Saturday, March 25, 2017

എല്ലാ  ദിവസവും മുടങ്ങാതെ പത്രം വായിക്കുക എന്നത് ചെറുപ്പം മുതൽ എനിക്കുള്ള ശീലമാണ് . അന്ന് "മാതൃഭൂമി " ആയിരുന്നു വീട്ടിലെ പത്രം. രാവിലെ തന്നെ അത് അരച്ചു കലക്കി കുടിച്ചില്ലെങ്കിൽ എന്തോ ഒരു വല്ലായ്‌മയായിരുന്നു. മുതിർന്നപ്പോഴും പത്രങ്ങളുടെ പേരുകൾ മാറിയെങ്കിലും ആ ശീലം തുടർന്നുപോന്നു. ഇവിടെയെത്തിയപ്പോൾ , അത് ഓൺലൈൻ പത്രങ്ങളിലേക്കു മാറി. എന്നിരുന്നാലും എല്ലാ ദിവസവും നാട്ടിലെ വിശേഷങ്ങളറിയാൻ സ്ഥിരം ഇതിനു മുന്നിലിരിക്കുക ശീലമായിരുന്നു, ഏതാനും ആഴ്ചകൾ മുൻപ് വരെ.

ഈയിടെയായി പത്രം വായന ഞാൻ നിർത്തിയിരിക്കുകയാണ്. കാരണം അവ  എന്റെ പേടിസ്വപ്നങ്ങളായി മാറിയിരിക്കുന്നു. ഉറക്കത്തിനിടയിൽ ഞെട്ടി എഴുന്നേറ്റു എന്റെ കുഞ്ഞുങ്ങൾ കിടക്കുന്ന മുറികളിൽ ഞാൻ വീണ്ടും വീണ്ടും പോയി നോക്കുന്നു, ശാന്തമായുറങ്ങുന്ന അവരെ കാണുമ്പോൾ ആശ്വസിക്കുന്നു. ഞാൻ നാട്ടിലല്ല എന്ന സ്വാർത്ഥ ചിന്ത ഇപ്പോൾ എന്നെ അല്പം സ്വസ്ഥമാക്കുന്നുണ്ട്.

കുറച്ചുനാളുകളായി പത്രം തുറന്നാൽ കാണുന്ന വാർത്തകൾ മനസ്സിൽ തീ കോരിയിടുകയാണ്. വർഗ്ഗീയതയും പീഡനങ്ങളും പിന്നെ അവയുടെ നിറം പിടിപ്പിച്ച വിശദീകരണങ്ങളും മാത്രമായിരിക്കുന്നു വാർത്തകളിൽ . ഒരു പടി കൂടെ കടന്ന് കുഞ്ഞുങ്ങൾ ആത്മഹത്യ ചെയ്യുന്ന ഒരു നാടായി നമ്മൾ "പുരോഗമിച്ചിരിക്കുന്നു".  ജീവിതത്തിൻടെയും മരണത്തിന്റെയും ഇടയിലുള്ള നൂൽപാലത്തിലൂടെ നടക്കാനുള്ള മാനസികാവസ്ഥയിലേക്ക് നമ്മുടെ കുഞ്ഞുങ്ങളെ കൊണ്ടെത്തിക്കുന്നവർ എല്ലാം കണ്ടു അട്ടഹസിച്ചു നിൽക്കുന്നു. 
നിയമവും ന്യായവും വിപരീത ദിശകളിലൂടെ നടക്കുമ്പോൾ കഥകൾ ആവർത്തിക്കപ്പെടുകയാണ്. 

