Saturday, December 17, 2022

അപ്പാർട്മെന്റിൽ നിന്നും അവസാനവട്ട പാക്കിങ്ങും കഴിഞ്ഞു ഓഫീസിലേക്ക് അയാളെത്തുമ്പോൾ സമയം വൈകിയിരുന്നു .  സീറ്റിലേക്കെത്തുമ്പോൾ പതിവുപോലെ തലപൊക്കി അവൾ ശുഭദിനം ആശംസിച്ചില്ല . എന്തോ തിരക്കുകളുള്ളതുപോലെ അവൾ ഭാവിക്കുകയാണെന്ന് അയാൾക്ക്‌ മനസ്സിലായി .


" ഇന്നുകൂടിയെ നിനക്ക് എന്നോട് ഗുഡ്മോർണിംഗ് പറയാൻ പറ്റൂ , മറക്കേണ്ട കേട്ടോ " ഒരു ചെറുചിരിയോടെ അയാൾ അവളോട് പറഞ്ഞു .

അവൾ തലയുയർത്തിനോക്കി ഒരു വരണ്ട ഗുഡ് മോർണിംഗ് പറഞ്ഞു. വിടർന്ന ആ നീലക്കണ്ണുകൾ ചിരിയൊഴിഞ്ഞു ,അഗാധമായ രണ്ടു ജലാശയങ്ങൾ പോലെ തോന്നിച്ചു . അടുക്കും ചിട്ടയുമില്ലാതെ അവൾ എന്തൊക്കെയോ ചിലമ്പിച്ച സ്വരത്തിൽ സംസാരിച്ചു. ആ കണ്ണുകൾ ഇടയ്ക്കിടെ നിറഞ്ഞും ഒഴിഞ്ഞും കൊണ്ടിരുന്നു .

പതിവുപോലെ വീട്ടിലെ എന്തെങ്കിലും ചെറിയ സങ്കടങ്ങളിലാവും അവളുടെ മനസ്സ് മുങ്ങിപ്പോയിരിക്കുക എന്നാണ് സാധാരണയായി അയാൾ അനുമാനിക്കുക. അത് കേട്ടിരിക്കുക മാത്രമേ താൻ ചെയ്യേണ്ടതുള്ളൂ എന്നും ഈ മൂന്നു വർഷത്തിനിടയിൽ അയാൾ മനസ്സിലാക്കിയിരുന്നു..


എന്നാൽ ഇന്നത്തെ ദിവസ്സം  എന്തു മറുപടി പറഞ്ഞാലും അവൾക്കു സമാധാനമാകില്ല എന്നറിയാവുന്നതുകൊണ്ടു തന്നെ വാക്കുകൾ കൊണ്ട് മായാജാലം കാണിക്കാനൊന്നും അയാൾ  മുതിർന്നില്ല . എഴുന്നേറ്റ്  അടുത്തേയ്ക്കു ചെന്ന് അവളെ മുറുകെ ഒന്നു കെട്ടിപ്പിടിച്ചു . അപ്രതീക്ഷിതമായതുകൊണ്ടാവും ഒരു നിമിഷത്തെ അമ്പരപ്പ് അവളുടെ മുഖത്തു മിന്നിമറഞ്ഞത് .

ഓളങ്ങളടങ്ങിയ ശാന്തമായ കടലുപോലെ അവൾ മൗനിയായി അയാളുടെ മുഖത്തേയ്ക്കു തന്നെ ഉറ്റുനോക്കി . "ഇനിയെന്നാണ് ..?" വാക്കുകൾ മുഴുമിപ്പിക്കാനാവാതെ ആ കണ്ണുകളിൽ നീര് പൊടിഞ്ഞു . തിരക്കുകൂട്ടി ഫയലുകൾ പായ്ക്ക് ചെയ്യാൻ ഇതിനോടകം തുടങ്ങിയിരുന്ന അയാൾ  തലയുയർത്തി നോക്കി . ആഴ്ചകൾക്കു മുൻപേ ഈ തീരുമാനം വന്നപ്പോൾ തന്നെ  ഈ നിസ്സഹായമുഹൂർത്തം  പ്രതീക്ഷിച്ചിരുന്നതാണ് . എന്നിട്ടും നെഞ്ചിലെവിടെയോ ഒരു ഭാരം കയറ്റിവച്ചതുപോലെ.

മൂന്നു വർഷമായി ഈ അവർ ഇരുവരും ഓഫീസിലെ ഒരേ മുറി പങ്കിടാൻ തുടങ്ങിയിട്ട് .  പ്രോജക്ടിന്റെ ഭാഗമായി പുതിയൊരു രാജ്യത്ത്, അതും സ്ത്രീബാഹുല്യമുള്ള ഈ  ഓഫീസിലേയ്ക്ക് വരുമ്പോൾ അയാൾക്ക് അല്പം പരിഭ്രമങ്ങളൊക്കെ ഉണ്ടായിരുന്നു . ചിരിച്ചുകൊണ്ട് മാത്രം സംസാരിക്കുന്ന ഇവളെ കണ്ടപ്പോൾ ആണ് അയാളുടെ മനസ്സൊന്നു തണുത്തത് . പുതിയ ഓഫീസും അന്തരീക്ഷവും ഒക്കെ പതിയെ ജീവിതത്തിനെ ശാന്തമായ ഒരു തീരത്ത് അല്പനേരത്തേക്കെങ്കിലും ചേർത്തുനിർത്തിയതുപോലെ അയാൾക്കു  തോന്നി.

