ഓഫീസിൽ നിന്നിറങ്ങുമ്പോൾ മഴത്തുള്ളികൾ ഓരോന്നായി വീണുതുടങ്ങിയിരുന്നു. വെള്ളിയാഴ്ചയായതുകൊണ്ടാവാം പതിവു തിരക്കും ട്രെയിനിൽ ഉണ്ടായിരുന്നില്ല. പുറത്തേക്കുനോക്കാൻ പറ്റിയ ഒരിടത്തിരുന്നു. ഉച്ചയ്ക്ക് പ്രസീദയുടെ മഴക്കുറിപ്പു വായിച്ചതുകൊണ്ടാവാം ,ഒരു മഴ ആർത്തലച്ചുപെയ്യുന്നതുകാണാൻ വല്ലാതെ കൊതിക്കുന്നുണ്ടായിരുന്നു. പക്ഷേ, പതിവുപോലെ നിലത്തു നനവു പടരുന്നത് കാണാമെന്നല്ലാതെ , ഒരു മഴയിരമ്പമോ മഴത്തുള്ളികളുടെ കുണുങ്ങിച്ചിരികളോ ഒന്നും കേട്ടില്ല.
പണ്ട് കൊച്ചുകുട്ടിയായിരുന്നപ്പോൾ പെയ്യുന്ന ഓരോ മഴയ്ക്കും ജീവനുണ്ടായിരുന്നു. ആകാശത്തു കാർമേഘം ഉരുണ്ടുകൂടുമ്പോൾ എല്ലാവരും ഒരോട്ടമാണ് . അയയിൽ ഉണങ്ങാനിട്ട തുണികൾ പെറുക്കാൻ, വിറകു നനയാതെ വാരി വയ്ക്കാൻ , കോഴികളെ കൂട്ടിൽ കയറ്റാൻ, പശുവിനെ തൊഴുത്തിലാക്കാൻ അങ്ങനെ എന്തെല്ലാം പണികൾ. എല്ലാം ഒതുക്കി മഴ പെയ്യാൻ തുടങ്ങുമ്പോൾ പിന്നെ വിശ്രമമാണ്, ശരിക്കും ഒരു കുടുംബസമയം. ഞങ്ങൾ കുട്ടികൾ ഒരു മേശയുടെ അടിയിൽ കയറി ഇരിക്കും. ഇടിമുഴക്കങ്ങൾ അന്നും ഇന്നും എനിക്ക് ഒരുപോലെ പേടിയാണ് . "ആകാശത്തു ദൈവം പാറക്കല്ലുരുട്ടി കളിക്കുന്നതാണത്രേ ഇടിമുഴക്കം" ഞങ്ങൾ ചേച്ചിമാർ അനിയന് മുന്നിൽ വല്യ പണ്ഡിതരാകും. മഴ പെയ്തു തോർന്നാൽ പിന്നെ ചെയ്തു തീർക്കാൻ വീണ്ടും ഒട്ടനവധി ജോലികൾ..വെള്ളത്തിൽ വീണുപോയ ചെടികളെ നേരെ നിർത്തുക, അടർന്നു വീണ മുല്ലപ്പൂക്കൾ പെറുക്കുക, മാവിൻ ചോട്ടിലും തെങ്ങിൻ ചോട്ടിലുമൊക്കെ പോയി നോക്കുക..
ഓരോ പ്രായത്തിലും മഴ ഓരോ അനുഭവമാണ് . കുറച്ചുകൂടി മുതിർന്നപ്പോൾ മഴ, പുതിയ കുടയും ചൂടി, വെള്ളം തെറിക്കുന്ന ഹവായി ചെരുപ്പിൽ നെറുക വരെ ചെളി തെറിപ്പിച്ചു മുതിർന്നവരെക്കൊണ്ടു ശകാരവാക്കുകൾ കേൾപ്പിച്ചു . എവിടെ മഴ വെള്ളച്ചാലുകൾ കണ്ടാലും , അവിടെല്ലാം കാലുകൊണ്ട് തടകെട്ടി കുഞ്ഞുപാലങ്ങൾ പണിത് വീട്ടിലേക്കുള്ള മഴക്കാല യാത്രകൾ ആഘോഷിച്ചുതിമിർത്തു . കോളേജിലെത്തിയപ്പോൾ മഴ, കവിതകളെയും കഥകളെയും കടലാസുകളിൽ നിറച്ചു . "ബർസാത്തിൽ" നീളൻ മുടിക്കാരൻ ബോബി ഡിയോളിനും ട്വിങ്കിളിനുമൊപ്പം "ഹം കോ സിർഫ് തും സെ പ്യാർ ഹേ " എന്നു പാടി ഇടയിലെപ്പോഴോ വിരുന്നെത്തിയ പ്രണയത്തിനും സാക്ഷിയായി.
കാലം പിന്നെയും ഇരുണ്ടു വെളുക്കുമ്പോൾ മഴ വേർപാടുകളുടെ നൊമ്പരങ്ങൾ സമ്മാനിച്ചുതുടങ്ങി. അത്ര നാൾ പ്രണയിച്ചയാളുടെ വധുവായി പടിയിറങ്ങുമ്പോൾ കണ്ണുകളിൽ ആർത്തിരമ്പി പെയ്ത മഴ കാഴ്ചകളെ അവ്യക്തമാക്കിക്കളഞ്ഞു. എങ്കിലും ഒരു തിരിഞ്ഞുനോട്ടത്തിൽ കണ്ടു പെയ്തുതോർന്ന നാല് കണ്ണുകളിൽ വീണ്ടും മഴക്കാറുകൾ .
എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന അവധിദിനങ്ങളിൽ പിറന്ന നാട്ടിൽ എത്തുമ്പോൾ മഴ വീണ്ടും മനോഹരിയായി എന്നെ അതിശയിപ്പിച്ചു . വിശാലമായ വരാന്തയിലിരുന്ന് ആർത്തലച്ചുപെയ്യുന്ന മഴയെ ഞാൻ ആവോളം പ്രണയിച്ചു . ഇത്ര നാളും നീ എവിടെയായിരുന്നുവെന്നു പരിഭവം പറഞ്ഞു . തിരികെവരാൻ നേരം നെഞ്ചിലെ മഴക്കാറുകളെ ഒരു വിളറിയ ചിരിയിൽ ഒതുക്കി വച്ചു.
ഋതുക്കൾ മാറിമാറി ഇവിടെയെത്തുമ്പോൾ എന്റെ മഴയ്ക്ക് പഴയ ഭംഗിയില്ല , ഉത്സാഹത്തിമിർപ്പില്ല , ഒരു നിശബ്‌ദഗാനം പോലെ. ഭദ്രയായും സൗമ്യയായും വേഷങ്ങൾ പകർന്നാടിയ എന്റെയാ പഴയ മഴ ഏറെ അകലെയാണെന്ന സത്യം എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി . നല്ലോർമ്മകളുടെ നിറം കെടുത്തുന്ന ഈ മഴയ്ക്കു നേരെ കണ്ണുകൾ ഇറുക്കിയടക്കുമ്പോൾ ഒരു കുഞ്ഞുമഴ എന്റെ അധരങ്ങളിലൂടെ ഒഴുകിയിറങ്ങി ആരും കാണാതെ എന്റെ ചുണ്ടുകളിൽ ഉമ്മ വച്ചു .