Saturday, March 28, 2020

ഇതിപ്പോൾ ഓർമ്മകളുടെ വസന്തകാലമാണ് . നിർബന്ധിതമായി വീട്ടിലിരിക്കേണ്ടി വരുമ്പോൾ ഇടയ്ക്കു ചില നിമിഷങ്ങളിലെങ്കിലും വാട്സാപ്പും ചാനലുകളും മടുക്കുമ്പോൾ പിന്നെയുള്ളൊരു രക്ഷപ്പെടലാണ് ഓർമ്മകളിലൂടെയുള്ള ഈ തിരിഞ്ഞു നടത്തം. മറന്നതും ചിതലരിച്ച് തുടങ്ങിയതുമായ പലതും ആ മൺപാതകൾക്കു ഇരുപുറവും നിന്ന് നമ്മെയിങ്ങനെ മാടിവിളിച്ചു കൊണ്ടിരിക്കും.

രാവിലെ ഒരു ബ്രൂ കോഫി ഇങ്ങനെ ഊതിയൂതി കുടിച്ചു തുടങ്ങുമ്പോൾ ആണ് ഷാജിക്കായുടെ ആ ഫോട്ടോ കണ്ടത്, പോലീസ് യൂണിഫോമിൽ ഒരു ബാനർ കയ്യിൽ പിടിച്ചിട്ടുണ്ട് , "നിങ്ങൾ പോലീസിനെ പറ്റിച്ചുവെന്നു കരുതുന്നുണ്ടെങ്കിൽ നിങ്ങള്ക്ക് തെറ്റി, നിങ്ങൾ പറ്റിച്ചത് നിങ്ങളെയും രാജ്യത്തെയുമാണ്  "

ഷാജിക്ക, അമ്മാവന്റെ മോനാണ്. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ അസിസ്റ്റന്റ് സബ്-ഇൻസ്‌പെക്ടർ . അമ്മാവന്റെ എന്ന് പറയുമ്പോൾ, ഡ്യൂട്ടിയിലിരിക്കെ ഒരു പ്രതി അപ്രതീക്ഷിതമായി കുത്തിയിറക്കിയ ഒരു കത്തിമുനയിൽ ചുവപ്പണിഞ്ഞ ഒരു പോലീസ് യൂണിഫോമിൽ  ജീവിതത്തിന്റെ പാതിവഴിയിൽ മറ്റൊരു ലോകത്തേയ്ക്ക് നടന്നുപോയ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ എന്ന് കൂടിച്ചേർത്താലേ ആ ആമുഖം പൂർണ്ണമാകൂ.

എന്റെ ജീവിതത്തിലെ പോലീസ് കഥകൾ തുടങ്ങുന്നത്  ഈ അമ്മാവനിൽ നിന്നാണ് . എൻറെ അമ്മയുടെ മൂന്നു സഹോദരന്മാരിൽ ഒരാൾ. ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്തു അവധിക്കാലത്തെ പ്രധാന ആഗ്രഹമാണ് എറണാകുളത്തു അമ്മാവന്റെ വീട്ടിൽ പോവുക എന്നത് . പോലീസ് ക്വാർട്ടേഴ്സിലാണ് അന്ന് അമ്മാവനും കുടുംബവും താമസിക്കുന്നത് . പെൺകുട്ടികളില്ലാത്തതിനാൽ എന്നോടും ചേച്ചിയോടും വല്യകാര്യമാണ്.

ക്വാർട്ടേഴ്സിനടുത്തു തന്നെയാണ് സ്റ്റേഷൻ. അറസ്റ്റു ചെയ്യുന്ന കുറ്റവാളികളെ അമ്മാവൻ ചോദ്യം ചെയ്യുന്ന കാര്യം പറഞ്ഞു അന്നൊക്കെ ആന്റി കളിയാക്കാറുണ്ടായിരുന്നു . വളരെ സഹാനുഭൂതിയുള്ള ഒരു മനസ്സിന്റെ ഉടമയായിരുന്നതിനാൽ സാധാരണ പോലീസ് മുറകളൊന്നും അമ്മാവന് വശമില്ലായിരുന്നു. ഒരുപാട്  പ്രതികളുടെ ദുരവസ്ഥകണ്ട്‌ ചോദ്യം ചെയ്യലിന് ശേഷം പഴ്സിൽ നിന്നും കാശെടുത്തു അവർക്കു കൊടുത്തിട്ടു "ഭക്ഷണം വാങ്ങിക്കഴിച്ചോ " എന്ന് പറഞ്ഞു ഇറങ്ങിവരുന്ന അമ്മാവനെയാണ് സഹപ്രവർത്തകർ കണ്ടിരുന്നത് .

