Thursday, July 11, 2024

സമീറയുടെ ഭർത്താവ് ..

 സമീറയുടെ ഭർത്താവ് ..


നേരം വളരെ വൈകി ഒരു ഹൗസ്‌ പാർട്ടിയിൽ നിന്നും മടങ്ങി വരുമ്പോഴാണ് അയാൾ ആദ്യം സമീറയുടെ ഭർത്താവിനെക്കുറിച്ചു കേൾക്കുന്നത് . പാർട്ടിയിൽ ഒരിക്കലും ഒഴിയാത്ത വാക്കുകളുടെ പെരുമഴ പെയ്യിച്ചുകൊണ്ടിരുന്ന അയാളെ വളരെ പണിപ്പെട്ടാണ്  ഭാര്യ  വീട്ടിൽ പോവാൻ എഴുന്നേൽപ്പിച്ചത് . അതിന് അവൾ കണ്ണുകൊണ്ടു കെഞ്ചുകയും ആംഗ്യഭാഷയിൽ താണുവീണ് അപേക്ഷിക്കുകയും ചെയ്യേണ്ടി വന്നു . ഇത് പതിവുള്ളതിനാൽ അയാൾ അവയൊന്നും തീരെ ഗൗനിച്ചില്ല .  ഒടുവിൽ അറ്റകൈയ്യെന്നോണം മക്കളെക്കൊണ്ട്‌ വിളിപ്പിച്ചപ്പോൾ ആണ് അയാൾ ഒന്നനങ്ങിയത് . എന്നിട്ടും പുറത്തേക്കിറങ്ങാനുള്ള വാതിലിനരികെ നിന്ന് പത്തു മിനിട്ടു കൂടി സംസാരിച്ചിട്ടേ അയാൾ ഷൂസ് കാലിലേക്കിട്ടുള്ളു .


തിരിച്ചുള്ള യാത്രയിൽ പതിവുള്ള പരാതി അയാളിൽ നിന്നും ഉയർന്നുവന്നു , "ഒരിടത്തും അൽപനേരം സ്വസ്ഥമായി ഇരിക്കാൻ സമ്മതിക്കില്ല, ഒന്ന് സംസാരിച്ചു തുടങ്ങിയതേ ഉള്ളു , അപ്പോഴേക്ക്.. ".  മറുപടിയൊന്നും വരാഞ്ഞപ്പോൾ അയാൾ അടുത്ത സീറ്റിലേക്കൊന്നു പാളി നോക്കി . അവൾ പുറത്തെ ഇരുട്ടിലേക്ക് നോക്കി മൗനമായിരിക്കുകയാണ് .  "നീയെന്താ ആലോചിക്കുന്നത് ? അതോ ഇന്നും മുഖം വീർപ്പിച്ചിരിക്കുകയാണോ ?".

ചോദ്യം കേട്ട് അവൾ അയാളുടെ നേരെ നോക്കി , " ഞാൻ ആ സമീറയുടെ ഭർത്താവിനെക്കുറിച്ചു ചിന്തിക്കുകയായിയുന്നു . എവിടെപ്പോയാലും അയാൾക്ക് എന്ത് തിടുക്കമാണ് വീട്ടിലേക്കെത്താൻ . വീടൊരു സ്വർഗ്ഗമാണെന്നാണ് അയാൾ പറയാറ് . മോഹൻ , നിങ്ങൾക്കെന്താണ് സ്വന്തം വീട്ടിലേക്കു വരാൻ ഇത്ര മടി ? "


അന്നാണ് മോഹൻ  ആദ്യമായി സമീറയുടെ ഭർത്താവിനെക്കുറിച്ചു കേൾക്കുന്നത് .  "ഇതിപ്പോ ആരാണോ പുതിയ അവതാരം , ഇതേവരെ കേട്ടിട്ടില്ലല്ലോ " .


"ഞാൻ പറഞ്ഞിട്ടില്ലേ എന്റെ ഫ്രണ്ട് സമീറ . അവൾക്ക് നൂറു നാവാണ് ഭർത്താവിനെക്കുറിച്ചു പറയുമ്പോൾ . എത്ര കേറിങ് ആണെന്നോ ." അതുപറഞ്ഞു അവൾ വീണ്ടും പുറത്തെ ഇരുട്ടിലേക്ക് മുഖം തിരിച്ചു .


"ഇനിയിപ്പോ ഇതുമതി , തട്ടിച്ചുനോക്കാൻ പുതിയൊരു  ആളായല്ലോ . എനിക്കിത്രയൊക്കെയേ പറ്റൂ . " ശബ്ദം വല്ലാതെ ഉയർത്തി മോഹൻ  അത് പറഞ്ഞത് മനപ്പൂർവ്വമായിയുന്നു . 


ഉച്ചത്തിൽ ശബ്ദമുയർത്തി സംസാരിക്കുന്നത് അവൾക്ക് അസഹനീയമാണെന്ന് മോഹന് അറിയാമായിയുന്നു . അത്തരം സന്ദർഭങ്ങളിലെല്ലാം അവൾ അസ്വസ്ഥയാകുമെന്നും പിന്നെ കുറെ നേരത്തേയ്ക്ക്  മൗനത്തിന്റെ കൂട്ടിലേക്ക് അവൾ ഓടിയൊളിക്കുമെന്നും അറിയാമായിരുന്നു . എന്നിട്ടും ഈയിടെയായി അവളെ പ്രകോപിപ്പിക്കാൻ കിട്ടുന്ന അവസരങ്ങളൊന്നും മോഹൻ വിട്ടുകളയാറുമില്ലായിരുന്നു .


പിന്നെ വീടെത്തുന്നതുവരെ അവളൊന്നും സംസാരിച്ചില്ല . വാതിൽ തുറന്നതേ ഉടുത്തിരുന്ന സാരി മാറ്റാൻ പോലും നിൽക്കാതെ അവൾ സോഫയിലേക്ക് ചാഞ്ഞു . അവളെ തീരെ അവഗണിച്ചു അയാൾ കിടപ്പുമുറിയിലേക്ക് നടന്നു .


പിന്നീടങ്ങോട്ടുള്ള ദിവസ്സങ്ങളിൽ , ഇടയ്ക്കിടെ "സമീറയുടെ ഭർത്താവ് " അവരുടെ ജീവിതത്തിലേയ്ക്ക് കടന്നുവരാൻ തുടങ്ങി . അവഗണിക്കപ്പെടുന്നുവെന്ന് അവൾക്ക് തോന്നുന്ന അവസരങ്ങളിലെല്ലാം സർവ്വഗുണ സമ്പന്നനായ " സമീറയുടെ ഭർത്താവ് " അവളുടെ വാക്കുകളിൽ പ്രത്യക്ഷപ്പെട്ടു .  അടുക്കളയിൽ പച്ചക്കറികൾ അരിയുന്ന , പാത്രങ്ങൾ കഴുകിവെയ്ക്കുന്ന , ഉണങ്ങിയ തുണികൾ മടക്കി അലമാരിയിൽ വെയ്ക്കുന്ന സമീറയുടെ ഭർത്താവ് . വാരാന്ത്യങ്ങളിൽ തലയിൽ എണ്ണ തേച്ചു മസ്സാജ് ചെയ്തുകൊടുക്കുന്ന, വൈകുന്നേരങ്ങളിൽ വേദനയുള്ള കാൽപ്പാദങ്ങൾ തടവിക്കൊടുക്കുന്ന സമീറയുടെ ഭർത്താവ് ...


കേൾക്കുന്തോറും മോഹന് അരിശം കൂടിക്കൂടി വരികയാണുണ്ടായത് .  പതിവുപോലെ അയാൾ കൂട്ടുകാർക്കൊപ്പം വൈകി സൊറപറഞ്ഞിരുന്നു. രാത്രി വൈകിയെത്തുമ്പോൾ മേശമേൽ വിളമ്പിവെച്ച ആഹാരം " ഞാൻ കഴിച്ചു " എന്ന് പറഞ്ഞു ഒന്ന് നോക്കുക പോലും  ചെയ്യാതെ മറികടന്നുപോയി . പ്രഭാതങ്ങളിൽ പായ്ക്ക് ചെയ്തു വച്ചിരിക്കുന്ന ലഞ്ച് ബാഗ് മനപ്പൂർവ്വം മറന്ന് ഓഫീസിലേക്ക് ധൃതിയിൽ വണ്ടിയോടിച്ചുപോയി, സന്ധ്യാസമയങ്ങളിൽ മൊബൈൽ ഫോണിൽ വാട്സ്ആപ് ഗ്രൂപ്പുകളിൽ സജീവമായും അല്ലാത്തപ്പോൾ റീൽസ് കണ്ടിരുന്നും സമയം പോക്കി .


അവളാവട്ടെ നടന്നതും നടക്കാനിരിക്കുന്നതുമായ സകലതിനെക്കുറിച്ചും ആധിപിടിച്ചു ഉറങ്ങാതെ രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നു .  അവളുടെ മുഖത്തു പ്രത്യക്ഷപ്പെടുന്ന ചുളിവുകളെക്കുറിച്ചും കണ്ണുകളുടെ കരിവാളിപ്പിനെക്കുറിച്ചുമൊക്കെയുള്ള മോഹന്റെ മുന വച്ച സംസാരം  കേട്ടില്ലെന്നു നടിച്ചു  .  എങ്കിലും വല്ലപ്പോഴും കണ്ണാടിയിൽ കാണുന്ന സ്വന്തം രൂപം നോക്കി നെടുവീർപ്പിട്ടു. വായിക്കാനെടുക്കുന്ന പുസ്തകങ്ങൾ പാതിവഴിയാക്കി മടക്കി വെച്ചു.  ഇസ്തിരിയിടാൻ നേരമില്ലാത്തതിനാൽ ചുളുങ്ങിയ വസ്ത്രങ്ങളിട്ടു ഓഫിസിലേക്കോടി .


അപ്പോഴെല്ലാം അവൾ " സമീറയുടെ ഭർത്താവിന്റെ " ഗുണഗണങ്ങളെക്കുറിച്ചു വർണ്ണിക്കുകയും ഏറി വരുന്ന ഏകാന്തതകളെക്കുറിച്ചോർത്ത് സങ്കടപ്പെടുകയും ചെയ്തു . 


 അങ്ങനെയുള്ളൊരു രാത്രിയിലാണ് മോഹൻ തിരക്കെല്ലാമൊഴിഞ്ഞു ശാന്തനാണെന്ന് ഉറപ്പു വരുത്തിയതിനുശേഷം അവൾ ചോദിച്ചത് , "എന്താണ് വീട്ടിലേക്ക് നേരത്തെ എത്തുന്നതിൽ നിന്നും എനിക്കായി അൽപ്പസമയം ചെലവഴിക്കുന്നതിൽ നിന്നും നിങ്ങളെ തടയുന്നത് ? എന്റെ പെരുമാറ്റമാണോ?" 

