Friday, January 26, 2018

വീണ്ടും ഒരു പനിക്കാലം.. ഇത്തവണ അതെന്നെ വല്ലാതങ്ങു സ്നേഹിച്ചുകളഞ്ഞു .  നിർത്താതെ ചിലച്ചുകൊണ്ടിരിക്കുന്ന തൊണ്ടയിൽ തന്നെ ആശാൻ പിടിമുറുക്കിക്കളഞ്ഞു .  അമ്മമാർ നിശ്ശബ്ദരാവുന്ന വീടിന് താളമാധുര്യം കുറവാണെന്ന് അഹങ്കാരത്തോടെയാണെങ്കിലും ഞാൻ തിരിച്ചറിയുന്നത് ഇങ്ങനെയാണ് .

അമ്മ ഒരുനേരം എഴുന്നേറ്റില്ലെങ്കിൽ തീർന്നുപോവുന്ന ദുശാഠ്യമൊക്കെയേ നമ്മുടെ ആണുങ്ങൾക്കും കുട്ടികൾക്കുമുള്ളൂ , അതു സമ്മതിച്ചു തരാൻ അല്പം മടിയാണെങ്കിലും .

പനിച്ചു കിടന്നപ്പോഴെല്ലാം ഞാൻ എന്റെ അമ്മയെ ഓർത്തുകൊണ്ടേയിരുന്നു . അമ്മ എന്നെങ്കിലും വിശ്രമിച്ചിട്ടുണ്ടാകുമോ എന്ന് അദ്‌ഭുതപ്പെട്ടു . അദ്ധ്യാപക ജോലി കഴിഞ്ഞു വീട്ടിലെത്തിയാൽ , പിന്നെ വീട്ടു പണികൾ , അച്ഛനമ്മമാരുടെ കാര്യങ്ങൾ നോക്കൽ , കുട്ടികൾ, പറമ്പ് , പശു .... എപ്പോൾ ആവും 'അമ്മ ഒന്നിരിന്നിട്ടുണ്ടാവുക?  അച്ഛൻ തന്നാൽ ആവുംവിധമൊക്കെ സഹായിച്ചിരുന്നു . എത്ര വയ്യെങ്കിലും ഒരിക്കൽ പോലും "പറ്റില്ല" എന്നൊരു വാക്കു പറഞ്ഞിട്ടില്ല.

പഠനമൊക്കെ കഴിഞ്ഞപ്പോളേക്കും വിവാഹമായി . ഞങ്ങൾ പെൺകുട്ടികൾ പിരിഞ്ഞു പോയി . പിന്നീട് അതിഥികളായി വീട്ടിൽ എത്തുമ്പോഴും 'അമ്മ തിരക്കിലായിരുന്നു . സല്കാരത്തിരക്ക് , എല്ലാവരും വട്ടം കൂടിയിരുന്നു വിശേഷങ്ങൾ പങ്കുവക്കുമ്പോഴും അമ്മ അവിടെയുണ്ടാവാറില്ല , അടുക്കളയിൽ പാത്രങ്ങളോട് മല്ലിടുകയായിരിക്കും . അവധികഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അമ്മ വേഗം പണികളൊക്കെ നിർത്തി ഉമ്മറത്തുവന്നു നിൽക്കും . "എന്റെ മക്കളെ നന്നായൊന്ന് കണ്ടുകൂടിയില്ലല്ലോ" എന്ന് സങ്കടം പറയും.

അമ്മ അങ്ങനെയാണ്, കടലോളം സ്നേഹം വിളമ്പി, കടുകോളം തിരിച്ചു പ്രതീക്ഷിക്കുന്ന ഒരു ജന്മം. അൽപ്പമെങ്കിലും തിരിച്ചുകൊടുക്കാനായോ , അറിയില്ല .

"'അമ്മ, അമ്മയ്ക്ക് വയ്യാത്തതുകൊണ്ട് ഞാൻ ഇന്ന് പാത്രം തനിയെ കഴുകി വച്ചു " അടുത്ത് വന്നിരുന്ന് എന്റെ രണ്ടാം ക്‌ളാസ്സുകാരൻ . "അമ്മ , മരുന്നു കഴിച്ചോ?" ഐപാഡിന് അവധികൊടുത്തു മകൾ . "നീ എഴുന്നേൽക്കാത്തതു കൊണ്ട് വീടുറങ്ങി " , ഭർത്താവിന്റെ സങ്കടം. 

