Tuesday, December 28, 2021


മൗനം കനയ്ക്കുന്ന മനസ്സിന്റെ വഴിത്താരകൾക്കാണ് 

മഞ്ഞുമൂടിയ ഡിസംബറിന്റെ നടപ്പാതകളേക്കാൾ മരവിപ്പ്.. 


ഓർമ്മകളിൽ വഴുതിവീഴാതെ മെല്ലെമെല്ലെ 

പാദങ്ങളെടുത്തുവെച്ചു നടക്കണം

കണ്ണുനീർ മൂടി അവ്യക്തമാകുന്ന കാഴ്ചകളുടെ കണ്ണട 

ഇടയ്ക്കിടെ തുടച്ചുവൃത്തിയാക്കണം 

അനന്തതയിലേക്ക് നീളുന്ന കാത്തിരിപ്പിന്റെ തണുപ്പിറങ്ങാതിരിക്കാൻ  

മുഴുനീളൻ കുപ്പായത്തിലേയ്ക്ക് ചേക്കേറണം

പ്രിയമുള്ളവരുടെ വഴിമുടങ്ങാതിരിക്കാൻ 

കനവുകൾ കോരിമാറ്റി നടപ്പാത തെളിച്ചിടണം 

സ്നേഹത്തിന്റെ നാട്യം പെയ്തൊഴിയുമ്പോൾ 

അതിലൊരു മഞ്ഞുമാലാഖയാവണം.


ഇലപൊഴിഞ്ഞൊരീ  മേപ്പിൾ മരങ്ങളിൽ പൂക്കും 

നനുനനുത്തൊരാ  മഞ്ഞിൻകണങ്ങൾ പോൽ 

തനുവുണക്കുമീ ഗദ്ഗദങ്ങളിൽ വീണ്ടും 

നിറവുനൽകുവാൻ ഓർമ്മകളെത്തണം 

നഗ്നമാക്കപ്പെട്ട ശിഖരങ്ങളിൽ വീണ്ടും 

കനവുപൂക്കുന്നൊരു കാലമെത്തണം 




Friday, November 5, 2021

"നമ്മുടെ പിറന്നാളല്ലേ, ഇനിയും നീയൊന്നും എഴുതുന്നില്ലേ?" ചോദ്യം കേട്ട്  തിരിഞ്ഞു നോക്കി. ക്രച്ചസിൽ ഊന്നി ആൾ തൊട്ടുപിറകിൽ തന്നെ നിൽക്കുന്നുണ്ട്. 

നോട്ടം ആ ക്രച്ചസിൽ തട്ടി നിൽക്കുമ്പോൾ മനസ്സ് ഒന്ന് പിടച്ചു.

എഴുതാനിരുന്നിട്ടു ഒരുപാട് നാളായി. ആദ്യമൊക്കെ മടിയായിരുന്നു, പിന്നീടതിന് "റൈറ്റേഴ്‌സ് ബ്ലോക്ക് " എന്ന ഓമനപ്പേരിട്ടു വിളിച്ചു . പിന്നീടെപ്പോഴോ എഴുതണമെന്നോർത്തു ലാപ്‌ടോപ്പിനു മുന്നിലിരുന്ന വൈകുന്നേരമാണ് ആ വിളിയെത്തിയത്.

നമ്മുടെയൊക്കെ ജീവിതം എത്ര പെട്ടെന്നാണ് മാറിപ്പോവുന്നത് ! ചിരിച്ചും ബഹളം വെച്ചും നടക്കുന്ന നമ്മളൊക്കെ എത്ര പെട്ടെന്നാണ് ഒരു ആസ്പത്രി മുറിക്കു മുന്നിൽ വിചാരങ്ങളും വികാരങ്ങളും അടക്കി വെച്ച് മൗനത്തിലേക്കു ആണ്ടുപോവുന്നത് ! കവിളുകളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീർച്ചാലുകളെ മറന്ന് നെഞ്ചിനുള്ളിലെ നൊമ്പരങ്ങളിൽ തരിച്ചു നിൽക്കുന്നത് ! ഒരു ഭിത്തിയ്ക്കപ്പുറം ചിറകൊടിഞ്ഞ പക്ഷിയെപ്പോലെ പറക്കാനാവാതെ കേഴുന്നത് !

നാം നൊമ്പരപ്പെടുന്നത് എപ്പോഴാണെന്ന് ചിന്തിച്ചിട്ടുണ്ടോ? അത് നമുക്ക് മുറിവേൽക്കുമ്പോഴല്ലാ, നമ്മുടെ ജീവന്റെ നാഡിമിടിപ്പായ മറുപകുതിയ്ക്ക് മുറിവേൽക്കുമ്പോഴാണ്. അയാൾ അനുഭവിക്കുന്ന വേദനകൾ നമ്മിലേയ്ക്ക് പറിച്ചെടുക്കാൻ കഴിവില്ലാതെ നിസ്സഹായയായി നോക്കി നിൽക്കുമ്പോഴാണ്. ഇന്നലെവരെ പരിഭവിച്ച നാവ് മൗനം ഭുജിക്കുമ്പോഴാണ് .താങ്ങായി നിന്ന കൈകൾ പെട്ടെന്ന് തളർന്നുവീഴുമ്പോഴാണ്. 