പക്ഷേ ആ ആശ്വാസമൊന്നും അധികനാൾ നീണ്ടുനിന്നില്ല. യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു ടെക്സ്റ്റ് മാത്രമയച്ചു ജീവിതത്തിന്റെ പാതിവഴിയിൽ വച്ച് കുഞ്ഞിനെയുമെടുത്തു ഭാര്യ യാത്ര പറഞ്ഞിറങ്ങിപ്പോയ ദിവസ്സം ഇന്നും അയാളുടെ കണ്മുന്നിലുണ്ട് . ഒരേ സ്വപ്‌നങ്ങൾ പങ്കിട്ടെടുത്തു ജീവിതം തുടങ്ങിയവർ  ബന്ധത്തിന്റെ അവസ്സാനകണ്ണിയും അറുത്തുമാറ്റി വളരെപ്പെട്ടെന്നാണ്  തികച്ചും അപരിചിതരെപ്പോലെ വഴിപിരിഞ്ഞത് .

കോടതിയിൽ നിന്നും  ഓഫീസിൽ മടങ്ങിയെത്തിയപ്പോൾ ആ വിഷയത്തെക്കുറിച്ചൊന്നും  അവൾ ചോദിച്ചില്ല . മറ്റൊരാളുടെ തികച്ചും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുന്നതിലെ അനൗചിത്യം കൊണ്ടാവും അതെന്നാണ് അയാൾ കരുതിയത്. പിറ്റേന്ന്  ഉച്ചസമയത്തെ ഇടവേളയിൽ  നടക്കാനിറങ്ങുമ്പോൾ അവൾ പറഞ്ഞു, "വിരോധമില്ലെങ്കിൽ ഇന്ന് എന്റെ കൂടെ ആ പുഴയോരത്തുകൂടി നടക്കാം".

ശരത്കാലത്തെ നേർത്ത തണുപ്പുള്ള കാറ്റ് മുടിയിഴകളെയെല്ലാം ഉലയ്ക്കുന്നുണ്ടായിരുന്നു. മരങ്ങളുടെ ചില്ലകളിൽനിന്നും മഞ്ഞനിറമുള്ള ഇലകൾ അവിടവിടെയായി കൊഴിഞ്ഞുവീണുകൊണ്ടിരുന്നു. കാറ്റ് നദിയിൽ കുഞ്ഞോളങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. അവൾ ചൂണ്ടിക്കാണിച്ച ഒരു ബെഞ്ചിൽ അവ നോക്കിയിരിക്കവേ അവൾ പറഞ്ഞു.
"നിനക്കറിയുമോ , ആ നദിയിലൂടൊഴുകുന്ന വെള്ളം പോലെയാണ് ജീവിതം. ഒരു ചെറിയകാറ്റു മതി ശാന്തമായ ആ ഒഴുക്കിനു തടസ്സം സൃഷ്ടിക്കാൻ. കാറ്റായും മഴയായും വേനലായും ഓരോരോ സമയങ്ങളിൽ ആ ഒഴുക്ക് അലോസരപ്പെടുത്തിക്കൊണ്ടിരിക്കും. അവയൊന്നും മറികടക്കാൻ പുഴയ്ക്കാവില്ല, അല്പം ഗതിമാറി പുഴ ഒഴുകിക്കൊണ്ടേയിരിക്കും, അവസാനതുള്ളി വെള്ളം വരെ. ജീവിതവും അതേ , ഉള്ളിലേയ്‌ക്കെടുക്കുന്ന ശ്വാസം നിലയ്ക്കും വരെ നമുക്കും ജീവിച്ചേ മതിയാവൂ. നമുക്ക് മാറ്റാനാവാത്തവയെ അവിടെവിട്ടു മുന്നോട്ടുപോവണം. പറയാൻ എളുപ്പമാണ്, പ്രാവർത്തികമാവണമെങ്കിൽ നമ്മൾ തന്നെ മനസ്സുവെക്കണം,"

കഥയില്ലാത്തവളെന്ന് പലപ്പോഴും മനസ്സിൽ തോന്നിയിട്ടുള്ള ഒരുവളുടെ ആ വലിയവാക്കുകൾകേട്ട് അയാൾ അത്ഭുതപ്പെട്ടു.  അതൊരു ദൃഢമായ സൗഹൃദത്തിന്റെ തുടക്കമായിരുന്നു. പിന്നീടെപ്പോഴോ ആൾക്കൂട്ടത്തിനു നടുവിൽ ഒറ്റപ്പെട്ടുപോയ സ്വന്തം ജീവിതത്തെക്കുറിച്ചു അവൾ പരാമർശിച്ചു. അബദ്ധമെന്നു തോന്നിയിട്ടാവണം അധികമൊന്നും വിശദീകരിക്കാതെ വേഗം ഫയലുകളിലേയ്ക്ക് മുങ്ങിത്താഴുകയും ചെയ്തു.
 
