Saturday, October 28, 2017

അമ്മയെക്കുറിച്ചു പറയുമ്പോഴെല്ലാം മീരയുടെ കണ്ണുകൾ നിറഞ്ഞു കൊണ്ടേയിരുന്നു.  ഒരേ കട്ടിലിൽ കൈയ്യെത്തും ദൂരത്തു കിടന്നിട്ടും അവൾ കാതങ്ങൾക്കപ്പുറത്തു നിന്നും സംസാരിക്കുന്നതുപോലെ തോന്നി.

"എല്ലാ ദിവസവും അമ്മ വിളിക്കുമായിരുന്നു. വിശേഷങ്ങളെല്ലാം പറയും.  വീടിനും ഓഫീസിനും ഇടയിലുള്ള എന്റെ ജീവിതത്തിന്റെ വിശ്രമമില്ലാത്ത ഓട്ടം അമ്മയെ എപ്പോഴും വ്യാകുലപ്പെടുത്തിയിരുന്നു. " നിറഞ്ഞുവന്ന കണ്ണുകൾ പുതപ്പുകൊണ്ട് തുടച്ചു അവൾ തുടർന്നു , "അന്നും 'അമ്മ വിളിച്ചു. ബാങ്കിലെ തിരക്കിനിടയിൽ. എന്നിട്ടും ഞാൻ ഫോൺ എടുത്തു .  അന്ന് ഒരു വിശേഷദിവസ്സമായിരുന്നു , വൈകിട്ട് അമ്പലത്തിൽ പോകാൻ മറക്കരുത് എന്ന് ഓര്മിപ്പിക്കാനാണ് അമ്മ വിളിച്ചത് ". അവളുടെ സ്വരം വീണ്ടും പാതിയിൽ മുറിഞ്ഞു.

ഞാനും ആ ദിവസം ഓർത്തെടുക്കാൻ ശ്രമിച്ചു. ഓഫീസിലെ തിരക്കിനിടയിൽ പല പ്രാവശ്യം ഞാൻ അന്ന് എന്തുകൊണ്ടോ മീരയെ ഓർമിച്ചു. സാധാരണയായി ഒരു ടെലിപ്പതി ഞങ്ങൾക്കിടയിൽ പ്രവർത്തിക്കാറുണ്ട്. അത് കൊണ്ടുതന്നെ എനിക്കെന്തോ ഒരു വല്ലായ്മ തോന്നി. വിളിക്കാനായി ഫോൺ എടുത്തപ്പോൾ, നാട്ടിലെ സമയം രാത്രി പന്ത്രണ്ടു മണി . ഈ പാതിരായ്ക്ക് അവളെ വിളിച്ചുണർത്തേണ്ടന്ന് കരുതി പിന്തിരിഞ്ഞു . വീട്ടിലെത്തിയപ്പോഴേക്കും ഓർമയിൽ നിന്നെന്തോ അത് വിട്ടുപോയി.

