Friday, February 23, 2018

മധു  - എത്ര മധുരമായ പേര് , ഇന്നലെ വരെ .
ഇന്ന് - അതെനിക്കൊരു നീറ്റലാണ് ,
തൊണ്ടയിൽ പിടയ്ക്കുന്ന ശ്വാസമാണ്
നെഞ്ചിലെ മുറുകുന്ന മിടിപ്പാണ്..

സംസ്കാരസമ്പന്നനെന്ന മേനി നടിക്കലിന്റെ,
കേരളമെന്നു കേൾക്കുമ്പോൾ ചോര തിളയ്ക്കുന്ന
ഞരമ്പുകളുടെ , ഉയരുന്ന ശിരസ്സിന്റെ മേലെ
കടുംനിറമണിഞ്ഞ ചോരയുടെ മായാത്ത കറയാണ്
എത്ര തേച്ചിട്ടും മായ്ച്ചിട്ടും പോകാത്ത
കറുത്ത കലയാണ്
നാസാരന്ധ്രങ്ങളിൽ തുളച്ചുകയറുന്ന
ചോരയുടെ രൂക്ഷഗന്ധമാണ്.
വിശക്കുന്നവന്റെ ദൈന്യതകലർന്ന നോട്ടമാണ്
ഉറക്കം കെടുത്തുന്ന രോദനമാണ് .

മധു.. നീയുറങ്ങുക , വിശപ്പറിയാതെ
വേദനയറിയാതെ, നിഷ്കളങ്കമായി ചിരിച്ച്‌.
ഉണ്ടും ഉറങ്ങിയും സെൽഫിയെടുത്തും
കാട്ടാളനീതിയാർക്കട്ടെ .

മാപ്പ്.. മനുഷ്യനെന്ന പദം ഇനിയും പേറുന്നതിന് ..
മാപ്പ്.. വിശപ്പറിയാതെ പോയതിന്..
മാപ്പ്.. നിന്നെ മായ്ച്ചുകളഞ്ഞവരുടെ മുഖത്ത്,
കാർക്കിച്ചുതുപ്പാനും വെട്ടിനുറുക്കാനും കഴിയാത്തതിന്....



Thursday, February 22, 2018


ചില അറിവുകൾ അങ്ങനെയാണ്, അത് നമ്മളിൽ ഉണ്ടാക്കുന്ന ഞെട്ടൽ വലുതാണ്. അത്തരമൊരു ബോംബാണ് ഇന്ന് എന്റെ ചെവിയിൽ വന്നു വീണത് .

രണ്ടുദിവസ്സമായി  സ്റ്റാഫ് ട്രെയിനിംഗ് ആയിരുന്നു ,  സദാസമയം പൊട്ടിച്ചിരിച്ച് അന്തരീക്ഷത്തിന്റെ മടുപ്പു മാറ്റി എല്ലാവരെയും ഉഷാറാക്കാൻ ഒരു പ്രത്യേക കഴിവ് തന്നെയാണ് ട്രെയിനർ ആയി വന്ന ഐലിനുണ്ടായിരുന്നത് .  "എന്റെ അമ്മ പറയാറുണ്ടായിരുന്നു, ചിരിക്കുക, ചിരിപ്പിക്കുക  മതിവരുവോളം, കരയാൻ ആർക്കും ഇഷ്ടമല്ലെന്നു മനസ്സിലാക്കുക " -  അവർ ക്ലാസ്സ് തുടങ്ങിയത് ആ വാചകത്തിലാണ് . കുടുംബവിശേഷങ്ങളും യാത്രാവിവരണങ്ങളുമൊക്കെയായി രണ്ടുദിവസ്സം വളരെപ്പെട്ടെന്നു കടന്നുപോയി .  അവരുടെ മൂന്നുമക്കളും കുടുംബങ്ങളും  ഒമ്പതു പേരക്കുട്ടികളും പലപ്പോഴും ഉദാഹരണങ്ങളിൽ കടന്നുവന്നു . "അവരെയോർത്തു ഞാൻ അഭിമാനിക്കുന്നു , കാരണം എനിക്ക് അമ്മ പകർന്നുതന്ന മൂല്യങ്ങൾ അവരും കാത്തുസൂക്ഷിക്കുന്നു " ഇടയ്ക്കിടെ ഐലിൻ പറഞ്ഞു.

ഒട്ടനവധി തവണ ഇന്ത്യൻ സംസ്കാരത്തെക്കുറിച്ചു അവർ പരാമർശിച്ചത് എന്നിൽ അദ്‌ഭുതം ജനിപ്പിച്ചു . എന്റെ ആകാംക്ഷ കണ്ടിട്ടാവണം അവർ പറഞ്ഞത് , "എന്റെ 'അമ്മ ജനിച്ചത് കൽക്കട്ടയിലാണ്. അമ്മയുടെ മാതാപിതാക്കൾ അവിടെയായിരുന്നു ബിസ്സിനസ്സ് ചെയ്തിരുന്നത്".