ജീവിതത്തെ തിരിച്ചറിയും മുൻപേ വെറും "ശരീരങ്ങൾ" മാത്രമായി  മുദ്ര ചെയ്യപ്പെടുകയാണ് ആൺപെൺ ഭേദമില്ലാതെ നമ്മുടെ കുഞ്ഞുങ്ങൾ. ചുറ്റിവരിയുന്ന ഭീകരങ്ങളായ കൈകൾക്ക് അച്ഛനെന്നോ മുത്തച്ഛനെന്നോ അധ്യാപകനെന്നോ വകതിരിവില്ലാതെയായിരിക്കുന്നു. നിശബ്ദമാക്കപ്പെടുന്ന നിലവിളികൾ അടുത്തടുത്ത് വരുന്നു.  പുതിയ ഇരകളെ കിട്ടുമ്പോൾ പഴയവയെ മറന്ന് കൂടുതൽ  വാണിജ്യ തന്ത്രങ്ങൾ മെനഞ്ഞു മാധ്യമരാജാക്കന്മാരും കൊഴുക്കുന്നു . ചാനലുകളിൽ ഉറ്റവരുടെ തേങ്ങലുകൾ വിലപേശപ്പെടുന്നു .

കശക്കിയെറിയപ്പെടുന്ന ഓരോ കുരുന്നിലും ഞാൻ എന്റെ കുഞ്ഞുങ്ങളുടെ മുഖമാണ് കാണുന്നത് . കണ്ണടച്ച് ഇരുട്ടാക്കുക എന്ന എന്റെ പഴയ തന്ത്രം ഇനി വിലപ്പോകില്ലെന്നു ഞാൻ തിരിച്ചറിയുന്നുണ്ട് . ഉറക്കത്തിന്റെ ഓരോ നിമിഷാർത്ഥത്തിലും കണ്ണീരണിഞ്ഞ ഈ മുഖങ്ങൾ എനിക്കു നേരെയും കൈ ചൂണ്ടുന്നുണ്ട് , " ഞങ്ങൾക്കു വേണ്ടി എന്തു  ചെയ്തു " എന്ന് .

കാലഹരണപ്പെട്ട നിയമപുസ്തകങ്ങൾ കത്തിച്ചു കളയുക, ഓരോ കുഞ്ഞിനു മേലും ചാടിവീഴുന്നവനു ജീവന്റെ  ആനുകൂല്യം നൽകാതിരിക്കുക, അവരെ പരസ്യമായി ഇഞ്ചിഞ്ചായി കൊന്നുതീർക്കുക, ഇനിയൊരു കൈയ്യും നമ്മുടെ കുഞ്ഞുങ്ങളെ അടർത്താൻ ഉയരാതിരിക്കണം . മരണം മുന്നിലെത്തുന്ന നിസ്സഹായാവസ്ഥ ആ ശവംതീനികൾ അനുഭവിക്കണം  .  വിടരും മുൻപേ കൊഴിഞ്ഞു പോയ നമ്മുടെ കുഞ്ഞുങ്ങൾക്കു വേണ്ടി ഇതെങ്കിലും ചെയ്യണം. വേദനകളില്ലാത്ത ഏതോ ലോകത്തിരുന്നു ആ കുഞ്ഞുങ്ങൾ നമ്മുടെ നിർവികാരതയെ ചോദ്യം ചെയ്യുന്നുണ്ടാവും. 




Friday, March 17, 2017

ഇത്രയും കാലത്തിനിടക്ക് ഒട്ടനവധി "ദിനങ്ങള്‍" ആഘോഷിക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്, വനിതാദിനം,അമ്മ ദിനം, കുട്ടികളുടെ ദിനം അങ്ങനെ നിരവധി. ഇതു വരെ ആഘോഷിക്കാത്ത ഒരു ദിനമാണ് ഏതായാലും ഇന്നു ആഘോഷിച്ചത്. " താങ്ക്യൂ ഡ്രൈവര്‍ ഡേ". എല്ലാ ദിവസവും നമ്മെ സുരക്ഷിതരായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ബസ്‌ ഡ്രൈവര്‍ മാരോടും ട്രെയിന്‍ ഡ്രൈവര്‍ മാരോടും നന്ദി പറയാനുള്ള ഒരു ദിനം.

