Tuesday, December 31, 2019

കണ്ണുനീരിനിടയിലൂടെ പുഞ്ചിരിച്ചു കൊണ്ട് ഒരു വര്ഷം കൂടി  പടിയിറങ്ങുകയാണ്, ജീവിതത്തിന്റെ വലിയൊരു പാഠം നമുക്കു മുന്നിൽ നിവർത്തിവെച്ചുകൊണ്ട് .  സമയമായാൽ ഏതൊന്നും അരങ്ങൊഴിഞ്ഞേ മതിയാവൂ എന്ന പാഠം .

ഡിസംബർ എന്നും നനുത്ത ഓർമ്മകളുടെ കുളിരുള്ള ദിനരാത്രങ്ങളാണ് സമ്മാനിച്ചിരുന്നത് . വിടപറയുന്ന ഒരു വര്ഷം ബാക്കിവെച്ച പൊട്ടിച്ചിരികളും കണ്ണീർനനവുകളും വീണ്ടും വീണ്ടും മനസ്സിലിങ്ങനെ ഓടിയെത്തിക്കൊണ്ടേയിരിക്കും .

സംഭവബഹുലമായിരുന്നു ഈ വർഷം. എന്തെല്ലാം കാഴ്ച്ചകൾ കണ്ടു , എന്തൊക്കെ വാർത്തകൾ കേട്ടു . പറഞ്ഞുപറഞ്ഞു മടുത്തു എത്രനേരം മൗനം പാലിച്ചു , എന്നിട്ടും ഒടുവിൽ സ്നേഹപൂർവ്വം പുഞ്ചിരിച്ചു  .  പൊട്ടിച്ചിരിച്ചും തേങ്ങിക്കരഞ്ഞും ദേഷ്യപ്പെട്ടും വഴക്കടിച്ചും കെട്ടിപ്പിടിച്ചും ഉള്ളിലൊതുക്കിയും 365 ദിവസങ്ങൾ  ജീവിതം നീന്തിക്കടന്നു .

ഒരു വർഷം തീരുമ്പോൾ ആദ്യം വരുന്നത് ജീവിതത്തിൽ നിന്നും ഓർമ്മകളിലേക്ക് ചേക്കേറിയവരാണ് .വേഷങ്ങൾ ആടിത്തീർത്തു പതിയെ മറഞ്ഞവർ. വളരെക്കാലം കാണാമറയത്തിരുന്നിട്ടു പെട്ടെന്നൊരു ദിവസ്സം മുന്നിൽ പ്രത്യക്ഷപ്പെട്ട് ഇന്നലെ കണ്ടതുപോലെ പൊട്ടിച്ചിരിച്ചു വർത്തമാനം പറഞ്ഞു പിരിഞ്ഞു , ദിവസങ്ങൾക്കിപ്പുറം ഒരു പത്രക്കോളത്തിലേക്ക് എന്നെ അമ്പരപ്പിച്ചു സ്വയം നടന്നുപോയ  പ്രിയ  സുഹൃത്താണ് ഈ വർഷത്തിലെ എന്റെ കണ്ണീരോർമ്മ . അന്ന് ,അവനോടു ചേർന്നു നിന്ന വിടർന്ന കണ്ണുകളുള്ള  ആ പെൺകുട്ടി ജീവിതത്തിൽ  ഒറ്റപ്പെട്ട് പകച്ചുനിൽക്കുന്നതാണ് നെഞ്ചിലെ നീറ്റലിറ്റുന്ന ചിത്രം . 

ലോകത്തിന്റെ മറുപുറത്തിരിക്കുമ്പോൾ, പിരിഞ്ഞുപോയവരെല്ലാം നീണ്ട യാത്രപോയതാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം . ഇത്ര ദൂരെയാവുമ്പോൾ തമ്മിൽ വർഷങ്ങളോളം കാണാത്ത എത്രയോപേർ . മറഞ്ഞവരെല്ലാം അങ്ങനെയെവിടെയോ ഉണ്ടാവുമെന്ന് വിശ്വസിക്കുക , അതൊരു കുറുക്കുവഴിയാണ് . ചില യാഥാർഥ്യങ്ങളെ പടിക്കുപുറത്തു നിർത്താനുള്ള കുറുക്കുവഴി . 

ഒരുപാട് സന്തോഷങ്ങളും തന്നു ഈ വർഷം . സൗഹൃദങ്ങളായും സമാധാനങ്ങളായും സ്നേഹമായും കരുതലായും ഒരു പാട് സന്തോഷങ്ങൾ . മാറാലകളിൽ നിന്നും പൊടി തട്ടിയെടുത്തു ഒട്ടനവധി സൗഹൃദങ്ങൾ . നിരവധി വർഷങ്ങളുടെ മൗനത്തിനിപ്പുറം  കാണുമ്പോഴും പരാതിപറയാതെ സ്നേഹിച്ചുതോൽപ്പിച്ചു ചിലർ . ഒരു ഫോണിന്റെ അങ്ങേത്തലയ്ക്കൽ എപ്പോഴും ഞാനുണ്ട് എന്ന് ഓർമ്മപ്പെടുത്തിയ വിരലിലെണ്ണാവുന്നവർ . പുതിയതായി ജീവിതത്തിലേക്ക് കടന്നുവന്നവർ ,  ഇത്ര നാളും എവിടെയായിരുന്നു എന്ന് സൗമ്യമായി ചോദിച്ചവർ - എന്റെ ജീവിതം സുന്ദരമാക്കിയവർ , നിറങ്ങൾ പകർന്നവർ .

ഇനി ചില തിരിച്ചറിവുകളായിരുന്നു.  ബന്ധങ്ങളെക്കുറിച്ചുള്ള ചില നേരറിവുകളായിരുന്നു . ഒരേ മേശയ്ക്കുചുറ്റും ഇരുന്നു ഭക്ഷണം കഴിച്ചു തമാശപറഞ്ഞ "നമ്മൾ " പെട്ടെന്ന് "മുഹമ്മദും രാമനും ജോസഫും " ആയ തിരിച്ചറിവ് . അതൊരു നോവുകലർന്ന അറിവായിരുന്നു, അറിയേണ്ടിയിരുന്നില്ല എന്ന് വീണ്ടും വീണ്ടും തോന്നിപ്പിച്ച അറിവ് . പുച്ഛം തോന്നിയ അറിവ് . 

പക്ഷേ ചില തിരിച്ചറിവുകൾ നല്ലതായിരുന്നു , നമ്മുടെ കൂടിനു പുറത്തും ഒരു ലോകമുണ്ടെന്ന തിരിച്ചറിവ്, ചേർത്തുപിടിക്കുന്ന കൈകൾ ഉണ്ടെന്ന തിരിച്ചറിവ് . നിവർന്നുനിൽക്കാൻ ഞാൻ നിനക്ക് ഊന്നുവടിയാകാം എന്ന് പറയുന്ന, ആത്മാർത്ഥതയുടെ ആൾരൂപങ്ങള് എവിടെയൊക്കെയോ ഉണ്ടെന്ന തിരിച്ചറിവ്.

ബന്ധങ്ങളാണ് ജീവിതത്തിന്റെ ഊടും പാവും നെയ്യുന്നതെന്ന് ഈ വർഷം എന്നെ വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു . മനഃപൂർവ്വം ആരെയും വേദനിപ്പിക്കാതിരിക്കുക , ചെയ്യുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുക, ക്ഷമ പറയാൻ മടിക്കാതിരിക്കുക  - ബന്ധങ്ങൾ നല്ലതാവും, ഓർമ്മകൾ നല്ലതാവും , ജീവിതവും .

ചിലയിടങ്ങളിൽ മൗനമായിരിക്കാനും അതെന്നെ ശീലിപ്പിച്ചു . മൗനമെന്നത് പരാജയമല്ലെന്നും എന്റെ മൗനത്തിന്റെ അർത്ഥം ഞാൻ തെറ്റാണ് എന്നതല്ലെന്നും അത് ബന്ധങ്ങൾക്ക് ഞാൻ കൊടുക്കുന്ന മൂല്യമാണെന്നും എവിടെയോ വായിച്ചത് ഞാൻ പലപ്പോഴും ഓർത്തെടുത്തു . വല്ലാതെ നിരാശ തോന്നുമ്പോൾ മനസ്സിൽ നാലു ചീത്ത വിളിച്ചിട്ട് " I am the best" എന്ന് ഞാൻ എന്നോടു തന്നെ പറഞ്ഞു സന്തോഷവതിയായി .

ഇപ്പോൾ അല്ലെങ്കിൽ പിന്നെ എപ്പോൾ എന്ന ബോധോദയത്തിൽ കഴിയില്ലെന്ന് കരുതിയ കാര്യങ്ങൾ ചെയ്തുനോക്കി . അപ്പോഴും ലോകം കീഴ്മേൽ മറിഞ്ഞില്ലെന്ന് അതിശയപ്പെട്ടു.


പ്രണയത്തെക്കുറിച്ചു പറയാതെ എങ്ങനെയാണ് ഈ വർഷം പൂർത്തിയാക്കാനാവുക ? ജീവിതത്തിൽ ആദ്യം നമ്മൾ പ്രണയിക്കേണ്ടത് നമ്മളെത്തന്നെയാണെന്ന് പഠിച്ചത് ഇത്തവണ ആണ്   . നമുക്കായി അല്പനിമിഷങ്ങളെങ്കിലും മാറ്റിവെയ്ക്കുക. അപ്പോൾ നമ്മളിൽനിന്നും പ്രണയം മറ്റുള്ളവരിലേക്ക് പടരും , സമാധാനം നിറയും . എന്റെ സ്വപ്നങ്ങളെ, ഇഷ്ടങ്ങളെ  ഞാൻ സ്നേഹിച്ചു   . മനസ്സ് ഇടയ്ക്കിടെ മാറാലകൾ തുടച്ചു  കലുഷിതമായ വികാരങ്ങളെയൊക്കെ തൂത്തുവാരി ചവറ്റുകൊട്ടയിലിട്ടു.  കണ്ണുകളിൽ കരുണയും ശ്വാസത്തിൽ സമാധാനവും , ചുണ്ടിൽ ഒരു പുഞ്ചിരിയും  എപ്പോഴും ബാക്കിനിർത്താൻ ശ്രമിച്ചു .  

ഇതൊക്കെയാണെങ്കിലും വല്ലാതെ അമർഷം വരുമ്പോൾ പൊട്ടിത്തെറിച്ചു, ദേഷ്യപ്പെട്ടു  . കലിയടങ്ങുമ്പോൾ ക്ഷമ പറഞ്ഞു , സങ്കടപ്പെട്ടു.   പൂർവ്വാധികം പ്രണയിച്ചു. കുഞ്ഞുകുഞ്ഞു സന്തോഷങ്ങൾ ആസ്വദിച്ചു.  

ഒടുവിൽ എല്ലാം ഓർമ്മകളിലേക്ക് ചേർത്തു വച്ച് ഈ വർഷം പിന്നിലേക്ക് മറയുകയാണ് . 

വീണ്ടും ജീവിതത്തിൽ വർണ്ണങ്ങൾ നിറയും,. കറുപ്പും വെളുപ്പും മാത്രമാവാതെ ചുവപ്പും പച്ചയും നീലയും മഞ്ഞയും പിന്നെ പേരറിയാവുന്നതും അറിയാത്തതുമായി എത്രയെത്ര നിറങ്ങൾ .  അവയുടെ ഏറ്റക്കുറച്ചിലുകളിൽ ജീവിതം വ്യത്യസ്തമാവും , നീയും ഞാനുമാവും  . വർണ്ണങ്ങളെല്ലാം പടര്ന്നു ഒരു പോലെയാവുമ്പോൾ ഞാനും നീയുമെന്ന ചിന്ത കടന്ന് അത് നമ്മളാവും  . നമ്മൾ ഒരു കുടുംബമാവും, സ്നേഹത്താൽ ബന്ധിക്കപ്പെട്ട ഒറ്റക്കുടുംബം  . നമ്മുടെ പ്രാർത്ഥനകൾ "ലോകാ സമസ്താഃ സുഖിനോ ഭവന്തു " എന്നായി മാറും . അതാവട്ടെ, അതു മാത്രമാകട്ടെ  ഈ വർഷം വരുംവർഷത്തിന് കൈമാറുന്ന സന്ദേശവും പ്രതീക്ഷയും  .



Saturday, November 30, 2019

പ്രിയങ്ക റെഡ്‌ഡി സുന്ദരിയായ ഒരു പെൺകുട്ടിയായിരുന്നു. അവളുടെ കണ്ണുകളിൽ നിറയെ സ്വപ്നങ്ങളുണ്ടായിരുന്നു , ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളുണ്ടായിരുന്നു , സ്നേഹത്തിന്റെ നെഞ്ചിടിപ്പുമായി ഒരു കുടുംബമുണ്ടായിരുന്നു .

ജ്യോതിയും അങ്ങനെത്തന്നെ . ഇഷ്ടമുള്ള വിഷയം പഠിച്ചു ജോലിചെയ്ത് സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്ക് പറന്നിറങ്ങാൻ അവൾ കിനാവു കണ്ടിരുന്നു .

നമ്മുടെ അയൽവക്കത്തെ കുട്ടിയായിരുന്നു  ജിഷ . നിയമം പഠിച്ചു നീതിപുലരുന്ന ഒരു നാളെയെ സ്വപ്നം കണ്ടു ജീവിതത്തിന്റെ എത്രയോ പ്ലാനിങ്ങുകൾ അവൾ നടത്തിയിരുന്നിരിക്കും.

ഒരു യാത്രയുടെ നടുവിലാണ് സൗമ്യയുടെ സ്വപ്‌നങ്ങൾ ചതഞ്ഞമർന്നത് .

വാളയാറിലെ കുരുന്നുകൾക്കും സ്വപ്നങ്ങളുണ്ടായിരുന്നു . നിറപ്പകിട്ടാർന്ന വസ്ത്രങ്ങളിൽ ഓടിനടക്കാൻ , വയർ നിറച്ചും ഓണമുണ്ണാൻ അവരും മോഹിച്ചിരുന്നു .

തീർന്നില്ല , ആസിഫയും പിന്നെ പേരറിയാത്ത ഒട്ടനവധി പെൺമക്കളും ഇതൊക്കെത്തന്നെയാവും സ്വപ്നം കണ്ടിരുന്നത് .  അവർക്കു ഒരു പാട് മോഹങ്ങളുണ്ടായിരുന്നിരിക്കും , സ്ഥലഭേദങ്ങളനുസരിച്ചു അവയുടെ നിറത്തിനും മണത്തിനും മാത്രമേ വ്യത്യാസമുണ്ടായിരുന്നിരിക്കൂ .

പക്ഷേ , നാടു മാറിയത് ഇവരാരും അറിഞ്ഞിരിക്കില്ല , പെണ്ണ് ഉടൽ മാത്രമാണെന്നും അത് പൊതുസ്വത്താണെന്നും ഏതു പട്ടിക്കും കടിച്ചുകീറാൻ വിധിക്കപ്പെട്ടതാണെന്നുമുള്ള അലിഖിത നിയമങ്ങൾ ഇവരാരും കണ്ടതില്ല .

പ്രതികരിക്കാൻ ഒരു  ഭരണകൂടവും രാഷ്ട്രീയപ്പാർട്ടിയും തയ്യാറാവില്ല .  പെണ്മക്കളുള്ള അച്ഛനമ്മമാർ  പോലും പിച്ചിച്ചീന്തപ്പെട്ടവരുടെ മതം നോക്കി മാത്രം പ്രതികരിക്കുമ്പോൾ   നാണം കെടുന്നത് ശരിക്കും ആരാണ് ?.

ഒരേയൊരു നിയമം മതി, ഇതില്ലാതാക്കാൻ. കുറ്റവാളികൾക്ക് വധശിക്ഷ നടപ്പാക്കണം . ഇഞ്ചിഞ്ചായി കൊല്ലണം . ഇനിയൊരു പെൺകുട്ടിയുടെയും നേരെ കാമാസക്തിയോടെ ചീറിയടുക്കാൻ ഒരുത്തനും  ധൈര്യപ്പെടരുത് . പേപ്പട്ടികളെ കൊല്ലുന്നതുപോലെ കൊന്നുകളഞ്ഞേക്കണം ഈവിഷജന്തുക്കളെ .


ഓരോ വാർത്ത കേൾക്കുമ്പോഴും പണ്ടെല്ലാം മനസ്സിൽ സമാധാനിക്കുമായിരുന്നു, 'ഇത് നമ്മുടെ ഇന്ത്യയാണ് , ഇനി ഇങ്ങനെയുണ്ടാവില്ല. നീതി പുലരും "എന്ന് .  ഇപ്പോൾ അങ്ങനെയല്ല മനസ്സിൽ തെളിയുന്നത് , "ഇതായിരുന്നില്ല   നമ്മുടെ ഇന്ത്യ".

ഒരു ഹാഷ്ടാഗിട്ടു "ജസ്റ്റിസ് ഫോർ" എന്നെഴുതിയതുകൊണ്ടു മാത്രം നമ്മുടെ കടമ തീരുന്നില്ല.  ഹാഷ്ടാഗിട്ടു റെഡിയാക്കി വച്ചിരിക്കുന്ന പ്രഹസനങ്ങളിൽ പൂരിപ്പിക്കപ്പെടേണ്ട പേരുകൾ വീട്ടിൽ ഓടിനടക്കുന്ന സ്വന്തം ജീവനുകളുടേതാകുന്നതുവരെ ഒരു  ഭരണകൂടവും നിയമവും നീതിയും നമ്മുടെ നാട്ടിൽ നടപ്പാക്കില്ല .

നമ്മുടെ പെൺകുട്ടികളെ നമുക്ക് നൃത്തവും   സംഗീതവും പഠിപ്പിക്കുന്നത് അവസാനിപ്പിക്കാം  . പകരം കരാട്ടെയും കളരിയും പഠിപ്പിക്കാം , തോക്കുപയോഗിക്കാൻ പരിശീലിപ്പിക്കാം. പെണ്ണുടൽ കാണുമ്പോൾ
വല്ലാതെ ഇളകുന്നവനെ ഒറ്റ ബുള്ളറ്റിൽ തീർക്കാൻ അവരെ ശക്തരാക്കാം . പേ പിടിച്ചാൽ ആ പട്ടികളെ  വെടിവെച്ചു കൊല്ലുക  തന്നെ വേണം

എന്റെ പെൺമക്കളെ , നിങ്ങൾക്ക് നിങ്ങൾ മാത്രമേ ഉള്ളൂ .  പുറത്തേക്കിറങ്ങുമ്പോൾ ബാഗിൽ ഒരു കത്തിയോ തോക്കോ കരുതുക. നിനക്കു നീ തുണയാവുക .


ഇതു പെരുമഴക്കാലം...
നീയത് നനയാതെ, വിറയാതെ
വരൂ സഖീ ഈ കുടക്കീഴിൽ
നമുക്കൊരുമിച്ചീ  മഴ കണ്ടുനിൽക്കാം

മഴ, തിരകളിൽ പെയ്യുന്നതും, മെല്ലെ
തീരത്തുപെയ്യുന്നതും , പിന്നെ
മണൽ നനയുന്നതും തിരയൊഴിയുന്നതും
തീരം വിജനമാകുന്നതും നോക്കി
മനം ഇടറുന്നതോർക്കാതെ, വരൂ സഖീ
നമുക്കൊരുമിച്ചീ മഴ കണ്ടു നിൽക്കാം .

മഴ , കാടുകളിൽ അലറുന്നതും
കാറ്റ് ചൂളം വിളിക്കുന്നതും
മരങ്ങൾ ആടിയുലയുന്നതും ഉണ്ണീശോപ്പൂ പൊഴിയുന്നതും
മരപ്പൊത്തിലെ കിളിക്കുഞ്ഞുങ്ങൾ
ഭയചകിതരാകുന്നതും കണ്ട്
മിഴിനീരണിയാതെ വരൂ സഖീ
നമുക്കൊരുമിച്ചു  മഴ കണ്ടുനിൽക്കാം

മഴ പെയ്തു തോരുമ്പോൾ , രാവിൻറെ
മടിയിൽ പകലുറങ്ങാൻ കിടക്കുമ്പോൾ
മരം പെയ്തിറങ്ങുന്നൂ ,  വരൂ സഖീ
വിരഹത്തിൻ കുട പിന്നിലെറിഞ്ഞു നമുക്കീ
പ്രണയത്തിൻ മഴ നനഞ്ഞുതീർക്കാം .







കുറച്ചു ദിവസങ്ങളായി അയാൾ ഒരേ കിടപ്പാണ്, ശരീരമാസകലം വേദനയുള്ളതുപോലെ ഇടയ്ക്കിടെ മൂളുകയും ഞരങ്ങുകയും ചെയ്യുന്നുണ്ട് . ആരെയോ തിരയുന്നതുപോലെ അയാളുടെ പാതിയടഞ്ഞ കണ്ണുകളിലെ കൃഷ്ണമണികൾ അങ്ങോട്ടുമിങ്ങോട്ടും വല്ലപ്പോഴും ചലിക്കുന്നുണ്ട്. വളരെ നേരത്തെ ശ്രമത്തിനു ശേഷം ഏറെ കഷ്ടപ്പെട്ട് അയാൾ കണ്ണുകൾ മെല്ലെ തുറക്കുകയും കൈകൾ അനക്കാൻ ശ്രമിക്കുകയും ചെയ്തു .

അനക്കം കേട്ടാവണം മുറിയിൽ ചാർട്ടിൽ എന്തോ കുത്തിക്കുറിച്ചു കൊണ്ടിരുന്ന വെള്ളക്കാരി നേഴ്സ് തിരിഞ്ഞുനോക്കി . "ഓഹ് , അബ്ദുള്ള  കണ്ണു തുറന്നു. " പ്രകടമായ സന്തോഷത്തിൽ അവർ വേഗം ബെഡിനരികിലേക്കു വന്നു . കൈ പിടിച്ചു പൾസ്‌ നോക്കുന്നതിനിടയിൽ മറു കൈകൊണ്ടു അയാളുടെ നെറ്റിയിൽ പതിയെ തലോടി. "വേദനകൾ കുറവുണ്ടോ"  സൗമ്യമായി ചോദിച്ചു .
അയാൾ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല .  ക്ഷീണിതമായ കണ്ണുകൾ വീണ്ടും വീണ്ടും വലിച്ചു തുറക്കാൻ അയാൾ ശ്രമിക്കുകയും ഇടയ്ക്കിടെ അതിൽ വിജയിക്കുകയും ചെയ്തുകൊണ്ടിരുന്നു .

പൾസ്‌ നോക്കിയ ശേഷം നേഴ്സ് തിടുക്കത്തിൽ ഇന്റർകോമിലൂടെ ആരോടോ സംസാരിച്ചു വെച്ചു. നിമിഷങ്ങൾക്കകം മറ്റു രണ്ടു നേഴ്സുമാർ റൂമിലെത്തുകയും അവർ മൂവരും കൂടി അയാളെ മരുന്നു കഴിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു . അയാൾ നിഷേധാർത്ഥത്തിൽ തല ചെരിച്ചുകൊണ്ടിരുന്നു .

പെട്ടെന്ന് സ്നേഹപൂർണ്ണമായ ആ സ്വരം കേട്ടു , "ബാപ്പാ , അൽപ്പം വെള്ളം തരട്ടേ ?" പാതിയടഞ്ഞ കണ്ണുകൾക്ക് മുന്നിൽ അവ്യക്തമായി അയാൾ ആ രൂപം കണ്ടു. "ബാപ്പ " എന്ന വിളി അയാളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ തട്ടി  വീണ്ടും വീണ്ടും മുഴങ്ങിക്കേട്ടു .

"ഡോക്ടർ അലി , ഇതിപ്പോൾ ദിവസങ്ങളായി  അബ്ദുള്ള മരുന്ന് റിജെക്ട് ചെയ്യുന്നു , ആഹാരവും നിർത്തി".  നേഴ്‌സുമാരുടെ ആകുലതകളോട് , "ഞാൻ ശ്രമിക്കട്ടേ , മരുന്ന് അവിടെ വെച്ചോളൂ" എന്ന് അലി മറുപടി പറഞ്ഞു . അവരുടെ ഷൂസുകളുടെ ശബ്ദം അകന്നകന്നു പോകുന്നത് കേട്ടപ്പോൾ  ഡോക്ടർ അലി അടുത്തുകിടന്ന കസേര നീക്കി ബെഡിനരികിലേക്കിട്ട് അതിൽ ഇരുപ്പുറപ്പിച്ചു . പാതിമയക്കത്തിലായ അബ്ദുള്ളയുടെ കൈകളിൽ മെല്ലെ തലോടി.

പിന്നെ എഴുന്നേറ്റു ചെന്ന്  മുറിയിലെ ജനാലയിലൂടെ പുറത്തേക്കു നോക്കി . മരങ്ങളിലെ ഇലകളൊക്കെ കൊഴിഞ്ഞിരിക്കുന്നു , വസന്തം വിടവാങ്ങുകയാണ്.  ജനാല അൽപ്പം തുറന്നപ്പോൾ തണുത്ത ഇളംകാറ്റ് മുറിയിലേക്ക് കയറി . വീണ്ടും ജനാലയടച്ചു അലി തിരികെ വന്ന്  ഭിത്തിയിലെ ഫോട്ടോകളിലേക്കു കണ്ണുനട്ടു, ഓരോന്നായി  വീണ്ടും കാണാൻ തുടങ്ങി .

ആദ്യത്തേത് ഒരു പഴയ കുടുംബചിത്രമാണ്. അബ്ദുള്ളയും ഭാര്യയും ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും. എന്തൊരു അഭിമാനമാണ് ഒരു കുടുംബത്തെ നെഞ്ചോടു ചേർത്തുപിടിച്ചിരിക്കുന്ന അബ്ദുള്ളയുടെ മുഖത്ത്!!.  അടുത്തത് കനേഡിയൻ പൗരത്വം സ്വീകരിക്കുന്ന ചടങ്ങിന്റെ  ഫോട്ടോ ആണ് . ആ ഫോട്ടോയിൽ  സാറാന്റിയുടെ മുഖത്തുമാത്രം ഒരു സങ്കടമുണ്ട് . അടുത്തടുത്ത ചിത്രങ്ങളിൽ അബ്ദുല്ലയുടെ കുട്ടികളുടെ വളർച്ചയുടെ പടവുകൾ അലി കണ്ടു.  മോളുടെ ഗ്രാഡുവേഷൻ ചിത്രം , അവളോടൊപ്പം അഭിമാനപൂർവ്വം നിൽക്കുന്ന മാതാപിതാക്കൾ. അതിനു താഴെ "പ്രൗഡ് ഓഫ് യൂ , Dr ഫാത്തിമ " എന്ന കുറിപ്പ്. പിന്നെയും കുറേ ചിത്രങ്ങൾ. ഫാത്തിമയുടെ വിവാഹം , ഫഹദിന്റെ ഗ്രാഡുവേഷൻ , വിവാഹം , അതിനുതാഴെ ഒരു പുസ്തകത്തിന്റെ ചിത്രം - കനവുകളുടെ ഒറ്റത്തുരുത്ത് , സാറാ അബ്ദുല്ല .  അബ്ദുല്ലയുടെ റിട്ടയർമെൻറ് പാർട്ടി , അബ്ദുള്ളയും സാറയും മാത്രമായൊരു ചിത്രം .

ഇനിയൊന്നും കാണാൻ കെൽപില്ലാത്തവിധം അലി തിരികെവന്ന് കസേരയിൽ ഇരുന്നു . അബ്ദുല്ല ഉറങ്ങുകയാണ്. നോക്കിയിരിക്കെ അലിയുടെ മുന്നിൽ കുറേ ഓർമ്മചിത്രങ്ങൾ തെളിഞ്ഞുവന്നു .

നാട്ടിൽ നിന്നും മെഡിസിൻ കഴിഞ്ഞു ഉപരിപഠനത്തിനുള്ള ആലോചനകൾ തുടങ്ങിയപ്പോൾ മുന്നിൽ നിന്നത് ക്യാനഡയുടെ പേരായിരുന്നു. മുൻപേ അങ്ങോട്ടു പറന്ന സുഹൃത്തുക്കളുടെ മാർഗ്ഗനിർദ്ദേശങ്ങൾ കൂടിയായപ്പോൾ അതുതന്നെ അടുത്തത് എന്ന് തീരുമാനിച്ചു. ഒറ്റ മകനായതുകൊണ്ടു അവന്റെ ഒരിഷ്ടങ്ങൾക്കും എതിരു നിൽക്കാത്ത ബാപ്പ സമ്മതിക്കുകയും ചെയ്തു . എങ്കിലും പുറപ്പെടുന്നതിന്റെ തലേ ദിവസ്സം ബാപ്പ അവനോട് കുറേ സംസാരിച്ചു , "മോനേ , പാശ്ചാത്യ രാജ്യമാണ് , എവിടെപ്പോയാലും പടച്ചവനെ മറക്കാതിരിക്കുക, പ്രാർത്ഥിക്കുക , നല്ല മനുഷ്യനായി ജീവിക്കുക , തീരുമാനങ്ങൾ പടച്ചവന്റെയാണെന്നും നമ്മൾ അതനുസരിക്കാൻ ബാധ്യസ്ഥരാണെന്നും മനസ്സിലുറപ്പിക്കുക ".

സ്റ്റുഡൻറ് വിസയിൽ വരുന്നവരുടെ കഷ്ടപ്പാടുകൾ ഓരോന്നായി വരുമ്പോഴും ബാപ്പയുടെ ആ വാക്കുകൾ മനസ്സിൽ മുഴങ്ങിക്കേൾക്കുകയും അത് അലിയ്ക്കു ആത്മവിശ്വാസം പകർന്നു   കൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു.

പഠിത്തത്തിനിടയിലെ പാർട്ട്-ടൈം ജോലിയാണ് മിക്ക വിദേശ വിദ്യാർത്ഥികളുടെയും വരുമാനമാർഗ്ഗം . അതിൽ അവർ അഭിമാനിക്കുകയും ചെയ്യുന്നു . അങ്ങനെ വാൾ-മാർട്ടിൽ കാഷ്യർ ആയി നിൽക്കുമ്പോഴാണ് മുന്നിൽ നിൽക്കുന്ന പ്രായം ചെന്ന ദമ്പതികൾ മലയാളം പറയുന്നത് കേൾക്കുന്നത്. തലയുയർത്തി അവരെ നോക്കി പുഞ്ചിരിച്ചു , "അലി ഹുസൈൻ  " നെയിംബോർഡിലെ പേരു വായിച്ചു അവർ ചോദിച്ചു , "സൗത്ത് ഇന്ത്യൻ ? ". ചിരിച്ചുകൊണ്ട് അലി മറുപടി പറഞ്ഞു, "അതേ ,മലയാളിയാണ്" . സലാം പറഞ്ഞു ഒന്നു രണ്ടു കുശലാന്വേഷണങ്ങൾ നടത്തി അവർ പോയി.

