Sunday, September 16, 2018

ഏതാണ്ട് രണ്ടു മാസം മുമ്പ് ട്രെയിനിൽ ഇരിയ്ക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്. വഴിയരികിൽ സിറ്റിയിലെ രണ്ടു ജോലിക്കാർ ഒരു വലിയ മരം കുഴിച്ചു വയ്ക്കുന്നു . എവിടുന്നോ വലിയ മരം പിഴുതെടുത്തു കൊണ്ടുവന്ന് വെക്കുകയാണ് . എന്നിട്ട് , അതിനെ നന്നായി വെള്ളവും വളവും കൊടുത്തു പിടിപ്പിച്ചെടുക്കുന്നു. അടുത്ത വർഷമാവുമ്പോഴേക്കും മരം സ്വന്തം സ്ഥാനത്തു ആഴത്തിൽ വളർന്നു തലയെടുപ്പോടെ നിലയുറപ്പിച്ചു കഴിയും .

ആദ്യമൊക്കെ ഈ കാഴ്ചകാണുമ്പോൾ എനിക്ക് വല്ലാത്ത ആശങ്കയായിരുന്നു, ഇത്ര വലിയ മരം പിഴുതു മാറ്റിവച്ചാൽ അത് അതിജീവിക്കുമോ എന്ന ആശങ്ക . പക്ഷേ, കരുതലും പരിപാലനമികവും കൊണ്ട് പരിസ്ഥിതിയോടിണങ്ങി തലയുയർത്തുന്ന അവയെക്കണ്ട് എനിക്കിപ്പോൾ ആശ്വാസമാണ് .

സമാനമായൊരു  ആശങ്ക കാണാൻ കഴിയുന്ന മറ്റൊരു സ്ഥലം അങ്ങ് നമ്മുടെ ആ കൊച്ചുനാട്ടിലെ വിവാഹപ്പന്തലുകളാണ്.

 ഒരു സുപ്രഭാതത്തിൽ പുതിയൊരു വീട്ടിലേക്ക് മരുമകളായി കയറിച്ചെല്ലുന്ന  ഏതൊരു പെൺകുട്ടിക്കും മനസ്സിൽ ഇത്തരമൊരു ആശങ്കയുണ്ടാവും. മകളെന്ന വാത്സല്യത്തിന്റെ ലേബലിൽ നിന്ന് ഉത്തരവാദിത്തമുള്ള ഭാര്യയായും അനുസരണയുള്ള മരുമകളായും  ഒക്കെ  വേഷപ്പകർച്ച നടത്തുമ്പോൾ താളം പിഴയ്ക്കുമോ , കാലിടറുമോ എന്നൊക്കെയുള്ള ആശങ്ക.  ഓരോ ദിവസവും കാത്തുവെക്കുന്ന ഞെട്ടലുകളെയും അദ്‌ഭുതങ്ങളെയും കുറിച്ചുള്ള ആശങ്ക .

പുരുഷന്മാരുടെ കാര്യവും വ്യത്യസ്തമല്ല. ഇന്നലെവരെ കൊണ്ടാടിയ സ്വാതന്ത്ര്യങ്ങൾക്കെല്ലാം മേലെ സമയത്തിന്റെ ഒരു പുതിയ നിബന്ധന. ഏതു കാര്യത്തിനും അച്ഛനോടും അമ്മയോടും ചിണുങ്ങിയിരുന്ന ആൾ മറ്റൊരാളുടെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കേണ്ടി വരുമ്പോഴുള്ള സമ്മർദ്ദം . എന്തായാലും  ജീവിതം ഒരിയ്ക്കലും പഴയപോലെ ആവില്ല തന്നെ,