ഒന്ന് നിർത്തിയ ശേഷം അവൾ തുടർന്നു , " ഇപ്പോൾ എനിക്ക് വേണ്ടി അല്പസമയം കണ്ടെത്തിയില്ലെങ്കിൽ കുറേക്കഴിഞ്ഞു നിങ്ങളുടെ സമയം മുഴുവൻ എനിക്കായി മാറ്റിവെയ്ക്കേണ്ടുന്ന ഒരു സമയം വരും . അങ്ങനെ ഉണ്ടാവാതിരിക്കട്ടെ ".


ആ വാക്കുകൾക്കെന്തോ വല്ലാത്തൊരു നോവ് മോഹന് അനുഭവപ്പെട്ടു . ഏറെ മുറിവേറ്റൊരു മനസ്സിൽ നിന്നും പുറപ്പെടുന്നൊരു നോവ് .അയാൾക്കെന്തോ ഉറക്കം വന്നില്ല . കൈ നീട്ടി അവളെ തൊടാൻ ആഞ്ഞപ്പോൾ അവളുറങ്ങിയെന്നു മോഹന് മനസ്സിലായി . ജനാലയിലൂടെ അരിച്ചുകയറുന്ന വെളിച്ചത്തിൽ അയാൾ കുറേനേരം അവളെ നോക്കിയിരുന്നു .  പറയാൻ ബാക്കിവെച്ച എന്തെല്ലാമോ അവളുടെ അടഞ്ഞ ചുണ്ടുകൾ മന്ത്രിക്കുന്നുണ്ടെന്ന് മോഹന്  തോന്നി .


പിറ്റേന്ന് എഴുന്നേറ്റപ്പോൾ മോഹൻ ആദ്യം ചെയ്തത് അടുക്കളയിലോട്ട് പോവുകയാണ് . തിരക്കിട്ടു പണികളൊക്കെ തീർത്തു അവൾ റെഡിയാവാൻ പോവുന്നു . രാവിലെ അയാളെ അവിടെ  കണ്ട അത്ഭുതത്തിൽ അവളുടെ കണ്ണുകൾ വിടർന്നു , "എന്തേ ?". 


അരികിലേക്ക് വന്ന് അവൾ നീട്ടിയ ചായ വാങ്ങിക്കൊണ്ടു അയാൾ പറഞ്ഞു ,

" നീ ഇപ്പോഴും സുന്ദരിയാണ് കേട്ടോ ".


"അപ്പോൾ എന്റെ ചുളിവുകളും നരയും ?" കയ്യിലെ വെള്ളം ഏപ്രണിലേയ്ക്ക് തുടച്ചു അവൾ ചോദ്യഭാവത്തിൽ നോക്കി .


"ഒന്നുമില്ലെന്നേ , അതൊക്കെ ഓരോ ദേഷ്യത്തിൽ പറഞ്ഞതല്ലേ . വൈകിട്ട് നമുക്കൊരു ഡ്രൈവിന് പോയാലോ ? പോവുന്ന വഴിക്ക് നമുക്ക് ആ സമീറയുടെ വീട്ടിലും ഒന്ന് കയറാം . നിന്റെയാ റോൾ മോഡലിനെ എനിക്കു കൂടി ഒന്ന് കാണാമല്ലോ ".


" അതിനെന്താ, വൈകിട്ട് എന്നെ ഓഫീസിൽ നിന്നും പിക്ക് ചെയ്‌താൽ മതി ". അവൾ തിരക്കിട്ട്‌ അടുത്ത പണിയിലേക്ക് കടന്നു .


കമ്പ്യൂട്ടർ സ്ക്രീനിലെ ക്ലോക്ക്. 4പിഎം കാണിച്ചപ്പോഴേ മോഹൻ ജോലി നിർത്തി ലാപ്ടോപ്പ് അടച്ചു എഴുന്നേറ്റു.  കാറ് അവളുടെ ഓഫീസിലേക്ക് തിരിഞ്ഞപ്പോൾ തന്നെ കണ്ടു , ഓഫീസിനു മുന്നിലെ പൂത്തുനിന്ന ഹൈഡ്രാഞ്ചിയയുടെ മുന്നിൽ പൂക്കളെ തലോടി അവൾ നിൽക്കുന്നുണ്ടായിരുന്നു. കാറിൽ കയറുമ്പോൾ ഉറപ്പുവരുത്താനെന്നവണ്ണം മോഹൻ ചോദിച്ചു, " സമീറയോട് പറഞ്ഞല്ലോ അല്ലേ നമ്മൾ വരുമെന്ന് ", അവൾ, ചിരിച്ചു തലയാട്ടി . 


ഓഫീസും കടന്നു അല്പദൂരം കഴിഞ്ഞുള്ള പാർക്കിനരികെ എത്തിയപ്പോൾ അവൾ പറഞ്ഞു , "ഇവിടെയിറങ്ങാം , ഈ പാർക്കിലൂടെ നടന്നു ക്രോസ്സ് ചെയ്‌താൽ അവരുടെ വീടായി ".


കാർ പാർക്ക് ചെയ്ത്‌ അവളുടെ കൂടെ പാർക്കിലേക്ക് നടക്കുമ്പോൾ അയാളോർത്തു , ഒരുപാട് നാളായി ഇങ്ങനെ അവളുടെ കൂടെ നടന്നിട്ട് . മനസ്സിലെവിടെയോ ഒരു കുറ്റബോധത്തിന്റെ നിഴലാട്ടം . അവൾ അതൊന്നും ശ്രദ്ധിക്കുന്നില്ല , നല്ല സന്തോഷത്തിലാണ് . ഇടയ്ക്കിടെ എന്തോ പാട്ട് മൂളുന്നുമുണ്ട് . ഒന്നുകൂടി ചെവിയോർത്തപ്പോൾ മനസ്സിലായി , അവൾക്കിഷ്ടമുള്ള ഗസലാണ്, പണ്ടൊക്കെ സൗഹൃദക്കൂട്ടായ്മകളിൽ പാടിയിരുന്ന ഒന്ന് . 


പാർക്കിന്റെ അങ്ങേ അറ്റത്തെത്തുമ്പോൾ കൂടി നിൽക്കുന്ന ആസ്പൻ മരങ്ങൾക്കു കീഴെ രണ്ടു ബെഞ്ചുകൾ ചൂണ്ടിക്കാട്ടി അവൾ പറഞ്ഞു , "നമുക്ക് ഇവിടെ അൽപനേരം ഇരിക്കാം ". കയ്യിലിരുന്ന കുപ്പിയിലെ വെള്ളം ഒരുകവിൾ കുടിച്ചു അവൾ മോഹനു നേരെ നീട്ടി . " ഈ മരങ്ങളെ ശ്രദ്ധിച്ചിട്ടുണ്ടോ , ചെറിയൊരു കാറ്റ് മതി അവയുടെ ഇലകൾ ഇളകിത്തുടങ്ങും , നമ്മുടെ, അല്ല , എന്റെ മനസ്സുപോലെ . അവയിങ്ങനെ കാറ്റിന്റെ താളത്തിൽ നൃത്തം ചവിട്ടുകയാണെന്നാണ് എനിക്ക് തോന്നാറ് ".  അയാൾ പുഞ്ചിരിച്ചു , ഒത്തിരി നാളായി ഇവളുടെ ഇത്തരം വർത്തമാനങ്ങൾ കേട്ടിരുന്നിട്ട് .


പാർക്കിൽ അവിടവിടെയായി ചിലരെല്ലാം നടക്കുന്നുണ്ട് , മറ്റു ചിലർ കൂട്ടമായി സംസാരിച്ചിരിക്കുന്നു . പൊതുവെ അല്പം തിരക്കൊഴിഞ്ഞൊരിടമാണ് ഇത് .  


" മറന്നു , നിങ്ങള്ക്ക് സമീറയുടെ ഭർത്താവിനെ കാണണ്ടേ ?". അവൾ ബാഗിന്റെ അകത്തെ അറയിൽ നിന്നും ഒരു ഫോട്ടോയെടുത്തു അയാൾക്ക്‌ നേരെ നീട്ടി . അത്യധികം ജിജ്ഞാസയോടെ മോഹൻ ആ ഫോട്ടോ വാങ്ങി അതിലേക്ക് ഉറ്റുനോക്കി .  ഏകദേശം പത്തു വര്ഷങ്ങള്ക്കു മുൻപുള്ള അയാളുടെ തന്നെ ഫോട്ടോ !  മോഹൻ അത്ഭുതത്തോടെ അവളെ നോക്കി .


ആസ്‌പൻ മരങ്ങളുടെ ചില്ലകളിലേക്ക് നോക്കിയിരുന്നു അവൾ പറഞ്ഞു " മോഹൻ, എനിക്ക് സമീറയെന്നൊരു സുഹൃത്തില്ല , ഒരിക്കൽപോലും നിങ്ങളത് ചോദിച്ചിട്ടില്ല . വർഷങ്ങൾക്കു മുൻപുള്ള നിങ്ങളായിരുന്നു എന്റെ മനസ്സിലെ  "സമീറയുടെ ഭർത്താവ്‌ ". ജീവിതം കൈവിട്ടു പോവുന്നുവെന്ന് തോന്നിയപ്പോൾ , എന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങൾ തിരികെയെത്തണമെന്ന അടങ്ങാത്ത ആഗ്രഹത്തിന്റെ പുറത്തുള്ളൊരു വിഭ്രാന്തി . "


ഉള്ളിൽനിന്നുയർന്നൊരു തേങ്ങൽ പുറത്തേക്കുവരാതെ അയാൾ അവളെ ചേർത്തുപിടിച്ചു , വിളറിയൊരു ചിരിയോടെ ചോദിച്ചു , " ഈ ബന്ധങ്ങൾക്കും restart ഓപ്ഷൻ ഉണ്ടാവുമോ ". 

" ഐ ടി  expert അല്ലേ , എന്തെങ്കിലും വഴികാണും, ശ്രമിച്ചുനോക്കൂ . ശരിയാവേണ്ടതാണ് ", കാറ്റേറ്റ്  നൃത്തം വയ്ക്കുന്ന ആസ്പെൻ ഇലകൾക്കൊപ്പം അവളും കിലുങ്ങിചിരിച്ചു , ഒരു നിറ കൺ ചിരി .

