രണ്ടു ദിവസമായി നല്ല മഴയാണ്. മൗനമായി പെയ്തൊഴിയുന്ന ഇവിടുത്തെ മഴകൾ ശ്രദ്ധയിൽ പെടുന്നത് അപൂർവ്വമാണ് .
രണ്ടു മാസം മുൻപ് "വർക്ക് ഫ്രം ഹോം " തുടങ്ങിയതിൽ പിന്നെ ദിവസത്തിന്റെ ഭൂരിഭാഗവും ഈ ജനാലയ്ക്കരികിൽ ഇരിക്കുന്നതുകൊണ്ട് വെയിൽ തെളിയുന്നതും മാനം കറുക്കുന്നതും മഴയായി പൊഴിയുന്നതും ഒക്കെ കൃത്യമായറിയുന്നുണ്ട്. ആകാശത്തിന് ഇത്ര മനോഹാരിതയുണ്ടെന്നും തെളിഞ്ഞ ആകാശവും ശാന്തമായ കടലും ഒരേ നിറവും സൗന്ദര്യവും പങ്കുവെയ്ക്കുന്നുവെന്നും ഒക്കെ മനസ്സിലാക്കിയതും ഈ വലിയ ചില്ലു ജാലകത്തിനിപ്പുറം ഇരുന്ന് പുറത്തേക്ക് നോക്കിത്തുടങ്ങിയപ്പോൾ ആണ് .
വെള്ളിയാഴ്ച്ചകളിലെ എഴുത്തിനും ട്രെയിൻ യാത്രയ്ക്കിടയിലെ വായനയ്ക്കും ഒക്കെ മാറ്റം വന്നിരിക്കുന്നു. കണ്ണടച്ചു തുറക്കുന്ന നേരത്തിൽ ലോകം മാറിയിരിക്കുന്നു . ഒരവധി കിട്ടിയാൽ പുറത്തേയ്ക്കു പായുന്ന നമുക്ക് ലോകം മുഴുവനും ചുരുങ്ങി വീടിന്റെ നാലുകോണുകളിലായിരിക്കുന്നു. ശരിക്കും വീടിനു ഇത്ര ജീവനും ജീവിതവും ഉണ്ടെന്നും മനസ്സിലായതും ഇപ്പോഴാണ്.
ജീവിതത്തിൽ പലതും തിരിച്ചറിഞ്ഞ സമയം കൂടിയായിരുന്നു ഇത് . അല്ലെങ്കിലും അനുഭവങ്ങളിൽനിന്നാണല്ലോ നമ്മൾ ഏറ്റവും നന്നായി പഠിക്കുന്നത് .
കൊറോണ വാർത്തകൾ കേട്ടു തുടങ്ങുമ്പോൾ തന്നെ ചെറിയൊരു ടെൻഷൻ മനസ്സിൽ ഉണ്ടായിരുന്നു. സ്കൂളുകൾ അടച്ചതിനാൽ കുട്ടികൾ ഒരു പരിധിവരെ സുരക്ഷിതരായിരിക്കും എന്നത് വലിയൊരു ആശ്വാസമായിരുന്നു. ജോലിയുടെ സ്വഭാവം വെച്ചു വീട്ടിലിരുന്നു ചെയ്യാനുള്ള സാദ്ധ്യത വളരെ കുറവായിരുന്നു. പക്ഷേ, സർക്കാർ വളരെ കണിശമായ നടപടികൾക്ക് ഒരുക്കം തുടങ്ങിയതോടെ മാർച്ച് പകുതിയായപ്പോഴേക്കും ജോലി വീട്ടിൽ നിന്നായി . ട്രെയിനിംഗ് പ്രോഗ്രാമുകൾ എല്ലാം "വെർച്യുൽ " ആക്കി. അങ്ങനെ ആധികൾക്കൊക്കെ ഒരു താൽക്കാലിക വിരാമമായി.
രോഗികളുടെ എണ്ണവും മരണവും ഒരേപോലെ കുതിച്ചുയരുകയും 24 മണിക്കൂറും ചാനലുകൾ അത് മാത്രം സംപ്രേക്ഷണം ചെയ്തു തുടങ്ങുകയും ചെയ്തപ്പോളും നമ്മുടെ കൊച്ചു കേരളത്തിലെ പ്ലാനിങ്ങും നടപടികളും തെല്ലൊന്നുമല്ല ആശ്വാസം തന്നത്. എല്ലാ ദിവസ്സവും വീട്ടിലേക്ക് വിളിച്ചും വീഡിയോ ചാറ്റ് ചെയ്തും അവരൊക്കെ സുരക്ഷിതരാണെന്ന് ഉറപ്പാക്കിക്കൊണ്ടിരുന്നു.
