Friday, April 26, 2019


കണ്ണൊന്നു തുറന്നുപിടിച്ചു ചുറ്റും നോക്കിയാൽ എത്രയെത്ര പാഠങ്ങളാണ് നമുക്കായി ഈ ലോകം കരുതിവച്ചിരിക്കുന്നത്!! അതും പാഠപുസ്തകങ്ങളിൽ കാണാത്തവ, കണ്ടാലും നമുക്കെത്തുന്നതുവരെ മനസ്സിലാകാത്തവ , എത്ര തിരഞ്ഞാലും ജീവിതം നമുക്കായി ഒളിച്ചുവച്ചിരിക്കുന്നതിന്റെ പാതിപോലും കണ്ടെത്താനാവാതെയാവും പലപ്പോഴും നമ്മുടെ മടക്കം .

ട്രെയിൻ പുറപ്പെടാൻ കൃത്യം ഒരു മിനിട്ടു ബാക്കി നിൽക്കെയാവും ഭർത്താവ് എന്നെ റെയിൽവേ സ്റ്റേഷനിൽ ഇറക്കുക .  ഒട്ടു മിക്ക ദിവസങ്ങളിലും ഞാൻ ഓടിയാണ് ട്രെയിനിൽ കയറുക . സ്റ്റേഷനിൽ മെട്രോ ന്യൂസ്‌പേപ്പർ വിൽക്കുന്ന വെള്ളക്കാരി ആ ഓട്ടത്തിനിടയിലും നിറഞ്ഞ ചിരിയോടെ എന്നോടൊരു "ശുഭദിനം" ആശംസിക്കാറുണ്ട് . ഇങ്ങനെ ഓടിക്കയറുന്ന ദിവസങ്ങളിൽ ആദ്യം കാണുന്ന സീറ്റിലോട്ട് വീഴുകയാണ് പതിവ് . ബാഗും ജായ്ക്കേറ്റുമൊക്കെ ഒതുക്കി നേരെ നിവർന്നിരുന്നു കഴിയുമ്പോൾ ഒന്ന് ചുറ്റും നോക്കും. മിക്കപ്പോഴും ചില പരിചിതമുഖങ്ങൾ കണ്ടേക്കും . ഒന്ന് ചിരിച്ചു രണ്ടുവാക്കു കുശലാന്വേഷണം നടത്തി  അവർ അവരിലേക്കും ഞാൻ എന്നിലേക്കും തിരിച്ചുവരും.

അങ്ങനെയുള്ള ദിവസങ്ങളിലൊന്നിലാണ് ഞാൻ ആ മനുഷ്യനെ ശ്രദ്ധിച്ചത്. തലയിൽ ഇളം മഞ്ഞ തലപ്പാവ് കെട്ടിയ പ്രായം ചെന്ന വളരെ സൗമ്യമായ മുഖത്തോടു കൂടിയ ഒരു സിഖുകാരൻ . എന്റെ സീറ്റിന്റെ എതിരെയിരുന്ന അയാൾ എന്റെ നേർക്കു ഒരു പുഞ്ചിരി സമ്മാനിച്ചു . ഞാനും ചിരിച്ചു, എന്നിട്ട് സെൽ ഫോണെടുത്തു കയ്യിൽ പിടിച്ചു അതിൽ ശ്രദ്ധിച്ചുകൊണ്ടിരുന്നു . ഞാൻ ഇറങ്ങേണ്ട സ്റ്റേഷൻ ആയപ്പോൾ അയാളെ കണ്ടില്ലെന്നു നടിച്ചു വേഗം വാതിൽക്കലേക്കു നീങ്ങി .

പിന്നീട് ഒട്ടനവധി ദിവസങ്ങളിൽ അയാളെ ഞാൻ ട്രെയിനിൽ കണ്ടു . കാണുമ്പോളെല്ലാം അയാൾ പുഞ്ചിരിയോടെ തല പതിയെ താഴ്ത്തി എന്നെ വിഷ് ചെയ്യുകയും  ഞാൻ  പതിവു ജാഡകൾ വിട്ട് ആത്മാർത്ഥമായ ഒരു പുഞ്ചിരി സമ്മാനിക്കുകയും ചെയ്തു. 

ഈ തിങ്കളാഴ്ച്ച വൈകിട്ടു വന്നു കയറിയതേ ഭർത്താവിന്റെ പ്രഖ്യാപനം വന്നു , "നാളെ രാവിലെ 8 മണിക്ക് എനിക്ക് മീറ്റിങ്ങുണ്ട്, എല്ലാവരും നേരത്തെ എഴുന്നേറ്റ് റെഡിയാവണം, എനിക്കു ലേറ്റ് ആവാൻ പറ്റില്ല ". ഇത്തരം സന്ദർഭങ്ങളിൽ അനുഭവം കൊണ്ട് ഞാൻ മനസ്സിലാക്കിയ ഒരു സംഗതിയുണ്ട് , ഇതിനർത്ഥം ഞാൻ നേരത്തെ എഴുന്നേറ്റു എല്ലാവരെയും റെഡി ആക്കുക എന്നതാണെന്ന് .

എന്തായാലും പിറ്റേന്ന് വളരെ നേരത്തെ ഇറങ്ങിയതിനാൽ ഏറെ നാളുകൾക്കുശേഷം പ്ലാറ്റ്‌ഫോമിലേക്കു ഞാൻ സാവകാശത്തിൽ നടന്നു കയറി. ട്രെയിൻ എത്തുന്നതേയുള്ളൂ. മെട്രോ വിൽക്കുന്ന സ്ത്രീ എന്നെ നോക്കി "ഇന്നു നിങ്ങളുടെ ചിറകുകൾ എവിടെപ്പോയി ?" എന്ന് തമാശ പറഞ്ഞു . ട്രെയിൻ വന്നപ്പോൾ ഞാൻ അവരോടു യാത്രപറഞ്ഞു കയറി, ഒട്ടും തിരക്കില്ല. ആളൊഴിഞ്ഞ ഒരു സീറ്റിന്റെ ജനാലവശത്തു ഇരിപ്പുറപ്പിച്ചു .

അടുത്തൊരാൾ വന്നിരുന്നത് ഞാൻ അറിഞ്ഞില്ല , "സത്ശ്രീകാൽ ജീ " എന്നു കേട്ടാണ് നോക്കിയത്, നമ്മുടെ സ്ഥിരം സിങ് ജി . ഞാനും ചിരിച്ചു. എന്നിട്ട് പുറത്തേക്ക് നോക്കിയിരുന്നു. മഞ്ഞെല്ലാം ഉരുകി പതിയെ വസന്തകാലത്തിലേക്കു നടന്നു തുടങ്ങുന്നു പ്രകൃതി. മരങ്ങളിൽ തളിരിട്ടു തുടങ്ങാൻ ഇനി ദിവസങ്ങളേ വേണ്ടൂ.

"ബേട്ടി , പാകിസ്ഥാനിൽ നിന്നാണോ?" പെട്ടെന്ന് ആ ചോദ്യം എന്റെ കാഴ്ചകൾക്ക് അർദ്ധവിരാമമിട്ടു . ഞാൻ നേരെയിരുന്നു , "അല്ല , ഇന്ത്യയിൽ നിന്നാണ്, പ്രൗഡ് ഇന്ത്യൻ ". അടുത്ത ചോദ്യം പഞ്ചാബിയിലായിരുന്നു, ഒരു വിളറിയ ചിരിയോടെ പഞ്ചാബി എനിക്ക് വശമില്ലെന്ന് അറിയാവുന്ന ഹിന്ദിയിൽ ഞാൻ പറഞ്ഞൊപ്പിച്ചു. എന്റെ ഹിന്ദി കേട്ടാവണം , ഇന്ത്യയിൽ എവിടുന്നാണെന്ന  ചോദ്യം ഉടനെത്തന്നെ ഉണ്ടായത്. "കേരളം" എന്ന് അഭിമാനത്തോടെ പറഞ്ഞ എന്നോട് വീണ്ടും അയാൾ എന്തൊക്കെയോ ചോദിച്ചു.

