ഈ ചെറിയ ചട്ടിയിൽ നിൽക്കുന്ന ഓർക്കിഡ് രണ്ടുവർഷം മുൻപ് വിവാഹവാർഷികത്തിനു ഭർത്താവ് സമ്മാനിച്ചതാണ് . അതിന്റെ പർപ്പിൾ നിറമുള്ള പൂക്കളെ ഞാൻ വല്ലാതെ സ്നേഹിച്ചിരുന്നു . ആദ്യത്തെ പൂക്കൾ തീർന്നപ്പോൾ അത് വാടിത്തുടങ്ങി, ഒറ്റത്തവണയെ അത് പൂക്കൾ തരൂ എന്ന് ആരോ പറഞ്ഞപ്പോൾ ഞാൻ അതിനെ ഒരു മൂലയിലേക്ക് മാറ്റി . വല്യ പരിചരണങ്ങളൊന്നും അതിനു കിട്ടിയില്ല . മറ്റുള്ള ചെടികൾക്ക് വെള്ളം ഒഴിയ്ക്കുമ്പോഴും പലപ്പോഴും ഞാൻ അതിനെ മറന്നു പോയി.
എന്നെ അദ്‌ഭുതപ്പെടുത്തിക്കൊണ്ട് കഴിഞ്ഞയാഴ്ച ആ ഓർക്കിഡ് വീണ്ടും പൂത്തു , പൂർവ്വാധികം ഭംഗിയായി . കണ്ണുമിഴിച്ചുനിന്ന എന്റെ നേരെ വളരെ നിസ്സാരമായി തലയാട്ടി അതെന്നെ തോൽപ്പിച്ചുകളഞ്ഞു . ചില ചെടികൾ അങ്ങനെയാണെന്ന് എന്നോട് പറയാതെ പറഞ്ഞു.
മിക്കപ്പോഴും തോന്നാറുണ്ട് ചില ജീവിതങ്ങളും ഇതുപോലെയാണെന്ന് . ചുറ്റുപാടും ഇരുട്ട് നിറഞ്ഞുകിടക്കുമ്പോഴും കണ്ണടയ്ക്കാതിരുന്നു വെളിച്ചത്തിന്റെ ഒരു നേർത്ത തരിയെങ്കിലും കണ്ടുപിടിച്ചെടുത്തു കണ്ണുകളിൽ നിറയ്ക്കുന്ന ചിലർ. ആ വെളിച്ചംകൊണ്ട് ഇരുട്ടിനെ നിസ്സഹായരാക്കുന്നവർ . ഒരു ചെറിയ കാറ്റുവീശുമ്പോഴോ ഒന്ന് നന്നായി വെയിൽ തെളിയുമ്പോഴോ തളർന്നുവീഴുന്ന എന്നെപ്പോലുള്ളവരെ നോക്കി "വരൂ , ഈ തണലത്തിരിക്കൂ" എന്ന് സൗമ്യമായി പറയുന്നവർ . ജീവിതത്തെ എങ്ങിനെയാണ് ഇത്ര പോസിറ്റീവ് ആയിക്കാണാൻ അവർക്കു പറ്റുന്നതെന്ന് ആശ്ചര്യപ്പെട്ടിട്ടുണ്ട്.
വല്ലപ്പോഴുമാണ് ആ നമ്പർ എന്റെ ഫോണിൽ തെളിയുക. അതും വളരെ പിശുക്കിയുള്ള വാക്കുകളിൽ , "സുഖമല്ലേ?, എഴുത്ത് ?? ജോലി??" ഇങ്ങനെ വിരലിൽ എണ്ണാവുന്ന വാക്കുകൾ. പക്ഷേ അത് വായിക്കുമ്പോൾ , ആ വരികൾക്കുമപ്പുറത്തു വലിയൊരു മനസ്സുതന്നെ ഞാൻ വായിച്ചെടുക്കാറുണ്ട് . അപ്പോഴാണ് ഞാൻ തിരിച്ചു ഡയൽ ചെയ്യുന്നത് . മിക്കപ്പോഴും എടുക്കാറില്ല, എടുത്തില്ലെങ്കിലും പരിഭവം തോന്നാറില്ല , കാരണം ബോധിപ്പിക്കലുകൾ ആവശ്യമില്ലാത്ത ഒരു സൗഹൃദമാണത്. എപ്പോഴെങ്കിലും സംസാരിക്കുമ്പോൾ ക്ഷമാപണം നടത്താറുമില്ല . തിരക്കുകളിൽ നിന്നും കൂടുതൽ തിരക്കുകളിലേക്ക് പറക്കുമ്പോഴും, ആ പഴയ സുഹൃത്തായി വിശേഷങ്ങൾ തിരക്കും , എഴുതാത്തതിന് പരിഭവിക്കും , മക്കളെ അന്വേഷിക്കും, റഫി പഴയപോലെതന്നെയിരിക്കുന്നോന്നു ചോദിക്കും .
