കുറേ ദിവസ്സങ്ങളായി മനസ്സ് സമരത്തിലാണ്, മുഖം ചിരിച്ചാലും മനസ്സു ചിരിക്കില്ലെന്നൊരു വാശിപോലെ . പ്രത്യേകിച്ചൊരു വികാരവുമില്ലാതെ, വേനൽ മഴ കാത്തുകിടക്കുന്ന നെൽപ്പാടം പോലെ അതങ്ങനെ വരണ്ടുണങ്ങിക്കിടക്കുകയാണ് .
രണ്ടുദിവസ്സം മുൻപ് അസാധാരണമായ ഒരു സ്വപ്നം കണ്ടാണ് ഞെട്ടിയെണീറ്റത് . അനന്തവിശാലമായി പരന്നുകിടക്കുന്ന ആകാശം കൊതി തീരാതെ കണ്ടുനിൽക്കുകയാണ് ഞാൻ. പെട്ടെന്ന് ആകാശം പിളർന്ന് ഒരു പെരുമ്പാമ്പിന്റെ തല പുറത്തേയ്ക്കു വന്നു. അതിന്റെ കണ്ണുകൾ അസാധാരണമാം വിധം സൗമ്യവും ശാന്തവുമായിരുന്നു . സാധാരണയായി ഒരു പാമ്പിന്റെ ചിത്രം പോലും കാണാൻ ഭയപ്പെടുന്ന ഞാൻ അതിന്റെ കണ്ണുകളിലേക്ക് തന്നെ ഉറ്റുനോക്കി നിന്നു .കാണെക്കാണെ അതിന്റെ ഉടൽ മുഴുവൻ പുറത്തെത്തി അത് സാവധാനം നിലംപതിച്ചു . ഒരു ഞെട്ടലോടെ ഞാൻ ഉറക്കത്തിൽ നിന്നും ചാടിയെഴുന്നേറ്റു .
ഭാഗ്യം, തൊട്ടടുത്തു കിടക്കുന്നത് പാമ്പല്ല , സ്വപ്നം കാണാൻപോലും സമയം മെനക്കെടുത്താത്ത ഒരു പാവം കൂർക്കം വലിച്ചുറങ്ങുകയാണ് . പതിയെ എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു. പോകുന്നവഴിയ്ക്കൊക്കെ ഒരു കരുതലായി ലൈറ്റുകൾ തെളിയിച്ചു . മനസ്സ് അസ്വസ്ഥമായിരിക്കുന്നു . എന്താവും ഈ സ്വപ്നത്തിന്റെ വ്യാഖ്യാനം ? ഉടനടി സാധ്യമായ എല്ലാ രീതിയിലും അന്വേഷണം തുടങ്ങി .
"പാമ്പിനെ സ്വപ്നം കണ്ടാൽ ശത്രുക്കൾ ഉണ്ടെന്നാണർത്ഥം", കൂട്ടുകാരി അവളുടെ അറിവിന്റെ ഭാണ്ഡക്കെട്ടഴിച്ചു . "നീ ആരെയെങ്കിലും ദ്രോഹിച്ചിട്ടുണ്ടോ? വേദനിപ്പിച്ചിട്ടുണ്ടോ?" അവൾ വിടുന്ന മട്ടില്ല . "ഹേയ് , അങ്ങനൊന്നുമില്ല. സ്നേഹിച്ചു ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിലേ ഉള്ളൂ" ഞാൻ പറഞ്ഞു . "മാത്രവുമല്ല, ഉറക്കത്തിൽ നമ്മുടെ തലച്ചോർ നമ്മളോടു പറയുന്ന കഥകളാണ് സ്വപ്‌നങ്ങൾ " ഗൂഗിൾ പറഞ്ഞുതന്ന ശാസ്ത്രമാണെങ്കിലും "എന്റേത്" എന്ന മട്ടിൽ ഞാൻ തട്ടിവിട്ടു .
പക്ഷേ, പിന്നീടുള്ള കുറച്ചുദിവസ്സങ്ങളിൽ അത് തന്നെയായിരുന്നു മനസ്സിൽ .
അറിഞ്ഞുകൊണ്ട് ആരെയും ദ്രോഹിച്ചിട്ടില്ല , മനസ്സിനോട് പറഞ്ഞുകൊണ്ടേയിരുന്നു . ഓരോ തവണ പറയുമ്പോഴും "ഇല്ലേ ?" എന്ന മറുചോദ്യവുമായി മനസ്സ് എന്നെ നേരിട്ടു . ഓർമ്മകളുടെ പഴയ പുസ്തകത്താളുകളെല്ലാം അരിച്ചുപെറുക്കി . ചിലതെല്ലാം മാഞ്ഞുപോയിരിക്കുന്നു , അവ്യക്തമായിരിക്കുന്നു , ചിലതിലെല്ലാം പഴയ പൊട്ടിച്ചിരികൾ ഉയർന്നുകേൾക്കുന്നുണ്ട് , കൊച്ചുകൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ഇഴപിരിഞ്ഞുകിടക്കുന്നു , മറ്റു ചിലപ്പോൾ നിറഞ്ഞുതൂവിയ കണ്ണുകൾ കാഴ്ച്ചയെ മായ്ച്ചുകളഞ്ഞിരിക്കുന്നു . ചിലയിടങ്ങളിൽ മൗനം കനത്തുകിടക്കുന്നു, വായിച്ചു തീർക്കാത്ത പുസ്തകങ്ങൾ എന്നെ കാത്തിരിക്കുന്നു, പ്രണയം മഴയൊഴുകും വഴിയേ യാത്ര പോകുന്നു...ഇതിനിടയിൽ എവിടെയാണ് ആരെയാണ് ഞാൻ മുറിപ്പെടുത്തിയത്? വീണ്ടും മനസ്സ് ഒരു ചോദ്യച്ചിഹ്നവുമായി എന്നെ നേരിട്ടു .