Thursday, June 20, 2024


ഓഫീസ് ഡെസ്കിൽ അവശേഷിച്ചിരുന്ന രണ്ടു ചെടികൾ കൂടി എടുത്തു അലമാരിയിൽ സൂക്ഷിച്ചിരുന്ന ജാക്കറ്റും തോളിലിട്ട് താക്കോൽ മേശപ്പുറത്തുതന്നെ കാണാൻ പാകത്തിന് വെച്ചു ആൻ ഓഫീസിൽ നിന്നിറങ്ങുമ്പോൾ നേരം നന്നേ വൈകിയിരുന്നു. ഇറങ്ങുന്നതിനുമുമ്പ് അവൾ ഒന്നുകൂടി തിരിഞ്ഞുനോക്കി. പുതിയ ആൾക്കുവേണ്ടി തന്റെ സീറ്റ് റെഡി ആക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തി. ചുറ്റുമുള്ള സീറ്റുകളൊക്കെ കാലിയായിരുന്നു. വാരാന്ത്യമായതുകൊണ്ടു എല്ലാവരും  അല്പം നേരത്തെ ജോലിനിർത്തി ഇറങ്ങിയിട്ടുണ്ടായിരുന്നു.  അതിലൊരു സീറ്റിൽ ആനിന്റെ  കണ്ണുകൾ അല്പനേരം ഉടക്കിനിന്നു. എട്ടുവർഷങ്ങൾ എത്ര പെട്ടെന്നാണ് ഓടിപ്പോയത് !  

ഒരുപാടിഷ്ടമായിരുന്നു ഈ ഓഫീസ്, വിശാലമായ ജനാലകളുള്ള ഈ ഇരിപ്പിടം ,ജനാലകൾക്കരികിൽ  മത്സരിച്ചുവളർന്ന ചെടികൾ. ജോലിത്തിരക്കുകളിൽ നിന്നുമൊരു താത്ക്കാലിക മോചനത്തിന് എഴുന്നേറ്റുനിന്ന് പുറത്തേയ്ക്കു നോക്കിയാൽ കണ്ണെത്താദൂരത്തിൽ മഞ്ഞണിഞ്ഞു കിടക്കുന്ന മലനിരകളുടെ അവ്യക്തമെങ്കിലും സുന്ദരമായ കാഴ്ച. സൂര്യൻ കത്തിജ്വലിക്കുന്ന ദിവസങ്ങളിൽ ആ കാഴ്ച കുറേക്കൂടി തെളിഞ്ഞതാവും. റോഡിനപ്പുറത്തുള്ള ചർച്ചിൽ അധികമാരെയും കാണാറില്ല. ചിലപ്പോൾ ഞായറാഴ്ചകളിലാവും അവിടെ ആളുകൾ എത്തുന്നതെന്ന് ആൻ ഊഹിച്ചു . കുറച്ചുകൂടി അപ്പുറത്തേക്ക് കടന്നാൽ തിരക്കേറിയ പ്രധാന റോഡായി.   

ഓഫിസിനു പിറകിലൂടെയുള്ള വഴികൾ പൊതുവെ ശാന്തമാണ്. പാർക്കിങ് ലോട്ടിൽ സ്ഥലമില്ലാത്തപ്പോൾ ജോലിക്കാരിൽ പലരും തങ്ങളുടെ വണ്ടികൾ പാർക്ക് ചെയ്യുന്നത് അവിടെയാണ് . തണുപ്പില്ലാത്ത ദിവസ്സങ്ങളിൽ ആ വഴികളിലൂടെയാണ് ഉച്ചനടത്തത്തിനായി ആൻ പോവുന്നത്. വല്ലപ്പോഴും കടന്നുപോകുന്ന കാറുകളും ആ വഴിയുടെ തുടക്കത്തിലുള്ള വെയർഹോക്‌സിലേക്കു പോവുന്ന ചില ട്രക്കുകളും അല്ലാതെ ആ വഴികളിൽ വണ്ടികളിങ്ങനെ സിഗ്നൽ നോക്കി കെട്ടിക്കിടക്കാറില്ല.

വേഗത്തിൽ സാധനങ്ങളെടുത്തു പാർക്കിങ്‌ലോട്ടിലെത്തിയപ്പോൾ രാത്രി എട്ടര ആയെങ്കിലും പുറത്ത് നല്ല വെളിച്ചമുണ്ടായിരുന്നു. വേനൽക്കാലം തുടങ്ങിയതിനാൽ സൂര്യൻ അസ്തമിക്കുന്നതു വളരെ വൈകിയാണ്. കയ്യിലുള്ള വസ്തുക്കൾ  താഴെവെയ്ക്കാതെ ബുദ്ധിമുട്ടി ഡോർ തുറക്കാൻ  ശ്രമിക്കുമ്പോളാണ്  "സഹായിക്കണോ ?" എന്ന ചോദ്യം അൽപ്പം അകലെനിന്നും കേട്ടത് . ചോദ്യം കേട്ട ദിക്കിലേക്ക് നോക്കാതെ തന്നെ അതാരെന്ന് ആനിനു മനസ്സിലായിരുന്നു. എങ്കിലും അവൾ തലയുയർത്തി നോക്കി. നീല നിറമുള്ള കാറിൽചാരി റയാൻ നിൽക്കുന്നുണ്ടായിരുന്നു.

ഒന്ന് പുഞ്ചിരിച്ചു അവൾ ചോദിച്ചു, "ആഹാ, കുറച്ചു ദിവസമായി കണ്ടില്ലല്ലോ എന്ന് ഞാൻ ഓർത്തിരുന്നു. പുതിയ പ്രൊജക്റ്റ് ആയിരുന്നോ?" .അവളുടെ കയ്യിലിരുന്ന ചെടികൾ വാങ്ങി കാറിന്റെ ഡിക്കിയിലേക്കു വെയ്ക്കാൻ സഹായിച്ചുകൊണ്ടു  റയാൻ പറഞ്ഞു, "അതേ , ജീവിതത്തിലെ വലിയൊരു പ്രൊജക്റ്റ് മൂന്നാലുദിവസ്സം മുൻപ് കഴിഞ്ഞു. കുറച്ചുനാളുകളായി അതിന്റെ തയ്യാറെടുപ്പിൽ ആയിരുന്നെങ്കിലും അതിന്റെ സമാപനത്തിന്റെ ക്ഷീണം വലുതായിരുന്നു ". 

അവൾക്കൊന്നും മനസ്സിലായില്ല, "എന്താണ് റയാൻ? എന്തിനെക്കുറിച്ചാണ് നീ പറയുന്നത്?".  കാറിന്റെ ഡിക്കിയടച്ചു അയാൾ അവളുടെ നേരെ തിരിഞ്ഞു, "കരോലിൻ പോയി .."  

ഒരു നിമിഷത്തെ ഞെട്ടലിൽ ആൻ  അയാളുടെ കയ്യിൽ പിടിച്ചു , "സോറി റയാൻ, ഞാൻ അറിഞ്ഞില്ല". അവളുടെ കൈയ്യുടെ മേലെ അയാൾ തന്റെ മെല്ലിച്ച വിരലുകൾ കൊണ്ട് തടവികൊണ്ടു പറഞ്ഞു, "ഇറ്റ്സ് ഓക്കേ , നമ്മൾ പ്രതീക്ഷിച്ചിരുന്നതാണല്ലോ". "എങ്കിലും ഇത്ര പെട്ടെന്ന്.." ആൻ വാക്കുകൾ ഇടയ്ക്കു വെച്ച് മുറിച്ചു . 

"ജീവിതത്തിലെ സുന്ദരനിമിഷങ്ങളത്രയും പെട്ടെന്നാണ് മാഞ്ഞുപോവുന്നത് ആൻ " റയാൻ പുഞ്ചിരിക്കാനൊരു ശ്രമം നടത്തി. എന്നിട്ട് പാന്റിന്റെ പോക്കെറ്റിൽ  നിന്നും ഒരു ടിഷ്യു പേപ്പർ എടുത്ത്  തിരിഞ്ഞു നിന്ന് കണ്ണിലെ നനവൊപ്പിയെടുക്കാൻ ഒരു വിഫലശ്രമം നടത്തി. 

അവളുടെ പതർച്ച മനസ്സിലാക്കിട്ടെന്നപോൽ  റയാൻ ചോദിച്ചു, "ആൻ , നിനക്ക് വിരോധമില്ലെങ്കിൽ നമുക്കൊരു പത്തുമിനിറ്റ് ആ പള്ളിയുടെ ഉള്ളിലേക്ക് ഇരിക്കാം. ഇനിയെന്നാണ് നമ്മൾ കാണുക? "

അവൾ ബാക്കി സാധനങ്ങളും കൂടി വണ്ടിയിലേക്ക് വെച്ചു കാറുമായി പള്ളിമുറ്റത്തെത്തിയപ്പോൾ അയാൾ കാത്തുനിൽപ്പുണ്ടായിരുന്നു. വേനലാണെങ്കിലും പുറത്തുവീശുന്ന കാറ്റിനു തണുപ്പുണ്ടായിരുന്നു.

 വളരെ പഴയൊരു പള്ളിയായിരുന്നു അത്. എട്ടു വര്ഷം ഈ ഓഫീസിൽ ജോലി ചെയ്തിട്ടും ഒരിക്കൽ അല്ലാതെ ആൻ  ഈ പള്ളിയിൽ വന്നിട്ടില്ല.  ആദ്യമായി ഇവിടെ ജോയിൻ ചെയ്ത ദിവസമായിരുന്നു അത് . അപരിചിതത്വം നിറഞ്ഞൊരു അന്തരീക്ഷത്തിൽ നിന്ന് ഓടിയൊളിക്കാനാണ് അന്നിവിടെയെത്തിയത്. ഇവിടെ നിന്നിറങ്ങുമ്പോളാണ് ആദ്യമായി റയാനെ കാണുന്നതും. ഉച്ചനടത്തം കഴിഞ്ഞു ഓഫീസിലേക്കുള്ള റോഡിൽ കാൽനടക്കാർക്കുള്ള സിഗ്നലിനു കാത്തുനിൽക്കുകയായിരുന്നു അയാൾ. അന്ന് അയാൾ സമ്മാനിച്ച കരുണാർദ്രമായ നോട്ടവും സൗഹൃദത്തിന്റെ പുഞ്ചിരിയുമാണ് അവളെ ഇന്നുകാണുന്ന ആൻ ആക്കി മാറ്റിയത്. 

ഉച്ചനടത്തങ്ങളിൽ റയാൻ ധാരാളം സംസാരിച്ചു, കരോലിനെക്കുറിച്, അവരുടെ പ്രണയത്തെക്കുറിച്ചു , അവരുടെ സ്വപ്നക്കൂടിനെക്കുറിച്ചു , ഒടുവിൽ വർഷങ്ങൾക്കിപ്പുറം കരോലിന്റെ അസുഖത്തെക്കുറിച്ചും.  താൻ വളർന്ന ഫോസ്റ്റർ ഹോമുകളെക്കുറിച്ചു ഒരിക്കലും ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്തതിനാൽ ആൻ എന്നും ഒരു നല്ല കേൾവിക്കാരിയായിരുന്നു.