കഴിഞ്ഞാഴ്ച സുഖമില്ലാതെ രണ്ടുമൂന്നു ദിവസ്സം ലീവെടുത്തു വയ്യാതെ കിടക്കുമ്പോളാണ് അവളുടെ ടെക്സ്റ്റ്  മെസ്സേജ് വന്നത് , "ആർ യൂ ആൾറൈറ്റ് ?" . മറുപടിയിൽ നിന്നും,  പനിയാണോ എന്ന് ഒന്ന് തൊട്ടുനോക്കാൻ പോലും ആരുമില്ലാത്ത ഒരാളെ അവൾക്ക് മനസ്സിലായിട്ടുണ്ടാവും . അരമണിക്കൂറിനുള്ളിൽ അപാർട്മെന്റിന്റെ കതകിൽ മുട്ടി അവളെത്തി , അലങ്കോലമായിക്കിടന്ന അടുക്കളയിൽ കയറി  ഭക്ഷണമുണ്ടാക്കി , ബാക്കി ഫ്രിഡ്ജിൽ വച്ച് തിരക്കിട്ടു പോകാനിറങ്ങുമ്പോൾ പറഞ്ഞു, "നിനക്ക്  വയ്യെന്നറിയാം, പക്ഷേ അധികസമയം നിൽക്കാൻ പറ്റില്ലാ , കുട്ടികളെ ഡേ കെയറിൽ നിന്നും പിക്ക് ചെയ്യണം ". പോകാനിറങ്ങുമ്പോൾ  എന്തോ ഓർത്തെന്നപോലെ തിരികെ  അരികിൽ വന്നിരുന്നു നെറ്റിമേൽ കൈവെച്ചു നോക്കിപ്പറഞ്ഞു , "വേഗം ശരിയാവും . നീയില്ലാതെ ഓഫീസിൽ ഒരു രസമില്ല ".

വാതിലിനപ്പുറം അവൾ മറഞ്ഞപ്പോൾ അയാൾ ഓർത്തു, എത്ര അപ്രതീക്ഷിതമായാണ് ജീവിതത്തിലേയ്ക്ക് ചില മനുഷ്യർ ചാടിക്കയറിവരുന്നത്, നമ്മെ ചേർത്തുപിടിയ്ക്കുന്നത് ! 

പ്രൊജക്റ്റ് തീർന്നപ്പോൾ തിരികെ ഹെഡോഫീസിലേയ്ക്ക് മടങ്ങാനായിരുന്നു അയാളുടെ തീരുമാനം. ഇനിയും രക്തം കിനിയുന്ന ഓർമ്മകളിൽനിന്നും  രക്ഷപ്പെടാനുള്ള ആഗ്രഹമാണ് അയാളെ ആ തീരുമാനത്തിന് പ്രേരിപ്പിച്ചത് . ഇവിടെത്തന്നെ പുതിയൊരു പ്രോജക്ടിലേയ്ക്ക് ക്ഷണം കിട്ടിയെങ്കിലും അയാൾ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു.

ഒരാഴ്ച്ച മുൻപ് തീരുമാനമറിയിച്ച ടീം  മീറ്റിംഗ് കഴിഞ്ഞപ്പോൾ അവളുടെ സ്ഥായിയായ പുഞ്ചിരി മാഞ്ഞിരുന്നു. " എന്റെ കുഞ്ഞു സന്തോഷങ്ങളും സങ്കടങ്ങളും കേൾക്കാൻ നിന്നോളം ക്ഷമയുള്ള ആരും ഉണ്ടായിരുന്നില്ല . എവിടെയായാലും സന്തോഷമായിരിക്കൂ ." 

അന്നുമുഴുവൻ മൗനത്തിന്റെ പുറന്തോടിനുള്ളിൽ അവർ മത്സരിച്ചു ഒളിച്ചുകളിച്ചു.    പതിവുപോലെ പുറത്തു പെയ്യുന്ന മഞ്ഞിന്റെ മായക്കാഴ്ചകളിലേയ്ക്ക്  കസേര വലിച്ചിട്ടിരുന്ന്  അവൾ ചായ മൊത്തിക്കുടിച്ചില്ല..മഞ്ഞയിലകൾ പൊഴിഞ്ഞു ശൂന്യമായ ചില്ലകളുമായി  തണുത്തുവിറച്ചു നിൽക്കുന്ന മരങ്ങളെ കരുണയോടെ നോക്കിയില്ല.  ഓഫീസ് സമയം കഴിഞ്ഞു മടങ്ങാൻ നേരം  ജാക്കറ്റും ബൂട്സുമൊക്കെ വലിച്ചുകയറ്റുമ്പോൾ " സ്ഥിരതയില്ലാത്ത ഈ കാലാവസ്ഥയെ ഞാൻ വെറുക്കുന്നു " എന്ന് ആരോടെന്നില്ലാതെ  പിറുപിറുത്തുകൊണ്ടിരുന്നു..

