ഇന്നിപ്പോൾ അതിലൊന്നും എന്റെ ശ്രദ്ധ പതിഞ്ഞില്ല. കാരണം വണ്ടി നിർത്തിയിട്ടിരിക്കുന്നത് ഇത്രയും നാൾ ഞാൻ ജീവിച്ചിരുന്ന വീടിന്റെ മുന്നിലാണ്. രണ്ടാഴ്ചയെ ആയുള്ളൂ ഇവിടെനിന്നും താമസം മാറ്റിയിട്ട് . വെറുതെ കാറിന്റെ ചില്ലുജാലകത്തിലൂടെ ഞാൻ എന്റെ വീടിനെത്തന്നെ നോക്കിയിരുന്നു.
സന്ധ്യയായിട്ടും അവിടെ വിളക്കുകളൊന്നും തെളിഞ്ഞിട്ടില്ല. ജാലകങ്ങളൊന്നും തുറന്നിട്ടില്ല, കർട്ടനുകളൊക്കെ അടഞ്ഞുതന്നെ കിടക്കുന്നു. ഇന്നലെ പെയ്ത മഞ്ഞെല്ലാം ചവിട്ടുപടികളിൽ അങ്ങനെത്തന്നെ കിടക്കുന്നു. വീണ്ടും വീണ്ടും പെയ്തുകൊണ്ടിരിക്കുന്ന മഞ്ഞിൽ അവ ഉറഞ്ഞുകട്ടിയായിട്ടുണ്ടാവും.
ഈ വീട്ടിലേക്ക് താമസം മാറ്റുമ്പോൾ വല്യ ആഘോഷമായിരുന്നു, വീടൊരുക്കാനും വിരുന്നൊരുക്കാനും. വീട് വാങ്ങിയ രണ്ടാമത്തെ മാസമാണ് രാജ്യത്ത് ആഞ്ഞടിച്ച സാമ്പത്തിക തകർച്ചയിൽ എന്റെയും ജോലി നഷ്ടപ്പെട്ടത് . ടെൻഷൻ ആകുമ്പോൾ എന്റെ ഭർത്താവ് സ്ഥിരം പറയുന്ന ഒരു വാചകമുണ്ട് , " നമുക്ക് മാറ്റാൻ പറ്റാത്ത കാര്യങ്ങൾ വരുമ്പോൾ അതിനെ പടച്ചവന് വിട്ടുകൊടുക്കുക". പലപ്പോഴും ഞാൻ അത് മറക്കുമെങ്കിലും പടച്ചവൻ എന്നെയങ്ങനെ ഏറ്റെടുത്തുകൊണ്ടേയിരുന്നു.
വീടിന്റെ ഓരോ മുക്കിലും മൂലയിലും എന്റെ കുഞ്ഞുകുഞ്ഞു സ്വപ്നങ്ങൾ മിഴിവാർന്നു ചിരിച്ചും ഇടയ്ക്കിടെ കരഞ്ഞും പതംപറഞ്ഞും കൊണ്ടേയിരുന്നു. വീടിനുള്ളിൽ മുല്ലയും കറ്റാർവാഴയും മണിപ്ലാന്റും മറ്റനേകം ചെടികളും കൂടുവെച്ചു. ദിവസ്സവും അവയോടു സംസാരിച്ചും തൊട്ടുതലോടിയും ഞാനവയെ സ്നേഹമറിയിച്ചു. ഇടയ്ക്കിടെ ശ്രുതിമധുരമാർന്ന മലയാളഗാനങ്ങളും പഴയ ഹിന്ദി സിനിമാഗാനങ്ങളും കൊണ്ട് ഞാൻ അവയ്ക്ക് വിരുന്നൊരുക്കി. മറ്റുചിലപ്പോൾ വേണുഗോപാലിന്റെ മനോഹരസ്വരത്തിൽ കവിതകൾ കേൾപ്പിച്ചു.