പള്ളിമേടയിലെ ഏറ്റവും അവസ്സാനത്തെ ബെഞ്ചുകളിലൊന്നിൽ ഇരിക്കുമ്പോൾ അവൾക്കെന്തോ കുറ്റബോധം തോന്നി. ഇത്രദിവസ്സം കാണാതിരുന്നിട്ടും റയാനെ  ഒന്ന് വിളിക്കാതിരുന്നതിൽ ആൻ സ്വയം ശകാരിച്ചു. മറന്നുപോയതല്ല,  പെട്ടെന്നുള്ള ഒരു യാത്ര പറച്ചിൽ അവനുണ്ടാക്കിയേക്കാവുന്ന  വിഷമം ഓർത്താണ്  . 

മൗനത്തിന്റെ സെക്കൻഡുകൾക്കുപോലും ചിലപ്പോൾ മണിക്കൂറുകളുടെ ദൈർഖ്യമാണ് , അത് പലപ്പോഴും അവൾക്ക് അസഹനീയവുമാണ്.  അൾത്താരയിലേയ്ക്ക് നോക്കിയിരിക്കുന്ന അയാളുടെ തോളിൽ മെല്ലെ തട്ടി ആൻ  ചോദിച്ചു, " എന്നായിരുന്നു? നീയെന്തേ എന്നെ അറിയിച്ചില്ല?"

ഓർമ്മിക്കാനിഷ്ടപ്പെടാത്ത എന്തോ ഒന്നിന്റെ ശ്വാസം മുട്ടൽ ആ മുഖത്ത് ആൻ  കണ്ടു. "രണ്ടാഴ്ചയായി, അവൾ മെയ്ഡ് (MAID -Medical Assistance In Dying ) ഓപ്റ്റ് ചെയ്തു". ആൻ ഒരു നിമിഷം സ്‌തംഭിച്ചിരുന്നു. "ഓ ദൈവമേ , മെയ്ഡ്? അവൾ എന്തിനാണ് അത് ചെയ്തത്?"

"കുറച്ചു മാസങ്ങളായി കരോലിൻ  അതികഠിനമായ വേദനയിലൂടെയാണ് പൊയ്ക്കൊണ്ടിരുന്നത് . നഴ്സിങ്‌ഹോമിൽ ഞാൻ കാണാൻ ചെല്ലുമ്പോളെല്ലാം വേദനയടക്കി പുഞ്ചിരിക്കാൻ ശ്രമിക്കും.  പക്ഷേ വേദന ഓരോ ദിവസ്സവും കൂടിക്കൂടി വന്നു. ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് മറ്റാരേക്കാളുമേറെ അവൾക്ക് അറിയാമായിരുന്നു.  അങ്ങനെയുള്ളൊരു സന്ദർശനത്തിലാണ് അവളുടെ ഡോക്ടർ എന്നോട് പറഞ്ഞത്, അവൾ മൈഡിന് അപേക്ഷിച്ചിട്ടുണ്ടെന്ന് ".

 കണ്ണീരിന്റെ  നനവ് പറ്റിയ  കണ്ണട കാഴ്ച്ച തടസ്സപ്പെടുത്തുന്നെന്ന് തോന്നിയപ്പോൾ  റയാൻ അത് ഊരി കയ്യിൽ പിടിച്ചു . ഒന്നും മിണ്ടാനാവാതെ തരിച്ചിരുന്ന ആനിനെ നോക്കി തുടർന്നു , "ഞാൻ തകർന്നുപോയ ദിനങ്ങളിൽ ഒന്നായിരുന്നു അത്. അവളുടെ രോഗത്തെക്കുറിച്ചു ആദ്യമായറിഞ്ഞപ്പോൾ പോലും ഞാനിത്ര വേദനിച്ചിട്ടില്ല. കളിയും ചിരിയുമായി ഞങ്ങളുടെ കൊച്ചു സ്വപ്നക്കൂട്ടിലേയ്ക്ക് അവൾ തിരികെയെത്തുമെന്ന എന്റെ പ്രതീക്ഷയ്ക്കാണ് , എന്റെ കാത്തിരിപ്പിനാണ് ഒരു ഞൊടിയിടയിൽ അർത്ഥമില്ലാതായിപ്പോയത് . അന്ന്  തളർന്നിരുന്ന എന്നെ മുറുകെപ്പിടിച്ചു അവൾ പറഞ്ഞു, "എനിക്കിനി വയ്യ റയാൻ, ഞാൻ രക്ഷപ്പെടട്ടേ ".

"പിന്നീട് കൗൺസിലിങ്ങിന്റെയും പ്രാർത്ഥനകളുടെയും ദിവസ്സങ്ങൾ. ബോധത്തിന്റെയും അബോധത്തിന്റെയും ഇടവേളകളിലെപ്പോഴോ ആണ് അവൾ പിറുപിറുത്തത്. നീയും രക്ഷപ്പെടണം റയാൻ. എല്ലാം മറന്ന് പുതിയൊരു ജീവിതത്തിലേയ്ക്ക്. ആ ദിവസ്സം അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് അവൾ പറഞ്ഞത് ഇതാണ് "വി  വെയർ ദി ബെസ്ററ്, റയാൻ . റെമെമ്പർ മി ആൻഡ് സ്‌മൈൽ , പ്ലീസ് ".

മുന്നിലെ ഡെസ്കിൽ മുഖമമർത്തി റയാൻ തേങ്ങിക്കരഞ്ഞുകൊണ്ട് പിറുപിറുത്തു , വി വെയർ ദി ബെസ്ററ് ..

അയാളിലെ പെരുമഴ പെയ്തുതീർന്നെന്നു തോന്നിയപ്പോൾ ആൻ ആ തോളിൽ മുറുകെപ്പിടിച്ചു. "റയാൻ , അവൾ പറഞ്ഞതുപോലെ അവൾ രക്ഷപ്പെട്ടില്ലേ , വേദനയുടെ ലോകത്തു നിന്നും. റെമെമ്പർ ഹേർ ആൻഡ് സ്‌മൈൽ , പ്ലീസ് ".

റയാൻ എഴുന്നേറ്റ് കൈകൾ മേശമേൽ ഊന്നി അവളോട് ചോദിച്ചു, "ആൻ , നീയും യാത്ര പറഞ്ഞിറങ്ങുകയാണല്ലേ . എന്റെ സങ്കടങ്ങളിൽ സന്തോഷങ്ങളിൽ ഒരേപോലെ കൂടെ നിന്ന നീയും..  "

ആനും എഴുന്നേറ്റുനിന്നു, " റയാൻ, ഓർമ്മകൾ തിക്കിത്തിരക്കുമ്പോൾ അവയെ തടുക്കരുത് , അവയിൽ നിറഞ്ഞു ജീവിക്കുക. അവയിലൂടെ ഇനിയും സ്നേഹിക്കുക ." 

ആൻ കൈകൾ വിടർത്തി , "വൺ ലാസ്റ്റ് ഹഗ് റയാൻ  , റ്റിൽ വി മീറ്റ് എഗൈൻ ".  

ഇരുണ്ടു തുടങ്ങിയ നിരത്തിൽ വാഹനങ്ങൾ നന്നേ കുറവായിരുന്നു. ട്രാഫിക് സിഗ്നലിൽ പച്ച ലൈറ്റ് കാത്തു കിടക്കുമ്പോൾ അവൾ ഫോണെടുത്തു റയാനുള്ള മെസ്സേജ് ടൈപ്പ് ചെയ്തു , "ഈ ലോകത്തിൽ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം ഒരു സൗഹൃദത്തെ വിശദീകരിക്കാനാണ് . അങ്ങനെ വിശദീകരണങ്ങളൊന്നും വേണ്ടാത്തൊരു സൗഹൃദമായി ഞാനുണ്ടാവും , ഒറ്റപ്പെട്ടെന്നു തോന്നുമ്പോഴെല്ലാം നിനക്ക് ഈ തണൽ തേടിവരാം. എനിക്കതൊരു ബുദ്ധിമുട്ടേയല്ല . കാരണം തണൽ വിരിക്കുന്ന മരങ്ങൾക്കറിയാം ഒറ്റപ്പെടലിന്റെ വേദന. "


Saturday, February 17, 2024

 


മരിച്ചുപോയ മനുഷ്യരുടെ സ്വപ്നങ്ങളാണത്രേ 

തൂമഞ്ഞായ് പൊഴിയുന്നത്!

മഞ്ഞുപെയ്യുന്ന രാവുകളിൽ 

ഒരു പുകമറ പോലെ തെളിയുന്ന നേർത്തവെളിച്ചം 
ആ സ്വപ്നങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന 
ആത്മാക്കളുടേതാണത്രേ !
ഒരു നിമിഷാര്ധത്തില് ജീവനൊടുങ്ങുമ്പോൾ 
പ്രിയസ്വപ്നങ്ങൾ ഞെരിഞ്ഞമരുമ്പോൾ 
വറ്റിപ്പോയ കണ്ണീരാണത്രേ 
മഞ്ഞുരുകുമ്പോൾ ജലകണികകളാവുന്നത് !
സ്വപ്നമാവാനോ  സത്യമാവാനോ ഭാഗ്യമില്ലാത്ത 
ആത്മാക്കളുടെ കണ്ണുനീർ !
മഞ്ഞായ്‌പൊഴിഞ്ഞു പ്രിയരിലെത്തുന്ന സ്വപ്‌നങ്ങൾ..
നെഞ്ചുലയ്ക്കുന്ന കണ്ണുനീർ...

ഇനി മഞ്ഞുപെയ്യുമ്പോൾ കണ്ണുകൾ മലക്കെത്തുറന്ന്
ആകാശത്തിലേയ്ക്ക് നോക്കണം 
അവയെ ആവാഹിച്ചെടുക്കണം..
ആ നനുത്ത സ്വപ്നങ്ങളുടെ കൂടെ 
പ്രണയം നിറച്ചൊരു ആത്മാവിനെയെങ്ങാനും കിട്ടിയാലോ.. 
 

Saturday, September 16, 2023

 


ഒരിക്കൽ സ്നേഹിച്ചിരുന്നവർ...

അവർ നിശ്ശബ്ദമായ് പെയ്യുന്ന മഴയാണ് 

ജാലകവിരികൾക്കപ്പുറം പ്രണയശൂന്യമാം മരുഭൂമികളിൽ 

മണ്ണിനെ ഇറുകെപ്പുണർന്ന്  

ആരുമറിയാതെ പെയ്തുവീഴുന്ന മഴ..


ഒരിക്കൽ സ്നേഹിച്ചിരുന്നവർ .. .

അവർക്കൊരുപാട് പറയാനുണ്ടാവും 

പാതിവഴിയിൽ നിർത്തിയ വർത്തമാനങ്ങൾ..

