Friday, November 23, 2018

കണ്ണുകളിൽ സ്നേഹം നിറച്ചു
പറ്റുമെങ്കിൽ പ്രണയം നിറച്ചു
നീ എന്നെയൊന്നു നോക്കുക
സഖീ, വെറുതെ..
ഓർമ്മകൾ ഉണർത്താതെ
നോവു പടർത്താതെ
മൗനമായ് മെല്ലെയൊന്നു
കൺ തിരിച്ചു നീ
എന്നെയൊന്നു നോക്കുക


തുളസിയും നന്ത്യാർവട്ടവും
പൂവിട്ട തൊടിയിൽ
മഴ നനഞ്ഞതും മരം ഉലഞ്ഞതും
പരിഭവങ്ങളലിഞ്ഞു വീണതും
മറന്നതില്ലെങ്കിൽ സഖീ,
കണ്ണുകളിൽ പ്രണയം നിറച്ചു
നീ എന്നെയൊന്നു നോക്കുക .

ഓർമ്മകൾ തിക്കുന്ന
ദ്രവിച്ച പുസ്തകത്താളുകൾ
അടർത്താതെ  മൃദുവായ്
കണ്ണുകളിൽ പ്രണയം നിറച്ചു
നീ എന്നെയൊന്നു നോക്കുക

കാലുകളിലെ ചങ്ങലയിളകാതെ 
കൈവള കിലുങ്ങാതെ
തേങ്ങലൊതുക്കി മെല്ലെ
കണ്ണുകളിൽ പ്രണയം നിറച്ചു
എന്നെയൊന്നു നോക്കുക

ജടകളൊഴിയാത്തൊരെൻ
മുടിയിഴകളൊതുക്കാതെ
എൻ മേനി നോവാതെ നീ
കണ്ണുകളിൽ പ്രണയം നിറച്ചു
എന്നെയൊന്നു നോക്കുക

ഒരിയ്ക്കൽ  കൂടി ....

വിറയ്ക്കുന്ന നിൻ കൈകളാൽ
എന്നെ വാരിയെടുത്ത്
സ്നേഹം നിറച്ച കണ്ണുകളാൽ
എൻ കണ്ണുകളിലേയ്ക്കു നോക്കുക
എൻ നെറ്റിമേൽ ആർദ്രമായ്
ഒന്നമർത്തി ചുംബിക്കുക
എൻ കണ്ണുകളിലിറ്റുന്ന
ചുടു നീരൊപ്പുക ..



Friday, November 2, 2018

ഇന്നലെയാണ് പുതിയ കണ്ണട കിട്ടിയത് . വായന കൂടിയപ്പോൾ, മുൻപ്  വല്ലപ്പോഴും വിരുന്നുകാരിയായെത്തിയിരുന്ന തലവേദന സ്ഥിരതാമസക്കാരിയായിത്തീർന്നപ്പോളാണ് പുതിയ കണ്ണടയെക്കുറിച്ചു ചിന്തിച്ചത്. അതിന്റെ സന്തോഷത്തിൽ അങ്ങനെ മാറ്റിയും മറിച്ചും വച്ച് നോക്കി പരീക്ഷിക്കുമ്പോൾ ആണ് പെട്ടെന്ന് അത് ശ്രദ്ധയിൽ പെട്ടത് .

മൈലാഞ്ചികൊണ്ടു വരച്ച പാതിമാഞ്ഞ ചിത്രമുള്ള വരണ്ടു തുടങ്ങിയ കൈവിരലുകൾ. "ഇതിപ്പോ ഇന്നലെ പൊന്നു വരച്ചിട്ട ചിത്രം പോലുണ്ടല്ലോ" എന്നോർത്ത് വീണ്ടും നോക്കിയപ്പോൾ ഞെട്ടിയത് ഞാനാണ് . അതേ, എന്റെ വിരലുകൾ തന്നെ. പണ്ടേ ചുളുങ്ങിയ വിരലുകൾക്ക് ഉടമയാണെങ്കിലും ഇതെപ്പോൾ ഇത്ര വരണ്ടുപോയി എന്ന് അത്ഭുതപ്പെട്ട് കണ്ണട ഊരി മാറ്റിവെച്ചു. നല്ല തിരക്കുള്ള ദിവസമായതുകൊണ്ടും തീർക്കേണ്ട ജോലികൾ ബാക്കിനിൽക്കുന്നതുകൊണ്ടും പിന്നീട് അതിനെക്കുറിച്ചോർത്തില്ല .