എന്റെ മക്കൾ ചെറിയ വാക്കുകളിൽ നിന്നും വലിയ വാചകങ്ങളിലേക്ക് പറിച്ചുനടപ്പെട്ടതും ഈ വീട്ടിൽ വെച്ചാണ് . മോൾ വളരെ ഗൗരവത്തോടെ ഭാവി പ്ലാൻ ചെയ്യുമ്പോൾ ഞാൻ അന്തം വിട്ടു നിന്നതും ഇവിടെയാണ്. മോൻ 4 വയസ്സുകാരനിൽ നിന്നും എന്നെക്കാൾ വലുതായി 10 വയസ്സിലേക്കെത്തിയതും ഇവിടെ വെച്ചാണ് . ഇഷ്ടപ്പെട്ട ജോലിയിലേക്കെത്തപ്പെട്ടതും മറ്റുള്ളവരുടെ ജീവിതങ്ങൾ എന്റെ കഥകളായി തൂലികത്തുമ്പിലൂടെ ഒഴുകിപ്പടർന്നതും ഇവിടെനിന്നാണ് .
പടിയിറങ്ങിപ്പോരുന്ന ഓരോ വീടുകളും ജീവിതത്തിലെ ഓരോ ഏടുകളാണ്. ഓടു മേഞ്ഞ, മുറ്റത്തു ഒട്ടനവധി നാട്ടു ചെടികൾ നിറഞ്ഞു നിന്ന, നെൽ പാടങ്ങളിലെ കാറ്റേറ്റ ഒരു വീട്ടിലായിരുന്നു ബാല്യത്തിന്റെ തിമിർപ്പ്. കൗമാരത്തിന്റെ കൗതുകങ്ങളും ഉപരി പഠനത്തിന്റെ തിരക്കുകളും കഴിഞ്ഞു മറ്റൊരു ജീവിതത്തിലേക്ക് പറിച്ചു നടപ്പെടുന്നതുവരെ നെഞ്ചിലേറ്റിയത് റബ്ബർ മരങ്ങൾക്ക് നാടുവിലുണ്ടായിരുന്ന മറ്റൊരു വീടായിരുന്നു .
വധുവായി ചെന്ന് കയറിയ വീട്, പിന്നീട് ഞാനും ഭർത്താവും മാത്രമായി ജീവിത്തിലെ ആദ്യനാളുകൾ ചെലവിട്ട മണിപ്പാലിലെ കൊച്ചുവീട് , നാട്ടിലേക്ക് തിരികെയെത്തിയപ്പോൾ മോൾക്ക് ഒരു വയസ്സുള്ളപ്പോൾ അവൾ ആദ്യമായി പിച്ചവെച്ച , സ്വപ്നങ്ങൾ സ്വരുക്കൂട്ടിയ എറണാകുളത്തെ ഫ്ലാറ്റ് , പിന്നീട് പുതിയൊരു രാജ്യത്ത് ജീവിതം വീണ്ടും ഒന്നിൽ നിന്നും തുടങ്ങിയ, കുഞ്ഞുജാലകങ്ങൾ മാത്രമുണ്ടായിരുന്ന വീട്..അങ്ങനെ എത്രയെത്ര വീടുകൾ.
ഓരോ വീടുകൾക്കും ഓരോ കഥ പറയാനുണ്ടാവും, നമ്മുടെ സ്വപ്നങ്ങളുടെ, നിരാശയുടെ, പൊട്ടിച്ചിരികളുടെ , തേങ്ങലുകളുടെ... ഓരോ വീടും നമ്മെ നെഞ്ചോടു ചേർത്ത് പിടിച്ചിട്ടുണ്ടാവും, അമ്മയുടെ മടിത്തട്ടിലെന്നവണ്ണം ഒടുവിൽ സമാധാനത്തോടെ നമ്മൾ ഉറങ്ങിയിട്ടുണ്ടാവും.