അപ്പോഴാണ് പടച്ചവന്റെ സ്നേഹവും അതിന്റെ ആഴവും നാം മനസ്സിലാക്കുന്നതും.  ഈ നിമിഷവും കടന്നു പോകുമെന്ന് നമ്മോടു പറയാതെ പറയുന്നതും മറ്റാരുമല്ല. ചേർത്ത് നിർത്തിയ പലരിലും കാണാനായതും ആ ചൈതന്യം തന്നെ.

അതെ, ഈ പിറന്നാൾ വിശേഷപ്പെട്ടതു തന്നെയാണ്. അറിഞ്ഞനാൾ മുതലിങ്ങോട്ട് ഇത്രയധികം സമയം ഒരുമിച്ചു ചെലവഴിച്ചിട്ടില്ല. കൈപിടിച്ച് നടത്തി ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ഇത്ര നിഷ്കളങ്കമായി സ്നേഹിച്ചിട്ടില്ല. വേദനകൾ പൊള്ളിക്കുമ്പോഴും തത്വശാസ്ത്രങ്ങൾ പറഞ്ഞു ചിരിച്ചിട്ടില്ല. തിരക്കുകളിൽ നഷ്ടമായതൊക്കെ ഞങ്ങൾ തിരിച്ചുപിടിക്കുകയാണ്. 

അപ്പോൾ പിന്നെ നാല് വരിയെങ്കിലും കുറിയ്ക്കാതെ വയ്യ. ജീവിതത്തിലെ നിസ്സഹായാവസ്ഥകളിൽ താങ്ങായി ചുറ്റും നിന്നവർക്ക്, ഇരുവശവും നിന്ന് അമ്മയ്ക്ക് താങ്ങായ കുഞ്ഞുമക്കൾക്ക് , എല്ലാത്തിനുമുപരി ഇനിയും ഒരുപാട് പിറന്നാളുകൾ ഒരുമിച്ചു കാണാൻ , എന്റെ പ്രാണനെ ഉള്ളം കൈയ്യിൽ കോരിയെടുത്തു എനിയ്ക്കു  നീട്ടിത്തന്ന പടച്ചവന് നന്ദി .

ഇന്ന്  പിറന്നാളാണ്,  എനിയ്ക്കും എന്റെ പ്രിയനും..



Wednesday, July 7, 2021

ചില തടാകങ്ങളുണ്ട്, വളരെ ശാന്തമായി കുഞ്ഞോളങ്ങളിൽ നമ്മെ കൊതിപ്പിച്ചു നീലയും പച്ചയും കലർന്നൊരു നിറത്തിൽ വിശാലമായി കിടക്കുന്നവ. കുറെ നേരം അതിലേയ്ക്ക്  നോക്കിയിരുന്നാൽ അവാച്യവും വശ്യവുമായൊരു ഗൂഢസ്മിതത്തോടെ അത് നമ്മളെ മാടിവിളിക്കും. 

ആദ്യമൊക്കെ ഒന്നു മടിച്ചു പിന്നെ നാം മെല്ലെമെല്ലെ അതിനു അരികിലെത്തി നിൽക്കും. അപ്പോൾ കുഞ്ഞോളങ്ങൾ വന്ന് പതിയെപ്പതിയെ നമ്മുടെ പാദങ്ങളെ തഴുകിത്തുടങ്ങും. ആദ്യത്തെ തണുപ്പകലുമ്പോൾ നാം കുറച്ചുകൂടി തടാകത്തിലേയ്ക്ക് ഇറങ്ങി നില്കും. പാദങ്ങൾ കടന്ന് കണങ്കാലോളമെത്തുമ്പോൾ ഉള്ളിരുന്നാരോ ഓർമ്മിപ്പിക്കും, "മതി". 

പക്ഷേ, വീണ്ടും ഓളങ്ങൾ നമ്മെ വിളിച്ചുകൊണ്ടിരിക്കും, വീണ്ടും അല്പം കൂടി നാം അതിലേക്കിറങ്ങിച്ചെല്ലും. നനഞ്ഞുതുടങ്ങുന്ന ഉടുപ്പുകൾ നമ്മെ അള്ളിപ്പിടിക്കും, ഇനി മടങ്ങാം എന്നൊരു ഓർമ്മപ്പെടുത്തൽ പോലെ. 

പക്ഷേ, തണുപ്പകന്ന ഉടൽ  ഓളങ്ങൾക്കൊപ്പം പോവാൻ വീണ്ടും നമ്മെ നിർബന്ധിക്കും. മുട്ടോളം വെള്ളം കടന്ന് നെഞ്ചോളമെത്തുമ്പോളേക്കും തടാകത്തിന്റെ പ്രണയ  മാസ്മരികതയിൽ നാം മറ്റെല്ലാം മറക്കും. 

പിന്നീട് നിമിഷങ്ങൾ മതി, നെഞ്ചും കടന്ന് തലയ്ക്കു മുകളിലൂടെ ഓളങ്ങൾ സഞ്ചാരം തുടങ്ങാൻ. പുറത്തോട്ടെടുക്കാനാവാത്ത വിധം ശ്വാസം നെഞ്ചിൽ കുരുങ്ങാൻ. അപ്പോഴേയ്ക്കും ആത്മാവിന്റെ ഭാരം താങ്ങാനാവാത്ത വിധം ശരീരം ക്ഷീണിച്ചിട്ടുണ്ടാവും. അത് സൃഷ്‌ടിച്ച ഓളങ്ങളിൽ നാം അഗാധതയിലേയ്ക്ക് താണുപോവുമ്പോൾ മുകൾപ്പരപ്പിൽ  വീണ്ടും തടാകം ശാന്തമായിട്ടുണ്ടാവും..