പറയാമായിരുന്നുവെന്ന പരിദേവനങ്ങൾ..

പറയേണ്ടിയിരുന്നില്ലയെന്ന കുറ്റബോധങ്ങൾ..

കുമ്പസാരക്കൂടുകളുടെ നെടുവീർപ്പുകൾ..


ഒരിക്കൽ സ്നേഹിച്ചിരുന്നവർ 

അവർ ആത്മാവുകൊണ്ട് മൊഴിയുന്നുണ്ടാവും 

നീ പടിയിറങ്ങിപ്പോയതു മുതൽക്കാണ് 

കവിതകൾ എന്നിൽ പൂക്കാതെയായതെന്ന്,

നിന്റെ സാന്ത്വനമില്ലാഞ്ഞിട്ടാണെൻ  

കൺകളിൽ ഉറക്കം ഓടിയെത്താത്തതെന്ന്, 

നീയരികിലില്ലാത്തതു കൊണ്ട് മാത്രമെൻ  

പകലിരവുകൾ എന്നും  മൗനം പുതയ്ക്കുന്നുവെന്ന് ..


ഒരിക്കൽ സ്നേഹിച്ചിരുന്നവർ 

നീറുന്ന മുറിവുകൾകൊണ്ട് നെഞ്ചിലെഴുതുന്നുണ്ടാവും..

കൂടെയെത്തുവാൻ നീയില്ലാഞ്ഞിട്ടാണ് 

നാം തോളോടു തോൾ ചേർത്തൊരീ ഒറ്റയടിപ്പാതകൾ 

വീണ്ടും വിജനമായതെന്ന്,  

പാതയോരങ്ങളിൽ അരളികൾ ചിരിച്ചുലയാത്തതെന്ന് .. 

മഴപെയ്തൊഴിഞ്ഞിട്ടും മരം പെയ്യാതിരുന്നത് ,

നേർത്ത കാറ്റിലും പൂഞ്ചില്ലകൾ ഉലയാത്തത്, 

ഒറ്റമരക്കൊമ്പിൽ  ഇണക്കുരുവികൾ കലമ്പാത്തത് 

കാലം കറങ്ങാൻ ഒരുവേള  മറന്നുനിന്നത് 

എല്ലാം .. കൂടെ  നീ മാത്രം  ഇല്ലാതിരുന്നിട്ടത്രേ .


ഒരിക്കൽ സ്നേഹിച്ചവർ ..

അവർ പരസ്പരം ആൾക്കൂട്ടങ്ങളിൽ തിരയുന്നുണ്ടാവും..

നേർത്ത പ്രതീക്ഷയുടെ തിരിനാളങ്ങളിൽ 

അറിയാതെ മിഴി പരതുന്നുണ്ടാവും 

അവ്യക്തമായ മുഖങ്ങളിലേയ്ക്ക് 

ഒരാവർത്തികൂടി നോക്കുന്നുണ്ടാവും..

തിരികെ നടക്കുമ്പോൾ നനഞ്ഞ കൺകോണുകൾ  

അമർത്തിത്തുടയ്ക്കുന്നുണ്ടാവും..


ഒരിക്കൽ സ്നേഹിച്ചവർ..

ഒരിക്കൽ മാത്രം സ്നേഹിച്ചിരുന്നവർ..

ഓർമ്മകളിൽ ഒരിക്കലും  ഒറ്റയാവാത്തവർ ..

 



Friday, February 24, 2023

നോക്കിനോക്കിയിരിക്കേ ഞാനറിയുന്നുണ്ട് 

നിന്റെ നെഞ്ചിൽ നിന്നും എന്റെ നെഞ്ചിലേക്കൊഴുകുന്ന 

പ്രണയത്തിന്റെ തിരയിളക്കം 

 ചക്രങ്ങളുള്ള ഐവി സ്റ്റാൻഡിലേറ്റിയ

നിറമില്ലാത്തൊരാ  ദ്രാവകത്തിന്റെ 

നിന്റെ നീല ഞരമ്പിലേക്കുള്ള  പ്രയാണത്തിനും 

അതേ തിരയിളക്കം

നേർത്ത സൂചിമുനകൾ ആ ഞരമ്പുകളിലിറങ്ങുമ്പോൾ 

നോവുന്നത് എന്റെ ഹൃദയമാണ് 

ക്ഷീണിച്ചു മയങ്ങുന്ന നിൻ മുഖത്തിന് 

പ്രണയത്തിന്റെ നേർത്ത ചുവപ്പു പകരുന്നുണ്ട് 

എൻ നെഞ്ചിലിറ്റുന്ന  ചുവപ്പുതുള്ളികൾ  


ആകാശത്തിൻ നിറമുള്ളൊരീ  ആസ്പത്രിയുടുപ്പിൽ 

നീ മുഖം മൂടികളഴിച്ചുവെച്ച പച്ചമനുഷ്യനാവുന്നു 

 മയക്കത്തിലെപ്പോഴോ ഞെട്ടിയുണരുമ്പോൾ 

നിന്റെ നേർത്തവിരലുകൾ എന്നെ മുറുകെപ്പിടിക്കുന്നു 

നമുക്കിടയിലൊരു സ്നേഹക്കടലിരമ്പുന്നു 

തിരക്കുകളൊഴിഞ്ഞു അവിടെ നാം മാത്രമാകുന്നു 

എത്ര പറഞ്ഞാലുമൊഴിയാതെ വാക്കുകൾ തിക്കുകൂട്ടുന്നു 

വലിയ ജാലകത്തിന്റെ ചില്ലുകൾക്കപ്പുറം 

ലോകം ചുക്കിച്ചുരുങ്ങുന്നു 

വിരലുകളടർത്തിമാറ്റി  ഞാൻ യാത്രപറയുമ്പോൾ  

നിന്റെ തൊണ്ടയിലൊരു സങ്കടം കുടുങ്ങുന്നു

നിറകൺചിരിയുമായ്  ഞാനറിയുന്നു 

പ്രണയം ഏറ്റം കുറുകുന്നത് ആസ്പത്രിക്കിടക്കയിലത്രേ !

