Friday, April 21, 2017

എല്ലാ വീട്ടമ്മമാരെയും പോലെ എന്റെയും സന്ധ്യകൾ ഇന്നു എന്താണ് പാചകം ചെയ്യുക എന്ന കുഴക്കുന്ന സമസ്യയുമായി മല്ലിട്ടുകൊണ്ടാവും തുടങ്ങുക . എന്തെങ്കിലും ഒന്ന് തലയിൽ ഉദിച്ചാൽ പിന്നെ അത് തട്ടിക്കൂട്ടുന്ന തത്രപ്പാടിലായി . അങ്ങനെയുള്ള ഒരു പതിവു വൈകുന്നേരത്തിലാണ്  അടുക്കളയിൽ വന്നു മോൾ അല്പം സങ്കടത്തോടെ പറഞ്ഞത് " അമ്മാ , ശീതളിന്റെ ഗ്രാനിക്കു ഡിമെൻഷ്യ ആണത്രേ. അവരെ ലോങ്ങ് ടെം കെയറിലേക്കു മാറ്റാൻ പോവുകയാണ്".  ആ വാർത്ത എന്നിലുണ്ടാക്കിയ ഞെട്ടൽ ചെറുതായിരുന്നില്ല .

ശീതളിന്റെ കുടുംബത്തെ ഞങ്ങൾ പരിചയപ്പെടുന്നത് ഏതാണ്ട് അഞ്ചു വര്ഷം മുൻപാണ് . മോളുടെ സഹപാഠിയാണ് അവൾ. ഉത്തരേന്ത്യയിൽ നിന്നും വർഷങ്ങൾക്കു മുൻപ് ഫിജിയിലേക്കു കുടിയേറിയതാണ് അവളുടെ മുതുമുത്തച്ഛന്മാർ . ഇപ്പോഴും ഇന്ത്യൻ പാരമ്പര്യവും ആചാരങ്ങളും അഭിമാനപൂർവം കൊണ്ടു നടക്കുന്ന ഒരു മുത്തച്ഛനും മുത്തശ്ശിയും അവൾക്കുണ്ട്.  ഇടയ്ക്കിടെ ഞങ്ങൾ അവിടെ പോകാറുണ്ടായിരുന്നു . ചെല്ലുമ്പോഴെല്ലാം നിറഞ്ഞ ചിരിയുമായി വാത്സല്യത്തോടെ എന്നെ സ്വീകരിച്ചിരുന്നത് ആ  മുത്തശ്ശിയായിരുന്നു. "ബേട്ടി" എന്ന വിളിയിൽ ആ വാത്സല്യം തുളുമ്പി നിന്നു.  അവരെനിക്ക് "മാജി" ആയിരുന്നു . ചെറിയ ആ രൂപത്തിൽ വളരെ വലിയ ഒരു മനസ്സാണ് ഉണ്ടായിരുന്നത്. വിശേഷദിവസങ്ങളിൽ ഒരു വീതം കൃത്യമായി എനിക്ക് എത്തിച്ചിരുന്നു മാജി . എന്നെ ഇടയ്ക്കിടെ കണ്ടില്ലെങ്കിൽ മോളോടു പരിഭവം പറഞ്ഞയയ്ക്കും.

മോൾ മുതിർന്ന ക്‌ളാസ്സുകളിലേക്കു മാറിയപ്പോൾ ശീതളിന്റെ വീട്ടിലേക്കുള്ള പോക്കു കുറഞ്ഞു . ജോലിയും തിരക്കുകളും കൂടിക്കൂടി വന്നപ്പോൾ ഒഴിവാക്കപ്പെട്ടവയുടെ കൂട്ടത്തിൽ ഇതും ചേർക്കപ്പെട്ടു . ഫോൺ വിളികളും കുറഞ്ഞു . എങ്കിലും വല്ലപ്പോഴും കണ്ടുമുട്ടുമ്പോൾ മോളോട് എന്നെപ്പറ്റി വീണ്ടും വീണ്ടും മാജി ചോദിക്കുകയും അവളതു എന്റെ ചെവിയിൽ എത്തിക്കുകയും ചെയ്തുകൊണ്ടിരുന്നു .

കാണാൻ പോകണമെന്നു പലപ്പോഴും വിചാരിച്ചെങ്കിലും അതൊന്നും നടന്നില്ല . നടത്താൻ അത്രകണ്ട് ഞാൻ ശ്രമിച്ചില്ല എന്നുതന്നെ പറയണം . കാരണം മുന്ഗണനാലിസ്റ്റിൽ അതുണ്ടായിരുന്നില്ല എന്നതുതന്നെ . പിന്നീട് മാജിയ്ക്കു സുഖമില്ലെന്നു കഴിഞ്ഞാഴ്ച മോളു പറഞ്ഞപ്പോൾ ഓർത്തിരുന്നു ഈ ആഴ്ചയെങ്കിലും കാണാൻ പോകണമെന്ന് .