ആ നിമിഷത്തിലാവും ഈ ലോകത്തിന്റെ അതിർത്തി കടന്നു ആത്മാവ് സഞ്ചാരം തുടങ്ങുക...

ഓരോ തടാകം കാണുമ്പോഴും അവയ്ക്കുള്ളിൽ എന്തോ നിഗൂഢത നിറഞ്ഞുനിൽക്കുന്നുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്.  എന്താവും അവയുടെ ആഴങ്ങളിൽ ഒളിച്ചിരിക്കുന്നതെന്ന് ചിന്തിച്ചു ഞാൻ തല പുകയ്ക്കാറുണ്ട്. 

നീന്തലറിയാത്തതുകൊണ്ടു തന്നെ ഞാൻ ജലാശയങ്ങളും തമ്മിൽ അത്ര സൗഹൃദമില്ല. കാല്മുട്ടുവരെ നനയുമ്പോളേക്കും ഞാൻ കരയിലേയ്ക്ക് തിരിച്ചുകയറും. 

ചെറുപ്പത്തിൽ താമസിച്ചിരുന്ന വീടിനടുത്തു ഒരു വലിയ പാറപ്പുറത്തു ഒരു ശിവക്ഷേത്രം ഉണ്ടായിരുന്നു. അതിനോടടുത്തു പാറയിടുക്കിൽ ആമ്പൽപ്പൂക്കൾ നിറഞ്ഞ വലിയൊരു കുളവും. ആ ദിവസ്സങ്ങളിലൊന്നിലാണ്  അയൽവക്കത്തെ  അഞ്ചോ ആരോ വയസ്സുള്ളൊരു പെൺകുട്ടി ആ കുളത്തിൽ മുങ്ങിമരിച്ചത്. 

എന്നും കണ്ടുകൊണ്ടിരുന്ന ഒരു മിടുക്കി  കുട്ടി, അവളുടെ മുഖം ഇന്നും  എന്റെ ഓർമ്മയിലുണ്ട്. കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു എന്നാണ് കേട്ടത്. 

ആ കുളത്തിന്  അന്ന് കുട്ടികൾ പറഞ്ഞു നടന്നിരുന്നൊരു കഥയുണ്ട്, ആരെങ്കിലും അതിൽ മുങ്ങിപ്പോയാൽ അവർ ചെന്നെത്തുന്നത് കുളത്തിന്റെ അടിത്തട്ടിലൊരു കൊട്ടാരത്തിലാണത്രേ. അവിടെ വിഭവസമൃദ്ധമായൊരു സദ്യയാവും അവരെ കാത്തിരിക്കുക. അതു കഴിയ്ക്കുന്നവർ മരണം രുചിക്കും. കഴിയ്ക്കാത്തവർ തിരികെ ഓളപ്പരപ്പിലേയ്ക്ക് ജീവനോടെ മടങ്ങിവരും. വെറും കെട്ടുകഥയായിരുന്നെങ്കിലും ചിലപ്പോഴെല്ലാം അതൊരു പ്രതീക്ഷയുടെ കച്ചിത്തുരുമ്പായിരുന്നു.

ആ പ്രതീക്ഷയുടെ നേരിയൊരു വെളിച്ചമായിരുന്നു കഴിഞ്ഞ ശനിയാഴ്ച എഡ്മൺറ്റണിലെ വാർത്ത കേൾക്കുമ്പോഴും ഉണ്ടായിരുന്നത്. കൂടെയുണ്ടായിരുന്ന കുഞ്ഞിനെ രക്ഷപ്പെടുത്തി തിരികെ നീന്തുമ്പോൾ അടിയൊഴുക്കിൽ ആഴങ്ങളിലെവിടെയോ അപ്രത്യക്ഷമായ ആ ചെറുപ്പക്കാരൻ.

 "എവിടെയെങ്കിലും നീന്തിക്കയറിയിട്ടുണ്ടാവും അമ്മീ " എന്ന് പറഞ്ഞു മോൾ എന്നെ ആശ്വസിപ്പിച്ചു, ഞായറാഴ്ച ഉച്ചയ്ക്ക് ആത്മാവുപേക്ഷിച്ച ആ ശരീരം കണ്ടെടുക്കുന്നതുവരെ.  നീന്തുമ്പോൾ അയാൾ വിചാരിച്ചിട്ടുണ്ടാവും, കാലൊന്നുറപ്പിയ്ക്കാൻ ഘനത്തിൽ  എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് .

എത്രയെത്ര കഥകളാവും ഈ തടാകങ്ങൾക്കു പറയാനുണ്ടാവുക ! എത്രയെത്ര സന്തോഷങ്ങളാവും അവയിൽ മുങ്ങിയമർന്നിട്ടുണ്ടാവുക ! എത്ര പ്രതീക്ഷകളുടെ തിരിനാളങ്ങളാവും അവ ഊതിക്കെടുത്തിയിട്ടുണ്ടാവുക !