പുതിയൊരിടത്തേയ്ക് താമസം മാറ്റുമ്പോൾ ആ വീട് കുറെ നാളത്തേയ്ക്ക് നമുക്ക് അന്യമായിരിക്കും . ഒട്ടു സംശയത്തോടെ അത് നമ്മളെ ഇങ്ങനെ നിരീക്ഷിച്ചുകൊണ്ടിരിക്കും, നമ്മൾ അതിനെയും . മെല്ലെമെല്ലെ അത് നമ്മളോട് ഇഷ്ടം കൂടും , നമ്മൾ അതിലേയ്ക്ക് ചേർന്ന് നിൽക്കും , വീട്ടിലെത്താൻ വൈകുമ്പോൾ മനസ്സിൽ ഒരു ആധി രൂപം കൊള്ളും , അങ്ങനെ നമ്മൾ പഴയ ഓർമ്മകളിൽ നിന്നും പിടിവിടുകയും പുതിയതിനെ വാരിപ്പുണരുകയും ചെയ്യും.
എങ്കിലും പടിയിറങ്ങിപ്പോന്ന വീടുകൾ നമ്മുടെ ഓർമ്മകളിൽ ഇടയ്ക്കിടെ മിന്നലാട്ടം നടത്തും. എന്തേ വന്നില്ലാ എന്ന് പരിഭവിക്കും. സുഖമാണോ എന്ന് ഇടയ്ക്കിടെ നമ്മളോട് ചോദിക്കും.
ഭർത്താവു ചുമലിൽ തട്ടി വിളിക്കുമ്പോൾ നേരം നന്നേ ഇരുണ്ടിരിക്കുന്നു. തെരുവുവിളക്കുകൾ തെളിഞ്ഞിട്ടുണ്ട്. എന്നിട്ടും ഈ വീട്ടിലെ ജാലകങ്ങൾ അടഞ്ഞും വിളക്കുകൾ അണഞ്ഞും കിടക്കുന്നു. വണ്ടി മെല്ലെ നീങ്ങിത്തുടങ്ങുമ്പോൾ ആരോ കാളിങ് ബെൽ അമർത്തുന്നതും വീടിന്റെ വാതിൽ തിരക്കിട്ടു തുറന്നു ഞാൻ എത്തിനോക്കുന്നതും ഉള്ളിൽ എന്റെ മക്കൾ ഓടിക്കളിക്കുന്നതും ഒരു നിമിഷാർദ്ധത്തിൽ ഞാൻ കണ്ടു. കണ്ണു തിരുമ്മി ഒന്നൂടെ തിരിഞ്ഞുനോക്കുമ്പോൾ എന്റെ വീടിനെപ്പൊതിഞ്ഞു ഒരു വലിയ മൗനം പരക്കുന്നത് ഞാൻ അറിഞ്ഞു .
വീടുകൾ നമ്മുടെ ജീവിതം പേറുന്നവയാണ് . നമ്മുടെ ഓരോ ശ്വാസത്തിന്റെയും ഗതിവിഗതികൾ അറിയുന്നവ. എവിടെപ്പോയാലും നമ്മെ തിരികെ വിളിച്ചു കൊണ്ടിരിക്കുന്നവ. ചുറ്റുപാടും ഇരുട്ട് പരക്കുമ്പോൾ നമുക്കായി സ്നേഹത്തിന്റെ ആർദ്രതയുടെ തിരിതെളിയിക്കുന്നവ.. ജീവിതത്തിലെ കൊടുങ്കാറ്റുകളിൽ നമ്മെ താങ്ങിനിർത്തുന്നവ.. പ്രണയവും പ്രതീക്ഷകളും വിളമ്പി നമ്മെ ഊട്ടിയുറക്കുന്നവ....
യാത്ര പറഞ്ഞു പിരിഞ്ഞുപോന്ന എല്ലാ വീടുകളുടെയും വാതിലുകൾ ഞാൻ ഓർമ്മകളിലേയ്ക്ക് മെല്ലെ തുറന്നുവെച്ചു . ബാല്യവും കൗമാരവും യൗവ്വനവും ആ ഇടനാഴികളിൽ തിരക്കുകൂട്ടി. ഭൂഗോളത്തിന്റെ അങ്ങേത്തലയ്ക്കൽ എനിക്കായി തുറന്നിട്ടിരിക്കുന്ന രണ്ടുവാതിലുകൾ എന്നെയിങ്ങനെ മാടിവിളിച്ചുകൊണ്ടേയിരുന്നു..