ഉച്ചഭക്ഷണം കഴിഞ്ഞുള്ള ഇടവേളയിൽ നാട്ടിലെ പത്രങ്ങൾ ഓൺലൈനിൽ വായിക്കുന്ന ഒരു പതിവുണ്ട് . ആകാംക്ഷാപൂർവ്വം ഇന്നലെ നൊക്കിക്കൊണ്ടിരിക്കവേ, മണിക്കൂറുകൾ കൊണ്ട് ഭാരതത്തിന്റെ നെഞ്ചിടിപ്പായി മാറിയ ശ്രീ അഭിനന്ദന്റെ മുഖം തെളിഞ്ഞപ്പോൾ ആണ് പുറകിൽ നിന്നൊരു ചോദ്യം "ഇന്ത്യയിൽ യുദ്ധം നടക്കുകയാണല്ലേ , പാക്കിസ്താനുമായി? വിമാനങ്ങളൊക്കെ ക്യാൻസൽ ചെയ്തുവെന്ന് വാർത്ത കണ്ടു ". തിരിഞ്ഞുനോക്കിയപ്പോൾ സഹപ്രവർത്തക. " നിങ്ങളുടെ കുടുംബം സുരക്ഷിതരാണോ ?" അവൾ വീണ്ടും .
കസേര തിരിച്ചു അവൾക്ക് അഭിമുഖമായിരുന്നു. എന്നിട്ട് പറഞ്ഞു , " ഇല്ലാ , യുദ്ധമൊന്നുമില്ല , ഞങ്ങൾ സമാധാനപ്രിയരായ ജനതയാണ് . കാര്യങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുകയാണ് ". മുഖത്തു തെളിഞ്ഞ സന്തോഷത്തോടെ അവൾ പറഞ്ഞു , "ദൈവം നിങ്ങളുടെ നാടിനെ അനുഗ്രഹിക്കട്ടെ . യുദ്ധം ഒന്നും ബാക്കിവയ്ക്കാത്ത ഒരു നാട്ടിൽനിന്നും ഓടിപ്പോന്നവരാണ് ഞങ്ങൾ . എന്നെ കൈപിടിച്ചു നടത്തിയ അച്ഛനെയും മാറോടു ചേർത്തുറക്കിയ അമ്മയേയും എല്ലാം യുദ്ധം കൊണ്ടുപോയി . ഏട്ടനെ സൈന്യത്തിലേക്കു വിളിച്ചപ്പോൾ മുലപ്പാൽ മണം മാറാത്ത പിഞ്ചു കുഞ്ഞായ അനിയത്തിയുമായി ഓടിയതാണ് . ദുരിതാശ്വാസ ക്യാമ്പുകൾ , പട്ടിണി, പീഡനങ്ങൾ .. അങ്ങനെയങ്ങനെ.. ആർക്കും വരുത്താതിരിക്കട്ടെ ". അവൾ കുനിഞ്ഞിരുന്ന് ഷൂ ഊരി പാദം കാണിച്ചുതന്നു . വിരലുകളുടെ സ്ഥാനത്തു അല്പം മാംസക്കഷണങ്ങൾ മാത്രം. ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു .
അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കും സഹായവും മാർഗ്ഗനിർദ്ദേശങ്ങളും കൊടുക്കുന്ന ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നതുകൊണ്ടു തന്നെ, ഓരോ മാസവും പുതുതായി വന്നെത്തുന്ന അഭയാര്ഥികൾ ഓഫീസ് ഇടനാഴികളിലെ സ്‌ഥിരം കാഴ്ചയാണ് . മിറാൻഡ അവരുമായി വരുമ്പോൾ വല്ലപ്പൊഴും ഞാൻ ചോദിക്കാറുണ്ട് ഏതു നാട്ടുകാരാണെന്നു . "ഞങ്ങൾ (ആ ) രാജ്യത്തു നിന്നാണ് , യുദ്ധം സർവ്വതും നശിപ്പിച്ചപ്പോൾ കുഞ്ഞുങ്ങളെയും കയ്യിലെടുത്തു പാഞ്ഞതാണ് " ചിലപ്പോളൊക്കെ എന്നെ അമ്പരപ്പിച്ചുകൊണ്ട് , "ഞാൻ അവിടെ ഡോക്ടറായിരുന്നു , ഞാൻ ടീച്ചർ ആയിരുന്നു, പറഞ്ഞിട്ടെന്താ , എല്ലാം പോയില്ലേ " നിസ്സഹായതയോടെ അവർ ചിരിക്കും , ചിലർ കണ്ണുകൾ അമർത്തിത്തുടക്കും, വാക്കുകൾ പാതിവച്ചു മുറിയും . സ്നേഹത്തോടെ അവരെ ചേർത്തുനിർത്തി ആ നെഞ്ചുകളിലെ വിങ്ങൽ ഞാനും പങ്കിട്ടെടുക്കും. അപ്പോഴൊക്കെ യുദ്ധങ്ങൾക്ക് പ്രവേശനമില്ലാത്ത ഒരു രാജ്യത്തു ജനിച്ചുവളർന്നതിന് ഞാൻ മനസ്സാ നന്ദി പറയും.
