Sunday, February 19, 2017

മൈ ലൈഫ് ഈസ് മൈ വൈഫ് ..


വല്ലപ്പോഴും ആണ് കാൽഗരിയിൽ ഒരു മലയാളം സിനിമ വരുന്നത്. എപ്പോൾ വന്നാലും എന്റെ കുഞ്ഞനിയൻ സന്ദീപ് കൃത്യമായി ഞങ്ങളെ അറിയിക്കുകയും ചെയ്യും. അങ്ങനെയാണ് ഇന്നലെ ഉച്ചകഴിഞ്ഞു "മുന്തിരിവള്ളികൾ തളിർക്കുമ്പോൾ" കാണാൻ ഇറങ്ങിയത്.

ഒരു സിനിമ മുഴുവൻ കണ്ടിരിക്കുക എന്നെ സംബന്ധിച്ചിടത്തോളം വളരെ ക്ലേശകരമായ പണിയാണ്. എനിക്കതിനുള്ള ക്ഷമയില്ല എന്നതു തന്നെ കാരണം. എന്നിരുന്നാലും കഴിയുമ്പോൾ എല്ലാം മക്കളെയും കൂട്ടി ഞങ്ങൾ ഇറങ്ങാറുണ്ട്. അതിനു പിന്നിൽ ഒരു ഗൂഢോദ്ദേശ്യവും ഉണ്ടെന്നു കൂട്ടിക്കോളൂ. അത് മറ്റൊന്നുമല്ല, മലയാളികളുടെ ഒരു വലിയ കൂട്ടം കാണാൻ കിട്ടുന്നതു മിക്കവാറും അവിടെയാണ്. കുറെ മലയാളം കേൾക്കാം, പുതിയ കുറേപ്പേരെ പരിചയപ്പെടാം, അങ്ങനെ തികച്ചും സ്വാർത്ഥമായ ചില ഉദ്ദേശങ്ങളുമായാണ് ഞാൻ ഈ സാഹസത്തിനു മുതിരുന്നത്.

പോകുന്നവഴി ചെറുതായി മഞ്ഞുപെയ്യുന്നുണ്ടായിരുന്നു. ആ കാഴ്ച നല്ല ഭംഗിയാണ് , നമ്മുടെ മുഖത്തേക്ക് നനുത്തമഞ്ഞിൻ കണങ്ങൾ പാറിവീഴുന്നതുപോലെ. ഞങ്ങൾക്ക് രണ്ടാൾക്കും ഇത്തരം ഡ്രൈവ് വല്യ ഇഷ്ടമാണ്. മാത്രമല്ല , കാണാൻ പോകുന്ന പൂരത്തെക്കുറിച്ചുള്ള ഒരു സന്തോഷവും ഉള്ളിലുണ്ടായിരുന്നു.

അവിടെയെത്തുമ്പോൾ , സാമാന്യം നല്ല തിരക്കുണ്ട്. ടിക്കറ്റ് കൗണ്ടറിൽ തെളിഞ്ഞ ചിരിയുമായി സന്ദീപ് നിൽക്കുന്നുമുണ്ട് . പരിചയമുള്ള ഒന്ന് രണ്ടു മുഖങ്ങൾ എന്നെ നോക്കി ചിരിച്ചു, കുശലം പറഞ്ഞു. ഒട്ടു മിക്കവരെയും പരിചയമില്ല. എന്നാലും ഇവരെല്ലാം മലയാളികൾ ആണല്ലോ എന്ന ധൈര്യത്തിൽ ഞാൻ ഒന്നു രണ്ടു സ്ത്രീ ജനങ്ങളെ നോക്കി പുഞ്ചിരിച്ചു. അവരുടെ മുഖത്തെ ഭാവം കണ്ടപ്പോൾ എനിക്കൊരു സംശയം. എനിക്കെന്തോ കുഴപ്പമുണ്ടോ? ഞാൻ തിരിഞ്ഞു മോളോടു ചോദിച്ചു, "അമ്മയെക്കണ്ടാൽ എന്തെങ്കിലും പ്രശ്നമുണ്ടോ? " . "ഈ അമ്മക്കെന്താ?" എന്ന പതിവു അസഹിഷ്ണുതാ പ്രകടനവുമായി അവൾ... 

