Thursday, April 23, 2015

മരണമെത്തുന്ന നേരത്തു .....

അതൊരു വല്ലാത്ത ഗാനമാണ്, "മരണമെത്തുന്ന നേരത്തു നീയെന്‍റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ..." നമ്മുടെ ചെവിയിലൂടെ കയറി, മനസ്സിന്‍റെ  ഓരോ ഇഞ്ചിലും കടന്നു ചെന്നു ഒരു നീറ്റലായി, നമ്മുടെ ചിന്തകളെ ഇറുക്കിപ്പിടിച്ചു, കണ്ണുകളില്‍ എവിടെയോ ഒരു നനവു പൊടിയിച്ചു, അലിഞ്ഞലിഞ്ഞു ഇല്ലാതാവുന്ന ഗാനം.

മരണം മിക്കപ്പോഴും അങ്ങനെയാണ്, എത്ര പെട്ടെന്നാണ് ജീവിതങ്ങള്‍ മാറി മറിയുന്നത്. എന്‍റെ ഓര്‍മകളില്‍ എന്നും കണ്ണീരു പൊടിക്കുന്ന ഒരു മരണം എന്‍റെ അമ്മാവന്റെതാണ്. പോലീസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. എന്‍റെ കുട്ടിക്കാലത്തെ അവധിക്കാലങ്ങളും പെരുന്നാളുകളും സമ്പന്നമായിരുന്നത് അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും നഗരത്തില്‍ നിന്നുള്ള വരവോടെയാണ്. സ്നേഹതോടെയല്ലതെയുള്ള ഒരു ഓര്മ പോലും എനിക്ക് ഇല്ല. അങ്ങനെ എന്‍റെ ഒന്‍പതാം ക്ലാസ്സിലെ അവധിക്കാലത്ത്‌ ഞങ്ങള്‍ അങ്ങോട്ടു പോകാന്‍ തീരുമാനിച്ചു. അതൊരു റംസാന്‍ നോമ്പുകാലം ആയിരുന്നു, ഒരു പെസഹ വ്യാഴാഴ്ച ,തലേ ദിവസം തന്നെ എല്ലാം കെട്ടിപ്പെറുക്കി ഇടാനുള്ള ഉടുപ്പുകളും എടുത്തു വച്ചു ഞങ്ങള്‍ കുട്ടികള്‍  ഉറങ്ങാന്‍ കിടന്നു. എറണാകുളത്തു ചെന്നാലുള്ള വിസ്മയക്കാഴ്ചകള്‍ കണ്ണുകളില്‍ നിറച്ചു എപ്പോഴോ ഉറങ്ങിപ്പോയി.

അര്‍ദ്ധരാത്രി അവിചാരിതമായി  കോളിംഗ് ബെല്‍ മുഴങ്ങി, പപ്പ വാതില്‍ തുറക്കുമ്പോള്‍ അപരിചിതരായ രണ്ടു പേര്‍, ഒരു പോലീസ് ജീപ്പും. പപ്പായോടു അവര്‍ രഹസ്യമായി എന്തോ പറഞ്ഞു, തലയില്‍ കൈവച്ചു പപ്പ തളര്‍ന്നിരിക്കുന്നത് കണ്ടു. പിന്നീട് കൂട്ടക്കരച്ചിലായി, അങ്ങനെയാണു ഞങ്ങള്‍ കുട്ടികള്‍ അറിഞ്ഞത്‌, അങ്കിള്‍ മരണപ്പെട്ടിരിക്കുന്നു. അതൊരു നടുക്കമായിരുന്നു വളരെക്കാലത്തേക്ക്. കുറ്റവാളികള്‍ പിടിക്കപ്പെടുകയും അതുപോലെതന്നെ രക്ഷപ്പെടുകയും ചെയ്തു. ആ  കുടുംബത്തിന്റെ ജീവിതവും മാറിമറിഞ്ഞു.

പിന്നീടു, ഇവിടെ കാല്‍ഗരിയില്‍ എത്തിയ ശേഷം കേട്ട നടുക്കുന്ന ഒരു ഓര്‍മ ഒരു സുഹൃത്തിന്‍റെ മകന്‍റെ മരണമായിരുന്നു. ഒരു മോട്ടോര്‍ ബൈക്ക് അപകടം. ഒരു അമ്മയുടെ ഹൃദയം തകര്‍ന്ന കരച്ചില്‍ ഇപ്പോഴും തുടരുന്നു.

ജീവിതം അങ്ങനെയങ്ങനെ , മരണമില്ലാത്ത എത്രയോ ഓര്‍മ്മകള്‍..

