Saturday, May 18, 2019

ജനാല വിരികൾ മാറ്റി പുറത്തേയ്ക്കു നോക്കുമ്പോൾ നിലമൊക്കെ നനഞ്ഞുകിടക്കുന്നു. മഴ പെയ്തുകൊണ്ടിരിക്കുകയാണ്, നേർത്ത ശബ്ദം പോലുമില്ലാതെ . എത്ര നിശ്ശബ്ദമായാണ് ഇവിടെ മഴ പെയ്തുതോരുന്നത് !! മണ്ണിൽ ഒരു ചെറിയ നനവുമാത്രം അവശേഷിപ്പിച്ചു അത് പെയ്തൊഴിയുന്നു, ചില ജീവിതങ്ങൾ പോലെ, ഒട്ടും ആരവങ്ങളില്ലാതെ.

തിരികെ വന്നിരുന്ന് വീണ്ടും ഫോണെടുത്തുനോക്കി . രാത്രി വൈകിവന്ന മെസ്സേജിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല . സ്ഥായിയായുള്ള പുഞ്ചിരിയുമായിരിക്കുന്ന രവി സാറിന്റെ മുഖവും, അതിനു താഴെ "പോയി " എന്ന ഒറ്റ വരിയും. സഹപ്രവർത്തകൻ എന്നതിലുപരി കലർപ്പില്ലാത്ത സൗഹൃദത്തിന്റെ കണ്ണികളിൽ ഒരാളായ മനോജാണ്, ബന്ധങ്ങളോടുള്ള എന്റെ ദൗർബല്യം നന്നായറിയുന്നതു കൊണ്ട് ഒട്ടു മിക്ക വിവരങ്ങളും നാട്ടിൽനിന്നും എന്നെ അറിയിക്കുന്നത്.

ചില മനുഷ്യർ നമുക്ക് ആരാണ്  എന്ന ചോദ്യത്തിന് അവർ ജീവിച്ചിരിക്കുമ്പോൾ തീരെ പ്രസക്തിയില്ല. എന്നാൽ പെട്ടെന്നൊരു ദിവസം അവരിരുന്ന ഇരിപ്പിടം ശൂന്യമാവുമ്പോൾ "ആരായിരുന്നു " എന്ന ആ ചോദ്യം വളരെ പ്രസക്തമാവുന്നു . രവിസാറും ഒരു പുഞ്ചിരി മാത്രം ബാക്കിയാക്കി ഇരിപ്പിടമൊഴിയുമ്പോൾ വീണ്ടും വീണ്ടും ആ ചോദ്യം എന്നിൽ ഉയരുന്നുണ്ട് .

ഏകദേശം പതിനേഴു വർഷങ്ങൾക്കു മുൻപാണ് സാറിനെ പരിചയപ്പെടുന്നത് ,  ഓഫീസിലെ ഏറ്റവും മുതിർന്ന സഹപ്രവർത്തകൻ. സദാസമയം മുഖത്തൊരു പുഞ്ചിരിയുമായി സൗമ്യമായി സംസാരിച്ചിരുന്ന ഒരാൾ . ജീവിതത്തിൽ നേരിട്ട പല പ്രതിസന്ധികളെയും കുറിച്ച് ഒരു മടിയും കൂടാതെ ഒരു ചെറുചിരിയോടെ മാത്രം സംസാരിച്ചിരുന്നയാൾ . എന്റെ പല ആവലാതികൾക്കും ഞൊടിയിടയിൽ പരിഹാരം നിർദ്ദേശിച്ചു എന്നെ പലപ്പോഴും അദ്‌ഭുതപ്പെടുത്തിയ ഒരാൾ . യോഗയും മെഡിറ്റേഷനും ഞാനുൾപ്പെടെ പലർക്കും പരിചയപ്പെടുത്തിക്കൊടുത്തയാൾ .

സാറിന്റെ കുടുംബവുമായി അടുത്തതും വളരെപ്പെട്ടെന്നായിരുന്നു . മായേച്ചി  എനിക്ക് അടുത്ത സുഹൃത്തും ചേച്ചിയുമൊക്കെയായിരുന്നു . റഫി അടുത്തില്ലാതെ മോളെയും കൊണ്ട് ഒറ്റയ്ക്ക് താമസിച്ചിരുന്ന സമയങ്ങളിൽ ഒരു ഫോൺ കോളിനപ്പുറം ചേച്ചി ഉണ്ടെന്നത് വലിയൊരു ആത്മവിശ്വാസമായിരുന്നു.

ഇവിടെയെത്തിയപ്പോഴും ആ ബന്ധത്തിന് ഒട്ടും കോട്ടം തട്ടിയില്ല. വിളിയുടെ എണ്ണം കുറഞ്ഞെങ്കിലും വിളിക്കുമ്പോഴുള്ള സ്നേഹാന്വേഷണങ്ങൾക്കു ഒരു കുറവുമുണ്ടായില്ല . ഓരോ തവണയും പറയും , "യോഗയും മെഡിറ്റേഷനുമൊക്കെ  മുടങ്ങാതെ ചെയ്യൂ , സ്ട്രെസ്സ് മാനേജ്മെന്റിന് നല്ലതാണ്". ഒരിക്കൽ വിളിച്ചപ്പോൾ മായേച്ചി പറഞ്ഞു സാർ ശ്രീലങ്കയിലാണ് , സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്ന എൽ ടി ടി തീവ്രവാദികൾക്കുള്ള ക്യാമ്പുകളിൽ വിപസ്സന മെഡിറ്റേഷൻ നടത്തുകയാണ് എന്ന്. പിന്നീട് നാട്ടിലെത്തിയപ്പോൾ പഴയ സഹപ്രവർത്തകരുടെ കൂട്ടായ്മയിൽ സാറും ചേച്ചിയും എത്തിയിരുന്നു , "എഴുത്തൊക്കെ വായിക്കാറുണ്ട്ട്ടോ " എന്ന് ചേർത്തുനിർത്തി വാത്സല്യപൂർവ്വം മായേച്ചി പറഞ്ഞു , "സാറിനു മാത്രം ഒരു മാറ്റവുമില്ലെന്നു റഫി അത്ഭുതപ്പെട്ടപ്പോൾ "ടെൻഷനൊന്നും മനസ്സിലേക്ക് കയറ്റാതെ നോക്കിയാൽ മതി " എന്ന് സാർ ഉപദേശിച്ചുകൊടുത്തു. പിന്നീട് പല പ്രാവശ്യം നാട്ടിലെത്തിയപ്പോഴും കാണാൻ കഴിഞ്ഞില്ല .

