Wednesday, October 28, 2015

ഇന്നലെകളില്‍ ജീവിക്കുന്നവര്‍...

ഇന്നത്തെ എന്‍റെ ഭ്രാന്തന്‍ ചിന്തകള്‍ ഞാന്‍ സമര്‍പ്പിക്കുന്നത് മേല്‍പ്പറഞ്ഞ വിഭാഗത്തില്‍ പെട്ടവര്‍ക്കാണ്.

അതിനു  വളമായത് മനുഷ്യജീവിതത്തിലെ പ്രസക്തവും അപ്രസക്തവുമായ ബന്ധങ്ങളെക്കുറിച്ചും അവയുടെ ബാക്കിപത്രമാവുന്ന ചില മനസ്സുകളെ ക്കുറിച്ചുമുള്ള ചിന്തകളാണ്. .  കേള്‍ക്കുമ്പോള്‍ വളരെ പഴഞ്ചനും എന്നാല്‍ ദൈനംദിനജീവിതത്തില്‍ നേരംവെളുക്കുമ്പോള്‍ മുതല്‍ സ്വപ്നങ്ങളില്‍ വരെ നമ്മെ വിടാതെ ശല്യപ്പെടുത്തുന്നതുമായ ചിന്തകള്‍..എല്ലാത്തിനും കാരണമോ, മേല്‍പ്പറഞ്ഞ "ബന്ധങ്ങള്‍"തന്നെ.

കുടുംബമായാലും സൌഹൃദമായാലും മനുഷ്യബന്ധങ്ങള്‍ വല്ലാതെ മനസ്സിനെ ബാധിക്കുന്നു, പ്രത്യേകിച്ചും എന്നെപ്പോലുള്ളവരെ. എന്തുകൊണ്ട് എന്നു ചോദിച്ചാല്‍ അതിനു വ്യക്തമായ ഒരുത്തരവും തരാനില്ല. ചില മനസ്സുകള്‍ അങ്ങിനെയാണ് (വളരെ ലളിതവും എന്നാല്‍ പരമാര്‍ഥവുമായ ഒരുത്തരം.) ഓരോന്നിനും അതിന്‍റെതായ സ്ഥാനം മാത്രം കൊടുത്തു ജീവിതം പ്ലാസ്റ്റിക് മയമാക്കാന്‍ എന്നാണാവോ ഇനി പഠിക്കുക?? കാണുമ്പോള്‍ വെളുക്കെ ചിരിക്കാനും ഉളുപ്പില്ലാതെ കിന്നരിക്കാനും എന്നിട്ടതിനെ ഓരോരോ ഓമനപ്പേരിട്ടു വിളിക്കാനും പഠിക്കണം. കാരണം ജീവിതത്തില്‍ പ്രായോഗികതയുടെ വക്താക്കള്‍ക്കെ വിജയം ഉള്ളൂ എന്നാണു "ബുദ്ധിമാന്മാരുടെ " അഭിപ്രായം. 

എല്ലാ ബന്ധങ്ങളും അങ്ങിനെയാനെന്നല്ല ഞാന്‍ പറഞ്ഞുവരുന്നത്. ഏതു പാതിരാത്രിക്കും വിളിച്ചാല്‍ ഒരു മേശയ്ക്ക് ചുറ്റുമിരുന്നു സംസാരിക്കുന്നതുപോലെ അനേകായിരം കാതങ്ങള്‍ക്കപ്പുറംനിന്നു  സംസാരിക്കാന്‍ പറ്റുന്ന സുഹൃത്തുക്കളും എനിക്കുണ്ട്. അതും പത്തിരുപതു  വര്‍ഷങ്ങളുടെ വിടവു മറ്റേയാളുടെ മനോവികാരങ്ങളെ ബാധിക്കാത്ത തരത്തില്‍. സംസാരത്തിന്റെ ശബ്ദവ്യതിയാനത്തില്‍ നിന്നും അങ്ങേത്തലക്കല്‍ സുഖമാണോ എന്നു മനസ്സിലാക്കുന്നവര്‍.  പക്ഷെ അവരുടെ എണ്ണം കുറവാണെന്നു മാത്രം. അതങ്ങനെയാണ്, ലോകത്തില്‍ അമൂല്യങ്ങള്‍ ആയവയൊക്കെ എണ്ണത്തില്‍ കുറവായിരിക്കും..

പലപ്പോഴും എനിക്കുകേള്‍ക്കേണ്ടിവരാരുണ്ട്, ഞാന്‍ ഇന്നലെകളിലാണ് ജീവിക്കുന്നതെന്ന്. അതില്‍ എനിക്കു പരാതികളില്ല.  എന്നെ ഞാനായി അറിയുന്ന ബന്ധങ്ങളും അവ തരുന്ന സുരക്ഷിതത്വവും ഞാന്‍ നേടിയത് എന്‍റെ ഇന്നലെകളില്‍ നിന്നും ആയിരുന്നു..കാലം മുന്നോട്ടു പായുമ്പോള്‍ പിന്തിരിഞ്ഞു നോക്കുന്നവര്‍ പരാജയമാണോ, ആണെങ്കിലും ഇവിടുത്തെ ഭാഷയില്‍ പറഞ്ഞാല്‍ "ഹു കെയര്‍സ്". (എന്തൊക്കെ ആയാലും ചില സമയങ്ങളില്‍ നമ്മുടെ മനസ്സിലുള്ളതു പ്രകടിപ്പിക്കാന്‍ ഈ ഭാഷ വലിയ സഹായമാണ്.) കാരണം എനിക്കു ഞാന്‍ ആയാല്‍ മതി...

