നോക്കിനോക്കിയിരിക്കേ ഞാനറിയുന്നുണ്ട്
നിന്റെ നെഞ്ചിൽ നിന്നും എന്റെ നെഞ്ചിലേക്കൊഴുകുന്ന
പ്രണയത്തിന്റെ തിരയിളക്കം
ചക്രങ്ങളുള്ള ഐവി സ്റ്റാൻഡിലേറ്റിയ
നിറമില്ലാത്തൊരാ ദ്രാവകത്തിന്റെ
നിന്റെ നീല ഞരമ്പിലേക്കുള്ള പ്രയാണത്തിനും
അതേ തിരയിളക്കം
നേർത്ത സൂചിമുനകൾ ആ ഞരമ്പുകളിലിറങ്ങുമ്പോൾ
നോവുന്നത് എന്റെ ഹൃദയമാണ്
ക്ഷീണിച്ചു മയങ്ങുന്ന നിൻ മുഖത്തിന്
പ്രണയത്തിന്റെ നേർത്ത ചുവപ്പു പകരുന്നുണ്ട്
എൻ നെഞ്ചിലിറ്റുന്ന ചുവപ്പുതുള്ളികൾ
ആകാശത്തിൻ നിറമുള്ളൊരീ ആസ്പത്രിയുടുപ്പിൽ
നീ മുഖം മൂടികളഴിച്ചുവെച്ച പച്ചമനുഷ്യനാവുന്നു
മയക്കത്തിലെപ്പോഴോ ഞെട്ടിയുണരുമ്പോൾ
നിന്റെ നേർത്തവിരലുകൾ എന്നെ മുറുകെപ്പിടിക്കുന്നു
നമുക്കിടയിലൊരു സ്നേഹക്കടലിരമ്പുന്നു
തിരക്കുകളൊഴിഞ്ഞു അവിടെ നാം മാത്രമാകുന്നു
എത്ര പറഞ്ഞാലുമൊഴിയാതെ വാക്കുകൾ തിക്കുകൂട്ടുന്നു
വലിയ ജാലകത്തിന്റെ ചില്ലുകൾക്കപ്പുറം
ലോകം ചുക്കിച്ചുരുങ്ങുന്നു
വിരലുകളടർത്തിമാറ്റി ഞാൻ യാത്രപറയുമ്പോൾ
നിന്റെ തൊണ്ടയിലൊരു സങ്കടം കുടുങ്ങുന്നു
നിറകൺചിരിയുമായ് ഞാനറിയുന്നു
പ്രണയം ഏറ്റം കുറുകുന്നത് ആസ്പത്രിക്കിടക്കയിലത്രേ !