ഇങ്ങനെയൊക്കെ ആയിരുന്നിട്ടും ഒരു മധ്യവേനലവധിക്കാലത്തു, കൃത്യമായിപ്പറഞ്ഞാൽ ഒരു പെസഹാ രാത്രിയിൽ  സഹപ്രവർത്തകനായ ഇൻസ്‌പെക്ടർക്കു പകരം  ജോലിക്കിറങ്ങിയ അമ്മാവൻ പിന്നീട് മടങ്ങിയെത്തിയതേയില്ല.

നിറഞ്ഞുനിന്നിരുന്ന വീട്ടിലെ ഒരു ചുമരിലേക്ക് ചിരിച്ചുനിൽക്കുന്ന ഒരു ചിത്രമായി പാതിവഴിയിൽ ആ ജീവിതം നിശ്ചലമായി.

കേരളസംസ്ഥാന ഹോക്കി ടീം അംഗമായിരുന്ന ഷാജിക്ക പൊലീസിലേക്ക് കടന്നുവന്നത് അമ്മാവന് പകരക്കാരനായിട്ടല്ല. സ്വന്തമായി തിരഞ്ഞെടുത്ത വഴിയായിരുന്നു അത് .

എന്റെ പ്രിയപ്പെട്ട സഹോദരന്മാരിൽ ഒരു സുഹൃത്തിനെപ്പോലെ അടുപ്പമുള്ളയാൾ. പഠനത്തിനിടെ മത്സരപ്പരീക്ഷകൾ എഴുതി നടക്കുമ്പോൾ എറണാകുളം സെന്റർ വയ്ക്കാനായിരുന്നു ഞങ്ങൾക്ക് ഏറ്റവും ഇഷ്ടം. പരീക്ഷകൾക്ക് തലേന്ന് കലൂർ ബസ് ഇറങ്ങുമ്പോൾ ഷാജിക്ക കാത്തുനിൽക്കുന്നുണ്ടാവും. വീട്ടിലേക്കെത്തിയാൽ പിന്നെ ആന്റിയ്ക്കു വല്യ സന്തോഷമാണ്.  പരീക്ഷ കഴിഞ്ഞാൽ കൂട്ടാൻ വരുന്ന ഇക്ക ആദ്യം ചോദിക്കുക "നിനക്ക് എന്തെങ്കിലും കഴിക്കേണ്ടേ ?" . എറണാകുളം ബ്രോഡ്‍വെയിലേക്കു കയറുന്ന ഭാഗത്തു വലതു വശത്തു ഒരു വലിയ മരത്തണലിൽ ബൈക്ക് വെച്ചിട്ടു അകത്തേയ്ക്കു കയറുമ്പോൾ പ്രൗഢിയാർന്ന കാരവൻ ഐസ്ക്രീം ഷോപ്പ്, എന്റെ ജീവിതത്തിലെ ഏറ്റവും രുചിയാർന്നതും വിലകൂടിയതുമായ ഐസ്ക്രീം കഴിച്ചിട്ടുള്ളത് അവിടെ നിന്നുമാണ് .

കുറച്ചുകൂടി മുതിർന്നപ്പോൾ മനസ്സിൽ കയറിക്കൂടിയ ആളെക്കുറിച്ചും ഞാൻ ആദ്യം പറഞ്ഞത് ഇക്കായോടാണ് .