പിന്നീടുള്ള അഞ്ചു ദിവസ്സങ്ങൾ, കാലാവസ്ഥാ പ്രവചനം തെറ്റിച്ചു ചില നേരങ്ങളിൽ മഞ്ഞുകാറ്റ് ആഞ്ഞടിക്കുകയും ചിലപ്പോൾ വളരെ പൊടുന്നനെ  അവ നിലച്ചു അന്തരീക്ഷം തെളിയുകയും ചെയ്തുകൊണ്ടിരുന്നു. പ്രോജക്ടിന്റെ അവസാന പണികളും തീർത്തു എല്ലാവരും യാത്രപറയലുകൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. മൂന്നുവർഷത്തെ സഹവാസം തന്ന സൗഹൃദങ്ങളും ഓർമ്മകളും മനസ്സിലേക്കെടുത്തു പലരും പലവഴി പിരിയുകയാണ്.

ഓഫീസിൽ നിന്നിറങ്ങുമ്പോൾ പെട്ടെന്ന്അ വൾ  പറഞ്ഞു, "ക്യാബ് ക്യാൻസൽ ചെയ്തേക്കൂ, ഞാൻ എയർപോർട്ടിൽ  വിടാം".    

പെട്ടികളെടുത്തു അപാർട്മെന്റിന്റെ വാതിൽപൂട്ടുംമുൻപ് അയാൾ ഒരു നിമിഷം കണ്ണടച്ചുനിന്നു. മോന്റെ  കളിചിരികൾ എവിടെയൊക്കെയോ ഉയർന്നു കേൾക്കുന്നതുപോലെ.  ഇനിയൊരു മടങ്ങിവരവ് ഉണ്ടാവുമോ, അറിയില്ല.

താഴെ കാറുമായി അവൾ  കാത്തുനിൽക്കുന്നുണ്ടായിരുന്നു. എയർ പോട്ടിലേക്കുള്ള യാത്രയിൽ അവൾ ചിരിച്ചു തമാശകൾ പറയാൻ ശ്രമിച്ചുകൊണ്ടിരുന്നു.  കാർ പാർക്കുചെയ്ത് ഗേറ്റുവരെ  കൂടെ വന്നു.  യാത്രപറഞ്ഞു പിരിയാനൊരുങ്ങവേ അടുത്തുവന്ന് ഇറുകെ കെട്ടിപ്പിടിച്ചു , ' ഞാൻ നിന്നെ ശരിക്കും മിസ് ചെയ്യും, യൂ വെയർ ദി മോസ്റ്റ് ബ്യൂട്ടിഫുൾ സീസൺ ഹാപ്പെൻഡ് ടു  മീ".  പറയാൻ ബാക്കിവെച്ച വാക്കുകൾ അവർക്കിടയിൽ മൗനമായി പൊഴിഞ്ഞുവീണു ,  കണ്ണുകളിൽ ഒരു തിരയൊളിപ്പിച്ചു അവൾ  തിരിഞ്ഞുനടന്നു.  

പുറത്തു, ആകാശത്തുനിന്നും മാലാഖമാരെപ്പോലെ നേർത്ത മഞ്ഞുകണങ്ങൾ ഭൂമിയിലേയ്ക്ക് പെയ്തിറങ്ങിക്കൊണ്ടിരുന്നു. അവ മൃദുലമായൊരു വെള്ളപ്പട്ടു  കൊണ്ട്  ഭൂമിയിലെ നിറങ്ങളെയും നിയമങ്ങളെയും അല്പനേരത്തേയ്ക്കു  മൂടിവെച്ചു .  


Thursday, December 8, 2022

പത്തുദിവസ്സമായി സുഖവാസത്തിലാണ് ... ജോലിക്കുപോവേണ്ട, വീട് നോക്കേണ്ട, ഭക്ഷണമുണ്ടാക്കേണ്ട , വെറുതെയാണോ നമ്മൾ പെണ്ണുങ്ങൾ ഈ  പനിക്കാലത്തെ  ഇത്രകണ്ടങ്ങു സ്നേഹിക്കുന്നത് 😍. 


വല്ലപ്പോഴുമൊരിക്കൽ ഫ്ലൂ വരുന്നത് നല്ലതാണ്, ഒരു വിശ്രമത്തിന്, അലച്ചിലുകളിൽ നിന്നുള്ള മോചനത്തിന് , ഒറ്റയ്ക്കിരിക്കാൻ, പുറത്തു മഞ്ഞുപെയ്യുമ്പോൾ ഇളം ചൂടുള്ള പുതപ്പിനടിയിൽ കിടന്ന്  കണ്ണുമാത്രം പുറത്തുകാണിച്ചു ജനാലയിലൂടെ  അത് കണ്ട് ആസ്വദിക്കാൻ - സംശയമില്ലാ, ചിലപ്പോഴെല്ലാം ഇത് നല്ലതാണ്. ഇടയ്ക്കിടെ ദേഹം മുഴുവൻ ഉലച്ചുകളയുന്ന ഈ  ചുമയുടെ വന്യതാളം കൂടി ഇല്ലായിരുന്നെങ്കിൽ  ഫ്ലൂവിനെ ഞാൻ അങ്ങ് വല്ലാതെ പ്രണയിച്ചുപോയേനേ..


