊണ്ട്, "അല്ലെങ്കിലും നമ്മുടെ വയസ്സു കാലത്തു ആരാണ് നമുക്ക് നാട്ടിൽ ഉണ്ടാവുക ? മക്കൾ അവരുടെ വഴിക്കു പോകും. അപ്പോൾ ഇവിടെ ഏതെങ്കിലും വൃദ്ധസദനം തന്നെ നല്ലത്. നോക്കാൻ നേഴ്സ് എങ്കിലും ഉണ്ടാവും.", കണിശവും കൃത്യവുമായ മറുപടി എന്നെ നിശ്ശബ്ദയാക്കി . നാട്ടിൽ എന്താണ് എന്നെ കാത്തിരിക്കുന്നതെന്ന ചോദ്യത്തിനു മറുപടി പറഞ്ഞാൽ അത് ആർക്കെങ്കിലും മനസ്സിലാവുമോ എന്നുറപ്പില്ലാത്തതിനാൽ ഞാൻ ഒരു വിളറിയ ചിരിയിൽ എന്നെ പിടിച്ചു കെട്ടി. കുറേ ദിവസങ്ങൾ അതെന്റെ സ്വര്യം കെടുത്തി .
ഇന്നു ചായ ഊതി കുടിക്കുമ്പോൾ ആണ് പാതി തമാശയായി അദ്ദേഹം പറയുന്നത്, "പുതിയ ഒരു ഫെസിലിറ്റി വരുന്നുണ്ട് , ഇവിടെ അടുത്താണ്, പോയി നോക്കിയാലോ? " വായിലേക്ക് ഒഴിച്ച ചായ ആവിയായിപ്പോയതുപോലെ . "അല്ല, നമുക്കു തിരിച്ചു പോകണം, നാടിന്റെ മണം തന്നെ നമ്മളെ പൊതിഞ്ഞു സംരക്ഷിക്കും . ആരെങ്കിലുമൊക്കെ കാണില്ലേ നമുക്ക്?". കുത്തിക്കൊണ്ടിരുന്ന ഫോൺ നിർത്തി ആൾ എന്നെ ഏറുകണ്ണിട്ടു നോക്കി "നീ എന്നു പ്രാക്ടിക്കൽ ആവും?" എന്നു പിറുപിറുത്തു .
ഉറങ്ങാൻ കിടന്നപ്പോൾ തന്നെ ഭർത്താവ് ജാമ്യമെടുത്തു, "നീ ഉറങ്ങിയില്ലെങ്കിലും എന്നെ വിളിച്ചുണർത്തരുത് , നല്ല ക്ഷീണം ഉണ്ട്".
പുറത്തേക്കുള്ള നോട്ടം അവസാനിപ്പിച്ചു മോളുടെ മുറിയിൽ പോയി നോക്കി, അവൾ ശാന്തമായി ഉറങ്ങുന്നുണ്ട്. ഉറങ്ങിക്കിടക്കുമ്പോഴും മോന്റെ മുഖത്തൊരു ചിരി പാതി വിരിഞ്ഞു നിൽപ്പുണ്ട് . മക്കളെ കണ്ടും മാമ്പൂ കണ്ടും മോഹിക്കരുതെന്ന് ആരോ പറഞ്ഞതോർത്തു . സ്വന്തം ജീവിതം തേടി മക്കൾ യാത്രയാവുന്നതും എന്റെ വീട് കിളിയൊഴിഞ്ഞ കൂടുപോലെ ശൂന്യമാവുന്നതും ഞാൻ സങ്കൽപ്പിച്ചു . "ഒടുവിൽ ഞാനും നീയും മാത്രമാവും" എന്ന സത്യം വല്ലാതങ്ങു പേടിപ്പിച്ചു . കുലുക്കി വിളിച്ചാലോ എന്നോർത്ത് കൈയ്യെടുത്തു . വേണ്ട, ഉറങ്ങട്ടെ, ദുഃസ്വപ്നങ്ങൾ കാണാതെ .....