ഇതിനിടയിൽ ഞാൻ വിവാഹിതയായി .ബാങ്ക് ജോലിക്കാരിയായി എറണാകുളത്തു താമസമാക്കിയപ്പോഴും ഇക്കായ്ക്കു ഞാൻ പഴയ അനിയത്തിക്കുട്ടി തന്നെയായിരുന്നു. എത്ര ബുദ്ധിമുട്ടിച്ചിരിക്കുന്നു ഞാൻ,ആർക്കുവേണ്ടി പറഞ്ഞാലും പറ്റില്ല എന്ന് പറയാതെ , സഹപ്രവർത്തകരുടെ പ്രശ്നങ്ങൾ, ആസ്പത്രിക്കാര്യങ്ങൾ , അങ്ങനെ അന്നു തൊട്ടു ഇന്ന് വരെ എത്രയെത്ര കാര്യങ്ങൾ.

ഭർത്താവായി, അച്ഛനായി സ്വന്തം ജീവിതത്തിൽ തിരക്കേറിയപ്പോഴും,  ആര് എന്താവശ്യത്തിനു വിളിച്ചാലും , "രണ്ടു മിനിറ്റ്" എന്ന് പറഞ്ഞു ഫോൺ വെച്ചിട്ട് കൃത്യം രണ്ടുമിനിറ്റിൽ ഒരു പ്രശ്നപരിഹാരവുമായി തിരിച്ചു വിളിക്കുന്ന നല്ലൊരു സുഹൃത്ത്. ഇന്ന് ഞാൻ ഭൂഗോളത്തിന്റെ ഇങ്ങേത്തലയ്ക്കൽ   ഇരിക്കുമ്പോഴും ഒരു ഫോൺ കോളിനപ്പുറം , "എന്താടീ " എന്ന ആ കരുതൽ, അതൊരു ബലമാണ് .

ഇതെല്ലാം വീണ്ടും വീണ്ടും ഓർമ്മിക്കാനും എഴുതാനും കാര്യമുണ്ട് .

നമ്മുടെയെല്ലാം ജീവിതത്തിലെ നിർണ്ണായക ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ ഇപ്പോൾ മിക്കവാറും ഷാജിക്കയെ കാണുന്നത്  ടി വി യിലാണ് . നമ്മുടെ പോലീസിന്റെ ആത്മാർഥമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏതെങ്കിലും വീഡിയോയിൽ , വഴിയോരത്തെ അശരണർക്കു ആശ്വാസമായി, ഭക്ഷണവുമായി, സ്വന്തം ജീവിതം മറന്ന് പൊരിവെയിലത്തുനിൽക്കുന്ന പോലീസുകാർക്കിടയിൽ  . അവർ കൊള്ളുന്ന ഈ വെയിലിന്റെ തണലാണ്, രാവും പകലും മറന്നുള്ള ആ നിൽപ്പാണ്  ഓരോ മലയാളിയുടെയും ജീവിതത്തിന്റെ കുളിർമയുടെ ഒരംശം.

 യൂണിഫോമിട്ടു പുറത്തേക്കിറങ്ങുമ്പോൾ യന്ത്രങ്ങളായി മാറുന്ന വിദ്യയൊന്നും അവർക്കു വശമില്ല. "പപ്പാ , ഇന്ന് നേരത്തെ വരുവോ ?" എന്ന ചോദ്യത്തിന് തലയാട്ടുമ്പോഴും  "വരാനാവില്ല " എന്ന സത്യം അവരെ നോവിക്കുന്നുമുണ്ടാവാം. എന്നാലും കർമ്മപഥത്തിലേക്കിറങ്ങുമ്പോൾ അവർ അത് മറന്നുപോകുന്നു .