ജോലിയുടെ സ്ട്രെസ്സ്  വല്ലാതെ കൂടിയ അടുത്ത നാളുകളിലൊന്നിൽ പെട്ടെന്നാണ് സാറിനെക്കുറിച്ചോർത്തത്, ഉടനെ തന്നെ ഒരു മെസ്സേജ് അയച്ചു "എനിക്കൊന്നു സംസാരിക്കണം, സൗകര്യപ്രദമായ ഒരു സമയം പറഞ്ഞാൽ ഞാൻ വിളിക്കാം" . അതിന് മറുപടി വന്നില്ല , എന്റെ ഇൻബോക്സിൽ ആ മെസ്സേജിപ്പോഴും അനാഥമായിക്കിടക്കുന്നു. ആ നമ്പറിൽ വിളിക്കുമ്പോൾ അങ്ങേത്തലയ്ക്കൽ നിന്ന് ഒരു ചിരിയോടെ , "എന്താണ് കുട്ടീ , സുഖമല്ലേ ?" എന്ന ചോദ്യം കേൾക്കില്ല എന്ന് എനിക്കിനിയും ബോധ്യപ്പെടേണ്ടിയിരിക്കുന്നു. .

ഭൂമിയുടെ ഇങ്ങേയറ്റത്തിരിക്കുമ്പോൾ എത്രയെത്ര നഷ്ടങ്ങളാണ് ഇങ്ങനെ സങ്കടപ്പെടുത്തുന്നത്. കാണാമറയാതിരിക്കുന്നതുകൊണ്ടാവാം അവ ഇത്ര ആഴത്തിൽ മനസ്സിനെ സ്പർശിക്കുന്നത്.

നമ്മുടെ ജീവിതത്തിൽ ഓരോ വ്യക്തിയെയും കണ്ടുമുട്ടുന്നതിന് ഓരോ കാരണങ്ങളുണ്ട് എന്ന് എന്റെയൊരു ചൈനീസ് സഹപ്രവർത്തക പറയാറുണ്ട്. അവരുടെ ഒരു വിശ്വാസമാണത് , ഓരോരുത്തർക്കും നമ്മുടെ ജീവിതത്തിൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഒരു റോളുണ്ട്, നാം എത്ര ആലോചിച്ചാലും മനസ്സിലാക്കാൻ കഴിയാത്ത ഒന്ന് . കണ്ടുമുട്ടിയില്ലെങ്കിൽ എന്താകുമായിരുന്നുവെന്നോ അല്ലെങ്കിൽ ഒഴിവാക്കാമായിരുന്നുവെന്നോ ചിന്തിക്കാമെന്നല്ലാതെ അതിന് സാധിക്കാത്തവണ്ണം ജീവിതത്തോട് ഇഴചേർന്നുകിടക്കുന്ന ചിലർ. മിക്കപ്പോഴും  താത്കാലികമായോ അല്ലെങ്കിൽ എന്നെന്നേക്കുമായോ അവർ പടിയിറങ്ങിപ്പോകുമ്പോഴാണ് എന്തിനായിരുന്നു അവർ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നതെന്ന് നാം ചിന്തിക്കുന്നത്. അതിനുള്ള ഉത്തരം അവ്യക്തമായെങ്കിലും നമ്മുടെ ഉള്ളിൽ തെളിയുന്നത് .

ഇത്തരം വാർത്തകൾ തേടിയെത്തുമ്പോൾ ഞാൻ ആദ്യം ചിന്തിക്കുക കടന്നു പോയവരോട് ഞാൻ നീതി പുലർത്തിയിട്ടുണ്ടോ എന്നാണ്. ബന്ധങ്ങൾ ആത്മാർഥമായിരുന്നുവോ അൽപ്പം കൂടി സ്നേഹിക്കാമായിരുന്നുവോ തുടങ്ങിയ ചിന്തകളൊക്കെ അപ്രസക്തമെങ്കിലും എന്റെ നെഞ്ചിൽ നിന്നും ഉയർന്നു കേൾക്കാറുണ്ട് . തിരുത്തലുകൾക്ക് അവസ്സരം തരാത്തവിധം പൊടുന്നനെ അപ്രത്യക്ഷമായി എന്നെ കുറ്റബോധത്തിലിട്ടു നോവിക്കാറുമുണ്ട് . എത്ര തിരക്കിലും നാട്ടിലെത്തിയപ്പോൾ ഒന്ന് കാണാമായിരുന്നു എന്നു തോന്നിപ്പിച്ചാണ് ചിലപ്പോൾ ചിലർ മറഞ്ഞുപോവുന്നത് . ആവും വിധം  നന്നായി സ്നേഹിച്ചു  എന്ന് അപൂർവ്വം ചിലപ്പോൾ സ്വയം ആശ്വസിക്കാറുമുണ്ട്

മനസ്സിൽ നല്ല ഓർമ്മകൾ അവശേഷിപ്പിച്ചു കടന്നുപോകുന്നവർ ഭാഗ്യവാന്മാർ. ജീവിതം കൊണ്ട് നിങ്ങൾ എന്തുചെയ്തു എന്ന സൃഷ്ടാവിന്റെ  ചോദ്യത്തിനുമുന്നിൽ നിവർന്നുനിന്നു അങ്ങു ഭൂമിയിൽ തന്നെക്കുറിച്ചോർത്തു സങ്കടപ്പെടുന്നവരെ , തന്റെ ഓർമ്മകളിൽ ജീവിക്കുന്നവരെ അവർക്കു ചൂണ്ടിക്കാണിച്ചുകൊടുക്കാമല്ലോ .