ഉച്ചയ്ക്ക് കഴിക്കാനിരിക്കുമ്പോൾ വീണ്ടും അവരെന്നോട് ഇന്ത്യയെക്കുറിച്ചു വാ തോരാതെ സംസാരിച്ചു .  കൽക്കട്ടയെക്കുറിച്ചു ചോദിച്ചറിഞ്ഞു . ഇന്ത്യൻ സാഹിത്യം, കലകൾ എല്ലാം അവർക്കു ഏകദേശം മനഃപ്പാഠമായിരുന്നു . കൽക്കട്ട ഇന്ത്യയുടെ ഒരു സാംസ്കാരിക കേന്ദ്രമാണെന്നും എന്നെങ്കിലും അവിടെ പോകണമെന്നും ഞാൻ അവരോടു പറഞ്ഞു . അവർ ഒന്നു മന്ദഹസിച്ചു , പിന്നെ പറഞ്ഞുതുടങ്ങി .

"വളരെ ക്ലേശകരമായ ഒരു ബാല്യമായിരുന്നു എന്റെ അമ്മയുടേത് . അമ്മമ്മ അമ്മയ്ക്ക് ഏഴുവയസ്സുള്ളപ്പോൾ  കുടുംബത്തെ ഉപേക്ഷിച്ചു പോയി.  കുറച്ചുകഴിഞ്ഞപ്പോൾ അച്ഛനും .  വലിയ സമ്പത്തിൽ വളർന്നിട്ട് പെട്ടെന്നൊരുദിവസം അനാഥത്വത്തിലേക്കും ദാരിദ്ര്യത്തിലേക്കും എറിയപ്പെടുക . ജീവിതം വഴിമുട്ടിനിന്നപ്പോളെല്ലാം അമ്മയ്ക്ക് വാശിയായിരുന്നു  തോറ്റുകൊടുക്കില്ലെന്ന് .  അനാഥാലയത്തിൽ കുറേക്കാലം.  മുപ്പതു വയസ്സുവരെ അമ്മ കൽക്കട്ടയിൽ ജീവിച്ചു. അതിനിടെ എന്റെ അച്ഛനെ കണ്ടുമുട്ടി. അച്ഛൻ ബ്രിട്ടനിൽ നിന്നും ഇന്ത്യയിലേക്ക് പോയ കപ്പലിലെ കപ്പിത്താൻ ആയിരുന്നു . പിന്നീട് അവർ വിവാഹം കഴിച്ചു,  ലണ്ടനിലേക്ക് മടങ്ങി ". 

കഥ കേട്ടിരുന്ന എന്റെ നേരെ  നോക്കി അവർ  തുടർന്നു . " അമ്മ എപ്പോഴും എനിക്കൊരു അദ്‌ഭുതമായിരുന്നു. എന്തു പ്രശ്നങ്ങളെയും അവർ ധീരമായി നേരിട്ടു . മക്കളെ ഒരുപാട് ജീവിതപാഠങ്ങൾ  പഠിപ്പിച്ചു.  ഞങ്ങളുടെ ഓരോ നിശ്വാസവ്യതിയാനവും തിരിച്ചറിഞ്ഞു  .   കയ്പ്പേറിയ ബാല്യവും യൗവ്വനവും ഞങ്ങളെ പറഞ്ഞുകേൾപ്പിച്ചു. പിന്നീട് ജർമ്മനി ഇംഗ്ലണ്ടിനെ ആക്രമിച്ചപ്പോൾ  കുട്ടികളുടെ സുരക്ഷിതത്വത്തെക്കരുതി അവർ വാൻകോവേറിലേക്കു ജീവിതം പറിച്ചുനട്ടു . ഒറ്റപ്പെട്ടുപോയ സ്വന്തം ബാല്യം അവരെ അതിനു പ്രേരിപ്പിച്ചിരിക്കാം. അമ്പതാമത്തെ വയസ്സിൽ അമ്മയ്ക്ക് സുഖമില്ലാതായപ്പോൾ ഞാനും ഭർത്താവും അവരുടെയടുത്തേക്കു താമസം മാറ്റി . കുറെ നാൾ ശുശ്രുഷിച്ചു . കിടപ്പായിരുന്നിട്ടും സഹായിക്കാൻ ആരും തൊടുന്നത് അമ്മക്കിഷ്ടമില്ലായിരുന്നു . അച്ഛൻ അമ്മയെ ഒരിയ്ക്കലും ഒറ്റയ്ക്കാക്കിയില്ല . വല്യ സ്നേഹമായിരുന്നു .അച്ഛനോട് മാത്രം ശാഠ്യങ്ങളൊന്നും കാണിച്ചില്ല. അങ്ങനെ രണ്ടുവർഷം....   ഞങ്ങളുടെയെല്ലാം ജീവിതത്തിൽ നികത്താനാവാത്ത ഒരു ശൂന്യത ബാക്കിവെച്ചു അമ്മ കടന്നു പോയി. മരണത്തിലും അവർ അങ്ങനെ ചിരിച്ചുകിടന്നു . അച്ഛൻ ഇപ്പോഴുമുണ്ട്, തൊണ്ണൂറ്റൊന്നു  വയസ്സായി, ".