പനിക്കാലം ശരിക്കുമൊരു മായക്കാലം കൂടിയാണ്..തലേന്ന് വരെ വീട്ടിൽ ഓടിനടന്ന് (ആ ദൂരം നേരെ നടന്നിരുന്നെങ്കിൽ ഞാനെല്ലാം എന്നേ നന്നായിപ്പോയേനേ 😂), പലതരം വേഷങ്ങൾ ആടിത്തിമിർത്തിട്ടും ആരാലും ശ്രദ്ധിക്കപ്പെടാത്ത നമ്മൾ പെട്ടെന്ന് താരമാവുന്ന ദിനം. പല കാരണങ്ങളുണ്ട് അതിനു പിന്നിൽ. വീട്ടിനുള്ളിലെ മാന്ത്രികക്കൈകൾ വളരെപ്പെട്ടെന്ന് അപ്രത്യക്ഷമാകുമ്പോൾ ഉണ്ടാകുന്ന ചില അസ്വസ്ഥതകൾ ;  തീന്മേശമേൽ നിരന്നിരുന്ന വിഭവസമൃദ്ധിയുടെ കുറവ്, കൈനീട്ടുന്നിടത്തു എത്താത്ത ലഞ്ച് ബാഗുകൾ, പിറ്റേന്നത്തേയ്ക്കുള്ള തേച്ചുമടങ്ങാത്ത  വസ്ത്രങ്ങൾ, പിന്നെ നഷ്ടമാവുന്ന വൈകിട്ടത്തെ സ്നേഹബഹളങ്ങൾ നിറഞ്ഞ ഊണുമേശനിമിഷങ്ങൾ...


ഇതൊന്നുമല്ലാത്ത വേറേ കുറച്ചു സ്വാതന്ത്ര്യങ്ങൾ കൂടി പനിക്കാലം നമുക്ക് കൊണ്ടുവന്നു തരുന്നുണ്ട് . രാവിലെ അലാമിന്റെ അലർച്ച കേട്ട് ഞെട്ടി എണീറ്റ് അടുക്കളയിലേക്ക് ഓടേണ്ടാ, ജോലിക്കു പോവാൻ തിരക്കു കൂട്ടണ്ടാ , പകരം പ്രണയം നിറച്ചു പ്രിയതമൻ കൊണ്ടുവരുന്ന കാപ്പി നമ്മളെ പുതിയ പുലരിയിലേയ്ക്ക് സ്വാഗതം ചെയ്യും (വേറെനിവൃത്തിയില്ലല്ലോ എന്ന ഡയലോഗ് ഇതിനോട് ചേർത്ത് വായിക്കണം 😏) ജോലിക്കു പോവും മുൻപ് ഭക്ഷണമൊക്കെ നമ്മുടെ അരികെയെത്തിക്കാൻ അദ്ദേഹവും മക്കളും മത്സരിക്കും, മരുന്ന്, ബാം, ആവി പിടിക്കൽ, പുസ്തകങ്ങൾ, സിനിമകൾ  ഇതൊക്കെ റെഡി ആയി നമുക്ക് മുന്നിലെത്തും. എന്ന് കരുതി ഇതൊന്നും കണ്ട് കണ്ണുനിറഞ്ഞു മനസ്സുനിറയുകയൊന്നും വേണ്ട, ഇതെല്ലാം തന്ന് നമ്മൾ ഒന്നെണീറ്റിട്ടുവേണം അവർക്ക് പഴയ സുഖങ്ങളിലേയ്ക്ക് തിരിച്ചുപോവാൻ 🙂 


ഇത്തവണത്തെ പനിക്കാലം ഇതൊന്നുമല്ലാത്ത വേറെയും ചില അത്ഭുതങ്ങൾ എന്നെ കാണിച്ചു തന്നു. 


എല്ലാവരും പോയി വീട്ടിൽ നമ്മൾ തനിച്ചാവുന്ന സമയങ്ങളുണ്ടല്ലോ, കണ്ണടച്ച് മൗനമായി കിടക്കുമ്പോൾ നമ്മുടെ വീട് നമ്മോടു സംസാരിക്കുന്നതുപോലെ തോന്നും. പുറത്തു മഞ്ഞുപെയ്യുന്നതിന്റെയും കാറ്റുവീശുന്നതിന്റെയും ഒക്കെ ചെറിയ അനക്കങ്ങളിൽ വീട് അതിന്റേതായ ഭാഷയിൽ നമ്മളോട് എന്തൊക്കെയോ പറയുന്നുണ്ട്. അകത്തളങ്ങളിലെ ചെടികൾ അന്വേന്യം കുശലം ചോദിക്കുന്നുണ്ട്.ജാലകവിരികൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യ രശ്മികൾ പറയുന്ന പുറംകഥകൾ അവയെല്ലാരും കൗതുകപൂർവ്വം കേട്ടിരിക്കുന്നുണ്ട്. 