അടുത്ത ദിവസം രാവിലെ ഫോണിൽ അവളുടെ മെസ്സേജ്, "എനിക്ക് നിന്നോട് സംസാരിക്കണം".  ഈ ഇരുപത്തഞ്ചു വർഷങ്ങൾക്കിടയിൽ ഒരിക്കൽ പോലും ഞങ്ങൾക്കിടയിൽ ഇങ്ങനൊരു കാര്യം നടന്നിട്ടില്ല. കാണുന്നതും വിളിക്കുന്നതും വല്ലപ്പോഴും. എങ്കിലും പരിഭവങ്ങളോ കുറ്റപ്പടുത്തലുകളോ ഇല്ലാതെ ഇന്നലെ പ്രീഡിഗ്രി ക്ലാസ്സിൽ തോളുരുമ്മു ഇരുന്ന അതേ സ്നേഹത്തിൽ ഞങ്ങൾ സംസാരിക്കും . ജീവിതങ്ങൾ വിശാലമായതോ അതിലെ കഥാപാത്രങ്ങളുടെ എണ്ണം കൂടിയതോ ഒന്നും ഞങ്ങളെ ബാധിച്ചിട്ടില്ല. കാനഡയിലേക്ക് പറിച്ചു നടപ്പെട്ടപ്പോൾ പോലും എന്റെ കൊച്ചുകൊച്ചു സന്തോഷങ്ങൾക്കും പ്രത്യേകിച്ച് സങ്കടങ്ങൾക്കും അങ്ങേത്തലക്കൽ ഒരു നല്ല കേൾവിക്കാരിയും സഹയാത്രികയുമായി അവൾ ഉണ്ടായിരുന്നു. പലപ്പോഴും "ഫേസ്ബുക്കോ വാട്സാപ്പോ തുടങ്ങു, എപ്പോഴും ബന്ധപ്പെടാമല്ലോ " എന്ന എന്റെ നിർബന്ധത്തെ , "എന്തിന്? മനസ്സിന് തോന്നുമ്പോൾ നമ്മൾ സംസാരിക്കാറുണ്ടല്ലോ " എന്ന മറു വാദം കൊണ്ട് അവൾ അറുപഴഞ്ചനായി നേരിട്ടു . വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകങ്ങളെക്കുറിച്ചു ഞങ്ങൾ വാ തോരാതെ സംസാരിച്ചു .

രണ്ടു ദിവസം കൂടി കഴിഞ്ഞാണ് അവളെ വിളിച്ചത്, "'അമ്മ പോയി " ഫോൺ എടുത്തപ്പോഴേ വളരെ പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു . "അമ്പലത്തിൽ വിശേഷാൽ പൂജയ്ക്കു പോകാൻ ഒരുങ്ങി ഇറങ്ങുകയായിരുന്നു. അച്ഛൻ എത്തിയപ്പോൾ , മുഖം വല്ലാതെ വിളറിയിരുന്നു. ആസ്പത്രിയിൽ എത്തും മുൻപേ അച്ഛന്റെ മടിയിൽ ... അതിനു പത്തു മിനിറ്റു മുൻപ് എന്നെ വിളിച്ചിരുന്നു.  എന്റെ തിരക്ക് കണ്ട്  അമ്മ പിന്നെ വിളിക്കാം മോളെ  എന്നു പറഞ്ഞു വച്ചു . പിന്നീട് ഒരിക്കലും ആ വിളി വന്നില്ല ."  അസഹനീയമായ നിശ്ശബ്ദതക്കും തേങ്ങലുകൾക്കുമൊടുവിൽ ഞാൻ ഫോൺ വച്ചു .

ഇത്തവണത്തെ അവധിക്കാലത്തു അപ്രതീക്ഷിതമായാണ് അവളുടെ വീട്ടിൽ ഒരു ദിവസം തങ്ങിയത് . മോളാണ് പറഞ്ഞത്, "അമ്മയും ആന്റിയും ഒരുമിച്ചു കിടക്കട്ടേ, അവർക്കു പഴയ കാര്യങ്ങൾ സംസാരിക്കാമല്ലോ".

മീര വീണ്ടും പറഞ്ഞു കൊണ്ടേയിരുന്നു, "നാം ആർക്കും വേണ്ടി  നമ്മുടെ അമ്മയുടെ സമയം മാറ്റിവെക്കരുത് . ഒരു പാട് കാര്യങ്ങൾ അവർക്കു നമ്മളോടു പറയാനുണ്ടാവും. പലതും പറയാതെ അവർക്കു ഉള്ളിലൊതുക്കേണ്ടി വരും. നമ്മളെക്കുറിച്ചുള്ള ആധിയാണ് സമയം നോക്കാതെയുള്ള ആ വിളികൾക്കു പിന്നിൽ .  പോയ സമയങ്ങൾ തിരിച്ചു വരില്ല. ഇപ്പോഴും ഇടയ്ക്കിടെ ഞാൻ ഫോൺ ബെല്ലടിക്കുമ്പോൾ പ്രതീക്ഷയോടെ ഞാൻ നോക്കും , "'അമ്മ കോളിംഗ് " എന്നാണോ എന്ന് . കണ്ടില്ലെങ്കിലും സാരമില്ല, ആ സ്വരം ഒന്ന് കൂടി കേട്ടിരുന്നെങ്കിൽ.." .

