Friday, January 14, 2022

 

"പുതുവർഷത്തിൽ തന്നെ എഴുന്നള്ളിയല്ലേ" എന്ന എന്റെ ചോദ്യത്തിനുമുന്നിൽ ചെറിയൊരു പരുങ്ങലോടെ അവൻ നിന്നു. മേശമേലിരുന്ന റാപ്പിഡ് ടെസ്റ്റ് കാർഡിലെ രണ്ടുവരകളെ ഞാൻ വീണ്ടും വീണ്ടും തുറിച്ചു നോക്കി.

മോൾക്ക് ചെറിയൊരു പനിയും ചുമയുമുണ്ടെന്നു പറഞ്ഞപ്പോൾ സുഹൃത്താണ് സംശയ നിവാരണം നടത്താൻ കിറ്റ് എത്തിച്ചത്. "ഫ്ലൂ" ആവുമെന്ന് പറഞ്ഞു നിസ്സാരക്കാരനാക്കിയ പനി, കാർഡിൽ രണ്ടുവര തെളിഞ്ഞതോടെ അൽപ്പം അഹങ്കാരത്തോടെ എന്നെ നോക്കിയപ്പോഴായിരുന്നു ആ ചോദ്യം.

പിന്നീടെല്ലാം പെട്ടെന്നായിരുന്നു. സ്വീകരണമുറിയിൽ സോഫയിൽ പുതച്ചുമൂടി ടി വി കണ്ടിരുന്ന മോളെ പട്ടാള സജ്ജീകരണങ്ങളോടെ മുറിയിലാക്കുന്നു, എല്ലാവരും മാസ്ക് വെയ്ക്കുന്നു, കൈ കഴുകുന്നു, മുറിയ്ക്കു മുന്നിൽ ചെറിയൊരു ടേബിൾ വരുന്നു. ഗ്ലൗസ്, സാനിറ്റൈസർ, മാസ്ക് എല്ലാവരും നിരന്നിരിക്കുന്നു.

അടുത്തദിവസം തന്നെ എല്ലാവരും പി സി ആർ ടെസ്റ്റിന് ബുക്ക് ചെയ്യുന്നു. ടെസ്റ്റ് റിസൾട്ട് വരുന്നതുവരെ ആരെങ്കിലും ചുമയ്ക്കുന്നുണ്ടോ, തുമ്മുന്നുണ്ടോ എന്നെല്ലാം സസൂക്ഷ്മം നിരീക്ഷിക്കുന്നു. റിസൾട്ട് വന്നപ്പോൾ മോൾ പോസിറ്റീവ് ബാക്കിയെല്ലാവരും നെഗറ്റീവ്. സാധാരണയായി ജീവിതത്തിൽ എന്തുവന്നാലും പോസിറ്റീവ് ആവണമെന്ന് പറഞ്ഞു നമ്മളെ ഉപദേശിച്ചുകൊല്ലുന്ന ആളും നെഗറ്റീവ് എന്ന് കേട്ടപ്പോൾ വെളുക്കെ ചിരിച്ചു നിന്നു.

മോൾക്ക് രണ്ടുദിവസം പനിച്ചു, ചുമ തുടർച്ചയായുണ്ടായി. രണ്ടുമൂന്നു ദിവസ്സം രാത്രി ചെറിയൊരു ശ്വാസതടസ്സം അനുഭവപ്പെട്ടു. രുചിക്കോ മണത്തിനോ യാതൊരു പ്രശ്നവുമുണ്ടായില്ല. എന്ന് മാത്രമല്ല, സ്ഥിരം കഴിക്കുന്ന ഭക്ഷണത്തെയൊക്കെ ഒരു അവജ്ഞയോടെ നോക്കി "ഇന്നും ഇതേ ഉള്ളോ?" എന്നു വരെ അവൾ ചോദിച്ചുതുടങ്ങി.

ആറുദിവസ്സം..ബാക്കിയെല്ലാവരും റൂമിനു പുറത്തും അവൾ റൂമിനകത്തുമായി അങ്ങനെ കടന്നുപോയി.

ഏഴാം ദിവസ്സം ഉച്ചയായപ്പോൾ ജോലി ചെയ്തുകൊണ്ടിരുന്ന എന്റെയടുക്കൽ വന്ന്  "വല്ലാതെ കുളിരുന്നു" എന്ന് ഭർത്താവ് പറഞ്ഞപ്പോൾ പതിവുപോലെ തറുതല പറയാൻ നാവെടുക്കുന്നതിന് പകരം എന്റെ തലയിൽ ബൾബ് കത്തി. ചെയ്തിരുന്ന ജോലി നിർത്തി, യുദ്ധകാലാടിസ്ഥാനത്തിൽ ഭർത്താവിനെ മോന്റെ മുറിയിലേക്കും അവിടെ നിന്നും മോനെ പുറത്തേയ്ക്കും മാറ്റി.

വീണ്ടും പഴയ ചട്ടവട്ടങ്ങൾ...മുറിക്കു പുറത്തു ടേബിൾ, മാസ്ക്, സ്ടിനിറ്റൈസർ,ഗ്ലൗസ്....