വൈകിട്ട്, സംശയവുമായി കൊറിയക്കാരി വന്നപ്പോൾ ആണ് വീണ്ടും കണ്ണടയെടുത്തു മുഖത്തുവച്ചത് . വീണ്ടും ഞെട്ടൽ!! നല്ല മിനുങ്ങുന്ന മുഖമുള്ള അവളുടെ മുഖത്ത് പല തട്ടുകളായി പല നിറങ്ങൾ പൂശിയിരിക്കുന്നു.  സംശയം തീർത്തു അവൾ മടങ്ങുന്നതുവരെ കണ്ടുപിടിക്കപ്പെട്ട ആ സത്യത്തിന്റെ രസത്തിൽ പൊട്ടിച്ചിരിക്കാതെ ഞാൻ പിടിച്ചിരുന്നു.

കാണപ്പെടാത്ത എത്ര കാഴ്ച്ചകൾ ഈ കണ്ണട എനിക്ക് വെളിപ്പെടുത്തി തരുമെന്നോർത്തപ്പോൾ ഒരു ഗൂഢാനന്ദം എന്റെയുള്ളിൽ പതഞ്ഞുപൊങ്ങി .
ആ സന്തോഷം അധികനേരം നീണ്ടുനിന്നില്ല. തലവേദന വീണ്ടും തുടങ്ങിക്കഴിഞ്ഞു. കണ്ണടവെച്ചു വായിച്ചുതുടങ്ങിയപ്പോൾ ആദ്യം കണ്ണിൽപ്പെട്ടത് ദൈന്യതയാർന്ന ഒരു പിഞ്ചുകുഞ്ഞിന്റെ മുഖമാണ് ,ആവശ്യമില്ലാത്തൊരു തെളിമയും അക്ഷരങ്ങൾക്കൊക്കെ വല്ലാത്തൊരു വലിപ്പവും . വീണ്ടും കണ്ണട ഊരിമാറ്റി . തലവേദന ശക്തമാവുന്നു.

വൈകിട്ടത്തെ ട്രെയിൻ യാത്രയിൽ വെറുതെ നാടിനെക്കുറിച്ചോർത്തപ്പോൾ ഫോണിലെ ഓൺലൈൻ മലയാളപത്രത്തിലൂടെ കണ്ണോടിക്കാമല്ലോ എന്നു കരുതി വീണ്ടും കണ്ണടയെടുത്തു വച്ചു .  തമ്മിൽത്തല്ലിചോരകുടിക്കുന്ന കഥകൾ മാത്രമേയുള്ളു . എത്രപെട്ടെന്നാണ് വാർത്തകൾക്കു വർഗീയതയുടെ മണവും നിറവും കൈവന്നത് !!. വായിക്കേണ്ടിയിരുന്നില്ല, വെറുതെ കണ്ണടച്ചിരുന്ന് മനക്കോട്ടകൾ കെട്ടുകതന്നെ ഭേദം .

വൈകിട്ട് വീട്ടിലെത്തിയപ്പോൾ വീണ്ടും കണ്ണടയെടുത്തുവെച്ചു . എതിരെയിരുന്നു ചായ ആസ്വദിച്ചുകുടിച്ചുകൊണ്ടിരുന്ന ഭർത്താവിനോട് പതിയെപ്പറഞ്ഞു, "എന്റെ കണ്ണട ഒന്ന് ചെക്കു ചെയ്യണം, പവർ കൂടുതലാണോ എന്നൊരു സംശയം ". ചോദ്യഭാവത്തിൽ ആൾ തലയുയർത്തി , "കയ്യൊക്കെ വല്ലാണ്ട് ചുളിഞ്ഞിരിക്കണ പോലെ, ശരിക്കും അത്രയ്ക്കൊന്നും ഇല്ലന്നേ ". ഒരു പരിഹാസച്ചിരിയിൽ മുഖമുയർത്തിയപ്പോളാണ് അത് ശ്രദ്ധിച്ചത്, ആളുടെ മുഖം അൽപ്പം ചുളിങ്ങിയിട്ടുണ്ടോ . "നിങ്ങൾക്ക് വയസ്സായിത്തുടങ്ങീട്ടൊ ". ചിരിക്കാനൊരുമ്പെട്ട മുഖം പെട്ടെന്ന് ഗൗരവമായി , "നീയെന്തിനാണ് റീഡിങ്ങ് ഗ്ലാസ്സ് ഏതുനേരവും വച്ചേക്കുന്നത്? പവർ കൂടുതലാണെന്നാ  തോന്നുന്നത്, നാളെത്തന്നെ പോയി റീചെക്ക്‌ ചെയ്യണം ".