ഒരു സ്ഥിരം ബസ്സ്‌/ട്രെയിന്‍ യാത്രക്കാരി ആയതു കൊണ്ടും അവരുടെ സ്നേഹപൂര്‍ണവും ബഹുമാനപുരസ്സരവുമായ പെരുമാറ്റത്തെ അങ്ങേയറ്റം വിലമതിക്കുന്നതുകൊണ്ടും ഈ ആഘോഷത്തിനു എനിക്കു പതിവുള്ള എതിര്‍പ്പൊന്നും തോന്നിയില്ല.

രാവിലെ തത്രപ്പെട്ട് ബസ്‌സ്റ്റോപ്പിലേക്ക് ഓടിവരികയാണ് എന്‍റെ പതിവ്. ബസ്സ്‌    നിര്‍ത്തി വാതില്‍ തുറക്കുമ്പോള്‍ തന്നെ, ഡ്രൈവര്‍ നമ്മുടെ നേരെ നോക്കി പുഞ്ചിരിക്കുന്നു, വിശേഷങ്ങള്‍ ചോദിക്കുന്നു,  പ്രായമായവരെയും കുട്ടികളെയും കൊണ്ടു യാത്രചെയ്യുന്നവരെയും ക്ഷമാപൂര്‍വ്വം സഹായിക്കുന്നു, ഇതൊക്കെ കാണുമ്പോള്‍ കുറച്ചു സമയത്തേക്ക് എങ്കിലും എന്‍റെ മനസ്സും തണുക്കുന്നു.

അതുകൊണ്ടു തന്നെ, ഇന്നു രാവിലെ കണ്ട ആദ്യത്തെ ഡ്രൈവറോട് ഉള്ളില്‍ തട്ടി ഒരു നന്ദി പറയുകയും ചെയ്തു. സീറ്റില്‍ ഇരുന്നപ്പോള്‍ കണ്ടു,  കയറുന്ന പല യാത്രക്കാരും നന്ദി പറയുന്നത്, ഒരു സ്കൂള്‍ കുട്ടി ഒരു പൂവു സമ്മാനിക്കുന്നു. തല പതിയെ താഴ്ത്തി, ഡ്രൈവര്‍ ഒരു പുഞ്ചിരിയോടെ തിരിച്ചും നന്ദി പറയുന്നു.

വേണമെന്നു കരുതിയിട്ടല്ല അറിയാതെയാണെങ്കിലും എന്‍റെ ഓര്‍മ പെട്ടെന്നു നാട്ടിലേക്കു വണ്ടി കയറി.

ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്തു, എന്‍റെ പേടിസ്വപ്നങ്ങളായിരുന്നു സ്ഥിരം പോകുന്ന ബസിലെ ഡ്രൈവറും കണ്ടക്ടറും. രാവിലെ ബസില്‍ കയറാന്‍ തുടങ്ങുമ്പോള്‍ മുതല്‍ കോളേജില്‍ എത്തുന്നതു വരെ ഇവരുടെ ലീലാവിലാസങ്ങള്‍ സഹിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. കാരണം "എസ് ടി" എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വിദ്യാര്‍ഥി ടിക്കറ്റില്‍ ആണല്ലോ നമ്മള്‍ യാത്ര ചെയ്യുന്നത്. ഏറ്റവും ഒടുവിലേ ബസ്സില്‍ കയറാവു, സീറ്റ്‌ കണ്ടാലും ഇരിക്കരുത്, ഇതെല്ലാം പോരാഞ്ഞിട്ട്കയറുമ്പോഴും ഇറങ്ങുമ്പോഴും വാതിലില്‍ നില്‍കുന്ന "കിളി" യുടെ വക വേറെയും. പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട്, എന്തിനാണ് ഇങ്ങനോരാള്‍ ആ വാതിലില്‍ നില്‍കുന്നതെന്ന്.
ഇതിനിടയില്‍ ഒരിക്കല്‍ അരുതാത്തത് പറഞ്ഞ ഒരു കണ്ടക്ടറെ നിലയ്ക്ക്നിര്‍ത്താന്‍ കോളേജ്  യുണിയന്റെ സഹായം തേടെണ്ടിയും വന്നിട്ടുണ്ട്. ചുരിക്കിപ്പറഞ്ഞാല്‍ , ആ കാലഘട്ടത്തെ വില്ലന്മാര്‍ ഇവരായിരുന്നു.
അപ്പോഴത്തെ എന്‍റെ വല്യ മോഹങ്ങളായിരുന്നു ഫുള്‍ ടിക്കറ്റെടുത്ത്ആ ബസ്സില്‍ ഇരുന്നു യാത്ര ചെയ്യുക എന്നതും ,പിന്നെ, നടു നിവര്‍ത്തിനിന്നു ഇക്കൂട്ടരോടു രണ്ടുപറയുക എന്നതും