ചുരുക്കത്തിൽ , ആളൊഴിഞ്ഞവീട് ഒരു മാന്ത്രികക്കൊട്ടാരമാണ് ..


ഓരോ ദിവസ്സവും ഞാൻ പകലുറക്കത്തിൽ  നിന്നെണീക്കുമ്പോൾ എന്റെ ചെടികളും വീടും എന്നെക്കാത്തിരിക്കുന്നുണ്ടാവും. "രണ്ടുദിവസ്സമായി എനിക്ക് വെള്ളം കിട്ടിയിട്ട്" എന്ന് മുല്ലച്ചെടി എന്നോട് പരിഭവം പറഞ്ഞു. വൈകിട്ട് മോൻ വരുമ്പോൾ പറയാമെന്ന് ഞാൻ അവളെ സമാധാനിപ്പിച്ചു. "നീ മുകളിലത്തെ ഇട  വഴിയിൽ പൊട്ടിച്ചുവെച്ച എന്റെ തൈകൾ മൊട്ടിട്ടു" എന്നു ക്രിസ്മസ് ക്യാക്ടസ് തുള്ളിച്ചാടിപ്പറഞ്ഞു. മണിപ്ലാന്റും ഐവിയുമെല്ലാം വിശേഷങ്ങൾകൊണ്ട് തിക്കുകൂട്ടി . അത്ര നേരം മിണ്ടാതിരുന്ന വീട് , അവരെ സ്നേഹപൂർവ്വം ശകാരിച്ചു, "അവൾക്കു വയ്യാത്തതല്ലേ, ഇന്നലെ രാത്രി എന്തൊരു ചുമയായിരുന്നു, ഒന്ന് കണ്ണടച്ചിട്ടില്ല. നിങ്ങളിങ്ങനെ ശല്യം ചെയ്യല്ലേ ". 


ഞാൻ തല അല്പം ഉയർത്തിവച്ചു അവളെ നോക്കി പുഞ്ചിരിച്ചു. "നീ കേട്ടോ ഞാൻ ചുമയ്ക്കുന്നത്?". "പിന്നല്ലാതെ, ഞങ്ങൾ വീടുകൾ രാത്രി ഉറങ്ങാറില്ല, രാത്രി മുഴുവൻ നിങ്ങൾക്ക്  കാവലിരിക്കും, ഞങ്ങളെ വിശ്വസിച്ചല്ലേ നിങ്ങൾ ഉറങ്ങുന്നത്,  നിങ്ങളുടെ പരിഭവങ്ങൾ, സന്തോഷങ്ങൾ, സ്വപ്‌നങ്ങൾ എല്ലാം ഞങ്ങളിങ്ങനെ കണ്ടുനിൽക്കും"  


ഞാൻ ഒറ്റയാവുന്ന പകലുകളിൽ ഓരോ ദിവസ്സവും ഓരോ കഥകൾ വീടിങ്ങനെ പറഞ്ഞുകൊണ്ടിരുന്നു. "കഴിഞ്ഞ ദിവസ്സം നീയെന്താണ് കുട്ടികളോട് അങ്ങനെ സംസാരിച്ചത്, അവർക്കു സങ്കടം വന്നിട്ടുണ്ടാവില്ലേ" എന്നൊക്കെ ഇടയ്ക്കിടെ എന്നെ ഉപദേശിച്ചുകൊണ്ടിരുന്നു. ഉപദേശം പണ്ടേ ഇഷ്ടമല്ലെങ്കിലും അവളെന്നോട് സംസാരിക്കുമ്പോൾ ഒരു അമ്മത്തലോടൽ എനിക്ക് അനുഭവപ്പെട്ടതുകൊണ്ടാവാം ഞാനതെല്ലാം മൂളിമൂളി കേട്ടുകൊണ്ടിരുന്നു. 


ചുമ വല്ലാതെ ശല്യം ചെയ്ത ഇന്നലത്തെ രാത്രിക്കു ശേഷം ഇന്ന് എഴുന്നേൽക്കാൻ വൈകിയിരുന്നു. ഇന്നലെ ചുമമൂലം എഴുന്നേറ്റിരുന്നപ്പോളെല്ലാം അടുത്തുകിടന്ന് ഒന്നുമറിയാതെ ഉറങ്ങുന്ന ഭർത്താവിനോട് അൽപ്പം ദേഷ്യം തോന്നിയിരുന്നു.


കണ്ണുതുറന്ന് വെറുതെകിടക്കുമ്പോൾ ആണ് വീട് എന്നോട്  ചോദിച്ചത്, "ഇന്നലെ രാത്രി ആകെ ദേഷ്യത്തിൽ ആയിരുന്നല്ലോ " എന്ന്.