എനിക്ക് ചിരിപൊട്ടി . ചിലകാഴ്ചകൾ കാണാൻ കണ്ണടകൾ വേണമെന്ന് പറഞ്ഞ മുരുകൻ കാട്ടാക്കടയുടെ കവിത ഓർമ്മവന്നു . കണ്ണട  ഇല്ലാത്തതാണ് നല്ലത് , അശാന്തിയുടെ പല കാഴ്ച്ചകളും നിഴൽ ചിത്രങ്ങൾപോലെ അവ്യക്തമായിത്തന്നെയിരിക്കട്ടെ . മനക്കാഴ്ചകളിൽ തെളിയുന്ന മായചിത്രങ്ങളിൽ വെറുതെ സന്തോഷിക്കാമല്ലോ .

ഓ..ക്യാനഡാ...

ഏതാണ്ട് ഒൻപതു വർഷങ്ങൾക്ക്  മുൻപ് ഒരു ആറു വയസ്സുകാരിയെയും മറ്റൊരു കൈക്കുഞ്ഞിനെയും കൊണ്ട് ഭർ ത്താവിനൊപ്പം കാൽഗരിയിൽ  വിമാനമിറങ്ങുമ്പോൾ മനസ്സിന് തെല്ലും സന്തോഷം തോന്നിയില്ല. മറിച്ചു ആശങ്കകളുടെ ഒരു കൂടാരത്തിലേക്കാണ് കാലുകുത്തിയത് . പിറകിലുപേക്ഷിച്ചു പോന്ന നാടും ഉറ്റവരും ജോലിയും പത്രാസ്സുമൊക്കെ വല്ലാത്തൊരു നഷ്ടബോധം നെഞ്ചിൽ ഉണർത്തി . ഒരു വല്യ പൂജ്യത്തിൽനിന്നു തുടങ്ങേണ്ടി വരുമെന്നോർത്തപ്പോൾ ഒക്കെ ഭർത്താവ് പറയുന്നുണ്ടായിരുന്നു, "വേവലാതിപ്പെടാതിരിക്കൂ , ഏതു ജോലിയും ചെയ്യാനുള്ള  മനസ്സും ആത്മവിശ്വാസവും ഉണ്ടെങ്കിൽ ഈ രാജ്യം നമ്മളെ കൈവിടില്ല ".  ഒൻപതു വർഷങ്ങൾക്കിപ്പുറം , ജോലി കഴിഞ്ഞു വന്നിരുന്ന് ഒരു ചായകുടിച്ചു അലസമായിരിക്കുമ്പോൾ അതു തന്നെയാണ് മനസ്സ് പറയുന്നത്, "മുൻവിധികൾ മാറ്റിവെച്ചു മുന്നോട്ടിറങ്ങു, ഈ രാജ്യം നിങ്ങളെ ചേർത്തുപിടിക്കും ".

പിറന്നുവീണ മണ്ണ് എന്നും പ്രിയപ്പെട്ടത് തന്നെ. ഒരവസരം കിട്ടിയാൽ തിരിച്ചുപറന്നു കാടും പുഴയും മലയും മഴയും കണ്ട് ആ മണ്ണിൽത്തന്നെ അലിഞ്ഞുചേരുക എന്നത് തന്നെയാണ് എന്റെയും സ്വപ്നം . അതോടൊപ്പം ഇവിടെനിന്നും കിട്ടിയ ചില നന്മകൾ അങ്ങുവരേക്കും കാത്തുസൂക്ഷിക്കണമെന്നും ഞാൻ ഉറപ്പിക്കുന്നു.

