രാവിലെ മുതലേ ചന്നം പിന്നം മഴ പെയ്യുന്നുണ്ട്..ജനാലയിൽ വന്ന് ചിതറിത്തെറിക്കുന്ന മഴത്തുള്ളികൾ ...ഇരുണ്ടു നിന്ന ആകാശം പെയ്തൊഴിയുകയാണ് .
ഒരാഴ്ചമുമ്പ് തടമെടുത്തു വേനൽ കൃഷിയ്ക്കുള്ള വിത്തിട്ടതേ ഉള്ളൂ. ഇന്നലെ നോക്കുമ്പോൾ അവിടവിടെയായി കുറച്ചു മുള പൊട്ടിയിട്ടുണ്ട് . നാലഞ്ചു മാസങ്ങളേ ഈ കൃഷി നടക്കുകയുള്ളുവെങ്കിലും വല്ലാത്തൊരു ആവേശമാണ് തടമൊരുക്കാനും വിത്തിടാനും. പിന്നീട് ദിവസ്സങ്ങളെണ്ണിയുള്ള കാത്തിരിപ്പാണ്, തൈകൾ പൊങ്ങിവരുന്നതും നോക്കി.
മഴയിൽ ഓടിച്ചെന്ന് നോക്കി, തൈകൾക്കു കുഴപ്പമൊന്നുമില്ല. ലവലേശം തലക്കനമില്ലാതെ അല്പം ചാഞ്ഞും ചരിഞ്ഞുമൊക്കെ നിന്ന് അവ രക്ഷപ്പെട്ടു പോവുന്നുണ്ട്. ധാർഷ്ട്യത്തിന്റെ അങ്ങേയറ്റം കൊണ്ട് അല്പം പോലും തല താഴ്ത്താതെ , നേർക്കു വരുന്ന ഏതൊരു പ്രയാസവും ഏറ്റുവാങ്ങുന്ന മനുഷ്യനേക്കാൾ ഭേദം ഇവരാണ്.
തിരികെ വന്നു മുൻവശത്തെ ജനാലകൾ ചേർത്തടച്ചു. കുറച്ചു നേരമായി മുന്നിലുള്ള റോഡിൽ രണ്ടുമൂന്നു വണ്ടികൾ റോഡ് ക്ലീൻ ചെയ്യുന്നുണ്ട്. ഇന്ന് സ്ട്രീറ്റ് ക്ലീനിങ് ആണെന്ന് നേരത്തെ തന്നെ ബോർഡ് വെച്ചിരുന്നു. അതുകൊണ്ടു തന്നെ നിരത്തിനിരുവശവും സാധാരണ പാർക്ക് ചെയ്യാറുള്ള വാഹനങ്ങളൊന്നും അവിടില്ല.റോഡ് അടിച്ചു വാരി ഒരു ട്രക്ക് കടന്നുപോവുമ്പോൾ നല്ലതുപോലെ തുടച്ചു വൃത്തിയാക്കി തുടച്ചു അടുത്ത ട്രക്ക് വരുന്നു. മുൻപെല്ലാം പലതവണ ചെയ്തിരുന്നത് എണ്ണം കുറച്ചു ഇപ്പോൾ വർഷത്തിൽ ഒന്നോ രണ്ടോ തവണ ആക്കിയെങ്കിലും മുടക്കമില്ലാതെ പോവുന്നുണ്ട്.
ആദ്യമൊക്കെ എനിക്ക് ഇതൊരു അത്ഭുതമായിരുന്നു. സ്ഥിരമായി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡുകൾ എന്തിനാണ് വൃത്തിയാക്കുന്നത്, ഉടനെത്തന്നെ അത് വീണ്ടും വൃത്തികേടാവില്ലേ എന്നൊക്കെയായിരുന്നു ചിന്തകൾ . പിന്നീടാണ് മനസ്സിലായത്, ഇടയ്ക്കിടെ പൊടിയടിച്ചു കളഞ്ഞും മാലിന്യങ്ങൾ നീക്കിയും സൂക്ഷിക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് വൈബാണ് ഓരോ വഴികൾക്കും. വിരലിലെണ്ണാവുന്ന മാസങ്ങൾ മാത്രം വസന്തം വിരുന്നിനെത്തുന്ന ഈ നാട്ടിൽ വഴിയോരങ്ങളിൽ ചെടികൾ വെച്ചും പൂക്കൂടകൾ നിറച്ചും മനോഹരമാക്കുന്ന ഓരോ വഴികളും കരുണയുടെ സ്നേഹത്തിന്റെ സന്ദേശമാണ് പകരുന്നത്.
തിരികെ വന്ന് ജോലിയിലേയ്ക്ക് ഇരിക്കുമ്പോൾ മനസ്സിൽ ഓർത്തു, ഇതുപോലൊരു ക്ലീനിങ് നമ്മുടെയെല്ലാം മനസ്സിലും ഇടയ്ക്കിടെ നടത്തേണ്ടിയിരിക്കുന്നു . മാറാല പിടിച്ച ചിന്തകളെയും മുൻവിധികളെയും അസൂയ, വിദ്വേഷം, മതാന്ധത തുടങ്ങിയ മാലിന്യങ്ങളെയും കളകളെയും ഇടയ്ക്കിടെ അടിച്ചുകൂട്ടി പുറത്തു കളയണം. എന്നിട്ടു സ്നേഹത്തിന്റെ സുഗന്ധമുള്ള ചന്ദനത്തിരികൾ കത്തിച്ചുവെയ്ക്കണം. കരുണയും മനുഷ്യത്വവും നിറയുന്ന ചെടികൾ നമുക്ക് നട്ടു പിടിപ്പിക്കണം. എത്ര വലിയ കൊടുങ്കാറ്റു വന്നാലും അല്പം തല താഴ്ത്തി നിന്ന് വേര് പിഴുതുപോവാതെ നാം അവയെ സംരക്ഷിക്കണം. അപ്പോഴേ നമ്മൾ മനുഷ്യരാവൂ, നന്മയുള്ളവരാവൂ.