എന്റെ  കണ്ണുകളും  ജലം കൊണ്ട് മുറിവേറ്റു നീറി .  നഷ്ടപ്പെടുത്തിയ സമയങ്ങളെക്കുറിച്ചോർത്തു  മനസ്സ് വിങ്ങി .ഇരുട്ടിലേക്ക് നോക്കുംതോറും എനിക്കു പേടിയായി, അമ്മയുടെ സാരിത്തലപ്പു കാണാതെ ഒരു  കൊച്ചുകുട്ടി കരഞ്ഞുവിളിച്ചു .  

Friday, October 20, 2017

ഓഫീസിൽ നിന്നിറങ്ങുമ്പോൾ മഴത്തുള്ളികൾ ഓരോന്നായി വീണുതുടങ്ങിയിരുന്നു. വെള്ളിയാഴ്ചയായതുകൊണ്ടാവാം പതിവു തിരക്കും ട്രെയിനിൽ ഉണ്ടായിരുന്നില്ല. പുറത്തേക്കുനോക്കാൻ പറ്റിയ ഒരിടത്തിരുന്നു. ഉച്ചയ്ക്ക് പ്രസീദയുടെ മഴക്കുറിപ്പു വായിച്ചതുകൊണ്ടാവാം ,ഒരു മഴ ആർത്തലച്ചുപെയ്യുന്നതുകാണാൻ വല്ലാതെ കൊതിക്കുന്നുണ്ടായിരുന്നു. പക്ഷേ, പതിവുപോലെ നിലത്തു നനവു പടരുന്നത് കാണാമെന്നല്ലാതെ , ഒരു മഴയിരമ്പമോ മഴത്തുള്ളികളുടെ കുണുങ്ങിച്ചിരികളോ ഒന്നും കേട്ടില്ല.

പണ്ട് കൊച്ചുകുട്ടിയായിരുന്നപ്പോൾ പെയ്യുന്ന ഓരോ മഴയ്ക്കും ജീവനുണ്ടായിരുന്നു. ആകാശത്തു കാർമേഘം ഉരുണ്ടുകൂടുമ്പോൾ എല്ലാവരും ഒരോട്ടമാണ് . അയയിൽ ഉണങ്ങാനിട്ട തുണികൾ പെറുക്കാൻ, വിറകു നനയാതെ വാരി വയ്ക്കാൻ , കോഴികളെ കൂട്ടിൽ കയറ്റാൻ, പശുവിനെ തൊഴുത്തിലാക്കാൻ അങ്ങനെ  എന്തെല്ലാം പണികൾ. എല്ലാം ഒതുക്കി മഴ പെയ്യാൻ തുടങ്ങുമ്പോൾ പിന്നെ വിശ്രമമാണ്, ശരിക്കും ഒരു കുടുംബസമയം. ഞങ്ങൾ കുട്ടികൾ ഒരു മേശയുടെ അടിയിൽ കയറി ഇരിക്കും. ഇടിമുഴക്കങ്ങൾ അന്നും ഇന്നും എനിക്ക് ഒരുപോലെ പേടിയാണ് . "ആകാശത്തു ദൈവം പാറക്കല്ലുരുട്ടി കളിക്കുന്നതാണത്രേ ഇടിമുഴക്കം" ഞങ്ങൾ ചേച്ചിമാർ അനിയന് മുന്നിൽ വല്യ പണ്ഡിതരാകും. മഴ പെയ്തു തോർന്നാൽ പിന്നെ ചെയ്തു തീർക്കാൻ വീണ്ടും ഒട്ടനവധി ജോലികൾ..വെള്ളത്തിൽ വീണുപോയ ചെടികളെ നേരെ നിർത്തുക, അടർന്നു വീണ മുല്ലപ്പൂക്കൾ പെറുക്കുക, മാവിൻ ചോട്ടിലും തെങ്ങിൻ ചോട്ടിലുമൊക്കെ പോയി നോക്കുക..