കാനഡ നമ്മെ പഠിപ്പിക്കുന്ന ചെറിയ രണ്ടു "വല്യ"കാര്യങ്ങളാണ് ഏതൊരു ചെറിയ ഉപകാരത്തിനും നന്ദി പറയാനും  ഏറ്റവും  ചെറിയ തെറ്റിനുപോലും ക്ഷമ ചോദിക്കാനുമുള്ള മര്യാദ . ആദ്യമാദ്യമൊക്കെ അതൊരു വല്ലാത്ത ഔപചാരികതയായി തോന്നുമെങ്കിലും നമ്മളും അതിന്റെ ആ മഹത്വത്തെ താമസിയാതെ അംഗീകരിച്ചുപോകും . അനവസരത്തിലുള്ള ഒരു നോട്ടത്തിനോ ഇടയിൽ കയറിയുള്ള സംസാരത്തിനോ ഒക്കെ നമ്മളും "സോറി" പറഞ്ഞുതുടങ്ങും.

ഓരോരുത്തർക്കും മറ്റുള്ളവരോടുള്ള ആദരവ് , അത് നമ്മളെ അദ്‌ഭുതപ്പെടുത്തുക തന്നെ ചെയ്യും . ഓരോ യാത്രക്കാരനും ബസ്സിൽ കയറുമ്പോൾ സ്വാഗതം ചെയ്യുന്ന ബസ് ഡ്രൈവറെ കാണുമ്പോൾ നാട്ടിലെ "കിളി"യുടെ പൂരപ്പാട്ടും ഡ്രൈവറുടെ അഭ്യാസങ്ങളും ഓർമ്മയിൽ പൊങ്ങിവരും. താരതമ്യം ചെയ്യലല്ല, എങ്കിലും മനുഷ്യനെ മനുഷ്യനായിക്കാണാൻ നമ്മുടെ നാട് പഠിക്കേണ്ട നേരം അതിക്രമിച്ചിരിക്കുന്നു.

ഗതാഗത മര്യാദകൾ മറ്റൊന്നാണ്, അലറിപ്പാഞ്ഞുപോകുന്ന ആംബുലൻസോ അത്യാവശ്യത്തിനു പോകുന്ന പൊലീസ് വാഹനങ്ങളോ അല്ലാതെ മറ്റൊരു വാഹനവും അനുവദനീയമായതിൽ കൂടുതൽ വേഗതയിൽ പോകുന്നത്  നിങ്ങൾക്കു കാണാനാവില്ല. അമിതവേഗതയ്ക്ക് ഉയർന്നനിരക്കിലുള്ള പിഴ ഈടാക്കുന്നതാണ്. അനാവശ്യമായ ഹോണടികളോ കുത്തിതിരുകലുകളോ മറികടക്കലുകളോ ഇല്ല. കർശനമായ ഗതാഗതനിയമങ്ങൾ തന്നെ കാരണം. വാഹനപരിശോധനയുടെ സമയത്തു 50 ഡോളർ കൊടുത്താൽ കണ്ണടയ്ക്കുന്ന ആ വിദ്യ കടൽ കടന്ന് ഇതുവരെ ഇവിടേക്കെത്താത്തതുകൊണ്ട് നിയമപാലകർ അവരുടെ ജോലി കൃത്യമായി ചെയ്യുന്നു.

ഇതൊക്കെയായാലും ജോലിക്ക്‌ വൈകിയിറങ്ങുന്ന വേളയിൽ എം ജി റോഡിലൂടെ തലങ്ങനേയും വിലങ്ങനേയും പായുന്ന ഓട്ടോറിക്ഷകൾ എനിക്ക് ഇടയ്ക്കിടെ മിസ്സ് ചെയ്യുക തന്നെ ചെയ്യും.

ഏതൊരു ജോലിയും അന്തസ്സുള്ളതാണ് ഇവിടെ. ആരും ആരെക്കാളും താഴെയല്ല . ഒരു പുഞ്ചിരിയുടെ അടുപ്പത്തിൽ എല്ലാവരും അഭിവാദ്യം ചെയ്യുന്നു .

