കൈയ്യിലിരുന്ന പാസ്സ്പോർട്ടും ടിക്കറ്റും അയാൾ വീണ്ടും വീണ്ടും നോക്കി ഉറപ്പുവരുത്തി . നാളെ ഈ സമയത്തു ഫ്ലൈറ്റിൽ ആയിരിക്കും . എത്ര നാളായി ആഗ്രഹിക്കുന്നതാണ് ഈ യാത്ര . സുമിത്രയ്ക്കും സന്തോഷമാവും . ഇന്നലെ മകൻ ഫോണിൽ സംസാരിക്കുമ്പോൾ, അങ്ങേത്തലയ്ക്കലെ ദുർബലസ്വരത്തിലെ നിറവ് അയാൾക്കും അനുഭവപ്പെട്ടു .
"അച്ഛാ, കിടന്നോളു , രാവിലെ പുറപ്പെടാനുള്ളതാണ് " മകൻ മുറിയിലേക്ക് കടന്നു വന്നു . ടിക്കറ്റ് വാങ്ങി . ലൈറ്റ് അണച്ച് അവൻ മടങ്ങി . രാത്രി പത്തുമണി ആയെങ്കിലും പുറത്തു നല്ല വെളിച്ചമുണ്ട് , നാട്ടിലെ നിലാവെളിച്ചം പോലെ . അയാൾ കർട്ടൻ മാറ്റി പുറത്തേയ്ക്കു നോക്കി . പ്രകൃതി തണുത്തു വിറങ്ങലിച്ചു നിൽക്കുന്നു . എങ്ങും മഞ്ഞുനിറച്ച വെളുപ്പുമാത്രം . അവിടവിടെ ചില മരച്ചില്ലകൾ മാത്രം ശോഷിച്ചു തലയുയർത്തി നിൽക്കുന്നു . എങ്ങനെയെങ്കിലും ഈ കാലം തരണം ചെയ്യുക എന്നതു മാത്രമാവാം അവയുടെ ലക്ഷ്യം.
നാട്ടിൽ ഇപ്പോൾ സുമിത്ര തിരക്കിട്ട് ഓടിനടക്കുകയാവും . കാൽമുട്ടിന്റെ വേദനയൊന്നും വകവയ്ക്കുന്നുണ്ടാവില്ല . അയാൾ ഉണ്ടായിരുന്നെങ്കിൽ ഇടക്കെങ്കിലും പരിഭവം പറഞ്ഞേനെ , "രവിയേട്ടന് ഇതു വല്ലതും അറിയണോ , പറയുമ്പോൾ വെറുതെ ചിരിച്ചാൽ മതി ", അവളുടെ പരിഭവത്തിനും എന്തു ഭംഗിയാണ്!
മൂന്നു കുട്ടികളായിരുന്നു , ഒരു പെണ്ണും രണ്ടു ആണും . എല്ലാവരെയും നന്നായി പഠിപ്പിച്ചു . പുറംനാടുകളിലേക്ക് ഓരോരുത്തരായി ചേക്കേറിയപ്പോൾ അഭിമാനമായിരുന്നു മനസ്സിൽ . സുമിത്ര മാത്രം രാത്രിയുടെ അവസാനയാമങ്ങളിലും ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് അയാളെ വിളിച്ചെഴുന്നേൽപ്പിച്ചു . "രവിയേട്ടാ , ഗോപു കൂടി പോയാല് നമുക്ക് ആരാ ഉണ്ടാവുക?". "എവിടെപ്പോയാലും നമ്മുടെ മക്കളല്ലേ സുമി, അവര് ഓടിയെത്തില്ലേ ഏതാവശ്യത്തിനും ." ആ വിശ്വാസം അവർ ഒരിയ്ക്കലും തെറ്റിച്ചില്ല . ഒരിക്കൽ സുമിത്ര കാൽ വഴുതി വീണ് പൊട്ടൽ ഉണ്ടായി ആശുപത്രിയിൽ ആക്കിയ വിവരം അറിഞ്ഞ ഉടനെ ഓരോരുത്തരായി എത്തി , അമ്മയെ ശുശ്രൂഷിച്ചു. അമ്മ എഴുന്നേറ്റു നടക്കാൻ തുടങ്ങിയശേഷമാണ് മടങ്ങിയത് .