അമ്മ - അതൊരു വലിയ ഉത്തരവാദിത്തമാണ് , സുന്ദരമാണ് . വയ്യെങ്കിലും പതിയെ എഴുന്നേറ്റു - സ്നേഹത്തിന്റെ വിളിക്ക് പിന്തിരിഞ്ഞു നിൽക്കുന്നതെങ്ങനെ ? കുടുംബം കൂടുമ്പോൾ ഇമ്പമുള്ളതു തന്നെ .













Friday, January 12, 2018

"ഇന്നലെയും അമ്മ പറഞ്ഞതല്ലേ കാക്കപ്പൂവ് പറിച്ചു തരാമെന്ന് . എന്നെ വെറുതെ പറ്റിച്ചതാണല്ലേ "  മോന്റെ വാടിയ മുഖത്തെ കണ്ണുകൾ രണ്ടും പെയ്തൊഴിയാൻ കാത്തുനിൽക്കുന്ന കാർമേഘങ്ങൾ പോലെ  തുളുമ്പിനിന്നു.  അടുക്കളയ്ക്കും ഊൺമേശക്കുമിടയിലെ എന്റെ അനേകശതം ഓട്ടങ്ങൾക്കു അത് പെട്ടെന്ന് കടിഞ്ഞാണിട്ടു . തിരക്കൊഴിഞ്ഞിട്ടു ചെയ്തുകൊടുക്കാമെന്നു കരുതി മാറ്റിവച്ച ഒട്ടനേകം കുഞ്ഞുസ്വപ്നങ്ങൾ എന്റെ മുന്നിൽ പ്രതീക്ഷയോടെ  തിക്കിത്തിരക്കി നിന്നു .

അരിഞ്ഞുകൊണ്ടിരുന്ന പച്ചക്കറി  മാറ്റിവച്ചിട്ടു ഞാൻ മോന്റെ അരികിലേക്ക് ചെന്നു .  ജനാലയുടെ വിരി മാറ്റി  നോക്കി . ശൈത്യകാലമായതുകൊണ്ടു സൂര്യൻ നേരത്തെ മറഞ്ഞിരിക്കുന്നു, പുറത്തു ഇരുൾ\പരന്നിരുന്നു . ചെറിയ മഞ്ഞുമലകൾ മാത്രം സ്ട്രീറ്റ്‌ലൈറ്റിന്റെ വെളിച്ചത്തിൽ തിളങ്ങിനിന്നു . "നേരം ഇരുണ്ടല്ലോ മോനെ, ഇനിയെങ്ങനെ നമ്മൾ കാക്കപ്പൂ തേടി പോകും?"   അതു കേട്ടപ്പോൾ ഉരുണ്ടുകൂടിയ കാർമേഘം പെയ്യുക തന്നെ ചെയ്തു .  സന്തത സഹചാരിയായ  ഐപാടെടുത്തു കയ്യിൽ പിടിച്ചു  അവൻ വിതുമ്പി.  നനുത്ത തണുപ്പും നിരാശയുമെല്ലാം കൂടിച്ചേർന്നു അങ്ങനെ തന്നെ മയങ്ങുകയും ചെയ്തു .