കാണാൻ ഇഷ്ടമില്ലാത്ത കാഴ്ചകളുടെ നേരെ കണ്ണടക്കുക എന്ന (ദു:)ശീലം പണ്ടേ എനിക്കുണ്ട് . ഒരു പക്ഷേ അത് ഭീരുത്വമായിരിക്കാം. സ്വസ്ഥത കെടുത്തുന്ന അത്തരം കാഴ്ചകൾ ഞാൻ കാണാൻ ശ്രമിക്കാറില്ല .കാരണം  ചില ദൗർബല്യങ്ങൾ ജീവിതത്തിന്റെ ചിരികൾക്കു മങ്ങലേൽക്കാതിരിക്കാൻ എന്നെ സഹായിക്കാറുണ്ട്‌ .  അതുകൊണ്ടു തന്നെ, മറവി ബാധിച്ച്‌ , എന്നെ തിരിച്ചറിയാൻ പറ്റാതെ ഓർമ്മകളെ വീണ്ടെടുക്കാൻ വ്യർത്ഥശ്രമം നടത്തുന്ന മാജിയെ കാണാൻ പോകുന്നില്ലെന്ന് തീരുമാനിച്ചു . തനിയ്ക്കു ചുറ്റുമുണ്ടായിരുന്ന ലോകം പതിയെപ്പതിയെ അന്യമാകുന്ന ഒരാളേക്കാൾ തനിക്കു പ്രിയപ്പെട്ട ഒരാൾ തിരിച്ചറിയാത്തതു നൊമ്പരപ്പെടുത്തുന്ന മുത്തച്ഛനേയും എനിക്കു സങ്കൽപ്പിക്കാനായില്ല .


ഉറങ്ങാൻ കിടക്കുമ്പോഴാണ് ഞാൻ പലപ്പോഴും ഓർമകളിലേക്ക് യാത്രപോവാറ് . പെട്ടെന്നാണ് ആ ചിന്ത എന്നെ പേടിപ്പെടുത്തിയത് . ജീവിതത്തിന്റെ ഏതെങ്കിലുമൊരു  നിമിഷത്തിൽ എന്റെയും ഓർമ്മകൾ എന്റെ കൈവിട്ടുപോയാലോ , പ്രിയപ്പെട്ടതൊക്കെയും അപരിചിതമാവുന്ന ഒരു നിമിഷം എന്നെയും കാത്തിരിക്കുന്നുണ്ടാവുമോ . ഉറങ്ങിത്തുടങ്ങിയിരുന്ന ഭർത്താവിനെ ഞാൻ വിളിച്ചുണർത്തി , ആ കയ്യിൽ മുറുകെപ്പിടിച്ചു , കരച്ചിലിന്റെ വക്കോളമെത്തിയ എന്നെകണ്ടു അന്ധാളിച്ച ആളോട് ഞാൻ പറഞ്ഞൊപ്പിച്ചു, " എനിക്കു ഡിമെൻഷ്യ ബാധിച്ചാൽ എന്നെ വേറെവിടെയും കൊണ്ടാക്കരുത്, എനിക്കിവിടെ മതി, ഒരുപക്ഷേ ,എനിക്കറിയില്ലെങ്കിലും, നിങ്ങൾക്കറിയാമല്ലോ എനിയ്ക്കൊറ്റക്ക് ജീവിക്കാനാവില്ലെന്ന് ".

Thursday, April 6, 2017

ഈയാഴ്ച്ച എനിക്കു  പനിക്കാലമായിരുന്നു. പുറത്തെ വെയിൽകണ്ടു ഉച്ചക്ക് ഒരു വട്ടം നടന്നിട്ടു വരാം എന്നു കരുതി പുറത്തേക്കിറങ്ങിയപ്പോഴേ സഹപ്രവർത്തക മുന്നറിയിപ്പു തന്നതാണ്, തണുപ്പുണ്ടാവും ജാക്കറ്റ് എടുത്തോളൂ എന്ന് . അതിനെ ചിരിച്ചുതള്ളി നടന്നു തുടങ്ങിയപ്പോൾ തന്നെ മനസ്സിലായി, അമിതവിശ്വാസം നല്ലതല്ലെന്ന് . എന്നിട്ടും തിരിച്ചുപോവാൻ ആത്മാഭിമാനം സമ്മതിക്കാത്തതിനാൽ പത്തു മിനിറ്റ് നടന്നു. തിരികെ വന്നു കയറുമ്പോൾ ദേഹം മുഴുവൻ തണുത്തു മരവിച്ചിരുന്നു. വൈകിട്ടത്തേക്ക് അത് ഒച്ചയടപ്പായി, തലവേദനയായി, അങ്ങനെ പനിയായി, ഇപ്പോൾ ഇതാ വീട്ടിലിരിക്കാൻ തുടങ്ങിയിട്ട് ദിവസം മൂന്നുനാലായി .

