Friday, January 1, 2016

ചില പുതുവത്സര ചിന്തകള്‍.....

ഇന്നലെ ഉറങ്ങാൻ കിടക്കുന്നതുവരെ, ഒരു കലണ്ടർ ഭിത്തിയിൽ നിന്നും എടുത്തു മാറ്റുന്നതും മറ്റൊന്ന് അതിന്റെ സ്ഥാനം അപഹരിക്കുന്നതും എന്നെ അത്രയ്ക്കൊന്നും അലട്ടിയില്ല. ഉറക്കം വരാതെ കിടന്ന ഏതോ നിമിഷങ്ങളിൽ ആ ചിന്ത എന്നെ വേവലാതിപ്പെടുത്താൻ  തുടങ്ങി.

2015 കഴിഞ്ഞു, ഇനി 2016. അക്കങ്ങൾ മാറിയതല്ലാതെ ജീവിതവും മാറുമോ, ചെയ്തുകൂട്ടിയ കാര്യങ്ങൾ വീണ്ടും അതേ ക്രമത്തിൽ ആവർത്തിക്കപ്പെടുമോ , ലോകം വീണ്ടും ഇങ്ങനെ തന്നെ നിർവികാരതയുടെ മൂടുപടം എടുത്തണിഞ്ഞു മരവിച്ചു നിൽകുമോ  എന്നുള്ള അന്താരാഷ്‌ട്ര ചിന്തകളിൽ നിന്നും എന്നിലേക്ക്‌ ആ വേവലാതികൾ കടന്നുവന്നു. 

എന്തായിരുന്നു കഴിഞ്ഞുപോയ വർഷം തന്ന നേട്ടങ്ങളും നഷ്ടങ്ങളും എന്ന ചോദ്യം എന്റെ ഉള്ളിൽനിന്നും ആരോ ചോദിച്ചു. അതു പറയണമെങ്കിൽ നഷ്ടങ്ങളെയും നേട്ടങ്ങളെയും നീ എങ്ങനെ നിർവചിക്കുന്നുവെന്നറിയണം എന്നൊരു മറുപടിസ്വരം .. ഒരു നിമിഷം അതെന്നെ വീണ്ടും അസ്വസ്ഥമാക്കി. എന്റെ സന്തോഷത്തിനു പിന്നിൽ ആരുടെയെങ്കിലും കണ്ണുനീരിന്റെ ഉപ്പുരസമോ മനസ്സിൻറെ വിങ്ങലോ മറഞ്ഞിരിക്കുന്നുവെങ്കിൽ അതെന്റെ നേട്ടമല്ല മറിച്ചു നഷ്ടമാണെന്ന സത്യം എന്നെ വീണ്ടും വേദനിപ്പിച്ചു. എന്റെ നഷ്ടത്തിന് പകരം ആരുടെയെങ്കിലും മുഖത്ത് ആത്മാർഥമായ ഒരു പുഞ്ചിരി വിടർന്നെങ്കിൽ അത് എൻറെ നേട്ടം തന്നെ എന്ന് വീണ്ടും ആരോ ഉള്ളിലിരുന്നു പറഞ്ഞു.

എൻറെ അനിയൻ എഴുതിയതുപോലെ നടന്നു തീർക്കാനുള്ള ദൂരം കുറഞ്ഞിരിക്കുന്നു എന്ന ബോധവും എനിക്കുണ്ടായി. ഇതു വരെ അത്ര തെളിഞ്ഞു ആക്രമിക്കാത്ത വെള്ളിനിരകൾ എൻറെ കറുത്ത മുടിയിഴകളിൽ ഒളിച്ചുകളിച്ചെക്കും എന്നത് എന്തോ പണ്ടത്തെപ്പോലെ എന്നെ അത്രയ്ക്കങ്ങോട്ട് പേടിപ്പിച്ചില്ല. ഒരു പക്ഷെ മനസ്സ് ആ സത്യമൊക്കെ പണ്ടേ അ അംഗീകരിച്ചിട്ടുണ്ടാവും.

ചിന്തകൾ കാടുകയറും തോറും ഉറക്കം കണ്ണുകളിൽ നിന്നും വഴുതിമാറിക്കൊണ്ടിരിക്കുകയാണ്. എഴുന്നേറ്റിരുന്നു ചുറ്റും നോക്കി. വളരെ ഗാഡമായുറങ്ങുന്ന ഭർത്താവ്, പകൽ മുഴുവൻ കാട്ടിക്കൂട്ടിയ കുസൃതികളുടെ ക്ഷീണം തീർത്തു ഉറക്കത്തിൽ പുഞ്ചിരിക്കുന്ന മകൻ, മെല്ലെ എഴുന്നേറ്റു പുറത്തേക്കുള്ള ജനലിന്റെ കർട്ടൻ മാറ്റിനോക്കി. എന്തോ ഒരു നല്ല പ്രകാശം പുറത്തു പരന്നിട്ടുണ്ട്, അത് വെളുത്ത മഞ്ഞുകൂനകളിൽ തട്ടി പ്രതിഫലിക്കുന്നു. രാത്രി വളരെ സുന്ദരമാണ്. 

തിരിച്ചുവന്നു കിടക്കയിൽ ഇരുന്നു. സമയം പുലർച്ചെ 2 മണി. അങ്ങനെ 2016 വന്നുകഴിഞ്ഞു. ഒരു യാത്രപോലും പറയാതെ 2015 പടിയിറങ്ങി പ്പോയിരിക്കുന്നു,  ചില ജീവിതങ്ങൾ പോലെ.

കണ്ണടച്ചു പ്രാർഥിച്ചു, ഒരു നല്ല മനുഷ്യനായി ജീവിക്കാൻ സഹായിക്കണേ എന്ന് ,  അതു തന്നെയാണ് എൻറെ പുതുവത്സരപ്രതീക്ഷയും...