ഓരോ മരണവാർത്തയും എനിക്ക് ഒരു ഓർമ്മപ്പെടുത്തലാണ്, ജീവിതത്തിൽ ചെയ്തുതീർക്കേണ്ട നന്മകളുടെ , ബാക്കി വെയ്ക്കരുതാത്ത ഉൾപ്പകകളുടെ , പറഞ്ഞു തീർക്കേണ്ടുന്ന പ്രശ്നങ്ങളുടെ , പകുത്തു നൽകിയില്ലെങ്കിൽ പാഴായിപ്പോകുന്ന സ്നേഹത്തണലുകളുടെ.

എനിയ്ക്ക് അതൊരു ആത്മപരിശോധനക്കുള്ള അവസ്സരം കൂടിയാണ്.  ക്ഷമിക്കാൻ മടി തോന്നുമ്പോഴും "എത്ര നാൾ " എന്ന ചിന്തയിൽ മനസ്സിൽ നിന്നും അമർഷത്തെ പടിയിറക്കിക്കളയാൻ തീരുമാനിക്കുന്ന നിമിഷങ്ങൾ . ഒട്ടും സമയമില്ലെങ്കിലും ഇപ്പോൾ ചെയ്തുകൊടുത്തില്ലെങ്കിൽ ഇനിക്കഴിഞ്ഞില്ലെങ്കിലോ എന്ന ചിന്തയുണർത്താൻ സഹായിക്കുന്ന നേരങ്ങൾ. ചിലപുഞ്ചിരികൾ ആത്മസംതൃപ്തി തരുന്ന സമയങ്ങൾ .

വീണ്ടും ഇൻബോക്സ് എടുത്തു മറുപടിയില്ലാത്ത ആ മെസ്സേജ് ഞാൻ വായിച്ചു . രവിസാറിന്റെ നമ്പർ ഒന്നുകൂടി നോക്കി .

ജീവിതത്തിൽ അങ്ങനെ എത്രയെത്ര നമ്പറുകളാണ് നിശബ്ദമായിപ്പോവുന്നത്.. ഒരിയ്ക്കലും അങ്ങനെയാവില്ലെന്ന് നമ്മൾ കരുതുന്നവ. നമ്മളുടെ ഓട്ടത്തിനിടയിൽ പലപ്പോഴും നാം മറന്നുപോവുകയും പിന്നീട് ഒരു മെസ്സേജിന്റെയോ വിളിയുടെയോ രൂപത്തിൽ നമ്മളിലേക്ക് ഇരച്ചുകയറി ശൂന്യമായ ഇരിപ്പിടങ്ങൾ ബാക്കിയാക്കി നമ്മളെ സങ്കടപ്പെടുത്തുകയും ചെയ്യുന്ന നമ്പറുകൾ , ഓർമ്മകൾ മാത്രമായി മാറുന്നവർ .

ഡെന്നിസ് അറയ്ക്കൽ എഴുതിയതുപോലെ , മെല്ലെമെല്ലെ അവരുടെ ഓർമ്മകളും നരച്ചുപോവും. എങ്കിലും ചില നിമിഷങ്ങളിൽ നമ്മൾ ആഗ്രഹിക്കും , ആ നമ്പറിൽ നിന്നൊരു വിളി വന്നിരുന്നുവെങ്കിൽ .....





















Saturday, May 11, 2019

സാധാരണയായി വെള്ളിയാഴ്ച്ച രാത്രികളിലാണ് എഴുതാൻ ഇരിക്കുക . വ്രതശുദ്ധിയുടെ നാളുകളുമായി റമദാന്‍ വന്നെത്തിയതുകൊണ്ട് പതിവു ടൈംടേബിളുകൾക്കൊക്കെ മാറ്റങ്ങൾ വന്നു. പാതിരാത്രിവരെ നീണ്ട പ്രാർത്ഥനകൾക്കും അതിനുശേഷം പള്ളിമുറ്റത്തെ സൗഹൃദ സംഭാഷണങ്ങൾക്കും ശേഷം വീടെത്തിയപ്പോൾ ഏറെ വൈകി . പിന്നെ എഴുതാനിരിക്കാനുള്ള ഊർജ്ജം തീരെ ബാക്കിയില്ലാതിരുന്നതിനാൽ അതിനു തുനിഞ്ഞില്ല.

രാവിലെ,  ഇരിക്കുന്ന സ്ഥലത്തുനിന്നും മാറിയിരുന്ന് എഴുതാമെന്നു കരുതി ലാപ്ടോപ്പെടുത്തപ്പോൾ ആണ്‌  കണ്ടത്, അതിനടിയിൽ ഒരു നീണ്ട പേപ്പർ , എടുത്തുനോക്കി , മോന്റെ കുസൃതിച്ചിരി നിറഞ്ഞ ഒരു ചിത്രം , അതിനു ചുറ്റും "ഹാപ്പി മദേഴ്‌സ് ഡേ , അമ്മാ, ലോകത്തിൽ ഏറ്റവും അമൂല്യമായത്  അമ്മയാണ്" പിന്നെ   അവന് ആവുന്നഭാഷയിൽ കുറേ നല്ല വാക്കുകളും . നാളെ മാതൃദിനം ആയതുകൊണ്ട് എനിക്ക് "സർപ്രൈസ് " തരാൻ ഒളിച്ചുവച്ചിരിക്കുന്നതാണ്.

ഇത്തരം ദിവസ്സങ്ങളിലൊന്നും വലിയ വിശ്വാസമില്ലെങ്കിലും ഇന്നെന്തോ അതു കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി . പിറന്നു വീഴുമ്പോഴും ആ കൈപിടിച്ച് പിച്ച വെയ്ക്കുമ്പോഴും ഇടയ്ക്ക് ആ പിടി വിടുവിച്ചു ജീവിതപ്പടവുകൾ ഓടിക്കയറുമ്പോഴും ഒക്കെ അമ്മയുള്ളിടത്തോളം കാലം എല്ലാ ദിവസ്സവും അമ്മ ദിവസ്സങ്ങളാണ്. തിരക്കിനിടയിൽ ഒന്ന് തിരിഞ്ഞുനിന്ന് അതുറപ്പുവരുത്താൻ എപ്പോഴെങ്കിലും ഇത്തരം "ദിന"ങ്ങൾ സഹായിച്ചുകൂടായ്കയില്ല .