ഇതൊക്കെയാണെങ്കിലും പനിക്കാലം പലപ്പോഴും ഒരു ആഘോഷമാണെനിക്ക്.  ജോലിക്കു പോകേണ്ട, വീട്ടിലെ പണികളൊന്നും ചെയ്യേണ്ട, ഭക്ഷണം തയ്യാറാക്കേണ്ട, ഒരു കമ്പിളിക്കുള്ളിൽ മൂടിപ്പുതച്ചങ്ങനെ കിടക്കാം. അത്ര നാൾ വരെ ഊണുമേശയിൽ മാത്രം കാണപ്പെടുന്ന എൻറെ മൂന്നാൾ പട്ടാളം, സർവ്വസന്നദ്ധരായി അരയും തലയും മുറുക്കി എൻറെ ചുറ്റും കാണും. ചുക്കു കാപ്പി, മരുന്ന്, വെള്ളം എന്ന് വേണ്ട, ഞാൻ പറയുന്നതെന്തും എൻറെ അടുക്കലെത്തും ഞൊടിയിടയിൽ. ഇടയ്ക്കു എൻറെ പേരും പറഞ്ഞു "മറീന"യിൽ പോയി മസാലദോശയും സാമ്പാർ വടയുമൊക്കെ വാങ്ങാനും വല്യ ഉത്സാഹം തന്നെ . ഫോണിൽ കുത്തി തളർന്നിരിക്കുന്ന എന്റെ പാവം ഭർത്താവിനു വ്യത്യസ്ഥമായ അനവധി ജോലികൾ ചെയ്യാനുള്ള ഒരു അവസരവും ആണിത് . മാത്രമല്ല, ഇന്ദു ആന്റിയുടെ അവിയലും കറികളും ഷിഫ ആൻടിയുടെ പാൽക്കഞ്ഞിയുമൊക്കെ കൃത്യമായി ഇങ്ങെത്തുകയും ചെയ്യും.

ബന്ധങ്ങൾ പലപ്പോഴും എന്നെ അദ്‌ഭുതപ്പെടുത്തുന്നത് ഇങ്ങനെ സുഖമില്ലായ്മകളിലാണ്. നാട്ടിൽ നിന്നും ഇത്ര ദൂരെയാണെങ്കിലും  ഒരു വേദന വന്നാൽ ഓടിയെത്തുന്ന സൗഹൃദങ്ങൾ എന്റെ സ്വന്തമാണ്. പലരും ഇവിടെ വന്നു പരിചയപ്പെട്ടവർ. ഭൂതകാലങ്ങൾ അപ്രധാനങ്ങളായവർ . ആരും പ്രത്യുപകാരം പ്രതീക്ഷിച്ചിട്ടല്ല പലപ്പോഴും പലതും ചെയ്യുന്നത് .

എനിക്കിവിടെ എഴുപത്തിയെട്ടു വയസ്സുള്ള ഒരു അമ്മൂമ്മയുണ്ട് . എന്റെ മക്കൾ അവരെ അമ്മൂമ്മ എന്നാണു വിളിക്കുന്നത് . ജീവിതത്തിൻറെ ഭൂരിഭാഗവും പല നാടുകളിൽ കഷ്ടപ്പെട്ട്, മക്കളെ നല്ല നിലയിലാക്കി ഉദ്യോഗത്തിൽ നിന്നും പിരിഞ്ഞു ഇപ്പോൾ മുതിർന്ന പൗരന്മാർക്കുള്ള സദനത്തിൽ ഒറ്റയ്ക്ക് താമസിക്കുന്ന 'അമ്മ . എന്റെ സ്വരം ഒന്ന് മാറിയാൽ വേവലാതിപ്പെടുന്ന ഒരമ്മ . ബന്ധങ്ങളുടെ കണക്കെടുപ്പു നടത്തിയാൽ എനിക്കാരുമല്ല അവർ. പക്ഷെ, അവർ എന്നെ "മോളെ" എന്നു വിളിക്കുമ്പോൾ നിറയുന്ന ആ സ്നേഹത്തിന് എന്റെ അമ്മയുടെ ഗന്ധമാണ് .