അങ്ങനെയിരിക്കെയാണ് ഗോപൻ വിളിക്കുന്നത് , "അച്ഛാ, ഗീതയുടെ പ്രസവാവധി കഴിയാറായി. , അപ്പുവിന് ഒരു വയസ്സല്ലേയുള്ളു , എന്ത് ചെയ്യുമെന്ന് അറിയില്ല". "നീ സമാധാനിയ്ക്കു മോനെ, എന്തെങ്കിലും പരിഹാരം ഉണ്ടാക്കാം " , അന്ന് മുഴുവൻ ആലോചിച്ചു , സുമിത്രയും ഞാനും കൂടി പോകാം, ഒരു ആറു മാസത്തേക്ക് . കൃഷിയും പശുവിനെയുമൊക്കെ അയൽവക്കത്തെ അലീക്കായെ ഏൽപ്പിക്കാം . കാര്യം പറഞ്ഞപ്പോൾ അലീക്കയ്ക്കും സൈനബയ്ക്കും സന്തോഷമേയുള്ളൂ . വൈകിട്ട് തന്നെ ഗോപനെ വിളിച്ചു , അവനും സന്തോഷമായി . പേപ്പറുകൾ ശരിയാക്കിയിട്ട് വിളിക്കാം എന്ന് പറഞ്ഞു വച്ചു .
മൂന്നു ദിവസ്സം കഴിഞ്ഞപ്പോൾ അവൻ വീണ്ടും വിളിച്ചു , " ഗീത പറയുന്നൂ , അമ്മ വന്നാൽ ശരിയാവില്ല, വേദനയുള്ള കാൽ കൂടുതൽ വഷളായാലോ, ആലോചിച്ചപ്പോൾ അത് ശരിയാണല്ലോ എന്നെനിക്കും തോന്നി , അതു കൊണ്ട് അച്ഛന് മാത്രമുള്ള ടിക്കറ്റ് ഈമെയിലിൽ അയച്ചിട്ടുണ്ട് ". അതൊരു വല്ലാത്ത ഷോക്ക് ആയിരുന്നു അയാൾക്ക്. മുപ്പത്തഞ്ചു വർഷങ്ങളായി കൂടെയുള്ള ഒരാൾ , ആറു മാസമല്ല ആറു നിമിഷം അവളെ പിരിഞ്ഞു ജീവിക്കുന്നതെങ്ങനെ ? നിറഞ്ഞ കണ്ണുകൾ ഒളിപ്പിച്ചുവയ്ക്കാൻ വൃഥാ ശ്രമം നടത്തി സുമിത്ര പറഞ്ഞു , "സാരമില്ല രവിയേട്ടാ, അവരു പറഞ്ഞത് ശരിയല്ലേ . എനിക്കിവിടെ ഇവരൊക്കെയുണ്ടല്ലോ , രവിയേട്ടൻ ക്യാനഡയൊക്കെ കണ്ടുവരൂ , അപ്പുവിനും അമ്മുവിനും അമ്മൂമ്മയുടെ മുത്തം കൊടുക്കണം ".
ഗോപന്റെ വീട് , മൂത്ത കുട്ടി മൂന്നാം ക്ലാസ്സിൽ . അടുത്ത് വരാൻ തന്നെ രണ്ടുമൂന്നു ദിവസമെടുത്തു . മലയാളം പറയാൻ തന്നെ അറിയില്ല , അതുകൊണ്ടു തന്നെ ഒരു അകൽച്ച തോന്നിച്ചു , ഇടയ്ക്കിടെ എന്തെങ്കിലും ആവശ്യത്തിന് വന്നു ചൂണ്ടിക്കാണിക്കും, ബുദ്ധിമുട്ടിയാണെങ്കിലും "അപ്പൂപ്പാ" എന്ന് പറയും . ഗോപൻ രാവിലെ ജോലിക്കു പോയി ആറു മണിക്ക് വരും. ഗീത ഉച്ചയ്ക്ക് പോയി പാതിരാത്രിക്കെ വരൂ . എല്ലാവരും വളരെ സ്നേഹമായിത്തന്നെ പെരുമാറി . വാരാന്ത്യങ്ങൾ ഏതെങ്കിലും വീട്ടിൽ സുഹൃത്തുക്കൾ ഒന്നിച്ചുകൂടുന്നു .