ഇടയ്ക്ക് വല്ലപ്പോഴും അപൂർവ്വമായി മാത്രം പറയും, "മടുത്തെടോ , യാത്രകൾ കഴിഞ്ഞു തിരികെ വന്നു കയറുമ്പോൾ ആരും കാത്തിരിക്കാനില്ലാത്ത വീടിനു വല്ലാത്ത തണുപ്പാണ് , മരവിക്കുന്ന തണുപ്പ് . രാത്രി ചിലപ്പോഴൊക്കെ വല്ലാത്ത ഭയം തോന്നും , നാളെ ഉണർന്നെണീറ്റില്ലെങ്കിൽ ആരും അറിയില്ലല്ലോ. ജീവിതം വല്ലാത്തോരു തമാശയാണല്ലേ ?". അപരിചിതമായൊരു ചിരിയിൽ നിർത്തും . "പക്ഷേ , ഞാൻ ഹാപ്പിയാണ് കേട്ടോ , കയറിവരുമ്പോൾ അസ്വസ്ഥത പുകഞ്ഞമരുന്ന ഒരു വീടിലും നല്ലത് ഇതുതന്നെ".
വാക്കുകൾക്ക് യാതൊരു ക്ഷാമവുമില്ലാത്ത ഞാൻ വാക്കുകൾക്കുവേണ്ടി പരതുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്. വായിച്ച പുസ്തകങ്ങളൊന്നും മതിയാവാതെവരും അപ്പോൾ . "ശരിയാവും" എന്നൊരു പാഴ്വാക്കു പറയാൻപോലും ഞാൻ മറന്നുപോവുന്ന നിമിഷങ്ങൾ.
വീണ്ടും ഞാൻ വാക്കുകൾ മറന്നുപോയത് കഴിഞ്ഞയാഴ്ച്ച ആ ചുവന്നകെട്ടിടത്തിന്റെ ഇരുമ്പഴികൾ കടന്ന് അകത്തുകയറിയപ്പോഴാണ് . വഴിക്കണ്ണുമായി എന്നെ കാത്തിരുന്ന ചുളിവുകൾ വീണ ആ മുഖം കണ്ടപ്പോഴാണ് . "എത്ര നാളായീ കുട്ടീ "എന്നുപറഞ്ഞു ആ ദുർബലമായ ശരീരം എന്നെ ഇറുകെപ്പുണർന്നപ്പോഴാണ് . "ആരോഗ്യം എങ്ങനെയുണ്ട്?" എന്ന ചോദ്യത്തിന്, വൃദ്ധസദനത്തിലെ ചെറിയ മുറികളിലൊന്നിൽ ഇരുന്ന് മനോഹരമായൊരു മെഴുതിരിക്കാൽ ചൂണ്ടിക്കാണിച്ചു "ഞാൻ പോവുമ്പോൾ എന്റെ ഓർമ്മക്കായി നീയിതു കൊണ്ടുപൊയ്ക്കൊള്ളൂ " എന്ന് പറഞ്ഞപ്പോഴാണ് . "എനിക്കു നാട് കാണാൻ കൊതിയാവുന്നു , ഇനിയത് ഉണ്ടാവില്ലെന്നറിയുമ്പോഴും " എന്ന് കേട്ടപ്പോൾ ഓർമ്മകൾ നിറച്ച ആ മുറിയിൽ അക്ഷരം മറന്ന കുട്ടിയെപ്പോലെ ശ്വാസം മുട്ടി നിറകണ്ണുമായി ഞാൻ നിസ്സഹായയായിരുന്നു .