അഞ്ചുമിനിറ്റിനുള്ളിൽ ഭാഷയൊന്നും ആശയവിനിമയത്തിന് ഒരു പ്രശ്നവുമല്ലെന്ന് ഞങ്ങൾ രണ്ടുപേർക്കും മനസ്സിലായി . "എത്ര നാൾ കൂടുമ്പോൾ നാട്ടിൽ പോകും? ". "എല്ലാ വർഷവും" ഞാൻ പറഞ്ഞു . "നന്നായി , എനിക്ക് രണ്ടു മക്കളാണ് , ഒരു മകൻ ഇവിടെയും ഒരാൾ അമേരിക്കയിലും .   മോൾക്ക് എത്ര കുട്ടികളാണ് ?" ഒന്ന് നിർത്തി അയാൾ ചോദിച്ചു , "രണ്ടുപേരാണ് , ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും." "മോനെത്ര വയസ്സുണ്ട്?" വളരെ കൗതുകത്തിലാണ് അയാൾ അത് ചോദിച്ചത് . "ഒന്പത് ".

പെട്ടെന്ന് അയാളുടെ മുഖം ഒന്ന് മങ്ങിയതുപോലെ തോന്നി . "എന്റെ മക്കൾക്ക് ഏഴും ഒൻപതും വയസ്സുള്ളപ്പോഴാണ് ഞാൻ ഇവിടെയെത്തിയത് . നാട്ടിൽ അദ്ധ്യാപകനായിരുന്നു . കുട്ടികളുടെ ഭാവിയെക്കരുതിയാണ് ഇങ്ങോട്ടുവന്നത് . ഞാനും ഭാര്യയും ഒത്തിരി കഷ്ടപ്പെട്ടു. രണ്ടും മൂന്നും ജോലികൾ ചെയ്തു . ഇപ്പോൾ മോൾ ഓടുന്നതുപോലെ , അവളും ഒത്തിരി ഓടിയിട്ടുണ്ട് . 24 മണിക്കൂർ തികയാതെവരും ദിവസങ്ങൾക്ക് . എന്നിട്ടും ഞങ്ങൾ  അവരെ സ്നേഹിച്ചു , ലാളിച്ചു , ആവും വിധം ആഗ്രഹങ്ങൾ സാധിച്ചുകൊടുത്തു. രണ്ടുപേരും നന്നായി പഠിച്ചു, ഉദ്യോഗസ്ഥരായി . മൂത്തയാൾ ഇവിടെനിന്നു തന്നെ വിവാഹം കഴിച്ചു . കുട്ടികളായി കുടുംബമായി കഴിയുന്നു. ഇളയയാൾ അമേരിക്കയിലേക്ക്  പോയി . അവിടെനിന്നും വിവാഹം കഴിച്ചു , അവിടെ ജീവിക്കുന്നു. "

വെളുത്ത നീണ്ട താടിയുള്ള അയാളുടെ മുഖത്തേക്ക് നോക്കി ഞാൻ മടിച്ചു മടിച്ചു ചോദിച്ചു , "താങ്കൾ എങ്ങോട്ടാണ് എന്നും രാവിലെ ..??". വിഷാദം നിറഞ്ഞ ഒരു ചിരിയോടെ അയാൾ തുടർന്നു, "ജോലി ചെയ്യുന്നുണ്ട് , ഈ എഴുപത്തഞ്ചാം  വയസ്സിലും.   ഒരു മാളിൽ ക്ലീനിംഗ് ആണ്. നല്ല പ്രായത്തിൽ അവിടത്തെ ഒരു ഓഫീസിൽ ജോലി ചെയ്തിരുന്നതാണ്. അത് പറഞ്ഞിട്ട് കാര്യമില്ലല്ലോ. മകൻ വിവാഹം കഴിച്ചുവന്നപ്പോൾ ഞങ്ങളുടെ താമസം ബേസ്‌മെന്റിലേക്കാക്കി . മരുമകളാണ് പറഞ്ഞത് ഞങ്ങളുടെ പ്രാർത്ഥനകൾക്കും വായനയ്ക്കുമൊക്കെ ആരുടേയും ശല്യമില്ലാതെ അവിടെയാണ് നല്ലതെന്ന് .  ഒന്നും തിരിച്ചുപറയാൻ ഭാര്യ സമ്മതിച്ചില്ല. ജീവിതത്തിൽ പലർക്കും ഇങ്ങനെ വഴി മാറിക്കൊടുക്കേണ്ടി വരും എന്നു പറഞ്ഞു അവൾ സമാധാനിപ്പിച്ചു .   റിട്ടയർ ചെയ്ത് സ്വസ്ഥമായിരുന്നപ്പോൾ ആണ് ഒരു ദിവസം മരുമകൾ പറഞ്ഞത്, വെറുതെയിരുന്നാൽ ആരോഗ്യം നശിക്കുമെന്ന് . രാത്രി ക്ലീനിംഗ് ജോലിക്ക് പോകാൻ. രണ്ടാളും പോയിത്തുടങ്ങി,ഉറക്കമിളച്ചു ആരോഗ്യം മോശമായപ്പോൾ അത് നിർത്തി. പിന്നെ അത് പകലാക്കി . നടക്കാൻ പറ്റുന്നതുവരെ പോകണം. മകൻ പറയുമ്പോലെ ഒരിടത്തും "ഫ്രീ ലഞ്ച്" കിട്ടില്ലല്ലോ , സ്വന്തം വീടാണെങ്കിൽ പോലും. "

നനഞ്ഞ കണ്ണുകൾ എന്നിൽ നിന്നും മറയ്ക്കാനെന്നവണ്ണം അയാൾ ദൂരേക്ക് നോക്കിയിരുന്നു. ഒന്നും പറയാതിരിക്കുന്നതാവും നല്ലതെന്ന് തോന്നി ഞാനും മൗനം പാലിച്ചു . ഇത്രയും പ്രായം ചെന്ന സ്വന്തം അച്ഛനെ എങ്ങനെയാവും ജോലിക്കയക്കാൻ ഒരു  പുത്രനു തോന്നുക എന്നോർത്ത് ഞാൻ  അമർഷംകൊണ്ടു.

"പക്ഷേ , നമ്മൾ സ്വന്തം കുഞ്ഞുങ്ങളെ സ്നേഹിക്കാതിരിക്കുമോ? പ്രാണൻകൊടുത്തും നമ്മൾ സ്നേഹിക്കും. മോൾ കുഞ്ഞുങ്ങളെ നന്നായി വളർത്തണം. നല്ല പോലെ പഠിപ്പിക്കണം, നാളെ നല്ല ഉയരങ്ങളിൽ എത്താൻ അവരെ പ്രാപ്തരാക്കണം. പക്ഷേ എപ്പോഴുമൊരു ചിന്ത വേണം. പാറക്കമുറ്റിയാൽ പുതിയ ചില്ലകൾ തേടിപ്പോകേണ്ട പറവകൾ ആണ് അവരെന്ന് . പഴംകഥകളിൽ അവർക്കു താൽപ്പര്യം ഇല്ലാതാവുന്ന ഒരു കാലം വരുമെന്ന്. കാലം നമുക്കായ് കാത്തുവെച്ചിരിക്കുന്ന ഓരോ മാത്രകളിലൂടെയും നമുക്ക് കടന്നുപോയേ മതിയാവൂ എന്ന് ". ഞാൻ മെല്ലെ തലയാട്ടി .