വൈകിട്ട് വീട്ടിൽ മടങ്ങിയെത്തിയിട്ടും മനസ്സാകെ അസ്വസ്ഥമായിരുന്നു . ടി വി ഓണാക്കിയപ്പോൾ വീണ്ടും ചാനലുകൾ യുദ്ധപോർവിളികൾ നടത്തുന്നു . എന്നാണ് ഇവരൊക്കെ ഒന്ന് ഇരുന്നു ചിന്തിക്കുക ? ടി വി നിർത്തി സോഫയിലേക്ക് തലചായ്ച്ചു.
യുദ്ധം എന്താണ് നമുക്ക് നേടിത്തരുന്നത് , അനാഥരായ കുറേ കുടുംബങ്ങളെയും കുഞ്ഞുങ്ങളേയുമല്ലാതെ ? സർവതും നശിച്ചൊടുങ്ങിയ ഊഷരമായ ഭൂമിയും ദുരിതവുമല്ലാതെ? തകർന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയും പട്ടിണിയുമല്ലാതെ ?രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്യുമ്പോൾ ബാക്കി വയ്ക്കപ്പെട്ട നെടുവീർപ്പുകളും കണ്ണീരും നിറഞ്ഞ ജീവിതങ്ങളെയുമല്ലാതെ? കൈക്കുഞ്ഞുങ്ങളുമായി പാലായനം ചെയ്ത ഏതെങ്കിലും ഒരു ജനതയോട് നിങ്ങൾ ചോദിച്ചു നോക്കൂ , അവർ പറഞ്ഞുതരും ഉത്തരം, അവർ കാണിച്ചു തരും തെളിവുകൾ.
എന്നിട്ടും ദന്തഗോപുരങ്ങളിലിരുന്ന് യുദ്ധത്തിനുവേണ്ടി ആർത്തുവിളിക്കുമ്പോൾ, സമൂഹമാധ്യമങ്ങളിൽ അതൊരു ഭ്രാന്തായി പടരുമ്പോൾ , എന്തേ ആരും ഓർമിക്കുന്നില്ല നമ്മുടെ ഉറക്കങ്ങൾക്കു ഭംഗം വരുത്താതിരിക്കാൻ അങ്ങ് അതിർത്തികളിൽ മഴയത്തും വെയിലത്തും കണ്ണടയ്ക്കാതെ കാവൽ നിൽക്കുന്ന ഓരോ പട്ടാളക്കാരനും നമ്മുടെ കൂടപ്പിറപ്പാണെന്ന് . നാളെകളെക്കുറിച്ചുള്ള സ്വപ്നങ്ങളും മോഹങ്ങളും അവരിലും എവിടെയോ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന് . "തിരികെയെത്തും " എന്ന പ്രതീക്ഷയിൽ അവരെ കാത്തിരിക്കുന്ന സിന്ദൂരരേഖകളും കുപ്പിവളകളും ഉണ്ടെന്ന് .
"അമ്മീ , എഴുന്നേൽക്ക് " മോനാണ് . "ഇന്ന് ടീച്ചർ പറഞ്ഞു, വാർ സൂയിസൈഡ് ആണെന്ന് . ആരും രക്ഷപ്പെടില്ലാത്രേ . എല്ലാർക്കും സങ്കടങ്ങളേ ഉണ്ടാവൂ . എന്തിനാ ആളുകൾ യുദ്ധം ചെയ്യണേ?"
ഞെട്ടിയെണീറ്റു അവനെ ചേർത്തുപിടിച്ചു , "ശരിയാണ് മോനെ ,യുദ്ധം യാതൊന്നും നേടിത്തരുന്നില്ല നഷ്ടങ്ങളല്ലാതെ . രാഷ്ട്രത്തിനെയാണ് നാം സ്നേഹിക്കേണ്ടത് , രാഷ്ട്രീയത്തിനെയല്ല എന്ന് നിങ്ങൾ കുഞ്ഞുങ്ങളെങ്കിലും ചിന്തിക്കണം". പറഞ്ഞത് മനസ്സിലായില്ലെങ്കിലും അവൻ പുഞ്ചിരിച്ചു തലയാട്ടി . മനസ്സിൽ പ്രാർത്ഥിച്ചു , ഈ പുഞ്ചിരി എല്ലാ കുഞ്ഞുങ്ങളുടെയും മുഖത്തുണ്ടാവട്ടേ .
അതിന് , യുദ്ധം, ഈഡൻ ഗാർഡന്റെ ഗ്യാലറികളിൽ ഇരുന്ന് ആർത്തുവിളിക്കേണ്ടുന്ന ഒരു ഏകദിന ക്രിക്കറ്റ് മത്സരമല്ലെന്നും ബൗണ്ടറികൾക്കപ്പുറത്തേക്കും ഇപ്പുറത്തേക്കും പായുന്ന അണ്വായുധങ്ങൾ സിക്സറുകളല്ലെന്നും മനസ്സിലാക്കുന്ന ഒരു ജനത തിരിച്ചുവരേണ്ടിയിരിക്കുന്നു . കൈക്കുഞ്ഞുങ്ങളേയും വൃദ്ധരെയും ചേർത്തുപിടിച്ചു ഒരു കുപ്പി വെള്ളത്തിനായോ ഒരു പൊതി ഭക്ഷണത്തിനായോ തളർന്നവശരായി ക്യൂ നിൽക്കുന്നതുവരെ അതിനായി കാത്തിരിക്കേണ്ടതില്ല .