ഇന്നലെ ഓഫീസിൽനിന്നും മടങ്ങുന്ന വഴിയ്ക്കാണ്   ഇന്ദുവിന്റെ  വീട്ടിൽക്കയറിയത്  , അമ്മ വന്നിട്ടുണ്ട് നാട്ടിൽനിന്നും.ഇത്രദൂരം യാത്ര ചെയ്തിട്ട് എങ്ങനെയുണ്ട് അമ്മേ എന്ന ചോദ്യത്തിന് , "നന്നായിരുന്നു മോളെ, വേദനകളൊന്നും ഉണ്ടായില്ല , പക്ഷേ ഇവളാകെ ക്ഷീണിച്ചു , തനിയെ പെട്ടിളൊക്കെ എടുത്ത് എന്റെ കുട്ടി ക്ഷീണിച്ചു , എന്നെ ശ്രദ്ധിക്കുന്ന തിരക്കിൽ ആഹാരംപോലും മര്യാദയ്ക്ക് കഴിച്ചില്ല" എന്ന് പറഞ്ഞു ഇന്ദുവിനെ നോക്കി പരിതപിച്ചു . ഞാനുൾപ്പടെ  മറ്റാരുടെയും മുഖത്ത് ആ പരിഗണന ഉണ്ടായിരുന്നില്ല. ഇന്ദു അഭിമാനത്തോടെയാണ് അപ്പോള്‍ പറഞ്ഞത്, "എന്നെക്കുറിച്ചു പറഞ്ഞാൽ മറ്റാർക്കു നൊന്തില്ലെങ്കിലും എന്റെ അമ്മയ്ക്ക് നോവും ".  അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി കാറിൽ കയറുമ്പോൾ അമ്മ മുറ്റത്തിറങ്ങിനിന്ന് കൈവീശുന്നുണ്ടായിരുന്നു .

വൈകിട്ട് നോമ്പുതുറയ്ക്കു സിയാദിന്റെ വീട്ടിലെത്തിയപ്പോൾ ഉമ്മ വന്നു കെട്ടിപ്പിടിച്ചു , "വല്ലാതെ ക്ഷീണിച്ചിരിക്കുന്നു , നീ എങ്ങനെ ഈ ജോലിയും ഇത്ര നീണ്ട നോമ്പും ഒരുമിച്ചു കൊണ്ടു പോകുന്നു ? ഇങ്ങോട്ടു വന്നുകൂടെ എല്ലാ ദിവസവും " എന്ന് എന്നത്തേയുംപോലെ പരിഭവിച്ചു.  "നിന്റെ ആഹാര നിയന്ത്രണങ്ങളൊന്നും നോമ്പുകാലത്തു വേണ്ട " എന്ന് ശകാരിച്ചു . വളരെ ചെറിയ പ്രായത്തിൽ ഭർത്താവ് മരണപ്പെട്ടിട്ടും പറക്കമുറ്റാത്ത മൂന്നു പിഞ്ചു  കുട്ടികളെ ചേർത്തുപിടിച്ചു  "ഇനിയൊരു വിവാഹം വേണ്ട , എന്റെ മക്കളാണ് എന്റെ ജീവിതം" എന്നു പറഞ്ഞ ആ സ്നേഹം ഇപ്പോഴും ആ കണ്ണുകളിലുണ്ട് . ജീവിതം എത്രയെത്ര അത്ഭുത കണ്ടുമുട്ടലുകളാണ് കാത്തു വെച്ചിരിക്കുന്നത്!


അമ്മമാർക്കെങ്ങിനെയാണ് ഇത്രയധികം സ്നേഹിക്കാൻ പറ്റുക? ഈ ലോകത്തിലെ സർവ്വോർജ്ജവും ആവാഹിച്ചു  സകല ജീവജാലങ്ങളോടും കിന്നരിച്ചു നടക്കുന്ന ഒരു പ്രായത്തിൽനിന്നും അമ്മയെന്ന ലേബലിലേക്ക് കാലെടുത്തു   വയ്ക്കുമ്പോൾ എവിടെനിന്നുമാണ് ഈ മാന്ത്രികശക്തി അവരെത്തേടിയെത്തുന്നത്‌? വല്ലാത്തൊരു പ്രതിഭാസം തന്നെ.

രാവിലെ ഏറെ വൈകിക്കിടന്നാലും പുലർച്ചെ എല്ലാവരും എഴുന്നേൽക്കുന്നതിനും മുമ്പേ എഴുന്നേറ്റ് ഭക്ഷണമുണ്ടാക്കി വീട്ടുജോലികളൊക്കെ തീർത്തു അടുത്ത പണിയിലേക്ക് കടക്കാൻ ഊർജ്ജം തരുന്നതും ആ ലേബൽ തന്നെ.

എന്നിട്ടും തീൻമേശയിൽ "ഉപ്പ് തീരെക്കുറഞ്ഞുപോയി , എന്തൊരു എരിവാണ് , പണ്ടത്തെപ്പോലെ ഇപ്പോൾ ഒന്നും ശരിയാവുന്നില്ല " എന്നൊക്കെ ഞെളിഞ്ഞിരുന്നു പറഞ്ഞു, തെറ്റുചെയ്ത ഒരു പ്രതിയെ ക്രോസ്സ് വിസ്താരം നടത്തുന്നതുപോലെ പറയാൻ നമുക്കൊരു ലജ്ജയും ഇല്ല . വളരെ രുചികരമായ ഭക്ഷണം ഉണ്ടാക്കുമ്പോൾ കഴിക്കുന്ന തിരക്കിൽ "അമ്മ കൂടി ഇരിക്കൂ , നമുക്കൊരുമിച്ചു കഴിക്കാം " എന്ന് പറയാൻ നമ്മൾ മറന്നുപോകുന്നതെന്താണ് ? എന്തുകൊണ്ടാണ് അമ്മയുടെ പ്ലേറ്റിലെ അളവുകൾ ചെറുതാവുന്നതെന്നും എന്തുകൊണ്ടാണ് അമ്മയ്ക്കു മീൻപൊരിച്ചതിന്റെ നല്ല കഷണങ്ങൾ ഇഷ്ടമല്ലാത്തതെന്നും  കരിഞ്ഞ ഭക്ഷണത്തോട് ഇത്ര പ്രിയമെന്നും ഒരിയ്ക്കലും ചിന്തിക്കാൻ മെനക്കെടാത്ത ഒരു കാലത്തുനിന്നും നാം ഇനിയും മുന്നോട്ടു വന്നിട്ടില്ല  .