നാട്ടിൽ എനിക്ക് ഒട്ടനവധി സുഹൃത്തുക്കളുണ്ട് . അതിൽ രണ്ടു പേരെക്കുറിച്ചു പറയാതെ വയ്യ . തത്കാലത്തേക്ക് അവർക്കു ഞാൻ ഹരിയെന്നും ഗീതുവെന്നും പേരു കൊടുക്കാം . എല്ലാ ദിവസവും വിളിച്ചു ഞാൻ വിശേഷങ്ങൾ പങ്കു വെക്കാറില്ല ഇവരോട് . എന്നാലും, എൻറെ നമ്പർ ഫോണിൽ തെളിഞ്ഞാൽ ഹരി ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, ഇന്ന് എന്താണുണ്ടായത്,എന്ന് . ഒരു പടി കൂടെക്കടന്നു ചിലപ്പോൾ ഗീതു ചോദിക്കും, കഴിഞ്ഞാഴ്ച എന്തായിരുന്നു വിശേഷം. എന്റെ സന്തോഷങ്ങളും സങ്കടങ്ങളും ഒക്കെ ഒരു പ്രതിഫലനം പോലെ അറിയുന്ന രണ്ടു പേര്. ബന്ധങ്ങൾ വീണ്ടും അതിശയിപ്പിക്കുന്നു.

ഒടുവിൽ, ഇന്നു സംസാരിച്ചപ്പോൾ മറ്റൊരു സുഹൃത്തു പറയുന്നു, " ചേട്ടന്റെ അമ്മ  കിടപ്പിലാണ്, എല്ലാത്തിനും ഞാൻ അരികിൽ വേണം, ഇനിയിപ്പോൾ അവിടെനിന്നും ഒരു തിരിച്ചുവരവ് അമ്മക്ക് ആവുമൊന്നു അറിയില്ല". നാട്ടിലെ തിരക്കുള്ള ഒരു സ്ഥാപനത്തിലെ ഉദ്യോഗസ്ഥയായ അവളോട് എങ്ങനെ എല്ലാം കൈകാര്യം ചെയ്യുന്നു എന്ന് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ, "ഇതൊക്കെ ഒരു ഭാഗ്യം ആണ് ഷാ. നന്മ ചെയ്യാൻ ദൈവം നമുക്കു തരുന്ന അവസരം, എല്ലാം എനിക്ക് ശീലമായിക്കഴിഞ്ഞു". സ്നേഹത്തിന്റെ വിരൽസ്പർശമായി എന്റെ മുന്നിൽ അവളും .

എവിടെ നിന്നൊക്കെയോ കടന്നുവന്ന് എത്തിനോക്കിയും കൂടെയൊഴുകിയും യാത്ര ചോദിക്കുക പോലും ചെയ്യാതെ പടിയിറങ്ങിപ്പോയും കണ്ടില്ലെന്നു നടിച്ചും ഇനിയുമുണ്ട് ഒട്ടേറെ ബന്ധങ്ങൾ .  നമ്മുടെ ജീവിതത്തിൻറെ വീണക്കമ്പികളാണ് , അമൂല്യങ്ങളാണ് അവ . അറിഞ്ഞോ അറിയാതെയോ ആ വീണയിൽ നിന്നും അപശ്രുതികൾ ഉയർത്താതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട് ഞാൻ , ആ നാദം ശാന്തി  പരത്തി നിറഞ്ഞൊഴുകട്ടെ.


Sunday, April 2, 2017

ശൈത്യം പതിയെപ്പതിയെ വിടവാങ്ങിത്തുടങ്ങിയിരിക്കുന്നു.  ഇനിയിപ്പോൾ വസന്തകാലത്തിന്റെ വരവായി . ഒരു പക്ഷേ ഡൗൺടൗണിലെ നടത്തത്തിൽ  വെറുതേ ചുറ്റുപാടും  ശ്രദ്ധിക്കുന്നതു കൊണ്ടാവാം, എനിക്കു വല്ലാത്തൊരു ഇഷ്ടമാണ് ഈ മാറ്റങ്ങളോട് . നടവഴികളിലെ മഞ്ഞെല്ലാം ഉരുകിമാറിയിരിക്കുന്നു . മരങ്ങളിലൊക്കെ ചെറിയ കിളികൾ നിറഞ്ഞിരുന്നു ചിലയ്ക്കുന്നു. മഞ്ഞുകാലത്തു ദൂരദേശങ്ങളിലേക്കു യാത്രയായ ദേശാടനക്കിളികൾ മടങ്ങിവരുന്നു. അങ്ങനെ  ശബ്ദമുഖരിതമാണ് ഇപ്പോൾ എന്റെ നടപ്പാതകൾ. ഇതിനിടയിലൂടെ വസന്തവും ശൈത്യവും ഒക്കെ നഷ്ടപ്പെട്ട കുറെ മനുഷ്യർ എങ്ങോട്ടെന്നില്ലാതെ തിരക്കിട്ടു നടന്നുപോകുന്നു . 