പ്രളയത്തിലും മഹാമാരിയിലും ഈ പോലിസുകാർ  സന്നദ്ധരായി ഇറങ്ങുമ്പോൾ നമുക്കെന്താണ് അവരെ  അനുസരിക്കാൻ തോന്നാത്തത്? ആർക്കുവേണ്ടിയാണ് സഹികെടുമ്പോൾ അവർ ഈ അനുസരണയില്ലായ്മയ്ക്ക് ഏത്തമിടീക്കുന്നത് ?  അതിനവരെ പ്രേരിപ്പിക്കുന്നത് തോളിൽ കൂട്ടിവെച്ച നക്ഷത്രങ്ങളുടെ എണ്ണമൊന്നുമല്ല , താൻ കണ്ണടച്ചാൽ പടർന്നുപോയേക്കാവുന്ന ഒരു വലിയ വിപത്തിനെക്കുറിച്ചുള്ള ബോധ്യമാണ് .  സ്വന്തം കുടുംബത്തെപ്പോലെ കാത്തിരിക്കുന്ന വേറെയും കുടുംബങ്ങളും പുഞ്ചിരികളും ഉണ്ടെന്ന ചിന്തയാണ് .

അത് മനസ്സിലാക്കാതെ പോലീസുകാരോട് കയർക്കുമ്പോൾ അവരെ കളിയാക്കുമ്പോൾ  നമ്മൾ അപമാനിക്കുന്നത് നമ്മുടെ നാടിനെത്തന്നെയാണ് .

നമ്മുടെ പോലിസുകാർ കാശിനുവേണ്ടി പണിയെടുക്കുന്ന കൂലിത്തല്ലുകാരല്ല , നാടിനുവേണ്ടി ജീവിതം മുഴുവനായി മാറ്റിവെച്ചവരാണ് , ക്ഷമയുടെ നെല്ലിപ്പലക കാണുമ്പോൾ അവർ അല്പം പരുഷമായി പെരുമാറിയെന്നും വരാം.  വിമർശിക്കുന്നതിനു മുൻപ് , ചെളിവാരിയെറിയുന്നതിനുമുന്പ് ഒന്നുകൂടി കണ്ണു തുറന്നു നോക്കൂ,  നമ്മൾ വാഴ്ത്തിപ്പാടുന്ന വെള്ളയുടുപ്പുകളിട്ട മാലാഖാമാർക്കൊപ്പം തന്നെ കാക്കിയിട്ട നമ്മുടെയീ കാവൽഭടന്മാരേയും കാണുന്നില്ലേ ?

ഞാൻ കാണുന്നുണ്ട്, കാരണം എനിക്ക് പോലീസുകാർ എന്നാൽ പാതിവഴിയിൽ തനിച്ചു നടന്നുപോയ എന്റെ അമ്മാവനാണ് , ഇക്കയെ കാണാൻ ചെല്ലുമ്പോൾ  മൃദുവായി പുഞ്ചിരിച്ചു കൈ വീശുന്ന  സെൻട്രൽ സി.ഐ വേണുസാറാണ് , നിറവയറുമായി കാറിലിരുന്ന് പൊട്ടിക്കരഞ്ഞപ്പോൾ മുൻപേ നടന്നു ആസ്പത്രിയിലെത്തിച്ച സിറ്റി പോലീസ് കമ്മീഷണർ  മനോജ് അബ്രഹാം സാറാണ്. 

ഇതിലെല്ലാം ഉപരി, ഓരോ പോലീസുകാരനും എനിയ്ക്ക്  എന്റെ സ്നേഹസ്പര്ശമായ, കരുതലായ ഷാജിക്കയാണ് . അവരെ കാത്തിരിയ്ക്കുന്ന  ഒരു കുടുംബത്തിന്റെ സ്നേഹക്കടങ്ങളാണ്.

അവരെ വന്ദിക്കണമെന്നൊന്നും  ഞാൻ പറയുന്നില്ല, നിങ്ങൾക്കുവേണ്ടി  അവർ തെരുവിൽ കരിഞ്ഞു നിൽക്കുമ്പോൾ വീടിനുള്ളിലെ കുളിർമ്മയിൽ  നിങ്ങൾക്ക് സുഖമായി ഇരുന്നുകൂടെ  എന്ന് മാത്രമാണ് എന്റെ ചോദ്യം .