രണ്ടുമൂന്നു മാസങ്ങൾ കഴിഞ്ഞു , ക്യാനഡയിലെത്തിയ ശേഷമുള്ള ആദ്യ റമദാനിൽ ടൗണിലെ പള്ളിയിൽ വെച്ച് തറാവീഹു നമസ്ക്കാരം കഴിഞ്ഞു സലാം വീട്ടിയെഴുന്നേൽക്കുമ്പോഴാണ് പുറകിൽ നിന്നും ആരോ തോളിൽതട്ടിയത് . തിരിഞ്ഞുനോക്കുമ്പോൾ അബ്ദുള്ള അങ്കിളാണ്. സന്തോഷപൂർവ്വം കെട്ടിപ്പിടിച്ചു. ആൾത്തിരക്കിലൂടെ പുറത്തേക്കിറങ്ങി വിശാലമായ പള്ളിമുറ്റത്ത് കുറച്ചുനേരം നിന്നു. കറുത്തവനെന്നോ വെളുത്തവനെന്നോ വ്യത്യാസമില്ലാതെ വിശ്വാസികൾ തോളോട് തോൾ ചേർന്ന്  പ്രാർത്ഥന കഴിഞ്ഞു ഒരുമിച്ചിറങ്ങുന്ന കാഴ്ച്ച എന്തൊരു അനുഗ്രഹീതമാണ്. തീർത്തും അപരിചിതരായ പലരും വെള്ളക്കുപ്പികളും ഭക്ഷണപ്പൊതികളും കൊണ്ടുവന്ന് നിർബന്ധപൂർവ്വം ഏൽപ്പിക്കുന്നു .

പിന്നീട് പലതവണ റമദാനിൽ അങ്കിളിനെ പള്ളിയിൽ കണ്ടു , ഒരു പാടു സംസാരിച്ചു. വർഷങ്ങൾക്കു മുമ്പ് ക്യാനഡയിലേക്കു കുടിയേറിയ കഥ പറഞ്ഞു , അന്നത്തെ കഷ്ടപ്പാടുകൾ , ജോലികൾ അങ്ങനെ ഒരുപാട് കാര്യങ്ങൾ . ഒരു ദിവസ്സം നിർബന്ധപൂർവ്വം വീട്ടിലേക്ക് നോമ്പുതുറക്കാൻ ക്ഷണിച്ചു .

അങ്ങനെയാണ് സാറാന്റിയെ പരിചയപ്പെടുന്നത് . വളരെ സൗമ്യമായി ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ഐശ്വര്യമാർന്ന ഒരു മുഖം. വെളുത്ത  സ്കാർഫും ശാന്തമായ നടപ്പും പലപ്പോഴും ഉമ്മയെ ഓർമ്മിപ്പിച്ചു.
മക്കളെക്കുറിച്ചു പറയുമ്പോൾ മാത്രം അവർ വാചാലയായി , ഒട്ടനവധി ആൽബങ്ങൾ എടുത്തുകൊണ്ടു വന്നു ഫാത്തിമയെയും ഫഹദിനെയും കുറിച്ച് സംസാരിച്ചു . ഫാത്തിമയിപ്പോൾ കുടുംബസമേതം ഇംഗ്ലണ്ടിലാണെന്നും ഫഹദ് ക്യാനഡയിൽത്തന്നെ മറ്റൊരു സിറ്റിയിലാണെന്നും മാത്രമല്ലാ അവരെക്കുറിച്ചുള്ള ഓരോ വിശേഷങ്ങളും പങ്കുവെച്ചു.

ഭക്ഷണം കഴിഞ്ഞു കൈകഴുകാൻ ചെന്നപ്പോൾ അരികിലെ അലമാരയിൽ നാലഞ്ചു ബുക്കുകൾ , കവിതാസമാഹാരങ്ങളാണ് . പേരു കണ്ടു സംശയപൂർവ്വം എടുത്തുനോക്കി, അതേ സാറാ അബ്ദുല്ല തന്നെ. "നന്നായി എഴുതുമായിരുന്നു പണ്ട്. നാടു വിട്ടുപോരാൻ ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. എന്റെ നിർബന്ധമായിരുന്നു . ഇവിടെയെത്തിയപ്പോൾ ആ നഷ്ടബോധങ്ങളൊക്കെയും പേനയിലൂടെ കടലാസിലേക്ക് പകർത്തിക്കൊണ്ടിരുന്നു . പലരേയും അത് കരയിച്ചുകൊണ്ടിരുന്നു . സുഹൃത്തുക്കളുടെ  നിർബന്ധമായിരുന്നു ബുക്ക് ആക്കണമെന്നു  . കുട്ടികൾ അവരുടെ ലോകങ്ങളിലേക്കു വഴിപിരിഞ്ഞപ്പോൾ വീണ്ടും എഴുത്തിന്റെ തീവ്രത കൂടി അങ്ങനെ അഞ്ചു ബുക്കുകൾ.. ഇപ്പോൾ വല്ലപ്പോഴുമുള്ള രണ്ടുമൂന്നുവരി കുത്തിക്കുറിക്കലുകളേയുള്ളു ", അങ്കിൾ പറഞ്ഞുനിർത്തി സ്നേഹപൂർവ്വം ആന്റിയുടെ കൈകളിൽ തലോടി .

വർഷങ്ങൾ എത്രപെട്ടെന്നാണ് ഓടി മറയുന്നത് !! ആദ്യത്തെത്തവണ പരീക്ഷ പാസ്സാവാതെ വന്നപ്പോൾ അങ്കിളും ആന്റിയും ആശ്വസിപ്പിച്ചു , "പടച്ചവന്റെ തീരുമാനങ്ങളാണ് ശരി " എന്ന് വീണ്ടും ഓർമ്മിപ്പിക്കാൻ നിൽക്കാതെ ബാപ്പ അതിനിടയിൽ കടന്നുപോയിരുന്നു .  വിഷമിച്ചു നിരാശനായിരുന്ന ഓരോ ദിവസ്സവും സാറാന്റി വിളിച്ചു. അടുത്ത തവണ പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ ഭക്ഷണം പാകം ചെയ്തു പാത്രങ്ങളിലാക്കി കൊടുത്തുവിട്ടു . "ബുദ്ധിമുട്ടാകില്ലേ " എന്ന ചോദ്യത്തിന് "റിട്ടയർ മെന്റും കഴിഞ്ഞു ഒറ്റയ്ക്കായ ഞങ്ങൾക്ക് എന്തെങ്കിലുമൊരു ജോലിയാവട്ടെ " എന്ന് ആന്റി തമാശ പറഞ്ഞു .

അത്തവണ പരീക്ഷ പാസ്സാവുകയും ഇന്റേണൽ ഷിപ് കഴിഞ്ഞു ജോലിക്കു കയറുകയും ചെയ്ത ശേഷം ആ വീട്ടിലേക്കുള്ള സന്ദർശനം കുറഞ്ഞു. അതിനിടയിലായിരുന്നു വിവാഹം, സെറീന കൂടി വന്നതോടെ ജീവിതത്തിലെ തിരക്കുകൾ കൂടി വന്നു . ഒറ്റക്കിരുന്നു ബോറടിക്കുമ്പോൾ അവൾ ആന്റിയെയും അങ്കിളിനെയും കാണാൻ പോയി . ഓരോ സന്ദർശനം കഴിഞ്ഞു മടങ്ങിയെത്തുമ്പോഴും അവൾ പറഞ്ഞുകൊണ്ടിരുന്നു , " സാറാന്റിക്കു  ഓർമ്മക്കുറവുണ്ടെന്നു തോന്നുന്നു , എന്നെ ഇടയ്ക്കിടെ "ഫാത്തിമ " എന്നാണ് വിളിക്കുക. അങ്കിളിനും നല്ല ക്ഷീണമുണ്ട് ".

കുറച്ചുദിവസ്സങ്ങൾ കഴിഞ്ഞു കാണാൻ ചെല്ലുമ്പോൾ അങ്കിൾ പറഞ്ഞു, "ഒറ്റയ്ക്ക് സാറയെയും കൊണ്ട് ഇവിടെ താമസിക്കാൻ വയ്യ മോനെ. ഇടയ്ക്കിടെ അവൾക്കു ഓർമ്മകൾ നഷ്ടമാവുന്നുണ്ട് , ഫാത്തിമയും പറയുന്നത് ലോങ്ങ് ടെം കെയറിലോട്ടു (വൃദ്ധസദനം)മാറാമെന്നാണ്. അവിടെയാവുമ്പോൾ സഹായത്തിന് ആളുകൾ ഉണ്ടാവുമല്ലോ ".

പിന്നീടെല്ലാം വളരെ പെട്ടെന്നായിരുന്നു. ആയിടെ പുതുതായി പണിപൂർത്തിയായ വൃദ്ധസദനത്തിലോട്ടു അവർ താമസ്സം മാറ്റി.  ഇവിടുത്തെ നാട്ടുനടപ്പനുസരിച്ചു  തങ്ങൾക്ക് വളരെ പ്രിയപ്പെട്ട വസ്തുക്കളും അവരോടൊപ്പം കൂടുമാറി. ഫഹദും ഫാത്തിമയും എത്തിയിരുന്നു . തങ്ങളുടെകൂടെ അവരെ കൊണ്ടുപോകാൻ രണ്ടുപേരും ഒരുക്കമായിരുന്നു . "ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഒരു ഭാരമാകാൻ ഞങ്ങൾക്ക് വയ്യ " എന്ന അങ്കിളിന്റെ ദൃഢനിശ്ചയത്തിനുമുന്നിൽ ആർക്കും ഒന്നും പറയാനില്ലായിരുന്നു.

രണ്ടുപേരും വളരെ സന്തോഷത്തോടെയാണ് അവിടെ കാണപ്പെട്ടത് . സമപ്രായക്കാരുമായി സംസാരിക്കാനും സമയം ചിലവഴിക്കാനും തുടങ്ങിയതോടെ അവരുടെ ഒറ്റപ്പെടലിനു ഒരു വിരാമമായല്ലോ എന്ന് അലിയ്ക്കു തോന്നി . സുഖമില്ലാത്ത ഉമ്മയെ പരിചരിക്കാൻ സെറീന നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞപ്പോൾ  സാറാന്റി അവളുടെ കൈകളിൽ പിടിച്ചു നിറകണ്ണുകളോടെ ചോദിച്ചു , "എന്നെക്കൂടി കൊണ്ടുപോകുമോ മോളേ , നാടുകാണാൻ  മഴ നനയാൻ കൊതിയാവുന്നു ". സെറീന അവരെ നെഞ്ചോടുചേർത്തു പിടിച്ചു വിതുമ്പി . നാട്ടിലെത്തിയിട്ടും ഓരോ തവണ വിളിക്കുമ്പോഴും  അവൾ സങ്കടപ്പെട്ടു .

കൺസൾട്ടന്ടായി അലി അങ്ങോട്ട് വന്നതോടെ അങ്കിളിനു കുറച്ചുകൂടി ആശ്വാസമായി. പക്ഷേ , ആന്റിയുടെ ലോകത്തുനിന്നും തിരിച്ചറിവുകളും ഓർമ്മകളും പതിയെപ്പതിയെ അടർന്നുപോയ്ക്കൊണ്ടിരുന്നു . പല  രാത്രികളിലും  മുറിയുടെ വാതിൽ തുറന്ന് ലക്ഷ്യമില്ലാതെ പൂന്തോട്ടത്തിലൂടെ നടന്ന ആന്റിയെ നേഴ്‌സുമാർ അനുനയിപ്പിച്ചു റൂമിൽ എത്തിച്ചപ്പോഴാണ് അങ്കിൾ\അറിയുന്നത് . മിക്ക ദിവസ്സങ്ങളിലും ഡോക്ടർ അലിയെ കാത്തിരുന്നത് ഇത്തരം സന്ദേഹങ്ങളായിരുന്നു.

അങ്ങനെയാണ് ആന്റിയെ കൂടുതൽ കരുതലുള്ള, ഏതു സമയത്തും സഹായിക്കാൻ ഡോക്ടർമാരും നേഴ്‌സുമാരും ഓടിയെത്തുന്ന മറ്റൊരു ഫെസിലിറ്റിയിലേക്കു മാറ്റാൻ തീരുമാനിച്ചത് . ആന്റിയുടെ കൈവിടാതെ വിതുമ്പിനിന്ന അങ്കിളിനെ വളരെ പണിപ്പെട്ടു പിടിച്ചു മാറ്റിയാണ് ആന്റിയെ അങ്ങോട്ടുള്ള വാഹനത്തിൽ കയറ്റിയത് .  കണ്ണുനീരണിഞ്ഞ മുഖവുമായി ജനാലക്കരുകിൽ വീൽചെയറിലിരുന്ന അങ്കിളിന്റെ രൂപം അലിയുടെ ഉറക്കം കെടുത്തി .

അതിലും സങ്കടകരമായ വാർത്തയായിരുന്നു  അടുത്ത ദിവസം അലിയെ കാത്തിരുന്നത് . ഉച്ചയോടെ സെൽ ഫോണിലെത്തിയ മെസ്സേജ് "സാറാ അബ്ദുല്ല  പാസ്സസ് എവേ ഡ്യൂ ടു കാർഡിയാക് അറസ്റ്റ് ". പണ്ട് സാറാന്റി പറഞ്ഞ വാക്കുകൾ ചെവിയിൽ മുഴങ്ങി , "അങ്കിളില്ലാതെ ഒരു നിമിഷം പറ്റില്ല മോനേ , എന്റെ അവസാന നിമിഷം വരെയും ".

അങ്കിളിനെ അറിയിക്കണമെന്നത് ഈ രാജ്യത്തിൻറെ നിയമങ്ങളിൽപ്പെട്ട ഒന്നായിരുന്നു . വിവരമറിഞ്ഞപ്പോൾ അങ്കിൾ പറഞ്ഞു , "എനിക്കറിയാമായിരുന്നു , അവൾക്കു ഞാനില്ലാതെ പറ്റില്ലെന്ന് ". മക്കളെത്തി, സാറാന്റിയുടെ മുഖം കണ്ടു മടങ്ങിയെത്തിയ അങ്കിൾ ആരോടും ഒന്നും സംസാരിച്ചില്ല , ദിവസ്സങ്ങൾ മാസങ്ങളായി, പുറത്തിറങ്ങാതായി , മരുന്നുകൾ കഴിക്കാൻ വിസമ്മതിച്ചു തുടങ്ങി . ഓരോ ദിവസ്സവും ഫാത്തിമയും ഫഹദും അലിയെ വിളിച്ചു വിവരങ്ങൾ തിരക്കി .

ഒടുവിൽ കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ വരെ മടികാണിച്ചു തുടങ്ങി . എല്ലാ ദിവസ്സവും അലിയെത്തുമ്പോൾ കുറേ നേരം മുഖത്തു നോക്കിയിരിക്കും . മെല്ലെ കണ്ണുകൾ നിറഞ്ഞുവരും . സഹായിക്കാൻ വരുന്ന നേഴ്‌സിനെ തടഞ്ഞു അലി തന്നെ\മുഖം തുടച്ചുകൊടുക്കും .

രണ്ടാഴ്ചക്കു മുൻപ് അലി എത്തിയപ്പോൾ കൈകാണിച്ചു വിളിച്ചു , അലമാരയിലേക്ക് കൈ ചൂണ്ടി അവ്യക്തമായ ഭാഷയിൽ എന്തോ പറഞ്ഞു . വളരെ പണിപ്പെട്ടാണ് അത് സാറാന്റിയുടെ ബുക്കിനെക്കുറിച്ചാണെന്നു അലിയ്ക്കു മനസ്സിലായത് . അതെടുത്തുകൊണ്ടുവന്ന് മുഖത്തോടടുപ്പിച്ചപ്പോൾ കണ്ണടച്ച് അതിൽ ചുണ്ടമർത്തി .

അതിനുശേഷം മരുന്നുകൾ തീരെക്കഴിച്ചില്ല , ഭക്ഷണവും നിർത്തി . പതിയെപ്പതിയെ സ്ഥിതികൾ മോശമായി . ഒരു ചെറിയ റെക്കോർഡർ വാങ്ങി ഖുർആൻ കേൾപ്പിക്കൂ എന്ന് സെറീനയാണ് പറഞ്ഞത് . അത് കേട്ട് തുടങ്ങിയപ്പോൾ മെല്ലെ കണ്ണിമകൾ അനക്കിത്തുടങ്ങി , വീണ്ടും മയക്കത്തിലേക്കു വീണു .

മക്കൾ പല തവണ വന്നു മടങ്ങി , തിരക്കേറിയ ജീവിതങ്ങൾ അവരെ തിരികെ വിളിച്ചുകൊണ്ടിരുന്നു .

പാതിതുറന്ന കണ്ണുകളിലൂടെ അബ്ദുല്ല  പലപ്പോഴും ഡോക്ടർ അലിയെ "ഫഹദ് " എന്ന് അവ്യക്തമായി വിളിച്ചു, അടുത്തിരുന്ന് അലി "ബാപ്പാ" എന്ന് വിളിക്കുമ്പോഴെല്ലാം മുഖത്ത് ഒരു വിളർത്ത നേർത്ത പുഞ്ചിരി മിന്നിമറഞ്ഞു .

ഇന്റർകോം മണിയടിക്കുന്നത് കേട്ടാണ് ഡോക്ടർ അലി ഓർമ്മകളുടെ ലോകത്തു നിന്നും ഞെട്ടിയെണീറ്റത്‌, അങ്കിൾ പാതി കണ്ണു തുറന്നിട്ടുണ്ടല്ലോ, എഴുന്നേറ്റു ചെന്ന് കൈപിടിച്ചു , കസേരയിലേക്ക് നോക്കി അങ്കിൾ എന്തോ പറയാൻ ശ്രമിക്കുന്നുണ്ട് , "വെള്ളം തരട്ടെ ", വേറെന്തോ ആണ് ആ ചുണ്ടുകൾ പറയുന്നത്. ഒടുവിൽ അലി അത് വായിച്ചെടുത്തു , "സാറ". ശ്വാസോച്ഛാസം ദ്രുതഗതിയിലായി . അലിയ്ക്ക് തന്റെ ബാപ്പയെ ഓർമ്മവന്നു, ചുണ്ടുകൾ ചെവിയോടടുപ്പിച്ചു പ്രാർത്ഥനകൾ ഉരുവിട്ടുകൊടുത്തു , തന്റെ കയ്യിൽ നിന്നും അങ്കിളിന്റെ കൈ ഊർന്നുപോകുന്നത് അലി അറിഞ്ഞു , മുഖം ഒരു വശത്തേക്ക് ചെരിയുന്നതും ആ മുഖത്ത് ഒരു പ്രശാന്തത പരന്നതും അലി കണ്ടു .

"ഹി ഈസ് ഗോൺ , Dr അലി , ശാന്തമായ മരണം  ", അടുത്തുനിന്ന നേഴ്‌സ് അലിയുടെ തോളിൽകൈ വച്ചു.

പുറത്ത്, വിരുന്നിനെത്തുന്ന ശൈത്യകാലത്തിൽ നിന്നും രക്ഷപ്പെടാൻ  ദേശാടനക്കിളികൾ കനവുകളുടെ തുരുത്തു തേടി മറു ചക്രവാളത്തിലേക്ക് പറന്നു തുടങ്ങിയിരുന്നു. കൂട്ടത്തിൽ പിന്നിലായിപ്പോയ ഒരു പക്ഷിയെ ഒറ്റയ്ക്കാക്കാതെ മറ്റൊന്നു ചിറകുരുമ്മി പറക്കുന്നതും  Dr അലി കണ്ടു .


















ഇരകളല്ല...അഗ്നിയാവുക നാം...


ദൈവത്തിന്റെ സ്വന്തം നാട് സാത്താന്മാർക്കു വഴിമാറിക്കൊടുക്കുന്ന കാഴ്ച്ചകളാണ് ഈയിടെയായി നാം കണ്ടുകൊണ്ടിരിക്കുന്നത്. ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പക്ഷം ചേരലുകളിൽ മരണത്തെപ്പോലും വർഗീയവത്കരിക്കുന്ന അപമാനകരമായ കാഴ്ച്ചകൾ . അതിഥി ദേവോ ഭവ: എന്ന ആപ്തവാക്യം മറന്ന് അതിഥിയും ആതിഥേയയും ഒന്നുപോലെ "ഇര"കളാകുന്ന കാഴ്ച്ചകൾ .. ലജ്ജിക്കുക മമ നാടേ .

ആഴ്ചകൾക്കു മുൻപാണ് ആ എട്ടുവയസ്സുകാരി നമ്മുടെ മുന്നിൽ പിഞ്ഞിപ്പറിഞ്ഞ ഒരു വയലറ്റ് ഉടുപ്പിനുള്ളിൽ മറ്റൊരു ഇരയായി ചോരയണിഞ്ഞുകിടന്നത് . മനുഷ്യത്വത്തിന്റെ ഒരു ചെറുകണികയെങ്കിലും മനസ്സിൽ അവശേഷിച്ചവർക്കു ഉറക്കമില്ലാത്ത രാത്രികളാണ്  ആ കാഴ്ച്ച സമ്മാനിച്ചത് . 2012 ലെ ഒരു തണുത്ത വെളുപ്പാൻ കാലത്തു ഡൽഹിയുടെ തിരക്കേറിയ വഴിയോരത്തു ജീവച്ഛവമായിക്കിടന്ന നിർഭയയുടെ വാർത്ത സമ്മാനിച്ച നടുക്കം ഇനിയും മാറാത്ത അനേകം അമ്മ മനസ്സുകൾ വീണ്ടും കണ്ണീരണിഞ്ഞു  . ജനിച്ചുവീണ കുഞ്ഞിനെമുതൽ മരണമെത്താറായ അമ്മയെവരെ എങ്ങനെ കാത്തുസൂക്ഷിക്കുമെന്ന ഭയം പലരുടെയും നെഞ്ചിലെ തീയായി .

അവളുടെ മരണം മറ്റൊരു തിരിച്ചറിവും നമുക്കു സമ്മാനിച്ചു . ജാതിനോക്കി, മതം നോക്കി, കൊടിയുടെ നിറം നോക്കി പ്രതികരിക്കുക എന്ന പുതിയ അറിവ് . സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിന്ന പ്രതികരണങ്ങളേക്കാൾ  പലരുടെയും മൗനമാണ് നമ്മളെ ഭയപ്പെടുത്തിയത് .  എന്നാണ് നാം ഇത്ര അധഃപതിച്ചത് ? ലജ്ജിക്കുക മമ നാടേ .

ആ ചോരയുടെ ചൂടാറുംമുമ്പേ മറ്റൊരു "ഇര"കൂടി വാർത്തകളിൽ ഇടം പിടിച്ചു . താളം നഷ്ടപ്പെട്ട മനസ്സുമായി , അത് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയുമായി "ദൈവത്തിന്റെ സ്വന്തം നാട്ടിൽ" ചികിത്സക്കെത്തിയ ലാത്‌വിയക്കാരിയായ ലിഗ സ്ക്രോമേന. കാണാതായ അവൾക്കായി  ഭർത്താവും സഹോദരിയും അലഞ്ഞപ്പോൾ ഓരോ പ്രവാസിമലയാളിയും നെഞ്ചുരുകി പ്രാത്ഥിച്ചിരിക്കും , മറ്റൊരു "ഇര"യായി അവൾ ഒരിടത്തും കാണപ്പെടല്ലേ എന്ന് . പക്ഷേ, ശിരസ്സു വേർപെട്ട അഴുകിയ ഒരുടലായി അവളും.. ലജ്ജിക്കുക മമ നാടേ..

ആ പട്ടികയിൽ തീർച്ചയായും അവസാനത്തെ ആളല്ല ലിഗ.  ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ഒട്ടനേകം മാതൃഹൃദയങ്ങളുടെ  നൊമ്പരമാണ് അവൾ. നമ്മുടെ നാട്ടിലെത്തുന്നവർക്ക് സുരക്ഷിതത്വം നൽകുക എന്നത് ഓരോ പൗരന്റെയും കടമയാണ്, ഉത്തരവാദിത്തമാണ് . ആ ഉത്തരവാദിത്തം ചെയ്യാൻ തയ്യാറായി മുന്നോട്ടു വരുന്നവരെ കള്ളക്കേസുകളിൽ കുടുക്കി നാണം കെടുത്തി  നാം പിന്നെയും നീചന്മാരായിരിക്കുന്നു. ലോകത്തിനുമുന്നിൽ തലയുയർത്തിനിൽക്കാൻ നമ്മുടെ നാടിന് കഴിയാതെ വന്നിരിക്കുന്നു. ലജ്ജിക്കുക, മമ നാടേ .

എന്താണ്  നമ്മുടെ നാടിന് സംഭവിച്ചുകൊണ്ടിരിക്കുന്നത് .ഓരോ സംഭവത്തിലും ഭരണസംവിധാനങ്ങളുടെയും നിയമവാഴ്ചയുടെയും പാളിച്ചകൾ നമുക്കുമുന്നിൽ നമ്മെ പരിഹസിച്ചു നിൽക്കുന്നു. നിവർന്നു നിൽക്കാനാവാത്തവിധം നട്ടെല്ലൊടിഞ്ഞ ഒരു ജനതയായി നാം മാറിക്കഴിഞ്ഞിരിക്കുന്നു. ഒന്നിനുമേലെ മറ്റൊന്നായി താങ്ങാനാവാത്ത അപമാനഭാരം മുതുകിലേറ്റാൻ വാർത്തകൾ വരിവരിയായി  നിൽക്കുന്നു .   രാഷ്ട്രീയപ്പാർട്ടികൾക്കും മതഭ്രാന്തന്മാർക്കും പണയം വെച്ച ആത്മാഭിമാനം വീണ്ടെടുത്ത് ഒരു  ഫീനിക്സ് പക്ഷിയെപ്പോലെ ഉണർത്തെണീക്കാൻ നമുക്ക് കഴിയുമോ എന്ന ചോദ്യം സ്വന്തം മനസ്സാക്ഷിയോട് ചോദിക്കുന്നിടത്തു നിന്ന് തുടങ്ങാം നമ്മുടെ നാടിനെക്കുറിച്ചുള്ള സ്വപ്നം.

എപ്പോഴാണ് ഒരു രാജ്യം മാതൃകാരാജ്യമാവുന്നതു? അത് ലോകത്തെ വൻശക്തിയാവുമ്പോൾ അല്ല. കുഞ്ഞുങ്ങളെയും പാവങ്ങളെയും കൊന്നൊടുക്കി യുദ്ധത്തിൽ വിജയം അവകാശപ്പെടുമ്പോൾ അല്ല , ജനങ്ങൾക്കു സമാധാനം ലഭിക്കുമ്പോൾ ആണ്  . നമ്മുടെ ഭരണാധികാരികൾ അവർക്കു വേണ്ടി മാത്രമല്ലാതെ ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടിക്കൂടി ഭരിക്കുമ്പോൾ ആണ്. നമ്മുടെ കുഞ്ഞുങ്ങളുടെ ചിരികൾക്കു മങ്ങലേൽക്കാതിരിക്കുമ്പോൾ ആണ് . ജാതിക്കും മതത്തിനും നിറത്തിനും അപ്പുറം നീതിക്കുവേണ്ടി ജനങ്ങൾ  ഒന്നിക്കുമ്പോൾ ആണ്  . നിയമപാലകർ ജനങ്ങളുടെ കാവൽക്കാർ ആകുമ്പോൾ ആണ്  . സർവോപരി പ്രതികരിക്കാൻ  തോക്കുകൾക്കും ബോംബുകൾക്കും വാട്സ്ആപ് ഹർത്താലുകൾക്കും പകരം തൂലിക പടവാളാകുമ്പോൾ ആണ്.

നമ്മുടെ പെണ്മക്കളെ നമുക്ക് സംരക്ഷിക്കാം , ശരീരത്തിലേൽക്കുന്ന മുറിപ്പാടുകളിൽ സ്വന്തം പേര് നഷ്ടപ്പെട്ട് "ഇരകൾ" ആവാതിരിക്കാൻ നമുക്കവരെ പ്രാപ്തരാക്കാം . ഇനിയും ഉണരാത്ത ഒരു ജനതക്കുവേണ്ടി നമുക്കൊരുമിക്കാം .  അനീതികൾക്കെതിരെ "ഞരമ്പുകളിൽ ചോര തിളയ്ക്കുന്ന " ഒരു സമൂഹത്തെ സൃഷ്ടിക്കാം . അത് സ്വന്തം വീടുകളിൽനിന്നും തുടങ്ങാം.  ഒരു തിരി കൊളുത്താം, അതൊരു വൻ അഗ്നിയായി ആളിക്കത്തട്ടെ, എല്ലാ ദുഷ്ടശക്തികളും ആ അഗ്നിക്കുമുന്നിൽ ഈയാംപാറ്റകളാവട്ടേ .
അന്യനാട്ടിൽ  കുനിഞ്ഞ ശിരസ്സുമായി  ദൈവത്തിന്റെ സ്വന്തം നാടിന്റെ പ്രതിനിധിയായി നിൽക്കേണ്ടിവരുന്ന ഓരോ പ്രവാസിയുടെയും ഉത്തരവാദിത്തമാണത്..


Sunday, November 24, 2019

കണ്ണനെ ഞാൻ ആദ്യമായി കാണുന്നത് കാവ്യസന്ധ്യ പ്രളയദുരിതാശ്വാസനിധിയിലേക്ക് വേണ്ടി നടത്തിയ ധനസമാഹരണപരിപാടിയിലാണ് .  നാട് ഒരു വികാരമായി മനസ്സിൽ കൊണ്ട് നടക്കുന്ന കുറേ മലയാളികളടങ്ങിയ ഒരു സദസ്സായിരുന്നു അത് .

കുട്ടികളുടെയും മുതിർന്നവരുടെയും കവിതാലാപനം കൊണ്ടും ശ്രുതിമധുരമായ ചില സിനിമാഗാനങ്ങൾ കൊണ്ടും  സമ്പന്നമായിരുന്നു അവിടം. അതിനിടയിലാണ് അവതാരക "നമ്മുടെ സ്വന്തം" എന്നു പറഞ്ഞു കണ്ണനെ പാടുവാൻ ക്ഷണിക്കുന്നത് .