ഓരോ പ്രായത്തിലും മഴ ഓരോ അനുഭവമാണ് . കുറച്ചുകൂടി മുതിർന്നപ്പോൾ മഴ, പുതിയ കുടയും ചൂടി, വെള്ളം തെറിക്കുന്ന ഹവായി ചെരുപ്പിൽ നെറുക വരെ ചെളി തെറിപ്പിച്ചു മുതിർന്നവരെക്കൊണ്ടു ശകാരവാക്കുകൾ കേൾപ്പിച്ചു . എവിടെ മഴ വെള്ളച്ചാലുകൾ കണ്ടാലും , അവിടെല്ലാം കാലുകൊണ്ട് തടകെട്ടി കുഞ്ഞുപാലങ്ങൾ പണിത് വീട്ടിലേക്കുള്ള മഴക്കാല യാത്രകൾ ആഘോഷിച്ചുതിമിർത്തു . കോളേജിലെത്തിയപ്പോൾ  മഴ, കവിതകളെയും കഥകളെയും കടലാസുകളിൽ നിറച്ചു . "ബർസാത്തിൽ" നീളൻ മുടിക്കാരൻ ബോബി ഡിയോളിനും ട്വിങ്കിളിനുമൊപ്പം   "ഹം കോ സിർഫ് തും സെ പ്യാർ ഹേ "  എന്നു പാടി ഇടയിലെപ്പോഴോ വിരുന്നെത്തിയ പ്രണയത്തിനും സാക്ഷിയായി.

കാലം പിന്നെയും ഇരുണ്ടു  വെളുക്കുമ്പോൾ  മഴ വേർപാടുകളുടെ നൊമ്പരങ്ങൾ സമ്മാനിച്ചുതുടങ്ങി.  അത്ര നാൾ പ്രണയിച്ചയാളുടെ വധുവായി പടിയിറങ്ങുമ്പോൾ  കണ്ണുകളിൽ ആർത്തിരമ്പി പെയ്ത മഴ കാഴ്ചകളെ അവ്യക്തമാക്കിക്കളഞ്ഞു. എങ്കിലും ഒരു തിരിഞ്ഞുനോട്ടത്തിൽ കണ്ടു പെയ്തുതോർന്ന നാല് കണ്ണുകളിൽ വീണ്ടും മഴക്കാറുകൾ .

എണ്ണിച്ചുട്ട  അപ്പം പോലെ കിട്ടുന്ന അവധിദിനങ്ങളിൽ പിറന്ന നാട്ടിൽ എത്തുമ്പോൾ മഴ വീണ്ടും മനോഹരിയായി എന്നെ അതിശയിപ്പിച്ചു . വിശാലമായ വരാന്തയിലിരുന്ന് ആർത്തലച്ചുപെയ്യുന്ന മഴയെ ഞാൻ ആവോളം പ്രണയിച്ചു . ഇത്ര നാളും നീ എവിടെയായിരുന്നുവെന്നു പരിഭവം പറഞ്ഞു .  തിരികെവരാൻ നേരം നെഞ്ചിലെ മഴക്കാറുകളെ ഒരു വിളറിയ ചിരിയിൽ ഒതുക്കി വച്ചു.

ഋതുക്കൾ മാറിമാറി  ഇവിടെയെത്തുമ്പോൾ എന്റെ മഴയ്ക്ക് പഴയ ഭംഗിയില്ല , ഉത്സാഹത്തിമിർപ്പില്ല , ഒരു നിശബ്‌ദഗാനം പോലെ.  ഭദ്രയായും സൗമ്യയായും വേഷങ്ങൾ പകർന്നാടിയ എന്റെയാ പഴയ മഴ ഏറെ അകലെയാണെന്ന സത്യം എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി . നല്ലോർമ്മകളുടെ  നിറം കെടുത്തുന്ന ഈ മഴയ്ക്കു നേരെ കണ്ണുകൾ  ഇറുക്കിയടക്കുമ്പോൾ ഒരു കുഞ്ഞുമഴ എന്റെ അധരങ്ങളിലൂടെ ഒഴുകിയിറങ്ങി ആരും കാണാതെ എന്റെ ചുണ്ടുകളിൽ ഉമ്മ വച്ചു . 