#stayhome


Friday, March 13, 2020

ഉറങ്ങാൻ കിടക്കുമ്പോൾ
തെരുവുകൾ വിജനമായിരുന്നു..
ഇന്നലെവരെ സജീവമായിരുന്ന നിരത്തുകൾ
ശവപ്പറമ്പുകൾ പോലെ മൗനം ശ്വസിച്ചു..
തലേന്ന് അന്നം വിളമ്പിയ മുത്തശ്ശിയുടെ
മാംസം വെന്തുരുകിയ മണം ,
എവിടെയും നിറഞ്ഞുനിന്നു .
ഏതുനേരവും തകർന്നു വീണേക്കാവുന്ന
വാതിലിനിപ്പുറം ഉറങ്ങാൻ കിടക്കുമ്പോഴും
കണ്ണുകൾ ഞാൻ തുറന്നുവെച്ചു .
ഉണർന്നെണീക്കുമ്പോൾ എന്റെ എഴുത്തുമേശ
ആരോ തകർത്തിട്ടിരുന്നു ...
കടലാസ്സുകൾ കശക്കിയെറിഞ്ഞിരുന്നു...
തൂലികകൾ വെന്തു വെണ്ണീറായിരുന്നു ...
കുഞ്ഞുങ്ങൾ അപരിചിത ശബ്ദത്തിൽ കരഞ്ഞുകൊണ്ടേയിരുന്നു ..
നാവുകളില്ലാത്ത വായ്കൾ ചൂണ്ടി
അവരെന്നെ അള്ളിപ്പിടിച്ചു .
ഉള്ളിലെ ആന്തൽ പുറത്തേയ്ക്കാവാഹിക്കുമ്പോളാണ് ഞാനറിഞ്ഞത് ,
വാക്കുകൾ വികൃത ശബ്ദങ്ങളായി പരിണമിച്ചെന്ന് ,
എന്റെ നാവും ആരോ പിഴുതെടുത്തെന്ന് ..
അടച്ചിരുന്ന ജനാലകൾ വലിച്ചു തുറന്ന്
തെരുവിലേക്കെത്തിനോക്കുമ്പോൾ ,
നാവുകൾ നഷ്ടപ്പെട്ട ഒരു ജനത
എങ്ങോട്ടെന്നില്ലാതെ അലയുന്നുണ്ടായിരുന്നു.
ജനിച്ചുവീണ മണ്ണിൽ നിന്നും അടർത്തിമാറ്റപ്പെട്ടപ്പോഴുള്ള രക്തം
അവരുടെ പൊക്കിൾക്കൊടികളിൽ നിന്നും അപ്പോഴും കിനിയുന്നുണ്ടായിരുന്നു ...
എഴുത്താണികൾ കത്തിയമർന്ന പുകയിൽ ,
അഭിനവദൈവത്തിനു വേണ്ട വാക്കുകൾ മാത്രം മുഴങ്ങിക്കേൾക്കുന്നുണ്ടായിരുന്നു ..
ആസനത്തിൽ മുളച്ച ആൽമരങ്ങളുടെ
തണലുള്ളവർ മാത്രം
ആർത്തട്ടഹസിച്ചു കൊണ്ടേയിരുന്നു ....
കുട്ടുവിനു ഇന്ന് പത്തു  വയസ്സായി. കാലം അതിവേഗം ഉരുളുകയും ഇടയ്ക്കിടെ ഓരോരോ പിറന്നാളുകളുമായി നമ്മെ പലതും ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. മക്കളുടെ പിറന്നാളുകളിലാണ് പലപ്പോഴും ആ കറക്കത്തിന്റെ വേഗം നമ്മൾ മനസ്സിലാക്കുന്നത് .