Wednesday, October 7, 2015

ജീവിതക്കാഴ്ച്ചകള്‍.....

പതിവുപോലെ വീണ്ടും യാത്രകളാണ് എന്‍റെ ചിന്താധാരകളെ പുഷ്ടിപ്പെടുത്തുന്നത്..പ്രത്യേകിച്ചും ഈയിടെയായി സിറ്റി സെന്‍റെറിലെക്കുള്ള യാത്രകള്‍...രാവിലെയുള്ള പതിവു മലയാളി തിരക്കുകള്‍ക്കു ശേഷം ട്രെയിനില്‍ കയറിപ്പറ്റുമ്പോഴാണു ഒന്നു ശ്വാസം വീഴുന്നത്..പിന്നീടങ്ങോട്ടു നാല്പതു മിനിട്ടുകള്‍ എന്‍റെ മാത്രം സ്വന്തം..ഈ നാല്പതു മിനിട്ടുകള്‍ ആണ് എനിക്കിപ്പോള്‍ ഊര്‍ജം പകരുന്നത്..

ഇത് അവസാനത്തെ സ്റ്റേഷന്‍ ആയതുകൊണ്ടു സ്വസ്ഥമായി ഒരു ഇരിപ്പിടം ഇവിടുന്നു തരപ്പെടുത്താന്‍ ബുദ്ധിമുട്ടില്ല. അതുകൊണ്ടുതന്നെ വളരെ ആര്‍ഭാടമായി ഞാന്‍ എന്‍റെ യാത്ര തുടങ്ങുകയാണ് പതിവ്. ഓരോ ദിവസവും മിക്കവാറും പുതിയ കാഴ്ചകള്‍ കൊണ്ടു സമ്പന്നമാണ് ട്രെയിന്‍. വ്യത്യസ്ഥരായ ആളുകള്‍, അവരുടെ ചേഷ്ടകള്‍...ഒരു സെല്‍ ഫോണിന്‍റെ സ്ക്രീനിനു വേണ്ടി ജീവിതം സമര്‍പ്പിച്ച കുറേ മനുഷ്യര്‍, ചെവിയില്‍ തിരുകിയ സംഗീതത്തിന്‍റെ (?) താളത്തിനൊത്തു കുലുങ്ങുന്ന വേറെ കുറേ തലകള്‍, ഈ ലോകത്തു ഞാനും എന്‍റെ പെമ്പിളയും മാത്രം എന്ന് പണ്ടു ആരോ പറഞ്ഞതുപോലെ സ്ഥലകാലബോധം ഇല്ലാതെ ശ്രിങ്ങരിക്കുന്ന മറ്റു ചിലര്‍, കറുത്തവന്‍, വെളുത്തവന്‍, മൂക്കിലും പുരികത്തിലും ചുണ്ടിലും വരെ തുളയുണ്ടാക്കി എന്തൊക്കെയോ കേട്ടിതൂക്കിയവര്‍, വാര്‍ധക്യത്തിന്‍റെ വിഷമതകള്‍ ഏറെയുണ്ടെങ്കിലും വളരെ സമ്പന്നമായ പുഞ്ചിരിയുമായി എല്ലാവരെയും കാണുന്ന ചിലര്‍..

എന്‍റെ മനസ്സിനെ ഇന്നു അസ്വസ്ഥമാക്കിയത്നി ഈ അവസാനം പറഞ്ഞ വിഭാഗത്തില്‍ പെട്ട ഒരാളാണ്.

സിറ്റി സെന്റെറില്‍ ഇറങ്ങിക്കഴിഞ്ഞാല്‍ എനിക്കു വീണ്ടും പത്തു മിനിറ്റ് നടക്കണം എന്‍റെ ജോലിസ്ഥലത്തെത്താന്‍..അതിനിടയില്‍ അഞ്ചു ട്രാഫിക് ക്രോസ്സിങ്ങുകള്‍. എത്ര തിരക്കുള്ള മാന്യന്‍ ആണെങ്കിലും ഈ ക്രോസ്സിങ്ങുകളില്‍ ചുവപ്പ് തെളിഞ്ഞാല്‍ നിന്നേ പറ്റു. 

