ആദ്യമൊക്കെ ഒന്നു മടിച്ചു പിന്നെ നാം മെല്ലെമെല്ലെ അതിനു അരികിലെത്തി നിൽക്കും. അപ്പോൾ കുഞ്ഞോളങ്ങൾ വന്ന് പതിയെപ്പതിയെ നമ്മുടെ പാദങ്ങളെ തഴുകിത്തുടങ്ങും. ആദ്യത്തെ തണുപ്പകലുമ്പോൾ നാം കുറച്ചുകൂടി തടാകത്തിലേയ്ക്ക് ഇറങ്ങി നില്കും. പാദങ്ങൾ കടന്ന് കണങ്കാലോളമെത്തുമ്പോൾ ഉള്ളിരുന്നാരോ ഓർമ്മിപ്പിക്കും, "മതി".
പക്ഷേ, വീണ്ടും ഓളങ്ങൾ നമ്മെ വിളിച്ചുകൊണ്ടിരിക്കും, വീണ്ടും അല്പം കൂടി നാം അതിലേക്കിറങ്ങിച്ചെല്ലും. നനഞ്ഞുതുടങ്ങുന്ന ഉടുപ്പുകൾ നമ്മെ അള്ളിപ്പിടിക്കും, ഇനി മടങ്ങാം എന്നൊരു ഓർമ്മപ്പെടുത്തൽ പോലെ.
പക്ഷേ, തണുപ്പകന്ന ഉടൽ ഓളങ്ങൾക്കൊപ്പം പോവാൻ വീണ്ടും നമ്മെ നിർബന്ധിക്കും. മുട്ടോളം വെള്ളം കടന്ന് നെഞ്ചോളമെത്തുമ്പോളേക്കും തടാകത്തിന്റെ പ്രണയ മാസ്മരികതയിൽ നാം മറ്റെല്ലാം മറക്കും.
പിന്നീട് നിമിഷങ്ങൾ മതി, നെഞ്ചും കടന്ന് തലയ്ക്കു മുകളിലൂടെ ഓളങ്ങൾ സഞ്ചാരം തുടങ്ങാൻ. പുറത്തോട്ടെടുക്കാനാവാത്ത വിധം ശ്വാസം നെഞ്ചിൽ കുരുങ്ങാൻ. അപ്പോഴേയ്ക്കും ആത്മാവിന്റെ ഭാരം താങ്ങാനാവാത്ത വിധം ശരീരം ക്ഷീണിച്ചിട്ടുണ്ടാവും. അത് സൃഷ്ടിച്ച ഓളങ്ങളിൽ നാം അഗാധതയിലേയ്ക്ക് താണുപോവുമ്പോൾ മുകൾപ്പരപ്പിൽ വീണ്ടും തടാകം ശാന്തമായിട്ടുണ്ടാവും..
ആ നിമിഷത്തിലാവും ഈ ലോകത്തിന്റെ അതിർത്തി കടന്നു ആത്മാവ് സഞ്ചാരം തുടങ്ങുക...
ഓരോ തടാകം കാണുമ്പോഴും അവയ്ക്കുള്ളിൽ എന്തോ നിഗൂഢത നിറഞ്ഞുനിൽക്കുന്നുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്. എന്താവും അവയുടെ ആഴങ്ങളിൽ ഒളിച്ചിരിക്കുന്നതെന്ന് ചിന്തിച്ചു ഞാൻ തല പുകയ്ക്കാറുണ്ട്.
നീന്തലറിയാത്തതുകൊണ്ടു തന്നെ ഞാൻ ജലാശയങ്ങളും തമ്മിൽ അത്ര സൗഹൃദമില്ല. കാല്മുട്ടുവരെ നനയുമ്പോളേക്കും ഞാൻ കരയിലേയ്ക്ക് തിരിച്ചുകയറും.