ഓരോ പിറന്നാളും ജീവിച്ചു തീർത്ത നിമിഷങ്ങളുടെ കണക്കെടുപ്പാണ് . നടന്നു തീർത്ത ദൂരങ്ങളുടെ ഓർമപ്പെടുത്തലുകളാണ് .  നമുക്കത്, പങ്കുവെച്ച ജീവിതത്തിന്റെയും പ്രണയത്തിൻറെയും ഊർജ്ജത്തിൽനിന്നും വരാനിരിക്കുന്ന നല്ല നാളെകളെക്കുറിച്ചുള്ള പ്രതീക്ഷകളാണ് . സർവ്വശക്തന്റെ കരുണയാണ് . ഓർമ്മകൾ സ്വപ്നങ്ങൾക്കു വഴികാട്ടിയാവട്ടേ ..... എന്നും ഒപ്പമാവട്ടെ..

Friday, October 6, 2017

ഇതിപ്പോൾ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളുടെ കാലമാണെന്നു തോന്നുന്നു. കാറ്റലോണിയക്കു സ്പെയിനിൽ നിന്നു സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് നടത്തിയ അഭിപ്രായ വോട്ടെടുപ്പിന്റെയും രക്തച്ചൊരിച്ചിലിന്റെയും വാർത്തകൾ വായിച്ചപ്പോൾ ആണ് "സ്വാതന്ത്ര്യം" വീണ്ടും എന്റെ ചിന്തകളിൽ കയറി വന്നത് .

വമ്പൻ രാജ്യങ്ങളുടെ പ്രഖ്യാപനങ്ങൾ വർത്തമാനപത്രങ്ങളിൽ വെറുതെയങ്ങു വായിച്ചു തള്ളാനും "ഹോ, ഈ ലോകത്തിന്റെ പോക്ക് എങ്ങോട്ടാണ്?" എന്ന് ആർക്കും ചേതമില്ലാത്ത ഒരു ഡയലോഗ് അടിക്കാനും എല്ലാ മാന്യരെയും പോലെ ഞാനും ബഹുമിടുക്കിയാണ്.

പക്ഷേ, സ്വാതന്ത്ര്യപ്രഖ്യാപനങ്ങൾ സ്വന്തം മൂക്കിൻ തുമ്പത്തു നിന്നു വരുമ്പോൾ കുറച്ചൊന്നുമല്ല ഞെട്ടലുണ്ടാവുന്നത് . അത്തരം ഒരു ഞെട്ടലിന്റെ വെളിച്ചത്തു നിന്നാണ് ഈ കുറിപ്പ് .

സ്വാതന്ത്ര്യത്തിന്റെ നിർവചനം പലർക്കും പലതാണ്. പലപ്പോഴും അമ്മമാർക്ക് അത് കുടുംബത്തിന്റെ നോക്കിനടത്തലാണ്, ഭർത്താവും കുട്ട്യോളുമല്ലാത്ത സ്വതന്ത്ര ലോകമൊന്നും അവരുടെ സ്വപ്നങ്ങളിൽ ഇല്ല. കുട്ടികൾക്കാവട്ടെ അത്, തോന്നുന്നത് ചെയ്യാനുള്ള അവകാശമാണ് . ശരിതെറ്റുകൾ അവർക്കു ചൂണ്ടിക്കാണിച്ചു കൊടുക്കുമ്പോളാണ് സ്വാതന്ത്ര്യ ബോധം സടകുടഞ്ഞെണീക്കുന്നത് 