ഇതിനിടയിലും അപൂര്‍വമായി പൂക്കുന്ന നീലക്കുറിഞ്ഞിപോലെ ചില ബസ്സുകാരും ഉണ്ടായിരുന്നു, ചീത്ത പറയാത്ത അപൂര്‍വ്വം ചിലര്‍.

ഇപ്പോഴുംഇങ്ങനെ തന്നെയാണോ നാട്ടില്‍ എന്നു എനിക്കറിയില്ല. അതോ ഇക്കാലമത്രയും കൊണ്ടു നമ്മുടെ ബസ്സുകാരും മാറിയോ ആവോ.

ഇവിടത്തെപ്പോലെ അവിടെ ആകാന്‍ പറ്റില്ല എന്നറിയാം, എന്നാലും മനുഷ്യനു മനുഷ്യനോടുള്ള കാഴ്ചപ്പാടില്‍ മാറ്റം വരുത്താനാവില്ലേ ഏതു നാടായാലും?  രാവിലെ സ്വന്തം കാശു കൊടുത്തു ബസ്സില്‍ കയറുന്ന യാത്രക്കാരനു പോകേണ്ടത് ജോലിസ്ഥലത്താവാം, സ്കൂളില്‍ ആവാം, ഒരു പക്ഷേ അത്യാസന്ന നിലയില്‍ പ്രതീക്ഷയറ്റു കിടക്കുന്ന ഒരു രോഗിയുടെ അടുത്താവാം, എവിടെയായാലും മുഖത്തു നോക്കുമ്പോള്‍ അവര്‍ക്കു കിട്ടുന്ന ആ ഒരു മന്ദഹാസത്തിനു വലിയ വിലയുണ്ട്‌.

മലയാളിയുടെ സ്വന്തം ലാലേട്ടന്‍ ആ പരസ്യത്തില്‍ പറയുന്നതുപോലെ, ഒന്നു ശ്രമിക്കൂ, "പുഞ്ചിരിക്കൂ പരസ്പരം ". 

Friday, March 10, 2017

ഓരോ ജൂലൈ മാസവും എനിക്കു പുനര്‍ജനികളാണ്. ഇവിടെ മധ്യവേനല്‍ അവധിക്കാലമായതുകൊണ്ട് നാട്ടിലേക്കു പോകാന്‍ കിട്ടുന്ന സുവര്‍ണാവസരങ്ങള്‍ആണ് അത്. അവസരത്തിനൊത്ത് ഉയരുന്ന വിമാന ടിക്കറ്റ്‌ തുക വല്ലപ്പോഴും നമ്മെ നോക്കി പല്ലിളിക്കുമെങ്കിലും രണ്ടുവർഷത്തിലൊരിക്കൽ  നാട്ടിലോട്ടു ഒരു തീര്‍ഥാടനം നടത്താറുണ്ട്‌. ഇത്തവണത്തെ ജൂലൈ ആ ഭാഗ്യം എനിക്കു തന്ന് മാടിവിളിച്ചുകൊണ്ടിരിക്കുന്നു.