സംഭവബഹുലമായ ഒമ്പതുമാസങ്ങൾക്കൊടുവിലാണ്  ഒരു മാർച്ചു പതിമൂന്നിന് രാവിലെ ഓപ്പറേഷൻ തീയേറ്ററിലെ ടേബിളിൽ കുഞ്ഞിനെയെടുത്തു എന്റെ നെഞ്ചിൽ രണ്ടു സെക്കൻഡ്  വച്ചിട്ട് " കുഴപ്പമൊന്നുമില്ല , മോനാണ് ട്ടോ " എന്ന് ഡോക്ടർ വിജയലക്ഷ്മി പറയുന്നത്.  അനസ്തേഷ്യയോടുള്ള ഭയം മൂലം അനസ്തറ്റിസ്റ്റിന്റെ കയ്യിൽ മുറുകെപിടിച്ചിരുന്ന ഞാൻ ആ വാചകത്തിന്റെ ആദ്യഭാഗമേ കേട്ടുള്ളൂ . അവനെ ഒന്ന് തൊട്ടു, "ദൈവത്തിനു സ്തുതി" എന്ന് പറഞ്ഞു.

അതിനു കാരണമുണ്ട് . അവനെ ഗർഭിണിയായിരിക്കുമ്പോൾ ആണ് ഏഴാമത്തെ മാസം ഞാൻ ഒന്ന് വീണു . രാത്രിയിൽ ബെഡിൽ നിന്നും എഴുന്നേറ്റ് വാഷ്‌റൂമിലേക്കു പോകാൻ തിരിഞ്ഞപ്പോൾ കാലിടറി കട്ടിലിന്റെ പിടിയിൽ വയർ ഇടിച്ചു വീണു. ശബ്ദം കേട്ട് എല്ലാരും ഓടിവന്നപ്പോൾ എനിക്ക് പേടിയൊന്നും തോന്നിയില്ല, ചെറിയൊരു വേദന മാത്രം. അപ്പോൾ തന്നെ ഹോസ്പിറ്റലിൽ പോകാമെന്ന് ഭർത്താവ് പറഞ്ഞെങ്കിലും "പ്രശ്നമൊന്നുമില്ല " എന്നും പറഞ്ഞു ഞാൻ പോയില്ല. എങ്കിലും നിർബന്ധത്തിനു വഴങ്ങി രണ്ടാമത്തെ ദിവസ്സം ഡോക്ടറെ കാണുമ്പോൾ സ്കാനിംഗ് നടത്തി. സ്ക്രീനിലേക്ക് നോക്കുന്ന ഡോക്ടറുടെ മുഖത്തെ പ്രകാശം മങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു. ഭർത്താവിനെ വിളിച്ചു ഡോക്ടർ സ്ക്രീൻ കാണിച്ചു കൊടുത്തു. കുഞ്ഞിന്റെ തലയോട് ചേർന്ന് അല്പം മുകളിലായി   വീഴ്ചയുടെ ഭാഗമായി  ബ്ലീഡിങ് ഉണ്ടായി കുറച്ചധികം രക്തം കട്ടപിടിച്ചു കിടക്കുന്നു. അത് ഇൻഫെക്ടഡ് ആയാൽ കുട്ടിക്ക് പ്രശ്നമാണ് . ഒന്നും ചെയ്യാനില്ല.പരമാവധി സൂക്ഷിക്കുക, പ്രാർത്ഥിക്കുക.

ജീവിതം അങ്ങനെയാണ് . എല്ലാം ശുഭമായിപ്പോകുമെന്നു  നമ്മൾ അങ്ങനെ മൂഢമായി വിശ്വസിക്കും .വളരെ സമാധാനത്തിൽ പോയിരുന്ന അവസ്ഥയ്ക്ക് എത്ര പെട്ടെന്നാണ് മാറ്റമുണ്ടായത്  .  വേദനകൾ പതിവായി. ജോലിക്കു പോകാൻ ബുദ്ധിമുട്ടായിത്തുടങ്ങി . രാവും പകലുമെന്നില്ലാതെ ഇടയ്ക്കിടെ ഓരോരോ വേദനകൾ വരുമ്പോഴെല്ലാം ഡോ:വിജയലക്ഷ്മിയുടെ അടുത്തേയ്ക്കു ഞങ്ങൾ ഓടിക്കൊണ്ടിരുന്നു.