അത്തരം ഒരു കാത്തുനില്പില്‍ ആണ് ഞാന്‍ ഹെലെനെ പരിചയപ്പെടുന്നത്. ഇവിടെ ജനിച്ചുവളര്‍ന്ന സുന്ദരിയായ ഒരു കാനഡാക്കാരി..പ്രതീക്ഷകള്‍ അത്ര മാനം മുട്ടെ പോകാന്‍ വരട്ടെ..ഹെലെന്‍റെ പ്രായം എഴുപതിയഞ്ച് !!  വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ കൊണ്ടു ഒരു വാക്കെറിന്‍റെ സഹായത്തോടെ ആണു നടക്കുന്നത്. മിക്കപ്പോഴും ആദ്യത്തെ ക്രോസ്സിങ്ങിലാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. ആദ്യത്തെ ദിവസം തന്നെ അവര്‍ എന്നെ നോക്കി ഹൃദ്യമായി ചിരിച്ചു, ഒരു അപരിചിതത്വവുമില്ലാതെ. അടുത്ത ക്രോസ്സിങ്ങില്‍ അവര്‍ എന്നോടു പേര് പറഞ്ഞു പരിചയപ്പെട്ടു. പിന്നെ ഞങ്ങള്‍ ഒരുമിച്ചു നടന്നു, എന്‍റെ ജോലിസ്ഥലതിനടുത്തുള്ള സിനിയെര്സ് അപാര്‍ടുമെന്‍റ്ഇല്‍ ആണു താമസം എന്നു പറഞ്ഞു, സ്ഥലമായപ്പോള്‍ ഞാന്‍ യാത്ര പറഞ്ഞു നടന്നകന്നു..

പിന്നീടു ഇതൊരു സ്ഥിരം കാഴ്ചയായി. നടന്നുപോകുന്ന ഓരോ വഴിയിലും അവര്‍ക്കു ഒത്തിരി കഥകള്‍ പറയാനുണ്ടായിരുന്നു.വര്‍ഷങ്ങള്‍ പിറകൊട്ടായിരുന്നു അവരുടെ മനസ്സു എപ്പോഴും സഞ്ചരിച്ചിരുന്നത്. അവരുടെ ബാല്യവും കൌമാരവും യൌവനവും ഒക്കെ എന്‍റെ മുന്നിലൂടെ പലപ്പോഴും ഒരു തിരശ്ശീലയിലെന്നപോലെ കടന്നുപോയി..

വാന്‍കൊവെറില്‍ ആയിരുന്നു ഹെലെന്‍റെ ജീവിതം, ഇരുപതാം വയസ്സില്‍ പോര്‍ച്ചുഗീസുകാരനായ ബെനെടിറ്റൊയെ കണ്ടുമുട്ടുംവരെ. പ്രണയം നല്‍കിയ അസാമാന്യ ധൈര്യത്തില്‍ അവള്‍ വീടുവിട്ടു. കാല്ഗരിയിലാണ് അവര്‍ ജീവിതം തുടങ്ങിയത്..ഹെലെന്‍റെ ഭാഷയില്‍ പറഞ്ഞാല്‍, "ഹി വാസ് അമൈസിംഗ്", ജീവിതത്തെ പുഞ്ചിരിയോടെ മാത്രം കാണണമെന്ന വിശ്വാസക്കാരന്‍..സന്തോഷത്തിന്‍റെ വര്‍ഷങ്ങള്‍, വാന്‍കൊവെറില്‍ നിന്നും അച്ഛനും അമ്മയും സ്നേഹത്തിന്‍റെ താങ്ങുമായി എപ്പോഴും കത്തുകളില്‍ ഉണ്ടായിരുന്നു....

ഒട്ടു മിക്ക പ്രണയത്തിലെയും പോലെ ഇവിടെയും ഒരു വില്ലന്‍ കടന്നുവന്നു. ബെനെടിറ്റൊയുടെ മുപ്പതാം വയസ്സില്‍ ഒരു ഹൃദയാഘാതത്തിന്‍റെ രൂപത്തില്‍..യൌവനത്തിന്‍റെ മധ്യത്തില്‍ ഹെലെനെ ഈ ലോകത്തു തനിച്ചാക്കി ചിരിച്ചുകൊണ്ട് ബെനെടിറ്റോ കടന്നുപോയി.

ഇനി കുറച്ചു ഹെലെന്‍ തന്നെ പറയട്ടെ "കുറേ നാള്‍ ഞാന്‍ ഒറ്റക്കിരുന്നു, അപ്പോഴേക്കും എന്‍റെ മാതാപിതാക്കള്‍ എന്നോടു തിരിച്ചു വരാന്‍ ആവശ്യപ്പെട്ടു. എന്തോ, ബെനെടിറ്റൊയുടെ സാമീപ്യമുള്ള ഈ നടവഴികള്‍ എന്നെ ഇവിടെ പിടിച്ചു നിര്‍ത്തി. ഞാന്‍ പോയില്ല. കുറേ നാള്‍ കഴിഞ്ഞു അമ്മയുടെ കത്തിലൂടെ ഞാന്‍ അറിഞ്ഞു അച്ഛനു മറവിരോഗം ബാധിച്ചു തുടങ്ങിയിരിക്കുന്നു. സ്വന്തം രോഗാവസ്ഥയിലും അത്തരം ഒരു രോഗിയെക്കൂടി നോക്കുന്നതിലുള്ള അമ്മയുടെ ബുദ്ധിമുട്ടു എനിക്കു മനസ്സിലായി". 