ഒറ്റനോട്ടത്തിൽ വലിയ പ്രത്യേകതകളൊന്നും പറയുവാൻ ഇല്ലാത്ത ഒരു സാധാരണ ചെറുപ്പക്കാരൻ. മൈക്ക് കൈയ്യിലെടുത്തു വളരെ നിഷ്കളങ്കമായ ഒരു പുഞ്ചിരിയോടെ സംസാരിച്ചു തുടങ്ങുകയാണ് കണ്ണൻ ആദ്യം ചെയ്തത് .

വളരെ ശുഷ്കിച്ച സദസ്സിനെനോക്കി, കൂട്ടായ്മകളുടെ ആവശ്യകതയെക്കുറിച്ചാണ്  കണ്ണൻ പറഞ്ഞു തുടങ്ങിയത് .  ചെറുപ്പത്തിൽ അച്ഛന്റെ കൈപിടിച്ച് എല്ലാ കൂട്ടങ്ങളിലും പോയിരുന്ന ഓർമ്മ പങ്കുവെച്ചു , "അച്ഛനാണ് എന്നെ സ്നേഹിക്കാൻ പഠിപ്പിച്ചത് " എന്ന് അഭിമാനപൂർവ്വം അവൻ പറഞ്ഞു .

പിറന്നുവീണ നാട് ദുരിതത്തിലേക്ക് മുങ്ങിത്താഴുമ്പോൾ ഒരു കച്ചിത്തുരുമ്പെങ്കിലും നീട്ടി സഹായിക്കേണ്ടതിന്റെ ഉത്തരവാദിത്തത്തെക്കുറിച്ചു പറയുമ്പോൾ എണ്ണം കുറഞ്ഞ സദസ്സിനെ നോക്കി അവൻ പരിഭവിച്ചു . നമ്മൾ നമ്മുടെ കുഞ്ഞുങ്ങളെ സ്നേഹിക്കാൻ പഠിപ്പിച്ചില്ലെങ്കിൽ അവരെല്ലാവരും ഒറ്റപ്പെട്ട ഓരോ തുരുത്തുകളാകുമെന്ന് അവൻ ആശങ്കപ്പെട്ടു.



അതിനുശേഷം റാസാബീഗത്തിന്റെ മനോഹരമായ ഒരു ഗസലിലൂടെ കണ്ണൻ സദസ്സിനെ ഒരു പ്രണയഭാവത്തിലേക്ക് നയിച്ചു . കണ്ണന്റെ മനോഹരമായ ആ ആലാപനം കണ്ണടച്ചിരുന്നാണ് ഞാൻ കേട്ടത് . അത് തീരുന്നതുവരെ ഞാൻ മറ്റെവിടെയോ ആയിരുന്നു . ഇളം പച്ചപ്പുല്ലു നിറഞ്ഞ പാടവരമ്പിലൂടെ ഞാനിങ്ങനെ ഒറ്റയ്ക്ക് നടക്കുകയായിരുന്നു .

മനോഹരമായി പെയ്തുകൊണ്ടിരുന്ന ഒരു മഴ നേർത്തുവന്നു  നിലച്ചതുപോലെ കണ്ണൻ പാടിത്തീർത്തു . അതിനു ശേഷം ഒരു നാടൻ പാട്ടുകൂടി പാടി സദസ്സിനെ ഇളക്കിമറിച്ചു എല്ലാവരോടും സ്നേഹം പറഞ്ഞു അവൻ വേദിവിട്ടിറങ്ങി .

കണ്ണനെ ഒന്ന് പരിചയപ്പെടണമെന്നും അഭിനന്ദിക്കണമെന്നും ആയിരം വട്ടം കരുതിയെങ്കിലും പരിപാടി തീരുംമുൻപേ മറ്റെന്തോ അത്യാവശ്യത്തിൽ ആൾ സ്ഥലം വിട്ടു എന്നു സന്ദീപാണ് പറഞ്ഞത് . ഫോക്‌ലോർ അക്കാദമി ചെയര്മാന് കുട്ടപ്പൻ സാറിന്റെ മകനാണ് കണ്ണനെന്നും നാടൻപാട്ടുകളുടെ ഒരു അത്ഭുതമാണ് ആളെന്നും അങ്ങനെയാണ് ഞാൻ അറിഞ്ഞത് .

അതിനുശേഷം കണ്ണനെ കാണുന്നത്  ഓണാഘോഷപരിപാടിയിലാണ് . വളരെ നാളുകൾക്കു ശേഷമാണ് ഇപ്രാവശ്യം ഓണാഘോഷപരിപാടിയിലേക്ക് ഞങ്ങൾ എത്തിയത് .

കണ്ണന്റെ നാടൻ പാട്ട് അനൗൺസ് ചെയ്തപ്പോൾ തന്നെ ആളുകൾ ആവേശത്തിലായി . കണ്ണനും ജോബിയും കൂടി ഗംഭീരപ്രകടനമാണ് കാഴ്ചവെച്ചത് . നാടൻ പാട്ടുകൾ ഒന്നും മനസ്സിലാകാത്ത എന്റെ മോൻ പോലും ആ ചടുലതാളത്തിനൊത്തു ചാടിത്തിമിർത്തു .

ഇപ്രാവശ്യം ആളെ കയ്യോടെ പിടികൂടി ഞാൻ . അടുത്തുചെന്ന് ചിരിച്ചപ്പോൾ തന്നെ വളരെ സൗമ്യനായി , 'ഷാഹിതച്ചേച്ചി അല്ലേ , എനിക്കറിയാം " എന്നു പറഞ്ഞു കണ്ണൻ എന്നെ ഞെട്ടിച്ചു .

അതേ ഞെട്ടൽ വീണ്ടും എനിക്കുണ്ടായത് ഒരു ഞായറാഴ്ച്ച രാവിലെ രണ്ടാമത്തെ ഇന്നിംഗ്സ് ഉറക്കത്തിന് പുതപ്പിനടിയിലേക്ക് ചുരുണ്ട എന്നെ ഒരു അപരിചിത നമ്പറിൽ നിന്നുള്ള കാൾ വിളിച്ചുണർത്തിയപ്പോഴാണ് . ഫോൺ എടുത്തപ്പോഴേ , "ചേച്ചീ , ഇത് കണ്ണനാണ് " എന്ന നിറഞ്ഞ ശബ്ദം . എന്താണാവോ കാര്യം എന്ന് വിചാരിച്ചു ഞാൻ കാടുകയറുന്നതിനു മുൻപ് കണ്ണൻ പറഞ്ഞു തുടങ്ങി .

"കുറേ വർഷങ്ങളായുള്ള ഒരു സ്വപ്നമാണ് ചേച്ചീ ഒരു മ്യൂസിക് ബാൻഡ് . ആ സ്വപ്നത്തിലേക്കുള്ള യാത്രയായിരുന്നു ഇത്രനാളും . അതിലേക്കു എത്തിപ്പെടാനായിരുന്നു ഓരോ ചുവടും, വളരെ ദുരിതം നിറഞ്ഞ യാത്രയായിരുന്നു അത് . അതിന്റെ ഏതാണ്ട് അടുത്താണ് ഞാനിപ്പോൾ . ഒരു ബാൻഡ് ആയിവരുന്നു. "കൈതോല " എന്നാണ് പേര് ."

വളരെ സന്തോഷം കണ്ണാ , എന്നാണു ഞാൻ ആദ്യം പറഞ്ഞത് . കണ്ണന്റെ ഓരോ വാക്കുകളിലും അവന്റെ ആ ആത്മാർഥത നിറഞ്ഞു നിന്നിരുന്നു .

"ചേച്ചി എനിക്കൊരു സഹായം ചെയ്യണം , ബാൻഡിന്റെ ബ്രോഷറിലേക്ക് ഒരു ആമുഖം ചേച്ചി എഴുതിത്തരണം "

ഞാൻ ആകെ ധർമ്മസങ്കടത്തിലായി , ഒരാളുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ ഭാഗമാകാൻ കഴിയുന്നത് വലിയോരു കാര്യമാണ്, പക്ഷേ  അതിനോട് എത്രമാത്രം നീതിപുലർത്താൻ എന്റെ വാക്കുകൾക്ക് ആവും എന്ന ആശങ്കയാണ് എന്നെ അലട്ടിയത് .

"ചേച്ചി ശ്രമിക്കൂ , നമുക്ക് നോക്കാം" എന്നാണ് കണ്ണൻ പറഞ്ഞത്. എഴുതിയും തിരുത്തിയും വീണ്ടും എഴുതിയും കണ്ണന്റെ വിചാരങ്ങളെ എന്നാലാവും വിധം ഞാൻ വാക്കുകളിലാക്കി .

ഇന്ന് , വൈകുന്നേരം  3 :3 0ന് കൈതോലയുടെ ആദ്യ ആൽബം "ഇളകി " റിലീസ് ചെയ്യുമ്പോൾ  വേദിയിൽ സംസാരിക്കാൻ നിന്ന കണ്ണന്റെ വാക്കുകൾ സന്തോഷക്കണ്ണീർ കൊണ്ട് ഇടറിവീണു . പറയുന്നത് മുഴുമിപ്പിക്കാനാവാതെ അവൻ കണ്ണു തുടച്ചു .എട്ടു വർഷത്തെ ദുരിതക്കയം താണ്ടി ആ വേദിയിൽ നിൽക്കുമ്പോൾ കണ്ണൻ തന്റെ സുഹൃത്തക്കളെ നെഞ്ചോടു ചേർത്തു പിടിച്ചു . കൂടെ നിന്ന ഓരോ സഹജീവിയോടും നന്ദി പറഞ്ഞു .

"ഇളകി " കണ്ടെഴുന്നേൽക്കുമ്പോൾ നെഞ്ചിലൊരു വിങ്ങലായിരുന്നു . അത്ര ശക്തമായ ആശയാവതരണം . സമൂഹത്തിന്റെ ജീർണ്ണതകളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ .

തന്റെ സ്വപ്നങ്ങളിലേക്ക് ശുഭാപ്തി വിശ്വാസത്തോടെ നടന്നുകയറിയ ഒരു ചെറുപ്പക്കാരന്റെ അഭിമാനപൂർണ്ണമായ നിമിഷം.

അതേ, കരുതലായ് , സ്നേഹമായ്, പ്രണയമായ് കൈതോല വരികയാണ് . അനീതികളോടുള്ള പ്രതിഷേധത്തിന്റെ മുള്ളുകളുമേന്തി ..നമുക്ക് അവരെ ചേർത്തുപിടിക്കാം .








Saturday, November 9, 2019

ഇന്ന് അവളുടെ അവസാനത്തെ ദിവസ്സമായിരുന്നു ഈ ഓഫീസിൽ .  തിരക്കിനിടയിൽ ഇന്നലെ അവളെ ഒന്നു ചെന്ന് കാണാനോ എന്തെങ്കിലും പറയാനോ കഴിഞ്ഞിരുന്നില്ല . ഇന്ന് രാവിലെ കലണ്ടർ പോപ്പപ് ചെയ്തപ്പോൾ ആണ് കുറ്റബോധത്തോടെ അതോർത്തത്‌ .

രണ്ടര വർഷമേ ആയുള്ളൂ അവൾ ഈ ഓഫീസിലെത്തിയിട്ട് , പുതുതായി തുടങ്ങിയ ഒരു പ്രോഗ്രാമിന്റെ കോർഡിനേറ്റർ ആയിട്ട് . തലമുടിയൊക്കെ ആൺകുട്ടികളുടെ സ്റ്റൈലിൽ മുറിച്ചിട്ട്  അലസമായ വേഷവിധാനങ്ങളോടെ ഒരു ബാക്ക്പാക്കും തൂക്കി  അവൾ ലിഫ്റ്റിലേക്ക് ഓടിക്കയറി  ചുറ്റും നിന്ന എല്ലാ അപരിചിത മുഖങ്ങളുടെയും നേരെ നോക്കി "ഹലോ " പറഞ്ഞു . എന്റെ ഫ്ലോർ എത്തിയപ്പോൾ അവൾക്കൊരു ചിരി സമ്മാനിച്ചു ഞാൻ ഇറങ്ങി .

ഇരുന്നൂറിൽപ്പരം ആളുകൾ ജോലി ചെയ്യുന്ന സ്ഥലമായതിനാലും അവൾ വേറെ ഫ്ലോറിലായതിനാലും ഞങ്ങളുടെ കണ്ടുമുട്ടലുകളും ഹലോ പറച്ചിലുകളും സ്റ്റാഫ് മീറ്റിംഗുകളിലും ലിഫ്റ്റിലും ആയി ഒതുങ്ങി . എങ്കിലും അവളെക്കാണുമ്പോൾ ഒരു സൗഹൃദം എനിക്ക് തോന്നിത്തുടങ്ങിയിരുന്നു .

ഒരു ദിവസ്സം സ്റ്റാഫ് മീറ്റിംഗിന് അടുത്തടുത്ത കസേരകളിലാണ് ഞങ്ങൾ ഇരുന്നിരുന്നത് . പതിവു ബോറൻ പ്രസംഗങ്ങൾ സമ്മാനിക്കുന്ന ഉറക്കം തൂങ്ങലിൽ നിന്നും രക്ഷ നേടാൻ ഞാൻ അവളെ നോക്കി. കയ്യിലിരുന്ന ഡയറിയിൽ അവൾ എഴുതിക്കാണിച്ചു "ഇവാന , ഫ്രം ക്രോയേഷ്യ ". അതിനു താഴെ ഞാൻ പേരെഴുതി , ഇന്ത്യ എന്നു ചേർത്തു . ഇന്ത്യയുടെ നേരെ ഒരു വര വരച്ചു അതിനുനേരെ അവൾ ഒരു വലിയ ഹൃദയത്തിന്റെ ചിഹ്നം വരച്ചു പുഞ്ചിരിച്ചു .

അടുത്ത തവണ കണ്ടത് ഒരു കോൺഫറൻസിനാണ്, ഞങ്ങളുടെ സ്ഥാപനത്തെ പ്രതിനിധീകരിച്ചു ഞാനും അവളും ഉൾപ്പെടെ നാലുപേർ, തമ്മിൽ അത്രയ്ക്കൊന്നും അടുത്തറിയാത്തവർ . അങ്ങനെയുള്ള സമയങ്ങളിൽ എന്റെ രക്ഷക്കെത്തുന്നത് ബാഗിൽ മിക്കപ്പോഴും സൂക്ഷിക്കുന്ന ഏതെങ്കിലും പുസ്തകങ്ങളാണ് . ഉച്ചയ്ക്കത്തെ ഒരു മണിക്കൂർ ഇടവേളയിൽ ഞാൻ മാധവിക്കുട്ടിയുടെ ഒരു പുസ്തകമെടുത്തു നിവർത്തി . പെട്ടെന്ന് ആരോ അത് തട്ടിയെടുത്തു "കമലാദാസ് " എന്ന് ആശ്ചര്യപൂർവ്വം പറഞ്ഞു . തിരിഞ്ഞു നോക്കിയപ്പോൾ ഇവാനയാണ് .

അടുത്ത കസേര വലിച്ചിട്ട് അവൾ ഇരുന്നു . "ഐ ലവ് ദിസ് ലേഡി ,  അമേസിങ് വുമൺ ". മാധവിക്കുട്ടിയുടെ പുസ്തകങ്ങളെക്കുറിച്ചു അവൾ ഏറെ ഇഷ്ടത്തോടെ സംസാരിച്ചു , വളരെപ്പെട്ടെന്നാണ് ഞങ്ങൾക്കിടയിലെ ഔപചാരികതകൾ ഇല്ലാതായത് . ആ സംസാരം ഞങ്ങളുടെ ഇഷ്ടങ്ങളിലേക്ക് കടന്നുവന്നു . എന്നെ "കമലാ " എന്ന് ഇടയ്ക്കിടെ കളിയാക്കി വിളിക്കാൻ അവൾ തുടങ്ങിയത് അന്നാണ് .

ഇവാന ഒരു ജേർണലിസ്റ്റും ബ്ലോഗ്ഗറും ആണെന്ന സത്യം ഞാൻ മനസ്സിലാക്കിയതും അന്നാണ് . അങ്ങനെയാണ് ഞാൻ എന്റെ ബ്ലോഗിന്റെ ലിങ്ക് അവൾക്ക് അയച്ചുകൊടുത്തത് . ഇടയ്ക്കിടെ അതിലെ ഏതെങ്കിലും ആർട്ടിക്കിൾ ട്രാൻസ്‌ലേറ്റർ ഉപയോഗിച്ചു വായിച്ചു അവൾ പിന്നീട് കാണുമ്പോൾ സംസാരിക്കും , ചിലപ്പോൾ വിമർശിക്കും .

ഒരേ സ്ഥാപനത്തിലായിട്ടും വ്യത്യസ്ത നിലകളിലായതിനാൽ ഞങ്ങളുടെ കൂടിക്കാഴ്ചകൾ കുറവായിരുന്നെങ്കിലും കണ്ടുമുട്ടുമ്പോൾ വളരെയധികം ഊർജ്ജത്തോടെ അവൾ സംസാരിച്ചു .

അടുത്തമാസത്തെ ഇന്റേണൽ മാഗസിനിൽ സ്റ്റാഫ് പരിചയപ്പെടുത്തൽ കോളത്തിൽ ഇവാനയായിരുന്നു . ഒരു സ്റ്റാഫിനെയും  അവരുടെ ഇഷ്ടങ്ങളെയും  കുടുംബത്തെയും പരിചയപ്പെടുത്തുന്ന ചെറിയൊരു കോളം ആണത് . അതിലെ അവസാനവരി "അവളും ഭാര്യയും (she and her wife) സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവരാണ് " എന്നതാണ് . ഇത്രയും വലിയ ഒരു അച്ചടിപ്പിശക് എങ്ങനെ വന്നു എന്നു വിചാരിച്ചു ഞാൻ അവളുടെ നമ്പർ ഡയൽ ചെയ്തു .

പതിവുപോലെ ഫോണെടുത്തു , "വാട്സ് അപ്പ്  കമലാ". ഞാൻ കണ്ടുപിടിച്ച ആ വല്യ "അക്ഷരത്തെറ്റി"നെക്കുറിച്ചു ഞാൻ അവളോട് പറഞ്ഞു . പൊട്ടിച്ചിരിച്ചതിനു ശേഷം അവൾ പറഞ്ഞു , "ഞാൻ നല്ല തിരക്കിലാണ് , ഉച്ചയ്ക്ക് കാണാം ".

ഉച്ചയ്ക്ക് കഫ്റ്റീരിയയിൽ കഴിച്ചുകൊണ്ടിരിക്കുമ്പോൾ അവൾ എന്നോട് പറഞ്ഞു , "അതൊരു അക്ഷരതെറ്റല്ല , അതാണ് ശരി ".  ഒരു ശരാശരി മലയാളിക്ക് ഉണ്ടാവുന്ന ഞെട്ടൽ എനിക്കും ഉണ്ടായി . കഴിച്ചുകൊണ്ടിരുന്ന സൂപ്പ് അകത്തേക്കാണോ പുറത്തേക്കാണോ പോകേണ്ടത് എന്ന് സംശയിച്ചു തൊണ്ടയിൽ കുരുങ്ങി . എനിക്ക് നേരെ ഒരു കുപ്പി വെള്ളം നീട്ടി അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു , "കൾച്ചറൽ ഷോക്ക് ആണ് ". അന്നാണ് അവൾ ആ കഥ പറഞ്ഞത് .

വളരെ സാധാരണക്കാരിയായി  വളർന്ന ഒരു പെൺകുട്ടി മെല്ലെമെല്ലെ അസാധാരണക്കാരിയായതും ഉള്ളിൽ അതൊരു ശ്വാസം മുട്ടലായി വളർന്നപ്പോൾ അമ്മയോടും അച്ഛനോടും തുറന്നു പറഞ്ഞതും . വളരുന്തോറും ആൺകുട്ടികളുടെ രീതികളിലേക്ക് മാറിയതും സ്വന്തം വീട്ടിൽപ്പോലും അന്യയായി മാറിയതും . ഉറങ്ങാതിരുന്ന രാത്രികളെക്കുറിച്ചും കരഞ്ഞുതീർത്ത കണ്ണീരിനെക്കുറിച്ചും മുറിവേൽപ്പിച്ച വാക്കുകളെക്കുറിച്ചും നിസ്സംഗതയോടെ വിവരിച്ചു . തോറ്റുകൊടുക്കാൻ മനസ്സില്ലെന്ന് തീരുമാനിച്ചുറപ്പിച്ച നിമിഷങ്ങളെക്കുറിച്ചു പറഞ്ഞു . ഒറ്റയ്ക്കായപ്പോൾ കൂട്ടിനെത്തിയ പുസ്തകങ്ങളെക്കുറിച്ചു, കമലാ ദാസിനെക്കുറിച്ചു പറഞ്ഞു .

വാശിയോടെ പഠിച്ചു ഒടുവിൽ സ്വപ്നം കണ്ടതുപോലെ തന്നെ ഒരു ജേര്ണലിസ്റ്റായി .  സമൂഹത്തിലെ ഒറ്റപ്പെടലുകൾ കടലാസ്സുകളിലേക്ക് മൂർച്ചയേറിയ വാക്കുകളായി പിറന്നുവീണു . ആ വാക്കുകളിലൂടെ ഒരു സമാനഹൃദയ തേടി വന്നപ്പോളാണ് വീട്ടിൽനിന്നും ജോലിസ്ഥലത്തുനിന്നും പുറത്തായത് .  അങ്ങനെയാണ് ക്യാനഡയിലേക്കു കുടിയേറുന്നത് .

"ഇവിടെ ആളുകൾ ബോധവാന്മാരാണ് . ഇത് ഓരോരുത്തരുടെയും സ്വകാര്യതയാണ് , ആളുകൾ അതിനെ മാനിക്കുന്നു . ഞാൻ ഒരു കുറ്റവാളിയല്ലെന്നും മറ്റാരെയും പോലെ എന്നെപ്പോലുള്ളവർക്കും സമൂഹത്തിൽ ഒരു സ്ഥാനമുണ്ടെന്ന് എനിക്ക് ബോധ്യം തന്നത് ഈ രാജ്യമാണ് . എന്നെക്കുറിച്ചു പറയാൻ എനിക്ക് യാതൊരു മടിയുമില്ല ". കേട്ടറിവുകൾ മാത്രമുള്ള ഒരു വിഷയത്തെക്കുറിച്ചു ഒരാൾ അനുഭവമായി പറയുന്നത് ഞാൻ തലകുലുക്കി കേട്ടു .

ഭക്ഷണം കഴിച്ചു എഴുന്നേൽക്കുമ്പോൾ അവൾ പറഞ്ഞു ,"നിങ്ങളുടെ യുദ്ധങ്ങൾ നിങ്ങൾ തെരെഞ്ഞെടുക്കുക, ബുദ്ധിപൂർവ്വം  ".  എന്റെ നോട്ടം കണ്ടാവണം അവൾ പറഞ്ഞു , "ഈ ലോകത്തിലെ എല്ലാത്തിനോടും പടവെട്ടി എല്ലാം നന്നാക്കാമെന്ന വ്യാമോഹമൊന്നും എനിക്കില്ല, അതിനുള്ള സമയവുമില്ല. അതല്ലാ ജീവിതവും .ചില സ്ഥലങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്നതാണ് അവയ്ക്കുവേണ്ടി സമയം ചെലവാക്കുന്നതിലും നല്ലത്".

കണ്ടും കേട്ടും ശീലിച്ച ചിന്തകൾ സൃഷ്ടിച്ച ഒരു വലിയ നീർക്കുമിളയിലാണ് അവൾ കുത്തിയത് .  വീണ്ടും കാണുമ്പോൾ അവൾ പഴയതുപോലെ "കമലാ ' എന്നു വിളിച്ചു , വല്യതിരക്കുകളിൽ കുറെ ദിവസ്സം കാണാതിരുന്നിട്ട് , പെട്ടെന്ന് ഒരു തലമാത്രം നീട്ടി കൈകൊണ്ടൊരു ആംഗ്യം കാണിച്ചു അവളുടേത്‌ മാത്രമായ ഒരു ഹലോ സൃഷ്ടിച്ചു .

ഒരാഴ്ചമുൻപാണ് അവൾ രാജിവെയ്ക്കുന്നുവെന്നു പറഞ്ഞത് . ഞങ്ങളുടെതുപോലുള്ള നോൺ-പ്രോഫിറ്റ് സ്ഥാപനങ്ങളുടെയെല്ലാം അമരക്കാരായ സ്ഥാപനത്തിലേക്ക് ഒരു വലിയ പദവിയിലേക്ക് പോവുകയാണ് . കേട്ടപ്പോൾ സന്തോഷവും സങ്കടവും ഒരുമിച്ചു തോന്നി . അവൾ തെരെഞ്ഞെടുത്ത അവളുടെ യുദ്ധം ജയിച്ചുപോവുകയാണ് . പക്ഷേ "കമലാ " എന്ന ആ വിളി എനിക്ക് മിസ്സ് ചെയ്യും .

രാവിലെ അവൾക്കു ഒരു ഇ-മെയിൽ അയച്ചു, അവസാനദിവസത്തെ തിരക്ക് അറിയാവുന്നതുകൊണ്ട് ഞാൻ നിന്നെ കാണാൻ വരുന്നില്ലെന്ന് പറഞ്ഞു .  ഒരു മണിക്കൂർ കഴിഞ്ഞു ആരോ പിറകിൽ വന്നു ചുമലിൽ തട്ടി , നോക്കുമ്പോൾ അവളാണ് . പതിവുപോലെ ആ ചിരി വിടർന്ന മുഖം. എനിക്ക് ചിരിവന്നില്ല പകരം എന്റെ കണ്ണുകൾ നിറഞ്ഞു . പെട്ടെന്ന് ഇരുകൈകളും നീട്ടി അവൾ സ്നേഹംനിറച്ചു എന്നെ ചേർത്ത് പിടിച്ചു . "കമലാ , നിന്റെ ബുക്ക് ഇറങ്ങുമ്പോൾ എന്നെ വിളിക്കണം .

യാത്രപറഞ്ഞു പിരിയുമ്പോൾ അവൾ പറഞ്ഞു , "നിന്റെ കൾച്ചറൽ ഷോക്ക് മാറിയെങ്കിൽ ഒരു ദിവസ്സം എന്റെ ഭാര്യയെ പരിചയപ്പെടാം". ഞാൻ തലയാട്ടി . പതിവുപോലെ തല ഒരു വശത്തേക്ക് ചെരിച്ചു ഒരു കണ്ണടച്ച് ചിരിച്ചുകൊണ്ട് അവൾ നടന്നു നീങ്ങി . വാതിലിൽ എത്തിയപ്പോൾ തിരിഞ്ഞുനിന്ന് വിളിച്ചു പറഞ്ഞു , "പിന്നെ, ചെറുതും വലുതുമായ എല്ലാ പ്രശ്നങ്ങൾക്കും ഉത്തരം കണ്ടുപിടിക്കാൻ നിൽക്കരുത് . നിന്റെ ഇഷ്ടങ്ങളിൽ ജീവിക്കുക, ഗുഡ്ബൈ ".

ചില മനുഷ്യർ എത്ര വലിയ പാഠങ്ങളാണ് നമ്മളെ പഠിപ്പിക്കുന്നത് , അതും ഒന്നു മിന്നി മറയുന്ന നേരം കൊണ്ട് . ഒരു കറുത്ത പേനയെടുത്തു അതിൽ ഞാനെഴുതി , "choose your battle (wisely)", എന്നിട്ട് അത് എപ്പോഴും കണ്ണെത്തുന്ന ഭിത്തിയിൽ ഒട്ടിച്ചു .











Friday, October 18, 2019

"മറവിയുടെ ആഴങ്ങളിൽ പതിക്കാതിരിക്കാനാണ് ഇങ്ങനെയൊരു പുഞ്ചിരി ", ഒരു വെള്ളിയാഴ്ച്ച വൈകുന്നേരത്തിന്റെ എല്ലാ വിധ മടികളോടും കൂടെ വീട്ടിലെത്തുമ്പോഴാണ് വാട്സ്ആപ്പിൽ ആ സന്ദേശം തെളിഞ്ഞത്.  അടുത്ത സുഹൃത്താണ്, തിരക്ക് അധികമാകുമ്പോൾ ഉള്ള എന്റെ മൗനത്തിലും അജ്ഞാതവാസത്തിലുമുള്ള പരിഭവമാണ് .

നേരാണ് , കുറച്ചു ദിവസങ്ങളായി വല്ലാത്ത തിരക്കാണ്. രാവിലെ ഓഫീസിലെത്തിയാൽ സമയം കടന്നുപോകുന്നത് അറിയുന്നേയില്ല . നിരവധി മുഖങ്ങൾ മുന്നിലൂടെ കടന്നുപോകുമ്പോൾ ആ ദിവസ്സം കൊഴിഞ്ഞുവീഴുന്നു .  

ചില ദിവസങ്ങളിൽ ട്രെയിനിൽ കയറുമ്പോൾ ഇരിക്കാൻ ഇടം കിട്ടുന്നത് ട്രെയിൻ പോകുന്നതിന്റെ വിപരീത ദിശയിലേക്ക് തിരിഞ്ഞായിരിക്കും. വല്ലപ്പോഴുമൊക്കെ അങ്ങനെയിരുന്നു യാത്ര ചെയ്യാൻ എനിക്കിഷ്ടമാണ് . എപ്പോഴും  മുന്നോട്ടു പായുന്ന വഴികളെ നോക്കാതെ, ഓടിത്തീർന്ന വഴികളിലേക്ക് നോക്കിയിരുന്ന് ഒരു യാത്ര . 

ചിലപ്പോഴൊക്കെ ജീവിതത്തിലും അത്തരം യാത്രകൾ  അനിവാര്യമാണെന്ന്  തോന്നാറുണ്ട് . ഭാവിയിലേക്ക് മാത്രം ഉറ്റുനോക്കാതെ കഴിഞ്ഞുപോയ നിമിഷങ്ങളെ കണ്ടുകണ്ട്‌ ഒരു യാത്ര. നമ്മൾ ഈ വഴികളിലൂടെ നടന്നിരുന്നു എന്നോർമ്മിപ്പിക്കുന്ന ഒരു യാത്ര. 

പഴയ കാഴ്ച്ചകൾ , സൗഹൃദങ്ങൾ , സന്തോഷങ്ങൾ, സങ്കടങ്ങൾ , നഷ്ടപ്രണയങ്ങൾ --ആ യാത്രയിൽ നമ്മളെ കാത്തിരിക്കുന്ന കാര്യങ്ങൾ ഏറെയാവും. ഓർമ്മപ്പെടുത്താൻ വാട്സാപ്പോ ഫേസ്ബുക്കോ ഇല്ലാതിരുന്ന ഒരു കാലത്തിന്റെ ഓർമ്മകൾക്കെല്ലാം ഒരു പ്രത്യേക അനുഭൂതിയായിരിക്കും .

