ഒരിക്കൽ സ്നേഹിച്ചിരുന്നവർ...
അവർ നിശ്ശബ്ദമായ് പെയ്യുന്ന മഴയാണ്
ജാലകവിരികൾക്കപ്പുറം പ്രണയശൂന്യമാം മരുഭൂമികളിൽ
മണ്ണിനെ ഇറുകെപ്പുണർന്ന്
ആരുമറിയാതെ പെയ്തുവീഴുന്ന മഴ..
ഒരിക്കൽ സ്നേഹിച്ചിരുന്നവർ .. .
അവർക്കൊരുപാട് പറയാനുണ്ടാവും
പാതിവഴിയിൽ നിർത്തിയ വർത്തമാനങ്ങൾ..
പറയാമായിരുന്നുവെന്ന പരിദേവനങ്ങൾ..
പറയേണ്ടിയിരുന്നില്ലയെന്ന കുറ്റബോധങ്ങൾ..
കുമ്പസാരക്കൂടുകളുടെ നെടുവീർപ്പുകൾ..
ഒരിക്കൽ സ്നേഹിച്ചിരുന്നവർ
അവർ ആത്മാവുകൊണ്ട് മൊഴിയുന്നുണ്ടാവും
നീ പടിയിറങ്ങിപ്പോയതു മുതൽക്കാണ്
കവിതകൾ എന്നിൽ പൂക്കാതെയായതെന്ന്,
നിന്റെ സാന്ത്വനമില്ലാഞ്ഞിട്ടാണെൻ
കൺകളിൽ ഉറക്കം ഓടിയെത്താത്തതെന്ന്,
നീയരികിലില്ലാത്തതു കൊണ്ട് മാത്രമെൻ
പകലിരവുകൾ എന്നും മൗനം പുതയ്ക്കുന്നുവെന്ന് ..
ഒരിക്കൽ സ്നേഹിച്ചിരുന്നവർ
നീറുന്ന മുറിവുകൾകൊണ്ട് നെഞ്ചിലെഴുതുന്നുണ്ടാവും..
കൂടെയെത്തുവാൻ നീയില്ലാഞ്ഞിട്ടാണ്
നാം തോളോടു തോൾ ചേർത്തൊരീ ഒറ്റയടിപ്പാതകൾ
വീണ്ടും വിജനമായതെന്ന്,
പാതയോരങ്ങളിൽ അരളികൾ ചിരിച്ചുലയാത്തതെന്ന് ..
മഴപെയ്തൊഴിഞ്ഞിട്ടും മരം പെയ്യാതിരുന്നത് ,
നേർത്ത കാറ്റിലും പൂഞ്ചില്ലകൾ ഉലയാത്തത്,
ഒറ്റമരക്കൊമ്പിൽ ഇണക്കുരുവികൾ കലമ്പാത്തത്
കാലം കറങ്ങാൻ ഒരുവേള മറന്നുനിന്നത്
എല്ലാം .. കൂടെ നീ മാത്രം ഇല്ലാതിരുന്നിട്ടത്രേ .
ഒരിക്കൽ സ്നേഹിച്ചവർ ..
അവർ പരസ്പരം ആൾക്കൂട്ടങ്ങളിൽ തിരയുന്നുണ്ടാവും..
നേർത്ത പ്രതീക്ഷയുടെ തിരിനാളങ്ങളിൽ
അറിയാതെ മിഴി പരതുന്നുണ്ടാവും
അവ്യക്തമായ മുഖങ്ങളിലേയ്ക്ക്
ഒരാവർത്തികൂടി നോക്കുന്നുണ്ടാവും..
തിരികെ നടക്കുമ്പോൾ നനഞ്ഞ കൺകോണുകൾ
അമർത്തിത്തുടയ്ക്കുന്നുണ്ടാവും..
ഒരിക്കൽ സ്നേഹിച്ചവർ..
ഒരിക്കൽ മാത്രം സ്നേഹിച്ചിരുന്നവർ..
ഓർമ്മകളിൽ ഒരിക്കലും ഒറ്റയാവാത്തവർ ..