"ഇനി ഒരാഗ്രഹമേ ഉള്ളൂ, ഒന്ന് നാട്ടിലേക്ക് പോകണം, അവിടെ ബന്ധുക്കളാരുമില്ല . പക്ഷേ കുറേ പഴയ ചങ്ങാതിമാരുണ്ട്, ഒരു പഴയ വീടും . കുറച്ചു കൃഷിസ്ഥലങ്ങൾ പാട്ടത്തിനു കൊടുത്തിട്ടുണ്ട് . ഓരോ ദിവസവും കിടക്കുമ്പോൾ ആ ചോളം വിളഞ്ഞ പാടങ്ങളുടെ മണം എവിടെ നിന്നോ ഒഴുകിവരും. ഒരു ഭാംഗ്രയുടെ ഈണം എന്നെ മാടിവിളിക്കും.  ഒടുക്കം എവിടെയായാലും ആറടി മണ്ണു മതിയല്ലോ , അവിടെയാവുമ്പോൾ അതിന്റെ ബില്ല് അടക്കേണ്ടിവരില്ലല്ലോ ", അയാൾ ചിരിച്ചു.

എനിക്കിറങ്ങാനുള്ള സ്റ്റേഷൻ ആയി. ഞാൻ എഴുന്നേറ്റു, "വീണ്ടും കാണാം " എന്ന് ഉള്ളിൽത്തട്ടി പറഞ്ഞുവെച്ചു . പുറത്തേക്കിറങ്ങി നടക്കുമ്പോൾ അകന്നുപോകുന്ന ട്രെയിനിലിരുന്നു അയാൾ എന്റെ നേരെ കൈ വീശുന്നുണ്ടായിരുന്നു .

തിരക്കുകളുടെ ആധിക്യത്തിൽ സിംഗ്ജിയുടെ കഥ ഞാൻ പെട്ടെന്നു മറന്നു .  മാത്രമല്ലാ നല്ല സുഖമില്ലാത്തതിനാൽ രണ്ടു ദിവസമായി ജോലിക്കു പോയിട്ടും . പുതിയ ജോലിയിലേക്ക്  മാറുന്ന തിരക്കുണ്ടെന്ന് പറഞ്ഞിട്ടും ഡോക്ടർ നിർബന്ധമായും ലീവെടുക്കാൻ പറഞ്ഞു. ശബ്ദത്തിലെ വ്യതിയാനം മനസ്സിലാക്കി പരിശോധിച്ചശേഷം "വോയ്‌സ് റെസ്ററ്" എടുക്കണമെന്ന് ഉപദേശിച്ചു . അങ്ങനെ പല വൈകാരിക സന്ദർഭങ്ങളിലും ഒച്ചവെക്കാനും പൊട്ടിത്തെറിക്കാനുമുള്ള അവസരം തൽക്കാലത്തേക്കെങ്കിലും എനിക്ക്  നഷ്ടമായി . എന്റെ സുഹൃത്തു പറഞ്ഞപോലെ ഒരു  വലിയ മഴ പെയ്തു തോർന്ന ശാന്തത .. പതിവുപോലെ അച്ഛനും മക്കളും സർവ്വസന്നദ്ധരായി രംഗത്തിറങ്ങി . വല്ലപ്പോഴും മാത്രം സംഭവിക്കുന്ന അപൂർവ്വ പ്രതിഭാസമായതിനാൽ ഞാൻ അതങ്ങു ആസ്വദിക്കാനും തീരുമാനിച്ചു . ഓരോ ചെറിയ കാര്യത്തിനും ആംഗ്യം കാണിച്ചു ഞാൻ മക്കളെ വിളിച്ചു, അവർ വളരെ സ്നേഹപൂർവ്വം ഓടിവന്നു കാര്യങ്ങൾ തിരക്കി .

ഒരുവിധം ആശ്വാസമായപ്പോൾ ഇന്ന് എഴുന്നേറ്റിരുന്നു. അടുത്തുവന്നിരുന്ന മോനോട് അവന്റെ മുഖം തലോടി പതിയെ പറഞ്ഞു , "വളരെ നന്ദി മോനെ . അമ്മയ്ക്ക് സുഖമില്ലാതിരുന്നപ്പോൾ മോൻ എത്ര നന്നായി കെയർ ചെയ്തു . ജോലിക്കൊന്നും പോവാൻ വയ്യാതെ അമ്മ വയസ്സാവുമ്പോഴും മോൻ ഇങ്ങനെത്തന്നെ നോക്കില്ലേ ? " . അവൻ ഒരു നിമിഷം എന്നെ നോക്കി , "ജോലിക്ക് പോവാൻ വയ്യാതാവുമ്പോൾ........... എന്റെ ടീച്ചർ പറയാറുണ്ട് , ദെയ്ർ ഈസ് നോ ഫ്രീ ലഞ്ച് ഇൻ ക്യാനഡ എന്ന്. എന്നാലും ദാറ്റ് സ് ഓക്കേ അമ്മാ, ഞാൻ നോക്കാം"

മഞ്ഞത്തലപ്പാവു കെട്ടിയ സിംഗ് ജി യുടെ മുഖം പെട്ടെന്ന് എന്റെ മുന്നിൽ തെളിഞ്ഞു . വർഷാവർഷം നാട്ടിലെത്തുമ്പോൾ പതിനൊന്നുമാസത്തെ കാത്തിരിപ്പിന്റെ ക്ഷീണവുമായി നിൽക്കുന്ന അച്ഛനമ്മമാരുടെ മുഖവും മിന്നിമറഞ്ഞു. കാലം കാത്തുവെച്ചിരിക്കുന്ന ഓരോ മാത്രയിലൂടെയും കടന്നുപോയേ മതിയാവൂ എന്നെനിക്ക് ബോധ്യമായി . "വോയ്‌സ് റെസ്റ്റി"നു പകരം "ഫീലിംഗ്സ് റസ്റ്റ്" നിർദ്ദേശിക്കുന്ന കാലവും അതിനുള്ള മരുന്നും പെട്ടെന്ന് വന്നെങ്കിലെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു .
.




















Monday, April 22, 2019

"ക്യോമ്  കി തും ഹി ഹോ .. സിന്ദഗി അബ് തും ഹി ഹോ .."
വളരെ നേർത്ത സ്വരത്തിൽ വിഷാദമയമായി അർജിത് സിംഗ് പാടുകയാണ് . കാർ ഒരു മലയടിവാരത്തിലെ വളഞ്ഞു പുളഞ്ഞ വഴികളിലൂടെ മുന്നോട്ടു പാഞ്ഞുകൊണ്ടിരുന്നു . പിറകിൽ നിന്ന് അനക്കമൊന്നും കേൾക്കാത്തതുകൊണ്ടു ഞാൻ മെല്ലെ തിരിഞ്ഞു നോക്കി,
മക്കൾ രണ്ടാളും രണ്ടു വശത്തേക്ക് ചാഞ്ഞു ഉറങ്ങിത്തുടങ്ങിയിരിക്കുന്നു .