സ്വന്തം കൂടപ്പിറപ്പിനെപ്പോലെ നോക്കുന്ന ഒരു കൂട്ടം സഹപ്രവർത്തകർ ഉണ്ടാവുകയെന്നത് ഒരു വലിയ ഭാഗ്യമാണ് . എന്തുവേണമെങ്കിലും നിമിഷങ്ങൾക്കുള്ളിൽ മുന്നിൽ എത്തുമായിരുന്നു . ഉച്ചയ്ക്ക് എന്നും ഒരു ഇളനീരുമായി രവി സർ വന്നിരിക്കും. ഭൂമിയിൽ നിന്നും സർ മാഞ്ഞുപോയിട്ടും എന്റെ ഓർമ്മകളിൽ ആ വരവും സൗമ്യമായ വാക്കുകളും നിറഞ്ഞു നിൽക്കുന്നു.

പെട്ടെന്നൊരു ദിവസ്സം ഓഫീസിൽ വെച്ചു തീരെ വയ്യാതായി - അന്നായിരുന്നു ഒരു പ്രമുഖ രാഷ്ട്രീയപ്പാർട്ടിയുടെ വമ്പിച്ച റാലി എറണാകുളം ടൗൺ മുഴുവൻ നിശ്ചലമാക്കിയത്  . എന്തു ചെയ്യണമെന്നറിയാതെ സഹപ്രവർത്തകരും ഭർത്താവും വിഷമിച്ച സമയം.  സമ്മേളനത്തിന് സ്റ്റേഡിയത്തിലേക്ക് ജനങ്ങൾ ഒഴുകുകയാണ്. രണ്ടും കൽപ്പിച്ചു ഒരു കാറിൽ ഞങ്ങൾ ആസ്പത്രിയിലേക്ക് തിരിച്ചു.  നിറവയറുമായിരുന്നു കരയുന്ന എന്നെക്കണ്ടിട്ടും കാർ തടഞ്ഞ മഞ്ഞക്കൊടി പിടിച്ച രാഷ്ട്രീയക്കാരോട് എന്റെ ഭർത്താവ് കെഞ്ചിക്കരഞ്ഞിട്ടും അലിഞ്ഞില്ല. അപ്പോൾ ദൈവദൂതനെപ്പോലെയെത്തിയ  ശ്രീ മനോജ് അബ്രഹാം I P S നെക്കുറിച്ചു മുൻപൊരിക്കൽ ഞാൻ എഴുതിയിട്ടുണ്ട് . കാറിനു മുൻപിൽ നടന്നു വഴിതെളിച്ച അദ്ദേഹത്തെ ഈ ജീവിതത്തിൽ എപ്പോഴെങ്കിലും ഒന്ന് കണ്ടുമുട്ടിയാൽ പറയാനായി ഒരമ്മയുടെ ജീവന്റെ വിലയുള്ള നന്ദിവാക്ക് ഞാൻ കരുതിവെച്ചിട്ടുണ്ട് .

അങ്ങനെ എത്രയെത്ര  ആളുകൾ, ആസ്പത്രിയിലെത്തിച്ചിട്ടു ഭർത്താവ് എത്തുന്നതുവരെ കാത്തിരുന്ന എത്ര സഹപ്രവർത്തകർ - ഈ ജീവിതത്തിൽ കടപ്പാടുകൾ ഏറെയാണ്,നന്ദി പറയേണ്ടവരുടെ നിര നീളുകയാണ് .

വീഴ്ച സമ്മാനിച്ച ആധികളും വ്യാധികളുമായി രണ്ടുമാസം. ഒരു ദിവസ്സം പരിശോധന  കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു "ഇനി താമസിക്കണ്ട, ഒരു ഇൻഫെക്ഷൻറെ തുടക്കം  കാണുന്നുണ്ട് . മറ്റെന്നാൾ കുട്ടിയെ പുറത്തു എടുക്കാം, കുഴപ്പമൊന്നും ഉണ്ടാകില്ലെന്ന്  വിശ്വസിക്കാം .  അന്ന് പതിമൂന്നാം തിയ്യതിയാണ്, ബുദ്ധിമുട്ടുണ്ടെങ്കിൽ  മാറ്റാം"  . മാറ്റേണ്ട എന്നുതന്നെ പറഞ്ഞു , കാരണം അത്തരം വിശ്വാസങ്ങളൊന്നും നമുക്കില്ല. മാത്രമല്ല , ഞാനും ഭർത്താവും മോളും എല്ലാം പതിമൂന്നാം തിയ്യതിക്കാരാണ് .