തടാകങ്ങളുടെ പ്രണയവും ആഴങ്ങളുടെ നിഗൂഢതയും ഇപ്പോൾ എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു.  അവയിൽ അലിഞ്ഞ ആത്മാക്കളുടെ നിറ കൺചിരികൾ  എന്നെ നൊമ്പരപ്പെടുത്തുന്നു.



 

Friday, June 11, 2021

 

രാവിലെ മുതലേ ചന്നം പിന്നം മഴ പെയ്യുന്നുണ്ട്..ജനാലയിൽ വന്ന് ചിതറിത്തെറിക്കുന്ന മഴത്തുള്ളികൾ ...ഇരുണ്ടു നിന്ന ആകാശം പെയ്തൊഴിയുകയാണ്‌ . 

ഒരാഴ്ചമുമ്പ് തടമെടുത്തു വേനൽ കൃഷിയ്ക്കുള്ള വിത്തിട്ടതേ ഉള്ളൂ. ഇന്നലെ നോക്കുമ്പോൾ അവിടവിടെയായി കുറച്ചു മുള  പൊട്ടിയിട്ടുണ്ട് . നാലഞ്ചു മാസങ്ങളേ ഈ കൃഷി നടക്കുകയുള്ളുവെങ്കിലും വല്ലാത്തൊരു ആവേശമാണ് തടമൊരുക്കാനും വിത്തിടാനും. പിന്നീട് ദിവസ്സങ്ങളെണ്ണിയുള്ള കാത്തിരിപ്പാണ്, തൈകൾ പൊങ്ങിവരുന്നതും നോക്കി.

മഴയിൽ ഓടിച്ചെന്ന് നോക്കി, തൈകൾക്കു കുഴപ്പമൊന്നുമില്ല. ലവലേശം തലക്കനമില്ലാതെ അല്പം ചാഞ്ഞും ചരിഞ്ഞുമൊക്കെ നിന്ന് അവ രക്ഷപ്പെട്ടു പോവുന്നുണ്ട്.  ധാർഷ്ട്യത്തിന്റെ അങ്ങേയറ്റം കൊണ്ട് അല്പം പോലും തല  താഴ്ത്താതെ , നേർക്കു വരുന്ന ഏതൊരു പ്രയാസവും ഏറ്റുവാങ്ങുന്ന മനുഷ്യനേക്കാൾ ഭേദം ഇവരാണ്. 

തിരികെ വന്നു മുൻവശത്തെ ജനാലകൾ ചേർത്തടച്ചു. കുറച്ചു നേരമായി മുന്നിലുള്ള റോഡിൽ രണ്ടുമൂന്നു വണ്ടികൾ റോഡ് ക്ലീൻ ചെയ്യുന്നുണ്ട്. ഇന്ന് സ്ട്രീറ്റ് ക്ലീനിങ് ആണെന്ന് നേരത്തെ തന്നെ ബോർഡ് വെച്ചിരുന്നു. അതുകൊണ്ടു തന്നെ നിരത്തിനിരുവശവും സാധാരണ പാർക്ക് ചെയ്യാറുള്ള വാഹനങ്ങളൊന്നും അവിടില്ല.റോഡ് അടിച്ചു വാരി ഒരു ട്രക്ക് കടന്നുപോവുമ്പോൾ നല്ലതുപോലെ തുടച്ചു വൃത്തിയാക്കി തുടച്ചു അടുത്ത ട്രക്ക് വരുന്നു. മുൻപെല്ലാം പലതവണ ചെയ്തിരുന്നത് എണ്ണം കുറച്ചു ഇപ്പോൾ വർഷത്തിൽ ഒന്നോ രണ്ടോ തവണ ആക്കിയെങ്കിലും മുടക്കമില്ലാതെ പോവുന്നുണ്ട്.

ആദ്യമൊക്കെ എനിക്ക് ഇതൊരു അത്ഭുതമായിരുന്നു. സ്ഥിരമായി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡുകൾ എന്തിനാണ് വൃത്തിയാക്കുന്നത്, ഉടനെത്തന്നെ അത് വീണ്ടും വൃത്തികേടാവില്ലേ എന്നൊക്കെയായിരുന്നു ചിന്തകൾ . പിന്നീടാണ് മനസ്സിലായത്, ഇടയ്ക്കിടെ പൊടിയടിച്ചു കളഞ്ഞും മാലിന്യങ്ങൾ നീക്കിയും സൂക്ഷിക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് വൈബാണ് ഓരോ വഴികൾക്കും. വിരലിലെണ്ണാവുന്ന മാസങ്ങൾ മാത്രം വസന്തം വിരുന്നിനെത്തുന്ന ഈ നാട്ടിൽ വഴിയോരങ്ങളിൽ ചെടികൾ വെച്ചും പൂക്കൂടകൾ നിറച്ചും മനോഹരമാക്കുന്ന ഓരോ വഴികളും കരുണയുടെ സ്നേഹത്തിന്റെ സന്ദേശമാണ് പകരുന്നത്.