ഇത്രയും നേരം എന്തൊരു ബഹളമായിരുന്നു .  അവരുടെ തട്ടുപൊളിപ്പൻ ഇംഗ്ലീഷ് ഗാനങ്ങൾ എനിക്ക് തലവേദനയുണ്ടാക്കുന്നു എന്ന് പരാതിപറഞ്ഞു "ഒരു ദലം മാത്രം .." പാടിച്ചു തുടങ്ങിയപ്പോൾ ആണ് അത് അങ്ങേയറ്റത്തെത്തിയത് . "അമ്മീ, പ്ലീസ് .." മോളാണ് . "അതേ , എനിക്കും നുന്നൂനും ഇതു വേണ്ട " അസന്ദിഗ്ധമായി മോന്റെ പ്രസ്താവന . ഞാൻ ഗ്ളാസ്സിലൂടെ അവനെ നോക്കി , അവനൊരു അമ്മക്കുട്ടിയാണ് , പക്ഷേ ഇക്കാര്യത്തിൽ അവന് യാതൊരു കുലുക്കവുമില്ല. ഒരു സപ്പോർട്ടിനായി ഇടതുവശത്തേക്ക് നോക്കി ,  കക്ഷി ഒരു സമാധാനപ്രിയനായതുകൊണ്ടു വളരെപ്പെട്ടെന്നു സമവായത്തിലെത്തി , "നമുക്ക് ഹിന്ദിയാവാം ". ആർക്കും വല്യ എതിർപ്പൊന്നുമില്ലാത്തതിനാൽ വളരെപ്പെട്ടെന്നുതന്നെ ആർജിത് സിംഗ് മൈക്ക് കയ്യിലെടുത്തു .

കുട്ടികളുറങ്ങുമ്പോൾ എത്ര പെട്ടെന്നാണ് ലോകം  നിശ്ശബ്ദമാവുന്നത്.  നേർത്ത പാട്ട് കൺപോളകളെ തഴുകിയുറക്കുന്നു . വളരെ പണിപ്പെട്ട് കണ്ണുകൾ തുറന്ന് പുറത്തേക്കു നോക്കി . മഞ്ഞണിഞ്ഞ മലകൾ അടുത്തും അകലെയും വന്നുപോവുന്നു . റോഡരുകിൽ അവിടവിടെയായി ചെറിയ പുള്ളിമാൻ കൂട്ടങ്ങൾ  സ്വൈര്യമായി മേയുന്നു .വളഞ്ഞുപുളഞ്ഞ വഴികൾ മുന്നോട്ടു നീണ്ടുകിടക്കുന്നു . ഭീമാകാരമായ ഈ മലകളുടെ മുന്നിൽ എത്ര ചെറുതാണ് വഴികളിലെ വാഹനങ്ങൾ !! ഇത്ര വലിയ ഭൂമിയിൽ എത്ര നിസ്സാരരാണ്   നമ്മൾ!!. തിരിച്ചറിവുണ്ടാവുന്നത് എന്നാണാവോ ? 

ജോലിയും ജീവിതവും കെട്ടുപിണയുന്നു എന്നു തോന്നുന്ന സമയങ്ങളിൽ, കൂട്ടിയാലും കുറച്ചാലും ഗുണിച്ചാലും ഹരിച്ചാലുമൊന്നും ശരിയാകാത്ത പല പ്രശ്നങ്ങളിൽനിന്നും ഒരു രക്ഷപ്പെടലാണ് യാത്രകൾ . മറക്കേണ്ടുന്ന ഒത്തിരിക്കാര്യങ്ങൾ തലയിലേറ്റി നടക്കുന്നതിന്റെ മണ്ടത്തരങ്ങളിൽ നിന്നും ഒരു മോചനം. 

ജോലി കഴിഞ്ഞു വീട്ടിലെത്തുമ്പോൾ മക്കളുടെ സംസാരം പരമാവധി കേൾക്കാൻ ശ്രമിക്കാറുണ്ടെങ്കിലും വീട്ടുജോലികളുടെ ഇടയിൽ പലതും പാതിചെവിയിലാണെത്തുന്നത്.  മണിക്കൂറുകൾ ഒരുമിച്ചു കാറിലിരിക്കുമ്പോൾ, മക്കളുടെ കലപിലകൾ കേൾക്കുമ്പോൾ അത്ഭുതം തോന്നാറുണ്ട് , അവർ വളരുകയാണ് , എന്റെ മടിത്തട്ടിൽനിന്നും സമൂഹത്തിന്റെ കളിത്തട്ടിലേക്ക്.  "അമ്മീ , അതങ്ങനെയല്ല  ഇങ്ങനെയാണ്" എന്ന് മോൻ തിരുത്തുമ്പോൾ ,ഇവൻ എപ്പോൾ ഇത്ര വലുതായി എന്നു ഞാൻ കണ്ണ് മിഴിക്കാറുണ്ട് . അവനെ വഴക്കു പറയുമ്പോൾ "അവൻ ചെറുതല്ലെ " എന്ന് പറഞ്ഞു മോൾ രക്ഷകയാവുന്നു. എന്റെ കുഞ്ഞുങ്ങൾ  എന്റെ കൂടിന്റെ  ചെറിയലോകത്തുനിന്നും  വലിയ വിഹായസ്സുകളിലേക്കു പറക്കാനൊരുങ്ങുന്നു .

ഓരോ യാത്രയും സമ്മാനിക്കുന്നത് വ്യത്യസ്തമായ അനുഭവങ്ങളാണ്,  ഓർമ്മത്താളുകളിൽ  കോറിയിട്ടു പിന്നീട് മറിച്ചു നോക്കാൻ  ചില സന്തോഷങ്ങൾ, ചില നൊമ്പരങ്ങൾ, ചില തിരിച്ചറിയലുകൾ.

കൺകോണിലൂടെ ഇടതുവശത്തേക്കു നോക്കി . ശാന്തമായി വളയം തിരിച്ചുകൊണ്ടിരിക്കുന്നു  എന്റെ ആവലാതികളെല്ലാം ഞാൻ ഇറക്കി വെക്കുന്ന ആൾ .  സംഘർഷങ്ങളൊഴിഞ്ഞ മനസ്സുമായി ഞാൻ ഉറങ്ങുമ്പോൾ ഒരിക്കൽപ്പോലും അതിനു ഭംഗം വരുത്താതെ ,  എത്ര ക്ഷീണിച്ചാലും പുതിയ കാഴ്ച്ചകളിലേക്കു സ്റ്റിയറിംഗ് തിരിക്കുവാൻ ഒരു മടിയും ഇല്ലാതെ ..

ഒരുമിച്ചു പായ്ക്ക് ചെയ്ത് തുടങ്ങിയതിനു ശേഷം യാത്രകൾ ഒരു ഹരമായിരുന്നു . ഒരു സുസുക്കിയിൽ ചെങ്കുത്തായ മലമുകളിലൂടെ കുടജാദ്രിയിലേക്കു തുടങ്ങി ഒട്ടനവധി ... എന്റെ ചെറിയകാഴ്ചകളിൽനിന്നും വലിയ കാഴ്ചകളുടെ അത്ഭുതങ്ങളിലേക്ക് എന്നെ കൈപിടിച്ചു കയറ്റുകയായിരുന്നു . യാത്രകളുടെ ക്ഷീണത്തിൽ എന്റെ സ്വരത്തിൽ കാർക്കശ്യം കലരുമ്പോൾ, "യാത്രകളിലാണ് ഇബ്‌ലീസ് വഴക്കുകൾ കൊണ്ട് മനുഷ്യരെ  ഏറ്റവും കൂടുതൽ പരീക്ഷിക്കുന്നത് ", എന്ന് ഇടയ്ക്കിടെയുള്ള ഓർമ്മപ്പെടുത്തൽ , അസഹിഷ്ണുത പ്രകടിപ്പിക്കാതെ മൗനത്തിൽ ഒതുക്കാൻ എന്നെ പഠിപ്പിച്ചു . അങ്ങനെ  മൗനം പലതിനുമുള്ള ഒരു വലിയ ഉത്തരമാണെന്നു ഞാൻ വിശ്വസിച്ചു .