അങ്ങനെ ഹെലെന്‍  ജോലിയില്‍ നിന്നും അവധിയെടുത്തു വീട്ടിലേക്കു പോയി. ഒരു ദിവസം ഉച്ചമയക്കത്തില്‍ അച്ഛന്‍ വന്നു തട്ടിവിളിച്ചു. ഞെട്ടിയെഴുന്നെറ്റ അവളോടു പറഞ്ഞു "ഞാന്‍ മടുത്തു. " അദ്ദേഹത്തിന്‍റെ മുഖത്തു ഒരിക്കലുമില്ലാത്ത ഒരു ക്ഷീണഭാവം അവള്‍ക്കു മനസ്സിലായി. അദ്ദേഹം തുടര്‍ന്നു, "എന്‍റെ രോഗവും നിന്‍റെ അമ്മയുടെ കഷ്ടപ്പാടും എന്നെ നിരാശപ്പെടുത്തുന്നു. ഒരു ദയാവധം ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷെ നിന്‍റെ അമ്മയെ ഒറ്റയ്ക്കാക്കിയിട്ട് പോകാന്‍ എനിക്കു വയ്യ". നിര്‍വികാരയായി എല്ലാം കേട്ടിരിക്കാനെ അവള്‍ക്കു കഴിഞ്ഞുള്ളൂ.

മരണം ഒരു ദൈവാനുഗ്രഹമാണെന്ന് അവള്‍ക്കു തോന്നിയതു ഈ സംഭവത്തിന്‌ ഒരു മാസത്തിനു ശേഷം ശാന്തമായൊരു ഉറക്കത്തിന്‍റെ മറവില്‍ അമ്മ മരണത്തിലേക്ക് യാത്രയായപ്പോഴാണ്. അമ്മയുടെ വിരലുകളില്‍ പിടിച്ചു ഒരു കുട്ടിയെപ്പോലെ അരികത്തിരുന്ന അച്ഛനെ വളരെ പ്രയാസപ്പെട്ടാണ് മാറ്റിയത്.
അതിനുശേഷം കൃത്യം ഒരു വര്‍ഷം, അച്ഛനും ഓര്‍മകളുടെ ലോകത്തേക്കു യാത്രയായി. 

ഹെലെന്‍ വീണ്ടും തിരിച്ചു കാല്ഗരിയിലേക്കു വന്നു.. ബെനെടിറ്റൊയുടെ കൂടെ നടന്നു തീര്‍ത്ത പഴയ നടവഴികളിലൂടെ വീണ്ടും നടന്നു.. നഗരത്തിന്‍റെ തിരക്കിലും ആള്കൂട്ടത്തിലെ ഒറ്റപ്പെടലിലും സ്വയം ഒറ്റപ്പെടാതിരിക്കാന്‍ ശ്രദ്ധിച്ചു.. അങ്ങനെ അനേകം വര്‍ഷങ്ങള്‍... ഒടുവില്‍ ജോലിയില്‍ നിന്നും പിരിഞ്ഞപ്പോള്‍ ആണ് വാര്‍ധക്യത്തിന്‍റെ ക്ഷീണം മനസ്സിനെയും ബാധിക്കുമെന്ന് ബോധ്യമായത്..ജീവിതത്തോട് തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്തതുകൊണ്ടു സമപ്രായക്കാര്‍ താമസിക്കുന്ന സ്ഥലത്തോട്ടു താമസം മാറ്റി. ഓരോ ദിവസവും നടപ്പും പുസ്തകങ്ങളും പുഞ്ചിരിക്കുന്ന മുഖങ്ങളും അവരെ ജീവിപ്പിച്ചു.

കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ ആണ് ഹെലെന്‍ പറഞ്ഞത്, "നിങ്ങളെ ആദ്യം കണ്ട ദിവസം ഞങ്ങളുടെ വിവാഹവാര്‍ഷികമായിരുന്നു. ഞങ്ങള്‍ ആദ്യം ഒരുമിച്ചു പോയി പ്രാര്‍ഥിച്ച പള്ളിയില്‍ പോയതായിരുന്നു ഞാന്‍. കുറേ നേരം അവിടെ ഒറ്റക്കിരുന്നു. അപ്പോള്‍ ബെനെടിറ്റോ എന്‍റെ സമീപത്തിരുന്നു പതുക്കെ സംസാരിക്കുന്നതുപോലെ ഒരു തോന്നല്‍. എല്ലാ ദിവസവും രാവിലെ ഞാന്‍ ഈ വഴിയിലൂടെ നടക്കാറുണ്ട്. ജീവിച്ചു തീര്‍ക്കാനുള്ള ഊര്‍ജത്തിനു വേണ്ടി". 