Saturday, January 21, 2023

രാവിലെ തിരക്കിട്ട പാചകത്തിനിടയിലാണ് അവൾക്കെന്തോ ഒരു തളർച്ചപോലെ തോന്നിയത് . നാലഞ്ചു ദിവസങ്ങളായി ഇടയ്ക്കിടെ വന്നും പോയും ഇതിങ്ങനെ ഒളിച്ചുകളിക്കുന്നുണ്ട്. ഇടത്തേ നെഞ്ചിൽ ചെറിയൊരു അസ്വസ്ഥതയും തോന്നുന്നുണ്ട്. ഒരു കൈകൊണ്ട് നെഞ്ചു തടവി മറുകൈകൊണ്ടു ദോശമാവ് അവൾ പാനിലേക്കൊഴിച്ചു വട്ടത്തിൽ പരത്തി .
ഒരു ഗ്ലാസ് ചൂടുവെള്ളം എടുത്തു കുടിച്ചുകൊണ്ട് അവൾ സമയം നോക്കി, ഏഴുമണി കഴിഞ്ഞിരിക്കുന്നു, "ക്ലോക്കിലെ സൂചികൾക്ക് എന്തിനാണാവോ ഇത്ര വേഗത" , അവൾ പിറുപിറുത്തു .
പണികളൊട്ടു കഴിഞ്ഞിട്ടുമില്ല , പുറകിൽ നിന്നാരോ പിടിച്ചു വലിയ്ക്കുന്നതുപോലെ, കാലുകൾക്ക് നീങ്ങാൻ ഒരു മടി. അടുപ്പത്തിരിക്കുന്ന ദോശ കരിയുന്നുണ്ട് , ചായയാണെങ്കിൽ തിളച്ചു വക്കോളമെത്തിയിരിക്കുന്നു. ഏതുനേരവും അത് പുറത്തേക്കു തുളുമ്പിയേക്കാം. രാവിലെ തന്നെ അത് തുടച്ചുവൃത്തിയാക്കുന്ന കാര്യം ആലോചിച്ചപ്പോൾ അവൾക്ക് തലപെരുത്തു . അടുക്കളയുടെ കൗണ്ടർടോപ്പിൽ പിടിച്ചു അവൾ ഏന്തിവലിഞ്ഞു നടന്ന് ചായപ്പാത്രത്തിനടുത്തെത്തി കൈ നീട്ടി. ഇടതുകൈയിലൂടെ എന്തോ ഒരു അസ്വസ്ഥത അരിച്ചിറങ്ങുന്നു. കൈയ്ക്ക് ഒരു ബലക്ഷയം പോലെ. മക്കളെ വിളിച്ചുനോക്കി, ഭർത്താവിനെ വിളിച്ചു. ആരും എത്തിയില്ല. തന്റെ വിളിയുടെ ശബ്ദം തന്നിൽ തന്നെ അവസാനിക്കുന്നതുപോലെ അവൾക്കു തോന്നി.
ചില സങ്കടസിനിമകളിൽ കാണുന്നതുപോലെ നായകൻ നെഞ്ചിൽ കൈ അമർത്തിപ്പിടിച്ചു നിലത്തേക്ക് മറിഞ്ഞുവീണ് അവസാനിക്കുന്ന രംഗമാണ് താൻ അഭിനയിക്കാൻ പോകുന്നതെന്ന് അവൾക്കു തോന്നി. തീരെ പരിചയമില്ലാത്ത ഒരു രംഗമായതിനാൽ അത് വല്ലാതെ നാടകീയമായിപ്പോവുമോ എന്നവൾ ആശങ്കപ്പെട്ടു.
ഒരു നിമിഷം - അവളുടെ ചിന്തകൾ തടസ്സപ്പെടുത്തി ചായ തിളച്ചുമറിയുകയും എത്തിപ്പിടിച്ചു അടുപ്പ് ഓഫാക്കാനുള്ള ശ്രമത്തിൽ അവൾ ബാലൻസ് നഷ്ടപ്പെട്ട് താഴേക്ക് വീഴുകയും ചെയ്തു. അവൾക്കൊപ്പം അടുപ്പിന്റെ അരികത്തിരുന്ന പാത്രം കൂടി താഴേയ്ക്ക് വീണ ശബ്ദം കേട്ടാവണം ഭർത്താവും മക്കളും ഓടിയെത്തിയത്.
"അയ്യോ, ചായ മുഴുവൻ തൂവിപ്പോയല്ലോ , ഇനിയിപ്പോൾ ഞാൻ എന്ത് കുടിച്ചിട്ടുപോവും മമ്മാ" മൂത്ത മകൻ പരിഭവിച്ചു. "ഇനി നീ കൈ മുറിക്കാൻ നിൽക്കാതെ എഴുന്നേൽക്ക് , നിനക്ക് അല്പം കൂടി ശ്രദ്ധിച്ചാലെന്താ?" രാവിലെത്തന്നെ എല്ലാം അലങ്കോലമായതിലുള്ള നിരാശ ഭർത്താവ് ഒട്ടും മറച്ചുവെച്ചില്ല .
വീഴ്ചയുടെ ആഘാതത്തിൽപ്പെട്ടിരിക്കാൻ അധികം സമയമില്ലെന്ന് പെട്ടെന്ന് തന്നെ അവൾക്കു മനസ്സിലായി. എന്താണ് സംഭവിച്ചതെന്ന് ആരും ചോദിച്ചില്ലല്ലോ എന്നോർത്തപ്പോൾ വീണ്ടും നെഞ്ച് വേദനിക്കുന്നതുപോലെ അവൾക്കു തോന്നി.
എഴുന്നേറ്റ് വീണ്ടും അൽപ്പം ചൂടുവെള്ളം കുടിച്ചു, എന്നിട്ടു എല്ലാവർക്കുമുള്ള ഉച്ചയൂണ് പായ്ക്ക് ചെയ്തു, അവൾ തിരക്കിട്ട് കുളിമുറിയിലേക്ക് നടന്നു. ഷവറിൽ ചൂടുള്ള വെള്ളത്തിന് കീഴിൽ നിന്നപ്പോൾ നല്ല ആശ്വാസം തോന്നിയെങ്കിലും ചിന്തകൾ ക്ലോക്കിലെ സമയത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതിനാൽ വേഗം തന്നെ കുളി കഴിഞ്ഞ്‌ റെഡി ആയി ഓഫീസിലേക്കിറങ്ങി. എന്നത്തേയുംപോലെ ചേരുന്ന കമ്മലിടാനോ വരണ്ട ചുണ്ടിൽ അല്പം ലിപ്ബാമിടാനോ ഒന്നും ഒരുത്സാഹവും തോന്നിയില്ല.
ഓഫീസിലേയ്ക്ക് വണ്ടിയോടിക്കുമ്പോൾ അവളോർത്തു , നെഞ്ചിൽ വന്നും പോയും ചെറിയ വേദനയും ഇടതു കൈയ്ക്ക് അസ്വസ്ഥതയും തോന്നിതുടങ്ങിയപ്പോൾ തന്നെ ഭർത്താവിനോട് സൂചിപ്പിച്ചതാണ് , മറുപടി ഉടൻ വന്നു, "നെഞ്ചേരിച്ചിലോ, അതിപ്പോ ആർക്കാണില്ലാത്തത്, കുറച്ചു ഇളം ചൂടുപാൽ കുടിച്ചാൽ മതി."
കഴിഞ്ഞ ദിവസ്സം ഓഫീസിൽ നിന്നെത്തി വല്ലാത്ത ക്ഷീണം തോന്നിയപ്പോൾ അൽപനേരം കിടന്നു, ഒരു മനംപിരട്ടൽ പോലെ . "അതെങ്ങനെയാണ്, തോന്നുന്നതുപോലെയല്ലേ ഭക്ഷണം കഴിയ്ക്കുന്നത് , ഗ്യാസ് കയറിയതാവും". അഭിപ്രായങ്ങൾ ഓരോന്നായി പൊങ്ങിവന്നപ്പോൾ കിടന്നിടത്തുനിന്നും വേഗം തലപൊക്കി. "എനിക്കെന്തോ ഒരു പേടി. വല്ല ഹാർട്ട് പ്രോബ്ലം ആണോന്ന് " അവൾ പറഞ്ഞു തീരുന്നതിനു മുൻപേ ഒരു കൂട്ടച്ചിരി ഉയർന്നുപൊങ്ങി. പരിഹാസത്തിന്റെ മേമ്പൊടിയോടെ മറുപടിയെത്തി, "സാധ്യതയുണ്ട്, ഒരുപാട് ആൾത്താമസമുള്ള ഹൃദയമല്ലേ, ലോകത്തിലെ സകല മനുഷ്യരുടെയും പ്രശ്നങ്ങളെടുത്തുവെച്ചു ഘനമേറിയ ഹൃദയം ". പിന്നെ ഗൗരവത്തിൽ , "ഓരോരോ തോന്നലാണ് , നിനക്ക് വയസ്സാവുന്നതിന്റെ ലക്ഷണമാണ് " എന്ന് പറഞ്ഞു ഭർത്താവ് പുറത്തേയ്ക്കിറങ്ങി.
"ഈ ഹൃദയം പണിമുടക്കിയാൽ നിങ്ങളൊക്കെ എന്ത് ചെയ്യും, ആര് നിങ്ങൾക്ക് ഭക്ഷണമൊരുക്കി വിളമ്പി വെയ്ക്കും" , അവൾ സങ്കടത്തോടെ വിളിച്ചു ചോദിച്ചു. " യൂ ഡോണ്ട് വറി മമ്മാ , സ്കിപ് ദി ഡിഷസ് ഓർ യൂബെർ ഇറ്റ്സ് ഉണ്ടല്ലോ " എന്ന് വളരെ നിസ്സാരഭാവത്തിൽ മോൻ പറഞ്ഞത് കേട്ട് മറ്റുള്ളവർ ആർത്തു ചിരിച്ചത് അവളെ വല്ലാതെ അരിശം കൊള്ളിച്ചു.
ഓഫീസിൽ ചെന്നിരുന്നിട്ടും ക്ഷീണം വിട്ടുമാറാത്തതുപോലെ തോന്നിയപ്പോൾ അവൾ ഭർത്താവിനെ വിളിച്ചു, "അതേ , എനിക്കെന്തോ ഒരു തളർച്ചപോലെ. ഇടത്തെ കൈയ്ക്കും നെഞ്ചിനുമൊക്കെ ഒരു അസ്വസ്ഥതയുണ്ട്." അങ്ങേത്തലയ്ക്കലെ തിടുക്കമാർന്ന സ്വരം കേട്ടപ്പോൾ തന്നെ മനസ്സിലായി എന്തോ തിരക്കിലാണെന്ന് . "നിന്നോട് ഞാൻ എത്ര തവണ പറഞ്ഞിരിക്കുന്നു ഇങ്ങനെ ഒരിടത്തു തന്നെ ഇരിക്കാതെ ഒന്ന് നടക്കാനെങ്കിലും പോവണമെന്ന്. വെറുതെയിരുന്ന് പിത്തം പിടിച്ചിട്ടുണ്ടാവും, ഞാൻ ഇത്തിരി തിരക്കിലാണ്. പിന്നെ വിളിക്കാം ".
ഫോൺ വെച്ച് കഴിഞ്ഞു അവൾ സ്വയം ചോദിച്ചു, " ഞാൻ എപ്പോഴാണ് വെറുതെ ഇരിക്കുന്നത് ?" . വൈകിട്ട് വീട്ടിലെത്തിയാൽ അടുക്കളയിൽ നിന്നും തീൻ മേശയിലേയ്ക്കുള്ള ഓട്ടത്തിനും അത് കഴിഞ്ഞു വീട് വൃത്തിയാക്കുന്നതിനും അലക്കിയുണങ്ങിയ തുണികൾ ഓരോരുത്തരുടെ മുറികളിൽ എത്തിക്കുന്നതിനും പിറ്റേന്നത്തെ പ്രാതൽ തയ്യാറാക്കുന്നതിനും ഇടയിൽ താനിപ്പോഴാണ് വെറുതെയിരിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും അവൾക്കു പിടികിട്ടിയില്ല.
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ വേട്ടയാടുമ്പോൾ സാധാരണ ചെയ്യാറുള്ളതുപോലെ അവൾ എഴുന്നേറ്റു ജനാലയ്ക്കരികിലേയ്ക്ക് ചെന്നു കുറെ നേരം പുറത്തേയ്ക്കു നോക്കി നിന്നു . വഴിയോരങ്ങളിലൊക്കെ ഇന്നലെ പെയ്ത മഞ്ഞിന്റെ കൂനകളുണ്ട്, റോഡ് വൃത്തിയാക്കുന്നവർ നടവഴികളിൽ നിന്നും മാറ്റിയിട്ടതാണ് . താപനില താഴ്ന്നുതന്നെ ഇരിക്കുന്നതിനാൽ അവയൊന്നും ഉരുകിയിട്ടില്ല. ചിലപ്പോഴൊക്കെ മനുഷ്യരും ഇങ്ങനെത്തന്നെയാണല്ലോ എന്നവൾ ആലോചിച്ചു. ഉരുകാൻ മടിക്കുന്ന, മരവിച്ച മനസ്സുമായി ജീവിക്കുന്നവർ.
എങ്കിലും ഈ മഞ്ഞുകാലം കഴിഞ്ഞൊരു വസന്തം വരുമല്ലോ എന്നവൾ ആശ്വസിച്ചു. അപ്പോൾ ഈ വഴിയോരങ്ങളിൽ വീണ്ടും മരങ്ങളിൽ പച്ചിലത്തളിർപ്പുകൾ ഉണ്ടാവുന്നതും മൊട്ടുകൾ പൂക്കളായി വിരിയുന്നതും അവൾ അകക്കണ്ണിൽ കണ്ടു. ആ മരങ്ങളിൽ ചേക്കേറുന്ന കിളികളുടെ പ്രണയക്കൊഞ്ചൽ ചെവികൾക്കടുത്തു കേൾക്കുന്നതുപോലെ അവൾക്കു തോന്നി .
മേശമേൽ ബാക്കിയിരിക്കുന്ന ജോലികളെക്കുറിച്ചോർത്തപ്പോൾ ആലോചനകൾക്ക് വിരാമമിട്ടു അവൾ തിരിഞ്ഞു നടന്നു.
കസേരയ്ക്കടുത്തെത്തിയതേ ഓർമ്മയുള്ളൂ, ആരോ അമർത്തിപ്പിടിച്ചതുപോലെ നെഞ്ചിൽ ആഴത്തിലൊരു വേദന ഉടലെടുക്കുകയും ശ്വാസം ഉള്ളിലേക്കെടുക്കാനാവാതെ അവൾ കുഴഞ്ഞുവീഴുകയും ചെയ്തു.
തൊട്ടടുത്ത സീറ്റിലിരിക്കുന്ന സഹപ്രവർത്തക ഒരു അലർച്ചയോടെ "help , help " എന്ന് വിളിക്കുന്നത് അവൾ കേട്ടു . ആരൊക്കെയോ ഓടിയെത്തുന്നതും "do CPR " എന്ന് ആക്രോശിക്കുന്നതും അവൾ കേട്ടു .
"എനിക്കെന്റെ ഭർത്താവിനെ കാണണം, മക്കളെ കാണണം" എന്നൊക്കെ വിളിച്ചുപറയാനാഗ്രഹിച്ചെങ്കിലും വാക്കുകൾ തൊണ്ടയിൽ തന്നെ ശ്വാസം മുട്ടി ഒടുങ്ങുന്നത് അവളറിഞ്ഞു. ആരോ *911 വിളിച്ചതും ചുവപ്പും നീലയും നിറങ്ങളിലുള്ള ലൈറ്റിട്ട ഇ.എം.എസ് വാഹനം പുറത്തെത്തിയതും പക്ഷേ അവളറിഞ്ഞില്ല. ബോധത്തിനും അബോധത്തിനുമിടയിലുള്ള ഒരു നൂൽപ്പാലത്തിലൂടെ , കാലിടറി വീഴുമെന്ന ഭയം തെല്ലുമില്ലാതെ, അവളപ്പോൾ അതിവേഗം സഞ്ചരിക്കുകയായിരുന്നു.
മയക്കത്തിൽ നിന്ന് കണ്ണുതുറന്നപ്പോൾ അവളുടെ നേർത്ത വിരലുകളെ ചുറ്റിപ്പിണഞ്ഞു ഭർത്താവിന്റെ വിരലുകളുണ്ടായിയുന്നു. ആ കണ്ണുകളിലപ്പോൾ അനിഷ്ടമോ ധാർഷ്ട്യമോ ഉണ്ടായിരുന്നില്ല , പകരം കാലത്തിന്റെ കറക്കത്തിലെവിടെയോ നഷ്ടമായ പ്രണയരശ്മികൾ പൂത്തുനിന്നിരുന്നു. അവൾ ആ വിരലുകളിൽ മുറുകെപ്പിടിച്ചു പതിയെപ്പറഞ്ഞു , " ഒന്നു ചേർത്തുപിടിയ്ക്കാൻ ഒരു സെക്കന്റ് ചാൻസ് .... ഒരു ഹൃദയമിടിപ്പിന്റെ ദൂരത്തിരുന്നിട്ടും നമ്മൾ എത്രയകലെയാണല്ലേ ?"
വാക്കുകൾ കൈമോശം വന്നതുപോലെ അയാൾ അവളെ നോക്കി . നിറഞ്ഞുവന്ന കണ്ണുകൾ താൻ കാണാതെ അയാൾ മുഖം തിരിക്കുന്നത് അവൾ കണ്ടില്ലെന്നു നടിച്ചു. നോവേറ്റു തളർന്ന സ്വന്തം ഹൃദയത്തോട് അവൾക്കു സഹതാപം തോന്നി. വിദൂരതയിലേക്ക് നോക്കിക്കിടക്കുമ്പോൾ , മഞ്ഞുരുകുന്നതും മരങ്ങൾ പൂക്കുന്നതും കിളികൾ ചിലയ്ക്കുന്നതും വസന്തം വിരുന്നെത്തുന്നതും ഒരു മായക്കാഴ്ചപോലെ അവൾ മുന്നിൽകണ്ടു…
*(911-കാനഡയിൽ അടിയന്തിരസേവനങ്ങൾക്കായി വിളിക്കാനുള്ള നമ്പർ )
All reactions:
Jeena Rajesh, Jenny Scariya and 137 others