എല്ലാവരും ഉറക്കം പിടിക്കുമ്പോഴാണ് എന്റെ ചിന്തകൾ പൂർവാധികം ശക്തി പ്രാപിച്ചു എന്നെ ഉണർത്തുന്നത്.  ഉണർവിനും ഉറക്കത്തിനും ഇടയിലുള്ള നേർത്ത ഇടവേളകളിൽ ഞാൻ മുടങ്ങാതെ തിരക്കിട്ടൊരു  യാത്രപോകാറുണ്ട്.  തിമിർത്താഘോഷിച്ച ബാല്യവും കൗമാര സ്വപ്നങ്ങളും നടന്നു തീർത്ത വഴിയോരങ്ങളും കുശലം പറഞ്ഞ ചെടികളും എല്ലാം എന്നെ കാത്തു നില്പുണ്ടാവും . പഴയ വഴികളിലൂടെ വീണ്ടും വീണ്ടും നടക്കും , ഓരോ മൺതരിയോടും വിശേഷം പറയും . ആർക്കും എന്നെ കാണാൻ പറ്റുന്നുണ്ടാവില്ല, പക്ഷേ  ഞാൻ എല്ലാം കാണും .  അമ്മ തിരക്കിട്ട് അടുക്കളയിൽ പാകം ചെയ്യുന്നത് എത്തി നോക്കും , അച്ഛൻ വരാന്തയിൽ പത്രം വായിക്കുന്നുണ്ടാവും . ഗേറ്റ് എപ്പോഴും തുറന്നുതന്നെ കിടക്കും , വരുമെന്നു പറഞ്ഞു പടിയിറങ്ങിപ്പോയ ആ ഒരാൾ ഞാനായിരുന്നുവെന്ന് മതിലിൽ ചാഞ്ഞു നിൽക്കുന്ന മൈലാഞ്ചിച്ചെടി എന്നോടു പറയും .  കണ്ടു കൺനിറഞ്ഞു ഉറക്കം പതിയെ എന്നെ തിരിച്ചുവിളിക്കും.

ഇന്നിപ്പോൾ അതും പറ്റുന്നില്ല .  ഇടനെഞ്ചിൽ ഒരു സങ്കടം കെട്ടിനിൽക്കുന്നതുപോലെ . നടക്കാത്ത ഒരു കാര്യം കാര്യം പറഞ്ഞു അവനെ പറ്റിക്കേണ്ടിയിരുന്നില്ല .  അമ്മയുടെ മോഹങ്ങളും   മോഹഭംഗങ്ങളുമാണ് കഥകളായും വാഗ്ദാനങ്ങളായും പുറത്തേക്കുവരുന്നതെന്ന് അവനറിയില്ലല്ലോ.  എഴുന്നേറ്റിരുന്നു , രാത്രിയുടെ നിശ്ശബ്ദതയിൽ എല്ലാവരും
ഉറങ്ങുമ്പോൾ മുഖം മൂടികളൊന്നുമില്ലാതെ ഉണർന്നിരിക്കുക ഒരു സുഖമാണ്.  ഞാൻ ഞാനാവുന്ന സുഖം , എന്റെ കാക്കപ്പൂവുകൾ നെറുകയിൽ ഉമ്മ വയ്ക്കുന്ന സുഖം .

Monday, January 1, 2018


"'അമ്മ, ഇന്ന് ന്യൂ ഇയർ ഫയർവർക്സ് കാണാൻ പോയാലോ? "  പുറത്തെ വെളുപ്പ് മൂടിയ, തണുത്തുറഞ്ഞ സന്ധ്യയിലേക്ക് നോക്കി ശൂന്യമായ മനസ്സോടെ ഇരിക്കുമ്പോളാണ് മകൾ ചോദിച്ചത് . പ്രകൃതിയും മനസ്സും ഒന്നുപോലെ -31 ൽ ഇരിക്കുമ്പോളും മറ്റാർക്കും തണുക്കുന്നില്ലേ എന്ന് ഞാൻ ആശ്ചര്യപ്പെട്ടു . ഒരു വർഷം കൂടി കൊഴിഞ്ഞു വീഴുന്നുവെന്ന തിരിച്ചറിവിൽ   പെട്ടെന്ന് ഞാനൊരു പന്ത്രണ്ടു വയസ്സുകാരിയായി.

"ഇന്നു നമുക്ക് പന്ത്രണ്ടുമണി വരെ ഉറങ്ങാതിരിക്കണം , ടീവിയിൽ നിറയെ പരിപാടികളുണ്ട് ", ചേച്ചിയോട് നയത്തിൽ പറഞ്ഞു അനിയത്തിക്കുട്ടി പുതുവർഷം പിറക്കുന്നത് കാണാൻ കാത്തിരിക്കുകയാണ്  . ദൂരദർശനിൽ അരമണിക്കൂർ പരിപാടിക്കിടെ അമ്പതു പരസ്യങ്ങൾ ക്ഷമയോടെ കണ്ട് കുഞ്ഞനിയനും ചേച്ചിമാരുടെ കൂടെ.. . ഒടുവിൽ മണി പന്ത്രണ്ടടിച്ചു  താരങ്ങളെല്ലാം "ഹാപ്പി ന്യൂ ഇയർ " പാടുമ്പോൾ ഉറക്കം തൂങ്ങിയ കണ്ണുകളിൽ സന്തോഷത്തിന്റെ തിരയിളക്കം. പരസ്പരം ഹാപ്പി ന്യൂ ഇയർ പറഞ്ഞു പുതപ്പിനടിയിലേക്കു ഊളിയിടുമ്പോൾ സ്വപ്നങ്ങളിൽപോലും താരപ്രകടനങ്ങളാവും .