തിരികെ വന്ന് ജോലിയിലേയ്ക്ക് ഇരിക്കുമ്പോൾ മനസ്സിൽ ഓർത്തു, ഇതുപോലൊരു ക്ലീനിങ് നമ്മുടെയെല്ലാം മനസ്സിലും  ഇടയ്ക്കിടെ നടത്തേണ്ടിയിരിക്കുന്നു  . മാറാല പിടിച്ച ചിന്തകളെയും മുൻവിധികളെയും അസൂയ, വിദ്വേഷം, മതാന്ധത  തുടങ്ങിയ മാലിന്യങ്ങളെയും കളകളെയും ഇടയ്ക്കിടെ അടിച്ചുകൂട്ടി പുറത്തു കളയണം. എന്നിട്ടു സ്നേഹത്തിന്റെ സുഗന്ധമുള്ള  ചന്ദനത്തിരികൾ  കത്തിച്ചുവെയ്ക്കണം. കരുണയും മനുഷ്യത്വവും നിറയുന്ന ചെടികൾ നമുക്ക് നട്ടു പിടിപ്പിക്കണം.  എത്ര വലിയ കൊടുങ്കാറ്റു വന്നാലും അല്പം തല താഴ്ത്തി നിന്ന് വേര് പിഴുതുപോവാതെ നാം അവയെ  സംരക്ഷിക്കണം. അപ്പോഴേ നമ്മൾ  മനുഷ്യരാവൂ, നന്മയുള്ളവരാവൂ.


 



Friday, June 4, 2021

 


പടിയിറങ്ങിപ്പോകുന്നു പ്രാണനിൽ

നിറവ് നൽകിയോർ പലരും മൗനമായ് ..

പറയുവാനെത്ര ബാക്കിയുണ്ടാവണം
ജീവവായു കിട്ടാതുലയുമ്പോൾ
ഓർമ്മകൾക്കൊപ്പം നെഞ്ചിൽ തടഞ്ഞവ..
കേൾക്കുവാനെത്ര കാതോർത്തിരിക്കണം
പ്രിയമാർന്നവർ മൊഴിയുന്ന വാക്കുകൾ..
കണ്ണടയ്ക്കും മുൻപേ തിരഞ്ഞുവോ
വിറയാർന്ന ചുണ്ടു ചേർത്തൊരു ചുംബനം..
പടയിറങ്ങിപ്പോകുന്നു മൗനമായ്
തിരികെയെത്താതെ, തിരി കൊളുത്താതെ
വിജനമാവുന്ന പാതയോരങ്ങളിൽ
നീ ഇറുക്കാത്ത കാട്ടുപൂവുകൾ
ശൂന്യമാവുന്നു കളിയിടങ്ങളിൽ
തണൽ നിറച്ചൊരാ മരച്ചുവടുകൾ

കണ്ണടയ്ക്കുമ്പോൾ കാവലായ്‌ നിന്നവർ
കൺതുടയ്ക്കുവാനാവാതെ പോയവർ
വീടുകൾക്കുള്ളിൽ ലോകം ചുരുങ്ങുന്നു
മൂകമാവുന്നു സായന്തനങ്ങളും ..

ഒരു മറയ്ക്കപ്പുറം മറഞ്ഞൊരാ
മധുരമാം പുഞ്ചിരി തിരികെയെത്തുമോ ?
സ്നേഹവായ്യ്പ്പാർന്നൊരാലിംഗനങ്ങളിൽ
പ്രണയപൂർവമീ ലോകമെത്തുമോ ?

ദൂരെയേതോ വസന്തം നമുക്കായ്
കാത്തിരിക്കുമോ, കിളികൾ ചിലയ്ക്കുമോ ?
എന്നിൽ നിന്നും നിന്നിലേക്കൊരു
ഭീതിയില്ലാതെയാ ചിരികൾ പടരുമോ ?

Saturday, February 27, 2021

 ഓർമ്മിക്കുവാൻ എന്തെങ്കിലുമൊക്കെ ബാക്കി വെയ്ക്കാതെ ഒരു കഥയും പറഞ്ഞുതീരുന്നില്ല.

കഥപറയുന്ന ആളിൽനിന്നും കഥാപാത്രങ്ങൾ പുറത്തേയ്ക്കിറങ്ങി അനുവാദം ചോദിക്കാൻ നിൽക്കാതെ എന്നിലേയ്ക്ക് കയറിവരികയാണെന്ന് ഓരോ തവണയും എനിക്ക് തോന്നാറുണ്ട്. പിന്നെ എന്റെ സ്വസ്ഥതകളെല്ലാം കെടുത്തി രാവും പകലും എന്നെ ശല്യപ്പെടുത്തി അവർ എനിക്കൊപ്പമുണ്ടാകും.  "ഓർമ്മക്കൂട്ടങ്ങളായ ഞങ്ങൾക്കും പാർക്കാൻ ഒരു മനസ്സ് വേണം. ഇല്ലെങ്കിൽ മറവിയുടെ ആഴങ്ങളിലേയ്ക്ക് ഞങ്ങളെന്നേ യാത്രയായേനേ " എന്ന് അവർ ഇടയ്ക്കിടെ പിറുപിറുക്കുന്നതുപോലെ എനിക്ക്  തോന്നും.