Saturday, December 17, 2022

അപ്പാർട്മെന്റിൽ നിന്നും അവസാനവട്ട പാക്കിങ്ങും കഴിഞ്ഞു ഓഫീസിലേക്ക് അയാളെത്തുമ്പോൾ സമയം വൈകിയിരുന്നു .  സീറ്റിലേക്കെത്തുമ്പോൾ പതിവുപോലെ തലപൊക്കി അവൾ ശുഭദിനം ആശംസിച്ചില്ല . എന്തോ തിരക്കുകളുള്ളതുപോലെ അവൾ ഭാവിക്കുകയാണെന്ന് അയാൾക്ക്‌ മനസ്സിലായി .


" ഇന്നുകൂടിയെ നിനക്ക് എന്നോട് ഗുഡ്മോർണിംഗ് പറയാൻ പറ്റൂ , മറക്കേണ്ട കേട്ടോ " ഒരു ചെറുചിരിയോടെ അയാൾ അവളോട് പറഞ്ഞു .

അവൾ തലയുയർത്തിനോക്കി ഒരു വരണ്ട ഗുഡ് മോർണിംഗ് പറഞ്ഞു. വിടർന്ന ആ നീലക്കണ്ണുകൾ ചിരിയൊഴിഞ്ഞു ,അഗാധമായ രണ്ടു ജലാശയങ്ങൾ പോലെ തോന്നിച്ചു . അടുക്കും ചിട്ടയുമില്ലാതെ അവൾ എന്തൊക്കെയോ ചിലമ്പിച്ച സ്വരത്തിൽ സംസാരിച്ചു. ആ കണ്ണുകൾ ഇടയ്ക്കിടെ നിറഞ്ഞും ഒഴിഞ്ഞും കൊണ്ടിരുന്നു .

പതിവുപോലെ വീട്ടിലെ എന്തെങ്കിലും ചെറിയ സങ്കടങ്ങളിലാവും അവളുടെ മനസ്സ് മുങ്ങിപ്പോയിരിക്കുക എന്നാണ് സാധാരണയായി അയാൾ അനുമാനിക്കുക. അത് കേട്ടിരിക്കുക മാത്രമേ താൻ ചെയ്യേണ്ടതുള്ളൂ എന്നും ഈ മൂന്നു വർഷത്തിനിടയിൽ അയാൾ മനസ്സിലാക്കിയിരുന്നു..


എന്നാൽ ഇന്നത്തെ ദിവസ്സം  എന്തു മറുപടി പറഞ്ഞാലും അവൾക്കു സമാധാനമാകില്ല എന്നറിയാവുന്നതുകൊണ്ടു തന്നെ വാക്കുകൾ കൊണ്ട് മായാജാലം കാണിക്കാനൊന്നും അയാൾ  മുതിർന്നില്ല . എഴുന്നേറ്റ്  അടുത്തേയ്ക്കു ചെന്ന് അവളെ മുറുകെ ഒന്നു കെട്ടിപ്പിടിച്ചു . അപ്രതീക്ഷിതമായതുകൊണ്ടാവും ഒരു നിമിഷത്തെ അമ്പരപ്പ് അവളുടെ മുഖത്തു മിന്നിമറഞ്ഞത് .

ഓളങ്ങളടങ്ങിയ ശാന്തമായ കടലുപോലെ അവൾ മൗനിയായി അയാളുടെ മുഖത്തേയ്ക്കു തന്നെ ഉറ്റുനോക്കി . "ഇനിയെന്നാണ് ..?" വാക്കുകൾ മുഴുമിപ്പിക്കാനാവാതെ ആ കണ്ണുകളിൽ നീര് പൊടിഞ്ഞു . തിരക്കുകൂട്ടി ഫയലുകൾ പായ്ക്ക് ചെയ്യാൻ ഇതിനോടകം തുടങ്ങിയിരുന്ന അയാൾ  തലയുയർത്തി നോക്കി . ആഴ്ചകൾക്കു മുൻപേ ഈ തീരുമാനം വന്നപ്പോൾ തന്നെ  ഈ നിസ്സഹായമുഹൂർത്തം  പ്രതീക്ഷിച്ചിരുന്നതാണ് . എന്നിട്ടും നെഞ്ചിലെവിടെയോ ഒരു ഭാരം കയറ്റിവച്ചതുപോലെ.

മൂന്നു വർഷമായി ഈ അവർ ഇരുവരും ഓഫീസിലെ ഒരേ മുറി പങ്കിടാൻ തുടങ്ങിയിട്ട് .  പ്രോജക്ടിന്റെ ഭാഗമായി പുതിയൊരു രാജ്യത്ത്, അതും സ്ത്രീബാഹുല്യമുള്ള ഈ  ഓഫീസിലേയ്ക്ക് വരുമ്പോൾ അയാൾക്ക് അല്പം പരിഭ്രമങ്ങളൊക്കെ ഉണ്ടായിരുന്നു . ചിരിച്ചുകൊണ്ട് മാത്രം സംസാരിക്കുന്ന ഇവളെ കണ്ടപ്പോൾ ആണ് അയാളുടെ മനസ്സൊന്നു തണുത്തത് . പുതിയ ഓഫീസും അന്തരീക്ഷവും ഒക്കെ പതിയെ ജീവിതത്തിനെ ശാന്തമായ ഒരു തീരത്ത് അല്പനേരത്തേക്കെങ്കിലും ചേർത്തുനിർത്തിയതുപോലെ അയാൾക്കു  തോന്നി.

പക്ഷേ ആ ആശ്വാസമൊന്നും അധികനാൾ നീണ്ടുനിന്നില്ല. യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു ടെക്സ്റ്റ് മാത്രമയച്ചു ജീവിതത്തിന്റെ പാതിവഴിയിൽ വച്ച് കുഞ്ഞിനെയുമെടുത്തു ഭാര്യ യാത്ര പറഞ്ഞിറങ്ങിപ്പോയ ദിവസ്സം ഇന്നും അയാളുടെ കണ്മുന്നിലുണ്ട് . ഒരേ സ്വപ്‌നങ്ങൾ പങ്കിട്ടെടുത്തു ജീവിതം തുടങ്ങിയവർ  ബന്ധത്തിന്റെ അവസ്സാനകണ്ണിയും അറുത്തുമാറ്റി വളരെപ്പെട്ടെന്നാണ്  തികച്ചും അപരിചിതരെപ്പോലെ വഴിപിരിഞ്ഞത് .

കോടതിയിൽ നിന്നും  ഓഫീസിൽ മടങ്ങിയെത്തിയപ്പോൾ ആ വിഷയത്തെക്കുറിച്ചൊന്നും  അവൾ ചോദിച്ചില്ല . മറ്റൊരാളുടെ തികച്ചും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുന്നതിലെ അനൗചിത്യം കൊണ്ടാവും അതെന്നാണ് അയാൾ കരുതിയത്. പിറ്റേന്ന്  ഉച്ചസമയത്തെ ഇടവേളയിൽ  നടക്കാനിറങ്ങുമ്പോൾ അവൾ പറഞ്ഞു, "വിരോധമില്ലെങ്കിൽ ഇന്ന് എന്റെ കൂടെ ആ പുഴയോരത്തുകൂടി നടക്കാം".