ആദ്യമൊക്കെ, അയാളും ആ ഒത്തുചേരലിൽ പങ്കെടുത്തു . പിന്നെപ്പിന്നെ , മുതിർന്ന ഒരാളുടെ സാന്നിദ്ധ്യം, അവർക്കൊരു സ്വാതന്ത്ര്യ കുറവാണെന്നു തോന്നിത്തുടങ്ങിയപ്പോൾ അയാൾ പറഞ്ഞുതുടങ്ങി, "നിങ്ങൾ പോയിട്ടുവരൂ , അച്ഛൻ ഇവിടിരുന്നോളാം ". മറുത്തൊന്നും പറയാതെ അവർ പുറപ്പെടുമ്പോൾ, അയാൾക്കൊരു ആശ്വാസമായിരുന്നു . പാർട്ടികൾ ഗോപന്റെ വീട്ടിലാകുന്ന ദിവസം സ്വീകരണമുറിയിലെ സോഫയിൽ ഒരു പ്രതിമപോലെ അയാൾ ഇരുന്നു . മൂന്നുനാലു മാസങ്ങൾ കൊണ്ട് താൻ പടുവൃദ്ധനായി എന്നയാൾക്കു തന്നെ തോന്നിത്തുടങ്ങി .
ഇടയ്ക്ക് വിളിക്കുമ്പോൾ സുമിത്ര ചോദിക്കും , "രവിയേട്ടന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ അവിടെ? ഭക്ഷണമൊക്കെ കഴിക്കുന്നില്ലേ ? " സങ്കടങ്ങളെ ഉള്ളിൽ ഒളിപ്പിച്ചു വച്ച് , "സുഖം തന്നെ സുമി , നിനക്കോ?" ഒരു മൂളലിൽ അവൾ നിർത്തും .
ആറുമാസം പൂർത്തിയാവുന്നതിന് ഒരാഴ്ച്ച മുൻപ് ഗോപൻ പറഞ്ഞു, "അച്ഛാ,
ഒരു വർഷത്തേക്കു കൂടി വിസ നീട്ടുകയാണ് , അച്ഛന് അവിടെച്ചെന്നിട്ട് തിരക്കൊന്നുമില്ലല്ലോ , ഇവിടെ ഡേ കെയറിനൊക്കെ വല്യ ചിലവാണ് . മാത്രമല്ല കുട്ടികളുടെ ആരോഗ്യവും മോശമാകും ". അഭിപ്രായമല്ല, പറഞ്ഞത് തീരുമാനമാണെന്ന് മനസ്സിലായപ്പോൾ ഒരു തരം നിർവികാരത തോന്നി. വിളിച്ചപ്പോൾ തന്നെ സുമിത്ര പറഞ്ഞു, "സാരമില്ല രവിയേട്ടാ , കുട്ടികൾക്ക് വേണ്ടിയല്ലേ നമ്മുടെ ജീവിതങ്ങൾ". അവളുടെ സ്വരത്തിലെ ഒറ്റപ്പെടലും സങ്കടവും അയാൾക്കു മാത്രമേ മനസ്സിലാവുമായിരുന്നുള്ളൂ .
പിന്നെയും മാസങ്ങൾ ദശകങ്ങളെപ്പോലെ ദൈർഖ്യവും പേറി കടന്നുപോയി . മൂന്നാഴ്ച്ച മുൻപ്, ഇവിടെ നടത്തിയ പാർട്ടിയിലാണ് വര്ഗീസിനെ കണ്ടത് . തലവേദനയെന്നൊരു കള്ളവും പറഞ്ഞു മുറിയിൽ തന്നെ കൂടിയതാണ് . വരുമ്പോൾ കൊണ്ടുവന്ന രണ്ടുമൂന്നു പുസ്തകങ്ങൾ വെറുതെ എടുത്തു മറിച്ചും തിരിച്ചും നോക്കിയിരുന്നു . അപ്പോൾ ആണ് വര്ഗീസ് കടന്നുവന്നത് . ഗോപന്റെ സുഹൃത്തിന്റെ അച്ഛനാണ് , വന്നിട്ട് ഒരു മാസം ആയതേയുള്ളു . ഒരു സമപ്രായക്കാരനെ കണ്ടതിന്റെ ആശ്വാസത്തിൽ ആയിരുന്നു വര്ഗീസ് .