ആ യാത്രയിൽ, മറന്നു തുടങ്ങിയ നിമിഷങ്ങളെ തട്ടിയുണർത്തുക . വളരെക്കാലം വിളിക്കാതിരുന്ന ഒരു ഫോൺ നമ്പർ തപ്പിയെടുത്തു ഡയൽ ചെയ്യുക , അങ്ങേത്തലയ്ക്കൽ നിന്ന് കേൾക്കുന്ന ശബ്ദത്തിന് പൂർവാധികം സ്നേഹത്തോടെ ഒരു വിളി സമ്മാനിക്കുക , തിരിച്ചറിയുമ്പോൾ  ആദ്യമൊക്കെ പരിഭവങ്ങൾ പെയ്തിറങ്ങുമെങ്കിലും ഒടുവിൽ  "ഒരുപാട് വേവലാതികൾക്കിടയിൽ ഒരു തണുത്ത കാറ്റായി നിന്റെ വിളി " എന്നു പറഞ്ഞു അപ്പുറത്തു ഫോൺ നിശബ്ദമാവുമ്പോൾ നമുക്കുണ്ടാകുന്ന ഒരു  സംതൃപ്തി എങ്ങനെയാണ് പറഞ്ഞുവയ്ക്കുക?

വായിച്ചു മടക്കിവെച്ച ഒരു പഴയ പുസ്തകം വീണ്ടും തുറക്കുക . വായിച്ച വരികളിലൂടെ വീണ്ടും കണ്ണോടിക്കുക, പണ്ടു വായിച്ച അതേ നെഞ്ചിടിപ്പോടെ .  പേജുകൾ മറിക്കുമ്പോൾ വരികൾക്കിടയിലൂടെ പല ഓർമ്മകളും തിക്കിത്തിരക്കി നിൽക്കുന്നത് കണ്ണു നിറയെ കാണുക . പുസ്തകം മടക്കിവെയ്ക്കുമ്പോൾ എവിടെയൊക്കെയോ നമ്മൾ പോയിമടങ്ങാറില്ലേ ?

വീണ്ടും വീണ്ടും കേട്ടിരുന്ന ആ പ്രിയപ്പെട്ട പാട്ടുകൾ ഇടയ്ക്കിടെ ഉറക്കെ വെച്ചു കേൾക്കണം , ഓരോ ഈണങ്ങളിലും മനസ്സുടക്കി  , ചുണ്ടുകൾ അതിനൊപ്പം  മെല്ലെ മൂളി .   നമ്മുടെ ഈണങ്ങൾ നമ്മുടേത് മാത്രമാവുമ്പോൾ അതിനൊരു വല്ലാത്ത സുഖമാണ് .

മനസ്സിന്റെ ഓരോ കോണുകളിലായി അടുക്കിവെച്ചിരിക്കുന്ന ഓർമ്മകളെ പൊടിതട്ടിയെടുക്കുമ്പോൾ നാമറിയാതെ ചിലപ്പോൾ കണ്ണുനനഞ്ഞേക്കാം, ഒരു പുഞ്ചിരി വിരിഞ്ഞേക്കാം , എങ്കിലും ആ യാത്ര കഴിഞ്ഞു തിരികെയെത്തുമ്പോൾ മുന്നോട്ടുള്ള വഴികൾ മുഴുവൻ നടന്നു തീർക്കാൻ വേണ്ടുന്ന ഒരു ഊർജ്ജം നമ്മുടെ ശരീരത്തിലും മനസ്സിലും നിറഞ്ഞിരിക്കും.

തിരക്കുകൾ വല്ലാതെ നമ്മളെ മാറ്റിക്കളയുന്നതിനു മുൻപ്, ഓർമ്മകൾ മാഞ്ഞുപോവും മുൻപ് , നമുക്ക് ആ പഴയ വഴികളിലൂടെ വീണ്ടും നടക്കാം . തിരിഞ്ഞുനോക്കാൻ സമയമില്ലാതെ വരുമ്പോൾ പുറകോട്ടു തിരിഞ്ഞിരുന്നു ഇടയ്ക്കിടെ യാത്ര പോവാം... ഓർമ്മകളിൽനിന്നാണ് ജീവിതം തുടങ്ങുന്നത് . ഓർമ്മകളായാണ് അതൊടുങ്ങുന്നതും.








Monday, September 16, 2019

  

ഞാൻ  പ്രണയത്തിലാണ്, എന്റെ ഓരോ ശ്വാസത്തിലും അതിങ്ങനെ നിറഞ്ഞു 
നിൽക്കുകയാണ് .

പ്രണയം, അതിന്റെ അർത്ഥം ഓരോ പ്രായത്തിലും വ്യത്യസ്തമാണ് . കുറച്ചു  വർഷങ്ങൾക്കുമുമ്പ് , ഇനിയും കൃത്യമായിപ്പറഞ്ഞാൽ സ്വപ്നങ്ങളൊക്കെ കണ്ടു നമ്മളിങ്ങനെ പറന്നു നടക്കുന്ന പ്രായത്തിൽ  എന്റെ പ്രണയത്തിന് കടും ചുവപ്പുനിറമായിരുന്നു , ചുവന്ന റോസപ്പൂക്കളുടെ നിറം .  ലോകത്തിന്റെ നിറങ്ങളത്രയും സന്നിവേശിപ്പിച്ച പ്രായത്തിൽ ആ റോസാപ്പൂക്കളാണ് എന്റെ സ്വപ്നങ്ങളിലത്രയും നിറഞ്ഞു നിന്നിരുന്നത് .

കണ്ടില്ലെങ്കിൽ കണ്ണീരണിഞ്ഞും പരിഭവം പറഞ്ഞും ഞാൻ എന്റെ സന്ധ്യകളെ കൂടുതൽ ചുവപ്പിച്ചു .  അപ്പോഴെല്ലാം ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ "ചൂടാതെപോയി നീ നിനക്കായി ഞാൻ ചോര ചാരിച്ചുവപ്പിച്ചൊരെൻ പനീർപ്പൂവുകൾ " എന്ന  വരികൾ ഒരു മന്ത്രം പോലെ ഉരുവിട്ടുകൊണ്ടിരുന്നു .

കുറച്ചുകൂടി കഴിഞ്ഞപ്പോൾ എന്റെ പ്രണയം ചുവന്ന റോസാപ്പൂക്കളെ കൈവിട്ടു , കുറച്ചുകൂടി പക്വതയാർന്ന് പിങ്ക് റോസാപ്പൂക്കളിലേക്ക് ചേക്കേറി. എന്നുമെന്നും കാണുന്നതിലും ഒരുമിച്ചു നടക്കുന്നതിലും നല്ലത് വല്ലപ്പോഴുമുള്ള കണ്ടുമുട്ടലുകളാണെന്ന് മനസ്സിലായിത്തുടങ്ങി . കാണാതിരിക്കുമ്പോളാണ് കൂടുതൽ ചിന്തിക്കുന്നതെന്നും മനസ്സിലാക്കാൻ ശ്രമിക്കുന്നതെന്നും അറിഞ്ഞുതുടങ്ങി .

മാധവിക്കുട്ടിയുടെ നീർമാതളം പൂത്ത കാലത്തിലൂടെ ഞാൻ പലതവണ യാത്ര നടത്തി . പ്രണയം കൊണ്ടെഴുതിയ ജീവിതങ്ങൾ എന്നെ  വിസ്മയിപ്പിച്ചു.

അതും കഴിഞ്ഞു, കാലം പിന്നെയും മുന്നോട്ടു തിരിയുമ്പോൾ , പ്രണയം ഒരു താലിച്ചരടിൽ കഴുത്തിലേറ, അതുവരെ കണ്ടിരുന്ന നിറങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി  മറ്റെന്തോ നിറം അതെടുത്തണിഞ്ഞു . ഇടയ്ക്കിടെ നിറം മാറി  ചുവപ്പും പിങ്കും പിന്നെ അപൂർവ്വം  സമയങ്ങളിൽ വെളുപ്പും കറുപ്പുമായി അതെന്നെ ചിന്താക്കുഴപ്പത്തിലാക്കി . കണ്ടിരുന്നതെല്ലാം പ്രണയമായിരുന്നുവോ  എന്നും ഇനിയും ഇതിന്റെ എന്തെല്ലാം വർണ്ണവൈവിധ്യങ്ങൾ കാണേണ്ടിവരുമെന്നും ഞാൻ  ആശങ്കപ്പെട്ടു.

പ്രണയത്തിന്റെ അവകാശം തേടി ജീവിതത്തിലേക്ക്  അതിഥികളെത്തിയപ്പോൾ പ്രണയം പകുത്തുനൽകൽ കൂടിയാണെന്ന് എനിക്ക് തിരിച്ചറിവുണ്ടായി . വാത്സല്യമായും വിരഹമായും നെഞ്ചിടിപ്പായും ശ്വാസമായും ഞാനതിനെ പകുത്തു നൽകി . കണ്മുന്നിൽ കാണുമ്പോഴും കാണാത്തപ്പോഴും അതെന്നെ തഴുകിക്കൊണ്ടിരുന്നു .

താരാട്ടുപാട്ടുകൾ എന്റെ പ്രണയകവിതകളെ മായ്ച്ചെഴുതി.

കാലം ചിന്തകളിലും അവലോകനങ്ങളിലും കാര്യമായ മാറ്റം വരുത്തിയപ്പോൾ  പ്രണയത്തിന് പരസ്പ്പര ബഹുമാനം എന്നൊരു മാനം കൂടിയുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു . നമ്മുടെ ലോകം പോലെ തന്നെയാണ് നിനക്കു നിന്റെയും എനിക്കെന്റെയും ഭ്രാന്തുകൾ എന്നെനിക്കു തിരിച്ചറിഞ്ഞു തുടങ്ങി . എങ്കിലും നിനക്കു ഞാനോ എനിക്ക് നീയോ അന്യരാവുന്നില്ലെന്ന് പ്രണയം എന്നെ പഠിപ്പിച്ചു .

താരാട്ടുപാട്ടുകൾ വീണ്ടും പ്രണയ കവിതകളിലേക്കു തിരികെയെത്തുകയും പൂർവ്വാധികം ഇഷ്ടത്തോടെ വീണ്ടും ഞാൻ മാധവിക്കുട്ടിയെ നെഞ്ചിലേറ്റുകയും ചെയ്തു . കടന്നുപോയ വഴികളിലൂടെ വീണ്ടും സഞ്ചരിച്ചുതുടങ്ങി . എന്റെ പ്രണയം ചുവപ്പും പിങ്കും വെളുപ്പും അണിഞ്ഞു എന്നെ പ്രലോഭിപ്പിച്ചു തുടങ്ങി .

അതേ , ഞാൻ പ്രണയത്തിലാണ്.  കടും ചുവപ്പിലും പിങ്കിലും പിന്നെ ഒട്ടനവധി   നിറങ്ങളിലും പ്രണയമായ് നീ വിസ്മയിപ്പിക്കുമ്പോൾ  ഞാനെങ്ങനെ പ്രണയിക്കാതിരിക്കും ?  ഉപാധികളില്ലാത്ത പത്തൊൻപതു വർഷങ്ങൾക്ക് , തൂമഞ്ഞുപോൽ നനുത്ത ഓർമ്മകൾക്കു , പകർന്നുതന്ന പുഞ്ചിരിയ്ക്ക് , തുടച്ചുമാറ്റിയ കണ്ണീരിന്  - നിന്റെ പ്രണയത്തിന് സമർപ്പണം.







Saturday, September 14, 2019

പൊന്നുവിന്റെ പതിനാറാം പിറന്നാൾ ആയിരുന്നു . എന്റെ ചെവിയിൽ പിടിച്ചുകിടന്നാല്‍ മാത്രം ഉറങ്ങിക്കൊണ്ടിരുന്ന എന്റെ കുഞ്ഞുവാവയ്ക്കു പതിനാറു വയസ്സ്  !!! എന്തു പെട്ടെന്നാണ് സമയം ഓടിമറയുന്നത്..

എനിക്കിപ്പോഴും ഇന്നലയെന്നവണ്ണം ഓർമ്മയുണ്ട്, ഒരു ശനിയാഴ്ച്ച രാവിലെ 8:35 നു നേരമെത്തുന്നതിനും മുൻപേ ഇറങ്ങിവന്ന, ഇത്തിരിയോളം പോന്ന ഒരു വാവയെ. വരേണ്ട തിയതിക്കും സമയത്തിനും ഒക്കെ വളരെ മുൻപേ ആയതിനാൽ ഓപ്പറേഷൻ തീയേറ്ററിലേക്കു കൊണ്ടുപോകുമ്പോൾ സാധാരണ കാണേണ്ടുന്ന  പരിവാരങ്ങളൊന്നും ഉണ്ടായിരുന്നില്ല . അങ്കലാപ്പിൽ നിൽക്കുന്ന അമ്മയെയും ഒപ്പിട്ടുകൊടുക്കുമ്പോൾ ആദ്യമായി കൈ വിറച്ച ഭർത്താവിനെയും സമാധാനിപ്പിച്ചു ഞാൻ പോകുമ്പോൾ തീയേറ്ററിന്റെ വാതിൽക്കൽ നിന്ന തിരുവസ്ത്രം ധരിച്ച സിസ്റ്റർ നെറ്റിയിൽ  തൊട്ട് "ദൈവം അനുഗ്രഹിക്കട്ടെ " എന്ന് പറഞ്ഞു കയ്യിൽ തലോടി .

പിന്നീടെപ്പോഴോ അർദ്ധബോധാവസ്ഥയിൽ "പെൺകുഞ്ഞാണ്‌ കേട്ടോ " എന്ന് ഡോക്ടറാന്റി പറഞ്ഞത് ഞാൻ കേട്ടു. കുഞ്ഞിനെ കണ്ടുതീരുംമുമ്പേ അടുത്ത മയക്കത്തിലേക്ക് ഞാൻ വീണിരുന്നു . അഞ്ചാറു മണിക്കൂറുകൾക്കു ശേഷം എഴുന്നേൽക്കുമ്പോൾ  അടുത്ത് എല്ലാരുമുണ്ട് . പെൺകുട്ടികളില്ലാത്തതിൽ സങ്കടപ്പെട്ടിരുന്ന  ചേച്ചിയുടെ ചൂടുപറ്റി അവൾ കിടക്കുന്നുണ്ട് .

കളിചിരിയായി നടക്കുന്ന ഒരു പെൺകുട്ടി അമ്മയാകുമ്പോൾ എന്തു പെട്ടെന്നാണ് മാറുന്നത് . എന്റെയടുത്തു കിടക്കുന്ന കുഞ്ഞിനെ ഞാൻ അദ്‌ഭുതത്തോടെയും അൽപ്പം ഭയത്തോടെയും നോക്കിക്കൊണ്ടിരുന്നു . ആദ്യത്തെ മാസങ്ങളിൽ  അമ്മ ഉറങ്ങാതെ  എണീറ്റിരുന്നു കരയുന്ന കുഞ്ഞിനെ എടുത്തു നടന്നു , താരാട്ടു പാടി . തളർന്നുറങ്ങുന്ന എന്നെ എഴുന്നേൽപ്പിച്ചിരുത്തി കുഞ്ഞിനു പാലുകൊടുപ്പിച്ചു . കുഞ്ഞുറങ്ങുമ്പോൾ ഉറങ്ങാനും അവൾ ഉണരുമ്പോൾ ഉണരാനും ഞാൻ പഠിച്ചു.

കുഞ്ഞുണ്ടായി പതിനഞ്ചാമത്തെ ദിവസം  ഭർത്താവ് പുതിയ ജോലിക്കായി വിദേശത്തേക്കു പറന്നു . ഒറ്റദിവസം പോലും പിരിഞ്ഞുനിൽക്കാൻ കഴിയില്ലെന്ന് മനസ്സു പറയുമ്പോഴും അടുത്തുകിടന്നു കൈകാൽ ഇളക്കി മോണ കാണിച്ചു ചിരിച്ചു അവളെന്നെ  ജീവിതത്തിലേക്ക് തിരിച്ചുവിളിച്ചുകൊണ്ടിരുന്നു .

ഭർത്താവിന്റെ വീട്ടിലേക്കു തിരികെപ്പോകുന്നതിന്റെ തലേന്ന് ഞാൻ ഉറങ്ങിയിട്ടില്ല . കുഞ്ഞിനെ എങ്ങനെ തനിയെ കുളിപ്പിക്കും , ഉറക്കും എന്നൊക്കെയോർത്തു ഞാൻ ആകുലപ്പെട്ടു . അവിടെത്തിയ ദിവസം , ഒരു കയ്യിൽ കുഞ്ഞും മറുകയ്യിൽ ഒരു കപ്പു വെള്ളവുമായി നിന്ന എന്റെ നെഞ്ചിടിപ്പ് ഇന്നും എനിക്ക് കേൾക്കാം . സാവധാനം എല്ലാം ശരിയായി , എല്ലാവരും സഹായിച്ചു .

ഒന്നാം പിറന്നാളിന്റെ തലേന്നാണ് അവൾ പിച്ചവെച്ചു തുടങ്ങിയത് . ഒരു പിങ്ക് ഉടുപ്പുമിട്ട് പിടിച്ചുനിന്ന കസേരയിൽ നിന്നും മെല്ലെ കൈയ്യെടുത്തു അച്ഛന്റെയടുത്തേക്കു  അവൾ പിച്ചവെച്ചത്തി . അതിനടുത്തദിവസം ജോലിസ്ഥലത്തേക്ക് തിരിക്കാൻ ഒരുക്കങ്ങൾ നടത്തുകയായിരുന്ന ആൾ അവളെ വാരിയെടുത്തു .

ആദ്യമായി സ്കൂളിൽ കൊണ്ടാക്കിയത്.. കുഞ്ഞിനെ ക്‌ളാസ്സിൽ വിട്ടു മടങ്ങുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടേയിരുന്നു . അവൾക്കു വിശക്കുമോ , അമ്മയെക്കാണാതെ വിഷമിക്കുമോ എന്നെല്ലാം ആലോചിച്ചു എനിക്ക് ശ്വാസം മുട്ടി .  അതും കഴിഞ്ഞു , സ്കൂൾ വാൻ വരുമ്പോൾ "എനിക്ക് വയറ്റിൽ തലവേദനയെടുക്കുന്നു അമ്മേ " എന്നും പറഞ്ഞു അവൾ ചില ദിവസങ്ങളിൽ അലറിക്കരഞ്ഞു . ചിരിയടക്കി , വയറ്റിലെ തലവേദനയ്ക്ക് ഞാൻ മരുന്നുകൾ കൊടുത്തു സ്കൂളിൽ വിട്ടു .

അവൾ രണ്ടാം ക്ലാസ്സിലേക്ക് ജയിച്ചപ്പോൾ ആണ് പുതിയൊരാൾ കുടുംബത്തിലേക്ക് വിരുന്നെത്തുന്നത് . അതുവരെ തനിക്കു മാത്രം കിട്ടിയിരുന്ന പരിചരണവും സ്നേഹവും പങ്കുവെക്കപ്പെടുമ്പോൾ അതെങ്ങനെ അവളെ ബാധിക്കും എന്ന് ഞങ്ങൾക്ക് പേടിയായിരുന്നു . പക്ഷേ , വളരെപ്പെട്ടെന്ന് അവൾ കുഞ്ഞനിയന് ഉത്തരവാദിത്തമുള്ള ചേച്ചിയായി മാറി .  രണ്ടാളുടെയും നടുവിൽ കിടന്നുറങ്ങിയിരുന്ന അവൾ കുഞ്ഞനിയൻ വീട്ടിലെത്തിയപ്പോൾ കിടക്കയുടെ അരികിലേക്ക് കിടപ്പു മാറ്റി .കുഞ്ഞു കരയുമ്പോൾ ഉണർന്നിരുന്ന് എന്നെ വിളിച്ചു . അറിയാവുന്ന ലിപികളിൽ പാട്ടുമൂളി .

മോന് അഞ്ചുവയസ്സുള്ളപ്പോളാണ് നാടുവിട്ട് ക്യാനഡയിലേക്ക് ഞങ്ങൾ എത്തുന്നത് . പുതിയ ലോകവും ഒറ്റപ്പെടലുകളും തുടക്കത്തിന്റെ കഷ്ടപ്പെടലുകളും . അവളെ നന്നായി ബാധിച്ചിട്ടുണ്ടാവണം .

ഇഷ്ടമുള്ളതെന്തും വാങ്ങാൻ സ്വാതന്ത്ര്യമുണ്ടായിരുന്ന അവൾക്കു കടകളിലേക്ക് ഇറങ്ങുംമുമ്പ് ഉപദേശങ്ങൾ കൊടുത്തു തുടങ്ങി , "പുതിയ നാടാണ് , നാട്ടിലേതുപോലെ  ചിലവഴിവേണ്ട ക്കാൻ അച്ഛന്റെയും അമ്മയുടെയും കയ്യിൽ കാശില്ല " അങ്ങനെ ഒട്ടനവധി . കണ്ണുമിഴിച്ചിരുന്ന ഒരു രണ്ടാം ക്‌ളാസ്സുകാരിയുടെ നിസ്സഹായതയെക്കുറിച്ചു മനപ്പൂർവ്വം ഞാൻ ചിന്തിക്കാതിരുന്നു . വാൾമാർട്ടിലെത്തുമ്പോൾ കൊതിയോടെ ആ കുഞ്ഞുകണ്ണുകൾ പരാതിനടക്കുന്നതും ഞാൻ കണ്ടില്ലെന്ന് നടിച്ചു . വല്ലപ്പോഴും അവൾക്കിഷ്ടമുള്ള സാധനങ്ങൾ വാങ്ങുമ്പോൾ അവൾ പറഞ്ഞു  , "അമ്മാ , ഇതിനു വല്യ വിലയാണെങ്കിൽ നുന്നുവിന് വേണ്ട ". അത് പലപ്പോഴും എന്റെ കണ്ണ് നനയിച്ചു .

എല്ലാ ദിവസ്സവും രാത്രി കിടക്കാൻ നേരം അവൾ ഉറക്കെ പ്രാർത്ഥിച്ചു , "അച്ഛനും അമ്മയ്ക്കും നല്ല ജോലി കിട്ടണേ " എന്ന് .

വർഷങ്ങൾ പറന്നാണ് പോയത് . സുഹൃത്തുക്കളും ജോലിയും സന്തോഷമായി ജീവിക്കാനുള്ള ദൈവാനുഗ്രഹവും പതിയെപ്പതിയെ ജീവിതത്തിലേക്കെത്തി .

അവളും സ്കൂളിൽ മിടുക്കിയായി വളർന്നു . അവാർഡ് വേളകളിൽ ഞങ്ങളെ അഭിമാനം കൊള്ളിച്ചു . കുഞ്ഞനിയന് കരുതലുള്ള ചേച്ചിയായി .

പതിനാറിലേക്ക് അവളെത്തുമ്പോൾ , മനസ്സ് നിറയെ നന്ദിയാണ് ,  സഹജീവികളോട് കരുണയുള്ള ഒരു കുഞ്ഞായതിനു  , മറ്റുള്ളവരുടെ സന്തോഷങ്ങളിൽ സന്തോഷിക്കാനും സങ്കടങ്ങളിൽ കരയാനും മനസ്സുള്ള ഒരു കുഞ്ഞായതിന്. എത്ര വഴക്കിട്ടാലും ഉറങ്ങുന്നതിനു മുൻപേ അത് പറഞ്ഞുതീർക്കാൻ ശീലിക്കുന്നതിന്.  പല പ്രതിസന്ധി ഘട്ടങ്ങളിലും ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കാത്തതിന് , എന്റെ തോളൊപ്പം പൊക്കമായപ്പോൾ തോളോടു ചേർന്നു നിന്ന് നല്ലൊരു സുഹൃത്തായതിന് , തെറ്റുകൾ മനസ്സിലാകുമ്പോൾ ക്ഷമ ചോദിക്കാൻ മടിയില്ലാത്തതിന് ,  ആരെങ്കിലും മനസ്സിനെ നൊമ്പരപ്പെടുത്തുമ്പോൾ  "ലീവ് ഇറ്റ് അമ്മ , അവർ അമ്മയെ അർഹിക്കുന്നില്ല " എന്ന് പറഞ്ഞു കൂടെ നിൽക്കുന്നതിന്, അച്ഛന്റെ മുന്നിൽ ഇന്നും ആ രണ്ടാംക്ലാസ്‌കാരിയായി കഥകൾ പറയുന്നതിന്..

"നുന്നുവിന് അമ്മ എന്താ ഗിഫ്ട് കൊടുക്കണേ ?" മോന്റെ ചോദ്യമാണ് , ഒരുറക്കം കഴിഞ്ഞു എഴുന്നേറ്റിരിക്കുകയാണ് അവൻ . അവനെ ചേർത്തുപിടിച്ചു നെറുകയിൽ തലോടി , "ആലോചിക്കട്ടേ ". കയ്യിൽ നിന്നും മാറി പുതപ്പു വലിച്ചു മേലേക്കിട്ടു അവൻ വിളിച്ചു പറഞ്ഞു , "അമ്മ , എനിക്കറിയാം , യൂ വിൽ ഗിവ് ഹേർ എ ഹഗ്ഗ് , ലവ് യൂ അമ്മ "

കുഞ്ഞുങ്ങൾ പലപ്പോഴും ഇരുളുനിറഞ്ഞ ജീവിതപാതകളിലെ പ്രതീക്ഷയുടെ തിരിനാളങ്ങളാണ് , നിറയെ സ്നേഹം ഉരുക്കിയൊഴിച്ചു അവയ്ക്കു ജീവനേകുക , അവസാന ശ്വാസം വരെയും അവരെ നെഞ്ചിൽ സൂക്ഷിക്കുക . അവ പ്രകാശം പരത്തിക്കൊണ്ടേയിരിക്കട്ടെ...












Friday, August 23, 2019

എനിയ്ക്കൊരു കുടയുണ്ട് , വെളുത്ത കുഞ്ഞു ഹൃദയങ്ങളുടെ ചിത്രങ്ങളുള്ള ഒരു ചുവന്ന കുട. ഇത്തവണ നാട്ടിൽ നിന്നും പെട്ടി പായ്ക്ക് ചെയ്തപ്പോൾ കൂടെക്കൂട്ടിയതാണ് ഈ വർണ്ണക്കുട .

പ്രവാസികളുടെ പെട്ടികളിലെല്ലാം സാധാരണയായി കാണപ്പെടുന്ന കുറേ സാധനങ്ങളുണ്ട് , അച്ചാർ , ചമ്മന്തിപ്പൊടി , സകലവിധ മസാലപ്പൊടികൾ, മിക്‌സ്ച്ചർ, കായ വറുത്തത് അങ്ങനെ പോകുന്നു ആ ലിസ്റ്റ്. ഇതിനൊക്കെപ്പുറമെ ഞാൻ വാങ്ങുന്നവയാണ് മലയാളം പുസ്തകങ്ങൾ, മൈസൂർ സാന്ഡല് സോപ്പ്, ദാഹശമനി തുടങ്ങിയവ. ഒട്ടും ഈർപ്പമില്ലാത്ത അന്തരീക്ഷമായതുകൊണ്ട് നാട്ടിലെ സോപ്പുകൾ ഇവിടെ ഉപയോഗിച്ചാൽ ശരീരത്തിലെ  തൊലി  വളരെപ്പെട്ടെന്ന് വരണ്ടുപോകും എന്നുള്ളതിനാൽ നാട്ടിൽ നിന്നും ഇങ്ങോട്ടു ഇവയൊന്നും കൊണ്ടുവരരുതെന്നാണ് ഭർത്താവിന്റെ കർശന നിർദ്ദേശം . എങ്കിലും നാട്ടിലെ കടകളിൽ ചെല്ലുമ്പോൾ ഞാൻ അറിയാതെതന്നെ എന്റെ കൈകൾ ഇവയ്ക്കുനേരെ നീളുകയും ഒന്നോ രണ്ടോ സാന്ഡല് സോപ്പോ ചന്ദ്രികയോ ഭർത്താവു കാണാതെ ഷോപ്പിംഗ് ബാഗിലേക്ക് വീഴുകയും ചെയ്യും . ഇനി പാക്കിങ്ങിന്റെ സമയമാകുമ്പോൾ സാധനങ്ങളെല്ലാം തരംതിരിക്കുന്ന സമയത്തു കൃത്യമായി ഇവയെല്ലാം ആ കണ്ണുകളിൽ പെടുകയും എന്റെ നേരെ രൂക്ഷമായി ഒരു നോട്ടം പാഞ്ഞുവരികയും ചെയ്യും. കണ്ണുകളിൽ ഈ ലോകത്തിന്റെ ദൈന്യവും പ്രണയവും ഒന്നിച്ചാവാഹിച്ചു ഞാൻ ആ നോട്ടത്തെ നേരിടും , "ഓരോരോ പ്രാന്തുകൾ" എന്ന പിറുപിറുക്കലോടെ എൻറെ കുഞ്ഞു കുഞ്ഞു നിധികളെല്ലാം അങ്ങനെ പെട്ടിക്കുള്ളിൽ സ്ഥാനം പിടിക്കും .

പറഞ്ഞുവന്നത് എന്റെ ചുവന്ന പുള്ളിക്കുടയെക്കുറിച്ചാണ് . ഇത്തവണത്തെ ഷോപ്പിങ്ങിൽ അങ്ങനെ എന്റെ കയ്യിൽപ്പെട്ടതാണ് ഈ കുട. അത് നിവർത്തിയും ചുരുക്കിയും ചൂടിയും ഞാൻ അതിന്റെ ഭംഗി നോക്കിനോക്കി നിന്നപ്പോൾ "അതുകൂടി വാങ്ങിക്കോളൂ"എന്നൊരു ചിരിയുടെ മേമ്പൊടിയുള്ള സ്വരം കേൾക്കേണ്ട താമസ്സം , ആ പാവം കുടയുടെ വിധി തീരുമാനിക്കപ്പെട്ടു .

നാട്ടിൽ നിന്നും തിരിച്ചെത്തിയതു മുതൽ ഇടയ്ക്കിടെ ചാറ്റൽ മഴയായും മറ്റുചിലപ്പോൾ തുള്ളിക്കൊരുകുടമായും മഴ കൂടെക്കൂടെ വന്നുകൊണ്ടിരിക്കുന്നു . ഇത്തവണ വളരെചെറിയ വേനലാവുമെന്നും മഴ കൂടുതലാവുമെന്നും കാലാവസ്ഥാ പ്രവചനവും വന്നു . അതുകൊണ്ട് അന്നു തൊട്ട് എല്ലാദിവസ്സവും എന്റെ ബാഗിൽ ഈ കുട സ്ഥാനം പിടിച്ചു.