വീണ്ടും ഞാൻ അവരെ നോക്കി ചിരിച്ചു, ഇല്ല, അവർ ചിരിക്കുന്നില്ല. പകരം ഒരു നിർവികാര ഭാവത്തിൽ നില്കുന്നു. ആ ശ്രമം മതിയാക്കി മറ്റു രണ്ടുപേരോടു ഞാൻ "ഹലോ" പറഞ്ഞു. ഇല്ല, അതും ഒരു പാഴ്ശ്രമം.  മിക്കവരും അങ്ങനെ തന്നെ . അക്ഷമയോടെ സിനിമ തുടങ്ങാൻ കാത്തുനിൽക്കുന്നു . പരസ്പരം നോക്കുന്നതുപോലും ഇല്ല.

എനിക്കൊരു കാര്യം മനസ്സിലായി, കാണുമ്പോൾ ചിരിക്കുക, പരിചയപ്പെടുക എന്നതൊക്കെ  പഴഞ്ചൻ ആചാരങ്ങളാണ് മിക്ക മലയാളികൾക്കും . സ്വയം തീർത്ത ഒരു ചുറ്റുമതിലിനുള്ളിൽ അവർ സ്വയം രാജാക്കന്മാരായി ജീവിക്കുന്നു.  പരസ്പരം ഒന്ന് ചിരിക്കാൻ പോലും ആ ജാഡ അവരെ സമ്മതിക്കുന്നില്ല. 

ഭാഗ്യത്തിന്, സിനിമ തുടങ്ങാൻ സമയമായി . എല്ലാവരും തിരക്കിട്ട് ഇരിപ്പിടങ്ങളിലേക്ക്. ഞാനും ഒരു നിർവികാരഭാവം എടുത്തണിഞ്ഞു ശ്വാസം മുട്ടി . സ്‌ക്രീനിൽ പച്ചപ്പുനിറഞ്ഞ നാട്ടിൻപുറം തെളിഞ്ഞപ്പോൾ അഭിമാനത്തോടെ ഞാൻ മോനോടു പറഞ്ഞു " നമ്മുടെ നാടാണ്. ഇപ്പോഴും  എത്ര സുന്ദരമാണ് " മനസ്സിൽ ഞാൻ കൂട്ടിച്ചേർത്തു, "നാട്ടുകാരുടെ മനസ്സിന് ആ സൗന്ദര്യം കൈമോശം വന്നെങ്കിലും ".


Monday, February 13, 2017

എന്ടെ നന്മമരങ്ങൾ..

എഴുതാനിരിക്കുമ്പോൾ , "ഇന്നെന്താണാവോ സംഭവിച്ചത്" എന്ന നോട്ടം എന്റെ ചുറ്റും ഇങ്ങനെ പാറിനടക്കുന്നുണ്ട്. അതോ ഇനിയിപ്പോൾ "പ്രണയദിനസന്ദേശം " വല്ലതുമാണോ ആവോ എന്ന സന്ദേഹവും ആ നോട്ടം പങ്കുവെക്കുന്നുണ്ട്.

ഇതൊന്നുമല്ല ഇന്നത്തെ എഴുത്തിന്റെ കാരണം. കുറച്ചു ദിവസങ്ങളായുള്ള എഴുത്തിന്റെ ഒരു ഗതി കണ്ടിട്ടാവണം "'അമ്മ ഒരു ഫെമിനിസ്റ്റ് ആണോ" എന്ന ചോദ്യം മകൾ ചോദിച്ചത്. ഞാൻ ഒരു ഫെമിനിസ്റ്റ് അല്ലെന്നു മാത്രമല്ല പുരുഷന്റെ തലയെടുപ്പിലും ആ കരുതലിലും  സൗഹൃദത്തിലും വിശ്വസിക്കുന്ന ഒരു സാധാരണ വനിതയാണെന്നു ആവർത്തിച്ചു പറഞ്ഞെങ്കിലും അവൾക്കത് മനസ്സിലായോ എന്നൊരു സംശയം.