ശരത്കാലത്തെ നേർത്ത തണുപ്പുള്ള കാറ്റ് മുടിയിഴകളെയെല്ലാം ഉലയ്ക്കുന്നുണ്ടായിരുന്നു. മരങ്ങളുടെ ചില്ലകളിൽനിന്നും മഞ്ഞനിറമുള്ള ഇലകൾ അവിടവിടെയായി കൊഴിഞ്ഞുവീണുകൊണ്ടിരുന്നു. കാറ്റ് നദിയിൽ കുഞ്ഞോളങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. അവൾ ചൂണ്ടിക്കാണിച്ച ഒരു ബെഞ്ചിൽ അവ നോക്കിയിരിക്കവേ അവൾ പറഞ്ഞു.
"നിനക്കറിയുമോ , ആ നദിയിലൂടൊഴുകുന്ന വെള്ളം പോലെയാണ് ജീവിതം. ഒരു ചെറിയകാറ്റു മതി ശാന്തമായ ആ ഒഴുക്കിനു തടസ്സം സൃഷ്ടിക്കാൻ. കാറ്റായും മഴയായും വേനലായും ഓരോരോ സമയങ്ങളിൽ ആ ഒഴുക്ക് അലോസരപ്പെടുത്തിക്കൊണ്ടിരിക്കും. അവയൊന്നും മറികടക്കാൻ പുഴയ്ക്കാവില്ല, അല്പം ഗതിമാറി പുഴ ഒഴുകിക്കൊണ്ടേയിരിക്കും, അവസാനതുള്ളി വെള്ളം വരെ. ജീവിതവും അതേ , ഉള്ളിലേയ്‌ക്കെടുക്കുന്ന ശ്വാസം നിലയ്ക്കും വരെ നമുക്കും ജീവിച്ചേ മതിയാവൂ. നമുക്ക് മാറ്റാനാവാത്തവയെ അവിടെവിട്ടു മുന്നോട്ടുപോവണം. പറയാൻ എളുപ്പമാണ്, പ്രാവർത്തികമാവണമെങ്കിൽ നമ്മൾ തന്നെ മനസ്സുവെക്കണം,"

കഥയില്ലാത്തവളെന്ന് പലപ്പോഴും മനസ്സിൽ തോന്നിയിട്ടുള്ള ഒരുവളുടെ ആ വലിയവാക്കുകൾകേട്ട് അയാൾ അത്ഭുതപ്പെട്ടു.  അതൊരു ദൃഢമായ സൗഹൃദത്തിന്റെ തുടക്കമായിരുന്നു. പിന്നീടെപ്പോഴോ ആൾക്കൂട്ടത്തിനു നടുവിൽ ഒറ്റപ്പെട്ടുപോയ സ്വന്തം ജീവിതത്തെക്കുറിച്ചു അവൾ പരാമർശിച്ചു. അബദ്ധമെന്നു തോന്നിയിട്ടാവണം അധികമൊന്നും വിശദീകരിക്കാതെ വേഗം ഫയലുകളിലേയ്ക്ക് മുങ്ങിത്താഴുകയും ചെയ്തു.
 
കഴിഞ്ഞാഴ്ച സുഖമില്ലാതെ രണ്ടുമൂന്നു ദിവസ്സം ലീവെടുത്തു വയ്യാതെ കിടക്കുമ്പോളാണ് അവളുടെ ടെക്സ്റ്റ്  മെസ്സേജ് വന്നത് , "ആർ യൂ ആൾറൈറ്റ് ?" . മറുപടിയിൽ നിന്നും,  പനിയാണോ എന്ന് ഒന്ന് തൊട്ടുനോക്കാൻ പോലും ആരുമില്ലാത്ത ഒരാളെ അവൾക്ക് മനസ്സിലായിട്ടുണ്ടാവും . അരമണിക്കൂറിനുള്ളിൽ അപാർട്മെന്റിന്റെ കതകിൽ മുട്ടി അവളെത്തി , അലങ്കോലമായിക്കിടന്ന അടുക്കളയിൽ കയറി  ഭക്ഷണമുണ്ടാക്കി , ബാക്കി ഫ്രിഡ്ജിൽ വച്ച് തിരക്കിട്ടു പോകാനിറങ്ങുമ്പോൾ പറഞ്ഞു, "നിനക്ക്  വയ്യെന്നറിയാം, പക്ഷേ അധികസമയം നിൽക്കാൻ പറ്റില്ലാ , കുട്ടികളെ ഡേ കെയറിൽ നിന്നും പിക്ക് ചെയ്യണം ". പോകാനിറങ്ങുമ്പോൾ  എന്തോ ഓർത്തെന്നപോലെ തിരികെ  അരികിൽ വന്നിരുന്നു നെറ്റിമേൽ കൈവെച്ചു നോക്കിപ്പറഞ്ഞു , "വേഗം ശരിയാവും . നീയില്ലാതെ ഓഫീസിൽ ഒരു രസമില്ല ".

വാതിലിനപ്പുറം അവൾ മറഞ്ഞപ്പോൾ അയാൾ ഓർത്തു, എത്ര അപ്രതീക്ഷിതമായാണ് ജീവിതത്തിലേയ്ക്ക് ചില മനുഷ്യർ ചാടിക്കയറിവരുന്നത്, നമ്മെ ചേർത്തുപിടിയ്ക്കുന്നത് ! 

പ്രൊജക്റ്റ് തീർന്നപ്പോൾ തിരികെ ഹെഡോഫീസിലേയ്ക്ക് മടങ്ങാനായിരുന്നു അയാളുടെ തീരുമാനം. ഇനിയും രക്തം കിനിയുന്ന ഓർമ്മകളിൽനിന്നും  രക്ഷപ്പെടാനുള്ള ആഗ്രഹമാണ് അയാളെ ആ തീരുമാനത്തിന് പ്രേരിപ്പിച്ചത് . ഇവിടെത്തന്നെ പുതിയൊരു പ്രോജക്ടിലേയ്ക്ക് ക്ഷണം കിട്ടിയെങ്കിലും അയാൾ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു.

ഒരാഴ്ച്ച മുൻപ് തീരുമാനമറിയിച്ച ടീം  മീറ്റിംഗ് കഴിഞ്ഞപ്പോൾ അവളുടെ സ്ഥായിയായ പുഞ്ചിരി മാഞ്ഞിരുന്നു. " എന്റെ കുഞ്ഞു സന്തോഷങ്ങളും സങ്കടങ്ങളും കേൾക്കാൻ നിന്നോളം ക്ഷമയുള്ള ആരും ഉണ്ടായിരുന്നില്ല . എവിടെയായാലും സന്തോഷമായിരിക്കൂ ." 

അന്നുമുഴുവൻ മൗനത്തിന്റെ പുറന്തോടിനുള്ളിൽ അവർ മത്സരിച്ചു ഒളിച്ചുകളിച്ചു.    പതിവുപോലെ പുറത്തു പെയ്യുന്ന മഞ്ഞിന്റെ മായക്കാഴ്ചകളിലേയ്ക്ക്  കസേര വലിച്ചിട്ടിരുന്ന്  അവൾ ചായ മൊത്തിക്കുടിച്ചില്ല..മഞ്ഞയിലകൾ പൊഴിഞ്ഞു ശൂന്യമായ ചില്ലകളുമായി  തണുത്തുവിറച്ചു നിൽക്കുന്ന മരങ്ങളെ കരുണയോടെ നോക്കിയില്ല.  ഓഫീസ് സമയം കഴിഞ്ഞു മടങ്ങാൻ നേരം  ജാക്കറ്റും ബൂട്സുമൊക്കെ വലിച്ചുകയറ്റുമ്പോൾ " സ്ഥിരതയില്ലാത്ത ഈ കാലാവസ്ഥയെ ഞാൻ വെറുക്കുന്നു " എന്ന് ആരോടെന്നില്ലാതെ  പിറുപിറുത്തുകൊണ്ടിരുന്നു..

പിന്നീടുള്ള അഞ്ചു ദിവസ്സങ്ങൾ, കാലാവസ്ഥാ പ്രവചനം തെറ്റിച്ചു ചില നേരങ്ങളിൽ മഞ്ഞുകാറ്റ് ആഞ്ഞടിക്കുകയും ചിലപ്പോൾ വളരെ പൊടുന്നനെ  അവ നിലച്ചു അന്തരീക്ഷം തെളിയുകയും ചെയ്തുകൊണ്ടിരുന്നു. പ്രോജക്ടിന്റെ അവസാന പണികളും തീർത്തു എല്ലാവരും യാത്രപറയലുകൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. മൂന്നുവർഷത്തെ സഹവാസം തന്ന സൗഹൃദങ്ങളും ഓർമ്മകളും മനസ്സിലേക്കെടുത്തു പലരും പലവഴി പിരിയുകയാണ്.

ഓഫീസിൽ നിന്നിറങ്ങുമ്പോൾ പെട്ടെന്ന്അ വൾ  പറഞ്ഞു, "ക്യാബ് ക്യാൻസൽ ചെയ്തേക്കൂ, ഞാൻ എയർപോർട്ടിൽ  വിടാം".    

പെട്ടികളെടുത്തു അപാർട്മെന്റിന്റെ വാതിൽപൂട്ടുംമുൻപ് അയാൾ ഒരു നിമിഷം കണ്ണടച്ചുനിന്നു. മോന്റെ  കളിചിരികൾ എവിടെയൊക്കെയോ ഉയർന്നു കേൾക്കുന്നതുപോലെ.  ഇനിയൊരു മടങ്ങിവരവ് ഉണ്ടാവുമോ, അറിയില്ല.

താഴെ കാറുമായി അവൾ  കാത്തുനിൽക്കുന്നുണ്ടായിരുന്നു. എയർ പോട്ടിലേക്കുള്ള യാത്രയിൽ അവൾ ചിരിച്ചു തമാശകൾ പറയാൻ ശ്രമിച്ചുകൊണ്ടിരുന്നു.  കാർ പാർക്കുചെയ്ത് ഗേറ്റുവരെ  കൂടെ വന്നു.  യാത്രപറഞ്ഞു പിരിയാനൊരുങ്ങവേ അടുത്തുവന്ന് ഇറുകെ കെട്ടിപ്പിടിച്ചു , ' ഞാൻ നിന്നെ ശരിക്കും മിസ് ചെയ്യും, യൂ വെയർ ദി മോസ്റ്റ് ബ്യൂട്ടിഫുൾ സീസൺ ഹാപ്പെൻഡ് ടു  മീ".  പറയാൻ ബാക്കിവെച്ച വാക്കുകൾ അവർക്കിടയിൽ മൗനമായി പൊഴിഞ്ഞുവീണു ,  കണ്ണുകളിൽ ഒരു തിരയൊളിപ്പിച്ചു അവൾ  തിരിഞ്ഞുനടന്നു.  

പുറത്തു, ആകാശത്തുനിന്നും മാലാഖമാരെപ്പോലെ നേർത്ത മഞ്ഞുകണങ്ങൾ ഭൂമിയിലേയ്ക്ക് പെയ്തിറങ്ങിക്കൊണ്ടിരുന്നു. അവ മൃദുലമായൊരു വെള്ളപ്പട്ടു  കൊണ്ട്  ഭൂമിയിലെ നിറങ്ങളെയും നിയമങ്ങളെയും അല്പനേരത്തേയ്ക്കു  മൂടിവെച്ചു .