ഇന്നലെ ഹെലെനെ കണ്ടില്ല. ഇന്നു രാവിലെ വീണ്ടും ആ ചിരിയുമായി എന്നെ അവര്‍ പിന്നില്‍ നിന്നും വിളിച്ചു. " ഇന്നലെ എന്‍റെ ഡാഡിയുടെ ചരമദിനം ആയിരുന്നു, എന്നെ ഈ ലോകത്തു അനാഥയാക്കി മാറ്റിയ ദിവസം" .അവരുടെ കണ്‍കോണില്‍ പടരുന്ന നനവു മറക്കാനായി ഞാന്‍ ചോദിച്ചു "ഹെലെന്‍ എന്ത് ചെയ്തു, ഡാഡിക്കുവേണ്ടി പ്രാര്‍ഥിച്ചോ?" "ഇല്ല , കുറേ നേരം കരഞ്ഞു, വര്‍ണാഭമായിരുന്ന എന്‍റെ ലോകത്തു നിന്നു പടിയിറങ്ങിപ്പോയവര്‍, ഞാന്‍ വല്ലാതെ ഒറ്റക്കാണല്ലോ എന്ന തോന്നല്‍..അതാണു ഞാന്‍ ഇന്നലെ പുറത്തിറങ്ങാതിരുന്നത്, പക്ഷേ, പിന്നീടു തോന്നി, ജീവിതം എങ്കിലും സുന്ദരമാണ് സുഹൃത്തേ, വഴിയോരങ്ങളില്‍ കണ്ടുമുട്ടുന്ന നിങ്ങളെപ്പോലുള്ള അപൂര്‍വ്വം ചിലര്‍..കേള്‍ക്കാന്‍ ഒരു വിലപ്പെട്ട ചെവി കടം തരുന്നവര്‍, ജീവിതം ചിരിച്ചുകൊണ്ടു നടന്നു തീര്‍ക്കേണ്ടത് തന്നെ." 

എനിക്കെന്തോ എന്നത്തെയുംപോലെ ചിരിക്കാന്‍ തോന്നിയില്ല.എന്‍റെ മുന്നില്‍ കാല്‍നടക്കാര്‍ക്കുള്ള പച്ചനിറം തെളിഞ്ഞതോ ഹെലെന്‍ എന്‍റെ കയ്യില്‍ തട്ടിയതോ ഒന്നും ഞാന്‍ അറിഞ്ഞില്ല, ഒറ്റപ്പെട്ട ഒരു ജീവിതത്തിന്‍റെ സായന്തനത്തിലെ കാണാത്ത കുറേ കഥകള്‍ എന്നെ അത്രമാത്രം അസ്വസ്ഥയാക്കിയിരുന്നു.


Saturday, September 5, 2015


ഐലാന്‍....

നീ എനിക്കും മകനായിരുന്നു..
അമ്മിഞ്ഞപ്പാലിനൊപ്പം സ്നേഹം നുണഞ്ഞിറക്കി
കുഞ്ഞിളം കൈകൊണ്ടു അശാന്തികള്‍ തുടച്ചു നീക്കി
സ്വപ്‌നങ്ങള്‍ നെയ്യാന്‍ പഠിപ്പിച്ചവന്‍...

ഐലാന്‍...

മാപ്പു ചോദിപ്പു ഞാനീ ദുഷ്ടലോകത്തിനായ്‌
നെഞ്ചിലൊരു വിങ്ങലായ്, മിഴിക്കോണിലൊരു
നീര്‍തുള്ളിയായ് , പ്രാര്‍ഥനകളില്‍ ഓര്‍മയായ്‌
നിനക്കീ അമ്മ തന്‍ ചുംബനം..

Thursday, August 13, 2015

India needs you !!

ഇന്നത്തെ ചിന്താവിഷയം, അവിചാരിതമായി വന്നുപെട്ട ആ പരസ്യമാണ്. വെറുതെ ഇ-മെയില്‍ പരിശോധിക്കുമ്പോഴാണ് അതു  കണ്ണില്‍പെട്ടത്, "India needs you". മൂന്നു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ മുപ്പത്തന്‍ജു ദിവസത്തെ അവധി മുപ്പതു നിമിഷങ്ങള്‍ പോലെ കടന്നുപോയതിന്‍റെ സങ്കടത്തിലും നാട്ടിലേക്ക്ഇനി എന്ന് എന്ന വേവലതിയിലും ദിവസങ്ങള്‍ തള്ളിനീക്കുമ്പോള്‍ ആണ് ഉള്ളില്‍ എവിടെയോ ഒരു തരി സന്തോഷം ഉണര്‍ത്തി ആ മെയില്‍ എന്‍റെ ശ്രദ്ധ കവര്‍ന്നത്, "India needs you."

മെയില്‍ തുറന്നു താഴേക്കു വായിക്കുമ്പോള്‍ ഉള്ള സന്തോഷം കൂടി ഇല്ലാതായി. ഏതോ കമ്പനിയുടെ പരസ്യം, ചുരുക്കം ഇത്ര മാത്രം, നിങ്ങള്‍ ഒരു NRI ആയതുകൊണ്ടു കമ്പനിക്കു നിങ്ങളെ ആവശ്യമുണ്ട്. കാര്യം എല്ലാവര്‍ക്കും പിടി കിട്ടിയല്ലോ.