ജീവിതം നിരപ്പായ റോഡിലൂടെ ഒരേ താളത്തിൽ കുറെയങ്ങു പോയ്ക്കഴിയുമ്പോൾ പടച്ചവൻ ഒരു ബ്രേക്ക് ചവിട്ടലുണ്ട് . സീറ്റ് ബെൽറ്റിട്ടിരുന്നാലും നമ്മൾ അപ്രതീക്ഷിതമായ ആ ബ്രേക്കിൽ മുന്നോട്ടൊന്ന് ആയും, അത്രയും നേരം അലസമായിരുന്നവർ ഒന്ന് കൂടി വഴിയിൽ ശ്രദ്ധിച്ചിരുന്നു തുടങ്ങും.
ജോലിസ്ഥലത്തും ഒന്ന് രണ്ടുപേർ കൊറോണ ബാധിതരായി എന്ന വാർത്തയുമായാണ് ഒരു വൈകുന്നേരം ഭർത്താവ് കയറിവന്നത്. രോഗം ഈ വഴിക്കൊന്നും വരില്ലെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ആൾ വന്നയുടനെ കുളിച്ചു കഴിഞ്ഞാണ് ഞങ്ങളുടെ അടുത്തേയ്ക്കു വന്നത്. ആശങ്കയിലായിരുന്ന എന്നോട് "പേടിക്കാനൊന്നുമില്ല , അവർ നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരാണ് " എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു. വരും ദിവസങ്ങളിൽ കൂടുതൽ പേര് രോഗികൾ ആകാതിരുന്നതും മറ്റു സ്ഥലങ്ങളിലേക്കുള്ള ഷെഡ്യൂളുകൾ റദ്ദാക്കി ആൾ ഒരു സ്ഥലത്തു തന്നെ കൂടിയതുകൊണ്ടും ജീവിതം വലിയ ആശങ്കയില്ലാതെയും എന്നാൽ കരുതലോടെയും പിന്നെയും പോയി.
അപ്പോൾ ആണ് നിരപ്പായ വഴികൾ തീർന്നെന്ന പടച്ചവന്റെ സന്ദേശം ഭർത്താവിന്റെ മാനേജർ വഴി ഒരു വൈകുന്നേരം നമുക്ക് കിട്ടുന്നത്.
കൊറോണ ബാധിതരുള്ള ഒരു ഫെസിലിറ്റിയിലേക്കുള്ള "എമർജൻസി ടീമി"ൽ അടുത്ത ദിവസ്സം മുതൽ ജോലി . അതും സ്വന്തം ജോലിയല്ല , രോഗികളുടെ കൂടെ അവരുടെ രോഗാവസ്ഥയിലെ ഓരോ വ്യതിയാനങ്ങളും ശ്രദ്ധിച്ചു . വാർത്ത കിട്ടിയ അന്ന് ഉറക്കം വന്നിട്ടില്ല. ജോലി കഴിഞ്ഞു വന്നാൽ ക്വാറന്റീൻ വേണ്ടിവരും. ആ രാത്രി തന്നെ വേറൊരു മുറി ആൾക്കായി ഒരുക്കി. അത്യാവശ്യം വേണ്ട സാധനങ്ങൾ അവിടെയാക്കി , വേറെ വാഷ്റൂമും . ജോലിക്കു പോകാൻ രണ്ടു ജോഡി ഡ്രസ്സ്, അധിക ജോഡി ഷൂ , അവിടെ നിന്നും കുളിച്ചിട്ടു വരാൻ വേണ്ട സാധനങ്ങൾ എല്ലാം എടുത്തു വെച്ചു .
ജോലി തുടങ്ങി ആദ്യ ദിവസ്സം തന്നെ സംഗതിയുടെ ഗൗരവം മനസ്സിലായി. സുരക്ഷാ കവചങ്ങൾ ധരിച്ച ആ ഫോട്ടോ കണ്ടപ്പോൾ തന്നെ എന്റെ മനസ്സ് പതറി. വൈകിട്ട് ജോലി കഴിഞ്ഞു വരുമ്പോൾ വീടെത്തും മുൻപേ വിളിക്കും. വാതിൽ തുറന്നിടണം, അണുനാശിനികൾ പുറത്തു വയ്ക്കണം , ഞാനും മക്കളും മാറി നിൽക്കണം. നേരെ വീണ്ടും വാഷ്റൂമിലേക്ക് . രണ്ടാമത്തെ കുളിയും കഴിഞ്ഞു എല്ലാ വസ്ത്രങ്ങളും കഴുകാനിടും. രോഗവാഹകനാകാമെന്ന് സാധ്യത ഉള്ളതുകൊണ്ട് മക്കളോട് അടുത്ത് വരേണ്ട എന്ന് വിലക്കി. അങ്ങനെ കുറച്ചു ദിവസ്സം.