ഒരു പക്ഷെ എന്റെ വായനക്കാർക്കും ഈ ചോദ്യം ബാക്കിനില്കുന്നുണ്ടാവും എന്ന തിരിച്ചറിവിൽ നിന്നും എന്റെ ജീവിതത്തിലെ  നന്മമരങ്ങളായ ആ മൂന്നു ആൺപിറന്നവരെക്കുറിച്ചാണ് ഈ കുറിപ്പ് .

തീർച്ചയായും മറ്റേതൊരു പെൺകുട്ടിയെപ്പോലെയും എന്റെ ആദ്യത്തെ ആൺസുഹൃത്ത് എന്റെ പിതാവുതന്നെ. ഒരിക്കൽപ്പോലും  ഒരു പെൺകുട്ടിയുടെ പരിമിതികളിൽ എന്നെ തളച്ചിടാൻ ഒരുക്കമല്ലാതിരുന്ന ഒരു സ്കൂൾ അദ്ധ്യാപകൻ. കാതങ്ങൾ അകലെയാണെങ്കിലും എന്റെ പരിഭവം പറച്ചിലുകൾക്കൊടുവിൽ "സാരമില്ല " എന്ന ഫോണിന്റെ അങ്ങേത്തലക്കലെ ആ സ്വരം എന്റെ സർവ്വരോഗസംഹാരിയാണ്.

ഇനിയൊരാൾ, ചെറുപ്പത്തിൽ വളരെ കുസൃതിയും മുതിർന്നപ്പോൾ വളരെ മാന്യനും ആയ എന്റെ കുഞ്ഞനുജനാണ്.ഞാൻ നടത്തുന്ന ഈ വാചകക്കസർത്തുകളിൽ അവൻ വിശ്വസിക്കുന്നില്ലെങ്കിലും വളരെകുറഞ്ഞ  വാക്കുകളിലൂടെയും പതിഞ്ഞ ചിരിയിലൂടെയും ഒരു മൂളലിലൂടെയും അവൻ എനിക്ക് പകർന്നുതരുന്ന സ്നേഹത്തിന്റെ കരുതൽ എന്റെ നെഞ്ചിനുള്ളിലെ ആത്മവിശ്വാസമാണ്.

ക്യാനഡയിലേക്കുള്ള പറിച്ചുനടലിൽ ഈ രണ്ടുസാമീപ്യങ്ങളും എനിക്ക് കൈമോശം വന്നുവെങ്കിലും ഒരു വലിയ നന്മമരം അതിന്റെ ശിഖരങ്ങൾ വിരിച്ചു ഈ മഞ്ഞിലും വെയിലിലും എന്നെ ചേർത്തുനിർത്തിക്കൊണ്ടിരിക്കുന്നു. ഒരു ഭർത്താവിന്റെ അധികാരം അടിച്ചേൽപ്പിക്കേണ്ടതല്ല എന്നു വിശ്വസിക്കുന്ന ഒരാൾ. സ്നേഹം പ്രകടിപ്പിക്കാനുള്ളതാണെന്നും ഓരോ സങ്കടവും കഴിഞ്ഞുപോകുന്ന നിമിഷങ്ങളാണെന്നും കരുതുന്ന ഒരാൾ. ജീവിതത്തെ സങ്കീർണമായിക്കാണാതെ ലളിതമായി ചിന്തിക്കാൻ എന്നെ ഓർമപ്പെടുത്തുന്ന ഒരാൾ, ഓരോ നിമിഷവും ജീവിച്ചുതീർക്കണമെന്നു കരുതുന്ന , നമ്മളുടെ കാൽപാടുകൾ അവശേഷിപ്പിച്ചു കടന്നുപോകണമെന്നു നിർബന്ധമുള്ള ഒരാൾ..