 ഭക്ഷണം കഴിച്ചുതീർത്തു ഐലിൻ എഴുന്നേറ്റു , "എനിക്കും പോകണം അമ്മയുടെ ഓർമ്മകളിലെ കൽക്കട്ട കാണാൻ.  അമ്മയുടെ വാക്കുകളിലൂടെ മനസ്സിൽ പതിഞ്ഞ കൽക്കട്ട കാണാൻ . അമ്മയുടെ അസുഖം പറയാൻ മറന്നു,"  ഐലിൻ  ഒന്ന് നിർത്തി എന്റെ  തോളിൽ കൈവച്ചു, നേരെ നോക്കി , "എയ്ഡ്സ് ആയിരുന്നു , ഷി  വാസ്  ....... എ  പ്രോസ്ടിട്യൂറ്റ്,
ബട്ട്.... ആൻ അമേസിങ് പേഴ്സൺ "

എന്റെ ഞെട്ടൽ അവരെ ബാധിച്ചതേയില്ല.  അഭിമാനപൂർവ്വം നടന്നുപോകുന്ന ആ മകളെ കണ്ടപ്പോൾ , കൽക്കട്ട എന്റെ ചിന്തകളിൽ നിന്നും മറഞ്ഞുപോയി . എന്റെ കണ്ണുകൾ വീണ്ടും വീണ്ടും നിറയുന്നതെന്തിനാണെന്ന് ഞാൻ അത്ഭുതപ്പെട്ടു .


Friday, February 16, 2018

ട്രെയിനിലെ യാത്രക്കാർ മുഴുവനും അവരെത്തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു . ഒരു അച്ഛനും മകനും . കഷ്ടി രണ്ടു വയസ്സുകാണും കുഞ്ഞിന്. ട്രെയിനിൽ കയറിയപ്പോൾ മുതൽ ഒരേ കരച്ചിലാണ് .അവന്റെ സ്വർണ്ണത്തലമുടി പാറിപ്പറന്നിരിക്കുന്നു . പൂപോലുള്ള കുഞ്ഞുമുഖം മുഴുവൻ ചുവന്നിട്ടുണ്ട് . ആ അച്ഛൻ മോനെ തന്റെ നെഞ്ചോടു ചേർത്തുതന്നെ പിടിച്ചിട്ടുണ്ട് , ആർക്കും വിട്ടുകൊടുക്കില്ലൊന്നൊരു ഭാവത്തിൽ .

ഇടയ്ക്കു ഒന്നു രണ്ടു സ്ത്രീകൾ അവന്റെ നേരെ നോക്കി കൈവീശുകയും പുഞ്ചിരിക്കുകയും ചെയ്തപ്പോൾ അവൻ കരച്ചിൽ നിർത്തി അച്ഛനോടു പറ്റിപ്പിടിച്ചിരുന്നു . ഒളികണ്ണാൽ മറ്റുള്ളവരെ ഒന്ന് നോക്കി . കുഞ്ഞു കരച്ചിൽ നിർത്തിയപ്പോൾ ആശ്വാസത്തോടെ അയാൾ നെടുവീർപ്പിട്ട് അവന്റെ നെറ്റിയിൽ ഉമ്മ വച്ചു . അവൻ അച്ഛന്റെ മൂക്കിലും ചെവിയിലുമൊക്കെ പിടിച്ചു കളിതുടങ്ങി .

ഞാൻ അയാളെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു , വളരെ ക്ഷമയോടെ കുഞ്ഞിന്റെ ഓരോ കളിയും ആസ്വദിക്കുന്നു .  വളരെ കരുതലോടെ അവനെ ചേർത്തു പിടിക്കുന്നു .  സാധാരണനിലയിൽ നമ്മളൊന്നും കാണാതെപോകുന്ന ഒരു ചിത്രം - അച്ഛന്റെ സ്നേഹം.