ടിക്കറ്റ്‌ എടുത്തുകഴിഞ്ഞാല്‍, കഴിഞ്ഞ ദിവസം രാജീവേട്ടന്‍ എഴുതിയതുപോലെ, മറ്റു കുറേ ചടങ്ങുകള്‍ കൂടി ഞങ്ങള്‍ പ്രവാസികള്‍ക്കുണ്ട്.  ഏതു കടയില്‍ ചെന്നാലും അവിടെക്കാണുന്ന ബൊമ്മകളില്‍ നമ്മുടെ പ്രിയപ്പെട്ടവരെ സങ്കല്‍പിച്ചു അവര്‍ക്കായി ഓരോന്നു വാങ്ങിക്കൂട്ടുക, ജോലിസ്ഥലത്തേക്ക് അങ്ങോട്ടും  ഇങ്ങോട്ടുമുള്ള യാത്രകളില്‍ വെറുതെ അവധിക്കാലപരിപാടികള്‍ കണക്കുകൂട്ടുക, (അതില്‍ പത്തു ശതമാനം പോലും പ്രാവര്‍ത്തികമാകില്ലെങ്കിലും), പിന്നെ നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചു നമ്മുടെ വരവ് നേരത്തെ തന്നെ അറിയിക്കുക അങ്ങനെ പലതും.

അങ്ങനെ ടിക്കറ്റ്‌ എടുത്തുകഴിഞ്ഞപ്പോള്‍ പതിവുപോലെ കഴിഞ്ഞദിവസം ഞാന്‍ പഴയ ഡയറി തപ്പിയെടുത്തു ഓരോരുത്തരെയായി നാട്ടില്‍ വിളിച്ച് എന്‍റെ വരവറിയിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ ഇന്ദിരാ ആന്‍റിയെ  വിളിച്ചപ്പോള്‍ , ആന്‍റിയുടെ ശബ്ദതിനെന്തോ പഴയ പ്രസരിപ്പില്ല. ആകെ എന്തോ സങ്കടം പോലെ.

"മോള്‍ക്ക് അവിടെ സുഖം ആണോ? "  , ആ ചോദ്യത്തിന് പതിവുപോലെ , " ആ, നന്നായി പോകുന്നു ആന്‍റി" എന്നു ഞാന്‍.  ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം ആന്‍റി ചോദിച്ചു, " മോള്‍ എത്ര ഭംഗിയായി കള്ളം പറയുന്നു. എനിക്കറിയാം നിനക്കവിടെ വല്യ പാടാണെന്ന്". ഞാന്‍ അമ്പരന്നുപോയി. ആന്‍റി തുടര്‍ന്നു, " അങ്കിള്‍ പറഞ്ഞല്ലോ, നീ എന്തൊക്കെയോ എഴുതുന്നുണ്ട്, ഫേസ് ബുക്കിലോ മറ്റോ, നിന്‍റെ അനുഭവങ്ങള്‍, ജീവിതം ആകെ താറുമാറാണ് എന്നൊക്കെ" എന്താണ് സംഭവിക്കുന്നതെന്ന് അപ്പോള്‍ എനിക്കു മനസ്സിലായി. "അങ്ങനൊന്നുമില്ല ആന്‍റി, അതൊക്കെ വെറും കഥകളാണ്, കഥയുള്ള കഥയില്ലായ്മകളാണ്" പിന്നെയും എന്തൊക്കെയോ ഞാന്‍ പറഞ്ഞു, മൂളിമൂളി കേട്ടതല്ലാതെ അപ്പുറത്തുനിന്നും കാര്യമായ പ്രതികരണം എനിക്കു കിട്ടിയില്ല.

ഫോണ്‍ വച്ചു തിരിയുമ്പോള്‍ ഞാന്‍ ഓര്‍ത്തു, അവധിക്കാലത്തെക്കുള്ള എന്‍റെ പ്രവര്‍ത്തനപട്ടികയില്‍ ഒരെണ്ണം കൂടി ആയിരിക്കുന്നു. എത്ര പേരോട് വിശദീകരണം പറയണം എന്നു മാത്രം ഇനി ആലോചിച്ചാല്‍ മതി. സ്വയംകൃതാനര്‍ത്ഥം, അത്ര തന്നെ.