വൈകിട്ട് ജോലികഴിഞ്ഞു ഭർത്താവെത്തുമ്പോഴേയ്ക്കും രണ്ടു  ചൂടു ചായ ഉണ്ടാക്കിവെയ്ക്കാമെന്നതാണ് വർക്ക് ഫ്രം ഹോം കൊണ്ട് എനിക്കുണ്ടായ നേട്ടങ്ങളിൽ ഒന്ന് . ആളെത്തുമ്പോഴേയ്ക്കും രണ്ടുകപ്പ് ചായ മേശമേൽ റെഡി ആയിട്ടുണ്ടാവും. അതിങ്ങനെ സിപ് ചെയ്തു കുടിച്ചു രണ്ടാളും അന്നത്തെ  രസകരമായ  സംഭവങ്ങൾ പങ്കുവെയ്ക്കും. 

വളരെ നാളുകൾക്കു ശേഷം വന്ന ഒരു മെസ്സേജ്, ഒരു ഫോൺ വിളി, മക്കളുടെ സ്കൂൾ വിശേഷങ്ങൾ, നാട്ടിലെ വർത്തമാനങ്ങൾ എന്നുവേണ്ട, ഒട്ടനവധി കാര്യങ്ങൾ ഈ സമയത്തു വന്നുപോകും. 

അങ്ങനെ വിശേഷങ്ങളൊക്കെ ഏതാണ്ട് പറഞ്ഞുതീർന്ന്,  ചായയുടെ അവസാന തുള്ളിയും കുടിച്ചുതീർക്കുമ്പോളാണ് ഭർത്താവ് പറഞ്ഞത് , "ഇന്നൊരു സംഭവമുണ്ടായി. പക്ഷേ , പറഞ്ഞുകഴിയുമ്പോൾ സങ്കടപ്പെടരുത് ". 

ആ റിട്ടയർമെന്റ് ഹോമിലെ  ഒട്ടുമിക്ക അന്തേവാസികളുടെയും പേരുകൾ എനിക്ക് പരിചിതമായിരുന്നു. മിക്ക ദിവസങ്ങളിലും കേൾക്കുന്ന കഥകളിലൂടെ. ജീവിതത്തിന്റെ സുന്ദര കാലങ്ങളിൽ പലയിടങ്ങളിൽ ഉന്നത ജോലികൾ ചെയ്ത് , ഒരു പാട് യാത്രകൾ ചെയ്ത്, ലോകത്തിന്റെ വർണ്ണപ്പകിട്ടുകളിൽ ജീവിച്ചു  ഒടുവിൽ ആ ഊർജ്ജവും നിറവും മണവുമെല്ലാം മങ്ങുമ്പോൾ മറ്റാർക്കും ഭാരമാവാതെ അങ്ങോട്ട് ചേക്കേറുന്നവർ. വിശാലമായൊരു ലോകം പൊടുന്നനെ ചുരുങ്ങി ചെറുതാവുമ്പോൾ ചിലരെല്ലാം  അതിനോട്  പൊരുത്തപ്പെടാനാവാതെ ഒറ്റ മുറികളിൽ ഒതുങ്ങുന്നു. മറ്റു ചിലർ പുതിയ ജീവിതത്തെ വളരെ സന്തോഷത്തോടെ നോക്കിക്കണ്ട് സമപ്രായക്കാരുമായി ഓർമ്മകൾ പങ്കുവെച്ചു മനസ്സിനെ ഇപ്പോഴും സന്തോഷമായിരിക്കാൻ പഠിപ്പിക്കുന്നു. ഇനിയും ചിലരുണ്ട്, മറവിയും ഓർമ്മയും തമ്മിലുള്ള അതിരുകൾ  മാഞ്ഞു   പഴയകാലത്തു തന്നെ ഇപ്പോഴും നിൽക്കുന്നവർ... 

ആഴ്ചയിൽ രണ്ടുദിവസ്സം മാത്രമാണ് ആ സ്ഥലത്തു പോവേണ്ടതെങ്കിലും വൈകിട്ടെത്തുമ്പോൾ ഇങ്ങനെയെന്തെങ്കിലും സംഭവങ്ങൾ  കേൾക്കാറുണ്ട്.  തലേ ആഴ്ച കണ്ടു സംസാരിച്ച ആരെങ്കിലും ഒരു  ഫോട്ടോയും അതിനുമുന്നിലെ രണ്ടുപൂക്കളും അവശേഷിപ്പിച്ചു മറഞ്ഞുപോയതാവും ചില ദിവസ്സത്തെ വാർത്ത.. വരാമെന്ന് പറഞ്ഞു പോയ മക്കളെകാത്തു വഴിയിലേക്ക് ഉറ്റുനോക്കി  ഇനിയും കാണാതെ വേവലാതിപ്പെട്ടിരിക്കുന്ന ചില മനസ്സുകളുടെ നൊമ്പരമാവും മറ്റുചിലപ്പോൾ.   "അവരെ കാണുമ്പോൾ എനിക്ക് നമ്മുടെ മാതാപിതാക്കളെ ഓർമ്മ വരുന്നു "എന്ന ആത്മഗതവും ചിലപ്പോൾ ഉയർന്നുവരാറുണ്ട്.

ഇന്നത്തെ അവതാരിക കേട്ടപ്പോഴേ ഇത് എനിക്കുള്ള കഥയാണെന്ന് എന്റെ മനസ്സ് പറഞ്ഞു. "ഏയ്, ഞാൻ ഇപ്പോൾ പഴയപോലെയൊന്നുമല്ല, നല്ല മനക്കട്ടിയുണ്ട്, ധൈര്യമായിട്ടു പറയൂ ".