കണ്ടുമുട്ടിയപ്പോൾ മുതലുള്ള കാക്കത്തൊള്ളായിരം  ഓർമ്മകൾ ഓരോന്നായി ഓർത്തെടുക്കുന്നതും  ഇത്തരം യാത്രകളിൽതന്നെ . "എത്ര മാറിയിരിക്കുന്നു നമ്മൾ !!" എന്ന് പരസ്പരം ആശ്ചര്യപ്പെട്ടു .  കൊച്ചുകൊച്ചു വിഡ്ഢിത്തങ്ങളോർത്തു പൊട്ടിച്ചിരിച്ചു. വഴിയരികിലുള്ള ഓരോ സ്പീഡ് മാറ്റങ്ങളും ആവർത്തിച്ചു  പറയുമ്പോൾ , "നീ എന്നും ഈ സീറ്റിലുണ്ടാവണം , എന്റെ  കണ്ണുകളായിട്ട് " എന്നു പറഞ്ഞു എന്നെ പൂർവാധികം സ്നേഹിച്ചു .  ചിലയവസരങ്ങളിൽ എന്നോടു തർക്കിച്ചു, ഉയരങ്ങൾ കണ്ടു ഞാൻ പകച്ചു നിൽക്കുമ്പോൾ, ചെറിയ വീഴ്ച്ചകളിൽ സങ്കടപ്പെടുമ്പോൾ "ജീവിതത്തിൽ ഇടയ്ക്കിടെ തോൽക്കാൻ പഠിക്കണം" എന്ന് തത്വം പറഞ്ഞു . കുട്ടികൾ പുതിയ ചില്ലകളിൽ ചേക്കേറുമ്പോൾ , ജോലി മതിയാകുമ്പോൾ ഒരു ഹാർലി-ഡേവിഡ്സണിൽ നമുക്ക് രണ്ടാൾക്കും മാത്രമായി യാത്രകൾ പോകണമെന്ന് സ്വപ്നം കണ്ടു .

വിരലുകളിൽ ഒരു തലോടൽ , ചിന്തകളുടെ ലോകത്തുനിന്നും എന്നെ തിരിച്ചു വിളിക്കലാണ് , " എന്താണ് ഇത്രമാത്രം ചിന്തിച്ചുകൂട്ടുന്നത് ?".  വെറുതെ ആ വിരലുകളിൽ മുറുകെപ്പിടിച്ചു , മഴത്തുള്ളികൾ കാറിന്റെ ചില്ലുകളിൽ ചിത്രം വരച്ചു തുടങ്ങിയിരിക്കുന്നു .  റോഡിൽ ബൈക്ക് യാത്രക്കാർ വേഗത കൂട്ടിപ്പറക്കുന്നു .

വീടെത്താറായിരിക്കുന്നു, വീണ്ടും പഴയ തിരക്കുകളിലേക്ക് .

ചില യാത്രകൾ  ജീവിതത്തിലെ നനുത്ത ചാറ്റൽ മഴകളാണ്, ഒപ്പം നനയാൻ തയ്യാറായി ഇഷ്ടപ്പെടുന്നൊരാൾ കൂടെയുണ്ടെങ്കിൽ  മഴവില്ലുവിരിയിക്കുന്ന, പ്രണയത്തിന്റെ അരിമുല്ലപ്പൂക്കൾ വിടർത്തുന്ന ചാറ്റൽ മഴകൾ..



Thursday, April 18, 2019



ഒന്നു പെയ്തൊഴിയണം ...
ഒരു വേനൽ മഴപോലെ
ഇടിയും മിന്നലുമായി
വീശിയടിക്കുന്ന കാറ്റിനോടൊത്തു
ആലിപ്പഴങ്ങളായ് പെയ്തൊഴിയണം 

വെന്തുരുകുന്ന മനസ്സുകളിൽ 
കുളിരുതിർത്തുന്ന കണങ്ങളായ്
 വരണ്ടുകീറിയ പാടങ്ങളിലെ
ചെറുനീരരുവിയായ്  പതിയെ
കുണുങ്ങിയൊഴുകണം

പറഞ്ഞതും പറയാൻ മറന്നതും
കാണാക്കനവുകളിലടങ്ങിയതും
പുസ്തകത്താളിലൊളിപ്പിച്ച മൃദു
മയിൽപ്പീലിയായതും മെല്ലെ
വർണ്ണ മഴകളായ്  ചിതറിത്തെറിക്കണം


ഓർമ്മകളിൽ ഒളിപ്പിച്ചതും
മറവികളിലാഴ്ത്തിയതും 
മൗനങ്ങളിൽ തടവിലാക്കിയതും
മലർക്കെത്തുറന്നീ മണ്ണിലേക്ക് 
പെരുമഴത്തുള്ളികളായ് നിറയണം 

ചവച്ചിറക്കിയ  ഗദ്ഗദങ്ങളും
കാതിലുടക്കിയ പിൻവിളികളും
നെഞ്ചുലച്ച  മോഹഭംഗങ്ങളും
 കാത്തുവെച്ചൊരീ കനലുകളണച്ച്
ഒരു രാത്രിമഴയായ് പെയ്തൊഴിയണം 

പാതിവിടർന്നൊരീ  കനകാംബരങ്ങൾ
 വാടിവീഴുംമുമ്പേ, നിഴലുകൾ
മാഞ്ഞുപോകും മുൻപേ പ്രണയത്തിൻ
പുനർജനിയായ് പെയ്തുനിറയണം 
നിന്നിലേക്ക്‌ ..
ഒരു സ്നേഹമഴയായ് പെയ്തൊഴിയണം ...




Monday, April 15, 2019


ഈ വാരാന്ത്യത്തിൽ മൂന്നാലു  വിരുന്നുകാർ ഉണ്ടായിരുന്നു, സാധാരണപോലെത്തന്നെ അതിന്റെ അടുക്കിപ്പെറുക്കലുകൾ തലേദിവസം തുടങ്ങി . ഡ്രെസ്സുകൾ കുത്തിനിറച്ച അലമാര അടുക്കലാണ് ഏറ്റവും ഭാരപ്പെട്ട പണി . എല്ലാ ആഴ്ച്ചയും ഞാൻ അടുക്കിവെക്കുകയും പിന്നീട് വരുന്നവർ അവർക്കുവേണ്ടത് യാതൊരു ദാക്ഷിണ്യവുമില്ലാതെ വലിച്ചെടുക്കുകയും ചെയ്യുന്നതുകൊണ്ടു ഭൂചലനം ബാധിച്ച കെട്ടിടങ്ങൾ പോലെ എന്റെ വസ്ത്രക്കൂമ്പാരം അടിക്കല്ലിളകി നിന്ന് ആടിക്കൊണ്ടിരിക്കും .  തന്നെത്താനെ പിറുപിറുത്തു "ഇതിനി എപ്പോൾ തീരും " എന്ന പരിദേവനത്തിന്റെ മൂർദ്ധന്യത്തിൽ നിൽക്കുമ്പോഴാണ് "കല്യാൺ സിൽക്‌സ് "എന്നെഴുതിയ ആ കവർ ശ്രദ്ധയിൽപ്പെട്ടത് .

അതെടുത്തു കിടക്കയിൽ വന്നിരുന്നു തുറന്നുനോക്കി, തേച്ചുമടക്കിവെച്ച  കസവു സെറ്റ് . ഒമ്പതു വര്ഷങ്ങള്ക്കുമുമ്പ് ക്യാനഡയ്ക്ക് പെട്ടികെട്ടുമ്പോൾ എടുത്തുവെച്ചതാണ്. ഈ മഞ്ഞുപെയ്യുന്ന രാജ്യത്ത് ഇതെന്തു ചെയ്യാനാണ് എന്ന ഭാവത്തിൽ അന്ന് ഭർത്താവ് എന്റെ നേരെ നോക്കി . എന്റെ നെഞ്ചോടു ചേർത്തുവച്ചിരിക്കുന്ന മൂന്നു പുസ്തകങ്ങൾ കൂടി കണ്ടപ്പോൾ ഒന്നും മിണ്ടാതെ എന്റെ നേരെ കൈനീട്ടി. അങ്ങനെ  "ഗൗരിയും , മഞ്ഞും , ഹരിദ്വാറിൽ മണികൾ മുഴങ്ങുമ്പോഴും " എന്റെ കസവു സെറ്റിനു  കൂട്ടായി ഈ മഞ്ഞുപെയ്യും നാട്ടിലേക്ക്.