ട്രെയിൻ ഇറങ്ങിയിട്ട് ഓഫീസിലേക്കുള്ള പത്തു മിനിറ്റു നടത്തത്തിൽ മഴ പൊടിയുമ്പോൾത്തന്നെ ഞാൻ എന്റെ കുട നിവർത്തി, ഇടയ്ക്കിടെ കുടയുടെ ഭംഗി നോക്കി ഞാൻ നടന്നു. 

അങ്ങനെയുള്ള നടത്തത്തിലാണ് മഴ നനഞ്ഞു വരുന്ന സഹപ്രവർത്തകരിൽ പലരും എന്റെ സമീപമെത്തുമ്പോൾ എന്നെ നോക്കി പുഞ്ചിരിക്കുകയും ഞാൻ അവരെ എന്റെ കുടയിലേക്ക് ക്ഷണിക്കുകയും ചെയ്യാൻ തുടങ്ങിയത്. 

അങ്ങനെയുള്ള ഒരു മഴദിവസ്സം മറ്റാരും കൂടെയില്ലാതെ നടന്നുതുടങ്ങുമ്പോൾ ആണ് വഴിവക്കിൽ നിന്ന് ആ സ്ത്രീ എന്നെ വിളിച്ചത്.  അവരെ എനിക്ക് നേരത്തെ പരിചയമുണ്ട് , ഒരിയ്ക്കൽ മറ്റൊരു പ്രോഗ്രാമിനെക്കുറിച്ചു അന്വേഷിക്കാൻ ഓഫീസ്സിലെത്തി ആരെയാണ് കാണേണ്ടതെന്നറിയാതെ പരുങ്ങിനിൽക്കുമ്പോൾ ആണ് അവർ എന്റെ കൺമുന്നിൽപ്പെടുന്നത് . അവർക്ക് കാണേണ്ട ആളെ പരിചയപ്പെടുത്തിക്കൊടുത്തു തിരിയുമ്പോൾ അവർ എന്നോട് പേര് ചോദിച്ചു. ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അവർ എന്നെ തിരഞ്ഞു അവരെത്തി. "രാവിലത്തെ പരിഭ്രമത്തിനിടയിൽ നിങ്ങളോട് ഒരു നന്ദിവാക്കു പറയാൻ മറന്നു, ഒരു സഹായം തേടി വന്നതായിരുന്നു". തിരക്കൊഴിഞ്ഞ ദിവസ്സമായതിനാൽ കുറച്ചുസമയം അവരോടു സംസാരിച്ചിരുന്നു. 

"നേപ്പാളിൽ നിന്നാണ്, ക്യാനഡയിലെത്തിയിട്ടു പതിനാല് കൊല്ലമായി. ഭർത്താവ് ഐ ടി പ്രൊഫഷണൽ ആയിരുന്നു. നാട്ടിൽ നിന്ന് ബിരുദാനന്തരബിരുദം എടുത്തു വന്നതാണെങ്കിലും ഇവിടെ വന്നപ്പോൾ ഭാഷയിൽ അത്ര പ്രാവീണ്യമില്ലാത്തതിനാൽ നല്ല ജോലികൾക്കൊന്നും അപേക്ഷിക്കാൻ കഴിഞ്ഞില്ല. അപ്പോഴാണ് അദ്ദേഹം പറഞ്ഞത്, ഇംഗ്ലീഷ് ക്ലാസ്സിനുപോകൂ എന്ന് .  അത് കഴിഞ്ഞപ്പോൾ വീണ്ടും മറ്റു ക്‌ളാസ്സുകൾ. ജോലിക്കൊന്നും ശ്രമിച്ചില്ല. സാമ്പത്തികമായി നല്ല നിലയിൽ ആയിരുന്നു. പക്ഷേ മെല്ലെ മെല്ലെ കാര്യങ്ങൾ കുഴഞ്ഞുമറിയുകയായിരുന്നു ."

ലോകത്തിൽ നാം കണ്ടുമുട്ടുന്ന എല്ലാവർക്കും നമ്മളോട് ഒരു കഥ പറയാനുണ്ടാവുമെന്ന് എനിക്ക് തോന്നിത്തുടങ്ങിയത് ഇവിടെ ജോലി ചെയ്തു തുടങ്ങിയതിനു ശേഷമാണ് . അതിൽ മിക്കതും തന്നെ ഒരു സങ്കടകഥയാവുമെന്നും ഈയിടെയായി എനിക്ക് തോന്നാറുണ്ട്. ചിലർ ആ കഥ വളരെ ശാന്തതയോടെ നമ്മളോട് പറയുന്നു , മറ്റു ചിലർ കാഴ്ച്ച മറയ്ക്കുന്ന കണ്ണുനീരിനോടും ഒച്ചയടപ്പിക്കുന്ന ഗദ്ഗദത്തോടും മല്ലിട്ട് നമ്മളോട് പറയുന്നു. വലിയൊരു ആൾക്കൂട്ടത്തിനിടയിൽ ഒറ്റപ്പെട്ടുപോകുന്നവർ ,  പാതിവഴിയെത്തുമ്പോൾ കൂടെ നടന്നവർ തളർന്നുവീഴുന്നതു കണ്ട് നോക്കി നിൽക്കേണ്ടിവരുന്നവർ, ഒരു സുപ്രഭാതത്തിൽ കയറിച്ചെല്ലാൻ വീടില്ലാതാകുന്നവർ... പട്ടിക നീണ്ടതാണ്.

"എന്താണ് സംഭവിച്ചത് ? " എന്ന പതിവുചോദ്യം. "ഓഫീസിൽ നിന്നും എത്തുമ്പോൾ അദ്ദേഹം വല്ലാത്ത ക്ഷീണം എന്ന് പരാതി പറഞ്ഞുതുടങ്ങി . കാലുകൾ നീരുവന്ന് വീർത്തതുപോലെ . അധികനേരം ഇരുന്ന് ജോലിചെയ്യുന്നതിനാലാവും എന്നാണ് ആദ്യം കരുതിയത്. പിന്നെപ്പിന്നെ ജോലിക്കുപോകാൻ വയ്യാതായി . ഏതിനും ഞാൻ വേണം. വളരെ നിർബന്ധിച്ചാണ് ഡോക്ടറെ കണ്ടത് . ഒട്ടനവധി ടെസ്റ്റുകൾ , അറിയാമല്ലോ ഇവിടെ എല്ലാം ധാരാളം സമയമെടുത്താണ്. ഒടുവിൽ റിസൾട്ട് വന്നു , കിഡ്നി ഫെയിലർ ആണ് . ഡയാലിസിസ് തുടങ്ങി, കഴിഞ്ഞ രണ്ടു വർഷമായി." ഇടയ്ക്കിടെ അവർ വിതുമ്പിക്കൊണ്ടിരുന്നു . 

"കുട്ടികൾ?" പ്രാക്റ്റീസ് എന്നെ അടുത്ത  ചോദ്യത്തിലേക്ക്  വേഗം എത്തിച്ചു. ടിഷ്യു പേപ്പർകൊണ്ട് കണ്ണു തുടച്ചു അവർ തുടർന്നു, "കുട്ടികളില്ല , എനിക്ക് വല്യ ഇഷ്ടമാണ് കുട്ടികളെ. പഠനത്തിന്റെ പേര് പറഞ്ഞു അദ്ദേഹമാണ് കുട്ടികൾ വേണ്ടെന്നു തീരുമാനിച്ചത്. നമുക്ക് നമ്മൾ മതി എന്ന തോന്നൽ."

ഞാൻ എന്തെങ്കിലും പറയുന്നതിനു മുൻപേ സംസാരം മതിയാക്കി അവർ എഴുന്നേറ്റു . "വേഗം ചെല്ലണം, അദ്ദേഹം തനിച്ചാണ്. കിഡ്നി ട്രാൻസ്‌പ്ലാനറ്റേഷനു ദാതാവിനെ തേടുന്നുണ്ട് . എന്റേതു യോജിക്കില്ല. അതിനുള്ള ഭാഗ്യം പോലും എനിക്കില്ല ".  തിരക്കിട്ട് എന്റെ ഫോൺ നമ്പർ വാങ്ങി അവർ നടന്നു നീങ്ങി .

തിരിച്ചു സീറ്റിലേക്കെത്തുമ്പോൾ ഒരു തരം വിങ്ങലായിരുന്നു മനസ്സിൽ.  ഒറ്റയ്ക്കായിപ്പോകുന്ന ജന്മങ്ങൾ ഓരോ ദിവസ്സവും കണ്മുന്നിലൂടെ കടന്നുപോവുകയാണ്, പലപ്പോഴും നാം അറിയാതെ.

ഇടയ്ക്ക് ചില ദിവസങ്ങളിൽ അവർ വിളിച്ചു, ഒരു ജോലി അന്വേഷിക്കുന്നതിനെക്കുറിച്ചു സംസാരിച്ചു . ഭർത്താവിന്റെ അച്ഛൻ പണം അയച്ചു സഹായിക്കുന്നതിനെക്കുറിച്ചു സന്തോഷത്തോടെ പറഞ്ഞു . "നിങ്ങളോട് സംസാരിക്കുമ്പോൾ എനിക്കൊരു റിലീഫ് ആണ് " എന്നു പറഞ്ഞു പലപ്പോഴും അവരുടെ ഫോൺ വിളികൾ എന്നെത്തേടിയെത്തി.

അതിനു ശേഷം കുറെ നാളത്തേക്ക് അവരുടെ ഫോൺ വിളികൾ കണ്ടില്ല. ഇപ്പോഴാണ് അവരെ വീണ്ടും കാണുന്നത്.

"നല്ല ഭംഗിയുള്ള കുട ", മഴയിലൂടെ ഓടിവന്ന് കുടക്കീഴിൽ കയറിയപ്പോഴേ അവർ പറഞ്ഞു .  "എങ്ങനുണ്ട് ഭർത്താവിന് ?" ഞാൻ ചോദിച്ചു . "കിഡ്നി ദാതാവിനെക്കിട്ടി " മഴയത്തേയ്ക്കു നോക്കി അവർ പറഞ്ഞു.  "അത് വല്യ സന്തോഷം തന്നെ , എന്നത്തേക്കാണ് സർജറി ?" 

കുടക്കീഴിൽ നിന്നും പുറത്തേക്ക് കൈനീട്ടി മഴ നനച്ചുകൊണ്ടു അവർ പറഞ്ഞു , "ഭർത്താവിന്റെ സഹോദരനാണ് . മൂന്നാലു മാസം കൂടിയുണ്ട് സര്ജറിക്ക്. അയാൾ വീട്ടിലാണ് താമസിക്കുന്നത് ". 

കുറച്ചുനേരം അവർ മിണ്ടാതിരുന്നു , "എന്തുപറ്റി , നിങ്ങൾക്കു സുഖമില്ലേ ?" ഞാൻ ചോദിച്ചു . " സുഖമാണ് , കിഡ്നി ട്രാൻസ്‌പ്ലാനറ്റേഷൻ നടത്തിക്കഴിഞ്ഞാൽ അദ്ദേഹം പൂർവ്വ സ്ഥിതിയിലേക്ക് തിരിച്ചു വരുമോ?". ഒട്ടും സന്തോഷമില്ലാത്ത രീതിയിലുള്ള അവരുടെ ചോദ്യം കേട്ട് ഞാൻ സംശയഭാവത്തിൽ നോക്കി.

  "വാതിലിനു പൂട്ടില്ലാത്ത ഒരു ബെഡ്‌റൂമിൽ എനിക്ക് പേടിയാണ്, ബന്ധങ്ങൾ തിരിച്ചറിയാൻ കഴിയാത്ത ഒരാൾ വീട്ടിലുള്ളപ്പോൾ.  ഡയാലിസിസ് കഴിഞ്ഞു ക്ഷീണിച്ചുറങ്ങുന്ന അദ്ദേഹത്തോട് , ഒരു പുതുജീവിതം സ്വപ്നം കാണുന്ന അദ്ദേഹത്തോട് ഞാൻ എങ്ങനെ പറയും, പതുങ്ങിവരുന്ന കാലടികൾ പേടിച്ചു ഉറങ്ങാതിരിക്കുന്ന രാത്രികളെക്കുറിച്ചു ,  സഹോദരന്റെ ജീവിതത്തിനു വിലയിടുന്ന അദ്ദേഹത്തിന്റെ കൂടപ്പിറപ്പിനെക്കുറിച്ചു "

ഒരു നിമിഷം, നിറഞ്ഞുപെയ്യുന്ന മഴയെ ഞാൻ മറന്നുപോയി . കയ്യിലിരുന്ന കുട ഞാൻ ചുരുക്കി . പെട്ടെന്ന് എന്റെ കയ്യിൽ നിന്നും കുട വാങ്ങി നിവർത്തി അവർ പറഞ്ഞു , "ചിലരുടെ ജീവിതം ഈ വർണ്ണക്കുട പോലെയാണ് . സ്വയം നനഞ്ഞും ഉരുകിയും കീഴെനിൽക്കുന്നവരെ മഴയും വെയിലും കൊള്ളാതെ സംരക്ഷിക്കുക.  എങ്കിലും അതൊരു ഭാഗ്യജന്മമാണ്. ഉള്ളിൽ ഉരുകിയാലും പുറമേ നിന്ന് നോക്കുമ്പോൾ എത്ര ഭംഗിയാണല്ലേ".

ഓഫീസെത്തിയിരിക്കുന്നു . യാത്ര പറഞ്ഞു അവർ നടന്നു നീങ്ങി . കാണെക്കാണെ എന്റെ കയ്യിലിരുന്ന കുടയോട് എനിക്ക് വല്ലാത്ത ഇഷ്ടം തോന്നി . എന്റെ കണ്ണിലും ഒരു ചാറ്റൽ മഴ പെയ്തു തുടങ്ങി.






  














Friday, August 16, 2019

ചിലർ ഇങ്ങനെയാണ്, ചുറ്റുമുള്ളവരുടെ ജീവിതത്തിൽ പ്രകാശം പരത്തി അങ്ങനെയങ്ങു നിറഞ്ഞു നിൽക്കും. അവരുടെ ചുറ്റും എപ്പോഴും ഒരു പോസിറ്റീവ് എനർജി വലയം വച്ചുകൊണ്ടേയിരിക്കും, മഞ്ഞിലും മഴയത്തും അണയാത്ത ഒരു ജ്വാല പോലെ.

നട്ടുച്ചയ്ക്ക്  ഭക്ഷണപ്പാത്രത്തിലേക്ക് കയ്യിടുമ്പോൾ , "ക്ലയന്റ് ഉണ്ട് " എന്ന റിസെപ്ഷനിസ്റ്റിന്റെ വാക്കുകൾ എന്നിൽ അമർഷമാണ് ഉണ്ടാക്കിയത് . കാത്തിരിക്കാൻ പറയാമെന്ന് ആദ്യം വിചാരിച്ചെങ്കിലും അതിനു നിൽക്കാതെ എഴുന്നേറ്റു ചെന്നു .

ഒരു അമ്മയും മകളും, "പ്രോഗ്രാമിനെക്കുറിച്ചു അറിയാൻ..." എന്റെ മുഖം കണ്ടാവണം മകൾ പാതിവഴിയിൽ നിർത്തി .  ഒഴിവുള്ള ഒരു മുറിയിലേക്ക് അവരെയിരുത്തി സ്വന്തം മുഖത്ത് ഞാൻ ഒരു ചിരി ചേർത്തൊട്ടിച്ചുവെച്ചു .  "ആദ്യം എനിക്ക് നിങ്ങളുടെക്കുറിച്ചുള്ള ചില വിവരങ്ങൾ വേണം , എന്നാലേ എലിജിബിൾ ആണോയെന്ന് പറയാനാവൂ ".  ആശ്വാസഭാവത്തിൽ മകൾ പറഞ്ഞു, "അമ്മയ്ക്ക് ഇംഗ്ലീഷ് അത്ര പെട്ടെന്ന് മനസ്സിലാവില്ല, അത് കൊണ്ട് ഞാൻ പരിഭാഷപ്പെടുത്തിക്കൊടുത്തോട്ടേ ?". "എത്ര അംഗങ്ങളുണ്ട് വീട്ടിൽ?" അറിയാവുന്ന ഇംഗ്ലീഷിൽ മുഖത്ത് ഒരു പുഞ്ചിരിയോടെ  അവർ പറഞ്ഞു , "ഭർത്താവും അഞ്ചു  മക്കളും. എനിയ്ക്ക്  പെട്ടെന്നൊരു ജോലി വേണം, അതിനു വേണ്ട ഒരു ട്രെയിനിംഗ് ആണ് വേണ്ടത്".

സാധാരണയായി ഈ ഓഫീസ് തേടിവരുന്നവരുടെ ആവശ്യങ്ങൾ പലതാണ് . ഒട്ടനവധി സ്വപ്നങ്ങളുമായി ക്യാനഡയിലോട്ടു കുടിയേറി ഒടുവിൽ വഴിമുട്ടുമ്പോൾ വന്നെത്തുന്നവരാണ് ഭൂരിഭാഗവും . നല്ല വിദ്യാഭ്യാസവുമായി വന്ന്  എങ്ങനെ കനേഡിയൻ അവസരങ്ങൾ ഉപയോഗപ്പെടുത്താം എന്നറിയാൻ വരുന്നവരുമുണ്ട് .  ഇത് രണ്ടുമല്ലാതെ എങ്ങനെ ഗവണ്മെന്റിന്റെ  ആനുകൂല്യങ്ങൾ മാത്രമുപയോഗിച്ചു സുഖമായി ജീവിക്കാം എന്നതിൽ ഗവേഷണം  നടത്തുന്ന അതിബുദ്ധിമാന്മാരുമുണ്ട് .

വരുന്നവർ ഏതുവിഭാഗത്തിൽപ്പെടുന്നുവെന്നു എളുപ്പത്തിൽ മനസ്സിലാക്കാനുള്ള ചില നുറുങ്ങുവിദ്യകൾ നമ്മുടെ കയ്യിലും റെഡിയാണ് .

"കുട്ടികളുടെ പ്രായം , ഭർത്താവിന്റെ വരുമാനം, ഇതൊക്കെ അറിയണം " വിവരങ്ങൾ ബുക്കിലേക്ക് എഴുതുന്നതിനിടയിൽ തലയുയർത്താതെ ഞാൻ പറഞ്ഞു .

 "അച്ഛൻ സുഖമില്ല , വീൽ ചെയറിലാണ് , കഴിഞ്ഞ എട്ടു വർഷമായി", മകളുടെ മറുപടികേട്ട് സ്തബ്ധയായി ഞാൻ മുഖമുയർത്തി . അവളെ ഒന്ന് തലോടി  അമ്മ ബാക്കി പറഞ്ഞു , "മൂത്തതു രണ്ടും ആൺകുട്ടികളാണ്, 22 വയസ്സ് , ഇരട്ടകളാണ്. അടുത്ത മോൾക്ക് 17 വയസ്സ് , ഇവൾക്ക് 15 . ഇവളുടെ ഇളയത് മോനാണ് 12 വയസ്സ് ". "കുട്ടികൾ ആരെങ്കിലും ജോലി ചെയ്യുന്നുണ്ടോ?" മുഖത്തെ പുഞ്ചിരിക്ക് ഒട്ടും മങ്ങലേൽക്കാതെ അവർ പറഞ്ഞു , "മൂത്ത രണ്ടാണ്മക്കളും മോളും ജന്മനാ ബധിരരും മൂകരുമാണ് . ഇവൾ പത്താം ക്‌ളാസ്സിൽ പഠിക്കുന്നു , ഇവളുടെ ഇളയത് ശരീരം ഒരു വശം തളർന്നു വീൽച്ചെയറിലാണ് , എങ്കിലും സ്പെഷ്യൽ സ്കൂളിൽ പോകുന്നുണ്ട് ".

അവരുടെ വാക്കുകൾ കേട്ട് എനിക്ക് നെഞ്ചിൽ എന്തോ വന്നു തടഞ്ഞു ശ്വാസം മുട്ടുന്നതുപോലെ തോന്നി, പേന താഴെ വച്ച് ഞാൻ ആ അമ്മയെ നോക്കി , അവരുടെ മുഖത്തെ  പുഞ്ചിരിക്ക് ഒട്ടും മങ്ങലില്ല . ആ പെൺകുട്ടി ജനലിലൂടെ ദൂരേക്ക്‌ നോക്കിയിരിക്കുന്നു .

"നിങ്ങൾ എങ്ങനെ....".  ഞാൻ മുഴുമിപ്പിച്ചില്ല.

"ഭർത്താവ് ട്രക്ക് ഡ്രൈവർ ആയിരുന്നു , സന്തോഷമായും സ്വസ്ഥമായുമാണ് ജീവിച്ചു പോന്നത്. വൈകല്യവുമായി മൂത്ത രണ്ടുകുട്ടികൾ ഉണ്ടായപ്പോൾ ഞാൻ വളരെ സങ്കടപ്പെട്ടു.പക്ഷേ അദ്ദേഹം പറഞ്ഞത് നോക്കുമെന്നുറപ്പുള്ള നല്ല മനസ്സുള്ളവർക്കേ ദൈവം ഇത്തരം കുട്ടികളെ കൊടുക്കൂ എന്നാണ് . അടുത്ത കുട്ടികൂടി അങ്ങനെയായപ്പോഴും അദ്ദേഹം തളർന്നില്ല.  പിന്നീടാണ് ഇവളുണ്ടായത് . അന്ന് ഞങ്ങൾ വളരെയേറെ സന്തോഷിച്ചു .  ജീവിതത്തിൽ പ്രതീക്ഷിക്കുവാൻ എന്തെങ്കിലുമൊക്കെ ഉണ്ടെന്നു തോന്നിത്തുടങ്ങി . പിന്നീട് മോനുണ്ടായപ്പോൾ,  അവന്റെ കരച്ചിൽ കേട്ടപ്പോൾ വീണ്ടും ദൈവത്തിനു നന്ദി പറഞ്ഞു. പക്ഷേ തൊട്ടടുത്തദിവസ്സം കുഞ്ഞിനെ പരിശോധിക്കാനെത്തിയ ഡോക്ടർ അതിനു ശേഷം മുറിയിലേക്ക് വിളിപ്പിച്ചു ഭർത്താവിനോട് സംസാരിച്ചു . തിരികെയെത്തിയ അദ്ദേഹം എന്റെ കൈ പിടിച്ചു , വീണ്ടും നമ്മൾ നന്മയുള്ളവരാണെന്ന് ദൈവം തീർച്ചപ്പെടുത്തിയിരിക്കുന്നു. മോൻ ഒരിക്കലും എഴുന്നേറ്റു നടക്കില്ല ".

അൽപ്പനിമിഷത്തേക്കു അവർ കണ്ണുകൾ അടച്ചു, സെക്കൻഡുകൾ നീണ്ട ഒരു മൗനം വെടിഞ്ഞു വീണ്ടും  തുടർന്നു  . "ആദ്യത്തെ കുറച്ചുദിവസങ്ങൾക്കു ശേഷം ഞാൻ എന്നെത്തന്നെ ബോധ്യപ്പെടുത്തി . എന്റെ മക്കളാണിവർ, എന്റെ ജീവന്റെ അംശങ്ങൾ , എന്ത് കുറവുണ്ടായാലും അവർ എന്റേതാണ്."

"നിങ്ങളുടെ ഭർത്താവിന് എന്തു പറ്റി ?" ചോദിക്കുന്നത് ശരിയാണോയെന്ന സംശയം പോലും തോന്നാതെ  ഉള്ളിലെ പിടച്ചിൽ പുറത്തേക്കു വന്നുപോയി  .

"ഉറങ്ങിപ്പോയതാണ് , ഡ്രൈവിങ്ങിനിടയിൽ.  തലേദിവസം മോന് നല്ല സുഖമില്ലായിരുന്നു , വല്ലാത്ത കരച്ചിലായിരുന്നു . രാത്രിമുഴുവൻ അവനെക്കൊണ്ടു നടന്നു , എന്നോട് ഉറങ്ങിക്കൊള്ളാൻ പറഞ്ഞു അദ്ദേഹം ഉണർന്നിരുന്നു . അടുത്തദിവസം ഒരു ദീർഘദൂര ഓട്ടമുണ്ടായിരുന്നു  . ഒരു നിമിഷത്തെ കണ്ണടയ്ക്കൽ.... എന്നെ താങ്ങിനിർത്തിയ കൈകൾ തളർന്നുവീണു . ഒരു രാത്രികൊണ്ട് എന്റെ ജീവിതം വലിയൊരു നടുക്കയത്തിലേക്ക് .... പക്ഷേ, ആസ്പത്രിയിൽ നിന്നും അദ്ദേഹത്തെ വീട്ടിലേക്കെത്തിച്ചപ്പോൾ  ഞാൻ തീരുമാനിച്ചിരുന്നു ,ഇതാണ് ജീവിതം , എനിക്ക് തിരുത്താനോ മാറ്റിയെഴുതാനോ സാധിക്കാത്ത എന്റെ ജീവിതം. ഇനി കരയില്ല ഞാൻ. കാരണം ദൈവം വീണ്ടും എന്നെ തിരഞ്ഞെടുത്തുകഴിഞ്ഞിരിക്കുന്നു " അവർ പറഞ്ഞുനിർത്തി .

അവർ കാണാതെ മേശപ്പുറത്തിരുന്ന ടിഷ്യു പേപ്പർ വലിച്ചെടുക്കാൻ ഞാൻ ഒരു ശ്രമം നടത്തി. ഭാവഭേദമില്ലാതെ എന്റെ നേരെ  പേപ്പർ നീട്ടി അവർ തുടർന്നു , "ഭർത്താവിനു കിട്ടിക്കൊണ്ടിരിക്കുന്ന ഗവണ്മെന്റ് സഹായം കുറഞ്ഞുവരികയാണ് . കുട്ടികൾക്കുണ്ടായിരുന്ന ഹോം സ്കൂളിംഗ് നിർത്തിയിരിക്കുകയാണ് . ഇവളും ഇളയ മോനും മാത്രം സ്കൂളിൽ പോകുന്നുണ്ട് . നല്ല സാമ്പത്തിക ബുദ്ധിമുട്ടുണ്ട് . രണ്ടുദിവസ്സം ക്ലീനിംഗ് ജോലിക്കു പോകുന്നുണ്ട് , പക്ഷേ അത് മതിയാകുന്നില്ല . അതുകൊണ്ടാണ് . നിങ്ങൾക്കു സഹായിക്കാൻ കഴിയുമെങ്കിൽ...."

"ഞാൻ ശ്രമിക്കാം "ഉള്ളിൽതട്ടിത്തന്നെയാണ്  പറഞ്ഞത്. വിവരങ്ങൾ ശേഖരിച്ചു മീറ്റിംഗ് മതിയാക്കി ഞാൻ എഴുന്നേറ്റു. അവരെ ചേർത്തു നിർത്തിക്കൊണ്ടു പറഞ്ഞു  "നിങ്ങൾ ഒരു അത്ഭുതമാണ്. ഇങ്ങനെ പുഞ്ചിരിക്കുവാൻ എങ്ങനെ കഴിയുന്നു ?".

മകളെ ചേർത്തു നിർത്തി അവർ പറഞ്ഞു , "എന്റെ മക്കളാണ് എന്റെ ശക്തി. ഒരേ ഒരിടത്തേ ഞാൻ തളർന്നുപോവൂ , കളിക്കൂട്ടുകാരനായി പിന്നീട്  ഭർത്താവായി മാറിയ അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും ഇടയ്ക്കിടെ പൊഴിയുന്ന നീർത്തുള്ളികൾ കാണുമ്പോൾ.." നനവ് പടർന്ന കൺപീലികൾ തുടച്ചു അവർ ബാഗിൽ നിന്നും ഒരു സർട്ടിഫിക്കറ്റ് എടുത്തു , "എനിക്ക് കിട്ടിയ അവാർഡാണ് ,  ഇമിഗ്രന്റ്‌സ് ഏജൻസിയിൽ നിന്നും ". ഞാൻ ആ പേപ്പർ വാങ്ങി നോക്കി , ""strongest mom " അവാർഡ് .

ചിരിച്ചുകൊണ്ട് യാത്രപറഞ്ഞു ഇറങ്ങുന്ന  അവരെ ഒന്നു മുറുകെ കെട്ടിപ്പിടിക്കണമെന്നു എനിക്കു തോന്നി .  ആവശ്യങ്ങളുമായി എത്തുന്നവരോട് സംസാരിക്കുമ്പോൾ അവരുടെ സങ്കടങ്ങൾ മനസ്സിലേക്ക് എടുക്കരുതെന്നും അവർ പോയിക്കഴിയുമ്പോൾ നമ്മൾ നമ്മളിലേക്കുതന്നെ തിരിച്ചുവരണമെന്നും ഒക്കെയുള്ള ജോലിയുടെ ബാലപാഠങ്ങൾ ഞാൻ വീണ്ടും മറന്നുപോയി .

ട്രെയിനിൽ വീട്ടിലേക്ക് മടങ്ങവേ ഞാൻ ആലോചിക്കുകയായിരുന്നു, പലപ്പോഴും ജീവിതത്തിലെ അനുഗ്രഹങ്ങൾ മറന്നുപോകുമ്പോൾ ഇങ്ങനെ ചിലർ നടന്നു കയറിവന്ന് നമ്മളോട് വിളിച്ചുപറയുകയാണ് , "ഇങ്ങോട്ടു നോക്കൂ " എന്ന് . 

 അന്ന് രാത്രി കാർക്കശ്യങ്ങൾ മറന്നു ഞാനെന്റെ മക്കളുടെ ഉറങ്ങുന്ന കണ്ണുകളിൽ ഉമ്മ വെച്ചു. പരാതികളില്ലാതെ എന്റെ സുരക്ഷിതത്തിന്റെ നെഞ്ചിൽ മുഖം ചേർത്തുറങ്ങി .