"ഇന്നു ഞാൻ എലേനയുടെ മുറിയിലെത്തിയപ്പോൾ അവർ കിടക്കുകയായിരുന്നു.  എന്റെ കാൽപ്പെരുമാറ്റം കേട്ടാവണം കണ്ണ് തുറന്ന് വാതിൽക്കലേക്ക് നോക്കി . എഴുന്നേൽക്കാൻ  ശ്രമിച്ചു. അടുത്ത് ചെന്നു ഞാൻ അവരെ മെല്ലെ എഴുന്നേൽപ്പിച്ചിരുത്തി. മുഖത്തിനു നല്ല ക്ഷീണമുണ്ട് ".

വീൽ ചെയർ അവർക്കരികിലേയ്ക്ക് നീക്കിവെച്ചപ്പോൾ തളർന്ന കണ്ണുകളോടെ അവരെന്നെ നോക്കി. "നമുക്ക് നടക്കേണ്ടേ ? ഇല്ലെങ്കിൽ കാലുകളുടെ ബലം കുറഞ്ഞുവരില്ലേ?" 

അവർ പതിയെ പുഞ്ചിരിച്ചു. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസ്സം മാത്രമാണ് അവർക്ക് ചെറിയ വ്യായാമം കൊടുക്കുന്നത്. വളരെ കുറച്ചു അടികൾ  നടത്തിക്കുക മാത്രമാണ് ചെയ്യുന്നത്. കഴിഞ്ഞയാഴ്ച വന്നപ്പോൾ തീരെ വയ്യാതിരുന്നതിനാൽ അവർ നടക്കാൻ കൂട്ടാക്കിയില്ല. 

എലേന വീൽ ചെയറിലേക്ക് കൈ നീട്ടി. പിടിച്ചെഴുന്നേറ്റു. എന്റെ സഹായത്തോടെ പതിയെ പിച്ചവെച്ചു അഞ്ചാറടി നടന്നു. പിന്നെ നിന്ന് എന്റെ മുഖത്തേയ്ക്ക് നോക്കി. "എനിക്ക് കഴിയുന്നില്ല കുട്ടീ. പ്രായം 98 കഴിഞ്ഞു. ഇനിയെത്ര നാൾ ? " സ്ഥിരമായി കേൾക്കുന്ന വാക്കുകളായാലും ചിലപ്പോഴൊക്കെ അത് നമ്മളെ നൊമ്പരപ്പെടുത്തും.  എന്നത്തേയും പോലെ ഇന്ന്  അവരെ നിർബന്ധിക്കാൻ നിന്നില്ല. മുറിയിലേയ്ക്കു തിരികെ കൊണ്ടുവന്നു.

സാധാരണ അവർ കുറെ സംസാരിക്കാറുണ്ട്. പഴയ കാലങ്ങളെക്കുറിച്ചുള്ള കഥകളാവും മിക്കപ്പോഴും. മക്കളുടെ കുട്ടിക്കാലത്തെ കുസൃതികളൊക്കെ ഓർത്തു പൊട്ടിച്ചിരിക്കും, പൊടുന്നനെ മൗനമാവും. ഇന്നിപ്പോൾ ക്ഷീണം കൊണ്ടാവും അവർ മൂകയായിരിക്കുന്നു.

ഇനി അടുത്തയാഴ്ച കാണാമെന്നു പറഞ്ഞു മേശമേലിരുന്ന  രജിസ്റ്റർ പൂർത്തിയാക്കി പോകാനൊരുങ്ങുമ്പോഴാണ്  കിടക്കയുടെ താഴെയിരിക്കുന്ന രണ്ടു ബ്രൗൺ ബാഗുകൾ ഞാൻ കണ്ടത്. എന്റെ നോട്ടം കണ്ടാവും എലേന പറഞ്ഞു, "പുസ്തകങ്ങളാണ്, കഴിഞ്ഞ മാസ്സം മോൾ കാണാൻ വന്നപ്പോൾ കൊണ്ടുവന്നത് അതെടുത്തു ആ അലമാരയിലേയ്ക്ക് വയ്ക്കണമെന്നുണ്ട് . പക്ഷേ ഈ വീൽ ചെയർ  അങ്ങോട്ട് പോവില്ല,  അവിടെ എന്തോ തടസ്സം ഉണ്ട് ".

അവർ ചൂണ്ടിയ സ്ഥലത്തേയ്ക്ക് ഞാൻ നോക്കി. മുറിയോട് ചേർന്നുതന്നെ  ഡെന് പോലെയൊരു സ്ഥലം. അങ്ങോട്ട് ചെന്നപ്പോൾ അവിടെ ഒരു ബുക്‌ഷെൽഫ്‌ . പക്ഷേ വാതിലിനും ഷെൽഫിനുമിടയിൽ  വീൽ ചെയർ പോകാൻ ആവാത്തവണ്ണം ഒരു കസേര കിടക്കുന്നു. എലെനയ്ക്കു വീൽ ചെയറിൽ നിന്നും ബെഡിലേയ്ക്ക് മാത്രമേ ഇരിക്കാനാവൂ. പിന്നെ ആർക്കുവേണ്ടിയാണ് ഇവിടെ ഈ കസേര ?

