Friday, August 7, 2020


ദുരന്തങ്ങൾ നമ്മുടെ പടികടന്നെത്തില്ലെന്നു വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു , പ്രത്യേകിച്ചും പ്രകൃതി ദുരന്തങ്ങൾ. വെള്ളപ്പൊക്കവും ചുഴലിക്കാറ്റും മണ്ണിടിച്ചിലുമൊക്കെ ദൂരെയേതോ നാട്ടിൽ നടക്കുന്ന കഥകളായിരുന്നു നമുക്ക്, രണ്ടു വര്ഷം മുൻപ് വരെ.

അവ  നമ്മുടെ പടികടന്നും എത്തിയിരിക്കുന്നു, രൂപങ്ങളിലും ഭാവങ്ങളിലും ഭയാനകത നിറച്ചു .

ഇന്നത്തെ പ്രഭാതം തന്നതത്രയും ദുരന്തവാർത്തകളായിരുന്നു. മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയ ഒരു വാഹനത്തിൽ കുടുങ്ങിയ ജീവന്റെ പിടച്ചിലിന്റെ നോവ് നെഞ്ചിൽ നീറി നിൽക്കവേ അടുത്തത് എത്തി. ഉണർന്നെണീക്കാനാവാത്ത ഉറക്കങ്ങളിലേക്കുപോയ കുട്ടികളുൾപ്പെടുന്ന ഒരുപറ്റം സഹോദരങ്ങൾ - ആ വാർത്തയുടെ ഞെട്ടലിൽനിന്നും നാട് മുക്തമാവുന്നതിനും മുൻപേ വീണ്ടും  ദുരന്തം പറന്നിറങ്ങുന്നു . 

വിമാനം ലാൻഡ് ചെയ്യുമ്പോഴുള്ള നിമിഷങ്ങളിൽ നമ്മുടെ മനസ്സ് ഉറ്റവർക്കടുത്തെത്താനുള്ള തിടുക്കത്തിലാവും. വീട്ടിലേക്കുള്ള വഴി മാത്രമേ അന്നേരം നമ്മുടെ മനസ്സിലും ചിന്തയിലും ഉണ്ടാകൂ. ആ സ്വപ്നങ്ങളിൽ നിന്നുമാണ് ഞൊടിയിടകൊണ്ട് അവർ തെന്നിത്തെറിച്ചത്‌ .

വഴിക്കണ്ണുമായി കാത്തിരിക്കുന്ന ഒരുപാടു പേരുടെ സന്തോഷങ്ങളാണ് നെടുവീർപ്പുകളായി പരിണമിച്ചത് . 

ഒരു വശത്തുകൂടി മഹാമാരി തേർവാഴ്ച തുടരുമ്പോൾ മറുവശത്തു അപ്രതീക്ഷിതപ്രഹരങ്ങൾ. മനുഷ്യർ എത്ര ദുര്ബലരാണെന്നു തിരിച്ചറിയുന്ന നിസ്സഹായനിമിഷങ്ങൾ.

പാതിവഴിയിൽ സ്വപ്‌നങ്ങൾ ബാക്കിവെച്ചു പിരിഞ്ഞുപോയവർക്ക് , പകച്ചുനിൽക്കുന്നവർക്ക്, പരിക്കേറ്റവർക്ക്.. എല്ലാവരെയും പ്രാർത്ഥനാപൂർവ്വം, സ്നേഹപൂർവ്വം, നെഞ്ചോടു ചേർക്കുന്നു . പടച്ചവൻ ശക്തി തരട്ടെ..

Vector Art - Kerala state map - mosaic of lovely hearts. EPS ...