മനസ്സെത്തുന്നിടത്തു  നിന്നു കയ്യെത്താതാവുന്ന വിധം ക്ഷീണിച്ചിരിക്കുമ്പോൾ ആ മുഖത്തുനിന്നും വരുന്ന അപൂർവ്വം  പരിഭവങ്ങൾക്കു മേലാണ് നമ്മുടെ രോഷം. ഭൂമിയുടെ രണ്ടറ്റങ്ങളിൽ ജീവിക്കുമ്പോൾ സമയം നോക്കാതെയുള്ള വിളികൾ നമ്മുടെ ഉറക്കത്തിനു ഭംഗം വരുത്തുമ്പോൾ "അമ്മയ്ക്ക് സമയം നോക്കി വിളിച്ചുകൂടെ ?" എന്ന് അരിശപ്പെടുന്നതിനു പകരം "എന്താ അമ്മേ , ഈ സമയത്ത് ?" എന്ന് അൽപ്പം മയപ്പെട്ടെങ്കിലും നമുക്ക് ചോദിച്ചുകൂടേ ? ചില സമയങ്ങളിൽ ചെറിയ വാക്കുകൾക്കു പോലും വലിയ മൂർച്ചയാണ് .

കാലം കറങ്ങിത്തിരിഞ്ഞ് ആ ലേബൽ നമ്മൾ നെറ്റിയിലേറ്റി നിൽക്കുമ്പോളാണ് പല ചോദ്യങ്ങൾക്കും ഉത്തരം നമുക്ക് കിട്ടുന്നത് .  രാവിലെയെഴുന്നേറ്റ് പണികളൊതുക്കി ജോലിയിലേക്കെത്തി ആ യുദ്ധവും കഴിഞ്ഞു മടങ്ങിയെത്തുമ്പോൾ  ക്ഷീണം തീർക്കാൻ ഒന്നു മയങ്ങാമെന്നു വിചാരിക്കുമ്പോളാണ് കുട്ടികൾക്ക് വിശക്കുന്നുണ്ടാവും എന്ന ചിന്ത കയറി വരുന്നത് . ഉണ്ടാക്കിവെയ്ക്കുന്ന പലഹാരം "ഇത് വെന്തിട്ടില്ലാ  , ഇതെങ്ങനാ കഴിക്കാൻ പറ്റുന്നത് "എന്ന് പറഞ്ഞു നീക്കി വെയ്ക്കുമ്പോൾ, അതെടുത്തു കഴിച്ചുനോക്കി ഇതിൽക്കൂടുതൽ എങ്ങനെയാണ് വേവിക്കുക എന്നോർത്ത് ഞാൻ അത്ഭുതപ്പെടുന്നു . മേശമേൽ ആളെക്കാത്തിരിക്കുന്ന ചൂടാറുന്ന ഭക്ഷണങ്ങളെക്കുറിച്ചോർത്തു  ഞാൻ ഓരോ സമയവും വ്യാകുലപ്പെടുന്നു .  മുഷിഞ്ഞ തുണികൾ എന്തുകൊണ്ടാണ് അതിനുള്ള കുട്ടയിൽ വീഴാതെ കിടക്കയിലും തറയിലും കിടക്കുന്നത്  എന്നോർത്ത് ഞാൻ രോഷം കൊള്ളുന്നു .  അണയ്ക്കാത്ത  ലൈറ്റുകളും   തുറന്നുവിട്ട പൈപ്പുകളും എന്നെ നിർത്താതെ ഓടിച്ചുകൊണ്ടേയിരിക്കുന്നു .

വർഷങ്ങൾക്കുമുമ്പേ  ഞാൻ  ചോദിച്ച പല ചോദ്യങ്ങളും എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു .അഞ്ചുമണിക്കെഴുന്നേറ്റിട്ടും പഠിപ്പിക്കുന്ന സ്കൂളിലേക്ക് മൂന്നുകിലോമീറ്റർ നടന്നിട്ടും എന്റെ അമ്മ പരിഭവം പറയാതിരുന്നതെന്തെന്ന് ഞാൻ അന്തം വിടുന്നു . "അമ്മയ്‌ക്കെന്താ ?" എന്ന ചോദ്യം എന്നെ വീണ്ടും വീണ്ടും അസഹിഷ്ണുവാക്കുന്നു .

എങ്കിലും  "അമ്മയോടല്ലാതെ വേറെയാരോടാണ് ഞാൻ ഇത് പറയുക " എന്ന സ്നേഹം കലർന്ന വാക്കുകൾ എന്റെ ഹൃദയം നിറയ്ക്കുന്നു. "അമ്മാ , ഞാനിന്ന് ബാവ്‌നീതിന്റെ കൂടെ കോഫിക്ക് പൊയ്ക്കോട്ടേ " എന്ന മെസ്സേജ് എന്റെ ഫോണിൽ തെളിയുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നു . കിടക്കാൻ നേരം "ഒരു ഹഗ്ഗ് " എന്നു പറഞ്ഞു മോൾ കെട്ടിപ്പിടിച്ചു ധൃതിയിൽ ഓടിപ്പോകുമ്പോൾ , "അമ്മയ്ക്ക് പുതിയ ജോലി എളുപ്പമാക്കിക്കൊടുക്കണേ" എന്ന് മോൻ ഈശ്വരനോട് നിത്യവും ആവശ്യപ്പെടുമ്പോൾ മനസ്സ് ആർദ്രമാവുന്നു .