കുറെ മുൻപു വരെ  ഞാനും അങ്ങിനെയായിരുന്നു . എപ്പോഴും തിരക്കു തന്നെ . രാവിലെ വീട്ടിൽ നിന്നിറങ്ങാനുള്ള തിരക്ക്, ഓഫീസിലേക്കുള്ള ഓട്ടം, അവിടെ എത്തിയാൽ പിന്നെ ജോലിത്തിരക്കുകൾ, നാലുമണി കഴിഞ്ഞാൽ വീട്ടിലേക്കുള്ള ഓട്ടം. ഈ ഓട്ടങ്ങൾക്കിടയിൽ ദിവസങ്ങൾ ആഴ്ചകളും മാസങ്ങളും വർഷങ്ങളുമൊക്കെ ആകുന്നതു തിരിച്ചറിയുന്നത് ചുവരിൽ തൂങ്ങുന്ന കലണ്ടർ മാറ്റിയിടുമ്പോൾ ആണ്. 

ഈയിടെയായി ഞാൻ എന്റെ ഓട്ടങ്ങൾ കുറച്ചു. മറ്റൊന്നുമല്ല, ഏതോ ഒരു സുഹൃത്ത് അയച്ച ഒരു സന്ദേശം, എന്നെ വല്ലാതെ സ്വാധീനിച്ചു , " ചിന്തിക്കു, നീ  ഓടുന്നതു എങ്ങോട്ടാണ്? ജീവിതത്തിന്റെ നല്ല നിമിഷങ്ങളിൽ നിന്നും മരണത്തിന്റെ മരവിപ്പുകളിലേക്കാണ്". കാര്യം ഇതൊരു ഫോർവേഡഡ് മെസ്സേജ് ആണെങ്കിലും അതെന്നെ പലതും ഓർമപ്പെടുത്തി . 

ഒരു നിമിഷം നിന്നു, ചുറ്റുപാടുമൊക്കെ കണ്ട്, ആളുകളെ തിരിച്ചറിഞ്ഞു നടക്കാൻ ഞാൻ ശ്രമിച്ചു തുടങ്ങി . സൗഹൃദങ്ങളൊക്കെ വീണ്ടും പൊടിതട്ടിയെടുത്തു കുറച്ചു സമയം അതിനായി നീക്കി വെക്കാനും. ഇപ്പോൾ ഞാൻ കാണുന്ന കാഴ്ചകൾക്ക് വൈവിധ്യങ്ങളുണ്ട് , എന്റെ നിമിഷങ്ങൾക്ക് ജീവനുണ്ട് , എന്റെ കാലടികൾക്കു സമാധാനത്തിന്റെ ശാന്തത ഉണ്ട് . മാഞ്ഞുപോകുന്ന ഗ്രീൻ സിഗ്നലുകൾ എന്നെ ആവലാതിപ്പെടുത്തുന്നില്ല . കാത്തു നില്പുകൾ അലോസരപ്പെടുത്തുന്നുമില്ല . 

ജീവിതം ഓടിത്തീർക്കാനുള്ളതല്ല , അത് കണ്ടുകണ്ടു പതിയെ കടന്നുപോകേണ്ടതാണ് . ഒത്തിരിയേറെ കാഴ്ചകൾ അത് നമുക്ക് കാത്തു വച്ചിട്ടുണ്ട്, വിതുമ്പലുകളായും പുഞ്ചിരികളായും. വല്ലപ്പോഴും എത്തിനോക്കി കടന്നുപോകുന്ന ദേശാടനക്കിളികളായും. ഓരോ കാഴ്ചയും മനസ്സിൽ നിറയ്ക്കണം, ഒടുവിൽ ഏതെങ്കിലും കോണിൽ ഒറ്റപ്പെടുമ്പോൾ  ഒരു നിരാശയും പാടില്ല. എന്നും വസന്തങ്ങൾ മാത്രമാകണം മനസ്സിൽ.