Friday, January 25, 2019

ചില നിമിഷങ്ങൾ നമുക്ക് സമ്മാനിക്കുന്നത് വല്ലാത്ത തിരിച്ചറിവുകളാണ് .  അത്തരമൊരു തിരിച്ചറിവാണ് ഇന്നലെ ഒരു ഫോൺ വിളിയുടെ രൂപത്തിൽ എന്നെ തേടിയെത്തിയത് . വൈകിട്ടത്തെ തിരക്കിട്ട പണികൾക്കിടെ ഞാൻ അവളെ ഇടയ്ക്കെപ്പോഴോ ഓർത്തിരുന്നു . കുറച്ചു ദിവസങ്ങളായി വിളിയൊന്നും കാണുന്നില്ല. സാധാരണ ആഴ്ചയിലൊരിക്കൽ ഒരു വിളി പതിവുണ്ട് . വിളിക്കുമ്പോൾ എന്നത്തേയുംപോലെ "എനിക്കറിയാം , നിങ്ങൾക്ക് വല്യ തിരക്കാണെന്ന് . അതാ ഞാൻ വിളിക്കാൻ മടിക്കണേ " എന്നു പറഞ്ഞാണ് തുടങ്ങുക. ഞാനാണെങ്കിൽ എന്റെ മടിയെക്കുറിച്ചും സമയമില്ലായ്മയെക്കുറിച്ചും സ്ഥിരമായി എഴുതിത്തയ്യാറാക്കി വച്ചിരിക്കുന്ന പ്രബന്ധം വായിക്കാൻ തുടങ്ങുന്നതിനും മുമ്പേ അവൾ പറഞ്ഞുനിർത്തും . അടുത്ത ചോദ്യം "നിങ്ങളിപ്പോൾ ഏതു പുസ്തകമാണ് വായിച്ചുകൊണ്ടിരിക്കുന്നത് " എന്നാവും . പിന്നെ, അവൾ വായിച്ചു തീർത്ത പുസ്തകത്തിന് അവളുടേതായ ഒരു നിരൂപണം നൽകും . മറ്റാർക്കും അത്ര പരിചിതമല്ലാത്ത , ഞങ്ങളുടേതായ കുറേ ഭ്രാന്തൻ ആശയങ്ങൾ പങ്കുവെക്കും .

അങ്ങനെ കഴിഞ്ഞയാഴ്ച്ച വിളി എത്താതിരുന്നപ്പോൾ കരുതിയതാണ്  ഇത്തവണയെങ്കിലും അങ്ങോട്ട് വിളിച്ചു അവളെ ഞെട്ടിക്കണമെന്ന് . അപ്പോഴാണ് ഇന്നലത്തെ വിളി .  ഫോൺ എടുത്തപ്പോൾ അവൾ സംസാരിക്കാൻ തുടങ്ങുംമുമ്പേ ഞാനെന്റെ പ്രബന്ധം ഒറ്റശ്വാസത്തിൽ വായിച്ചുകേൾപ്പിച്ചു . കിതപ്പടക്കുമ്പോൾ അവൾ പറഞ്ഞു , "ഞാൻ ഒരു സന്തോഷം പറയാൻ വിളിച്ചതാണ് . അടുത്താഴ്ച്ച  നാട്ടിൽ പോവുകയാ . ഞാനും മോളും  തന്നെയാണ് പോകുന്നത് ".