തല്‍കാലത്തേക്ക് ഇത് ഭര്‍ത്താവിനോടു പറയേണ്ട എന്നു ഞാന്‍ തീരുമാനിച്ചു. എന്‍റെ കഥാപാത്രങ്ങളുടെ  ഭാരം പേറാന്‍ വിധിക്കപ്പെട്ട ആ പാവത്തിന്‍റെ  ഒരു സായാഹ്നം വെറുതെ നഷ്ടമാക്കെണ്ടല്ലോ.

എന്തായാലും ഇനി മുതല്‍ ഒരു ഡിസ്ക്ലൈമര്‍ ഇടുകയാണ്, " എന്‍റെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല, എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കില്‍ അതു യാദൃശ്ചികം മാത്രം. ഇത് എന്‍റെ ജീവചരിത്രവുമല്ല"

മനസ്സമാധാനം, അതാണല്ലോ വലുത്..

Wednesday, March 8, 2017



നന്നേ ക്ഷീണിച്ചിരുന്നുവെങ്കിലും തല അല്പം ഉയർത്തിപ്പിടിച്ചുതന്നെയാണ് കയ്യിലൊരു റോസാപ്പൂവുമായി വൈകുന്നേരം വീട്ടിൽ വന്നു കയറിയത്.  അപ്പോഴാണ് യാതൊരു ഭാവഭേദവുമില്ലാതെ വീട്ടുകാരൻ ചോദിക്കുന്നത്, "ഇതെന്താ പൂവൊക്കെയായിട്ട്?". ശരിക്കും ഉയർത്തിപ്പിടിച്ചിരുന്ന തല കഴുത്തൊടിഞ്ഞ ചെടി പോലെ കുനിഞ്ഞുപോയി. കാറ്റു കുത്തിവിട്ട ബലൂണിനെപ്പോലെ ഞാനും ചുളുങ്ങിപ്പോയി.  കാരണമുണ്ട്, രാവിലെ റെയിൽവേ സ്റ്റേഷനിൽ "മെട്രോ" വിൽക്കാൻ നിന്നിരുന്ന സ്വദേശിയായ വെള്ളക്കാരൻ മുതൽ ട്രെയിനിൽ തൊട്ടടുത്തിരുന്ന സഹയാത്രികൻ, സ്ട്രീറ്റ് മുറിച്ചുകടക്കുമ്പോൾ എതിരെ വന്ന തീർത്തും അപരിചിതനായ മറ്റൊരാൾ, എല്ലാവരും ഒരേ ഈണത്തിൽ ഇന്നു പറഞ്ഞ ഒരു കാര്യമുണ്ട് , "ഹാപ്പി വിമൻസ് ഡേ.."

 പഴയ ഏതോ സിനിമയിലെ ഡയലോഗ് പോലെ "മറന്നു അല്ലെ.." എന്നു ചോദിക്കണമെന്നു തോന്നി, പിന്നെ , ആവശ്യമില്ലാത്ത സംസാരം നമ്മുടെ ഊർജം വ്യർത്ഥമാക്കുമെന്ന തിരിച്ചറിവ് ഈ അടുത്ത നാളുകളിലെപ്പോഴോ  കൈവന്നതിനാൽ ആ ശ്രമം ഞാൻ ഉപേക്ഷിച്ചു.

വനിതകൾ ഭൂരിപക്ഷമുള്ള, വനിതകൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയിൽ ജോലി ചെയ്യുന്നതുകൊണ്ടാവും ഈയിടെയായി ഇതൊക്കെ ഞാൻ കൃത്യമായി ഓർത്തുവയ്ക്കുന്നത്.  അല്ലെങ്കിൽ വനിതാദിനം എൻറെ ചിന്തകളെയൊന്നും അത്ര ബാധിക്കാറില്ലായിരുന്നു.