2010 മാർച്ച് പതിമൂന്നിന് ഇത്തിരിപ്പോന്ന  കുഞ്ഞിനെ നെഞ്ചോടുചേർക്കുമ്പോൾ എന്റെ കണ്ണ് നിറഞ്ഞിരുന്നു , ഒരു പാട് മുഖങ്ങൾ ഒരു നിമിഷം ഓടിയെത്തി , മനസ്സിൽ ഒരു പാട് നന്ദി പറഞ്ഞു. പൊന്നു വളരെപ്പെട്ടെന്ന് "ചേച്ചി " റോൾ ഏറ്റെടുത്തു, അവളാണ് "ഫർഹാൻ "എന്ന പേരുമിട്ടത് .

കുട്ടുവിന്റെ പത്താം പിറന്നാൾ എന്നു പറയുമ്പോൾ മനസ്സിലെത്തുന്ന മറ്റൊരു കാര്യം നാട് വിട്ടിട്ടു പത്തു വർഷത്തോളമാകുന്നു എന്നതാണ് . അഞ്ചുമാസം പ്രായമുള്ള ഒരു കൈക്കുഞ്ഞിനെയുമായി യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്തൊക്കെ ആധികളായിരുന്നു മനസ്സിൽ.

കുട്ടുവിന്  നാട് ഒരു "വെക്കേഷൻ ഡെസ്റ്റിനേഷൻ" മാത്രമായിരുന്നു ആദ്യം. മെല്ലെമെല്ലെ കഥകളിലൂടെയും സിനിമകളിലൂടെയും ഒക്കെ അവൻ നാടിനെ അറിഞ്ഞു , ഇഷ്ടപ്പെട്ടു. ആളുകളെ അറിഞ്ഞു.മലയാളം സംസാരിക്കാൻ പഠിച്ചു , വളരെ അഭിമാനത്തോടെ 'ഞാൻ മലയാളിയാണ് "എന്ന് പറഞ്ഞു . നാട്ടിലേക്കുള്ള ഓരോ യാത്രയും ആഘോഷമാക്കി.

കുഞ്ഞുങ്ങൾക്ക് പിറന്നാൾ ഒരു ഉത്സവമാണ് . "സർപ്രൈസ് " അവരങ്ങു പ്രതീക്ഷിച്ചുകളയും .പിറന്നാൾ ആഘോഷങ്ങൾ ഗംഭീരമാക്കൽ പതിവില്ല. വളരെ അടുത്ത സുഹൃത്തുക്കളുമായി ആഴ്ച്ചാവസാനം ഒരു ബിരിയാണി , അതാണ് പതിവ് . ഇത്തവണ അതും വേണ്ടെന്നു വെച്ചു . ലോകം മുഴുവൻ ഒരു മഹാവ്യാധിയിൽ പകച്ചു നിൽക്കുമ്പോൾ ആഘോഷിക്കുന്നത് ശരിയല്ലെന്ന് അവനെ പറഞ്ഞു മനസ്സിലാക്കി. എങ്കിലേ സഹജീവിസ്നേഹം എന്തെന്ന് ബോധ്യമാവൂ.

കരുണയുള്ളവനായി അവൻ വളരട്ടെ. മനുഷ്യനെ മനുഷ്യനായിക്കണ്ട് നാലുമതിക്കെട്ടുകൾക്കപ്പുറവും ലോകമുണ്ടെന്ന് കണ്ടു അവൻ വളരട്ടെ. എന്നും കിടക്കുമ്പോൾ ഉരുവിടുന്ന "എല്ലാരും സുഖമായിരിക്കണേ " എന്ന വാക്യം മറക്കാതിരിക്കട്ടെ.  എരിയുന്ന മനസ്സുകൾക്ക് തണലാകട്ടെ. അത് മാത്രമാണ് പ്രാർത്ഥന .