പരസ്പര കരുത്തലിലും സ്നേഹത്തിലും അലിഞ്ഞു തീരാവുന്നതേയുള്ളു ഇതെല്ലാം. നമ്മുടെ ജീവിതം സന്തോഷമാവണമെന്ന് നാം തീരുമാനിക്കുന്നതിൽ തുടങ്ങുന്നു വിജയത്തിന്റെ ആദ്യ സൂത്രവാക്യം. മനസ്സിലാക്കാൻ ശ്രമിക്കുക, തുറന്നു സംസാരിക്കുക ഇതൊക്കെ പിറകേ വരുന്നു. നമ്മുടെ പ്രശ്നങ്ങൾ നാല് ചുമരുകൾക്കുള്ളിൽ പരിഹരിക്കാൻ ഉറപ്പിക്കുക, അതിൽ മൂന്നാമതൊരാളെ കൈകടത്താൻ അനുവദിക്കാതിരിക്കുക. ദേഷ്യം വരുമ്പോൾ സംസാരിക്കാതിരിക്കുക, കാരണം ദേഷ്യത്തിൽ പറയുന്നവ പലപ്പോഴും ക്ഷമിക്കാൻ പറ്റാത്തതാവും, പറഞ്ഞു പോയ വാക്ക് തിരിച്ചെടുക്കാൻ ആവില്ലെന്ന് ഓർമ്മിക്കുക . ചെയ്തു തരുന്ന കാര്യങ്ങൾ അംഗീകരിക്കുക, നന്ദിയുള്ളവരാകുക.

ഇതെല്ലാം ചെയ്താലും ഇടക്കിടെയുണ്ടാകുന്ന പൊട്ടിത്തെറിക്കലുകൾ സ്വാഭാവികമാണെന്ന സത്യം മനസ്സിലാക്കുക . ഒരു പിണക്കവും അടുത്തദിവസത്തേക്ക് നീണ്ടുപോകാൻ അനുവദിക്കാതിരിക്കുക. ഉറങ്ങുംമുമ്പ് പരിഹാരം കാണാൻ ശ്രമിക്കുക.

ഇനിയിപ്പോൾ, ഈ വൈകിയ വേളയിൽ ഈയൊരു ലേഖനത്തിന്റെ സാംഗത്യം എന്തെന്ന ചോദ്യത്തിനുത്തരം... കഴിഞ്ഞ പതിനെട്ടുവർഷങ്ങൾ  ഗവേഷണം  നടത്തി കണ്ടെത്തിയ സത്യങ്ങൾ ആണിത്. മേൽപറഞ്ഞ സത്യങ്ങളെല്ലാം എന്റെ ഭർത്താവ് സാക്ഷ്യപ്പെടുത്തിയവയുമാണ് . ജീവിതം പങ്കുവെയ്ക്കാൻ കിട്ടിയത് ക്ഷമ എന്ന പദത്തിന്റെ അർത്ഥവും വ്യാപ്തിയും നന്നായറിയുന്ന, കുഞ്ഞുകുഞ്ഞു  അക്ഷരത്തെറ്റുകൾക്കുനേരെ കണ്ണടയ്ക്കാനുള്ള ദയ കാണിക്കുന്ന ആളായതുകൊണ്ടും  സന്തോഷമായി ജീവിക്കണമെന്ന വാശിയുള്ളതു കൊണ്ടും സർവോപരി പടച്ചവനെ പേടിയുള്ളതുകൊണ്ടും ഈ കഥ അങ്ങനെ തുടരുന്നു .

കിട്ടിയതും കെട്ടിയതും നല്ലൊരു തോട്ടക്കാരനായതുകൊണ്ട്  പതിനെട്ട്  വർഷം മുമ്പ് പറിച്ചുനടപ്പെട്ട ഈ ഞാനെന്ന മരം ഇവിടെ വേരുറപ്പിച്ചു തലയുയർത്തിനിൽക്കുന്നു .  എന്റെ ഭർത്താവാണ് എന്റെ ഏറ്റവും വല്യ അനുഗ്രഹം എന്നൊന്നും ഞാൻ പറയില്ല, വല്ലാതങ്ങു അഹങ്കരിച്ചു കളയും

മറുഭാഗം കേൾക്കുംമുമ്പ് ആശംസിച്ചോളൂ ..