"അതിപ്പോൾ ആർക്കായാലും ദേഷ്യം വരില്ലേ, ഒരാൾ  ഉണർന്നിരിക്കുമ്പോൾ എങ്ങനെ മറ്റേയാൾക്കു ഉറങ്ങാൻ തോന്നുന്നു, സ്നേഹമില്ലാഞ്ഞിട്ടല്ലേ ?" അതിനൊരു മറുചോദ്യം കൊണ്ടാണ് വീട് എന്നെ നേരിട്ടത് , "അപ്പോൾ കഴിഞ്ഞ മൂന്നു രാത്രികൾ അയാൾ ഉറങ്ങാതിരുന്നതോ?". അതിനു ഞാൻ മറുപടി പറഞ്ഞില്ല, അല്ലെങ്കിലും ഉത്തരമില്ലാത്തവയെ ഒക്കെ മൗനം കൊണ്ടാണല്ലോ ഞാൻ പണ്ടേ നേരിടാറുള്ളത്. 


വീട് എന്നെ വിടുന്ന ഭാവമില്ല, "അല്ല ഞാൻ ചോദിക്കട്ടെ,  എന്താണ് ഒരാൾക്ക് മറ്റൊരാളോടുള്ള ഈ സ്നേഹത്തിന്റെ നിർവ്വചനം?". 


ഈ പനിക്കിടക്കയിൽ കിടക്കുന്ന എന്നോട് തന്നെ നീ ഇത് ചോദിക്കണം എന്ന ദയനീയഭാവത്തിൽ ഞാനൊന്ന് തലപൊക്കി നോക്കി. ഇനിയിപ്പോൾ എന്റെ അലമാരയിലെ പുസ്തകങ്ങളൊക്കെ ഞാനില്ലാത്തപ്പോൾ ഇവളെടുത്തു വായിച്ചോ എന്ന് ഞാൻ സംശയിച്ചു. അത് മനസ്സിലാക്കിയിട്ടെന്നവണ്ണം അവളെന്നോട് പറഞ്ഞു, "ഇതൊരു കാലികപ്രസക്തമായ ചോദ്യമായിക്കണ്ടാൽ മതി" 


സ്നേഹം- പറയുമ്പോൾ വളരെ നിസ്സാരമായ പദം, അവനവന്റെ യുക്തിക്കും ബുദ്ധിക്കും അനുസരിച്ചു നിർവ്വചിച്ചു നമ്മൾ ഏതാണ്ട് നശിപ്പിച്ച മനോഹരമായ പദം. പെട്ടെന്ന് മാധവിക്കുട്ടിയും എം ടി യും കെ ആർ മീരയും ഒക്കെ എന്റെ തലയിലേയ്ക്ക് ഒരുമിച്ചു കയറിവന്നു, അവർക്കും എനിക്കും മനസ്സിലാകാത്ത ഏതൊക്കെയോ കടുകട്ടി നിർവ്വചനങ്ങളിൽ   ഞാനൊന്ന് ചാഞ്ഞിരുന്നു. 


വർഷങ്ങളായി പല ജീവിതങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന വീട് എന്നെ നോക്കി പുച്ഛഭാവത്തിൽ ചിരിച്ചു, എന്നിട്ട് ഓരോരോ സംഭവങ്ങൾ എടുത്തു പുറത്തേക്കിട്ട് "അതിലെവിടെയാണ് നീ ഇപ്പറഞ്ഞ സ്നേഹം ഇരിക്കുന്നത്?" എന്നെന്നെ വെല്ലുവിളിച്ചു. ഓരോ ദിനവും പകലന്തിയോളം ഞാൻ ചെയ്യുന്ന കാര്യങ്ങൾ എണ്ണിപ്പറഞ്ഞു ഞാൻ അതിനെ ഖണ്ഡിക്കാൻ നോക്കി. പരിഹാസം ഉള്ളിലൊളിപ്പിച്ചു അവളെന്നോട് ചോദിച്ചു, "ഇതൊക്കെ നീ വെറുതെ ചെയ്യുന്നതാണെന്നാണോ? ഇതിനെല്ലാം നീ പകരം പ്രതീക്ഷിക്കുന്നില്ലേ ? അപ്പോൾ അതെങ്ങനെ സ്നേഹമാവും? അതൊരു തരം കച്ചവടമല്ലേ, ഒരു തരം  കൊടുക്കൽ വാങ്ങൽ ? ". ആലോചിച്ചു നോക്കിയപ്പോൾ  എനിക്ക് വീണ്ടും ഉത്തരം മുട്ടി. ശരിയാണ്, എല്ലാത്തിന്റെയും പിന്നിൽ തിരികെ കിട്ടുമെന്ന പ്രതീക്ഷയാണ്.


ചിന്തയെ തടസ്സപ്പെടുത്തി മദ്ദളം കൊട്ടുന്നതുപോലെയുള്ള ചുമയുടെ വരവായപ്പോൾ ഞാൻ എഴുന്നേറ്റിരുന്നു., "മടുത്തു, നീ തന്നെ പറയൂ , എന്താണ് സ്നേഹം?"  