ഓരോരോ കഥകൾ പറഞ്ഞിരുന്നു , നാട്ടു വിശേഷങ്ങൾ പറഞ്ഞു . ഇടയ്ക്കു വര്ഗീസ് പറഞ്ഞു , "രവിസാറിന് വീടും വീട്ടുകാരിയെയും ഒക്കെ മിസ് ചെയ്യുന്നുണ്ടല്ലേ ". "മക്കൾക്ക് വേണ്ടിയല്ലേ വര്ഗീസേ , ജീവീതം ". പിന്നെയും വളരെനേരം സംസാരിച്ചിരുന്നു . പോകാൻ സമയം ആയപ്പോൾ അയാൾ എഴുന്നേറ്റു , കൈകളിൽ പിടിച്ചു പറഞ്ഞു, "മാഷേ , ഞാൻ ഈ മാസാവസാനം തിരികെപ്പോകും , നമ്മുടെ ജീവിതം അങ്ങ് നാട്ടിലല്ലേ, ആ മണ്ണും മഴയും കാറ്റും ഒന്നിനും പകരമാവില്ല . പിന്നെ, ജീവിതം മക്കൾക്കു വേണ്ടി മാത്രമല്ല മാഷേ, നമുക്കും കൂടിയാണ് . ഇത് ഇവർ തിരഞ്ഞെടുത്ത ജീവിതമാണ് , അതിനു വല്ലപ്പോഴും ഒരു കൈത്താങ്ങായാൽ മതി, അതല്ലാതെ, നമ്മുടെ ജീവിതം ഹോമിക്കേണ്ട കാര്യമില്ല. ചെയ്യേണ്ടതിൽ കൂടുതൽ ചെയ്താണ് നമ്മൾ മക്കളെ നോക്കിയത് . നമ്മുടെ ഒപ്പം നടന്നുതീർക്കാമെന്നു പറഞ്ഞു ഇറങ്ങിത്തിരിച്ച ഒരാളെ ഒറ്റയ്ക്കാക്കുന്നതിന്റെ കടം നമ്മൾ എവിടെ വീട്ടും ?"
വര്ഗീസ് പോയിക്കഴിഞ്ഞിട്ടും അയാളുടെ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു . പിറ്റേന്നു ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ അയാൾ പറഞ്ഞു , " എനിക്ക് നാട്ടിൽ പോകണം , വര്ഗീസിന്റെ കൂടെ പോകാൻ സാധിച്ചാൽ നല്ലത് , ഒറ്റയ്ക്ക് ഇത്ര ദൂരം, വയ്യാണ്ടായിരിക്കുന്നു ." ഗോപന്റെയും ഗീതയുടെയും ഞെട്ടൽ അയാൾ കണ്ടില്ലെന്ന് നടിച്ചു . "അത് അച്ഛാ, വിസയുടെ കാലാവധി ഇനിയുമുണ്ടല്ലോ" മകൻ പറഞ്ഞു . അയാൾ തല ഉയർത്തി അവന്റെ നേരെ നോക്കി, ഒന്ന് പുഞ്ചിരിച്ചു , "ഇതെന്റെ തീരുമാനമാണ് മോനെ".
ഇരുണ്ട മുഖത്തോടെയാണെങ്കിലും കാര്യങ്ങളെല്ലാം മകൻ നീക്കി . ഇടയ്ക്കു വിളിച്ചപ്പോൾ സുമിത്ര പറഞ്ഞു അവന്റെ പരിഭവത്തെപ്പറ്റി . വെറുതെ ചിരിച്ചതേ ഉള്ളൂ .
നേരം വല്ലാതെ വൈകിയിരിക്കുന്നു. രാവിലെ പുറപ്പെടണം , മഞ്ഞിന്റെ മരവിപ്പുകൾ കണ്ണുകളിൽ നിന്നും മായ്ച്ചു, അതിജീവനത്തിന്റെ ശോഷിച്ച മരച്ചില്ലകളിൽ കുറേ കണിക്കൊന്നപൂവുകൾ സ്വപ്നം കണ്ട് അയാൾ കിടന്നു . ആകാശത്ത് അവസാനത്തെ ദേശാടനക്കിളിയും പ്രതീക്ഷയുടെ ചിറകിലേറി ദൂരേക്ക് പറന്നു .