ഇത്തവണത്തെ നാട്ടില്‍പോക്ക് നന്നായിരുന്നു. സമയത്തിന്‍റെ കുറവു നന്നായി വലച്ചു എന്നതൊഴിച്ചാല്‍ ഏതൊരു പ്രവാസിയും കൊതിക്കുന്ന കാര്യങ്ങളൊക്കെ ഞാനും ചെയ്തു. വീട്ടുകാരുടെ ഒത്തുകൂടല്‍, നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം പ്രിയ സുഹൃത്തിനോടൊപ്പം ഹില്‍ പാലസിന്‍റെ വന്മരങ്ങളുടെ തണലില്‍ ഒത്തുകൂടല്‍, പരിഭവങ്ങളില്ലാത്ത സൗഹൃദങ്ങള്‍ ഇന്നും എനിക്കു സ്വന്തമായുണ്ടെന്ന തിരിച്ചറിവു തന്ന മനസ്സമാധാനം, വയറു നിറച്ചു ( Dieting എന്ന വാക്കുപോലും മറന്നു) ഇഷ്ടമുള്ള ഭക്ഷണം കഴിക്കല്‍, എനിക്കിഷ്ടപ്പെട്ട Broadway തെണ്ടല്‍, കുട്ടികള്‍ക്ക് വേണ്ടിയുള്ള ബീച്ച് യാത്രകള്‍, പേടിച്ചു വിറച്ചു മൂന്നാറിലെ ഇടുങ്ങിയ മലമ്പാതകളിലെ കോടമഞ്ഞിലൂടെയുള്ള രാത്രി യാത്ര, അങ്ങനെയങ്ങനെ.....


മുപ്പത്തന്ജു ദിവസങ്ങള്‍ കൊണ്ടു കഴിയാവുന്നത്ര നാടിനെ ഉള്‍കൊള്ളുകയായിരുന്നു. ഇനിയൊരു വരവ് വരെ വേണ്ട ഊര്‍ജം ഈ ദിവസങ്ങള്‍ കൊണ്ടു നേടാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ, അതിനിടയിലും കഴിയാതെ പോയ ചില കാര്യങ്ങളുണ്ട്, ചിലരെ കാണാന്‍ കഴിഞ്ഞില്ല, കുറച്ചു പുസ്തകങ്ങള്‍ വാങ്ങാന്‍ പറ്റിയില്ല, ചുറ്റുമുള്ളവരുടെ എല്ലാ പ്രതീക്ഷകളും പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. 

പോരുന്നതിന്‍റെ  തലേദിവസം രാത്രി വൈകി ഉറങ്ങാന്‍ കിടക്കുമ്പോള്‍ വെറുതെ മനസ്സില്‍ കണക്കുകൂട്ടുകയായിരുന്നു. പരിഭവങ്ങളും പരാതികളും ഏറെ ബാക്കി നില്‍കുന്നുണ്ട്, എങ്കിലും നാടിന്‍റെ വികാരം ഒന്ന് വേറെ തന്നെയാണ്. അതു നമ്മളെ ലോകത്തിന്‍റെ  ഏതു കോണിലായാലും മാടി വിളിച്ചു കൊണ്ടിരിക്കും. കണ്‍ കോണിലെ ഒരു നനവായി അതിനെ നമ്മള്‍ കാത്തു സൂക്ഷിക്കും. വെറുതെയാണെങ്കിലും വല്ലപ്പോഴും നമ്മളും വിചാരിക്കും, "India needs me".

Thursday, April 23, 2015

മരണമെത്തുന്ന നേരത്തു .....

അതൊരു വല്ലാത്ത ഗാനമാണ്, "മരണമെത്തുന്ന നേരത്തു നീയെന്‍റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ..." നമ്മുടെ ചെവിയിലൂടെ കയറി, മനസ്സിന്‍റെ  ഓരോ ഇഞ്ചിലും കടന്നു ചെന്നു ഒരു നീറ്റലായി, നമ്മുടെ ചിന്തകളെ ഇറുക്കിപ്പിടിച്ചു, കണ്ണുകളില്‍ എവിടെയോ ഒരു നനവു പൊടിയിച്ചു, അലിഞ്ഞലിഞ്ഞു ഇല്ലാതാവുന്ന ഗാനം.

മരണം മിക്കപ്പോഴും അങ്ങനെയാണ്, എത്ര പെട്ടെന്നാണ് ജീവിതങ്ങള്‍ മാറി മറിയുന്നത്. എന്‍റെ ഓര്‍മകളില്‍ എന്നും കണ്ണീരു പൊടിക്കുന്ന ഒരു മരണം എന്‍റെ അമ്മാവന്റെതാണ്. പോലീസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. എന്‍റെ കുട്ടിക്കാലത്തെ അവധിക്കാലങ്ങളും പെരുന്നാളുകളും സമ്പന്നമായിരുന്നത് അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും നഗരത്തില്‍ നിന്നുള്ള വരവോടെയാണ്. സ്നേഹതോടെയല്ലതെയുള്ള ഒരു ഓര്മ പോലും എനിക്ക് ഇല്ല. അങ്ങനെ എന്‍റെ ഒന്‍പതാം ക്ലാസ്സിലെ അവധിക്കാലത്ത്‌ ഞങ്ങള്‍ അങ്ങോട്ടു പോകാന്‍ തീരുമാനിച്ചു. അതൊരു റംസാന്‍ നോമ്പുകാലം ആയിരുന്നു, ഒരു പെസഹ വ്യാഴാഴ്ച ,തലേ ദിവസം തന്നെ എല്ലാം കെട്ടിപ്പെറുക്കി ഇടാനുള്ള ഉടുപ്പുകളും എടുത്തു വച്ചു ഞങ്ങള്‍ കുട്ടികള്‍  ഉറങ്ങാന്‍ കിടന്നു. എറണാകുളത്തു ചെന്നാലുള്ള വിസ്മയക്കാഴ്ചകള്‍ കണ്ണുകളില്‍ നിറച്ചു എപ്പോഴോ ഉറങ്ങിപ്പോയി.