ആ കസവു സെറ്റെടുത്തു ഞാൻ നിവർത്തിനോക്കി , പതുക്കെ അതിന്റെ സ്വർണ്ണനൂലിഴകളിലൂടെ വിരലുകളോടിച്ചു. കണ്ണിനുമുന്നിൽ ഓർമ്മകൾ തിക്കിത്തിരക്കി നിന്നു .

ചെറുപ്പത്തിൽ ഓണവും വിഷുവുമൊക്കെ  സദ്യയുണ്ണാനും പായസം കുടിക്കാനുമുള്ള ആഘോഷങ്ങളായിരുന്നു . വീടിനുചുറ്റും നാനാമതസ്ഥർ ജീവിച്ചിരുന്നതിനാൽ ആഘോഷങ്ങളെല്ലാം എല്ലാവരുടേതുമായിരുന്നു .  എന്തോരു സന്തോഷമായിരുന്നു എല്ലാ മുഖങ്ങളിലും . നേരം വെളുക്കുന്നതിനുമുമ്പേ അയൽ വക്കത്തേയ്ക്കോടും കൈനീട്ടം വാങ്ങാൻ . കുഞ്ഞുമോളുടെ അമ്മ വെച്ച പായസമായിരുന്നു അന്ന് ലോകത്തിലെ ഏറ്റവും സ്വാദുള്ള വിഭവം. കൈനീട്ടവും  പെരുന്നാൾപ്പൊടിയുമൊക്കെ ഒരേ ആവേശത്തിൽ കുടുക്കയിൽ നിക്ഷേപിക്കും .

കുറച്ചുകൂടി മുതിർന്നു കോളേജിലെത്തിയപ്പോൾ കേരളീയവേഷം ധരിക്കാനുള്ള ഒരവസരം കൂടിയായിട്ടായിരുന്നു ഈ ആഘോഷങ്ങൾ. സൗഹൃദങ്ങൾ ജീവിതത്തിന് പുതിയ വ്യാഖ്യാനങ്ങൾ തീർത്ത സമയം . ബസ്സിറങ്ങി അമ്പലത്തിനു സമീപമുള്ള വീട്ടിലേക്ക് എത്ര സ്വാതന്ത്ര്യത്തോടെയാണ് കയറിചെന്നിരുന്നത്!  മുറ്റത്തെ തുളസിയും മൈലാഞ്ചിച്ചെടിയുമൊക്കെ എത്ര സ്നേഹത്തോടെയാണ് എന്നെ കാത്തുനിന്നിരുന്നത്!!      തൂശനിലയിൽ സദ്യവട്ടങ്ങൾക്കൊപ്പം സ്നേഹവും വിളമ്പി ഒരമ്മ  കാത്തിരുന്നു  . "അമ്മേ " എന്ന് തന്നെയാണ് വിളിച്ചിരുന്നത്, അങ്ങനെതന്നെ ആയിരുന്നു താനും. ഇടയ്ക്ക് ഓടിച്ചെന്ന് ആ അമ്മയെ ഞെട്ടിക്കുമ്പോഴും ഒരു നനുത്ത പുഞ്ചിരിയിൽ പറയും "മോൾ ഊണ് കഴിഞ്ഞു പോയാൽ മതി ".

പഠനം കഴിഞ്ഞിറങ്ങിയപ്പോൾ ആ യാത്ര മുടങ്ങി. മാമ്പഴപ്പുളിശ്ശേരിയുടെ ഓർമ്മകളിൽ ആ വിരുന്നൊതുങ്ങി .

വിവാഹത്തിന് വസ്ത്രങ്ങൾ വാങ്ങാൻ പോയപ്പോൾ ആളോട് നേരത്തെ തിരക്കി , എന്താണ് വാങ്ങേണ്ടതെന്ന്. "എന്തായാലും ഒരു കസവുസാരി വാങ്ങാൻ മറക്കേണ്ട" എന്ന് പറഞ്ഞു എന്നെ നോക്കി പുഞ്ചിരിച്ചപ്പോൾ അത്ഭുതപ്പെട്ടുപോയത് ഞാനാണ്. "നിനക്കിഷ്ടമായേക്കും " എന്ന് പറഞ്ഞു നീട്ടിയ പൊതിക്കുള്ളിൽ മാധവിക്കുട്ടിയുടെ "നീർമാതളം പൂത്തകാലം" കണ്ടപ്പോൾ മനസ്സു പറഞ്ഞു ""തെറ്റിയിട്ടില്ല ".

ജോലികിട്ടിയപ്പോൾ ആഘോഷങ്ങൾ അതിന്റെ ഭാഗമായി മാറി . "മലയാള മങ്ക "യാവാനുള്ള ഒരവസരവും നഷ്ടപ്പെടുത്തിയില്ല. എന്നേക്കാൾ ആവേശമായിരുന്നു  ചെന്നുകയറിയ വീട്ടിലെ അമ്മയ്ക്ക്. എന്നെ കണ്ണെഴുതിച്ചും മുല്ലപ്പൂ ചൂടിച്ചും ആഭരണങ്ങളണിയിച്ചും അമ്മ ഒരുക്കിവിട്ടു. സമ്മാനവുമായി വരുമ്പോൾ കൊച്ചുകുട്ടിയെപ്പോലെ സന്തോഷിച്ചു .

വളരെയേറെ ചർച്ചകൾക്കും സങ്കടപ്പെടലുകൾക്കും ശേഷം മനസ്സിനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി ലോകത്തിന്റെ മറുപുറത്തേക്ക് തിരിക്കുമ്പോൾ ബാക്കിയാക്കി വന്നത് ഒരുപാട് ബന്ധങ്ങളും സാന്ത്വനങ്ങളുമാണ് . നെഞ്ചോടു ചേർത്ത് വച്ചത് ഓർമ്മകളുടെ ഒരു കടലും. എന്റെ പെട്ടിയിൽ പായ്ക്ക് ചെയ്തതു ചിലരുടെ ഭാഷയിൽ പറഞ്ഞാൽ "കാൽക്കാശിനു വകയില്ലാത്ത " കുറച്ചു സാധനങ്ങളും- കവിതകൾ കുത്തിക്കുറിച്ച ഒരു ബുക്ക്, പ്രിയപ്പെട്ട പുസ്തകങ്ങൾ , കുറച്ചു ഫോൺ നമ്പരുകൾ- വിട്ടുപോരാൻ വയ്യാത്ത  എന്റെ ജീവിതമായിരുന്നു അതിനുള്ളിൽ .

ഓരോ ആഘോഷങ്ങൾ വരുമ്പോഴും നാട് എന്നെ മാടിവിളിച്ചുകൊണ്ടേയിരുന്നു . വലിയൊരു ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടുപോയ കുട്ടിയെപ്പോലെ അപരിചിതമായ ഒരു ലോകത്തു അതെന്നിൽ ഒരു ഉൾവിളിയായിക്കൊണ്ടിരുന്നു . എന്റെ മുല്ല പൂക്കുമ്പോളെല്ലാം ആ പൂക്കൾ പറിച്ചു തലയിണക്കുമുകളിൽ വച്ച് ഞാൻ അതിൽ മുഖംഅമർത്തിക്കിടന്നു നാടിനെ സ്വപ്നം കണ്ടു .തിരക്കുകളിൽ നിന്നും തിരക്കിലേക്ക് പോകുംതോറും ഓർമ്മകൾ പിന്നിലേക്ക് മാറി പതുങ്ങിനിന്നു . ഇടയ്ക്കു വല്ലപ്പോഴും മീരയുടെ ശബ്ദത്തിൽ അതെന്നെ വീണ്ടും പലതും ഓർമ്മിപ്പിച്ചു.