പതിവുപോലെ ട്രെയിനിൽ ഇരിക്കുമ്പോൾ ഞാൻ പുസ്തകം വായിച്ചില്ല , കുറച്ചുനാളായി അതു നിർത്തിയിട്ട്. വെറുതെ പുറത്തേക്ക് നോക്കിയിരുന്നു , ആകാശത്തേക്ക് നോക്കാൻ എന്തുകൊണ്ടോ ഭയപ്പെട്ടു . ഒന്നും ചെയ്യാൻ ഉത്സാഹം തോന്നിയില്ല.
ഏറ്റെടുത്ത പല ജോലികളും മുടങ്ങിക്കിടക്കുന്നു . വിളിക്കാമെന്ന് പറഞ്ഞു പാതി വഴിക്കു വെച്ച പല വിളികളും മറന്നിരിക്കുന്നു . എന്തോ ഒരു മിസ്സിംഗ്..
സ്വപ്‌നങ്ങൾ വീണ്ടും എന്നെ വിളിച്ചുണർത്തിക്കൊണ്ടേയിരുന്നു. ഇന്നലെ രാത്രി മോൻ സ്വപ്നം കണ്ട് എഴുന്നേറ്റ് "പേടിയാവുന്നു " എന്നു സങ്കടപ്പെട്ടു . "എന്താ മോൻ കണ്ടത്?" എന്ന ചോദ്യത്തിന് " ഹു കെയേഴ്‌സ് , അമ്മീ" എന്നു പറഞ്ഞു എന്നെ വളരെ നിസ്സാരയാക്കി തിരിഞ്ഞുകിടന്നുറങ്ങി .
സ്വപ്‌നങ്ങൾക്ക് എന്നോട് എന്താണ് പറയാനുള്ളത് എന്നോർത്ത് വീണ്ടും ഞാൻ ആകുലപ്പെട്ടു . ഉറക്കം വരാതെ കിടന്നപ്പോൾ പലതും ഓർത്തു , മനസ്സ്പലവഴിയേ സഞ്ചരിച്ചു. എപ്പോഴോ ഒന്ന് മയങ്ങിയപ്പോൾ , വളരെ പരിചയമുള്ള ഒരു സ്വരം സ്നേഹപൂർവ്വം എന്നോട് പറഞ്ഞു , "നീ ഇതുവരെ കണ്ടെത്തിയില്ല അല്ലേ . എഴുന്നേറ്റ് ചെന്ന് ആ കണ്ണാടിയിൽ നോക്കൂ , നിനക്കുത്തരം കിട്ടും".
ഞെട്ടിയെഴുന്നേറ്റു , ആരായിരുന്നു അത് , ഓർമ്മയുടെ മാഞ്ഞുപോയ ഏതോ ഒരു ഏടിൽനിന്നും ആരോ എന്നെ വിളിച്ചുണർത്തിയിരിക്കുന്നു .. വേഗം എഴുന്നേറ്റ് കണ്ണാടിയിൽ പോയി നോക്കി . മുഖം വല്ലാതിരിക്കുന്നു . മനസ്സ് എന്നോട് സംസാരിച്ചു തുടങ്ങി, "നീ കുറേനാളായി നിന്നെ മറന്നുകിടക്കുകയായിരുന്നു , നിന്നിലേക്ക് തിരിഞ്ഞു നോക്കൂ, പഴയ ആ നിഷ്കളങ്കയായ നീയെവിടെ? നിന്റെ ഇഷ്ടങ്ങളെവിടെ? നാട്യങ്ങൾ മതിയാക്കി സ്വയമറിഞ്ഞു നടക്കാൻ ശീലിക്കൂ . സ്നേഹിക്കാൻ ശ്രമിക്കൂ , മനസ്സ് തനിയെ ശാന്തമാവും.".
എന്തൊരു ആശ്വാസം , മുഖം നിറയെ തണുത്ത വെള്ളം കോരിയൊഴിച്ചു . തിരികെ വന്നപ്പോൾ ഭർത്താവ് ശാന്തമായിക്കിടന്നുറങ്ങുന്നു. തണുത്ത കൈ തൊട്ടു വിളിച്ചു , "ഇന്ന് പാമ്പ് എവിടുന്നാ വന്നത് ?" ഉറക്കച്ചടവിൽ എണീക്കാൻ തുടങ്ങിയ ആളെ തടഞ്ഞു , "വേണ്ട , കിടന്നോളൂ . ഞാൻ സ്വപ്നമൊന്നും കണ്ടില്ല . പക്ഷേ, ഇന്നു ഞാൻ എന്നെ കണ്ടു, ഒരുപാടു കാലമായി കാണാതിരുന്ന എന്നെ ".