കഴിഞ്ഞ ദിവസം അമ്മയെക്കുറിച്ചെഴുതിയപ്പോൾ ശ്രീജിത് ചോദിക്കുന്നുണ്ടായിരുന്നു , അച്ഛൻ എന്തേ ഒഴിവാക്കപ്പെടുന്നു എന്ന് .  ആ ചോദ്യം വീണ്ടും മുന്നിൽ വന്ന് എന്നെ തുറിച്ചുനോക്കി..

അച്ഛൻ പലർക്കും കാർക്കശ്യത്തിന്റെ രൂപമാണ് ,  അനുവാദം ചോദിക്കാനും പണം തരാനും ഉള്ള  ഒരാൾ . ഒട്ടേറെ അരുതുകൾ മുന്നിൽ വയ്ക്കുന്ന ഒരാൾ , ഒടുവിൽ വയസ്സാകുമ്പോൾ പേരക്കുട്ടികൾക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറുള്ള സ്നേഹം നിറഞ്ഞ അപ്പൂപ്പൻ .

ശരിക്കും അച്ഛൻ എപ്പോഴും സ്നേഹത്തിന്റെ നിറകുടം തന്നെ. പക്ഷേ , പലപ്പോഴും അത് പ്രകടിപ്പിക്കാൻ ഇഷ്ടപ്പെടാത്തവർ . മക്കൾക്ക് അപകടം സംഭവിക്കുമോ എന്ന് ഭയപ്പെട്ട്‌ പലതിനും "അരുത് " പറയുന്നവർ. ഒരു ചെറിയ വീഴ്ച്ചയിൽപോലും നമ്മെ താങ്ങുന്നവർ . മിക്കപ്പോഴും പ്രിയപ്പെട്ടവരുടെ മനസ്സിൽ പോലും ഇരിപ്പിടങ്ങൾ നഷ്ടപ്പെടുന്നവർ .

എനിക്ക് അച്ഛൻ  എന്നും ഒരു ആത്മവിശ്വാസമാണ്,  മുന്നോട്ടിറങ്ങാൻ ഉള്ള ധൈര്യം .  എത്ര ദൂരെയായാലും ഒരു ഹൃദയമിടിപ്പിന്റെ അകലത്തിൽ അനുഭവപ്പെടുന്ന സാമീപ്യം. 

സാധാരണയായി  കിടക്കുംമുമ്പ് ഉറങ്ങുന്ന ഒരാൾ , മോനൊരു ചുമ വന്നാൽ അല്ലെങ്കിൽ മോൾക്കൊരു പനി വന്നാൽ രാത്രി ഇടയ്ക്കിടെ എഴുന്നേറ്റ് അവർക്കു കുഴപ്പമൊന്നുമില്ലെന്നു ഉറപ്പുവരുത്തുന്ന സ്വന്തം വീട്ടിലെ കാഴ്ച്ചയും അതു തന്നെയാണ് എന്നോടു പറയുന്നത് . പാതിയുറക്കത്തിൽ ഞാൻ കാണുന്ന ആ കാഴ്ച്ച എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് . അച്ഛൻ, കൊട്ടിഘോഷിക്കപ്പെടാത്ത ഒരു കഥാപാത്രമാണ് , പക്ഷേ  തിരക്കഥാകൃത്തും സംവിധായകനുമാണ്. ഇരിപ്പിടങ്ങൾ മനസ്സിന് പുറത്തല്ല, നമ്മുടെ ഓരോ നിശ്വാസത്തിലുമാണ് അവർക്കു കൊടുക്കേണ്ടത് .

കുഞ്ഞുറങ്ങിക്കഴിഞ്ഞിരിക്കുന്നു , ഞാൻ ഇറങ്ങുന്ന സ്റ്റേഷനിൽത്തന്നെ അയാളും ഇറങ്ങി. നേർത്ത മഞ്ഞു പൊടിയുന്നുണ്ടായിരുന്നു , അയാൾ തന്റെ ജാക്കറ്റ് തുറന്ന് മോനെ ഒന്നുകൂടി പൊതിഞ്ഞു പിടിച്ചു . ലോകത്തു മറ്റൊരിടത്തും കിട്ടാത്ത സുരക്ഷിതത്വത്തിൽ മയങ്ങുന്ന ആ കുഞ്ഞിനോട് എനിക്കെന്തോ  അസൂയ തോന്നി. 

ആൾക്കൂട്ടത്തിൽ അച്ഛന്റെ കൈയ്യിലെ പിടുത്തം നഷ്ടപ്പെട്ട ഒരു കുട്ടിയെപ്പോലെ ഞാൻ നടന്നു .