സാധാരണയായി, ഭർത്താവിന്റെ നിഴലായി നടക്കുന്നവൾ എങ്ങനെ ഒറ്റയ്ക്ക് പോകുന്നു, അതും മൂന്നുമാസത്തേയ്ക്ക് , എന്ന എന്റെ ആകാംക്ഷ മനസ്സിലായിട്ടാവും അവൾ തുടർന്നു , "എനിക്ക് തന്നെ പഴയ ഞാനായി എന്റെ വീട്ടിൽ കുറച്ചുദിവസം ജീവിക്കണം . മോളെ  അമ്മയെ ഏൽപ്പിച്ചിട്ടു വെറുതേ അങ്ങനെ അലസമായിരിക്കണം , മടിപിടിച്ചു... നേരത്തു കഴിക്കാതെ , കുളിക്കാതെ അങ്ങനെ.  വൈകും വരെ അയൽവക്കത്തെ കൂട്ടുകാരോട് വർത്തമാനം പറഞ്ഞിരിക്കണം, വഴക്കടിക്കണം , രാത്രി വൈകി അമ്മൂമ്മയുടെ കൂടെ   നടുത്തളത്തിൽ ഒരു പായ വിരിച്ചു ഉറങ്ങണം. ഇപ്പോൾ പറ്റിയില്ലെങ്കിൽ ഇനി എന്ന്? നിങ്ങൾ അന്ന് എഴുതിയപോലെ , കുഞ്ഞുകുഞ്ഞു മോഹങ്ങൾ ഓരോന്നായി.."

"ഇതൊന്നും ആരോടും പറയാൻ നിൽക്കേണ്ട . വിവാഹശേഷം ഇതൊന്നും നാട്ടുനടപ്പുള്ളതല്ലല്ലോ . സ്വന്തം വീട്ടിൽ പോകൽ തന്നെ വല്യ ചടങ്ങാണ് , അനുവാദം വാങ്ങണം, എന്നു പോകുന്നു , എന്നു തിരിച്ചുവരുന്നു , റൂട്ട് മാപ്പടക്കം എല്ലാം കൃത്യമായി ആരോടെല്ലാം പറയണം. ഒരു ദിവസം വൈകിയാൽ കഴിഞ്ഞു... എന്താല്ലേ , വേരോടെ പിഴുതു മാറ്റാൻ നമ്മളെന്താ കാട്ടുചെടികളോ ?"

പിന്നെയും അവൾ എന്തൊക്കെയോ പറഞ്ഞു , വായിക്കാൻ വാങ്ങിയ പുസ്തകങ്ങൾ തിരിച്ചേല്പിക്കുന്നത് , നാട്ടിലെത്തിയാലുള്ള പ്ലാനുകൾ , വാങ്ങേണ്ട പുസ്തകങ്ങളുടെ ലിസ്റ്റ് ... അങ്ങനെ എന്തെല്ലാമോ .

ഫോൺ വച്ചതിനുശേഷം അവൾ പറഞ്ഞതിനെക്കുറിച്ചു ഞാൻ വീണ്ടും ചിന്തിച്ചു, അലസമായി മടിപിടിച്ചു പഴയ കുട്ടിയായി കുറച്ചു ദിവസങ്ങൾ . അപ്പോഴാണ് ആ തിരിച്ചറിവ് എനിക്കുണ്ടായത്, എത്ര അടർത്തിമാറ്റിയാലും തിരികെയെത്തണമെന്ന മോഹം എവിടെയോ ഒളിച്ചുകിടപ്പുണ്ടെന്ന് . എന്നെ ഞാനായി സ്വീകരിക്കുന്ന കുറെ ബന്ധങ്ങൾ എവിടെയൊക്കെയോ വച്ച് വഴിപിരിഞ്ഞുപോയിട്ടുണ്ട് . കണ്ടതായി ഭാവിക്കാതെ മുഖം തിരിച്ചിട്ടുണ്ട് .

