മനസ്സ് അങ്ങനെയാണ്, ആരോടെങ്കിലും
ശത്രുതയുണ്ടെങ്കില്‍ അതു നമ്മുടെ ഉറക്കം കെടുത്തും. രാത്രി എല്ലാവരും കൂര്‍ക്കം വലിച്ചുറങ്ങുമ്പോള്‍ അതു നമ്മെ ഉണര്‍ത്തി ഓരോരോ ഉപായങ്ങള്‍
പറഞ്ഞുതന്നുകൊണ്ടിരിക്കും.
ഒന്നാം ക്ലാസിലെ എന്‍റെ ശത്രു ഒരിക്കലും
കുളിക്കാതെ വരുന്ന ബിന്ദുവും അവളെ എന്‍റെ അടുത്തുതന്നെ ഇരുത്തണമെന്നു
വാശിയുണ്ടായിരുന്ന ടീച്ചറും ആയിരുന്നു. ഓരോ രാത്രിയിലും ബിന്ദുവിനെ എങ്ങനെ
നന്നാക്കാമെന്നും ടീച്ചറിനെ എങ്ങനെ വകവരുതാമെന്നും ആലോചിച്ചു ഞാന്‍ ഉറക്കം
നഷ്ടപ്പെടുത്തി.
കുറച്ചുകൂടി മുതിര്‍ന്നു ഹൈസ്കൂളില്‍
എത്തിയപ്പോള്‍ എന്‍റെ ഉറക്കം കെടുത്തിയത് ഭൂമിശാസ്ത്രം ആയിരുന്നു. ബാക്കി എല്ലാ
വിഷയങ്ങള്‍ക്കും മുഴുവന്‍ മാര്‍ക്ക് കിട്ടുമ്പോള്‍ , ഭൂമിശാസ്ത്രം മൂന്നോ നാലോ മാര്‍ക്കുകള്‍ എന്‍റെ കയ്യില്‍
നിന്നും തട്ടിയെടുത്ത് എന്നെ നോക്കി പല്ലിളിച്ചു. വീണ്ടും എനിക്കു അനേകം
രാത്രികളിലെ ഉറക്കം നഷ്ടമായി.
ഇതിനിടയില്‍ അയല്‍പക്കത്തെ മാളുവിന്‍റെ
നീണ്ടമുടിയും സലീനയുടെ കയ്യിലെ പുതിയ വാച്ചും സൈക്കിളില്‍ പാഞ്ഞുപോകുന്ന
ചെക്കന്മാരുടെ അഹങ്കാരവും എല്ലാം എന്‍റെ ഉറക്കത്തെ ഇടയ്ക്കിടെ ശല്യപ്പെടുത്തി.
പിന്നീടു എന്‍റെ ശത്രുവായത് വീണ്ടും
അധ്യാപകര്‍ തന്നെ. യുനിവേഴ്സിറ്റിയുടെ പടികളിറങ്ങുമ്പോള്‍ അത്ര നാളും പരിഹസിച്ച,
വിലപ്പെട്ട രണ്ടു വര്‍ഷങ്ങളിലെ ഉറക്കം കെടുത്തിയ അധ്യാപികയോട് നാലു വാക്കുകള്‍
പറഞ്ഞതിന്‍റെ സംതൃപ്തി ആയിരുന്നു. (ബാലിശമായിരുന്നെന്നു മനസ്സിലാക്കാന്‍ വര്‍ഷങ്ങളെടുത്തു).
ജീവിതം അതിന്‍റെ സ്വന്തം ദിശ വരച്ചു ആ
വഴിക്ക് എന്നെ നടത്തിയപ്പോള്‍ സ്വന്തം നാടും അതിന്‍റെ ഗന്ധവും കാതങ്ങള്‍
അകലെയായപ്പോള്‍ ശത്രുതകളൊക്കെ ഒട്ടു മിക്കവാറും മറന്നുകഴിഞ്ഞു.
എന്നിട്ടും, കുറേ നാളുകളായി വീണ്ടും
ഉറക്കം നഷ്ടമാവുന്നു. ഇത്തവണത്തെ ശത്രു ഒരിക്കലും തോല്പിക്കാന്‍ ആവാതെ എന്നെ
വെല്ലുവിളിച്ചുകൊണ്ട് എന്‍റെ ഈ ചെറിയ സ്വകാര്യതയില്‍ സ്വൈര്യ വിഹാരം നടത്തുന്നു.
ഊണുമേശയില്‍ കഷ്ടപ്പെട്ടുണ്ടാക്കിയ കറികള്‍ വിളമ്പി അഭിപ്രായങ്ങള്‍ക്കായി
വിജയീഭാവത്തില്‍ കാതോര്‍ക്കുമ്പോള്‍ എന്നെ ഇളിഭ്യയാക്കി എന്‍റെ ഭര്‍ത്താവിനോടു
കിന്നരിക്കുന്നു. ഓഫീസിലെ തിരക്കുകളില്‍ നിന്നും രക്ഷപ്പെട്ട് ക്ഷീണിച്ചു
വീടണയുമ്പോള്‍ മക്കളുടെ ചിരികള്‍ക്കു ദൈര്ഘ്യം കുറച്ചു എന്നെ കൊഞ്ഞനം കുത്തുന്നു.
കൂട്ടായ ചിരികള്‍ക്കും സംസാരങ്ങള്‍ക്കും
പകരം എല്ലാവരും ഒറ്റപ്പെട്ട തുരുത്തുകളാവുന്നു. എന്‍റെ പ്രാര്‍ഥനകള്‍ വികൃതമായ
മണിയടി ഒച്ചകള്‍ കൊണ്ടു വികലമാകുന്നു. സംസാരിക്കുമ്പോള്‍ ഭാവങ്ങലറിയാതെ എല്ലാവരും
താഴോട്ടു നോക്കിയിരിക്കുന്നു. കൈവിരലുകള്‍ കീ ബോര്‍ഡുകളില്‍ അമര്‍ന്നു
തഴംബിക്കുന്നു.. അങ്ങേത്തലക്കല്‍ ആരെന്നറിയാതെ ഞാനും എന്‍റെ മൌനങ്ങളും കണ്മിഴിക്കുന്നു.
എന്‍റെ ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു.
എന്‍റെ പുസ്തകങ്ങളും ഓര്‍മകളും ചിതലരിക്കുന്നു. ഈ ശത്രുവിനെ വകവരുത്താന്‍ എന്‍റെ
പഴയ വിദ്യകള്‍ക്കൊന്നും ആവുന്നില്ലല്ലോ.