എങ്കിലും യാത്രപറഞ്ഞിറങ്ങുമ്പോൾ "നിനക്കു വിശ്രമം കുറവാണ്" എന്ന് സ്നേഹപൂർവ്വം ശാസിച്ചു കയ്യിൽ മുറുകെപ്പിടിച്ചു എന്റെ കാര്യങ്ങളിൽ ആകുലപ്പെട്ടു . പ്രിയപ്പെട്ടവർക്ക് ഓരോരുത്തർക്കുമായി താൻ തയ്യാറാക്കുന്ന, തന്റെ മരണശേഷം മാത്രം തുറക്കാൻ അനുവാദമുള്ള കത്തുകളെക്കുറിച്ചു സംസാരിച്ചു . ഓരോ വാക്കുകളിലും ഊർജ്ജം നിറച്ചു എനിക്കു പ്രചോദനമായി.
ബന്ധങ്ങൾ എപ്പോഴും എന്നെയിങ്ങനെ അതിശയിപ്പിച്ചു കൊണ്ടേയിരിക്കുന്നു , അവയുടെ വൈവിധ്യങ്ങൾ കൊണ്ട് . എവിടെനിന്നു തുടങ്ങുന്നുവെന്നത് തീർത്തും അപ്രസക്തമാക്കുന്ന ഒട്ടേറെ ബന്ധങ്ങൾ. വളരെ അടുത്തിരുന്നിട്ടും പരസ്പരം സംസാരിക്കുന്നതെന്തെന്ന് പലപ്പോഴും മനസ്സിലാക്കാതെപോവുന്നവ ; പൊള്ളയായ വാക്കുകളിലും പ്രകടനങ്ങളിലും അകാലമൃത്യു അടയുന്നവ; ഉള്ളു തിരിച്ചറിയാനാവാത്തവിധം പുറമേ കടുത്തചായം പൂശിയ ചിലത് ; ആൾക്കൂട്ടത്തിനു നടുവിലിരിക്കുമ്പോഴും ഒറ്റയാണെന്നു കൂടെക്കൂടെ ഓർമ്മപ്പെടുത്തുന്നവ; വർഷങ്ങൾ കാണാതിരിക്കുമ്പോഴും ഒരു വിളിയിൽ എന്നെ തിരിച്ചറിയുന്ന അപൂർവ്വം ചിലത്; ഓർമ്മകളിൽ പോലുമെത്താതെ അകന്നാലും ഒരു മിന്നലിൽ ഓടിയെത്തുന്ന ചിലത്.
"മനസ്സിനൊരു സുഖമില്ല " എന്നു പറയുമ്പോൾ, "സാരമില്ല, ഇതൊരു മഴക്കാറായി കരുതിയാൽ മതി, ഒന്ന് പെയ്തൊഴിയുമ്പോൾ മാനം തെളിയുന്ന മഴക്കാറ് " എന്ന മറുപടി തരുന്ന ആത്മവിശ്വാസം വളരെ വലുതാണ് . ഒരു മരണവീട്ടിൽകൂടുന്ന സങ്കടം കാണുമ്പോൾ അപ്പുറത്തോരു പിറന്നാൾ വീടുണ്ടാകാമെന്നും അവിടെ സന്തോഷം അലയടിക്കുന്നുണ്ടാവുമെന്നും വിശ്വസിച്ചു ആശ്വസിക്കുന്നവർ. മുമ്പിൽ ശൂന്യതയുടെ ആഴക്കടലില്‍ തിരകളുയരുമ്പോഴും പ്രതീക്ഷയുടെ ഒരു ചെറിയ തോണിയിൽ അത് കുറുകെക്കടക്കാമെന്ന് ഉറച്ചു വിശ്വസിക്കുന്നവർ .
ഇവർ നമ്മുടെ ജീവിതത്തിലെ അമൂല്യസമ്പാദ്യങ്ങളാണ്. ഒരു ചെറുപുഞ്ചിരികൊണ്ടു നമ്മുടെ പൊയ്മുഖങ്ങളെ തച്ചുടച്ചു കളയുന്നവർ..... എത്ര മറന്നു കളഞ്ഞാലും ഇടയ്ക്കിടെ ജീവിതത്തിന്റെ ചില നിമിഷങ്ങളിൽ കയറിവന്ന് മനോഹരങ്ങളായ പൂക്കൾ നമുക്കു സമ്മാനിക്കുന്നവർ ......