ഇന്നത്തെ ചിന്താവിഷയം, അവിചാരിതമായി വന്നുപെട്ട ആ പരസ്യമാണ്. വെറുതെ ഇ-മെയില്‍ പരിശോധിക്കുമ്പോഴാണ് അതു കണ്ണില്പെട്ടത്, "India needs you". മൂന്നു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ മുപ്പത്തന്ജു ദിവസത്തെ അവധി മുപ്പതു നിമിഷങ്ങള്‍ പോലെ കടന്നുപോയതിന്റെ സങ്കടത്തിലും നാട്ടിലേക്ക്ഇനി എന്ന് എന്ന വേവലതിയിലും ദിവസങ്ങള്‍ തള്ളിനീക്കുമ്പോള്‍ ആണ് ഉള്ളില്‍ എവിടെയോ ഒരു തരി സന്തോഷം ഉണര്‍ത്തി ആ മെയില്‍ എന്റെ ശ്രദ്ധ കവര്‍ന്നത്, "India needs you."
മെയില്‍ തുറന്നു താഴേക്കു വായിക്കുമ്പോള്‍ ഉള്ള സന്തോഷം കൂടി ഇല്ലാതായി. ഏതോ കമ്പനിയുടെ പരസ്യം, ചുരുക്കം ഇത്ര മാത്രം, നിങ്ങള്‍ ഒരു NRI ആയതുകൊണ്ടു കമ്പനിക്കു നിങ്ങളെ ആവശ്യമുണ്ട്. കാര്യം എല്ലാവര്ക്കും പിടി കിട്ടിയല്ലോ.
ഇത്തവണത്തെ നാട്ടില്പോക്ക് നന്നായിരുന്നു. സമയത്തിന്റെ കുറവു നന്നായി വലച്ചു എന്നതൊഴിച്ചാല്‍ ഏതൊരു പ്രവാസിയും കൊതിക്കുന്ന കാര്യങ്ങളൊക്കെ ഞാനും ചെയ്തു. വീട്ടുകാരുടെ ഒത്തുകൂടല്‍, നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം പ്രിയ സുഹൃത്തിനോടൊപ്പം ഹില്‍ പാലസിന്റെ വന്മരങ്ങളുടെ തണലില്‍ ഒത്തുകൂടല്‍, പരിഭവങ്ങളില്ലാത്ത സൗഹൃദങ്ങള്‍ ഇന്നും എനിക്കു സ്വന്തമായുണ്ടെന്ന തിരിച്ചറിവു തന്ന മനസ്സമാധാനം, വയറു നിറച്ചു ( Dieting എന്ന വാക്കുപോലും മറന്നു) ഇഷ്ടമുള്ള ഭക്ഷണം കഴിക്കല്‍, എനിക്കിഷ്ടപ്പെട്ട Broadway തെണ്ടല്, കുട്ടികള്‍ക്ക് വേണ്ടിയുള്ള ബീച്ച് യാത്രകള്‍, പേടിച്ചു വിറച്ചു മൂന്നാറിലെ ഇടുങ്ങിയ മലമ്പാതകളിലെ കോടമഞ്ഞിലൂടെയുള്ള രാത്രി യാത്ര, അങ്ങനെയങ്ങനെ.....
മുപ്പത്തന്ജു ദിവസങ്ങള്‍ കൊണ്ടു കഴിയാവുന്നത്ര നാടിനെ ഉള്‍കൊള്ളുകയായിരുന്നു. ഇനിയൊരു വരവ് വരെ വേണ്ട ഊര്‍ജം ഈ ദിവസങ്ങള്‍ കൊണ്ടു നേടാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ, അതിനിടയിലും കഴിയാതെ പോയ ചില കാര്യങ്ങളുണ്ട്, ചിലരെ കാണാന്‍ കഴിഞ്ഞില്ല, കുറച്ചു പുസ്തകങ്ങള്‍ വാങ്ങാന്‍ പറ്റിയില്ല, ചുറ്റുമുള്ളവരുടെ എല്ലാ പ്രതീക്ഷകളും പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല.
പോരുന്നതിന്റെ തലേദിവസം രാത്രി വൈകി ഉറങ്ങാന്‍ കിടക്കുമ്പോള്‍ വെറുതെ മനസ്സില്‍ കണക്കുകൂട്ടുകയായിരുന്നു. പരിഭവങ്ങളും പരാതികളും ഏറെ ബാക്കി നില്കുന്നുണ്ട്, എങ്കിലും നാടിന്റെ വികാരം ഒന്ന് വേറെ തന്നെയാണ്. അതു നമ്മളെ ലോകത്തിന്റെ ഏതു കോണിലായാലും മാടി വിളിച്ചു കൊണ്ടിരിക്കും. കണ് കോണിലെ ഒരു നനവായി അതിനെ നമ്മള് കാത്തു സൂക്ഷിക്കും. വെറുതെയാണെങ്കിലും വല്ലപ്പോഴും നമ്മളും വിചാരിക്കും, "India needs me".