വനിതകൾക്കായി വർഷത്തിൽ ഒരു ദിനമെങ്കിലും വേണ്ടേ എന്ന ചോദ്യത്തിന് പകരമായി , വനിതകൾ ഇല്ലാത്ത ഒരു ദിനമെങ്കിലും നമുക്ക് ജീവിതത്തിൽ സങ്കല്പിക്കാനാകുമോ എന്ന് ചോദിക്കാനാണ് എനിക്കിഷ്ടം. രാവിലെ ഉണരുമ്പോൾ അലാം അഞ്ചു മിനിറ്റ് കൂടി സ്നൂസ് ചെയ്തു പുതപ്പിനടിയിലേക്കു ചുരുണ്ടുകൂടാൻ നമ്മുടെ പുരുഷപ്രജകൾക്കു ധൈര്യം കൊടുക്കുന്നത്, "അവൾ എഴുന്നേറ്റു പൊയ്ക്കോളും" എന്ന ആത്മവിശ്വാസമാണ്. പാതിരാത്രിക്ക് ഉറങ്ങി പുലർച്ചെ എഴുന്നേൽക്കുമ്പോൾ "നാളെ മുതൽ കുട്ടിക്കുള്ള ഉടുപ്പുകൂടി എടുത്തു വച്ചിട്ട് കിടക്കണം, അല്ലെങ്കിൽ രാവിലെ എനിക്കു ബുദ്ധിമുട്ടാണ്" എന്ന് പറയിക്കുന്നതും ഇതേ ആത്മവിശ്വാസം തന്നെ. എൻറെ നന്മമരങ്ങൾ ക്ഷമിക്കുക,അടച്ചാക്ഷേപമല്ല, ചില ദൈനംദിന കാഴ്ചകളാണ് കേട്ടോ.

എന്നു കരുതി, നാളെ മുതൽ രാവിലെ ബെഡ്‌കോഫിയുമായി നിൽക്കുന്ന ഭർത്താവിനെ കണികാണണം എന്ന ആഗ്രഹമൊന്നും ഞാനുൾപ്പെടെയുള്ള ഭാര്യമാരുടെ വിദൂര സ്വപ്നങ്ങളിൽപോലും ഇല്ല. "നിന്റെ സാന്നിധ്യം ഞാൻ അറിയുന്നുണ്ട്" എന്നു ഒന്നു ബോധ്യപ്പെടുത്തിയാൽ മാത്രം മതി. സ്വന്തം അസ്തിത്വം അംഗീകരിക്കപ്പെടുക എന്ന ഏതൊരു ജീവിയുടെയും  മൗലികാവകാശം അതിന്റെ ഏറ്റവും ചെറിയ അളവിലെങ്കിലും സാധിച്ചുകിട്ടിയാൽ സന്തോഷമായി.

ഇങ്ങനെയുള്ള നിരവധി ചിന്തകൾ തലയിലൂടെ പായുമ്പോൾ ആണ് മോൻ പറയുന്നത്, "ഇന്ന് വിമൻസ് ഡേ അല്ലെ , ഇന്നത്തെ കിച്ചൺ ജോലികൾ അച്ഛന്റെ വക, 'അമ്മ വിശ്രമിക്കട്ടെ" . അത് കേട്ടപ്പോൾ അറിയാതെ കണ്ണിൽ ഒരു നനവ് പടർന്നു, സ്ത്രീകളെ രക്ഷപ്പെടുത്തണമെങ്കിൽ നമ്മുടെ ആൺകുട്ടികളെ ബോധവത്കരിക്കണം എന്നു എവിടെയോ വായിച്ചതാണ് ശരി.ഓരോ കുസൃതിക്കുരുന്നിലും  പ്രതീക്ഷക്കു വകയുണ്ട് , ശീലിപ്പിച്ചെടുക്കണം നമ്മൾ ..