മുഖം കറുപ്പിച്ചുള്ള  സംസാരം കേൾക്കുമ്പോൾ നിറയുന്ന മിഴികൾ തുടപ്പി ച്ചു  "വിട്ടുകള, ഞങ്ങളില്ലേ കൂടെ " എന്ന് പറഞ്ഞു മുന്നോട്ടു നയിച്ച  കുറേപ്പേർ , സ്നേഹത്തിന്റെ ഭാഷയിൽ മാത്രം സംസാരിച്ചവർ , ആടിത്തീർക്കാതെ അരങ്ങിൽനിന്നും ഇടയ്ക്കു വച്ച് പെട്ടെന്നിറങ്ങിപ്പോയവർ , ഒരു യാത്രപോലും പറയാതെ ഹൃദയത്തിൽ നിന്നും  ഞാനിറങ്ങിപ്പോന്നിട്ടും ഇരു കൈയ്യും നീട്ടി തിരികെവിളിക്കുന്നവർ . വല്ലാത്തൊരു സ്നേഹച്ചൂട്  - എത്ര കാലം കഴിഞ്ഞാലും എത്ര അകലെയാണെങ്കിലും അതിങ്ങനെ മാടി വിളിച്ചുകൊണ്ടേയിരിക്കും .

മഴ കഴിഞ്ഞു മഞ്ഞിലെത്തിനിൽക്കുമ്പോൾ  കാര്യങ്ങൾ ആകെ മാറിയിരിക്കുന്നു. എല്ലാം തട്ടിക്കൂട്ടലുകളാണ് , ചിരിയും  ആലിംഗനങ്ങളുമെല്ലാം . ദിവസം മുഴുവനുമുള്ള ഓട്ടം കഴിഞ്ഞു തിരികെയെത്തുമ്പോൾ കുറച്ചു നേരം വെറുതെ കണ്ണുകൾ ഇറുക്കിയടച്ചു ഇരിക്കാൻ തോന്നും . ചവച്ചുതുപ്പിയ വാക്കുകളൊക്കെ മറക്കും , മുഖത്തെ കോപ്രായങ്ങളൊക്കെ മാച്ചുകളയും . എന്നാലും ആ പഴയ നൈർമല്യം എവിടെയോ കൈമോശം വന്നുവല്ലോ എന്ന് സങ്കടപ്പെടും .


ഏപ്പോഴും  ടെൻഷൻ ആവാതെ പോസിറ്റീവ് ആയി സംസാരിക്കൂ, ആളുകളോട് കുറച്ചുകൂടി മയത്തിൽ "നോ" പറയൂ എന്നൊക്കെ  ഭർത്താവ് ഓർമ്മപ്പെടുത്തുമ്പോൾ , അമ്മയ്ക്ക് എല്ലാത്തിനെയും പേടിയാണ്, അമ്മ എന്താണ് വളരാത്തത്  എന്ന് മക്കൾ ചിരിച്ചുതള്ളുമ്പോൾ എവിടെയോ ഇരുന്ന് "സാരമില്ല , നിനക്ക് നീയാവാനേ കഴിയൂ " എന്ന് വളരെ സൗമ്യമായി ആരോ മന്ത്രിക്കുന്നുണ്ട് . വാടിയ മുഖത്ത് നോക്കി , "അയ്യേ, തൊട്ടാവാടി " എന്ന് കളിയാക്കുന്നുണ്ട് .

നെഞ്ചിൽ വല്ലാത്തൊരു മോഹം കൂടികൂട്ടിക്കഴിഞ്ഞിരിക്കുന്നു . എപ്പോഴെങ്കിലും മടങ്ങിപ്പോകണം . പഴയ സൗഹൃദങ്ങളെ  തേടിപ്പോകണം .  നടന്നു മറഞ്ഞ വഴികളിലൂടെ തിരികെ നടക്കണം. എപ്പോഴോ മറന്നിട്ട ഓർമ്മകളെ പൊടിതട്ടിയെടുക്കണം , മനസ്സുകളിലേക്ക് തിരികെച്ചെല്ലണം .


എനിക്കും വേണം കുറച്ചുദിവസങ്ങൾ , പഴയതുപോലെ , ഉത്തരവാദിത്തങ്ങളില്ലാതെ , അലസമായി, മഴയും വെയിലുമേറ്റ് , പഴയ കൂട്ടുകാരോടൊക്കെ കലപില പറഞ്ഞു വഴക്കടിച്ചു ഞാൻ ഞാനായി കുറച്ചുദിവസങ്ങൾ .