അപ്പോഴേക്കും മുന്നിലെ ആ വലിയ കുഴികണ്ട് പടച്ചവൻ ബ്രേക്ക് അങ്ങ് ചവിട്ടി. അതിന്റെ ആഘാതത്തിൽ ഞങ്ങൾ വളരെ ശക്തമായൊന്നു കുലുങ്ങി.
പതിവിലും നേരത്തെയാണ് അന്ന് ജോലികഴിഞ്ഞു വിളിച്ചത്. നേരത്തെ കഴിഞ്ഞിട്ടുണ്ടാവും എന്ന് കരുതി ഞാൻ വാതിൽ തുറന്നിട്ടു , ആളെ ദൂരെ നിന്ന് കണ്ടപ്പോഴേ എന്തോ പന്തി കേടു തോന്നി, മാസ്ക് വച്ചിട്ടുണ്ട് . കയറി വരുന്ന വഴി പറഞ്ഞു, "സുഖമില്ല, അതിശക്തമായ തലവേദന, ചുമയുണ്ട്, തൊണ്ട വല്ലാത്ത വേദന " പറയുന്നതിനിടയിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടു ഞാൻ തിരക്കി. "ശ്വാസം മുട്ടും ചെറുതായുണ്ട്, ലക്ഷണങ്ങൾ ഉള്ളതുകൊണ്ട് ടെസ്റ്റ് ചെയ്യണമെന്ന് പറഞ്ഞു നേരത്തെ വിട്ടതാണ് ".
നമ്മൾ മനുഷ്യർ വല്ലാത്ത ആത്മവിശ്വാസക്കാരാണ് . നൈമിഷികമായ ഈ ജീവിതത്തിൽ വല്ലാതങ്ങു പ്ലാൻ ചെയ്തുകളയും . നമുക്ക് ഒന്നും വരില്ലെന്ന് ഉറച്ചു വിശ്വസിക്കും , അദൃശ്യനായ ആരോ നമുക്ക് ചുറ്റും പതുങ്ങി നടപ്പുണ്ടെന്ന് അറിയാമെങ്കിലും കൂട്ടിമുട്ടുന്നതുവരെ അതെല്ലാം കെട്ടുകഥകളായി കയ്യൊഴിയും.
ഒരു നിമിഷം ഞാൻ മൊത്തം ശൂന്യമായിപ്പോയി , അടുത്ത് ചെല്ലണമെന്നും പനിയുണ്ടോ എന്ന് നോക്കണമെന്നും ഉണ്ട്. പുറം ഒന്ന് തടവി "ശരിയായിക്കോളും" എന്ന് പറയണമെന്നുണ്ട്. പക്ഷേ "രണ്ടു മീറ്റർ ദൂരം" രണ്ടായിരം കിലോമീറ്റർ പോലെ എനിക്ക് മുന്നിൽ നീണ്ടു കിടക്കുകയാണ്. കുഞ്ഞുങ്ങളെ നോക്കി, രണ്ടുപേരും ഷോക്കായി നിൽക്കുകയാണ്. ചെയ്യാനുള്ള വളരെ പരിമിതമായ കാര്യങ്ങൾ ചെയ്യുക, അത്രേയുള്ളു എന്ന് മനസ്സിനെ പറഞ്ഞുപഠിപ്പിച്ചു .
