Wednesday, December 24, 2014

തെളിഞ്ഞു  നിന്ന മാനത്തു  വളരെ പെട്ടെന്ന് എവിടെ നിന്നോ ഒരു കാർമേഘം വന്നപോലെ. ആകെ ഒരു അസ്വസ്ഥത. മനസ്സ് എവിടെയൊക്കെയോ ഉടക്കി നിൽകുന്നു .ജീവിതം വീണ്ടും അങ്ങനെ ഓടിത്തളർന്ന ഒരു വയസ്സൻ കാളയെപ്പോലെ  നിന്ന് കിതക്കുകയാണ്..

പ്രകൃതി പോലും അതിന്ടെ ഇഷ്ടത്തിനു തോന്ന്യാസം കാട്ടുന്ന ഈ നാട്ടിൽ , കൂടെപ്പിറപ്പായ കുറെ ശീലങ്ങൾ  വീണ്ടും എന്നെ ശ്വാസം  മുട്ടിക്കുന്നു. ഓരോ ശിശിരവും എന്റെ മനസ്സിനെ നൊമ്പരപ്പെടുത്തുന്നു. എനിക്ക്ഇവിടുന്നു പോകാതെ വയ്യാ . സ്വന്തം കാലടികളിലെ മണ്ണിനു പോലും അപരിചിതമായ ഗന്ധം. മഞ്ഞു പുതഞ്ഞ വഴികളും മരം കോച്ചുന്ന തണുപ്പും എത്ര നാൾ എന്നെ  ഇവിടെ പിടിച്ചു കെട്ടും? ദൂരെ എന്റെ നാട് എന്നെ  കാത്തിരുപ്പുണ്ട് . ഒരു പക്ഷെ , അതൊരു വ്യാമോഹമാവാം. തിരികെയെത്തുമ്പോൾ ഒരു പരിചിത മുഖം പോലും ഉണ്ടായെന്നു വരില്ല. പക്ഷെ, വീശുന്ന കാറ്റിനു എന്റെ അമ്മയുടെ ഗന്ധം ഉണ്ടാവും. പാതിവഴിയിൽ എവിടെയോ വച്ച് കൈ വീശി അകന്നു പോയ പ്രിയപ്പെട്ടവരുടെ സ്നേഹം ഉണ്ടാവും. വായിച്ചു കൊതിതീരാത്ത എന്റെ പുസ്തകങ്ങളുടെ താളുകൾ എനിക്ക് ഊർജം തരും. ഒന്നുമല്ലെങ്കിലും എന്റെ മണ്ണിന്ടെ മണം എനിക്ക് കൂട്ടായുണ്ടാവും.

ഈ ഡിസംബർ എന്നെ വീണ്ടും വീണ്ടും ഓർമപ്പെടുത്തുന്നു , ഒന്നും സ്വന്തമല്ലാത്ത ഈ നാടിന്ടെ അസ്ഥിരതയെക്കുറിച്ച് ... സ്വപ്നം കാണാനുള്ള എന്റെ സ്വാതന്ത്ര്യതെക്കുറിച്ച് .....ഈ തലക്കെട്ടുകളൊക്കെ അഴിച്ചുവച്ചു ശാന്തമായി  ഒന്നു ഉറങ്ങിയെണീക്കെണ്ടതിന്റെ അനിവാര്യതെയെക്കുറിച്ച്..... അനിവാര്യമായ ഒരു മടക്കയാത്രയെക്കുറിച്ച്‌... 

Friday, February 21, 2014

കാത്തിരുപ്പ്.....

എഴുതാൻ മറന്നതല്ല , മനസിന്റെ
നനവുകൾ വറ്റിയതുമല്ല .
ഇരുളും വെളിച്ചവും പതിവുപോൽ
ഇഴമാറി വന്നിടുമ്പോൾ
പകലുകൾ നടന്നു തീർക്കു മ്പോൾ
ഇരുളിന്ടെ തണലിൽ മിഴികളടയുമ്പോൾ
തൂലിക പിടിക്കുവാനാവാതെ വിരലുകൾ
തീരെ തളർന്നു മരുവുമ്പോൾ
വാക്കുകൾ മനസ്സിൽ പിറക്കുന്നു മരിക്കുന്നു
വിളർത്തൊരീ കടലാസ്സിൽ പിറവി കൊള്ളാതെ

ചിലനേരം മനസ്സിലൊരു കാർമേഘം
രൗദ്ര ഭാവമാർന്നുടലെടുക്കുന്നു ...
ഒരു പേ മാരിയായ് പെയ്യുവാനാകാതെ
വീർപ്പുമുട്ടുന്നു , വിതുമ്പുന്നു
പിന്നെവിടെയോ ചിരിതൂകുന്ന പൂമൊട്ടായി
പൂവായി വിടരാനുമാകാതെ
കൊഴിഞ്ഞമരുന്നു , ഈയാമ്പാറ്റ പോൽ തീരുന്നു

സുഹൃത്തേ, ഞാൻ എഴുതാൻ മറന്നതല്ല
എൻ മനസ്സിലെ കവിതകൾ വറ്റിയതുമല്ല
കൊഴിഞ്ഞൊരീ ശിഖരത്തിൽ
തളിർ പൊട്ടിവിരിയുവാൻ
ഞാനും കാത്തിരിക്കുന്നു ..
മൌനമൊരു കൂട്ടായി മറയുന്നു..