ചെറുപ്പത്തിൽ താമസിച്ചിരുന്ന വീടിനടുത്തു ഒരു വലിയ പാറപ്പുറത്തു ഒരു ശിവക്ഷേത്രം ഉണ്ടായിരുന്നു. അതിനോടടുത്തു പാറയിടുക്കിൽ ആമ്പൽപ്പൂക്കൾ നിറഞ്ഞ വലിയൊരു കുളവും. ആ ദിവസ്സങ്ങളിലൊന്നിലാണ് അയൽവക്കത്തെ അഞ്ചോ ആരോ വയസ്സുള്ളൊരു പെൺകുട്ടി ആ കുളത്തിൽ മുങ്ങിമരിച്ചത്.
എന്നും കണ്ടുകൊണ്ടിരുന്ന ഒരു മിടുക്കി കുട്ടി, അവളുടെ മുഖം ഇന്നും എന്റെ ഓർമ്മയിലുണ്ട്. കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു എന്നാണ് കേട്ടത്.
ആ കുളത്തിന് അന്ന് കുട്ടികൾ പറഞ്ഞു നടന്നിരുന്നൊരു കഥയുണ്ട്, ആരെങ്കിലും അതിൽ മുങ്ങിപ്പോയാൽ അവർ ചെന്നെത്തുന്നത് കുളത്തിന്റെ അടിത്തട്ടിലൊരു കൊട്ടാരത്തിലാണത്രേ. അവിടെ വിഭവസമൃദ്ധമായൊരു സദ്യയാവും അവരെ കാത്തിരിക്കുക. അതു കഴിയ്ക്കുന്നവർ മരണം രുചിക്കും. കഴിയ്ക്കാത്തവർ തിരികെ ഓളപ്പരപ്പിലേയ്ക്ക് ജീവനോടെ മടങ്ങിവരും. വെറും കെട്ടുകഥയായിരുന്നെങ്കിലും ചിലപ്പോഴെല്ലാം അതൊരു പ്രതീക്ഷയുടെ കച്ചിത്തുരുമ്പായിരുന്നു.
ആ പ്രതീക്ഷയുടെ നേരിയൊരു വെളിച്ചമായിരുന്നു കഴിഞ്ഞ ശനിയാഴ്ച എഡ്മൺറ്റണിലെ വാർത്ത കേൾക്കുമ്പോഴും ഉണ്ടായിരുന്നത്. കൂടെയുണ്ടായിരുന്ന കുഞ്ഞിനെ രക്ഷപ്പെടുത്തി തിരികെ നീന്തുമ്പോൾ അടിയൊഴുക്കിൽ ആഴങ്ങളിലെവിടെയോ അപ്രത്യക്ഷമായ ആ ചെറുപ്പക്കാരൻ.
"എവിടെയെങ്കിലും നീന്തിക്കയറിയിട്ടുണ്ടാവും അമ്മീ " എന്ന് പറഞ്ഞു മോൾ എന്നെ ആശ്വസിപ്പിച്ചു, ഞായറാഴ്ച ഉച്ചയ്ക്ക് ആത്മാവുപേക്ഷിച്ച ആ ശരീരം കണ്ടെടുക്കുന്നതുവരെ. നീന്തുമ്പോൾ അയാൾ വിചാരിച്ചിട്ടുണ്ടാവും, കാലൊന്നുറപ്പിയ്ക്കാൻ ഘനത്തിൽ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് .
എത്രയെത്ര കഥകളാവും ഈ തടാകങ്ങൾക്കു പറയാനുണ്ടാവുക ! എത്രയെത്ര സന്തോഷങ്ങളാവും അവയിൽ മുങ്ങിയമർന്നിട്ടുണ്ടാവുക ! എത്ര പ്രതീക്ഷകളുടെ തിരിനാളങ്ങളാവും അവ ഊതിക്കെടുത്തിയിട്ടുണ്ടാവുക !
തടാകങ്ങളുടെ പ്രണയവും ആഴങ്ങളുടെ നിഗൂഢതയും ഇപ്പോൾ എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. അവയിൽ അലിഞ്ഞ ആത്മാക്കളുടെ നിറ കൺചിരികൾ എന്നെ നൊമ്പരപ്പെടുത്തുന്നു.