ഭരണസംവിധാനങ്ങൾ വളരെ സുതാര്യമാണ് . ഒരു ഗവണ്മെന്റ് ഓഫീസിലും നമുക്ക് ശുപാർശയുമായി ചെല്ലേണ്ടതില്ല, കാര്യങ്ങൾ നടക്കാൻ. നിയമപരമായി എല്ലാം അതിന്റെ വഴിയേ പോകും.  നിയമം പാലിക്കാൻ വേണ്ടി തന്നെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ് .

മക്കളെയും കൂട്ടി ഇവിടേയ്ക്ക് ചേക്കേറുന്ന മലയാളീകുടുംബങ്ങൾ അനുഭവിക്കുന്ന ചില ടിപ്പിക്കൽ ടെൻഷനുകളും ഇവിടെയുണ്ട്.

ഒന്നാം ക്‌ളാസ്സുമുതൽ പുസ്‌തകചുമടെടുത്തു ശീലിച്ച നമ്മളെ അത്ഭുതപ്പെടുത്തും സ്കൂളുകൾ. ചെറിയ ക്ലാസ്സുകളിൽ വല്യ ഹോംവർക്കുകളോ പരീക്ഷകളോ ഇല്ല. അത് നല്ലതോ ചീത്തയോ എന്ന തർക്കം നിലനിൽക്കെത്തന്നെ, കുട്ടികൾ പല പ്രായോഗിക കാര്യങ്ങളും അക്കാലഘട്ടത്തിൽ പഠിക്കുന്നെന്നു സമ്മതിക്കാതെ വയ്യ. കാര്യങ്ങളെ ലളിതമായിക്കാണുക , പരിഹരിക്കുക.

 മുതിർന്നവരോ അതിഥികളോ വീട്ടിലേക്കു കയറിവരുമ്പോൾ നിങ്ങളുടെ കുട്ടികൾ ചാടിയെണീറ്റ് ബഹുമാനം കാണിക്കുമെന്നോ ഉപചാരപൂർവ്വം  സ്വാഗതം ചെയ്യുമെന്നോ നിങ്ങൾ പ്രതീക്ഷിച്ചുപോകരുത്, അവരെ പരിശീലിപ്പിക്കാത്തിടത്തോളം .  അത്തരം പ്രകടനങ്ങളിലൊന്നും ഇവർ വിശ്വസിക്കുന്നില്ല തന്നെ.

അവനവന്റെ സ്വകാര്യതയിലേക്കുള്ള ഒരു കടന്നുകയറ്റവും ആളുകൾ സഹിക്കില്ല, അത് ഭർത്താവായാലും ഭാര്യയായാലും മക്കളായാലും ശരി. ബന്ധങ്ങൾക്കുള്ള മലയാളി ടച്ച് പ്രതീക്ഷിക്കേണ്ട.

അധ്യാപകരെ കാണുമ്പോൾ എഴുന്നേറ്റു നിന്ന് "സാർ " എന്ന് വിനയപൂർവം വിളിക്കുന്ന ആ വിളി കേൾക്കാമെന്നു കരുതി അദ്ധ്യാപക രക്ഷാകർതൃ മീറ്റിങ്ങിനു ചെല്ലുന്ന നമ്മളെ അന്തം വിടീച്ചു സ്വന്തം അദ്ധ്യാപകനെ "മിസ്റ്റർ സ്റ്റീവ് " എന്ന് വിളിച്ചു തോളത്തു കയ്യിടുന്നതും നമ്മുടെ കുട്ടികൾ തന്നെ.

കുട്ടികൾ, അവർ  വളരുന്ന സമൂഹത്തിനനുസരിച്ചു മാറുമ്പോൾ കരഞ്ഞുവിളിച്ചു നാട്ടിലേക്കുള്ള പെട്ടി കെട്ടാതെ ചില കാര്യങ്ങൾ മുൻകൂട്ടി ശ്രദ്ധിക്കുന്നതും നല്ലതാണ്.

"പണ്ട് ഞാനൊക്കെ പഠിച്ചപ്പോൾ.." എന്നു തുടങ്ങുന്നതായ എല്ലാ വാചകങ്ങളും മറന്നേക്കുക. ഒരിയ്ക്കലും ഉപയോഗിക്കാതിരിക്കുക. അത് കേൾക്കാൻ നിങ്ങളുടെ കുട്ടികൾ ഒരിയ്ക്കലും ഇഷ്ടപ്പെടുന്നില്ലെന്ന് മാത്രമല്ല, "പണ്ടത്തെ" ആ നാടിനെപ്പോലും അവർ വെറുത്തുപോകും. മാത്രമല്ല, നമ്മളുടെ ആ സഹനങ്ങൾക്കൊന്നും ഇവിടെ വല്യ പ്രസക്തി ഇല്ല താനും.