പാറി വീഴുന്ന  മഞ്ഞു തുള്ളികൾ കൺപീലികൾ നനയ്ക്കുന്നുണ്ട് , തണുപ്പേറ്റ്‌ മുഖം ചുവന്നു തുടുക്കുന്നുണ്ട്, കയ്യുറകൾ ഊരി മാറ്റി ഒരു കുടന്ന നനുത്ത തൂവെള്ള മഞ്ഞു  വാരിയെടുത്ത് മുകളിലേക്കെറിഞ്ഞു . 

മഞ്ഞുരുകുമ്പോഴും മനമുരുകുമ്പോഴും ഒഴുകുന്നത് ഒരേ നീരുതന്നെ എന്നോർത്ത് ആശ്വാസം കൊണ്ടു  . 

ഓർമകളിലെവിടെയോ ആ പഴയകുട്ടി മഴനനഞ്ഞു, ചെളിവെള്ളം ചവിട്ടിത്തെറിപ്പിച്ചു . ചെമ്പരത്തിയോടും സൂര്യകാന്തിപ്പൂക്കളോടും കിന്നരിച്ചു , കുറുമ്പുകാട്ടി പൊട്ടിച്ചിരിച്ചു , സങ്കടപ്പെടുമ്പോൾ വിതുമ്പിക്കരഞ്ഞു .

"നോക്കൂ , കൈകൾ മരവിക്കുന്നത് അറിയില്ല . നന്നായി മഞ്ഞുപെയ്യുന്നുണ്ട് " തിരിഞ്ഞുനിന്ന് ഉപദേശിക്കാൻ തുടങ്ങിയ ഭർത്താവിനോട് അറിയാതെ പറഞ്ഞുപോയി , "പ്ലീസ് , ഒരു  നിമിഷം, ഞാൻ ഞാനാവട്ടേ ". 

Friday, January 18, 2019

"എന്നാണ് അസ്ഥികൾ നുറുങ്ങുംവിധം നിങ്ങൾ എന്നെയൊന്നു ഇറുകെ പുണരുക? "നേർത്തസ്വരത്തിൽ  അവൾ ചോദിച്ചു . മഷിയെഴുതാത്ത ആ കണ്ണുകളിൽനിന്നും നേർത്ത രണ്ടു നീർച്ചാലുകൾ എപ്പോഴാണ് ആർത്തലയ്ക്കുന്ന പുഴയായി മാറുക എന്നെനിക്ക് ഭയം തോന്നി .  ഭൂമിയുടെ രണ്ടറ്റങ്ങളിലിരുന്നു രണ്ടാത്മാക്കൾ പരസ്പരം ജീവൻകൊടുക്കുന്നതു ഞാൻ വിങ്ങലോടെ കണ്ടു.

ഒരേ ഓഫീസ് മുറി പങ്കിട്ടെടുക്കുന്നവരാണെങ്കിലും ഔദ്യോഗിക കാര്യങ്ങൾക്കപ്പുറം വലിയ വിശേഷങ്ങൾ പങ്കിടലൊന്നും ആദ്യമൊക്കെ ഞങ്ങൾക്കിടയിലില്ലായിരുന്നു. മാത്രമല്ലാ , മുൻകോപക്കാരി , മനുഷ്യപ്പറ്റില്ലാത്തവൾ തുടങ്ങിയ ഒട്ടനവധി വിശേഷണങ്ങൾ ചാർത്തിക്കിട്ടിയ മേലധികാരിയോട് കൂട്ടുകൂടാനും  എനിക്ക് വല്യ താൽപര്യമില്ലായിരുന്നു . ഒരേ ഓഫീസിന്റെ രണ്ടുകോണുകളിലിരുന്ന് ഞങ്ങൾ ഞങ്ങളുടെ ജോലിയിൽ ശ്രദ്ധ ചെലുത്തി .