ഒന്നു തിരിഞ്ഞുനോക്കിയാൽ ഓരോ പുരുഷനും ആ വീട്ടിലെ നന്മമരങ്ങളാണ്, അവർ അച്ഛനായും സഹോദരനായും ഭർത്താവായും സുഹൃത്തായും ഓരോ വേഷങ്ങളിൽ പകർന്നാട്ടം നടത്തുകയാണ്... ഈ വലിയ മസിലുകൾക്കും കാരിരുമ്പുപോലുള്ള ശരീരത്തിനും ഉള്ളിൽ ഒരു പുഞ്ചിരികൊണ്ടു സാന്ത്വനിപ്പിക്കാവുന്ന ഒരു ജീവിതത്തിന്റെ ഉടമസ്ഥർ.. ഈ ലോകത്തിലെ  അപകടങ്ങളിൽ നിന്നും നമ്മെ  കാക്കുന്ന കാവൽക്കാർ മാത്രമല്ല അവർ.. വളരെയേറെ ആഘോഷിക്കപ്പെടുന്ന സ്ത്രീജീവിതങ്ങളുടെ യഥാർത്ഥ തിരക്കഥാകൃത്തുക്കൾ കൂടിയാണ്...

എന്ടെ  വീട്ടിലെ ആ നന്മമരത്തിനാണ് ഈ സമർപ്പണം..


Friday, February 10, 2017

ചില പെണ്‍മോഹങ്ങള്‍

ഞാന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ കുത്തിക്കൊണ്ടിരുന്ന ഐ-പാഡില്‍ നിന്നും തലയുയര്‍ത്തി മകള്‍ എന്‍റെ നേരെ കണ്ണുമിഴിച്ചു നോക്കി.  "ചിലപ്പോള്‍ പനിക്കോളായിരിക്കും" എന്നു ഉറക്കെ ആത്മഗതം ചെയ്തു ഭര്‍ത്താവ് സ്ക്രീനിലേക്കു തലതാഴ്ത്തി. ഈ ലോകത്തു തന്‍റെ ടീച്ചറും സ്കൂളും അല്ലാത്ത മറ്റൊന്നും തന്നെ ബാധിക്കില്ലെന്നു ഉറപ്പുള്ള മകന്‍ അതൊന്നും ശ്രദ്ധിച്ചതേയില്ല.

ഞാന്‍ പറഞ്ഞത് എന്തോ അപരാധമാണോ എന്നു എനിക്കു തന്നെ സംശയമായി. എന്‍റെ വളരെക്കുറഞ്ഞ ചില മോഹങ്ങളെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചുകൊണ്ടിരുന്നത്. അതു പറയാന്‍ ഇന്നു ഒരു കാരണവും ഉണ്ടായി. 

മിക്ക മാസങ്ങളിലും പതിവുള്ള മാനെജ്മെന്‍റ് മീറ്റിംഗ്എന്ന പ്രഹസനം ഇന്നും ഉണ്ടായിരുന്നു. പതിവിനു വിരുദ്ധമായി ഇന്നൊരു പ്രാസംഗികനും അവിടെ ഉണ്ടായിരുന്നു. ജീവിതത്തിലെ കൊച്ചുകൊച്ചു മോഹങ്ങളെക്കുറിച്ചും അവയുടെ പ്രസക്തിയെക്കുറിച്ചും ഒരു ചെറിയ പ്രഭാഷണത്തിനാണ് അയാള്‍ വന്നത്. ഇന്നു തന്നെ ഒരു ചെറിയ പേപ്പറില്‍ നിങ്ങളുടെ അത്തരം ആഗ്രഹങ്ങള്‍ എഴുത്തിവെയ്ക്കു എന്നു അയാള്‍ പറഞ്ഞു. അതു നിങ്ങളുടെ ജീവിതത്തില്‍ ഒരു സ്വാതന്ത്ര്യം കൊണ്ടുവരും എന്നും കൂട്ടിച്ചേര്‍ത്തു.

ആഗ്രഹങ്ങള്‍ക്ക് ആര്‍ക്കും, പ്രത്യേകിച്ചു ഞങ്ങള്‍ വനിതകള്‍ക്കു, ഒരു പഞ്ഞവും ഇല്ലല്ലോ.  എന്‍റെ അടുത്തിരുന്ന നെതെര്‍ലണ്ടുകാരി ക്രിസ്ടീന എന്നോടു പറഞ്ഞതു അവളുടെ ജീവിതാഭിലാഷമായ ഒരു യാത്രയെക്കുറിച്ചാണ്. കയ്യിലെ പേപ്പറും വച്ചു കുറേ നേരം ഞാന്‍ ആലോചിച്ചു. 