അമ്മ അത്ഭുതവിളക്കാണ് , വളരെക്കുറച്ചുമാത്രം മെയ്‌റ്റനൻസ് ചെലവുള്ള മാന്ത്രികവിളക്ക് .  ഏതു കൂരിരുട്ടിലും ഏതു കൊടുങ്കാറ്റിലും അതു നമുക്ക് വെളിച്ചമേകും . ഇടയ്ക്കിടെ സ്നേഹം പകർന്നുകൊടുത്തു സമയം കൊടുത്തു അതിനെ സംരക്ഷിക്കുക, ആയുസ്സെത്തുംവരെ അതിങ്ങനെ നിറവാർന്നു നിൽക്കട്ടെ .

മോൻ എഴുന്നേൽക്കും മുമ്പേ ആ പേപ്പർ ഞാൻ  അവിടെത്തന്നെ തിരികെ  വെച്ചു, അവന്റെ ആവേശം ഒട്ടും ചോർത്തിക്കളയണ്ട.. നാളെ അവനെന്നെ അത്ഭുതപ്പെടുത്തുമ്പോൾ ഇതിനുമുൻപൊരിക്കലും കാണാത്തതുപോലെ ഞാൻ ആഹ്ലാദത്തോടെ അതു വാങ്ങിക്കും , അഭിമാനത്തോടെ നിൽക്കുന്ന അവന്റെ മുഖത്ത് ഉമ്മ വെച്ച് ആ വാക്കുകൾ വായിച്ചു കണ്ണുമിഴിക്കും , കാരണം ഞാൻ അവന്റെ അമ്മയാണ്  . എന്റെ കുഞ്ഞുങ്ങളുടെ കണ്ണിലെ സ്നേഹത്തിളക്കത്തിനേക്കാൾ വലിയൊരു അവാർഡ് എന്താണ് എന്താണുള്ളത്‌ ???





















Saturday, May 4, 2019

ഒമ്പതു മണി മുതൽ നാലുമണി വരെ നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടികളുടെ തിരക്കുകളുണ്ടായിരുന്നതിനാൽ  സെൽ ഫോണിൽ ഒന്ന് നോക്കാനുള്ള സമയം പോലും കിട്ടിയില്ല . വൈകിട്ട് പതിവുപോലെ ട്രെയിനിൽ കയറി ഒന്നിരിക്കാൻ സീറ്റ് കിട്ടിയപ്പോൾ ആണ് ഫോണിലേക്കു നോക്കുന്നത് . കുറേ മിസ്സ്ഡ് കാൾസ് ഉണ്ട് . രാവിലെ ഇറങ്ങുമ്പോൾ പറഞ്ഞതാണ് മോന് അപ്പോയിൻമെൻറ് ബുക്ക് ചെയ്യണമെന്ന് . അത് മറന്നു, ഭർത്താവിന്റെ മെസ്സേജ് ഉണ്ട് . അതിനു താഴെയായി  മെർലിന്റെ മെസ്സേജ് , " വി ആൾറെഡി സ്റ്റാർട്ടഡ് മിസ്സിംഗ് യൂ" എന്ന്.

മൂന്നു ദിവസമായതേ ഉള്ളൂ പുതിയ ജോലിയിലേക്ക് മാറിയിട്ട്, അതും അതേ  ബിൽഡിങ്ങിൽ മറ്റൊരിടത്തേക്ക്.  ഫെയർവെൽ പാർട്ടിക്കിടയിൽ സഹപ്രവർത്തകർ സങ്കടപ്പെട്ടപ്പോൾ ഇടയ്ക്കൊന്നു കണ്ണുനിറഞ്ഞുവെങ്കിലും "അതിനെന്താ , ഞാൻ നാലാമത്തെ നിലയിലുണ്ടല്ലോ, എപ്പോൾ വേണമെങ്കിലും സന്ദർശിക്കാമല്ലോ "എന്നൊക്കെപ്പറഞ്ഞു ഞാൻ അത് നിസ്സാരമാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. പിരിഞ്ഞുപോകുമ്പോൾ മാത്രം കിട്ടുന്ന കുറേ നല്ല വാക്കുകൾ കേട്ട്, "ഇത്രയൊക്കെ ഞാൻ ചെയ്തിരുന്നോ ?" എന്ന ഭാവത്തിൽ പിടിച്ചിരുന്നു.

വീട്ടിലേക്കു വരുമ്പോൾ ചിന്തിച്ചത് മുഴുവൻ യാത്രപറയലുകളെക്കുറിച്ചായിരുന്നു . ജീവിതം തന്നെ നീണ്ട ഒരു ട്രെയിൻ യാത്രയാണെന്നും ഇടയ്ക്കിടെ നിർത്തുന്ന സ്റ്റോപ്പുകളിൽ ഇറങ്ങുന്ന യാത്രക്കാർ നമ്മളോട് യാത്ര പറഞ്ഞു മറ്റാരുടെയോ യാത്രകളിലെ ഭാഗമാകുവാൻ പോവുകയാണെന്നും നമ്മുടെ സ്റ്റോപ്പെത്തുമ്പോൾ നമ്മളും അവരിൽ ഒരാൾ ആവുകയാണെന്നുമൊക്കെ ഞാൻ ചിന്തിച്ചു കൂട്ടി.

എന്റെ യാത്രയിലെ ഉള്ളിൽത്തട്ടിയ യാത്ര പറച്ചിലുകൾ ഒന്നൊന്നായി മനസ്സിൽ തിക്കിത്തിരക്കി വന്നു.