 കൃത്യം പന്ത്രണ്ടു മണിക്ക് സന്ദേശം അയക്കാൻ വാട്സ്ആപ്   അന്ന് ഇല്ലാതിരുന്നതുകൊണ്ട് അത്യാവശ്യം വേണ്ടപ്പെട്ടവർക്ക് ഒരാഴ്ച്ച മുൻപേ കാർഡുകൾ അയച്ചിരിക്കും . കാട്ടിക്കൂട്ടലുകൾ ആയിരുന്നില്ല ഒന്നും , സ്നേഹത്തിന്റെ കലർപ്പില്ലാത്ത പ്രകടനങ്ങൾ.

മുതിർന്നപ്പോൾ എല്ലാം മാറിയിരിക്കുന്നു . കുഞ്ഞനിയനും ചേച്ചിമാരും ലോകത്തിന്റെ മൂന്നു ദിശകളിൽ  മൂന്ന് സമയമേഖലകളിലായി .

പിന്നേയും കാലങ്ങൾ അതിവേഗത്തിൽ ഓടിമറഞ്ഞു ഇവിടെയെത്തുമ്പോൾ മനസ്സും ശരീരവും ഒരുപോലെ അഭിനയിക്കാൻ പഠിച്ചിരിക്കുന്നു . ബന്ധങ്ങളിൽ , എന്താണ് വേണ്ടതെന്നു നോക്കി അത് മാത്രം വിളമ്പാൻ വല്ലാതങ്ങു പരിശീലിക്കുന്നു. വർഷങ്ങൾ വീണ്ടും പിറക്കുമ്പോൾ പുതുവത്സര പ്രതിജ്ഞകൾക്കൊന്നും മിനക്കെടാതാവുന്നു ,  നടക്കില്ലെന്ന് അംഗീകരിക്കാൻ മനസ്സ് പഠിച്ചതുകൊണ്ടാവാം.

കഴിഞ്ഞ ദിവസം ഒരു  സുഹൃത്ത് കണ്ടപ്പോൾ പറഞ്ഞിരുന്നു , ഈ നാട്ടിൽ ജീവിക്കുമ്പോൾ ഇവിടെ ആസ്വദിക്കാൻ പഠിക്കണം , ഓർമ്മകളിൽ ജീവിച്ചാൽ ജീവിക്കാൻ മറന്നു പോകും " എന്ന് . കടന്നുപോയ വർഷം മനസ്സിലാകാതെ വന്ന ഒരു വാചകമായിരുന്നു അത്.  മനസ്സിലാക്കണമെന്ന ശാഠ്യം  ഇല്ലതാനും .

മോൾ വീണ്ടും വന്നു വിളിക്കുന്നു , "'അമ്മ, പ്ലീസ് ...".

 മഞ്ഞുപുതഞ്ഞു കിടക്കുന്ന  വഴിയോരങ്ങളിലേക്ക് നോക്കി വണ്ടിയിൽ ഇരുന്നു . വീണ്ടുമൊരു  വർഷം  കൂടി വിടപറഞ്ഞിറങ്ങുകയാണ്, കണ്ണീർ തുടച്ചും മൂകം വിതുമ്പിയും പിന്തിരിഞ്ഞു നോക്കി  പതിയെ പടികളിറങ്ങുകയാണ്. ഓർമ്മകളുടെ വൻ കടലിലേക്ക് ഒരു കുടം വെള്ളം കൂടി . തേങ്ങലുകളും പരിഭവങ്ങളും പിണക്കങ്ങളുമെല്ലാം ഇന്നലെകളാവുമ്പോൾ ചുമരിൽ ഒരു കലണ്ടർ മാറ്റിയിടപ്പെടുന്നു .  ജീവിതത്തിൽ എന്തെങ്കിലും മാറുന്നുണ്ടോ  ആവോ .