ഇതെഴുതാനിരിക്കുമ്പോൾ ലോകത്തിന്റെ പലകോണുകളിൽ നിന്നും ഈ വർഷം യാത്രപറഞ്ഞുപോയിക്കഴിഞ്ഞിട്ടുണ്ടാവും . പോയവർഷത്തെ ഉറക്കം കെടുത്തിയ രാവുകളൊക്കെ മറന്ന് ഒരു കൂട്ടം മനുഷ്യർ പുതിയ വർഷത്തിലേക്ക് ഉറ്റുനോക്കി കിടന്നുറങ്ങിയിട്ടുണ്ടാവും , മറ്റു ചിലർ ഇനിയും വിരുന്നെത്താത്ത ഉറക്കത്തെ കാത്ത് , മടങ്ങിവരാത്തവരെ ഓർത്ത് നെഞ്ചിൽ നിറഞ്ഞ വിതുമ്പലുകളെ അമർത്തി ഉറക്കം നടിച്ചു കിടക്കുന്നുണ്ടാവും. ഇനിയും ചിലർ ബോധത്തിനും അബോധത്തിനുമിടയിലുള്ള നൂൽപ്പാലത്തിലൂടെ ഈ വർഷത്തിൽ നിന്നും അടുത്ത വർഷത്തിലേക്ക് പുറപ്പെട്ട് പാതിവഴിയിൽ തളർന്നുവീണിട്ടുണ്ടാവും. ആ വീഴ്ചയിൽ നിന്നും എഴുന്നേറ്റ് മനസ്സിൽ ഊർജ്ജം നിറച്ചു ലക്ഷ്യസ്ഥാനത്തെത്തി പുഞ്ചിരിച്ചു നിൽക്കുന്നുണ്ടാവും വേറെ ചിലർ.
ഓരോ വർഷവും പടിയിറങ്ങുന്നത് ഒരുപാട് ഓർമ്മകൾ അവശേഷിപ്പിച്ചാണ് . ഓർക്കാൻ ഇഷ്ടമില്ലെങ്കിലും, അവ ചിലയാളുകളെപ്പോലെ അനുവാദത്തിനൊന്നും കാത്തുനിൽക്കാതെ നമ്മുടെ ഓർമ്മക്കൂട്ടിലേയ്‌ക്ക് ഇടിച്ചുകയറിയിരിക്കും. മറക്കാൻ ശ്രമിക്കുന്തോറും കൂടുതൽ തെളിഞ്ഞുതെളിഞ്ഞു വരുന്ന മുഖങ്ങളായി അവ നമ്മെയിങ്ങനെ നോവിച്ചുകൊണ്ടിരിക്കും.
യാത്രകളില്ലാത്ത , കൂട്ടായ്മകളില്ലാത്ത സർവോപരി പുഞ്ചിരിക്കുന്ന മുഖങ്ങളില്ലാത്ത ഒരു വർഷമാണ് കടന്നുപോയത്. എല്ലാവരും അവനവന്റെ ചെറിയലോകത്തിൽ സംതൃപ്‌തരാവാൻ ശ്രമിച്ച ഒരു വർഷം . പ്രിയപ്പെട്ട പലരെയും നഷ്ടമായ വർഷം .... എന്നിട്ടും നമ്മൾ പ്രതീക്ഷകൾ കൊണ്ട് അതിനെ അതിജീവിച്ചു . അങ്ങ് ദൂരെ എവിടെയോ തെളിയുന്ന ഒരു തിരിനാളത്തിനായി കാത്തിരുന്നു.
നഷ്ടങ്ങളുടെ ഒരു വർഷത്തിനെ നമുക്കു ശപിക്കാതിരിക്കാം. തന്റെ ഭാഗം ആടിത്തീർത്തു അത് അരങ്ങൊഴിയുകയാണ്. അതിനിടയിൽപ്പെട്ടു ചതഞ്ഞരഞ്ഞ സ്വപ്നങ്ങളും തകർന്നുവീണ കണക്കുകൂട്ടലുകളും നമുക്ക് ഇവിടെത്തന്നെ ഉപേക്ഷിക്കാം. അത് തന്ന പാഠങ്ങൾ ഒരിക്കലും മറക്കാതിരിക്കാം, ജീവിതമെന്നത് ഈ കഴിഞ്ഞുപോകുന്നതാണ് എന്ന ബോധ്യപ്പെടുത്തലിന് , ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന വലിയൊരു യാഥാർഥ്യത്തിന് , നമുക്ക് നന്ദിപറയാം.
പുതിയ വർഷം , പുതിയ പ്രതീക്ഷകൾ, പുതിയ പ്രാർത്ഥനകൾ.... എല്ലാവരും സന്തോഷമായിരിക്കട്ടേ , സുഖമായിരിക്കട്ടേ, സ്വപ്നങ്ങൾ കാണാനും പ്രണയിക്കാനും മുഖം മൂടികളില്ലാതെ വീണ്ടും പുഞ്ചിരിക്കാനും കെട്ടിപ്പിടിക്കാനും നമുക്ക് കഴിയട്ടേ ....