എന്‍റെ മോഹങ്ങളില്‍ ഒന്നാമത്തേത് നാട്ടിലേക്കുള്ള മടങ്ങിപ്പോക്ക് ആണ്. അതു ഒരുമഹാ അസംബന്ധമായി കരുതുന്ന ഒട്ടനവധി സുഹൃത്തുക്കള്‍ എനിക്കുള്ളതിനാല്‍ അതു കുറിക്കുക എന്ന സ്വയംകൃതാനര്‍ത്ഥം ഞാന്‍ ചെയ്തില്ല. പകരം എനിക്കുള്ള ആഗ്രഹങ്ങള്‍ എന്‍റെതു മാത്രമാണെന്നും അതു പങ്കുവക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഒരു കുറിപ്പെഴുതി ആ ഉദ്യമം ഞാന്‍ അവസാനിപ്പിച്ചു. പക്ഷെ മനസ്സില്‍ ഞാന്‍ അവ ഓര്‍ത്തെടുത്തു കുറിച്ചിടുക തന്നെ ചെയ്തു.

വൈകിട്ടു വീട്ടില്‍ എത്തി ഭക്ഷണം കഴിക്കുമ്പോള്‍ പെട്ടെന്നാണ് ഭര്‍ത്താവു പറഞ്ഞത് " മോനു കഴിക്കാന്‍ കൊടുക്കു, അവനു വിശക്കുന്നുണ്ടാവും " എന്ന്. പാതിയില്‍ നിര്‍ത്തി എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ഉള്ളിലിരുന്നു ആരോ വിലക്കി. പെട്ടെന്നാണു പറഞ്ഞുപോയത്‌ "ഞാന്‍ കഴിച്ചുകഴിയട്ടെ". ഒന്നു കൂടി നിവര്‍ന്നിരുന്നു ഭക്ഷണം തുടരുമ്പോള്‍ മകള്‍ ഒളികണ്ണിട്ടു ഭര്‍ത്താവിനെ നോക്കി. "എനിക്കു തോന്നുന്നതു പോലെ ഒരു ദിവസം എനിക്കു ജീവിക്കാന്‍ പറ്റുമോ? ഉറക്കെ കൂക്കിവിളിച്ചു, ഉയരത്തില്‍ ചാടി, ഇഷ്ടമില്ലാത്തത് ചെയ്യാതെ, ആജ്ഞാപിക്കുന്നവരോട് പോയിത്തുലയാന്‍ പറഞ്ഞ്, ഒരു ദിവസം എനിക്കു ജീവിക്കാന്‍ പറ്റുമോ?" പരിചിതമല്ലാത്ത കാര്‍ക്കശ്യം സ്വരത്തില്‍ കേട്ടിട്ടാവണം രണ്ടാളും രണ്ടു ദിക്കിലേക്ക് നോക്കിയിരുന്നത്. 

പക്ഷെ,  ഒരാവേശത്തില്‍ പറഞ്ഞെങ്കിലും "മോനു ശരിക്കും വിശക്കുന്നുണ്ടാകുമോ" എന്ന സംശയം എന്നെ നോവിച്ചു. കഴിച്ചിട്ടു തോണ്ടയില്‍നിന്നും കീഴ്പോട്ടു ഇറങ്ങാത്തതുപോലെ. കഴിച്ചതു മതിയാക്കി എഴുന്നേല്‍ക്കുമ്പോള്‍ മനസ്സിലെ കൊച്ചുകൊച്ചു മോഹങ്ങള്‍ കുറിച്ചിടാന്‍ പറഞ്ഞ അയാളെ മനസ്സാ ശപിച്ചു.  ഒരു വെള്ളക്കാരന്‍റെ ചിന്തകള്‍ ഒരു ശരാശരി മലയാളിയുടെ ചിന്തകളെ സ്വാധീനിച്ചു കൂടാ എന്നു മനസ്സിലുറപ്പിച്ചു വീണ്ടും ആ വാതില്‍ കൊട്ടിയടച്ചു മോനുള്ള ഭക്ഷണം എടുത്തു ഞാന്‍ നടന്നു.