അര്‍ദ്ധരാത്രി അവിചാരിതമായി  കോളിംഗ് ബെല്‍ മുഴങ്ങി, പപ്പ വാതില്‍ തുറക്കുമ്പോള്‍ അപരിചിതരായ രണ്ടു പേര്‍, ഒരു പോലീസ് ജീപ്പും. പപ്പായോടു അവര്‍ രഹസ്യമായി എന്തോ പറഞ്ഞു, തലയില്‍ കൈവച്ചു പപ്പ തളര്‍ന്നിരിക്കുന്നത് കണ്ടു. പിന്നീട് കൂട്ടക്കരച്ചിലായി, അങ്ങനെയാണു ഞങ്ങള്‍ കുട്ടികള്‍ അറിഞ്ഞത്‌, അങ്കിള്‍ മരണപ്പെട്ടിരിക്കുന്നു. അതൊരു നടുക്കമായിരുന്നു വളരെക്കാലത്തേക്ക്. കുറ്റവാളികള്‍ പിടിക്കപ്പെടുകയും അതുപോലെതന്നെ രക്ഷപ്പെടുകയും ചെയ്തു. ആ  കുടുംബത്തിന്റെ ജീവിതവും മാറിമറിഞ്ഞു.

പിന്നീടു, ഇവിടെ കാല്‍ഗരിയില്‍ എത്തിയ ശേഷം കേട്ട നടുക്കുന്ന ഒരു ഓര്‍മ ഒരു സുഹൃത്തിന്‍റെ മകന്‍റെ മരണമായിരുന്നു. ഒരു മോട്ടോര്‍ ബൈക്ക് അപകടം. ഒരു അമ്മയുടെ ഹൃദയം തകര്‍ന്ന കരച്ചില്‍ ഇപ്പോഴും തുടരുന്നു.

ജീവിതം അങ്ങനെയങ്ങനെ , മരണമില്ലാത്ത എത്രയോ ഓര്‍മ്മകള്‍..

ഒറ്റക്കിരിക്കുമ്പോള്‍ ഓരോ ദിവസവും ഓരോ ചിന്തകളായി.......... ചിന്തകളുടെ ഗതി മാറ്റാന്‍  മനസ്സില്‍ വര്‍ണം നിറച്ചു  റഫീക്ക് അഹമ്മദിന്‍റെ വരികള്‍ വീണ്ടും ഉയര്‍ന്നു പൊങ്ങുന്നുണ്ട്, "വാതിലില്‍ ആ വാതിലില്‍....."

Thursday, April 16, 2015

പുറത്തു കത്തുന്ന വെയിലാനെങ്കിലും താപനില കുറവുതന്നെ. എന്‍റെ ഈ വലിയ ചില്ലുവാതിലിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ കിട്ടുന്ന ഊര്‍ജമാണ് എന്നെ വീണ്ടും വീണ്ടും എന്തെങ്കിലും ഒക്കെ കുത്തിക്കുറിക്കാന്‍ പ്രേരിപ്പിക്കുന്നത്.

പക്ഷെ , എഴുതാന്‍ ഇരുന്നാല്‍ ഏതൊരു പ്രവാസിയും പോലെ "ഗൃഹാതുരത്വം" എന്നെയും പിടികൂടുന്നു. ഏതു വിഷയവും കുറേക്കഴിയുമ്പോള്‍ മടുക്കുന്ന നമുക്ക് ഇത് മാത്രം എന്താണാവോ എന്നും അമൃതായി നില്‍കുന്നത്?

ഇന്നലെയും ഉറങ്ങാന്‍ കിടന്നപ്പോള്‍ എന്‍റെ മനസ്സില്‍ തെളിഞ്ഞതു ആ പാടവരമ്പത്തുള്ള വീടും മരങ്ങള്‍ നിറഞ്ഞ പറമ്പും പാടത്തിനപ്പുറം ഒഴുകുന്ന തോടും ഒക്കെത്തന്നെ. ഓര്‍മ്മകള്‍ എന്താണ് നമ്മളെ വിട്ടുപോവാത്തത്?