ചുമച്ചു അവശയായ എന്നെ വീട് ചേർത്ത് പിടിച്ചു, ഞങ്ങളുടെ രണ്ടാളുടെയും സംസാരം കേട്ടുകൊണ്ടിരുന്ന കുഞ്ഞു ചെടികളെ ഒന്ന് തലോടി, എന്നിട്ട് മെല്ലെപ്പറഞ്ഞു, "സ്നേഹം വളരെ ലളിതമാണ്,  ഒരു കിളിക്കൊഞ്ചൽ പോലെ മധുരമാണ്, ചില നേരങ്ങളിൽ നേരിയ നൊമ്പരമാണ്, ഇതിനെല്ലാം ഉപരിയായി  അത് എപ്പോഴും  നിന്നെ നീയായി നിലനിർത്താൻ സഹായിക്കുന്ന കരുതലാണ്.  നീ ഇടയ്ക്കിടെ ആത്മാവിലേയ്ക്ക് ആവാഹിച്ചെടുക്കുന്ന  എം ടിയുടെ മഞ്ഞിൽ പറഞ്ഞതുപോലെ, സ്നേഹം യാതൊന്നും ആഗ്രഹിക്കുന്നില്ല, അതിൽ പിടിച്ചുവാങ്ങലുകളില്ല  ".


ഞാൻ അമ്പരപ്പോടെ, ഏറെ ആദരവോടെ എന്റെ വീടിനെ ഒന്ന് നോക്കി, ഒട്ടനവധി ജീവിതാനുഭവങ്ങളിൽ നിന്നും പകർത്തെടുത്ത ഒരേടുമായി അവളിങ്ങനെ നിവർന്നു നിൽക്കുകയാണ് , എനിക്ക് അവളെ മുറുകെക്കെട്ടിപ്പിടിക്കാൻ തോന്നി.


പെട്ടെന്നാണ് കതകു തുറന്ന് ഭർത്താവ് അകത്തേയ്ക്കു വന്നു നെറ്റിമേൽ  കൈവെച്ചു "ഇന്നെങ്ങനെയുണ്ട് " എന്ന് ചോദിച്ചത് . ആ കയ്യിൽ പിടിച്ചു ഞാൻ ആ കണ്ണുകളിലേയ്ക്ക് നോക്കി, "ഇന്ന് വൈകിട്ട് എവിടെയോ പോകണമെന്ന് പറഞ്ഞിരുന്നല്ലോ, പോയില്ലേ ?" ഒന്ന് ചിരിച്ചിട്ട് ആൾ പറഞ്ഞു, "നിനക്ക് വയ്യാത്തപ്പോൾ ഞാൻ പോയാൽ പിന്നെ നിനക്ക് അത് സങ്കടമാവില്ലേ. അത് കൊണ്ട് പോയില്ല ".


"അല്ല, പൊയ്ക്കോളൂ , ഞാൻ ഇവിടെയിരുന്നോളാം". അത്ഭുതത്തോടെ ഭർത്താവ് എന്നെ ഒന്ന് നോക്കി. തലയിണ ഒന്ന് നേരെയാക്കി ചാഞ്ഞിരുന്നിട്ട് ഞാൻ പറഞ്ഞു, "ശരിക്കും സ്നേഹമെന്നാൽ നമ്മൾ ഒരാളെ അയാളായിരിക്കാൻ കാണിക്കുന്ന കരുതലാണ് ". ആ മുഖത്തെ സംശയം കണ്ടുകൊണ്ട്  ഞാൻ തുടർന്നു , "ഇത് ഞാൻ പറഞ്ഞതല്ല, ഒരുപാട് ജീവിതം കണ്ട നമ്മുടെ വീടു പറഞ്ഞതാണ്" . അന്തം വിട്ടു നിന്ന ആളുടെ കയ്യിൽ പിടിച്ചു ഞാൻ കുലുക്കി, "ശരിക്കും വീടുകൾക്ക് എന്തോരം കഥകളറിയാമെന്നോ , എന്തു നന്നായിട്ടാണവ സംസാരിക്കുന്നത് " 


കൈ വിടുവിച്ചു വാതിലിലേയ്ക്ക് നടന്ന ആൾ തിരിഞ്ഞു നിന്ന് ചിരിച്ചുകൊണ്ടു പറഞ്ഞു, "തെറ്റ് എന്റേതാണ് , നിന്റെ ഈ രോഗത്തിന് ഫാമിലി ഡോക്ടറെ  കണ്ടാൽ മതിയാകുമെന്നു വിചാരിച്ചു , ഇതിനൊരു സൈക്കോളജിസ്റ്റ് തന്നെ വേണം  ". 


"സത്യമായിട്ടും വീട് .....", ഞാൻ ഒരു പിന്തുണയ്ക്കായി തിരിഞ്ഞു വീടിനുനേരെ നോക്കി, ഒന്ന് ചിരിക്കുകപോലും ചെയ്യാതെ അവൾ നിശ്ചലമായി നിൽക്കുകയാണ്, എന്നാലും എനിക്കവളോട് ഒരുപാടു  സ്നേഹം തോന്നി, അടുത്തതായി എന്ത് കഥയാവും അവളുടെ മാന്ത്രികപ്പെട്ടിയിൽ എനിക്കായി കാത്തുവെച്ചിട്ടുണ്ടാവുക എന്നോർത്തു ഞാൻ കാതോർത്തിരുന്നു....