അനിയൻ ഹോമിയോ ഡോക്ടറാണ് , സമയമൊന്നും നോക്കിയില്ല, അവനെ വിളിച്ചു കാര്യം പറഞ്ഞു, എല്ലാ വർഷവും നാട്ടിൽ പോകുമ്പോൾ കൊണ്ടുവരാറുള്ള ഹോമിയോ മരുന്നുകളുടെ ലിസ്റ്റ് അയക്കാൻ അവൻ പറഞ്ഞു. അതിൽ നിന്നും കൊടുക്കേണ്ട മരുന്നുകൾ അവൻ പറഞ്ഞു. റഫിയുടെ മുറിയുടെ പുറത്തു ചെറിയൊരു മേശ ഇട്ടു. മരുന്നുകൾ അവിടെ വെച്ചു, ഭക്ഷണവും കുടിക്കാനുള്ള ഇഞ്ചി വെള്ളവും വെച്ചു . ഇതിനിടയിൽ ഹെൽത്ത് ലിങ്കിൽ വിളിച്ചു, ലക്ഷണം കേട്ടപ്പോൾ അവർ കണിശമായും ഐസൊലേഷൻ വേണമെന്ന് പറഞ്ഞു . ടെസ്റ്റിനു രണ്ടു ദിവസ്സം സമയം എടുക്കുമെന്ന് പറഞ്ഞു.
റമദാൻ വ്രതം തുടങ്ങിയ ദിവസമായിരുന്നു അത്. എനിക്കും മക്കൾക്കും നോമ്പാണ്, വൈകിട്ട് ഭക്ഷണം ഉണ്ടാക്കി, നോമ്പ് തുറന്നപ്പോൾ അത്രയും നേരം കരുതിവച്ചിരുന്ന ധൈര്യമൊക്കെ ചോർന്നുപോയതുപോലെ. കണ്ണുകൾ നനഞ്ഞു, മക്കൾ എന്നെ ചേർന്നുനിന്നു, "blessed റമദാൻ അല്ലേ , നമ്മൾ ജയിക്കും അമ്മീ " എന്ന് പറഞ്ഞു .
രാത്രി കിടന്നിട്ടുറക്കം വരുന്നില്ല, ചുമ കേൾക്കാം, എഴുന്നേറ്റു പോയി മുറിക്കു പുറത്തുനിന്ന് നോക്കി , ചെറിയ വെളിച്ചത്തിൽ ആളെക്കാണാം, ആ മുറിയുടെ പുറത്തു നിലത്തു ഇരുന്നു കുറെ നേരം, ഒറ്റയ്ക്കിട്ടുപോകാൻ ഒരു പേടിപോലെ . ടെസ്റ്റ് എടുക്കുന്ന ദിവസ്സം രാവിലെ വരെ രണ്ടു മണിക്കൂർ ഇടവിട്ടു ഹോമിയോ മരുന്നുകൾ കൊടുത്തു. തലയുടെ മരപ്പു കുറയുന്നുണ്ടെന്നു പറഞ്ഞു. ടെസ്റ്റ് കഴിഞ്ഞു റിസൾട്ട് വരാൻ വീണ്ടും രണ്ടു ദിവസ്സം.
ഒരു ദിവസ്സം നിസ്കരിച്ചിട്ടു എഴുന്നേൽക്കുമ്പോൾ മോൻ ചോദിച്ചു, "എന്നാണ് നമ്മളെല്ലാവരും ഒന്നിച്ചു ഇരിക്കുക ?" അവന്റെ മുഖം വാടിയിരുന്നു, "മോന് പേടിയുണ്ടോ?" എന്റെ ചോദ്യം കേട്ടതും അവൻ കരഞ്ഞു തുടങ്ങി, ആ കരച്ചിലിനിടയിലൂടെ അവന്റെ കുഞ്ഞു മനസ്സിലെ ആധി പുറത്തുവന്നു, "if its positive, will he be gone?". ഞാൻ അവനെ എന്റെയടുത്തു നിസ്കാരപ്പായയിൽ ഇരുത്തി, അങ്ങനെയുണ്ടാവില്ലെന്നും പോസിറ്റീവ് ആയാലും കുറച്ചുദിവസം കൊണ്ട് ഭേദമാകുമെന്നും ബോധ്യപ്പെടുത്തി.
എന്തായാലും വലിയൊരു മിറക്കിൾ പോലെ റിസൾട്ട് നെഗറ്റീവ് ആയി. ലക്ഷണങ്ങൾ മാറാത്തതിനാൽ അത് "false negative "ആകാമെന്നും ഐസൊലേഷൻ തുടരാനും ഹെൽത്ത് ലിങ്കുകാർ നിർദ്ദേശിച്ചു.
അങ്ങനെ 16 ദിവസങ്ങൾ. ലക്ഷണങ്ങൾ ഓരോന്നായി കുറഞ്ഞു പൂർണ്ണമായും മാറി . കഴിഞ്ഞ ആഴ്ചമുതൽ ആൾ വീണ്ടും പഴയ സ്ഥലത്തു ജോലിക്കുപോയിത്തുടങ്ങി. ഇതിനിടയിൽ ഫെസിലിറ്റിയിൽ രോഗികൾ വളരെയധികം കൂടുകയും മരണങ്ങൾ ഉണ്ടാവുകയും ചെയ്തതുകൊണ്ട് ആരോഗ്യവകുപ്പ് അത് വേറൊരു ഏജൻസിയെ ഏൽപ്പിച്ചു.