മുഖത്തേക്ക് ചാറ്റൽമഴത്തുള്ളികൾ പോലെ വെള്ളം ചിതറിത്തെറിച്ചപ്പോൾ അത്ര ദൂരം നടന്നതും വെയിൽ കൊണ്ടതുമെല്ലാം ഒരു നിമിഷം കൊണ്ട് മറന്നുപോയി. ദൂരെ മലമുകളിൽ നിന്നും വിവിധ വർണങ്ങൾ നിറഞ്ഞ പാറക്കല്ലുകളിലൂടെ താഴേക്കു ചിതറിത്തെറിക്കുന്ന വെള്ളച്ചാട്ടം മുഖവും മനസ്സും ഒരുപോലെ തണുപ്പിച്ചു. കണ്ണടച്ച് അതിനുമുന്നിൽ ഇരിക്കുമ്പോൾ മനസ്സ് അലകളെല്ലാം ഒടുങ്ങിയ തീരം പോലെ ശാന്തമായിരുന്നു .
എവിടേയ്ക്ക് യാത്രപോയാലും അലട്ടിയിരുന്ന ഒന്നു രണ്ടു കാര്യങ്ങളായിരുന്നു ഉയരത്തോടുള്ള ഭയവും വെള്ളത്തിലിറങ്ങാനുള്ള പേടിയും . ചെയ്യണമെന്ന തോന്നൽ മനസ്സിലുള്ളപ്പോഴും പേടിക്കാനും അപഹാസ്യയാവാനും നിൽക്കാതെ ഒഴിവാക്കുകയാണ് പതിവ്.അങ്ങനെ കുഞ്ഞുകുഞ്ഞു ഭയങ്ങളുടെ എണ്ണവും കൂടിക്കൂടി വന്നു .
തീരവും കാറ്റും തിരകളും എനിക്കിഷ്ടമാണ് .എത്ര നേരം വേണമെങ്കിലും തിരകൾ കണ്ടിരിയ്ക്കാം , ഒരിയ്ക്കലും മടുക്കില്ല , പക്ഷേ ആ വെള്ളത്തിലേക്കിറങ്ങാനോ നനയാനോ ശ്രമിക്കാറില്ല . ഇറങ്ങിയാലും കാൽപാദങ്ങൾ നനയ്ക്കാമെന്നല്ലാതെ അതിനുമപ്പുറത്തേക്കു പറ്റില്ല. ആഴത്തിലോട്ടു നോക്കുമ്പോൾ തന്നെ ഒരു തരം ശ്വാസം മുട്ട് . ഭർത്താവും മക്കളും എത്രതന്നെ പ്രോത്സാഹിപ്പിച്ചാലും നടക്കില്ല . അതുപോലെ തന്നെ ഉയരത്തിലേക്കുള്ള നടപ്പും. താഴേക്ക് നോക്കുമ്പോൾ അടിവയറ്റിൽ നിന്നും ഒരു തീ ആളി മുകളിലോട്ടെത്തും . കാലുകളൊക്കെ തളരും . ഒടുവിൽ ഒരു കോമ്പ്രോമൈസിൽ എത്തും , "നിങ്ങളെല്ലാരും പോയിട്ടുവരൂ , ഞാൻ ഇവിടെ ഈ കാഴ്ച്ചകളൊക്കെ കണ്ട് ... ഇതാണ് എനിക്കിഷ്ടം ".
"എന്താണ് ഞാൻ മാത്രം ഇങ്ങനെ" എന്ന ചോദ്യം ഒരുപാടു തവണ സ്വന്തമായും കൃത്യമായ ഇടവേളകളിൽ ഭർത്താവിനോടും വല്ലപ്പോഴും മക്കളോടും ഞാൻ ചോദിച്ചുകൊണ്ടേയിരുന്നു . ആശ്വസിപ്പിക്കാനെന്നവണ്ണം " ഇറങ്ങിനോക്കൂ എന്നാലല്ലേ പേടി മാറൂ , ഞാൻ ഇല്ലേ കൂടെ " എന്ന് ഭർത്താവും "അമ്മീ , മറ്റുള്ളവർ ചെയ്യാത്ത എത്രയോ കാര്യങ്ങൾ അമ്മി ചെയ്യുന്നു , വൈ ഡൂ യൂ ബോതർ ?" എന്ന് മക്കളും മറുപടി തന്നുകൊണ്ടേയിരുന്നു .
അവർ എന്തൊക്കെ പറഞ്ഞാലും എന്റെ കുഞ്ഞുകുഞ്ഞു ഭയങ്ങൾ എന്നെ പിന്നോട്ട് വലിച്ചുകൊണ്ടേയിരുന്നു.
കഴിഞ്ഞയാഴ്ച്ച കേരളാ ഫെസ്റ്റിനു രെഞ്ചുവിനെ കണ്ടപ്പോൾ, 'അടുത്താഴ്ചയാണ് തൈക്കൂടം ബ്രിഡ്ജിന്റെ ഷോ , വരുമല്ലോ അല്ലേ " എന്ന ചോദ്യത്തിന് ഭർത്താവ് ഉത്സാഹപൂർവ്വം തലയാട്ടിയപ്പോൾ എനിക്കെന്തോ ഒന്നും പറയാൻ തോന്നിയില്ല. കണ്ണു തുളച്ചുകയറുന്ന ലൈറ്റുകൾക്ക് നടുവിൽ അത്യുച്ചത്തിലുള്ള വാദ്യോപകരണങ്ങളുടെ ബഹളത്തിൽ... ഓർക്കുമ്പോഴേ ഒരു വിമ്മിഷ്ടം. അങ്ങനെ എനിക്ക് സംഗീതം ആസ്വദിക്കാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞില്ല . നിശബ്ദമായ, എണ്ണംപറഞ്ഞ സദസ്സിനുമുന്നിൽ നിനക്കുവേണ്ടി ആരാണ് പരിപാടി അവതരിപ്പിക്കുക എന്ന ചോദ്യം കേൾക്കാൻ ഞാൻ ഇഷ്ടപ്പെട്ടില്ല. എങ്കിലും രാത്രി കിടക്കാൻ നേരം പതിവുപോലെ ആവലാതികൾ ഇറക്കി വയ്ക്കുന്ന കൂട്ടത്തിൽ , "നോക്കൂ , ഞാൻ വരുന്നില്ല ഷോ കാണാൻ എനിക്ക് ആ ബഹളം പറ്റില്ല " എന്ന് പറഞ്ഞുനോക്കി. തീഷ്ണമായ ഒരു നോട്ടത്തിൽ മറുപടി അവസാനിച്ചു . വേണുഗോപാലിന്റെ അതിമനോഹരമായ ശബ്ദത്തിൽ "കൃഷ്ണാ നീയെന്നെ അറിയില്ല .." എന്ന നേർത്ത കവിതാലാപനം കേട്ട് ഞാൻ ഉറങ്ങിപ്പോവുകയും ചെയ്തു .
ഇത്തവണ ട്രിപ്പ് ആലോചിച്ചപ്പോൾ തന്നെ ഓർത്തിരുന്നു , എന്തെങ്കിലുമൊക്കെ ചെയ്യണം വ്യത്യസ്ഥമായിട്ട് . വളരെ മനോഹരമായ ഡ്രൈവ് ആയിരുന്നു , "ഗോയിങ് ടു ദി സൺ റോഡ് ". മാനം മുട്ടെ ഉയർന്നു നിൽക്കുന്ന കൂറ്റൻ മലനിരകളുടെ ചെരുവിലൂടെ കയറിയിറങ്ങി , ഇടതിങ്ങിയ വനത്തിലൂടെ പാമ്പുപോലെ വളഞ്ഞുപുളഞ്ഞു പോകുന്ന മനോഹരമായ വഴി . "നമ്മൾ ഏകദേശം 6600 അടി ഉയരത്തിലാണ് " ഭർത്താവിന്റെ വാക്കുകൾ. പേടി മനസ്സിലേക്ക് അരിച്ചിറങ്ങുന്നുണ്ട് . എങ്കിലും കണ്ണുകൾ തുറന്നിരിക്കാതെ തരമില്ല . അത്രയ്ക്ക് മനോഹരങ്ങളായ ചെടികളും പൂക്കളുമാണ് വഴിയരികിൽ !!. ഇടയ്ക്കിടെ പാറക്കെട്ടുകളിൽ നിന്നും കുതിച്ചു ചാടുന്ന മനോഹരങ്ങളായ കുഞ്ഞരുവികൾ... മലമുകളിൽ നിന്നും താഴേക്ക് ഇറ്റിറ്റുവീഴുന്ന വെള്ളത്തുള്ളികൾ , "വീപ്പിങ് വോൾ " കരയുന്ന ഭിത്തികൾ , ഇട്ടിരിക്കുന്ന പേരു കൊള്ളാം. വഴിയരികിൽ നിർത്തി ആളുകൾ അഗാധങ്ങളായ താഴ് വാരങ്ങളിലേക്ക് നോക്കി കാഴ്ച്ചകൾ കാണുന്നു. വണ്ടിനിർത്തിയിറങ്ങി , പേടിച്ചുപേടിച്ചാണെങ്കിലും ഞാനും എത്തിനോക്കി . അങ്ങനെ ധൈര്യം സംഭരിച്ചു കണ്ണ് തുറന്നുപിടിച്ചു നിൽക്കുമ്പോൾ ആണ് നമ്മുടെ സുഹൃത്ത് പറയുന്നത് , "നമ്മൾ ഇനി ഒരു 15 മിനിറ്റു വനത്തിലൂടെ നടക്കാൻ പോവുകയാണ്, മൂന്നു അതിമനോഹരമായ വെള്ളച്ചാട്ടങ്ങളാണ് നമ്മളെ കാത്തിരിക്കുന്നത് "
പതിനഞ്ചു മിനിറ്റ് , അതും വനത്തിലൂടെ - മനസ്സിലേക്ക് വന്നത് രണ്ടുമൂന്നു കാര്യങ്ങളാണ് , ഉയരങ്ങളില്ലാ , പേടികളും വേണ്ട . സർവ്വസാമഗ്രികളുമെടുത്തു നടപ്പു തുടങ്ങി , പതിനഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ ഒരു ബോർഡ് , "വിർജീനിയ ഫാൾസ് - 1.9 മൈൽസ് ", എത്ര സമയം എന്ന എന്റെ ചോദ്യം ആരും കേട്ടതായി ഭാവിച്ചില്ല . നടപ്പിന്റെ ഗതിമാറി , ഉയരം കൂടിത്തുടങ്ങി , നല്ല വെയിലും . "എനിക്ക് പറ്റിയ സ്ഥലമല്ലെന്ന്" ഭർത്താവിനോട് പറഞ്ഞുനോക്കി. മറുപടിയില്ലെന്നു മാത്രമല്ലാ , മൈൻഡ് ചെയ്യുന്നില്ല . ഇനിയിപ്പോൾ തനിയെ തിരിച്ചു നടക്കാനും വയ്യാ .
പക്ഷേ, ദൂരം ചെല്ലുന്തോറും അതെല്ലാം ഞാൻ മറന്നു . എത്ര ഭംഗിയുള്ള സ്ഥലം , ഇടയ്ക്കിടെ വെള്ളച്ചാട്ടങ്ങൾ . എത്രയോ ആളുകളാണ് മല കയറുന്നത് , കൊച്ചുകുട്ടികളും പ്രായമായവരുമൊക്കെ . ശരിക്കും ആസ്വദിച്ചു നടക്കാൻ തുടങ്ങിയത് അപ്പോളാണ് . വെള്ളച്ചാട്ടത്തിന്റെ ആരവം കേൾക്കുന്നുണ്ട് . ഒരൽപ്പം വിശ്രമിക്കാൻ ആ പാറക്കെട്ടിലിരുന്നപ്പോളാണ് മലയിറങ്ങിവരുന്ന അയാൾ പറഞ്ഞത് , "ഒരു അര മൈലുകൂടിയെ ഉള്ളൂ . അത് കാണണം , ശരിക്കും അമൂല്യമാണ് ".
കയറിയെത്തി ആ വെള്ളച്ചാട്ടം കണ്ടപ്പോൾ അമ്പരന്നുപോയി. എത്ര മനോഹരമാണത് , മുകളിൽനിന്നും ചിതറിത്തെറിക്കുന്ന ജലകണങ്ങൾ നമ്മളെ ചെറുതായി നനക്കുന്നുണ്ട് . അത്ര നേരത്തെ ക്ഷീണവും കിതപ്പുമെല്ലാം അത് മായ്ച്ചുകളയുന്നു . കാറ്റടിക്കുമ്പോൾ ചെറിയ ചാറ്റൽ മഴ പെയ്തിറങ്ങുംപോലെ... കണ്ണുകൾ അടച്ചിരിക്കുമ്പോൾ കാടിന്റെ കലമ്പൽ അവ്യക്തമായി കേൾക്കാം , വെള്ളച്ചാട്ടത്തിന്റെ ഇരമ്പം അതിനെ മറികടക്കുന്നുണ്ടെങ്കിലും. മനസ്സ്‌ അപ്പൂപ്പൻ താടിപോലെ കനമില്ലാതാവുന്നു .. ‌എത്രയെത്ര സുന്ദരദൃശ്യങ്ങളാണ് പ്രകൃതി ഇങ്ങനെ ഒളിപ്പിച്ചു വച്ചിരിക്കുന്നത് .
തിരിച്ചിറങ്ങുമ്പോൾ ഒരു പ്രത്യേക ഊർജ്ജമായിരുന്നു മനസ്സിനും ശരീരത്തിനും . അടുത്ത സ്ഥലം ആ വലിയ തടാകമാണെന്നും അതിന്റെ തീരത്തു ഇറങ്ങാമെന്നും പറഞ്ഞപ്പോൾ അതുകൊണ്ടുതന്നെ വല്യ പേടി തോന്നിയില്ല . സമയമെടുത്താണെങ്കിലും വെള്ളത്തിലിറങ്ങി , മോന്റെ കൂടെ കളിച്ചു . ശ്വാസം മുട്ടിയെങ്കിലും രണ്ടു തവണ മുങ്ങിനിവർന്നു. ഭർത്താവിന്റെ അത്ഭുതം നിറഞ്ഞ കണ്ണുകൾ കണ്ട് ഉള്ളിൽ ചിരിച്ചു .
നേരം വൈകി തിരിച്ചു പോരുമ്പോൾ വഴിയരികിൽ മാൻകൂട്ടങ്ങളും കാട്ടാടുകളുമൊക്കെ ഇറങ്ങിത്തുടങ്ങിരുന്നു . കാറിൻറെ ഡോറു തുറന്നു കുട്ടികൾ പുറത്ത് ഇറങ്ങിയപ്പോൾ പതിവുപോലെ ഞാൻ അവരെ പറഞ്ഞു പേടിപ്പിച്ചില്ല , അവർ ധൈര്യമുള്ളവരാവട്ടെ, കാടിനേയും നാടിനേയും പേടിക്കാതിരിക്കട്ടെ .
മലയിറങ്ങി വണ്ടി നിരപ്പിലേക്കെത്തുമ്പോൾ ഞാൻ ഭർത്താവിനെ തൊട്ടു വിളിച്ചു , "അടുത്തയാഴ്ച്ച തൈക്കൂടം ബ്രിഡ്ജിന്റെ ഷോ കാണാൻ ഞാനും കൂടി വരുന്നുണ്ട് ". വണ്ടി പതുക്കെയാക്കി ആൾ എന്നെ അത്ഭുതത്തോടെ നോക്കി , "തിരക്ക് , ബഹളം, അലർച്ചകൾ..അതൊക്കെ ? ".
ഒരു ദീർഘനിശ്വാസത്തിനൊടുവിൽ ഞാൻ പറഞ്ഞു ," അവിടുന്ന് തിരിച്ചിറങ്ങുമ്പോൾ മനസ്സിലുറപ്പിച്ചിരുന്നു, ഉള്ളിലെ ഭയങ്ങളെ നേരിട്ടു നോക്കണം , എങ്കിലേ എന്നിൽ നിന്നും നഷ്ടമാവുന്ന കാഴ്ചകളെ, അനുഭവങ്ങളെ എനിക്ക് സ്വന്തമാക്കാനാവൂ. ഓർമ്മപ്പുസ്തകങ്ങൾ നിറയ്ക്കാനാവൂ ,പിന്നീട് നഷ്ടബോധങ്ങൾ പാടില്ലല്ലോ ".
അലറി വിളിച്ചുകൊണ്ടിരുന്ന എഫ് എം മ്യൂസിക് ഓഫ് ചെയ്ത് ആൾ ഒന്ന് പതിയെച്ചിരിച്ചു മലയാളം സി ഡി ഓണാക്കി , "ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ , ഒരു വേള നിൻ നേർക്കു നീട്ടിയില്ല ..." ഉണ്ണിമേനോൻ എനിക്കായ് മാത്രം പാടിത്തുടങ്ങി 

Saturday, July 20, 2019



ഒരു ഒഴിവുകാലത്തിന്റെ ആലസ്യത്തിൽ നിന്നും ശരീരവും മനസ്സും മെല്ലെ ഉണർന്നെണീക്കുന്നതേയുള്ളു . രണ്ടുമൂന്നു ദിവസങ്ങൾക്കു മുൻപ് തിരിച്ചെത്തിയെങ്കിലും ഒന്നും ഒരു അടുക്കുംചിട്ടയും ആയിട്ടില്ല . "ജെറ്റ് ലാഗ്" എന്ന ഓമനപ്പേരിട്ടു വിളിച്ചു വീട്ടിൽ കുത്തിയിരിക്കാൻ ജോലി അനുവദിക്കാത്തതുകാരണം പെട്ടെന്നുതന്നെ പതിവുചര്യകളിലേക്ക് ജീവിതം നിർബന്ധിതമായും മാറിയിരിക്കുന്നു  .

എങ്കിലും, മനസ്സ് എവിടെയോ ഉടക്കി നിൽക്കുകയാണ്, തിരിച്ചു വരാൻ മടിച്ചു..

വർഷംതോറുമുള്ള നാട്ടിലേക്കുള്ള യാത്രകൾ ഒരിയ്ക്കലും മടുപ്പിക്കുന്നില്ല . ഓരോ തവണയും തിരിച്ചെത്തുമ്പോൾ കൂടുതൽ കൂടുതൽ നഷ്ടബോധം അതെന്നിൽ നിറയ്ക്കുന്നു . കുറച്ചുദിവസങ്ങൾ വല്ലാത്തൊരു വിങ്ങലിലാണ് മനസ്സു സഞ്ചരിക്കുക . എന്നെങ്കിലും നാട്ടിലേക്ക് മടങ്ങിയെത്തണമെന്നും ആ മണ്ണിൽ ജീവിക്കണമെന്നും ഉള്ള ആഗ്രഹം കൂടുതൽ ശക്തമാവുന്നു.

 എന്നെങ്കിലും, ഓർമ്മകളുടെ പെരുമഴപ്പെയ്ത്തിൽ ആരോ നീട്ടിയ സ്നേഹത്തിന്റെ കുടപിടിച്ചു ഒറ്റയ്ക്കു നടന്നിട്ടുണ്ടോ?  . ആരുടെയോ പിൻവിളിക്കു കാതോർത്തു , ഇടയ്ക്കെപ്പോഴോ തിരിഞ്ഞുനിന്നു ഒറ്റയ്ക്കാണെന്നു ബോധ്യപ്പെടുത്തുമ്പോൾ... വല്ലാത്തൊരു ഒറ്റപ്പെടലാണത്. എത്രയോ കാതങ്ങൾക്കപ്പുറത്താണ് സ്നേഹത്തിന്റെ നനുത്ത പിൻവിളികൾ എന്ന യാഥാർഥ്യം കണ്ണുകൾ നിറയ്ക്കുമ്പോൾ , അവ അമർത്തിത്തുടച്ചു ഒരു പാഴ്ച്ചിരിയിൽ ഒതുക്കിക്കളയാൻ ഞാനും  പഠിച്ചിരിക്കുന്നു .

ഡൗൺടൗണിലെ  മരങ്ങൾക്കു കീഴിലൂടെ ഒറ്റയ്ക്ക് ഓഫീസിലേക്കു നടക്കുമ്പോൾ ചില്ലകളിലൊന്നിലെ ഒറ്റക്കിളിയുടെ കരച്ചിൽ മാത്രം എന്നെ പിടിച്ചുനിർത്തുന്നു . നിറഞ്ഞപച്ചിലകൾക്കിടയിലും വസന്തത്തിന്റെ പ്രതീക്ഷയിലും നേർത്ത മഴച്ചാർത്തിലും ഒറ്റയ്ക്കായിപ്പോവുന്നവർക്ക് ഒരേ ഹൃദയമിടിപ്പാണ് .

ഇതെഴുതാനിരിക്കുമ്പോൾ പുറത്തു മഴ പെയ്യുന്നുണ്ട് . എന്റെ ചില്ലു ജാലകത്തിൽ വന്നടിക്കുന്ന മഴത്തുള്ളികൾക്ക് കപടമായ ഒരു ശാന്തതയാണ് . ഇതെവിടെ, നാട്ടിലെ അകവും പുറവും തണുപ്പിക്കുന്ന എന്റെ രാത്രിമഴകളെവിടെ ? രാത്രിമഴയുടെ ആരവം കേട്ട് ജനലഴികളിൽ പിടിച്ചു ആ മഴ കണ്ടു നിന്നിട്ടുണ്ടോ? എന്തൊരു ഭംഗിയാണതിന് !! ഇടയ്ക്കിടെ വീശിയടിക്കുന്ന കാറ്റിൽ മുഖത്തേൽക്കുന്ന മഴച്ചാറ്റലുകൾക്കു എന്തൊരു സ്നേഹവായ്പാണ് !! ഭൂമിയിൽ എവിടെയാണ് ഇതിനു പകരം വയ്ക്കാവുന്ന സ്നേഹസ്പർശനങ്ങളുള്ളത് ? "മഴ കൊള്ളേണ്ട , പനി പിടിച്ചാലോ " എന്ന് ആശങ്കപ്പെട്ട് തിടുക്കത്തിൽ വന്ന് ജനാലവാതിലുകൾ അടയ്ക്കാൻ ലോകത്തിന്റെ ഇങ്ങേയറ്റത്തു എനിക്ക് ആരാണുള്ളത് ?  പരിഭവം പറഞ്ഞാലും കലഹിച്ചാലും എന്റെ കണ്ണൊന്നു നിറയുമ്പോൾ ഉള്ളു  പിടയുന്ന ബന്ധങ്ങൾ എത്രയകലെയാണ് .

എങ്കിലും നെഞ്ചോടു ചേർത്തുവച്ചിട്ടുണ്ട് കുറേ ഓർമ്മകൾ.. എത്ര അകലെയായിരുന്നാലും എന്റെ മനസ്സിന്റെ പടവുകൾ കയറിവന്ന് എന്നെ ചേർത്തു പിടിക്കുന്ന കുറേ നേരോർമ്മകൾ . വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടുമ്പോഴും പരിഭവത്തിന്റെ ഒരു നോട്ടംപോലും തരാതെ കൂടുതൽ സ്നേഹത്തോടെ എന്നിലേക്ക്‌ തിരികെയെത്തിയ സുഹൃത്ത് , ഒന്നു കാണാനും സംസാരിക്കാനും വേണ്ടി വളരെ ദൂരെ നിന്നും എത്തി , അപ്രതീക്ഷിത സാഹചര്യത്തിൽ ഒരു അഞ്ചുമിനിറ്റിൽ കൂടിക്കാഴ്ചയൊതുക്കി നിറഞ്ഞപുഞ്ചിരിയിൽ യാത്ര പറഞ്ഞൊരാൾ , കുടുംബസമേതമെത്തി പഴയൊരു വാഗ്ദാനം പൂർത്തീകരിച്ചു മടങ്ങിയ മറ്റൊരാൾ , ചുട്ടുപൊള്ളുന്ന  പനിച്ചൂടിൽ കിടക്കുമ്പോൾ വാങ്ങാൻ പറ്റാതെപോയ "സൂസന്നയുടെ ഗ്രന്ഥപ്പുര " പോസ്റ്റിലെത്തിച്ചു ഞെട്ടിച്ച കാണാമറയത്തെ സുഹൃത്ത്. കാണണമെന്ന് ആഗ്രഹിച്ചിട്ടും സാധിക്കാതെപോയ ചില മുഖങ്ങൾ ... സ്നേഹക്കടങ്ങളുടെ ലിസ്റ്റ് നീളുകയാണ് .

ചില കടങ്ങൾ ഞാൻ വീട്ടുന്നില്ല , ഓർമ്മക്കായ് അവ അങ്ങനെ കിടക്കട്ടേ ... വീഴുമെന്നു തോന്നുമ്പോൾ പ്രതീക്ഷകൾ കരുപ്പിടിപ്പിക്കാൻ  ജീവിതം വഴിയോരങ്ങളിൽ വിളമ്പുന്ന ചില നുറുങ്ങുവിദ്യകൾ ...





Saturday, May 18, 2019

ജനാല വിരികൾ മാറ്റി പുറത്തേയ്ക്കു നോക്കുമ്പോൾ നിലമൊക്കെ നനഞ്ഞുകിടക്കുന്നു. മഴ പെയ്തുകൊണ്ടിരിക്കുകയാണ്, നേർത്ത ശബ്ദം പോലുമില്ലാതെ . എത്ര നിശ്ശബ്ദമായാണ് ഇവിടെ മഴ പെയ്തുതോരുന്നത് !! മണ്ണിൽ ഒരു ചെറിയ നനവുമാത്രം അവശേഷിപ്പിച്ചു അത് പെയ്തൊഴിയുന്നു, ചില ജീവിതങ്ങൾ പോലെ, ഒട്ടും ആരവങ്ങളില്ലാതെ.

തിരികെ വന്നിരുന്ന് വീണ്ടും ഫോണെടുത്തുനോക്കി . രാത്രി വൈകിവന്ന മെസ്സേജിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല . സ്ഥായിയായുള്ള പുഞ്ചിരിയുമായിരിക്കുന്ന രവി സാറിന്റെ മുഖവും, അതിനു താഴെ "പോയി " എന്ന ഒറ്റ വരിയും. സഹപ്രവർത്തകൻ എന്നതിലുപരി കലർപ്പില്ലാത്ത സൗഹൃദത്തിന്റെ കണ്ണികളിൽ ഒരാളായ മനോജാണ്, ബന്ധങ്ങളോടുള്ള എന്റെ ദൗർബല്യം നന്നായറിയുന്നതു കൊണ്ട് ഒട്ടു മിക്ക വിവരങ്ങളും നാട്ടിൽനിന്നും എന്നെ അറിയിക്കുന്നത്.

ചില മനുഷ്യർ നമുക്ക് ആരാണ്  എന്ന ചോദ്യത്തിന് അവർ ജീവിച്ചിരിക്കുമ്പോൾ തീരെ പ്രസക്തിയില്ല. എന്നാൽ പെട്ടെന്നൊരു ദിവസം അവരിരുന്ന ഇരിപ്പിടം ശൂന്യമാവുമ്പോൾ "ആരായിരുന്നു " എന്ന ആ ചോദ്യം വളരെ പ്രസക്തമാവുന്നു . രവിസാറും ഒരു പുഞ്ചിരി മാത്രം ബാക്കിയാക്കി ഇരിപ്പിടമൊഴിയുമ്പോൾ വീണ്ടും വീണ്ടും ആ ചോദ്യം എന്നിൽ ഉയരുന്നുണ്ട് .

ഏകദേശം പതിനേഴു വർഷങ്ങൾക്കു മുൻപാണ് സാറിനെ പരിചയപ്പെടുന്നത് ,  ഓഫീസിലെ ഏറ്റവും മുതിർന്ന സഹപ്രവർത്തകൻ. സദാസമയം മുഖത്തൊരു പുഞ്ചിരിയുമായി സൗമ്യമായി സംസാരിച്ചിരുന്ന ഒരാൾ . ജീവിതത്തിൽ നേരിട്ട പല പ്രതിസന്ധികളെയും കുറിച്ച് ഒരു മടിയും കൂടാതെ ഒരു ചെറുചിരിയോടെ മാത്രം സംസാരിച്ചിരുന്നയാൾ . എന്റെ പല ആവലാതികൾക്കും ഞൊടിയിടയിൽ പരിഹാരം നിർദ്ദേശിച്ചു എന്നെ പലപ്പോഴും അദ്‌ഭുതപ്പെടുത്തിയ ഒരാൾ . യോഗയും മെഡിറ്റേഷനും ഞാനുൾപ്പെടെ പലർക്കും പരിചയപ്പെടുത്തിക്കൊടുത്തയാൾ .

സാറിന്റെ കുടുംബവുമായി അടുത്തതും വളരെപ്പെട്ടെന്നായിരുന്നു . മായേച്ചി  എനിക്ക് അടുത്ത സുഹൃത്തും ചേച്ചിയുമൊക്കെയായിരുന്നു . റഫി അടുത്തില്ലാതെ മോളെയും കൊണ്ട് ഒറ്റയ്ക്ക് താമസിച്ചിരുന്ന സമയങ്ങളിൽ ഒരു ഫോൺ കോളിനപ്പുറം ചേച്ചി ഉണ്ടെന്നത് വലിയൊരു ആത്മവിശ്വാസമായിരുന്നു.

ഇവിടെയെത്തിയപ്പോഴും ആ ബന്ധത്തിന് ഒട്ടും കോട്ടം തട്ടിയില്ല. വിളിയുടെ എണ്ണം കുറഞ്ഞെങ്കിലും വിളിക്കുമ്പോഴുള്ള സ്നേഹാന്വേഷണങ്ങൾക്കു ഒരു കുറവുമുണ്ടായില്ല . ഓരോ തവണയും പറയും , "യോഗയും മെഡിറ്റേഷനുമൊക്കെ  മുടങ്ങാതെ ചെയ്യൂ , സ്ട്രെസ്സ് മാനേജ്മെന്റിന് നല്ലതാണ്". ഒരിക്കൽ വിളിച്ചപ്പോൾ മായേച്ചി പറഞ്ഞു സാർ ശ്രീലങ്കയിലാണ് , സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്ന എൽ ടി ടി തീവ്രവാദികൾക്കുള്ള ക്യാമ്പുകളിൽ വിപസ്സന മെഡിറ്റേഷൻ നടത്തുകയാണ് എന്ന്. പിന്നീട് നാട്ടിലെത്തിയപ്പോൾ പഴയ സഹപ്രവർത്തകരുടെ കൂട്ടായ്മയിൽ സാറും ചേച്ചിയും എത്തിയിരുന്നു , "എഴുത്തൊക്കെ വായിക്കാറുണ്ട്ട്ടോ " എന്ന് ചേർത്തുനിർത്തി വാത്സല്യപൂർവ്വം മായേച്ചി പറഞ്ഞു , "സാറിനു മാത്രം ഒരു മാറ്റവുമില്ലെന്നു റഫി അത്ഭുതപ്പെട്ടപ്പോൾ "ടെൻഷനൊന്നും മനസ്സിലേക്ക് കയറ്റാതെ നോക്കിയാൽ മതി " എന്ന് സാർ ഉപദേശിച്ചുകൊടുത്തു. പിന്നീട് പല പ്രാവശ്യം നാട്ടിലെത്തിയപ്പോഴും കാണാൻ കഴിഞ്ഞില്ല .

