Sunday, December 22, 2013

എൻറെ പനിക്കാഴ്ചകൾ..

പകൽ അവസാനിക്കാറായിരുന്നു. ഡിസംബർ മാസത്തിലെ അസ്തമയങ്ങൾ എനിക്ക് ഏറെ ഇഷ്ടമാണ്. നേർത്ത തണുപ്പോടെ ഒരു ഇളംകാറ്റു നമ്മളെ അങ്ങനെ തലോടി പോകും. ശബരിമാലക്കാറ്റ്  എന്നാണു ഞങ്ങൾ വിളിക്കാറ് . 

 പകൽ മുഴുവൻ ഇരുന്നും കിടന്നും മടുതതിനാൽ ഞാൻ മെല്ലെ മുറ്റത്തേക്കിറങ്ങി. എൻറെ  വീടിന്ടെ കുറച്ചു അപ്പുറത്താണ് ഒരു ശിവക്ഷേത്രം ഉള്ളത്. അവിടേക്കു പോകുന്ന ആളുകൾ പരിചയം പുതുക്കുന്നു. പഴയ സുഹൃത്തുക്കളും കുട്ടികളും ഒക്കെയുണ്ട്. 

 വിവാഹശേഷം വല്ലപ്പോഴും മാത്രം ആണ് സ്വന്തം വീട്ടിൽ വന്നു നിൽകാനുള്ള അവസരങ്ങൾ ഉണ്ടാവുന്നത്.  അതു ശരിക്കും  വിചിത്രം തന്നെ. ജനിച്ചു വളർന്ന വീട്ടിലേക്കു വരാനും ...ലോകം പലപ്പോഴും മനസ്സിലാക്കലുകൽകും അപ്പുറത്താണ്.

ഇത്തവണ ഇതു നിർബന്ധിതമായ വരവാണ്. അതു കൊണ്ട് തന്നെ , സന്ദർശകരും കൂടുതലാണ്‌ . പ്രായമായവർ വന്നു നിറവയർ തൊട്ടു നോക്കി പറയുന്നു, ഇതു ഒരു കുറുമ്പൻ  ആണ് കേട്ടോ. കുട്ടി വല്ലാതെ ക്ഷീണിചിട്ടുണ്ടല്ലോ.

എന്തൊരു നിഷ്കളങ്ങതയാണ് ഗ്രാമത്തിന് . ചിലപ്പോൾ എനിക്കു തോന്നും എം. ടി യും ടി. പദ്മനാഭനും ഒക്കെ സ്വന്തം കഴിവിൽ എഴുതിയവരല്ല. ഇത്തരം സ്നേഹബന്ധങ്ങളാണ് അവരെ വളർത്തിയത്‌.

"കുട്ടി, നേരം വൈകിയാൽ പിന്നെ ഗർഭിണികൾ പുറത്ത് ഇറങ്ങിക്കൂടാ . വല്ല ഇഴജന്തുക്കളും കാണും". , അമ്മമ്മയാണ് . പാവം. നന്നായി കണ്ണ് കണ്ടുകൂടാ. തിമിരം ബാധിച്ചു തുടങ്ങിയിരിക്കുന്നു. അതിനെക്കുറിച്ചുള്ള അമ്മമ്മയുടെ നീതികരണം ബഹു രസമാണ്." നല്ല കാഴ്ചകൾ ഉണ്ടായിരുന്നപ്പോൾ ഞാൻ നല്ലതുപോലെ കണ്ടിരുന്നു. ഇപ്പോൾ ലോകത്ത് എവിടെയാ നല്ല കാഴ്ചകൾ? അതുകൊണ്ട് ദൈവം തീരുമാനിച്ചു ഇത്ര മതിയെന്ന്. നല്ല കാഴ്ചകളുടെ നിറം കേട്ട് പോകാതിരിക്കാൻ."

കൂടെ പഠിച്ച ഗീതയും മോളും ആണ്. വിശേഷങ്ങൾ പറഞ്ഞു തുടങ്ങിയെ ഉള്ളു. അമ്മമ്മ വീണ്ടും..

"ദേ വരുന്നു ". തിടുക്കത്തിൽ ഞാൻ വരാന്തയുടെ പടികൾ കയറി. കാൽ ഒന്ന് വഴുതിയല്ലോ . അമ്മമ്മയുടെ ഉച്ചത്തിലുള്ള നിലവിളി എവിടെയോ കേട്ടു.


കണ്ണ് തുറന്നപ്പോൾ എല്ലാവരും അരുകിൽ ഉണ്ട്. പൊതുവെ സംസാരപ്രിയനായ എന്റെ ഭർത്താവ് മുഖത്ത് രക്തമയമില്ലാതെ എൻറെ അടുത്തിരുന്നു പൾസ്‌ നോക്കുന്നുണ്ട്. മകൾ ഫോണിൽ ആരോടോ പറയുന്നുണ്ട്, "പനി വല്ലാതെ കൂടിയിരിക്കുന്നു. എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ട്. എമർജൻസി സർവീസ് വിളിച്ചിട്ടുണ്ട്. ". 

ഞാൻ ചുറ്റും നോക്കി. അമ്മമ്മയൊ ഗീതയോ ഇല്ല.  പുറത്തു കനത്ത  മഞ്ഞു പെയ്യുന്നു.  തണുപ്പിനു എന്തൊരു മൂർച്ച.  ആരോ വിളിക്കുന്നുണ്ടല്ലോ , പത്തു വർഷങ്ങൾക്കു അപ്പുറത്തു നിന്നു അമ്മമ്മയുടെ ഉച്ചത്തിലുള്ള നിലവിളി ഞാൻ വീണ്ടും കേട്ടു.



Sunday, April 28, 2013

ഒരു നീണ്ട മൌനത്തിന്റെ മയക്കം.. 
പറഞ്ഞും പറയാതെയും മനസ്സിൽ അടക്കിയ വാക്കുകൾ , 
വെട്ടിയും തിരുത്തിയും വരഞ്ഞ ചിത്രങ്ങൾ ,
മങ്ങിയ ചായങ്ങൾ ..... 
ആത്മ വഞ്ചനയുടെ ചിരികൾ ... 
എല്ലാം ഒടുക്കാനായി  ഈ മൗനം... 
 
ഒടുവിൽ മിഴി തുറക്കുമ്പോൾ 
വീണ്ടും, ഒറ്റക്കായവൻറെ വിലാപം 
പഴ്വാക്കുകളുടെ പ്രവാഹം. .. 
പൊള്ളയായ പ്രകടനങ്ങൾ.... 
മാറ്റമില്ലയൊന്നിനും..