കുഞ്ഞുങ്ങളോട് സംസാരിക്കുക, ഓരോ ദിവസവും നടക്കുന്ന കാര്യങ്ങൾ ചോദിച്ചറിയുക. അതൊരു പോലീസ് മുറ ചോദ്യം ചെയ്യലാവരുത് , ഒരു സുഹൃത്തായി സംസാരിക്കുക. കൊച്ചുകൊച്ചു നേട്ടങ്ങൾ പോലും വിലമതിക്കുക, ഓരോ നല്ല കാര്യത്തിനും അഭിനന്ദിക്കുക. തെറ്റുകൾ എന്താണെന്ന് മനസ്സിലാക്കിക്കുക.

വീട്ടിൽ മാതൃഭാഷ പറയുന്നത് ശീലിപ്പിക്കുക, ഇംഗ്ലീഷ് അവർ എങ്ങനെയും പഠിക്കും. മലയാളം കൈവിട്ടുപോയാൽ അതൊരു സംസ്കാരം തന്നെ അന്യമാകലാകും .  മാത്രമല്ല, വീട്ടിൽ മാതൃഭാഷ സംസാരിക്കുന്ന കുട്ടികൾ കൂടുതൽ പ്രാഗത്ഭ്യം ഉള്ളവരാകുമെന്ന് അടുത്തകാലത്തെ ഗവേഷണങ്ങൾ തെളിയിച്ചിട്ടുമുണ്ട്.

ജന്മനാടുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുക, മുത്തച്ഛനോടും മുത്തശ്ശിയോടുമൊക്കെ സംസാരിക്കാൻ പ്രോത്സാഹിപ്പിക്കുക , അതു വഴി അവർ നേടുന്നത് പലതാണ്, ആ വാത്സല്യം, നന്മ, നാടിനെക്കുറിച്ചുള്ള നല്ല സങ്കൽപ്പങ്ങൾ .

ഇടയ്ക്കിടെ യാത്രകൾ പോവുക, അത് നാട്ടിലേക്കോ മറ്റെവിടേക്കോ ആവട്ടെ. ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും ഊഷ്മളത കൈവരിക്കാനും യാത്രകൾ വളരെ നല്ലതാണ്.

നമ്മുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായ പ്രതികരണങ്ങളിൽ ഹൃദയം തകർന്നു പോവാതിരിക്കുക, അവരെ കേൾക്കുക, ഒരു നല്ല ശ്രോതാവാവുക, ജനറേഷൻ ഗ്യാപ് നമ്മൾ മനസ്സിലാക്കാൻ ശ്രമിയ്ക്കുക , കുട്ടികളുടെ അഭിപ്രായങ്ങളും ഇടയ്ക്കിടെ പരിഗണിക്കുക, അവരെ ബഹുമാനിക്കുക  - അവർ നിങ്ങളെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യും.

ഇതൊക്കെയായാലും ചിലപ്പോഴെല്ലാം ആ "കൾച്ചറൽ ഷോക്ക് " നമുക്കിങ്ങനെ ഉണ്ടായിക്കൊണ്ടേയിരിക്കും. അപ്പോഴൊക്കെ ഓർക്കുക , ഇതല്ല ജീവിതത്തിന്റെ അവസാന വാക്ക് .  ഭാഷയോ ഭാവിയോ ഒന്നും നിശ്ചയമില്ലാതെ,  ഈ ഭൂഗോളത്തിന്റെ അങ്ങേയറ്റത്തുനിന്ന് ഒരു സുപ്രഭാതത്തിൽ ആത്മവിശ്വാസത്തിന്റെ മാത്രം ബലത്തിൽ നമ്മൾ ഇവിടെയെത്തിയില്ലേ, അ തിലും വല്യ വെല്ലുവിളികളൊന്നും നമുക്ക് വരാനില്ല, നമ്മളിതിനെയും അതിജീവിക്കും.