ഫോണിൽ മെസ്സേജ് വന്നുകൊണ്ടേയിരിക്കുന്നു , വിഷു ആശംസകളാണ് . നാട്ടിൽ വിഷുവാണ് . കൂട്ടുകാരൊക്കെ ആശംസിച്ചുകൊണ്ടേയിരിക്കുന്നു . "വിഷുവൊക്കെ നിനക്കോർമ്മയുണ്ടോ?" കൂട്ടത്തിൽപെടാത്ത ഒരു സന്ദേശം.  "അമ്മ വിളമ്പിത്തന്ന സദ്യയും പായസവുമൊക്കെ നീ മറന്നുവോ എന്ന് അമ്മ ചോദിക്കുന്നു".  "ഓർമ്മയുണ്ട്, കടം വെച്ച എന്റെ കൈനീട്ടങ്ങളൊക്കെ സൂക്ഷിച്ചു വച്ചേക്കൂ , എപ്പോഴെങ്കിലും ഇനിയും ഒരിലയ്ക്കു മുന്നിൽ കണ്ടുമുട്ടിയാൽ നിനക്കതു വീട്ടിത്തീർക്കാമല്ലോ ". 

 അങ്ങനെ കൊടുത്തും കൊടുക്കാതെയും ബാക്കിയായ എത്രയോ കൈനീട്ടങ്ങൾ , എത്രയോ സ്നേഹക്കടങ്ങൾ.. എന്തുകൊണ്ടോ പെട്ടെന്നെനിയ്ക്കു കണിക്കൊന്ന പൂത്തുനിൽക്കുന്നതുകാണാൻ അതിയായ മോഹം തോന്നി. ഞാൻ ജനാലവിരികൾ മാറ്റി പുറത്തേക്കുനോക്കി, ഇലകൾ പൊഴിഞ്ഞ മരങ്ങൾ നിസ്സഹായതയോടെ തലതാഴ്ത്തിനിൽക്കുന്നു  . ഓർമ്മകൾ എന്റെ കണ്ണുകളിൽ ഒരു നനവ് പടർത്തി, വിടർത്തിവച്ച കസവു മുണ്ട് ഞാൻ വീണ്ടും മടക്കി ഭദ്രമായി  വച്ചു . സ്നേഹത്തിന്റെ  നൂലിഴകൾ മുറുക്കി അതവിടെത്തന്നെ  ഇരിക്കട്ടേ.....


Thursday, April 4, 2019

ഈ ചെറിയ ചട്ടിയിൽ നിൽക്കുന്ന ഓർക്കിഡ് രണ്ടുവർഷം മുൻപ് വിവാഹവാർഷികത്തിനു  ഭർത്താവ് സമ്മാനിച്ചതാണ് . അതിന്റെ പർപ്പിൾ നിറമുള്ള പൂക്കളെ ഞാൻ വല്ലാതെ സ്നേഹിച്ചിരുന്നു . ആദ്യത്തെ പൂക്കൾ തീർന്നപ്പോൾ അത് വാടിത്തുടങ്ങി, ഒറ്റത്തവണയെ അത് പൂക്കൾ തരൂ എന്ന് ആരോ പറഞ്ഞപ്പോൾ ഞാൻ അതിനെ ഒരു മൂലയിലേക്ക് മാറ്റി . വല്യ പരിചരണങ്ങളൊന്നും അതിനു കിട്ടിയില്ല . മറ്റുള്ള ചെടികൾക്ക് വെള്ളം ഒഴിയ്ക്കുമ്പോഴും പലപ്പോഴും ഞാൻ അതിനെ മറന്നു പോയി.

എന്നെ അദ്‌ഭുതപ്പെടുത്തിക്കൊണ്ട് കഴിഞ്ഞയാഴ്ച  ആ ഓർക്കിഡ് വീണ്ടും പൂത്തു , പൂർവ്വാധികം ഭംഗിയായി . കണ്ണുമിഴിച്ചുനിന്ന എന്റെ നേരെ വളരെ നിസ്സാരമായി തലയാട്ടി  അതെന്നെ തോൽപ്പിച്ചുകളഞ്ഞു . ചില ചെടികൾ അങ്ങനെയാണെന്ന് എന്നോട് പറയാതെ പറഞ്ഞു.

മിക്കപ്പോഴും തോന്നാറുണ്ട് ചില ജീവിതങ്ങളും ഇതുപോലെയാണെന്ന് .  ചുറ്റുപാടും ഇരുട്ട് നിറഞ്ഞുകിടക്കുമ്പോഴും കണ്ണടയ്ക്കാതിരുന്നു വെളിച്ചത്തിന്റെ ഒരു നേർത്ത തരിയെങ്കിലും കണ്ടുപിടിച്ചെടുത്തു കണ്ണുകളിൽ നിറയ്ക്കുന്ന ചിലർ. ആ വെളിച്ചംകൊണ്ട് ഇരുട്ടിനെ നിസ്സഹായരാക്കുന്നവർ .  ഒരു ചെറിയ കാറ്റുവീശുമ്പോഴോ ഒന്ന് നന്നായി വെയിൽ തെളിയുമ്പോഴോ തളർന്നുവീഴുന്ന എന്നെപ്പോലുള്ളവരെ നോക്കി "വരൂ , ഈ തണലത്തിരിക്കൂ" എന്ന് സൗമ്യമായി പറയുന്നവർ . ജീവിതത്തെ എങ്ങിനെയാണ് ഇത്ര പോസിറ്റീവ് ആയിക്കാണാൻ അവർക്കു  പറ്റുന്നതെന്ന് ആശ്ചര്യപ്പെട്ടിട്ടുണ്ട്.

വല്ലപ്പോഴുമാണ് ആ നമ്പർ എന്റെ ഫോണിൽ തെളിയുക. അതും വളരെ പിശുക്കിയുള്ള വാക്കുകളിൽ , "സുഖമല്ലേ?, എഴുത്ത് ?? ജോലി??" ഇങ്ങനെ വിരലിൽ എണ്ണാവുന്ന വാക്കുകൾ. പക്ഷേ അത് വായിക്കുമ്പോൾ , ആ വരികൾക്കുമപ്പുറത്തു വലിയൊരു മനസ്സുതന്നെ ഞാൻ വായിച്ചെടുക്കാറുണ്ട് .  അപ്പോഴാണ് ഞാൻ തിരിച്ചു ഡയൽ ചെയ്യുന്നത് . മിക്കപ്പോഴും എടുക്കാറില്ല, എടുത്തില്ലെങ്കിലും പരിഭവം തോന്നാറില്ല , കാരണം ബോധിപ്പിക്കലുകൾ  ആവശ്യമില്ലാത്ത ഒരു സൗഹൃദമാണത്. എപ്പോഴെങ്കിലും സംസാരിക്കുമ്പോൾ ക്ഷമാപണം നടത്താറുമില്ല . തിരക്കുകളിൽ നിന്നും കൂടുതൽ തിരക്കുകളിലേക്ക് പറക്കുമ്പോഴും, ആ പഴയ സുഹൃത്തായി വിശേഷങ്ങൾ തിരക്കും , എഴുതാത്തതിന് പരിഭവിക്കും  , മക്കളെ അന്വേഷിക്കും, റഫി പഴയപോലെതന്നെയിരിക്കുന്നോന്നു ചോദിക്കും .