മെല്ലെമെല്ലെ, അവൾ എന്റെ കുടുംബത്തെക്കുറിച്ചു തിരക്കാനും ഞാൻ കൊണ്ടുവരുന്ന ബീഫ് ഫ്രൈ രുചിച്ചുനോക്കാനും താത്പര്യം കാണിച്ചുതുടങ്ങി . ഉച്ചയൂണുകൾ ഒപ്പമായി . സംസാരങ്ങളിൽ നാടും കുടുംബവും കൂട്ടുകാരും കടന്നുവന്നു . ഇടയ്ക്കിടെ മേലധികാരിയുടെ ഈഗോ പുറത്തെടുക്കുമെങ്കിലും അർഹിക്കുന്ന അവജ്ഞയോടെ അത് ഞാൻ അവഗണിച്ചു .

ഇരുപത്തഞ്ചു വർഷങ്ങൾക്ക്  മുൻപ് ഇരുപതാമത്തെ വയസ്സിൽ കാനഡയിൽ  എത്തിയ  കഥ അന്നത്തെ ഉച്ചയൂണിനാണ് പറഞ്ഞുതുടങ്ങിയത് . ഭാഷയറിയാത്ത നാട്ടിൽ എന്തുചെയ്യുമെന്നറിയാതെ പകച്ചു നിന്നത്. ഇംഗ്ലീഷ് പഠിക്കാൻ പണമുണ്ടാക്കാൻ രാത്രികളിൽ വാഷ്‌റൂമുകൾ വൃത്തിയാക്കുന്ന ജോലിക്കു പോകുമ്പോൾ ഉള്ള അനുഭവങ്ങൾ പങ്കുവെക്കാൻ അവൾ തെല്ലും മടി കാണിച്ചില്ല.

ഭാഷാപഠനത്തിൽ നിർത്താതെ തുടർന്നുപഠിച്ച അനുഭവം  വിവരിച്ചപ്പോൾ  ഒന്നു നിർത്തിയിട്ട്   അവൾ പറഞ്ഞു, "ഒരിക്കൽപ്പോലും എന്റെ മാതാപിതാക്കൾ എന്നോട് ചോദിച്ചില്ലാ , നീ എങ്ങനെ ജീവിക്കുന്നു എന്ന് . എനിക്ക് വാശിയായിരുന്നു വഴി തെറ്റാതെ ജീവിച്ചു കാണിക്കണമെന്ന്".  പിന്നെ തന്റെ കസേര വലിച്ചിട്ട് അവൾ തിരിഞ്ഞിരുന്നു മുന്നിലെ കമ്പ്യൂട്ടർ സ്‌ക്രീനിൽ മിഴികളൂന്നി .

ആ വർഷം നാട്ടിൽ അവധിക്കുപോയിട്ട് തിരിച്ചെത്തിയപ്പോൾ അവളിൽ ചില മാറ്റങ്ങൾ ഞാൻ കാണാതിരുന്നില്ല . ആൾ ഒന്നുകൂടി പ്രസന്നവദനയായിട്ടുണ്ട് , കീഴ്ജീവനക്കാരോടൊക്കെ കുറച്ചുകൂടി മയത്തിൽ പെരുമാറുന്നുണ്ട് , ഇതിലെല്ലാം ഉപരിയായി കൃത്യസമയത്തുമാത്രം ഓഫീസിലെത്തിയിരുന്നയാൾ ഞാൻ എത്തും മുൻപേ ഓഫീസിലുണ്ടാവും . മാത്രമല്ലാ , ഞാൻ കയറിവരുമ്പോൾ സ്ഥിരമായി ആരോടോ ഫോണിൽ നിറഞ്ഞ സന്തോഷത്തിൽ സംസാരിക്കുന്നുമുണ്ടാവും .