മോൾക്ക് വന്നതുപോലെ സൗമ്യനായല്ല കക്ഷി ഭർത്താവിന്റെ കൂടെ കൂടിയത്. വൈകിട്ടായപ്പോൾ ചുട്ടുപൊള്ളുന്ന പണി, എട്ടു ദിക്കും പൊട്ടുന്ന ചുമ , ഓരോ മിനിട്ടു കൂടുമ്പോഴും ചൂടുവെള്ളം, കാപ്പി തുടങ്ങിയ ഓർഡറുകളും.

മുകളിലേയ്ക്കും താഴേയ്ക്കും ഓടിയോടി എനിക്ക് ചിറകുകൾ മുളച്ചോ എന്നൊരു സംശയം തോന്നാതിരുന്നില്ല. സംശയം മാത്രമല്ല, ഞാനൊരു സൂപ്പർ വുമൺ ആണോയെന്ന്  സ്വല്പമൊരു അഹങ്കാരവും. ആ അഹങ്കാരത്തിന്റെ ഗർവ്വിലാണ് " ഇനി  മോൻ പോസിറ്റീവ് ആയാൽ അവനെ എങ്ങനെ കൈകാര്യം ചെയ്യണം " എന്നുവരെ ചിന്തിച്ചത്.

ആ ചിന്ത അധികം നീണ്ടു നിന്നില്ല.അടുത്തദിവസം വൈകിട്ടായപ്പോൾ പനിയും പണിയും ഒന്നിച്ചു വരുന്നതിന്റെ സൂചനകൾ കിട്ടിത്തുടങ്ങി. കുറച്ചു ഭക്ഷണമൊക്കെ ഉണ്ടാക്കി ഫ്രിഡ്ജിൽ കയറ്റി. കരുതിയപോലെ തന്നെ ശനിയാഴ്ച ഉച്ചവരെയേ അവൻ എനിക്ക് സമയം തന്നുള്ളൂ. എൻ്റെ ഇഷ്ടക്കേടുകളൊന്നും വകവയ്ക്കാതെ അവൻ എന്നോടും കൂട്ടുകൂടി.

ഇനിയിപ്പോൾ രണ്ടുമുറിയിൽ കിടക്കുന്നതെന്തിന് എന്ന സ്വാഭാവികവും ന്യായവുമായ സംശയത്തോടെ ഭർത്താവ് പെട്ടിയും കിടക്കയുമായി നമ്മുടെ മുറിയിലേക്ക് തിരിച്ചെത്തി. പനിയ്ക്കാനും ചുമയ്ക്കാനുമൊക്കെ ഒരു കൂട്ടുണ്ടാവുക എന്നത് ഒരു വല്യ കാര്യം തന്നെ, പ്രത്യേകിച്ചും ഈ കോവിഡ് കാലത്ത് .

അങ്ങനെ ഒരുമിച്ചു പനിച്ചും ചുമച്ചും തലവേദനിച്ചും ഇടയ്ക്കിടെ കൊച്ചുവർത്തമാനങ്ങൾ പറഞ്ഞും പാട്ടുകൾ കേട്ടും പുസ്തകം വായിച്ചും  ഞങ്ങൾ അവനെ ഒറ്റയ്ക്കാക്കി. ആ ഒറ്റപ്പെടൽ അസഹനീയമായതുകൊണ്ടാവും ആൾ വേഗം സ്ഥലം കാലിയാക്കി.

ദൈവാനുഗ്രഹം കൊണ്ടാവും കോവിഡ് ചില്ലറ പരിക്കുകൾ ബാക്കിയാക്കി കടന്നുപോയത്.

ഏതൊരു പ്രതിസന്ധി ഘട്ടത്തിലും താങ്ങായി നിൽക്കുന്ന കൂടപ്പിറപ്പുകളും സുഹൃത്തുക്കളും  ഇവിടെയും ഉണ്ടായിരുന്നു, മാറ്റിവയ്ക്കാനാവാത്ത തിരക്കുകളിൽ മുഴുകിപ്പോയ അപൂർവ്വം ചിലരൊഴികെ. 

സ്നേഹത്തിന് പകരം സ്നേഹം മാത്രമാണെന്ന തിരിച്ചറിവാണ് ജീവിതത്തിന്റെ ഓരോ നിമിഷവും. അതുകൊണ്ട് മാത്രമാണ് തിരക്കുകൾക്കിടയിലും വിളിച്ചു ചോദിക്കാനും പാത്രങ്ങളിൽ നിറച്ച സ്നേഹത്തിന്റെ രുചികൾ വരാന്തയിൽ വെച്ചുപോവാനും ഭൂഗോളത്തിന്റെ അങ്ങേയറ്റത്തു നിന്നും "എല്ലാം വേഗം ശരിയാവും" എന്ന വാക്കുകൾ കുറിക്കാനും എന്റെ പ്രിയപ്പെട്ടവർക്കാകുന്നത്. 

ഈ കാലവും കടന്നുപോവും ,  അത് വരേയ്ക്കും.. മഹാമാരിയുടെ ഈ കടൽ കടക്കും വരേയ്ക്കും, നമുക്ക് ആരെയും തനിച്ചാക്കാതിരിക്കാം .