സ്വാതന്ത്ര്യത്തെക്കുറിച്ചു നമ്മുടെ കുടുംബങ്ങളിലെ പുരുഷപ്രജകൾക്കു ഓര്മ വരുന്നത് എപ്പോൾ ആണെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? കുറെ സുഹൃത്തുക്കൾക്കൊപ്പം കളിച്ചു ചിരിച്ചിരിക്കുമ്പോൾ ഭാര്യയുടെ ഫോൺ വിളി വരുമ്പോൾ. അതൊരു വല്ലാത്ത ഭീകര നിമിഷമാണെന്നാണ് ബഹുഭൂരിപക്ഷം ഭർത്താക്കന്മാരുടെയും പക്ഷം. ഭാര്യയെ പേടിച്ചിട്ടല്ല അത്, ചുറ്റും ഇരിക്കുന്നവരുടെ മുഖത്തെ പരിഹാസച്ചിരി കണ്ടിട്ടാണത്രേ ! ഫോൺ ബെൽ അടിക്കുമ്പോൾ ഓരോരുത്തരും അത് സ്വന്തം ഫോണല്ല അടിച്ചതെന്നു ഉറപ്പാക്കും.  ഞങ്ങൾ സ്ത്രീകൾക്ക് തീരെ മനസ്സിലാവാത്ത ഒന്നുണ്ട്, സ്വന്തം ഭർത്താവിനെ വിളിക്കാൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ പേടിക്കണോ, ചുമ്മാതല്ല, ഏതൊരു ഭാര്യയുടെയും ഒന്നാം നമ്പർ ശത്രു ഭർത്താവിന്റെ സുഹൃത്തുക്കൾ ആവുന്നത്.

വീട്ടിൽ  നിന്നും "ദാ വരുന്നു" എന്ന് പറഞ്ഞു ഇറങ്ങിയിട്ട് മണിക്കൂറുകൾ കഴിഞ്ഞും കാണാതാവുമ്പോൾ, അങ്കലാപ്പിൽ ഭാര്യ വിളിക്കുന്നത്, ഏറെ വൈകി വീട്ടിൽ വന്നു കയറുമ്പോൾ ദേഷ്യത്തോടെയും സങ്കടത്തോടെയും കാരണമന്വേഷിക്കുന്നത്, ഇതൊക്കെ സ്വാതന്ത്ര്യ ലംഘനം ആണത്രേ !  വിവാഹം കഴിച്ചത് കൊണ്ടു  മാത്രം നിൻറെ  ക്ലോക്കിന്റെ  സൂചിയിലൂടെ ജീവിക്കാൻ എന്നെ കിട്ടില്ലെന്ന്‌ പറഞ്ഞു ഇറങ്ങിപ്പോയ ഭർത്താവിനെക്കുറിച്ചു ഇന്നലെ ഒരു സുഹൃത്ത്  പറയുന്നുണ്ടായിരുന്നു.

കുടുംബബന്ധങ്ങൾ ദൃഢമാക്കുന്നതിനുള്ള പ്രധാന കാര്യങ്ങളിലൊന്ന് നമ്മുടെ ശബ്ദം നിയന്ത്രിക്കുകയാണ് എന്ന് കേട്ടിട്ടുണ്ട്. മനസ്സുകൾ അകന്നിരിക്കുമ്പോഴാണ് ശബ്ദം ഉയരുന്നതെന്നത് ഇതേവരെ ഒരു രസതന്ത്രജ്ഞനും കണ്ടുപിടിക്കാത്ത ഒരു പരമാർഥമാണ്. അതിനുള്ള കുറുക്കു വഴി അന്യോന്യം സ്വാതന്ത്ര്യങ്ങളിൽ കൈ കടത്താതിരിക്കുക എന്ന ക്ലേശകരമായ തീരുമാനമാവാം .

ഇതൊക്കെയായാലും, ഞങ്ങൾ ഭാര്യമാർ ഇനിയും വിളിച്ചുകൊണ്ടേയിരിക്കും, "ചന്ദ്രേട്ടാ, എവിടെയാ??". സ്നേഹം കൊണ്ടാണെന്നേ, ക്ഷമിച്ചുകള.