ഈ പതിനാറു ദിവസ്സങ്ങളിൽ ജീവിതം ഒരുപാട് മാറി, ഓരോ ദിവസ്സവും രാവിലെ ഉണരുമ്പോൾ നമ്മൾക്ക് ജീവനുണ്ടെന്നതും നമ്മൾ എഴുന്നേറ്റു നടക്കുന്നുണ്ടെന്നതും തന്നെയാണ് ഏറ്റവും വലിയ അനുഗ്രഹമെന്ന് മനസ്സിലായി. ഒരാൾക്കെങ്കിലും പ്രയോജനപ്പെട്ടില്ലെങ്കിൽ നാം നേടുന്നതെല്ലാം വ്യർഥമാണെന്ന് ഓരോ രാവും ഓർമ്മിപ്പിച്ചു . പരാതികളേ ഇല്ലാതായി. താങ്ങുണ്ടാവുമ്പോഴേ തളരൂ എന്ന് മനസ്സ് തിരിച്ചറിഞ്ഞു .
ഈ ദിവസ്സങ്ങൾ ഞാൻ ഒറ്റയ്ക്കായിരുന്നില്ല. പലപേരുകളും മറന്നിട്ടല്ല പറയാത്തത് , പറയാനുള്ള വാക്കുകൾ തികയാഞ്ഞിട്ടാണ് - ലോകത്തിന്റെ അങ്ങേക്കൊണിലിരുന്നു രാവും പകലും ഒരുപോലെ നിർദ്ദേശങ്ങളും ആശ്വാസങ്ങളുമായി കൂടെ നിന്ന കൂടപ്പിറപ്പ് , വളരെപ്പെട്ടെന്ന് എന്നെക്കാൾ മുതിർന്നു എനിക്കുചുറ്റും തണൽവിരിച്ച മക്കൾ, കൃത്യമായി വിളിച്ചു ആവശ്യങ്ങൾ തിരക്കി സാധനങ്ങൾ വാങ്ങി വരാന്തയിലെത്തിച്ച കൂടെപ്പിറക്കാതെപോയ എന്റെ സഹോദരങ്ങൾ, എല്ലാ ദിവസ്സവും ഫോണിൽ വിളികളായും സന്ദേശങ്ങളായും പറന്നിറങ്ങി എന്നെ ഒറ്റയ്ക്കാവാൻ സമ്മതിക്കാഞ്ഞ സുഹൃത്തുക്കൾ .......
പിന്നെ, ഇതൊന്നും മാതാപിതാക്കളെ അറിയിക്കാതെ, ഓരോ തവണ അവർ വിളിക്കുമ്പോഴും "റഫി തിരക്കിലാണ്, കുളിക്കുവാണ് , ഉറങ്ങുവാണ് " എന്നൊക്കെ എന്നെക്കൊണ്ട് പറയിച്ച, എന്റെ പതം പറച്ചിലുകൾക്കിടയിലും ശാഠ്യത്തിലും കരച്ചിലുകളിലും എന്റെ കൂടെ നടക്കാതെ എന്നെ എടുത്തു നടന്ന എന്റെ സ്വന്തം സൃഷ്ടാവ് ... നിര നീളമേറിയതാണ്.
പുറത്തു കാറു മൂടിയ ആകാശം തെളിയുന്നുണ്ട്. മഴ നേർത്തു വരുന്നു. നോമ്പ് തീരുകയാണ്, പക്ഷേ അനുഗ്രഹങ്ങൾ അവസാനിക്കുന്നതേയില്ല , സ്നേഹത്തണലുകളും. പെരുന്നാൾ പിറ തെളിഞ്ഞുയരുമ്പോൾ മനസ്സിലുറപ്പിക്കാം, ഈ പെരുന്നാൾ കരുതലിന്റെതാവട്ടെ , ശരീരങ്ങൾ അകന്നിരിക്കുമ്പോഴും മനസ്സുകൾ കെട്ടിപ്പിടിയ്ക്കട്ടേ , മൈലാഞ്ചി മൊഞ്ചുകൾ കനിവുകൾ നിറയ്ക്കട്ടെ.