സ്ക്കൂൾ കടന്ന് കോളേജിലേക്കെത്തിയപ്പോൾ ആകെപ്പാടെ പരിഭ്രമമായിരുന്നു. ആ പരിഭ്രമത്തിന്റെ ശ്വാസം മുട്ടലിൽ നിൽക്കുമ്പോഴാണ് ജീവിതത്തിലേക്ക് സൗഹൃദത്തിന്റെ നേർത്ത തെന്നലായി ഫെമി വരുന്നത്. അതൊരു ആ ജീവനാന്ത സൗഹൃദത്തിന്റെ തുടക്കമാവുമെന്ന് ഒട്ടും വിചാരിച്ചിട്ടില്ല. ആ കോളേജിലെ പഠനം തീർന്ന് അവളോടു യാത്രപറയുമ്പോൾ മനസ്സിൽ ഒരു കൗമാരക്കാരിയുടെ എല്ലാ നിഷ്കളങ്കവ്യഥകളും ഉണ്ടായിരുന്നു. വർഷങ്ങൾക്കു ശേഷം ഒരേ സ്ഥാപനത്തിൽ ജോലിക്കെത്തിയപ്പോൾ യാത്രകളിൽ പിരിയലുകൾക്കു  മാത്രമല്ലാ കൂടിച്ചേരലുകൾക്കും സ്ഥാനമുണ്ടെന്ന് അത്ഭുതത്തോടെ ഞാൻ മനസ്സിലാക്കി.

പിന്നീട് പഠിച്ചിരുന്ന കോളേജുകളിലൊക്കെയും വളരെ നല്ല സൗഹൃദങ്ങൾ എന്നെ കാത്തിരിപ്പുണ്ടായിരുന്നു. വർഷങ്ങൾക്കിപ്പുറവും ഒരു ഫോൺ വിളിയ്ക്കോ മെസ്സേജിനോ അപ്പുറത്തു അവരുണ്ടെങ്കിലും ക്ലാസ്സുകള് തീർന്ന് കരഞ്ഞകണ്ണുകളുമായി പടിയിറങ്ങിയ എന്റെ ചിത്രം എനിക്ക് ഇപ്പോഴും വ്യക്തമായിക്കാണാം . ഓരോ "ഗുഡ്ബൈ "യ്യും എനിക്ക് സങ്കടമാണ്, വലിപ്പച്ചെറുപ്പങ്ങളില്ലാതെ .

മനസ്സിൽ നിന്ന് ഇപ്പോഴും മാഞ്ഞുപോകാത്ത ഒരു ചിത്രമുണ്ട് എന്റെ വിവാഹആൽബത്തിൽ. കല്യാണദിവസം ഭർത്താവിന്റെ വീട്ടിലേക്ക് എന്നെ യാത്രയാക്കുന്ന എന്റെ മാതാപിതാക്കളുടെ ചിത്രം.ഇഷ്ടപ്പെട്ടയാളുടെ വധുവായി എല്ലാവരുടെയും ആശീർവാദത്തോടെ പടിയിറങ്ങുമ്പോഴും നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ കൈവീശുന്ന അമ്മ . ആണുങ്ങൾ കരയരുതെന്ന സാമൂഹ്യനിയമം അക്ഷരംപ്രതി പാലിച്ചിട്ടും എന്നെ ചേർത്തുപിടിച്ചപ്പോൾ വിതുമ്പിയപ്പോയ അച്ഛൻ. ചേച്ചിയുടെ ഭർത്താവെന്ന സ്ഥാനത്തുനിന്നും എന്റെ സ്വന്തം കൂടപ്പിറപ്പായിമാറിയ ജേഷ്ഠൻ. ചേച്ചിയെയും അനിയനെയും ഞാൻ എന്റെ പിന്നിൽ കണ്ടു. ഓർമ്മയിൽ ഇപ്പോഴും കണ്ണീർ നനവിറ്റുന്ന ഒരു ചിത്രം. ഓരോ പെൺകുട്ടിയും ജീവിതത്തിൽ കടന്നുപോകേണ്ടുന്ന ഒരു ചിത്രം.

ഇടയ്ക്കിടെ അതോർമ്മ വരുമ്പോൾ ഉറക്കമില്ലാത്ത പല രാത്രികളിലും ഞാൻ ഭർത്താവിനോട് ചോദിക്കാറുണ്ട്, "നമ്മുടെ മോളെ നമുക്ക് എങ്ങനെ പറഞ്ഞുവിടാൻ കഴിയും? ". ഉറക്കച്ചടവിലും എന്റെ നേരെ ഒന്ന് സൗമ്യമായി മന്ദഹസിച്ചു "നിനക്ക് നല്ല ക്ഷീണമുണ്ട്,  ഉറങ്ങിക്കോളൂ" എന്നു പറഞ്ഞു ആ ചിന്തകൾക്ക് ഫുൾസ്റ്റോപ്പിടും.

പത്തുവർഷം ജോലിചെയ്ത  സ്ഥാപനത്തിൽ നിന്നും രാജിവെച്ചു അവസാനദിവസം ഇറങ്ങുമ്പോൾ, സുഹൃത്തുക്കളെന്നതിനേക്കാൾ  കുടുംബക്കാർ എന്ന് വിളിക്കാവുന്ന ബന്ധങ്ങളാണ് ഉണ്ടായിരുന്നത്. ഇന്നത്തെപ്പോലെ "പ്രൈവസി "വല്യ പ്രശ്നമല്ലാതിരുന്നതിനാൽ ഓഫീസ് കാര്യങ്ങളിലും വീട്ടുകാര്യങ്ങളിലും ഒരേപോലെ ഇടപെട്ടിരുന്ന സഹപ്രവർത്തകർ. മോളെ ഗർഭിണിയായിരുന്നപ്പോൾ സ്വന്തം അനിയത്തിയെപ്പോലെയോ മോളെപ്പോലെയോ ഒക്കെ കരുതി ഓരോ കാര്യത്തിലും ശ്രദ്ധാലുക്കളായിരുന്നവർ . അവസാന മാസങ്ങളിൽ ഓഫീസ് സമയത്തു എന്തെങ്കിലും അത്യാവശ്യം വന്നെങ്കിലോ എന്ന് പറഞ്ഞു എപ്പോഴും ഒരു വണ്ടി കരുതിയിട്ടിരുന്നവർ. മോന്റെ സമയത്തു അപ്രതീക്ഷിതമായി ആശുപത്രിയിലാക്കേണ്ടി വന്നപ്പോൾ ആസ്പത്രിയിൽ കൂട്ടിരുന്നവർ . .ഒരു ദിവസ്സം അവരോടൊക്കെ യാത്ര പറഞ്ഞിറങ്ങുമ്പോൾ ഓടിമറയുന്ന കാറിലിരുന്ന് തിരിഞ്ഞുനോക്കുമ്പോൾ കണ്ട നിറകണ്ണുകൾ.. വല്ലാത്ത നിമിഷങ്ങൾ തന്നെ .