തീരെ സംസാരപ്രിയനല്ലാത്ത ഭർത്താവിനെക്കുറിച്ചും കുട്ടികളില്ലാത്ത വീട് സൃഷ്ടിക്കുന്ന ആ വലിയ ശൂന്യതയെക്കുറിച്ചും  പലപ്രാവശ്യം എന്നോട് സൂചിപ്പിച്ചിട്ടുള്ളതിനാൽ തന്നെ, ആ ഫോണിന്റെ അങ്ങേയറ്റത്ത് അവളുടെ ഭർത്താവല്ലെന്ന് ഏതാണ്ട് ഞാൻ ഉറപ്പിച്ചു . ഒരു മലയാളിമനസ്സിന്റെ ചില ഭാഗങ്ങളെല്ലാം ഇപ്പോഴും നിലനിൽകുന്നതുകൊണ്ട് ആ കാണാമറയത്തെ ആൾ ഒരു അസ്വസ്ഥതയായി കുറച്ചുദിവസം എന്നിൽ അവശേഷിച്ചു . ഒരു പ്രണയത്തിന്റെ സംശയാനുകൂല്യം കൊടുത്തു  അതു ഞാൻ മനപ്പൂർവം മറന്നു. .

പിന്നെയും അനവധി തവണ ഞങ്ങൾ ഒരുമിച്ചു ഭക്ഷണം കഴിച്ചു, പലതും സംസാരിച്ചു, ഒരിയ്ക്കലും രാവിലത്തെ ഈ ഫോൺവിളികളെക്കുറിച്ചു ഞാൻ ചോദിക്കുകയോ അവൾ പറയുകയോ ചെയ്തില്ല .

പിന്നീടൊരു ദിവസം പതിവുപോലെ ഓടിക്കിതച്ചു ഞാൻ വന്നുകയറുമ്പോൾ അവൾ കസേരയിലുണ്ട് , ഫോൺ നിശബ്ദമാണ് . എന്റെ നേരെ ഒന്നുനോക്കി ചിരിച്ചെന്നു വരുത്തി കമ്പ്യൂട്ടറിൽ അവൾ കണ്ണുകളാഴ്ത്തി . ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് ചോദിക്കാൻ പറ്റുന്ന ഒരേയൊരു ചോദ്യംചോദിച്ചു ഞാൻ പിൻവാങ്ങി , "ആർ യൂ ഓക്കേ ?"  .

ആ ഒരാഴ്ച്ച അവൾ ഒന്നിലും ഉത്സാഹം കാണിച്ചില്ല . ഫോൺ നിശ്ശബ്ദമായി അവളുടെ മേശപ്പുറത്തിരുന്നു . ഔദ്യോഗിക സംശയങ്ങൾ തീർക്കലിൽ മാത്രം ഞങ്ങളുടെ വാക്കുകൾ ഒതുങ്ങി .

അടുത്തയാഴ്ച ഞാൻ ഊണു കഴിക്കാനിരിക്കുമ്പോൾ അടുത്ത കസേര നീക്കിയിട്ട് അവളും ഇരുന്നു . മുഖവുരയില്ലാതെ പറഞ്ഞുതുടങ്ങി . "എന്റെ സുഹൃത്തിനു സുഖമില്ല , ലൂപ്പസ് ആണ്, അതും ക്രോണിക് . ഇരുപത്തഞ്ചു  വർഷങ്ങൾക്കു ശേഷം ഞാൻ അവനെ കാണുന്നത് കഴിഞ്ഞ വർഷം നാട്ടിൽ പോയപ്പോൾ ആണ് . ഒരുമിച്ചു പഠിക്കുന്ന കാലത്തു അവന് എന്നെ വല്യ ഇഷ്ടമായിരുന്നു, എനിയ്ക്കും . ഞാൻ പക്ഷേ അവനോട് അതൊരിക്കലും തുറന്നുപറഞ്ഞിട്ടില്ല . അവൻ പഠനം തുടർന്നപ്പോൾ എന്റെ വിധി എന്നെ ഇങ്ങോട്ടു കൊണ്ടുവന്നു . പിന്നീടൊരിക്കൽ പോലും ഞങ്ങൾ പരസ്പ്പരം കണ്ടിട്ടില്ല. പറയാതെപോയ ഒരു പ്രണയം നീറലായി മനസ്സിൽത്തന്നെ ആരും കാണാതെ അടച്ചുപൂട്ടിയിട്ടു."