ഞാൻ തിരിഞ്ഞുനിന്ന് അവരോടു പറഞ്ഞു,  "ഈ കസേര ഇവിടെ നിന്നും പുറത്തേയ്ക്കു മാറ്റിയാൽ നിങ്ങൾക്ക് ഇങ്ങോട്ടു വരാൻ പറ്റും . ഞാൻ ആളെ വിളിയ്ക്കട്ടെ? " 

പെട്ടെന്ന് അവരുടെ മുഖം മങ്ങി "വേണ്ട, ആ കസേര എനിയ്ക്കു എപ്പോഴും കാണണം ".

"അത് എന്റെ ഭർത്താവ് ഇരുന്നിരുന്ന കസേരയാണ്. ഞങ്ങൾ ഒരുമിച്ചുപോയാണ്‌ അത് വാങ്ങിയത്, വര്ഷങ്ങള്ക്കു മുൻപ്. അദ്ദേഹത്തിനിഷ്ടപ്പെട്ട പച്ചനിറമുള്ള കസേര. അതിലിരുന്നായിരുന്നു അദ്ദേഹം പുസ്തകങ്ങൾ വായിച്ചിരുന്നത്. എന്നോട് വർത്തമാനം പറഞ്ഞിരുന്നത്. അതിൽ പുസ്തകം വായിച്ചിരുന്ന ഒരു വൈകുന്നേരമാണ് അദ്ദേഹം പോയത്. പുസ്തകം താഴെവീഴുന്ന ശബ്ദം കേട്ട് ഞാൻ ചെന്നപ്പോളേക്കും..."

"ഇപ്പോഴും രാവിലെയും വൈകുന്നേരങ്ങളിലും അദ്ദേഹം അവിടെയിരുന്ന് പുസ്തകങ്ങൾ വായിക്കുന്നുണ്ടെന്ന് എനിക്ക് തോന്നും . ഇങ്ങോട്ടു മാറിയപ്പോൾ ഞാൻ കൂടെക്കൊണ്ടുവന്നത് അതൊന്നു മാത്രമാണ്. ഈ മുറിയിൽ ഒറ്റയ്ക്ക് ഇങ്ങനെ കിടക്കുമ്പോൾ ഞാൻ ഇങ്ങനെയൊക്കെയാണ് ജീവിച്ചു തീർക്കുന്നത്.  അദ്ദേഹം ഭാഗ്യവാനാണ്, കണ്ണടയുവോളം ഞാൻ ഉണ്ടായിരുന്നു കൂടെ. ചിലപ്പോഴെല്ലാം എനിക്ക് ദേഷ്യം തോന്നും, എന്നെ ഒറ്റയ്ക്കാക്കി പോയില്ലേ. ഒരേ കാഴ്ചകൾ കണ്ട് സമയവും കാത്തിങ്ങനെ ഞാൻ ഒറ്റയ്ക്ക്..."

എലേനയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. 

നോക്കിനിൽക്കെ എലെനയ്ക്കു പകരം അമ്മയെ ഞാൻ അവിടെക്കണ്ടു. ഞാൻ ആ കസേര അവരുടെ കണ്ണെത്തുന്ന മറ്റൊരുസ്ഥലത്തേയ്ക്ക് നീക്കിയിട്ടു   വീൽ ചെയർ   ഷെൽഫിനരികത്തേയ്ക്കു കൊണ്ടുവന്നു അവരെ ഇരുത്തി. പുസ്തകങ്ങൾ ഓരോന്നായി എടുത്ത് അലമാരയിൽ അടുക്കി വെച്ചു.  സമയം വൈകിയിരുന്നു, എങ്കിലും എനിക്ക് ഒട്ടും തിരക്കനുഭവപ്പെട്ടില്ല. അവരുടെ മുഖത്തെ സന്തോഷം, അതായിരുന്നു ഇന്നത്തെ ദിവസത്തെ എന്റെ നേട്ടം.

യാത്ര പറഞ്ഞിറങ്ങുമ്പോൾ അവർ മെല്ലെ പറഞ്ഞു, "യു നോ , ഐ ആം ഹോപ്പ്‌ലെസ്സ്‌ലി ഇൻ ലവ് വിത്ത് എ മെമ്മറി ..... സ്റ്റിൽ ഐ ആം ഹാപ്പി ഇൻ ദാറ്റ് വേൾഡ് ...  ജീവിയ്ക്കുമ്പോൾ സുഖമുള്ള ഓർമ്മകളുണ്ടാക്കുക. പാതിവഴിയിൽ മാഞ്ഞുപോയാലും വീണ്ടും കണ്ടുമുട്ടും വരെ അത്മ മാത്രം മതി ജീവിക്കാൻ ". 

കഥകേട്ടു  തീർന്നപ്പോഴേയ്ക്കും വാക്കു തെറ്റിച്ചു എന്റെ കണ്ണുകൾ നിറഞ്ഞുകൊണ്ടേയിരുന്നു.  ഞാൻ ഇന്നുവരെ കാണാത്ത എലേനയും ഒരു പച്ചക്കസേരയും എന്റെ മനസ്സിലേയ്ക്ക് കയറി ഒരു ഇരിപ്പിടം കണ്ടെത്തിക്കഴിഞ്ഞിരുന്നു.