ജോലിയുടെ സ്ട്രെസ്സ്  വല്ലാതെ കൂടിയ അടുത്ത നാളുകളിലൊന്നിൽ പെട്ടെന്നാണ് സാറിനെക്കുറിച്ചോർത്തത്, ഉടനെ തന്നെ ഒരു മെസ്സേജ് അയച്ചു "എനിക്കൊന്നു സംസാരിക്കണം, സൗകര്യപ്രദമായ ഒരു സമയം പറഞ്ഞാൽ ഞാൻ വിളിക്കാം" . അതിന് മറുപടി വന്നില്ല , എന്റെ ഇൻബോക്സിൽ ആ മെസ്സേജിപ്പോഴും അനാഥമായിക്കിടക്കുന്നു. ആ നമ്പറിൽ വിളിക്കുമ്പോൾ അങ്ങേത്തലയ്ക്കൽ നിന്ന് ഒരു ചിരിയോടെ , "എന്താണ് കുട്ടീ , സുഖമല്ലേ ?" എന്ന ചോദ്യം കേൾക്കില്ല എന്ന് എനിക്കിനിയും ബോധ്യപ്പെടേണ്ടിയിരിക്കുന്നു. .

ഭൂമിയുടെ ഇങ്ങേയറ്റത്തിരിക്കുമ്പോൾ എത്രയെത്ര നഷ്ടങ്ങളാണ് ഇങ്ങനെ സങ്കടപ്പെടുത്തുന്നത്. കാണാമറയാതിരിക്കുന്നതുകൊണ്ടാവാം അവ ഇത്ര ആഴത്തിൽ മനസ്സിനെ സ്പർശിക്കുന്നത്.

നമ്മുടെ ജീവിതത്തിൽ ഓരോ വ്യക്തിയെയും കണ്ടുമുട്ടുന്നതിന് ഓരോ കാരണങ്ങളുണ്ട് എന്ന് എന്റെയൊരു ചൈനീസ് സഹപ്രവർത്തക പറയാറുണ്ട്. അവരുടെ ഒരു വിശ്വാസമാണത് , ഓരോരുത്തർക്കും നമ്മുടെ ജീവിതത്തിൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഒരു റോളുണ്ട്, നാം എത്ര ആലോചിച്ചാലും മനസ്സിലാക്കാൻ കഴിയാത്ത ഒന്ന് . കണ്ടുമുട്ടിയില്ലെങ്കിൽ എന്താകുമായിരുന്നുവെന്നോ അല്ലെങ്കിൽ ഒഴിവാക്കാമായിരുന്നുവെന്നോ ചിന്തിക്കാമെന്നല്ലാതെ അതിന് സാധിക്കാത്തവണ്ണം ജീവിതത്തോട് ഇഴചേർന്നുകിടക്കുന്ന ചിലർ. മിക്കപ്പോഴും  താത്കാലികമായോ അല്ലെങ്കിൽ എന്നെന്നേക്കുമായോ അവർ പടിയിറങ്ങിപ്പോകുമ്പോഴാണ് എന്തിനായിരുന്നു അവർ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നതെന്ന് നാം ചിന്തിക്കുന്നത്. അതിനുള്ള ഉത്തരം അവ്യക്തമായെങ്കിലും നമ്മുടെ ഉള്ളിൽ തെളിയുന്നത് .

ഇത്തരം വാർത്തകൾ തേടിയെത്തുമ്പോൾ ഞാൻ ആദ്യം ചിന്തിക്കുക കടന്നു പോയവരോട് ഞാൻ നീതി പുലർത്തിയിട്ടുണ്ടോ എന്നാണ്. ബന്ധങ്ങൾ ആത്മാർഥമായിരുന്നുവോ അൽപ്പം കൂടി സ്നേഹിക്കാമായിരുന്നുവോ തുടങ്ങിയ ചിന്തകളൊക്കെ അപ്രസക്തമെങ്കിലും എന്റെ നെഞ്ചിൽ നിന്നും ഉയർന്നു കേൾക്കാറുണ്ട് . തിരുത്തലുകൾക്ക് അവസ്സരം തരാത്തവിധം പൊടുന്നനെ അപ്രത്യക്ഷമായി എന്നെ കുറ്റബോധത്തിലിട്ടു നോവിക്കാറുമുണ്ട് . എത്ര തിരക്കിലും നാട്ടിലെത്തിയപ്പോൾ ഒന്ന് കാണാമായിരുന്നു എന്നു തോന്നിപ്പിച്ചാണ് ചിലപ്പോൾ ചിലർ മറഞ്ഞുപോവുന്നത് . ആവും വിധം  നന്നായി സ്നേഹിച്ചു  എന്ന് അപൂർവ്വം ചിലപ്പോൾ സ്വയം ആശ്വസിക്കാറുമുണ്ട്

മനസ്സിൽ നല്ല ഓർമ്മകൾ അവശേഷിപ്പിച്ചു കടന്നുപോകുന്നവർ ഭാഗ്യവാന്മാർ. ജീവിതം കൊണ്ട് നിങ്ങൾ എന്തുചെയ്തു എന്ന സൃഷ്ടാവിന്റെ  ചോദ്യത്തിനുമുന്നിൽ നിവർന്നുനിന്നു അങ്ങു ഭൂമിയിൽ തന്നെക്കുറിച്ചോർത്തു സങ്കടപ്പെടുന്നവരെ , തന്റെ ഓർമ്മകളിൽ ജീവിക്കുന്നവരെ അവർക്കു ചൂണ്ടിക്കാണിച്ചുകൊടുക്കാമല്ലോ .

ഓരോ മരണവാർത്തയും എനിക്ക് ഒരു ഓർമ്മപ്പെടുത്തലാണ്, ജീവിതത്തിൽ ചെയ്തുതീർക്കേണ്ട നന്മകളുടെ , ബാക്കി വെയ്ക്കരുതാത്ത ഉൾപ്പകകളുടെ , പറഞ്ഞു തീർക്കേണ്ടുന്ന പ്രശ്നങ്ങളുടെ , പകുത്തു നൽകിയില്ലെങ്കിൽ പാഴായിപ്പോകുന്ന സ്നേഹത്തണലുകളുടെ.

എനിയ്ക്ക് അതൊരു ആത്മപരിശോധനക്കുള്ള അവസ്സരം കൂടിയാണ്.  ക്ഷമിക്കാൻ മടി തോന്നുമ്പോഴും "എത്ര നാൾ " എന്ന ചിന്തയിൽ മനസ്സിൽ നിന്നും അമർഷത്തെ പടിയിറക്കിക്കളയാൻ തീരുമാനിക്കുന്ന നിമിഷങ്ങൾ . ഒട്ടും സമയമില്ലെങ്കിലും ഇപ്പോൾ ചെയ്തുകൊടുത്തില്ലെങ്കിൽ ഇനിക്കഴിഞ്ഞില്ലെങ്കിലോ എന്ന ചിന്തയുണർത്താൻ സഹായിക്കുന്ന നേരങ്ങൾ. ചിലപുഞ്ചിരികൾ ആത്മസംതൃപ്തി തരുന്ന സമയങ്ങൾ .

വീണ്ടും ഇൻബോക്സ് എടുത്തു മറുപടിയില്ലാത്ത ആ മെസ്സേജ് ഞാൻ വായിച്ചു . രവിസാറിന്റെ നമ്പർ ഒന്നുകൂടി നോക്കി .

ജീവിതത്തിൽ അങ്ങനെ എത്രയെത്ര നമ്പറുകളാണ് നിശബ്ദമായിപ്പോവുന്നത്.. ഒരിയ്ക്കലും അങ്ങനെയാവില്ലെന്ന് നമ്മൾ കരുതുന്നവ. നമ്മളുടെ ഓട്ടത്തിനിടയിൽ പലപ്പോഴും നാം മറന്നുപോവുകയും പിന്നീട് ഒരു മെസ്സേജിന്റെയോ വിളിയുടെയോ രൂപത്തിൽ നമ്മളിലേക്ക് ഇരച്ചുകയറി ശൂന്യമായ ഇരിപ്പിടങ്ങൾ ബാക്കിയാക്കി നമ്മളെ സങ്കടപ്പെടുത്തുകയും ചെയ്യുന്ന നമ്പറുകൾ , ഓർമ്മകൾ മാത്രമായി മാറുന്നവർ .

ഡെന്നിസ് അറയ്ക്കൽ എഴുതിയതുപോലെ , മെല്ലെമെല്ലെ അവരുടെ ഓർമ്മകളും നരച്ചുപോവും. എങ്കിലും ചില നിമിഷങ്ങളിൽ നമ്മൾ ആഗ്രഹിക്കും , ആ നമ്പറിൽ നിന്നൊരു വിളി വന്നിരുന്നുവെങ്കിൽ .....





















Saturday, May 11, 2019

സാധാരണയായി വെള്ളിയാഴ്ച്ച രാത്രികളിലാണ് എഴുതാൻ ഇരിക്കുക . വ്രതശുദ്ധിയുടെ നാളുകളുമായി റമദാന്‍ വന്നെത്തിയതുകൊണ്ട് പതിവു ടൈംടേബിളുകൾക്കൊക്കെ മാറ്റങ്ങൾ വന്നു. പാതിരാത്രിവരെ നീണ്ട പ്രാർത്ഥനകൾക്കും അതിനുശേഷം പള്ളിമുറ്റത്തെ സൗഹൃദ സംഭാഷണങ്ങൾക്കും ശേഷം വീടെത്തിയപ്പോൾ ഏറെ വൈകി . പിന്നെ എഴുതാനിരിക്കാനുള്ള ഊർജ്ജം തീരെ ബാക്കിയില്ലാതിരുന്നതിനാൽ അതിനു തുനിഞ്ഞില്ല.

രാവിലെ,  ഇരിക്കുന്ന സ്ഥലത്തുനിന്നും മാറിയിരുന്ന് എഴുതാമെന്നു കരുതി ലാപ്ടോപ്പെടുത്തപ്പോൾ ആണ്‌  കണ്ടത്, അതിനടിയിൽ ഒരു നീണ്ട പേപ്പർ , എടുത്തുനോക്കി , മോന്റെ കുസൃതിച്ചിരി നിറഞ്ഞ ഒരു ചിത്രം , അതിനു ചുറ്റും "ഹാപ്പി മദേഴ്‌സ് ഡേ , അമ്മാ, ലോകത്തിൽ ഏറ്റവും അമൂല്യമായത്  അമ്മയാണ്" പിന്നെ   അവന് ആവുന്നഭാഷയിൽ കുറേ നല്ല വാക്കുകളും . നാളെ മാതൃദിനം ആയതുകൊണ്ട് എനിക്ക് "സർപ്രൈസ് " തരാൻ ഒളിച്ചുവച്ചിരിക്കുന്നതാണ്.

ഇത്തരം ദിവസ്സങ്ങളിലൊന്നും വലിയ വിശ്വാസമില്ലെങ്കിലും ഇന്നെന്തോ അതു കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി . പിറന്നു വീഴുമ്പോഴും ആ കൈപിടിച്ച് പിച്ച വെയ്ക്കുമ്പോഴും ഇടയ്ക്ക് ആ പിടി വിടുവിച്ചു ജീവിതപ്പടവുകൾ ഓടിക്കയറുമ്പോഴും ഒക്കെ അമ്മയുള്ളിടത്തോളം കാലം എല്ലാ ദിവസ്സവും അമ്മ ദിവസ്സങ്ങളാണ്. തിരക്കിനിടയിൽ ഒന്ന് തിരിഞ്ഞുനിന്ന് അതുറപ്പുവരുത്താൻ എപ്പോഴെങ്കിലും ഇത്തരം "ദിന"ങ്ങൾ സഹായിച്ചുകൂടായ്കയില്ല .

ഇന്നലെ ഓഫീസിൽനിന്നും മടങ്ങുന്ന വഴിയ്ക്കാണ്   ഇന്ദുവിന്റെ  വീട്ടിൽക്കയറിയത്  , അമ്മ വന്നിട്ടുണ്ട് നാട്ടിൽനിന്നും.ഇത്രദൂരം യാത്ര ചെയ്തിട്ട് എങ്ങനെയുണ്ട് അമ്മേ എന്ന ചോദ്യത്തിന് , "നന്നായിരുന്നു മോളെ, വേദനകളൊന്നും ഉണ്ടായില്ല , പക്ഷേ ഇവളാകെ ക്ഷീണിച്ചു , തനിയെ പെട്ടിളൊക്കെ എടുത്ത് എന്റെ കുട്ടി ക്ഷീണിച്ചു , എന്നെ ശ്രദ്ധിക്കുന്ന തിരക്കിൽ ആഹാരംപോലും മര്യാദയ്ക്ക് കഴിച്ചില്ല" എന്ന് പറഞ്ഞു ഇന്ദുവിനെ നോക്കി പരിതപിച്ചു . ഞാനുൾപ്പടെ  മറ്റാരുടെയും മുഖത്ത് ആ പരിഗണന ഉണ്ടായിരുന്നില്ല. ഇന്ദു അഭിമാനത്തോടെയാണ് അപ്പോള്‍ പറഞ്ഞത്, "എന്നെക്കുറിച്ചു പറഞ്ഞാൽ മറ്റാർക്കു നൊന്തില്ലെങ്കിലും എന്റെ അമ്മയ്ക്ക് നോവും ".  അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി കാറിൽ കയറുമ്പോൾ അമ്മ മുറ്റത്തിറങ്ങിനിന്ന് കൈവീശുന്നുണ്ടായിരുന്നു .

വൈകിട്ട് നോമ്പുതുറയ്ക്കു സിയാദിന്റെ വീട്ടിലെത്തിയപ്പോൾ ഉമ്മ വന്നു കെട്ടിപ്പിടിച്ചു , "വല്ലാതെ ക്ഷീണിച്ചിരിക്കുന്നു , നീ എങ്ങനെ ഈ ജോലിയും ഇത്ര നീണ്ട നോമ്പും ഒരുമിച്ചു കൊണ്ടു പോകുന്നു ? ഇങ്ങോട്ടു വന്നുകൂടെ എല്ലാ ദിവസവും " എന്ന് എന്നത്തേയുംപോലെ പരിഭവിച്ചു.  "നിന്റെ ആഹാര നിയന്ത്രണങ്ങളൊന്നും നോമ്പുകാലത്തു വേണ്ട " എന്ന് ശകാരിച്ചു . വളരെ ചെറിയ പ്രായത്തിൽ ഭർത്താവ് മരണപ്പെട്ടിട്ടും പറക്കമുറ്റാത്ത മൂന്നു പിഞ്ചു  കുട്ടികളെ ചേർത്തുപിടിച്ചു  "ഇനിയൊരു വിവാഹം വേണ്ട , എന്റെ മക്കളാണ് എന്റെ ജീവിതം" എന്നു പറഞ്ഞ ആ സ്നേഹം ഇപ്പോഴും ആ കണ്ണുകളിലുണ്ട് . ജീവിതം എത്രയെത്ര അത്ഭുത കണ്ടുമുട്ടലുകളാണ് കാത്തു വെച്ചിരിക്കുന്നത്!


അമ്മമാർക്കെങ്ങിനെയാണ് ഇത്രയധികം സ്നേഹിക്കാൻ പറ്റുക? ഈ ലോകത്തിലെ സർവ്വോർജ്ജവും ആവാഹിച്ചു  സകല ജീവജാലങ്ങളോടും കിന്നരിച്ചു നടക്കുന്ന ഒരു പ്രായത്തിൽനിന്നും അമ്മയെന്ന ലേബലിലേക്ക് കാലെടുത്തു   വയ്ക്കുമ്പോൾ എവിടെനിന്നുമാണ് ഈ മാന്ത്രികശക്തി അവരെത്തേടിയെത്തുന്നത്‌? വല്ലാത്തൊരു പ്രതിഭാസം തന്നെ.

രാവിലെ ഏറെ വൈകിക്കിടന്നാലും പുലർച്ചെ എല്ലാവരും എഴുന്നേൽക്കുന്നതിനും മുമ്പേ എഴുന്നേറ്റ് ഭക്ഷണമുണ്ടാക്കി വീട്ടുജോലികളൊക്കെ തീർത്തു അടുത്ത പണിയിലേക്ക് കടക്കാൻ ഊർജ്ജം തരുന്നതും ആ ലേബൽ തന്നെ.

എന്നിട്ടും തീൻമേശയിൽ "ഉപ്പ് തീരെക്കുറഞ്ഞുപോയി , എന്തൊരു എരിവാണ് , പണ്ടത്തെപ്പോലെ ഇപ്പോൾ ഒന്നും ശരിയാവുന്നില്ല " എന്നൊക്കെ ഞെളിഞ്ഞിരുന്നു പറഞ്ഞു, തെറ്റുചെയ്ത ഒരു പ്രതിയെ ക്രോസ്സ് വിസ്താരം നടത്തുന്നതുപോലെ പറയാൻ നമുക്കൊരു ലജ്ജയും ഇല്ല . വളരെ രുചികരമായ ഭക്ഷണം ഉണ്ടാക്കുമ്പോൾ കഴിക്കുന്ന തിരക്കിൽ "അമ്മ കൂടി ഇരിക്കൂ , നമുക്കൊരുമിച്ചു കഴിക്കാം " എന്ന് പറയാൻ നമ്മൾ മറന്നുപോകുന്നതെന്താണ് ? എന്തുകൊണ്ടാണ് അമ്മയുടെ പ്ലേറ്റിലെ അളവുകൾ ചെറുതാവുന്നതെന്നും എന്തുകൊണ്ടാണ് അമ്മയ്ക്കു മീൻപൊരിച്ചതിന്റെ നല്ല കഷണങ്ങൾ ഇഷ്ടമല്ലാത്തതെന്നും  കരിഞ്ഞ ഭക്ഷണത്തോട് ഇത്ര പ്രിയമെന്നും ഒരിയ്ക്കലും ചിന്തിക്കാൻ മെനക്കെടാത്ത ഒരു കാലത്തുനിന്നും നാം ഇനിയും മുന്നോട്ടു വന്നിട്ടില്ല  .

മനസ്സെത്തുന്നിടത്തു  നിന്നു കയ്യെത്താതാവുന്ന വിധം ക്ഷീണിച്ചിരിക്കുമ്പോൾ ആ മുഖത്തുനിന്നും വരുന്ന അപൂർവ്വം  പരിഭവങ്ങൾക്കു മേലാണ് നമ്മുടെ രോഷം. ഭൂമിയുടെ രണ്ടറ്റങ്ങളിൽ ജീവിക്കുമ്പോൾ സമയം നോക്കാതെയുള്ള വിളികൾ നമ്മുടെ ഉറക്കത്തിനു ഭംഗം വരുത്തുമ്പോൾ "അമ്മയ്ക്ക് സമയം നോക്കി വിളിച്ചുകൂടെ ?" എന്ന് അരിശപ്പെടുന്നതിനു പകരം "എന്താ അമ്മേ , ഈ സമയത്ത് ?" എന്ന് അൽപ്പം മയപ്പെട്ടെങ്കിലും നമുക്ക് ചോദിച്ചുകൂടേ ? ചില സമയങ്ങളിൽ ചെറിയ വാക്കുകൾക്കു പോലും വലിയ മൂർച്ചയാണ് .

കാലം കറങ്ങിത്തിരിഞ്ഞ് ആ ലേബൽ നമ്മൾ നെറ്റിയിലേറ്റി നിൽക്കുമ്പോളാണ് പല ചോദ്യങ്ങൾക്കും ഉത്തരം നമുക്ക് കിട്ടുന്നത് .  രാവിലെയെഴുന്നേറ്റ് പണികളൊതുക്കി ജോലിയിലേക്കെത്തി ആ യുദ്ധവും കഴിഞ്ഞു മടങ്ങിയെത്തുമ്പോൾ  ക്ഷീണം തീർക്കാൻ ഒന്നു മയങ്ങാമെന്നു വിചാരിക്കുമ്പോളാണ് കുട്ടികൾക്ക് വിശക്കുന്നുണ്ടാവും എന്ന ചിന്ത കയറി വരുന്നത് . ഉണ്ടാക്കിവെയ്ക്കുന്ന പലഹാരം "ഇത് വെന്തിട്ടില്ലാ  , ഇതെങ്ങനാ കഴിക്കാൻ പറ്റുന്നത് "എന്ന് പറഞ്ഞു നീക്കി വെയ്ക്കുമ്പോൾ, അതെടുത്തു കഴിച്ചുനോക്കി ഇതിൽക്കൂടുതൽ എങ്ങനെയാണ് വേവിക്കുക എന്നോർത്ത് ഞാൻ അത്ഭുതപ്പെടുന്നു . മേശമേൽ ആളെക്കാത്തിരിക്കുന്ന ചൂടാറുന്ന ഭക്ഷണങ്ങളെക്കുറിച്ചോർത്തു  ഞാൻ ഓരോ സമയവും വ്യാകുലപ്പെടുന്നു .  മുഷിഞ്ഞ തുണികൾ എന്തുകൊണ്ടാണ് അതിനുള്ള കുട്ടയിൽ വീഴാതെ കിടക്കയിലും തറയിലും കിടക്കുന്നത്  എന്നോർത്ത് ഞാൻ രോഷം കൊള്ളുന്നു .  അണയ്ക്കാത്ത  ലൈറ്റുകളും   തുറന്നുവിട്ട പൈപ്പുകളും എന്നെ നിർത്താതെ ഓടിച്ചുകൊണ്ടേയിരിക്കുന്നു .

വർഷങ്ങൾക്കുമുമ്പേ  ഞാൻ  ചോദിച്ച പല ചോദ്യങ്ങളും എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു .അഞ്ചുമണിക്കെഴുന്നേറ്റിട്ടും പഠിപ്പിക്കുന്ന സ്കൂളിലേക്ക് മൂന്നുകിലോമീറ്റർ നടന്നിട്ടും എന്റെ അമ്മ പരിഭവം പറയാതിരുന്നതെന്തെന്ന് ഞാൻ അന്തം വിടുന്നു . "അമ്മയ്‌ക്കെന്താ ?" എന്ന ചോദ്യം എന്നെ വീണ്ടും വീണ്ടും അസഹിഷ്ണുവാക്കുന്നു .

എങ്കിലും  "അമ്മയോടല്ലാതെ വേറെയാരോടാണ് ഞാൻ ഇത് പറയുക " എന്ന സ്നേഹം കലർന്ന വാക്കുകൾ എന്റെ ഹൃദയം നിറയ്ക്കുന്നു. "അമ്മാ , ഞാനിന്ന് ബാവ്‌നീതിന്റെ കൂടെ കോഫിക്ക് പൊയ്ക്കോട്ടേ " എന്ന മെസ്സേജ് എന്റെ ഫോണിൽ തെളിയുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നു . കിടക്കാൻ നേരം "ഒരു ഹഗ്ഗ് " എന്നു പറഞ്ഞു മോൾ കെട്ടിപ്പിടിച്ചു ധൃതിയിൽ ഓടിപ്പോകുമ്പോൾ , "അമ്മയ്ക്ക് പുതിയ ജോലി എളുപ്പമാക്കിക്കൊടുക്കണേ" എന്ന് മോൻ ഈശ്വരനോട് നിത്യവും ആവശ്യപ്പെടുമ്പോൾ മനസ്സ് ആർദ്രമാവുന്നു .

അമ്മ അത്ഭുതവിളക്കാണ് , വളരെക്കുറച്ചുമാത്രം മെയ്‌റ്റനൻസ് ചെലവുള്ള മാന്ത്രികവിളക്ക് .  ഏതു കൂരിരുട്ടിലും ഏതു കൊടുങ്കാറ്റിലും അതു നമുക്ക് വെളിച്ചമേകും . ഇടയ്ക്കിടെ സ്നേഹം പകർന്നുകൊടുത്തു സമയം കൊടുത്തു അതിനെ സംരക്ഷിക്കുക, ആയുസ്സെത്തുംവരെ അതിങ്ങനെ നിറവാർന്നു നിൽക്കട്ടെ .

മോൻ എഴുന്നേൽക്കും മുമ്പേ ആ പേപ്പർ ഞാൻ  അവിടെത്തന്നെ തിരികെ  വെച്ചു, അവന്റെ ആവേശം ഒട്ടും ചോർത്തിക്കളയണ്ട.. നാളെ അവനെന്നെ അത്ഭുതപ്പെടുത്തുമ്പോൾ ഇതിനുമുൻപൊരിക്കലും കാണാത്തതുപോലെ ഞാൻ ആഹ്ലാദത്തോടെ അതു വാങ്ങിക്കും , അഭിമാനത്തോടെ നിൽക്കുന്ന അവന്റെ മുഖത്ത് ഉമ്മ വെച്ച് ആ വാക്കുകൾ വായിച്ചു കണ്ണുമിഴിക്കും , കാരണം ഞാൻ അവന്റെ അമ്മയാണ്  . എന്റെ കുഞ്ഞുങ്ങളുടെ കണ്ണിലെ സ്നേഹത്തിളക്കത്തിനേക്കാൾ വലിയൊരു അവാർഡ് എന്താണ് എന്താണുള്ളത്‌ ???





















Saturday, May 4, 2019

ഒമ്പതു മണി മുതൽ നാലുമണി വരെ നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടികളുടെ തിരക്കുകളുണ്ടായിരുന്നതിനാൽ  സെൽ ഫോണിൽ ഒന്ന് നോക്കാനുള്ള സമയം പോലും കിട്ടിയില്ല . വൈകിട്ട് പതിവുപോലെ ട്രെയിനിൽ കയറി ഒന്നിരിക്കാൻ സീറ്റ് കിട്ടിയപ്പോൾ ആണ് ഫോണിലേക്കു നോക്കുന്നത് . കുറേ മിസ്സ്ഡ് കാൾസ് ഉണ്ട് . രാവിലെ ഇറങ്ങുമ്പോൾ പറഞ്ഞതാണ് മോന് അപ്പോയിൻമെൻറ് ബുക്ക് ചെയ്യണമെന്ന് . അത് മറന്നു, ഭർത്താവിന്റെ മെസ്സേജ് ഉണ്ട് . അതിനു താഴെയായി  മെർലിന്റെ മെസ്സേജ് , " വി ആൾറെഡി സ്റ്റാർട്ടഡ് മിസ്സിംഗ് യൂ" എന്ന്.

മൂന്നു ദിവസമായതേ ഉള്ളൂ പുതിയ ജോലിയിലേക്ക് മാറിയിട്ട്, അതും അതേ  ബിൽഡിങ്ങിൽ മറ്റൊരിടത്തേക്ക്.  ഫെയർവെൽ പാർട്ടിക്കിടയിൽ സഹപ്രവർത്തകർ സങ്കടപ്പെട്ടപ്പോൾ ഇടയ്ക്കൊന്നു കണ്ണുനിറഞ്ഞുവെങ്കിലും "അതിനെന്താ , ഞാൻ നാലാമത്തെ നിലയിലുണ്ടല്ലോ, എപ്പോൾ വേണമെങ്കിലും സന്ദർശിക്കാമല്ലോ "എന്നൊക്കെപ്പറഞ്ഞു ഞാൻ അത് നിസ്സാരമാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. പിരിഞ്ഞുപോകുമ്പോൾ മാത്രം കിട്ടുന്ന കുറേ നല്ല വാക്കുകൾ കേട്ട്, "ഇത്രയൊക്കെ ഞാൻ ചെയ്തിരുന്നോ ?" എന്ന ഭാവത്തിൽ പിടിച്ചിരുന്നു.

വീട്ടിലേക്കു വരുമ്പോൾ ചിന്തിച്ചത് മുഴുവൻ യാത്രപറയലുകളെക്കുറിച്ചായിരുന്നു . ജീവിതം തന്നെ നീണ്ട ഒരു ട്രെയിൻ യാത്രയാണെന്നും ഇടയ്ക്കിടെ നിർത്തുന്ന സ്റ്റോപ്പുകളിൽ ഇറങ്ങുന്ന യാത്രക്കാർ നമ്മളോട് യാത്ര പറഞ്ഞു മറ്റാരുടെയോ യാത്രകളിലെ ഭാഗമാകുവാൻ പോവുകയാണെന്നും നമ്മുടെ സ്റ്റോപ്പെത്തുമ്പോൾ നമ്മളും അവരിൽ ഒരാൾ ആവുകയാണെന്നുമൊക്കെ ഞാൻ ചിന്തിച്ചു കൂട്ടി.

എന്റെ യാത്രയിലെ ഉള്ളിൽത്തട്ടിയ യാത്ര പറച്ചിലുകൾ ഒന്നൊന്നായി മനസ്സിൽ തിക്കിത്തിരക്കി വന്നു.

സ്ക്കൂൾ കടന്ന് കോളേജിലേക്കെത്തിയപ്പോൾ ആകെപ്പാടെ പരിഭ്രമമായിരുന്നു. ആ പരിഭ്രമത്തിന്റെ ശ്വാസം മുട്ടലിൽ നിൽക്കുമ്പോഴാണ് ജീവിതത്തിലേക്ക് സൗഹൃദത്തിന്റെ നേർത്ത തെന്നലായി ഫെമി വരുന്നത്. അതൊരു ആ ജീവനാന്ത സൗഹൃദത്തിന്റെ തുടക്കമാവുമെന്ന് ഒട്ടും വിചാരിച്ചിട്ടില്ല. ആ കോളേജിലെ പഠനം തീർന്ന് അവളോടു യാത്രപറയുമ്പോൾ മനസ്സിൽ ഒരു കൗമാരക്കാരിയുടെ എല്ലാ നിഷ്കളങ്കവ്യഥകളും ഉണ്ടായിരുന്നു. വർഷങ്ങൾക്കു ശേഷം ഒരേ സ്ഥാപനത്തിൽ ജോലിക്കെത്തിയപ്പോൾ യാത്രകളിൽ പിരിയലുകൾക്കു  മാത്രമല്ലാ കൂടിച്ചേരലുകൾക്കും സ്ഥാനമുണ്ടെന്ന് അത്ഭുതത്തോടെ ഞാൻ മനസ്സിലാക്കി.

പിന്നീട് പഠിച്ചിരുന്ന കോളേജുകളിലൊക്കെയും വളരെ നല്ല സൗഹൃദങ്ങൾ എന്നെ കാത്തിരിപ്പുണ്ടായിരുന്നു. വർഷങ്ങൾക്കിപ്പുറവും ഒരു ഫോൺ വിളിയ്ക്കോ മെസ്സേജിനോ അപ്പുറത്തു അവരുണ്ടെങ്കിലും ക്ലാസ്സുകള് തീർന്ന് കരഞ്ഞകണ്ണുകളുമായി പടിയിറങ്ങിയ എന്റെ ചിത്രം എനിക്ക് ഇപ്പോഴും വ്യക്തമായിക്കാണാം . ഓരോ "ഗുഡ്ബൈ "യ്യും എനിക്ക് സങ്കടമാണ്, വലിപ്പച്ചെറുപ്പങ്ങളില്ലാതെ .