"എന്റെ വിവാഹം കഴിഞ്ഞു . സ്നേഹപൂർവ്വം ഒന്നു സംസാരിക്കാൻകൂടി ശീലമില്ലാത്ത ഒരാൾ എന്റെ ജീവിതത്തിന്റെ ഗതി നിയന്ത്രിക്കുന്നത് ഞാൻ നോക്കിനിന്നു .  വർഷങ്ങൾ യുഗങ്ങളായി കഴിഞ്ഞുപോയി . എനിക്കു സാന്ത്വനമായി ഒരു കുഞ്ഞിന്റെ കരച്ചിൽ   ആ വീട്ടിൽ ഉയർന്നുകേൾക്കില്ലെന്ന യാഥാർഥ്യവും ഞാൻ മനസ്സിലാക്കി . ഊൺമേശയിലെ കണ്ടുമുട്ടലുകളിൽ മാത്രമായി ഞങ്ങളുടെ ബന്ധം . ജോലിയും വീടും മാത്രമായി ഞാൻ ഒതുങ്ങി , ചിരിക്കാൻ മറന്നു , സഹതപിക്കാൻ മറന്നു. "

"പിന്നീടൊരു ദിവസം ഒരു കൗതുകത്തിനു എഫ് ബി യിൽ ഞാൻ അവന്റെ പേര് തിരഞ്ഞു പിടിച്ചു . ഒരു മെസ്സേജ് അയച്ചു . എന്നെ അവൻ ഓർത്തിരിക്കുന്നുണ്ടോ എന്നു തന്നെ സംശയമായിരുന്നു . രണ്ടു ദിവസം കഴിഞ്ഞപ്പോൾ മറുപടി വന്നു , വളരെ അത്ഭുതത്തോടെ വിശേഷങ്ങൾ തിരക്കി . സ്വന്തം വിശേഷങ്ങൾ പങ്കുവെച്ചു . വിവാഹഫോട്ടോ അയച്ചുതന്നു . നാട്ടിൽ വരുമ്പോൾ കാണണമെന്ന് പറഞ്ഞു".

"ഞങ്ങൾ കണ്ടു . പക്ഷേ അവൻ ഒറ്റയ്ക്കാണ് വന്നത് . നടക്കാൻ അൽപ്പം ബുദ്ധിമുട്ടുണ്ടായിരുന്നു . ആവേശപൂർവ്വം അവൻ സംസാരിക്കുന്നത് ഞാൻ നോക്കിയിരുന്നു . മടിച്ചുമടിച്ചു കാലിന് എന്തു പറ്റിയെന്നു ചോദിച്ചു . ചിരിച്ചുകൊണ്ടുതന്നെ വളരെ നിസ്സാരമായി അവൻ രോഗത്തിന്റെ പേര് പറഞ്ഞു . സന്ധികൾക്കു അൽപ്പം വേദനയുണ്ടെന്നും പറഞ്ഞു.  വിശേഷങ്ങളെല്ലാം പങ്കുവെച്ചു ഞങ്ങൾ വഴിപിരിഞ്ഞു ".