Friday, September 7, 2018

ഡൌൺ ടൗണിലെ മരങ്ങളൊക്കെ മഞ്ഞയായിത്തുടങ്ങിയിരിക്കുന്നു. നടപ്പാതകൾക്കിരുവശവും തണലുവിരിച്ചു നിൽക്കുന്ന അവയെക്കാണുമ്പോളൊക്കെ മനസ്സിന് വല്ലാത്തൊരു കുളിർമയാണ്‌ .  മരങ്ങൾ തളിരിടുന്നതും അവ പച്ചിലകളാവുന്നതും പൂക്കൾ വിടരുന്നതും മെല്ലെ മെല്ലെ മഞ്ഞയാവുന്നതും ഒക്കെ എന്റെ പ്രഭാതങ്ങളെ സാക്ഷി നിർത്തിയാണ് . എത്ര തിരക്കേറിയാലും അവയെക്കണ്ടാണ് ഞാൻ ഓഫീസിലേക്ക് നടക്കാറ്.  ആൾക്കൂട്ടത്തിൽ അറിയപ്പെടാതെ...ചിലപ്പോൾ തോന്നും എത്ര അപ്രസക്തമാണ് ജീവിതമെന്ന് . മറ്റു ചിലപ്പോൾ അതൊരു രസമാണ്, ഭൂതകാലമില്ലാതെ ജീവിക്കേണ്ടിവരുന്നതിന്റെ  രസം .

ഋതുഭേദങ്ങളിൽ ഏറ്റവും മനോഹരം ഈ മഞ്ഞനിറമാർന്ന ശരത്കാലമാണ് . ഓരോ മരത്തിലും തീപോലെ കത്തിജ്വലിച്ച വർണ്ണങ്ങൾ . അണയും മുൻപുള്ള ആളിക്കത്തലാണെന്നോർക്കുമ്പോൾ ഒരു നൊമ്പരം തോന്നും . എങ്കിലും അത് നമ്മളെ പലതും ഓർമ്മപ്പെടുത്തും .

 നടന്നു  തീർത്ത വഴികൾ ,  ഇടയിൽ വച്ച് കൂടിയും പിന്നെയേതോ വഴിയിൽ അപ്രത്യക്ഷമാവുകയും ചെയ്തവർ , നിഴലായ് ഇപ്പോഴും കൂടെ നടക്കുന്നവർ , ലോകത്തിന്റെ മറ്റേതോ കോണിലിരുന്ന് "നീ സുഖമായിരിക്കട്ടെ"എന്ന് പ്രാർത്ഥിക്കുന്നവർ , വളരെച്ചെറിയ നിമിഷങ്ങളിൽ മനസ്സിൽ മുറിപ്പാടു തീർത്തു സന്തോഷിച്ചവർ - മായ പറയുമ്പോലെ "ഓർമ്മകളുടെ അസുഖമുള്ളവർ"ക്ക്   ഈ മഞ്ഞയിലകൾ ഒരു ബാധ്യതയാണ്. മറക്കാൻ ശ്രമിച്ചാലും എത്ര മായ്ക്കാൻ ശ്രമിച്ചാലും പൂർവാധികം മിഴിവോടെ തെളിഞ്ഞുവരുന്ന ചില ഓർമ്മകളുടെ തീരാത്ത ബാധ്യത.