എന്‍റെ കുട്ടിക്കാലത്തു ഞങ്ങള്‍ക്കൊരു പശുക്കിടാവുണ്ടായിരുന്നു. നെറ്റിയില്‍ വെള്ളച്ചുട്ടിയുള്ള ഒരു കറുമ്പന്‍. "മണിക്കുട്ടന്‍" എന്നായിരുന്നു അതിന്‍റെ പേര്. മൂന്നു നാല് വര്‍ഷം ഞങ്ങള്‍ അതിനെ വളര്‍ത്തി, ഞങ്ങള്‍ കുട്ടികള്‍ ആയിരുന്നു അതിനു പുല്ലും വയ്ക്കോലും കൊടുത്തു ലാളിച്ചിരുന്നത്. കുറേ നാള്‍ കഴിഞ്ഞപ്പോള്‍ അതിനെ മറ്റാര്‍ക്കോ കൊടുത്തു. അന്ന് അതിന്‍റെ കയര്‍ അവരെ ഏല്‍പ്പിക്കുമ്പോള്‍ മണിക്കുട്ടന്‍ മുഖം തിരിച്ചു കരഞ്ഞുകൊണ്ടിരുന്ന ഞങ്ങളെ ദയനീയമായൊന്നു നോക്കി. അലറിക്കരഞ്ഞു നടന്നുപോയ ആ പശുക്കിടാവ്‌ വളരെ നാള്‍ എന്‍റെ ഉറക്കം കെടുത്തി. പിന്നീട് ഞങ്ങള്‍ അവിടെനിന്നും വേറെ സ്ഥലത്തേക്കു മാറി.  പിന്നെയും എത്രയോ വളര്‍ത്തു മൃഗങ്ങള്‍, എങ്കിലും ആ ദയനീയമായ മുഖം എപ്പോള്‍ ഒക്കെയോ ഓര്‍മകളില്‍ കടന്നു വരുന്നു.

ബാല്യം ചവിട്ടിതീര്‍ത്ത നടവഴികള്‍, കളിച്ചു മറിഞ്ഞ പാടവരമ്പുകള്‍, കണ്ണിമാങ്ങയുടെയും ഇഞ്ചി മാങ്ങയുടെയും സ്വാദു നിറഞ്ഞ വൈകുന്നേരങ്ങള്‍, ഓര്‍മ്മകള്‍ അനവധിയാണ്. 

പണ്ടു ആരോ പറഞ്ഞതു പോലെ  ജീവിതം സുന്ദരവും സുരഭിലവും ആയി നില്‍കുമ്പോള്‍ ഒരിക്കലും ഓര്‍മ്മകള്‍ നമുക്ക് ഉണ്ടാവുന്നില്ല. ഏകവും വര്‍ണരഹിതവും ആകുമ്പോള്‍ അവ നമ്മെ കാര്‍ന്നു തിന്നുന്നു.

Monday, February 16, 2015

അതേ. ചിലപ്പോൾ,  അല്ല മിക്കപ്പോഴും നമ്മൾ അങ്ങിനെയാണ്. ജീവിതത്തിന്റെ  ഒഴുക്കിന് വിഘ്നം വരാതിരിക്കാൻ അങ്ങു ചിരിച്ചുനില്കും. ഉള്ളിൽ എരിയുന്നതു കനലാണെങ്കിലും പകയാണെങ്കിലും മുഖത്ത് ഒരു ചിരി ഒട്ടിച്ചു വച്ചു , "ഞാൻ ഒരു മഹാൻ", അല്ലെങ്കിൽ "ഞാനാണു ആ ത്യാഗമയിയായ വനിത" എന്നൊരു തലക്കെട്ടോടെ.

പക്ഷേ , എന്താണു യാഥാർഥ്യത്തിൽ സംഭവിക്കുന്നത്‌? നമ്മൾ കുഴിച്ചു മൂടുന്നത് നമ്മളെ തന്നെയാണ്. അതൊരു മുഖം മൂടി മാത്രമാണ്. ജീവിതം എന്ന് നാം വിശേഷിപ്പിക്കുന്ന ഈ നാടകത്തിലെ ഒരിക്കലും അഴിച്ചുവക്കുവാൻ ആകാത്ത ഒരു പൊയ്മുഖം. പക്ഷേ, ചിലപ്പോഴെങ്കിലും കാണികളുടെ കയ്യടി നമ്മുടെ നെഞ്ചിലെ കനലിന്ടെ കാഠിന്യം കുറക്കുന്നു. പിന്നെപ്പിന്നെ, കയ്യടികൾക്ക് ശബ്ദം കുറവാണെന്ന് നമുക്ക് തോന്നിത്തുടങ്ങുന്നു. അപ്പോൾ ജീവിക്കതെപോയ ജീവിതത്തെക്കുറിച്ചുള്ള നഷ്ടബോധവും കുറ്റബോധവും നമ്മെ കാർന്നു തിന്നു തുടങ്ങുന്നു. അപ്പോൾ ആണ് നമ്മുടെ വല്യ തെറ്റില്ലാതിരുന്ന പഴയ മുഖം രൗദ്രഭാവം പ്രാപിച്ചു പതിന്മടങ്ങു പ്രത്യാഘാതങ്ങളു മായി കാണികളിലേക്ക് ഇറങ്ങിച്ചെല്ലുന്നത്.

ഫലമോ, നമ്മൾ എന്തിൽ നിന്നും രക്ഷപ്പെടാനാണോ ഈ പൊയ്മുഖം അണിഞ്ഞത് , അത് തന്നെ നമുക്കു നഷ്ടമാവുന്നു.

സുഹൃത്തേ, ഇതു മറ്റാരുടെയും കഥയല്ല, ഒന്ന് ഉള്ളിലേക്കു നോക്കു, എന്ടെയും നിന്റെയും ആടി ഫലിപ്പിക്കാൻ പാടുപെടുന്ന ജീവിതം തന്നെയാണ്.  ജീവിക്കണം, നഷ്ടബോധങ്ങളില്ലാതെ...