"നാട്ടിൽ വന്നശേഷം  വിളിച്ചു , സംസാരിച്ചു, ഭാര്യയേക്കുറിച്ചുള്ള ചോദ്യത്തിന് "വേദനകൾ പങ്കുവയ്ക്കാന് താൽപര്യമില്ലാത്തതിനാൽ അവൾ എന്റെ ജീവിതത്തിൽനിന്നും മുൻപേതന്നെ യാത്രപറഞ്ഞിറങ്ങി" എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു . ഒറ്റയ്ക്കായിപ്പോയ ആ നിസ്സഹായാവസ്ഥ എന്നെ വല്ലാതെ നോവിച്ചു , ഞാൻ ദിവസ്സവും വിളിച്ചു , സന്തോഷപൂർവ്വം സംസാരിച്ചു . ഇരുപത്തഞ്ചു വർഷങ്ങൾക്കു മുൻപ് പടിയിറങ്ങിപ്പോയ പറയാത്തൊരു പ്രണയം വീണ്ടും എവിടെനിന്നോ എത്തിനോക്കി ."

നിറഞ്ഞുവന്ന കണ്ണുകൾ തുടയ്ക്കാൻ ഞാൻ മുന്നിലിരുന്ന ടിഷ്യു ബോക്സ് അവൾക്കു നേരെ നീട്ടി . കണ്ണുകൾ അമർത്തിത്തുടച്ചു അവൾ തുടർന്നു .

"കുറച്ചു ദിവസങ്ങൾക്കു മുൻപ് വിളിക്കുമ്പോൾ അവൻ പറഞ്ഞു, വേദന സഹിക്കാൻ പറ്റുന്നില്ലെന്ന് . വേദനസംഹാരികൾ കഴിച്ചു മടുത്തെന്ന് . ജീവിക്കാനുള്ള ആഗ്രഹംപോലും തീർന്നുവെന്ന്. ചിരിക്കുമ്പോഴും അവന്റെ ഉള്ളിലടക്കിയ കരച്ചിൽ എനിക്ക് കേൾക്കാമായിരുന്നു . അതിനു ശേഷം അവൻ വിളിക്കാറില്ല . എന്റെ തുടർച്ചയായ മെസ്സേജിന് വല്ലപ്പോഴും ഒരു മറുപടി അയയ്ക്കും, സുഖമാണ് എന്ന ഒറ്റവരി നുണ ."

കുറേദിവസത്തേക്ക് ഞങ്ങൾ ഈ വിഷയം സംസാരിച്ചില്ല . "ലൂപ്പസ്" ഒരു പേടിസ്വപ്നമായി ഞാൻ ഗൂഗിളിൽ തെരഞ്ഞു , വായിച്ചു സങ്കടപ്പെട്ടു .

ഇന്ന് വന്നുകയറുമ്പോൾ അവളുടെ ഫോൺ ബെല്ലടിക്കുന്നു , ആകാംക്ഷയിൽ അവൾ ഫോണെടുത്തു . എന്തോ മെല്ലെ ചോദിച്ചു , ചെറിയ മൂളലുകളിലും തേങ്ങലുകളിലും സംസാരം തുടർന്നു .  ഒടുവിൽ പൊട്ടിക്കരഞ്ഞു , പിന്നെ നേർത്ത സ്വരത്തിൽ അവൾ ചോദിച്ചു , "എന്നാണ് അസ്ഥികൾ നുറുങ്ങും വിധം  നിങ്ങൾ എന്നെയൊന്നു ഇറുകെ പുണരുക? " . ഫോൺ ചെവിയിൽ ചേർത്തു വച്ച് അവൾ വീണ്ടും  വിതുമ്പിക്കരഞ്ഞു കൊണ്ടിരുന്നു .

ഞാൻ വിളിച്ചില്ല , പതിവ് ചോദ്യം ചോദിച്ചതുമില്ല , മതിയാവോളം കരയട്ടെ ,  സങ്കടങ്ങളൊക്കെ ഒഴുക്കി കളയട്ടെ. ശരിതെറ്റുകൾ ചികയാൻ നിൽക്കാതെ ഞാൻ എന്റെ ഫയലുകളിൽ അഭയം തേടി.