ഇടയ്ക്ക് വല്ലപ്പോഴും അപൂർവ്വമായി മാത്രം പറയും, "മടുത്തെടോ , യാത്രകൾ കഴിഞ്ഞു തിരികെ വന്നു കയറുമ്പോൾ ആരും കാത്തിരിക്കാനില്ലാത്ത വീടിനു വല്ലാത്ത തണുപ്പാണ് , മരവിക്കുന്ന തണുപ്പ് .  രാത്രി ചിലപ്പോഴൊക്കെ വല്ലാത്ത ഭയം തോന്നും , നാളെ ഉണർന്നെണീറ്റില്ലെങ്കിൽ ആരും അറിയില്ലല്ലോ.  ജീവിതം വല്ലാത്തോരു  തമാശയാണല്ലേ ?". അപരിചിതമായൊരു ചിരിയിൽ നിർത്തും . "പക്ഷേ , ഞാൻ ഹാപ്പിയാണ് കേട്ടോ , കയറിവരുമ്പോൾ അസ്വസ്ഥത പുകഞ്ഞമരുന്ന  ഒരു വീടിലും നല്ലത് ഇതുതന്നെ".

വാക്കുകൾക്ക് യാതൊരു ക്ഷാമവുമില്ലാത്ത ഞാൻ വാക്കുകൾക്കുവേണ്ടി പരതുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്. വായിച്ച പുസ്തകങ്ങളൊന്നും മതിയാവാതെവരും അപ്പോൾ . "ശരിയാവും" എന്നൊരു പാഴ്വാക്കു പറയാൻപോലും ഞാൻ മറന്നുപോവുന്ന നിമിഷങ്ങൾ.

വീണ്ടും  ഞാൻ വാക്കുകൾ മറന്നുപോയത് കഴിഞ്ഞയാഴ്ച്ച  ആ ചുവന്നകെട്ടിടത്തിന്റെ ഇരുമ്പഴികൾ കടന്ന് അകത്തുകയറിയപ്പോഴാണ് . വഴിക്കണ്ണുമായി എന്നെ കാത്തിരുന്ന ചുളിവുകൾ വീണ ആ മുഖം കണ്ടപ്പോഴാണ് . "എത്ര നാളായീ കുട്ടീ "എന്നുപറഞ്ഞു ആ ദുർബലമായ ശരീരം എന്നെ ഇറുകെപ്പുണർന്നപ്പോഴാണ് . "ആരോഗ്യം എങ്ങനെയുണ്ട്?" എന്ന ചോദ്യത്തിന്, വൃദ്ധസദനത്തിലെ ചെറിയ മുറികളിലൊന്നിൽ ഇരുന്ന് മനോഹരമായൊരു മെഴുതിരിക്കാൽ ചൂണ്ടിക്കാണിച്ചു "ഞാൻ പോവുമ്പോൾ എന്റെ ഓർമ്മക്കായി നീയിതു കൊണ്ടുപൊയ്ക്കൊള്ളൂ " എന്ന് പറഞ്ഞപ്പോഴാണ് . "എനിക്കു നാട് കാണാൻ കൊതിയാവുന്നു , ഇനിയത് ഉണ്ടാവില്ലെന്നറിയുമ്പോഴും " എന്ന് കേട്ടപ്പോൾ ഓർമ്മകൾ നിറച്ച ആ മുറിയിൽ  അക്ഷരം മറന്ന കുട്ടിയെപ്പോലെ ശ്വാസം മുട്ടി നിറകണ്ണുമായി  ഞാൻ നിസ്സഹായയായിരുന്നു .

എങ്കിലും യാത്രപറഞ്ഞിറങ്ങുമ്പോൾ "നിനക്കു വിശ്രമം കുറവാണ്" എന്ന് സ്നേഹപൂർവ്വം ശാസിച്ചു  കയ്യിൽ മുറുകെപ്പിടിച്ചു എന്റെ കാര്യങ്ങളിൽ ആകുലപ്പെട്ടു .  പ്രിയപ്പെട്ടവർക്ക് ഓരോരുത്തർക്കുമായി താൻ  തയ്യാറാക്കുന്ന,  തന്റെ മരണശേഷം മാത്രം തുറക്കാൻ അനുവാദമുള്ള കത്തുകളെക്കുറിച്ചു സംസാരിച്ചു . ഓരോ വാക്കുകളിലും ഊർജ്ജം നിറച്ചു എനിക്കു പ്രചോദനമായി.

ബന്ധങ്ങൾ എപ്പോഴും എന്നെയിങ്ങനെ  അതിശയിപ്പിച്ചു കൊണ്ടേയിരിക്കുന്നു , അവയുടെ വൈവിധ്യങ്ങൾ കൊണ്ട് . എവിടെനിന്നു തുടങ്ങുന്നുവെന്നത് തീർത്തും  അപ്രസക്തമാക്കുന്ന ഒട്ടേറെ ബന്ധങ്ങൾ.  വളരെ അടുത്തിരുന്നിട്ടും പരസ്പരം സംസാരിക്കുന്നതെന്തെന്ന് പലപ്പോഴും മനസ്സിലാക്കാതെപോവുന്നവ ;  പൊള്ളയായ വാക്കുകളിലും പ്രകടനങ്ങളിലും അകാലമൃത്യു അടയുന്നവ;  ഉള്ളു തിരിച്ചറിയാനാവാത്തവിധം പുറമേ കടുത്തചായം പൂശിയ ചിലത് ;  ആൾക്കൂട്ടത്തിനു നടുവിലിരിക്കുമ്പോഴും ഒറ്റയാണെന്നു കൂടെക്കൂടെ ഓർമ്മപ്പെടുത്തുന്നവ; വർഷങ്ങൾ കാണാതിരിക്കുമ്പോഴും ഒരു വിളിയിൽ എന്നെ തിരിച്ചറിയുന്ന അപൂർവ്വം ചിലത്; ഓർമ്മകളിൽ പോലുമെത്താതെ അകന്നാലും ഒരു മിന്നലിൽ ഓടിയെത്തുന്ന ചിലത്.

"മനസ്സിനൊരു സുഖമില്ല " എന്നു പറയുമ്പോൾ, "സാരമില്ല, ഇതൊരു മഴക്കാറായി കരുതിയാൽ മതി, ഒന്ന് പെയ്തൊഴിയുമ്പോൾ മാനം തെളിയുന്ന മഴക്കാറ് " എന്ന മറുപടി തരുന്ന ആത്മവിശ്വാസം വളരെ വലുതാണ് . ഒരു മരണവീട്ടിൽകൂടുന്ന സങ്കടം കാണുമ്പോൾ അപ്പുറത്തോരു പിറന്നാൾ വീടുണ്ടാകാമെന്നും അവിടെ സന്തോഷം അലയടിക്കുന്നുണ്ടാവുമെന്നും വിശ്വസിച്ചു ആശ്വസിക്കുന്നവർ. മുമ്പിൽ ശൂന്യതയുടെ ആഴക്കടലില്‍   തിരകളുയരുമ്പോഴും  പ്രതീക്ഷയുടെ ഒരു ചെറിയ തോണിയിൽ അത് കുറുകെക്കടക്കാമെന്ന് ഉറച്ചു വിശ്വസിക്കുന്നവർ .

ഇവർ നമ്മുടെ  ജീവിതത്തിലെ അമൂല്യസമ്പാദ്യങ്ങളാണ്. ഒരു ചെറുപുഞ്ചിരികൊണ്ടു നമ്മുടെ പൊയ്മുഖങ്ങളെ തച്ചുടച്ചു കളയുന്നവർ..... എത്ര മറന്നു കളഞ്ഞാലും ഇടയ്ക്കിടെ ജീവിതത്തിന്റെ ചില നിമിഷങ്ങളിൽ കയറിവന്ന്  മനോഹരങ്ങളായ പൂക്കൾ നമുക്കു സമ്മാനിക്കുന്നവർ ......