യാത്രപറച്ചിലുകളുടെ ഒട്ടനവധി മാനസ്സിക സംഘർഷങ്ങൾ  കടന്ന് ക്യാനഡയിലേക്കുള്ള ഫ്ലൈറ്റിലിരിക്കുമ്പോൾ ഞാൻ കണ്ണുകൾ അടച്ചുതന്നെ പിടിച്ചു, കണ്ട മുഖങ്ങളും കാഴ്ച്ചകളും അങ്ങനെത്തന്നെ ഇരിക്കയ്ക്കട്ടെ . അതിനെ മറച്ചു മറ്റൊരു കാഴ്ച്ച എനിക്കു കാണേണ്ട. അടച്ചുപിടിച്ച കൺകോണുകളിലൂടെ ഒരു ചെറിയ അരുവി കവിളുകളിലൂടെ താഴേക്കിറങ്ങുന്നത് ഞാൻ അറിഞ്ഞില്ല, കോർത്തുപിടിച്ച കൈവിരലുകളിൽ ഒരു കൈ അമരുന്നതുവരെ. "ഞാനില്ലേ " എന്ന സാന്ത്വനം കേൾക്കുന്നതുവരെ.

പരിചിതമായ ഒരു ലോകത്തുനിന്നും തീർത്തും അപരിചിതമായ മറ്റൊരു ലോകത്തേക്ക്. സൗഹൃദങ്ങൾ വീണ്ടും പൂക്കുകയും തളിർക്കുകയും പിന്നീടൊരുദിനം അത് കൊഴിഞ്ഞുവീഴുകയും ചെയ്യുമ്പോൾ പുതിയ ചില്ലകൾ തേടി വീണ്ടും. പഴയതിനോട് യാത്ര പറഞ്ഞു പുതിയ സ്ഥലങ്ങളിലേക്ക് , ജോലികളിലേക്ക്.

പിന്നെയും എത്രയോ യാത്രപറച്ചിലുകൾ.....

ഓരോ വർഷവും നാട്ടിലെത്തുമ്പോൾ ബന്ധുവീടുകൾ സന്ദർശിക്കൽ ഒഴിച്ചുകൂടാനാവാത്തതാണ് .ഇറങ്ങാൻ നേരം "ഇനിയെന്നാ നിന്നെ കാണാൻ പറ്റുന്നത്" എന്ന് സങ്കടപ്പെടുന്ന പ്രായം ചെന്നവർ, കൈപിടിച്ച് ചേർത്തുവെക്കുന്ന മുതിർന്നവർ . വർഷങ്ങൾ കഴിഞ്ഞു കാണുന്നതിന്റെ ആഹ്ലാദം തീരും മുമ്പേ എഴുന്നേൽക്കുമ്പോൾ മുറുകെ കെട്ടിപ്പിപ്പിടിക്കുന്ന സൗഹൃദങ്ങൾ , കയ്യിലിരിക്കുന്ന പ്രിയപ്പെട്ട പുസ്തകങ്ങൾ എനിക്ക് സമ്മാനിച്ചു  ഒന്നും പറയാതെ നടന്നു നീങ്ങുന്നവർ.  അതിവേഗത്തിൽ കടന്നുപോകുന്ന മുപ്പതു ദിവസങ്ങൾ കഴിഞ്ഞു മടങ്ങുമ്പോൾ കേൾക്കുന്ന മാതാപിതാക്കളുടെ നെഞ്ചിന്റെ പിടച്ചിലുകൾ . "ഒരു വർഷം ഇതാ ന്നു തീരില്ലേ " എന്നു പറഞ്ഞു  മറച്ചുപിടിക്കാൻ ശ്രമിക്കുമെങ്കിലും പറ്റാതെവരുന്ന ചില നിമിഷങ്ങൾ.

യാത്ര പറച്ചിലുകൾ ഒരിയ്ക്കലും അവസാനിക്കുന്നില്ല, അവസാനശ്വാസത്തോളം, ആരോടും പറയാതെ പെട്ടെന്നൊരു ദിവസ്സം യാത്രയാവുന്ന നിമിഷം വരെ.

മറവിയിലേക്കല്ലാ , ഓരോ യാത്രപറച്ചിലുകളും ഓർമ്മപ്പുസ്തകങ്ങളിലേക്ക്  ഒരേട് എഴുതിച്ചേർക്കലാണ് . ഒരുമിച്ചു ചെലവിട്ട മനോഹര നിമിഷങ്ങളുടെ,  ഒന്നിച്ചുകണ്ട കിനാവുകളുടെ, നനഞ്ഞ കണ്ണീർമഴകളുടെ, മുറിവേൽപ്പിച്ച കനലുകളുടെ , മനസ്സലിയിച്ച ക്ഷമചോദിക്കലുകളുടെ  ഒരേട്.. ഇടയ്ക്കിടെ വല്ലാതൊറ്റപ്പെടുമ്പോൾ ഒന്ന് മറിച്ചു നോക്കി നെഞ്ചോടു ചേർത്തുവെക്കാവുന്ന ഒരേട് .

ഫോണെടുത്തു മെർലിന്‌ മെസ്സേജ് ടൈപ്പ് ചെയ്തു , "എന്റെ ജീവിതത്തിൽ വിലപ്പെട്ട  ഒരേട് സമ്മാനിച്ചതിന് നന്ദി ... ഇനി കണ്ടുമുട്ടുന്നത് വരെ .."