കൊഴിയാൻ ഒരുങ്ങിനിൽക്കുമ്പോഴും മറ്റുള്ളവരുടെ കണ്ണുകളിൽ സന്തോഷം പടർത്തുന്ന മഞ്ഞയിലകൾ ദിവസ്സവും എന്നെ ഓർമ്മപ്പെടുത്തുന്ന മറ്റൊരു വലിയ കാര്യം കൂടിയുണ്ട്, സങ്കടങ്ങളല്ലവിളിച്ചു പറയേണ്ടത്, സന്തോഷങ്ങളാണ്. ജീവിതത്തിലെ ചില നിമിഷങ്ങളെങ്കിലും മറ്റുള്ളവർക്കായി മാറ്റിവയ്ക്കുക .  സ്നേഹിക്കുക,അഭിനന്ദിക്കുക, വിലമതിക്കുക, അത് പ്രകടിപ്പിക്കുക. വാക്കുകൾക്കു പിശുക്കു കാണിച്ചു വാ പൂട്ടി  ജീവിച്ചുതീർക്കുന്ന ഒരു ജീവിതം കൊണ്ട് എന്താണ് പ്രയോജനം?  ശ്വാസം നിലയ്ക്കുമ്പോൾ "ഇവിടെ ജീവിച്ചിരുന്നു" എന്ന് അടയാളപ്പെടുത്താൻ നമ്മൾ ധരിച്ച മുഖംമൂടിയോ വിഴുങ്ങിയ വാക്കുകളോ ഉണ്ടാവില്ല. ചിരിച്ചുകൊണ്ടു പറഞ്ഞ ഒരു നന്ദിവാക്കോ , "നീ എനിക്ക് എത്ര പ്രിയപ്പെട്ടതാണ്" എന്ന് സ്നേഹം നിറഞ്ഞുപറഞ്ഞ സൗഹൃദമോ ബന്ധങ്ങളോ കരുണ നിറഞ്ഞ ഒരു നോട്ടമോ  ഒക്കെത്തന്നെയേ കാണൂ .

ഒന്നു രണ്ടാഴ്ച്ചകൾ കൂടി കഴിയുമ്പോൾ ഈ ഇലകൾ പൊഴിഞ്ഞുതുടങ്ങും . അപ്പോഴും അവ ലോകത്തോട് വിളിച്ചുപറയും , മെഴുകുതിരിപോലെ ഉരുകുമ്പോഴും മറ്റുള്ളവർക്ക് വെളിച്ചമാവുക. പിന്നെ, പതിയെ തണുപ്പ് വിരുന്നെത്തും, നിറഞ്ഞുനിന്ന വീഥികളിൽ വെറും ചുള്ളിക്കമ്പുകൾ മാത്രം ബാക്കിയാക്കി മരങ്ങൾ മറ്റൊരു പാഠം പകർന്നുതരും , ഈ മഞ്ഞിന്റെ മരവിച്ച വെളുപ്പിനുമപ്പുറം വീണ്ടും നിറമാർന്ന ഒരു പുലരി വിരുന്നെത്തുമെന്ന പ്രതീക്ഷയുടെ പാഠം.  ഏതൊരു വസന്തത്തിനും അവസാനമുണ്ടെന്നും ജീവിതം ഋതുഭേദങ്ങൾ പോലെയാണെന്നും കൺമുന്നിൽ സാക്ഷ്യപ്പെടുത്തും .

ജീവിതം ഓരോ ദിവസവും ഓരോ പാഠമാണ് ചൊല്ലിത്തരുന്നത് . വിഷയങ്ങൾക്ക് പേരിടാതെ വഴിയോരങ്ങളിലും   ട്രെയിനിലും ഓഫീസിലും കണ്ടുമുട്ടുന്നവരും കാഴ്ച്ചകളും അദ്ധ്യാപകരാകുന്ന പാഠങ്ങൾ .  

ഈ അദ്ധ്യാപക  ദിനത്തിൽ  ഏറ്റവും ഓർമ്മിക്കുന്നത് ഇവരെയൊക്കെയാണ്, സ്നേഹിക്കാനും വഞ്ചിക്കാനും പഠിപ്പിച്ചവരെ,  വലംകൈകൊണ്ട് തലോടാനും ഇടംകൈകൊണ്ടു തല്ലാനും പഠിപ്പിച്ചവരെ, സർവോപരി, ജീവിതം എന്താകണമെന്നും എന്താകരുതെന്നും പഠിപ്പിച്ചവരെ.