മനസ്സിൽ നിന്ന് ഇപ്പോഴും മാഞ്ഞുപോകാത്ത ഒരു ചിത്രമുണ്ട് എന്റെ വിവാഹആൽബത്തിൽ. കല്യാണദിവസം ഭർത്താവിന്റെ വീട്ടിലേക്ക് എന്നെ യാത്രയാക്കുന്ന എന്റെ മാതാപിതാക്കളുടെ ചിത്രം.ഇഷ്ടപ്പെട്ടയാളുടെ വധുവായി എല്ലാവരുടെയും ആശീർവാദത്തോടെ പടിയിറങ്ങുമ്പോഴും നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ കൈവീശുന്ന അമ്മ . ആണുങ്ങൾ കരയരുതെന്ന സാമൂഹ്യനിയമം അക്ഷരംപ്രതി പാലിച്ചിട്ടും എന്നെ ചേർത്തുപിടിച്ചപ്പോൾ വിതുമ്പിയപ്പോയ അച്ഛൻ. ചേച്ചിയുടെ ഭർത്താവെന്ന സ്ഥാനത്തുനിന്നും എന്റെ സ്വന്തം കൂടപ്പിറപ്പായിമാറിയ ജേഷ്ഠൻ. ചേച്ചിയെയും അനിയനെയും ഞാൻ എന്റെ പിന്നിൽ കണ്ടു. ഓർമ്മയിൽ ഇപ്പോഴും കണ്ണീർ നനവിറ്റുന്ന ഒരു ചിത്രം. ഓരോ പെൺകുട്ടിയും ജീവിതത്തിൽ കടന്നുപോകേണ്ടുന്ന ഒരു ചിത്രം.

ഇടയ്ക്കിടെ അതോർമ്മ വരുമ്പോൾ ഉറക്കമില്ലാത്ത പല രാത്രികളിലും ഞാൻ ഭർത്താവിനോട് ചോദിക്കാറുണ്ട്, "നമ്മുടെ മോളെ നമുക്ക് എങ്ങനെ പറഞ്ഞുവിടാൻ കഴിയും? ". ഉറക്കച്ചടവിലും എന്റെ നേരെ ഒന്ന് സൗമ്യമായി മന്ദഹസിച്ചു "നിനക്ക് നല്ല ക്ഷീണമുണ്ട്,  ഉറങ്ങിക്കോളൂ" എന്നു പറഞ്ഞു ആ ചിന്തകൾക്ക് ഫുൾസ്റ്റോപ്പിടും.

പത്തുവർഷം ജോലിചെയ്ത  സ്ഥാപനത്തിൽ നിന്നും രാജിവെച്ചു അവസാനദിവസം ഇറങ്ങുമ്പോൾ, സുഹൃത്തുക്കളെന്നതിനേക്കാൾ  കുടുംബക്കാർ എന്ന് വിളിക്കാവുന്ന ബന്ധങ്ങളാണ് ഉണ്ടായിരുന്നത്. ഇന്നത്തെപ്പോലെ "പ്രൈവസി "വല്യ പ്രശ്നമല്ലാതിരുന്നതിനാൽ ഓഫീസ് കാര്യങ്ങളിലും വീട്ടുകാര്യങ്ങളിലും ഒരേപോലെ ഇടപെട്ടിരുന്ന സഹപ്രവർത്തകർ. മോളെ ഗർഭിണിയായിരുന്നപ്പോൾ സ്വന്തം അനിയത്തിയെപ്പോലെയോ മോളെപ്പോലെയോ ഒക്കെ കരുതി ഓരോ കാര്യത്തിലും ശ്രദ്ധാലുക്കളായിരുന്നവർ . അവസാന മാസങ്ങളിൽ ഓഫീസ് സമയത്തു എന്തെങ്കിലും അത്യാവശ്യം വന്നെങ്കിലോ എന്ന് പറഞ്ഞു എപ്പോഴും ഒരു വണ്ടി കരുതിയിട്ടിരുന്നവർ. മോന്റെ സമയത്തു അപ്രതീക്ഷിതമായി ആശുപത്രിയിലാക്കേണ്ടി വന്നപ്പോൾ ആസ്പത്രിയിൽ കൂട്ടിരുന്നവർ . .ഒരു ദിവസ്സം അവരോടൊക്കെ യാത്ര പറഞ്ഞിറങ്ങുമ്പോൾ ഓടിമറയുന്ന കാറിലിരുന്ന് തിരിഞ്ഞുനോക്കുമ്പോൾ കണ്ട നിറകണ്ണുകൾ.. വല്ലാത്ത നിമിഷങ്ങൾ തന്നെ .

യാത്രപറച്ചിലുകളുടെ ഒട്ടനവധി മാനസ്സിക സംഘർഷങ്ങൾ  കടന്ന് ക്യാനഡയിലേക്കുള്ള ഫ്ലൈറ്റിലിരിക്കുമ്പോൾ ഞാൻ കണ്ണുകൾ അടച്ചുതന്നെ പിടിച്ചു, കണ്ട മുഖങ്ങളും കാഴ്ച്ചകളും അങ്ങനെത്തന്നെ ഇരിക്കയ്ക്കട്ടെ . അതിനെ മറച്ചു മറ്റൊരു കാഴ്ച്ച എനിക്കു കാണേണ്ട. അടച്ചുപിടിച്ച കൺകോണുകളിലൂടെ ഒരു ചെറിയ അരുവി കവിളുകളിലൂടെ താഴേക്കിറങ്ങുന്നത് ഞാൻ അറിഞ്ഞില്ല, കോർത്തുപിടിച്ച കൈവിരലുകളിൽ ഒരു കൈ അമരുന്നതുവരെ. "ഞാനില്ലേ " എന്ന സാന്ത്വനം കേൾക്കുന്നതുവരെ.

പരിചിതമായ ഒരു ലോകത്തുനിന്നും തീർത്തും അപരിചിതമായ മറ്റൊരു ലോകത്തേക്ക്. സൗഹൃദങ്ങൾ വീണ്ടും പൂക്കുകയും തളിർക്കുകയും പിന്നീടൊരുദിനം അത് കൊഴിഞ്ഞുവീഴുകയും ചെയ്യുമ്പോൾ പുതിയ ചില്ലകൾ തേടി വീണ്ടും. പഴയതിനോട് യാത്ര പറഞ്ഞു പുതിയ സ്ഥലങ്ങളിലേക്ക് , ജോലികളിലേക്ക്.

പിന്നെയും എത്രയോ യാത്രപറച്ചിലുകൾ.....

ഓരോ വർഷവും നാട്ടിലെത്തുമ്പോൾ ബന്ധുവീടുകൾ സന്ദർശിക്കൽ ഒഴിച്ചുകൂടാനാവാത്തതാണ് .ഇറങ്ങാൻ നേരം "ഇനിയെന്നാ നിന്നെ കാണാൻ പറ്റുന്നത്" എന്ന് സങ്കടപ്പെടുന്ന പ്രായം ചെന്നവർ, കൈപിടിച്ച് ചേർത്തുവെക്കുന്ന മുതിർന്നവർ . വർഷങ്ങൾ കഴിഞ്ഞു കാണുന്നതിന്റെ ആഹ്ലാദം തീരും മുമ്പേ എഴുന്നേൽക്കുമ്പോൾ മുറുകെ കെട്ടിപ്പിപ്പിടിക്കുന്ന സൗഹൃദങ്ങൾ , കയ്യിലിരിക്കുന്ന പ്രിയപ്പെട്ട പുസ്തകങ്ങൾ എനിക്ക് സമ്മാനിച്ചു  ഒന്നും പറയാതെ നടന്നു നീങ്ങുന്നവർ.  അതിവേഗത്തിൽ കടന്നുപോകുന്ന മുപ്പതു ദിവസങ്ങൾ കഴിഞ്ഞു മടങ്ങുമ്പോൾ കേൾക്കുന്ന മാതാപിതാക്കളുടെ നെഞ്ചിന്റെ പിടച്ചിലുകൾ . "ഒരു വർഷം ഇതാ ന്നു തീരില്ലേ " എന്നു പറഞ്ഞു  മറച്ചുപിടിക്കാൻ ശ്രമിക്കുമെങ്കിലും പറ്റാതെവരുന്ന ചില നിമിഷങ്ങൾ.

യാത്ര പറച്ചിലുകൾ ഒരിയ്ക്കലും അവസാനിക്കുന്നില്ല, അവസാനശ്വാസത്തോളം, ആരോടും പറയാതെ പെട്ടെന്നൊരു ദിവസ്സം യാത്രയാവുന്ന നിമിഷം വരെ.

മറവിയിലേക്കല്ലാ , ഓരോ യാത്രപറച്ചിലുകളും ഓർമ്മപ്പുസ്തകങ്ങളിലേക്ക്  ഒരേട് എഴുതിച്ചേർക്കലാണ് . ഒരുമിച്ചു ചെലവിട്ട മനോഹര നിമിഷങ്ങളുടെ,  ഒന്നിച്ചുകണ്ട കിനാവുകളുടെ, നനഞ്ഞ കണ്ണീർമഴകളുടെ, മുറിവേൽപ്പിച്ച കനലുകളുടെ , മനസ്സലിയിച്ച ക്ഷമചോദിക്കലുകളുടെ  ഒരേട്.. ഇടയ്ക്കിടെ വല്ലാതൊറ്റപ്പെടുമ്പോൾ ഒന്ന് മറിച്ചു നോക്കി നെഞ്ചോടു ചേർത്തുവെക്കാവുന്ന ഒരേട് .

ഫോണെടുത്തു മെർലിന്‌ മെസ്സേജ് ടൈപ്പ് ചെയ്തു , "എന്റെ ജീവിതത്തിൽ വിലപ്പെട്ട  ഒരേട് സമ്മാനിച്ചതിന് നന്ദി ... ഇനി കണ്ടുമുട്ടുന്നത് വരെ .."

























Friday, April 26, 2019


കണ്ണൊന്നു തുറന്നുപിടിച്ചു ചുറ്റും നോക്കിയാൽ എത്രയെത്ര പാഠങ്ങളാണ് നമുക്കായി ഈ ലോകം കരുതിവച്ചിരിക്കുന്നത്!! അതും പാഠപുസ്തകങ്ങളിൽ കാണാത്തവ, കണ്ടാലും നമുക്കെത്തുന്നതുവരെ മനസ്സിലാകാത്തവ , എത്ര തിരഞ്ഞാലും ജീവിതം നമുക്കായി ഒളിച്ചുവച്ചിരിക്കുന്നതിന്റെ പാതിപോലും കണ്ടെത്താനാവാതെയാവും പലപ്പോഴും നമ്മുടെ മടക്കം .

ട്രെയിൻ പുറപ്പെടാൻ കൃത്യം ഒരു മിനിട്ടു ബാക്കി നിൽക്കെയാവും ഭർത്താവ് എന്നെ റെയിൽവേ സ്റ്റേഷനിൽ ഇറക്കുക .  ഒട്ടു മിക്ക ദിവസങ്ങളിലും ഞാൻ ഓടിയാണ് ട്രെയിനിൽ കയറുക . സ്റ്റേഷനിൽ മെട്രോ ന്യൂസ്‌പേപ്പർ വിൽക്കുന്ന വെള്ളക്കാരി ആ ഓട്ടത്തിനിടയിലും നിറഞ്ഞ ചിരിയോടെ എന്നോടൊരു "ശുഭദിനം" ആശംസിക്കാറുണ്ട് . ഇങ്ങനെ ഓടിക്കയറുന്ന ദിവസങ്ങളിൽ ആദ്യം കാണുന്ന സീറ്റിലോട്ട് വീഴുകയാണ് പതിവ് . ബാഗും ജായ്ക്കേറ്റുമൊക്കെ ഒതുക്കി നേരെ നിവർന്നിരുന്നു കഴിയുമ്പോൾ ഒന്ന് ചുറ്റും നോക്കും. മിക്കപ്പോഴും ചില പരിചിതമുഖങ്ങൾ കണ്ടേക്കും . ഒന്ന് ചിരിച്ചു രണ്ടുവാക്കു കുശലാന്വേഷണം നടത്തി  അവർ അവരിലേക്കും ഞാൻ എന്നിലേക്കും തിരിച്ചുവരും.

അങ്ങനെയുള്ള ദിവസങ്ങളിലൊന്നിലാണ് ഞാൻ ആ മനുഷ്യനെ ശ്രദ്ധിച്ചത്. തലയിൽ ഇളം മഞ്ഞ തലപ്പാവ് കെട്ടിയ പ്രായം ചെന്ന വളരെ സൗമ്യമായ മുഖത്തോടു കൂടിയ ഒരു സിഖുകാരൻ . എന്റെ സീറ്റിന്റെ എതിരെയിരുന്ന അയാൾ എന്റെ നേർക്കു ഒരു പുഞ്ചിരി സമ്മാനിച്ചു . ഞാനും ചിരിച്ചു, എന്നിട്ട് സെൽ ഫോണെടുത്തു കയ്യിൽ പിടിച്ചു അതിൽ ശ്രദ്ധിച്ചുകൊണ്ടിരുന്നു . ഞാൻ ഇറങ്ങേണ്ട സ്റ്റേഷൻ ആയപ്പോൾ അയാളെ കണ്ടില്ലെന്നു നടിച്ചു വേഗം വാതിൽക്കലേക്കു നീങ്ങി .

പിന്നീട് ഒട്ടനവധി ദിവസങ്ങളിൽ അയാളെ ഞാൻ ട്രെയിനിൽ കണ്ടു . കാണുമ്പോളെല്ലാം അയാൾ പുഞ്ചിരിയോടെ തല പതിയെ താഴ്ത്തി എന്നെ വിഷ് ചെയ്യുകയും  ഞാൻ  പതിവു ജാഡകൾ വിട്ട് ആത്മാർത്ഥമായ ഒരു പുഞ്ചിരി സമ്മാനിക്കുകയും ചെയ്തു. 

ഈ തിങ്കളാഴ്ച്ച വൈകിട്ടു വന്നു കയറിയതേ ഭർത്താവിന്റെ പ്രഖ്യാപനം വന്നു , "നാളെ രാവിലെ 8 മണിക്ക് എനിക്ക് മീറ്റിങ്ങുണ്ട്, എല്ലാവരും നേരത്തെ എഴുന്നേറ്റ് റെഡിയാവണം, എനിക്കു ലേറ്റ് ആവാൻ പറ്റില്ല ". ഇത്തരം സന്ദർഭങ്ങളിൽ അനുഭവം കൊണ്ട് ഞാൻ മനസ്സിലാക്കിയ ഒരു സംഗതിയുണ്ട് , ഇതിനർത്ഥം ഞാൻ നേരത്തെ എഴുന്നേറ്റു എല്ലാവരെയും റെഡി ആക്കുക എന്നതാണെന്ന് .

എന്തായാലും പിറ്റേന്ന് വളരെ നേരത്തെ ഇറങ്ങിയതിനാൽ ഏറെ നാളുകൾക്കുശേഷം പ്ലാറ്റ്‌ഫോമിലേക്കു ഞാൻ സാവകാശത്തിൽ നടന്നു കയറി. ട്രെയിൻ എത്തുന്നതേയുള്ളൂ. മെട്രോ വിൽക്കുന്ന സ്ത്രീ എന്നെ നോക്കി "ഇന്നു നിങ്ങളുടെ ചിറകുകൾ എവിടെപ്പോയി ?" എന്ന് തമാശ പറഞ്ഞു . ട്രെയിൻ വന്നപ്പോൾ ഞാൻ അവരോടു യാത്രപറഞ്ഞു കയറി, ഒട്ടും തിരക്കില്ല. ആളൊഴിഞ്ഞ ഒരു സീറ്റിന്റെ ജനാലവശത്തു ഇരിപ്പുറപ്പിച്ചു .

അടുത്തൊരാൾ വന്നിരുന്നത് ഞാൻ അറിഞ്ഞില്ല , "സത്ശ്രീകാൽ ജീ " എന്നു കേട്ടാണ് നോക്കിയത്, നമ്മുടെ സ്ഥിരം സിങ് ജി . ഞാനും ചിരിച്ചു. എന്നിട്ട് പുറത്തേക്ക് നോക്കിയിരുന്നു. മഞ്ഞെല്ലാം ഉരുകി പതിയെ വസന്തകാലത്തിലേക്കു നടന്നു തുടങ്ങുന്നു പ്രകൃതി. മരങ്ങളിൽ തളിരിട്ടു തുടങ്ങാൻ ഇനി ദിവസങ്ങളേ വേണ്ടൂ.

"ബേട്ടി , പാകിസ്ഥാനിൽ നിന്നാണോ?" പെട്ടെന്ന് ആ ചോദ്യം എന്റെ കാഴ്ചകൾക്ക് അർദ്ധവിരാമമിട്ടു . ഞാൻ നേരെയിരുന്നു , "അല്ല , ഇന്ത്യയിൽ നിന്നാണ്, പ്രൗഡ് ഇന്ത്യൻ ". അടുത്ത ചോദ്യം പഞ്ചാബിയിലായിരുന്നു, ഒരു വിളറിയ ചിരിയോടെ പഞ്ചാബി എനിക്ക് വശമില്ലെന്ന് അറിയാവുന്ന ഹിന്ദിയിൽ ഞാൻ പറഞ്ഞൊപ്പിച്ചു. എന്റെ ഹിന്ദി കേട്ടാവണം , ഇന്ത്യയിൽ എവിടുന്നാണെന്ന  ചോദ്യം ഉടനെത്തന്നെ ഉണ്ടായത്. "കേരളം" എന്ന് അഭിമാനത്തോടെ പറഞ്ഞ എന്നോട് വീണ്ടും അയാൾ എന്തൊക്കെയോ ചോദിച്ചു.

അഞ്ചുമിനിറ്റിനുള്ളിൽ ഭാഷയൊന്നും ആശയവിനിമയത്തിന് ഒരു പ്രശ്നവുമല്ലെന്ന് ഞങ്ങൾ രണ്ടുപേർക്കും മനസ്സിലായി . "എത്ര നാൾ കൂടുമ്പോൾ നാട്ടിൽ പോകും? ". "എല്ലാ വർഷവും" ഞാൻ പറഞ്ഞു . "നന്നായി , എനിക്ക് രണ്ടു മക്കളാണ് , ഒരു മകൻ ഇവിടെയും ഒരാൾ അമേരിക്കയിലും .   മോൾക്ക് എത്ര കുട്ടികളാണ് ?" ഒന്ന് നിർത്തി അയാൾ ചോദിച്ചു , "രണ്ടുപേരാണ് , ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും." "മോനെത്ര വയസ്സുണ്ട്?" വളരെ കൗതുകത്തിലാണ് അയാൾ അത് ചോദിച്ചത് . "ഒന്പത് ".

പെട്ടെന്ന് അയാളുടെ മുഖം ഒന്ന് മങ്ങിയതുപോലെ തോന്നി . "എന്റെ മക്കൾക്ക് ഏഴും ഒൻപതും വയസ്സുള്ളപ്പോഴാണ് ഞാൻ ഇവിടെയെത്തിയത് . നാട്ടിൽ അദ്ധ്യാപകനായിരുന്നു . കുട്ടികളുടെ ഭാവിയെക്കരുതിയാണ് ഇങ്ങോട്ടുവന്നത് . ഞാനും ഭാര്യയും ഒത്തിരി കഷ്ടപ്പെട്ടു. രണ്ടും മൂന്നും ജോലികൾ ചെയ്തു . ഇപ്പോൾ മോൾ ഓടുന്നതുപോലെ , അവളും ഒത്തിരി ഓടിയിട്ടുണ്ട് . 24 മണിക്കൂർ തികയാതെവരും ദിവസങ്ങൾക്ക് . എന്നിട്ടും ഞങ്ങൾ  അവരെ സ്നേഹിച്ചു , ലാളിച്ചു , ആവും വിധം ആഗ്രഹങ്ങൾ സാധിച്ചുകൊടുത്തു. രണ്ടുപേരും നന്നായി പഠിച്ചു, ഉദ്യോഗസ്ഥരായി . മൂത്തയാൾ ഇവിടെനിന്നു തന്നെ വിവാഹം കഴിച്ചു . കുട്ടികളായി കുടുംബമായി കഴിയുന്നു. ഇളയയാൾ അമേരിക്കയിലേക്ക്  പോയി . അവിടെനിന്നും വിവാഹം കഴിച്ചു , അവിടെ ജീവിക്കുന്നു. "

വെളുത്ത നീണ്ട താടിയുള്ള അയാളുടെ മുഖത്തേക്ക് നോക്കി ഞാൻ മടിച്ചു മടിച്ചു ചോദിച്ചു , "താങ്കൾ എങ്ങോട്ടാണ് എന്നും രാവിലെ ..??". വിഷാദം നിറഞ്ഞ ഒരു ചിരിയോടെ അയാൾ തുടർന്നു, "ജോലി ചെയ്യുന്നുണ്ട് , ഈ എഴുപത്തഞ്ചാം  വയസ്സിലും.   ഒരു മാളിൽ ക്ലീനിംഗ് ആണ്. നല്ല പ്രായത്തിൽ അവിടത്തെ ഒരു ഓഫീസിൽ ജോലി ചെയ്തിരുന്നതാണ്. അത് പറഞ്ഞിട്ട് കാര്യമില്ലല്ലോ. മകൻ വിവാഹം കഴിച്ചുവന്നപ്പോൾ ഞങ്ങളുടെ താമസം ബേസ്‌മെന്റിലേക്കാക്കി . മരുമകളാണ് പറഞ്ഞത് ഞങ്ങളുടെ പ്രാർത്ഥനകൾക്കും വായനയ്ക്കുമൊക്കെ ആരുടേയും ശല്യമില്ലാതെ അവിടെയാണ് നല്ലതെന്ന് .  ഒന്നും തിരിച്ചുപറയാൻ ഭാര്യ സമ്മതിച്ചില്ല. ജീവിതത്തിൽ പലർക്കും ഇങ്ങനെ വഴി മാറിക്കൊടുക്കേണ്ടി വരും എന്നു പറഞ്ഞു അവൾ സമാധാനിപ്പിച്ചു .   റിട്ടയർ ചെയ്ത് സ്വസ്ഥമായിരുന്നപ്പോൾ ആണ് ഒരു ദിവസം മരുമകൾ പറഞ്ഞത്, വെറുതെയിരുന്നാൽ ആരോഗ്യം നശിക്കുമെന്ന് . രാത്രി ക്ലീനിംഗ് ജോലിക്ക് പോകാൻ. രണ്ടാളും പോയിത്തുടങ്ങി,ഉറക്കമിളച്ചു ആരോഗ്യം മോശമായപ്പോൾ അത് നിർത്തി. പിന്നെ അത് പകലാക്കി . നടക്കാൻ പറ്റുന്നതുവരെ പോകണം. മകൻ പറയുമ്പോലെ ഒരിടത്തും "ഫ്രീ ലഞ്ച്" കിട്ടില്ലല്ലോ , സ്വന്തം വീടാണെങ്കിൽ പോലും. "

നനഞ്ഞ കണ്ണുകൾ എന്നിൽ നിന്നും മറയ്ക്കാനെന്നവണ്ണം അയാൾ ദൂരേക്ക് നോക്കിയിരുന്നു. ഒന്നും പറയാതിരിക്കുന്നതാവും നല്ലതെന്ന് തോന്നി ഞാനും മൗനം പാലിച്ചു . ഇത്രയും പ്രായം ചെന്ന സ്വന്തം അച്ഛനെ എങ്ങനെയാവും ജോലിക്കയക്കാൻ ഒരു  പുത്രനു തോന്നുക എന്നോർത്ത് ഞാൻ  അമർഷംകൊണ്ടു.

"പക്ഷേ , നമ്മൾ സ്വന്തം കുഞ്ഞുങ്ങളെ സ്നേഹിക്കാതിരിക്കുമോ? പ്രാണൻകൊടുത്തും നമ്മൾ സ്നേഹിക്കും. മോൾ കുഞ്ഞുങ്ങളെ നന്നായി വളർത്തണം. നല്ല പോലെ പഠിപ്പിക്കണം, നാളെ നല്ല ഉയരങ്ങളിൽ എത്താൻ അവരെ പ്രാപ്തരാക്കണം. പക്ഷേ എപ്പോഴുമൊരു ചിന്ത വേണം. പാറക്കമുറ്റിയാൽ പുതിയ ചില്ലകൾ തേടിപ്പോകേണ്ട പറവകൾ ആണ് അവരെന്ന് . പഴംകഥകളിൽ അവർക്കു താൽപ്പര്യം ഇല്ലാതാവുന്ന ഒരു കാലം വരുമെന്ന്. കാലം നമുക്കായ് കാത്തുവെച്ചിരിക്കുന്ന ഓരോ മാത്രകളിലൂടെയും നമുക്ക് കടന്നുപോയേ മതിയാവൂ എന്ന് ". ഞാൻ മെല്ലെ തലയാട്ടി .

"ഇനി ഒരാഗ്രഹമേ ഉള്ളൂ, ഒന്ന് നാട്ടിലേക്ക് പോകണം, അവിടെ ബന്ധുക്കളാരുമില്ല . പക്ഷേ കുറേ പഴയ ചങ്ങാതിമാരുണ്ട്, ഒരു പഴയ വീടും . കുറച്ചു കൃഷിസ്ഥലങ്ങൾ പാട്ടത്തിനു കൊടുത്തിട്ടുണ്ട് . ഓരോ ദിവസവും കിടക്കുമ്പോൾ ആ ചോളം വിളഞ്ഞ പാടങ്ങളുടെ മണം എവിടെ നിന്നോ ഒഴുകിവരും. ഒരു ഭാംഗ്രയുടെ ഈണം എന്നെ മാടിവിളിക്കും.  ഒടുക്കം എവിടെയായാലും ആറടി മണ്ണു മതിയല്ലോ , അവിടെയാവുമ്പോൾ അതിന്റെ ബില്ല് അടക്കേണ്ടിവരില്ലല്ലോ ", അയാൾ ചിരിച്ചു.

എനിക്കിറങ്ങാനുള്ള സ്റ്റേഷൻ ആയി. ഞാൻ എഴുന്നേറ്റു, "വീണ്ടും കാണാം " എന്ന് ഉള്ളിൽത്തട്ടി പറഞ്ഞുവെച്ചു . പുറത്തേക്കിറങ്ങി നടക്കുമ്പോൾ അകന്നുപോകുന്ന ട്രെയിനിലിരുന്നു അയാൾ എന്റെ നേരെ കൈ വീശുന്നുണ്ടായിരുന്നു .

തിരക്കുകളുടെ ആധിക്യത്തിൽ സിംഗ്ജിയുടെ കഥ ഞാൻ പെട്ടെന്നു മറന്നു .  മാത്രമല്ലാ നല്ല സുഖമില്ലാത്തതിനാൽ രണ്ടു ദിവസമായി ജോലിക്കു പോയിട്ടും . പുതിയ ജോലിയിലേക്ക്  മാറുന്ന തിരക്കുണ്ടെന്ന് പറഞ്ഞിട്ടും ഡോക്ടർ നിർബന്ധമായും ലീവെടുക്കാൻ പറഞ്ഞു. ശബ്ദത്തിലെ വ്യതിയാനം മനസ്സിലാക്കി പരിശോധിച്ചശേഷം "വോയ്‌സ് റെസ്ററ്" എടുക്കണമെന്ന് ഉപദേശിച്ചു . അങ്ങനെ പല വൈകാരിക സന്ദർഭങ്ങളിലും ഒച്ചവെക്കാനും പൊട്ടിത്തെറിക്കാനുമുള്ള അവസരം തൽക്കാലത്തേക്കെങ്കിലും എനിക്ക്  നഷ്ടമായി . എന്റെ സുഹൃത്തു പറഞ്ഞപോലെ ഒരു  വലിയ മഴ പെയ്തു തോർന്ന ശാന്തത .. പതിവുപോലെ അച്ഛനും മക്കളും സർവ്വസന്നദ്ധരായി രംഗത്തിറങ്ങി . വല്ലപ്പോഴും മാത്രം സംഭവിക്കുന്ന അപൂർവ്വ പ്രതിഭാസമായതിനാൽ ഞാൻ അതങ്ങു ആസ്വദിക്കാനും തീരുമാനിച്ചു . ഓരോ ചെറിയ കാര്യത്തിനും ആംഗ്യം കാണിച്ചു ഞാൻ മക്കളെ വിളിച്ചു, അവർ വളരെ സ്നേഹപൂർവ്വം ഓടിവന്നു കാര്യങ്ങൾ തിരക്കി .

ഒരുവിധം ആശ്വാസമായപ്പോൾ ഇന്ന് എഴുന്നേറ്റിരുന്നു. അടുത്തുവന്നിരുന്ന മോനോട് അവന്റെ മുഖം തലോടി പതിയെ പറഞ്ഞു , "വളരെ നന്ദി മോനെ . അമ്മയ്ക്ക് സുഖമില്ലാതിരുന്നപ്പോൾ മോൻ എത്ര നന്നായി കെയർ ചെയ്തു . ജോലിക്കൊന്നും പോവാൻ വയ്യാതെ അമ്മ വയസ്സാവുമ്പോഴും മോൻ ഇങ്ങനെത്തന്നെ നോക്കില്ലേ ? " . അവൻ ഒരു നിമിഷം എന്നെ നോക്കി , "ജോലിക്ക് പോവാൻ വയ്യാതാവുമ്പോൾ........... എന്റെ ടീച്ചർ പറയാറുണ്ട് , ദെയ്ർ ഈസ് നോ ഫ്രീ ലഞ്ച് ഇൻ ക്യാനഡ എന്ന്. എന്നാലും ദാറ്റ് സ് ഓക്കേ അമ്മാ, ഞാൻ നോക്കാം"

മഞ്ഞത്തലപ്പാവു കെട്ടിയ സിംഗ് ജി യുടെ മുഖം പെട്ടെന്ന് എന്റെ മുന്നിൽ തെളിഞ്ഞു . വർഷാവർഷം നാട്ടിലെത്തുമ്പോൾ പതിനൊന്നുമാസത്തെ കാത്തിരിപ്പിന്റെ ക്ഷീണവുമായി നിൽക്കുന്ന അച്ഛനമ്മമാരുടെ മുഖവും മിന്നിമറഞ്ഞു. കാലം കാത്തുവെച്ചിരിക്കുന്ന ഓരോ മാത്രയിലൂടെയും കടന്നുപോയേ മതിയാവൂ എന്നെനിക്ക് ബോധ്യമായി . "വോയ്‌സ് റെസ്റ്റി"നു പകരം "ഫീലിംഗ്സ് റസ്റ്റ്" നിർദ്ദേശിക്കുന്ന കാലവും അതിനുള്ള മരുന്നും പെട്ടെന്ന് വന്നെങ്കിലെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു .
.