ഒറ്റക്കിരിക്കുമ്പോള്‍ ഓരോ ദിവസവും ഓരോ ചിന്തകളായി.......... ചിന്തകളുടെ ഗതി മാറ്റാന്‍  മനസ്സില്‍ വര്‍ണം നിറച്ചു  റഫീക്ക് അഹമ്മദിന്‍റെ വരികള്‍ വീണ്ടും ഉയര്‍ന്നു പൊങ്ങുന്നുണ്ട്, "വാതിലില്‍ ആ വാതിലില്‍....."

Thursday, April 16, 2015

പുറത്തു കത്തുന്ന വെയിലാനെങ്കിലും താപനില കുറവുതന്നെ. എന്‍റെ ഈ വലിയ ചില്ലുവാതിലിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ കിട്ടുന്ന ഊര്‍ജമാണ് എന്നെ വീണ്ടും വീണ്ടും എന്തെങ്കിലും ഒക്കെ കുത്തിക്കുറിക്കാന്‍ പ്രേരിപ്പിക്കുന്നത്.

പക്ഷെ , എഴുതാന്‍ ഇരുന്നാല്‍ ഏതൊരു പ്രവാസിയും പോലെ "ഗൃഹാതുരത്വം" എന്നെയും പിടികൂടുന്നു. ഏതു വിഷയവും കുറേക്കഴിയുമ്പോള്‍ മടുക്കുന്ന നമുക്ക് ഇത് മാത്രം എന്താണാവോ എന്നും അമൃതായി നില്‍കുന്നത്?

ഇന്നലെയും ഉറങ്ങാന്‍ കിടന്നപ്പോള്‍ എന്‍റെ മനസ്സില്‍ തെളിഞ്ഞതു ആ പാടവരമ്പത്തുള്ള വീടും മരങ്ങള്‍ നിറഞ്ഞ പറമ്പും പാടത്തിനപ്പുറം ഒഴുകുന്ന തോടും ഒക്കെത്തന്നെ. ഓര്‍മ്മകള്‍ എന്താണ് നമ്മളെ വിട്ടുപോവാത്തത്?

എന്‍റെ കുട്ടിക്കാലത്തു ഞങ്ങള്‍ക്കൊരു പശുക്കിടാവുണ്ടായിരുന്നു. നെറ്റിയില്‍ വെള്ളച്ചുട്ടിയുള്ള ഒരു കറുമ്പന്‍. "മണിക്കുട്ടന്‍" എന്നായിരുന്നു അതിന്‍റെ പേര്. മൂന്നു നാല് വര്‍ഷം ഞങ്ങള്‍ അതിനെ വളര്‍ത്തി, ഞങ്ങള്‍ കുട്ടികള്‍ ആയിരുന്നു അതിനു പുല്ലും വയ്ക്കോലും കൊടുത്തു ലാളിച്ചിരുന്നത്. കുറേ നാള്‍ കഴിഞ്ഞപ്പോള്‍ അതിനെ മറ്റാര്‍ക്കോ കൊടുത്തു. അന്ന് അതിന്‍റെ കയര്‍ അവരെ ഏല്‍പ്പിക്കുമ്പോള്‍ മണിക്കുട്ടന്‍ മുഖം തിരിച്ചു കരഞ്ഞുകൊണ്ടിരുന്ന ഞങ്ങളെ ദയനീയമായൊന്നു നോക്കി. അലറിക്കരഞ്ഞു നടന്നുപോയ ആ പശുക്കിടാവ്‌ വളരെ നാള്‍ എന്‍റെ ഉറക്കം കെടുത്തി. പിന്നീട് ഞങ്ങള്‍ അവിടെനിന്നും വേറെ സ്ഥലത്തേക്കു മാറി.  പിന്നെയും എത്രയോ വളര്‍ത്തു മൃഗങ്ങള്‍, എങ്കിലും ആ ദയനീയമായ മുഖം എപ്പോള്‍ ഒക്കെയോ ഓര്‍മകളില്‍ കടന്നു വരുന്നു.

ബാല്യം ചവിട്ടിതീര്‍ത്ത നടവഴികള്‍, കളിച്ചു മറിഞ്ഞ പാടവരമ്പുകള്‍, കണ്ണിമാങ്ങയുടെയും ഇഞ്ചി മാങ്ങയുടെയും സ്വാദു നിറഞ്ഞ വൈകുന്നേരങ്ങള്‍, ഓര്‍മ്മകള്‍ അനവധിയാണ്. 

പണ്ടു ആരോ പറഞ്ഞതു പോലെ  ജീവിതം സുന്ദരവും സുരഭിലവും ആയി നില്‍കുമ്പോള്‍ ഒരിക്കലും ഓര്‍മ്മകള്‍ നമുക്ക് ഉണ്ടാവുന്നില്ല. ഏകവും വര്‍ണരഹിതവും ആകുമ്പോള്‍ അവ നമ്മെ കാര്‍ന്നു തിന്നുന്നു.