Saturday, November 25, 2017

"കുട്ടികളൊക്കെ വലുതായിട്ടു വേണം അവരും ഞാനും കൂടി കുറേ യാത്രകൾ പോകാൻ".  പതിവു വാരാന്ത്യ സമയംകൊല്ലൽ വേളയിലെ സംസാരത്തിൽ അബദ്ധം പിണഞ്ഞതാവും എന്നാണ് ഞാൻ കരുതിയത് . ഉദ്ദേശിച്ചത്‌ കുട്ടികളുടെ കൂടെത്തന്നെ യാത്ര പോവലാണോ എന്ന ചോദ്യം മനസ്സിൽ വന്നെങ്കിലും ചോദിച്ചത് ഇങ്ങനെയാണ്, "അപ്പോൾ നിങ്ങളുടെ ആ ചിത്രങ്ങളിലൊന്നും ഞാൻ ഇല്ല അല്ലേ ?".  കഴിച്ച ബിരിയാണിയുടെ ആലസ്യത്തിൽ കസേരയിലോട്ടു ചാഞ്ഞിരുന്ന ആൾ എന്നെയൊന്നു നോക്കി, "ഓ, നീ ക്ഷീണിതയായിരിക്കും . നിനക്ക് വിശ്രമിക്കാമല്ലോ ".  ഒന്നും പറയാൻ തോന്നിയില്ല, വർഷങ്ങളത്രയും ഓടിക്കഴിഞ്ഞു  മൂലയിലേക്ക് മാറ്റിയിടപ്പെട്ട     ഒരു  പഴയ അംബാസഡർ കാറിനോട് ആദ്യമായി എനിക്കൊരു സ്നേഹം തോന്നി.

യാത്രകൾ പണ്ടൊക്കെ എനിയ്ക്ക് വലിയ ഇഷ്ടമായിരുന്നു. രാവിലെ തോളിൽ ഒരു സഞ്ചിയും തൂക്കി സുസൂക്കിയുടെ പിറകിൽ കയറിയാൽ പിന്നെ തളരുവോളം , അതു ആർത്തലച്ചു പെയ്യുന്ന മഴയായാലും പൊള്ളുന്ന വെയിലായാലും . മടുക്കുമ്പോൾ എവിടെയെങ്കിലും നിർത്തി എന്തെങ്കിലും കഴിയ്ക്കുക , പിന്നെ വീണ്ടും.. അങ്ങനെ കുന്നും മലകളും കാടുകളും നഗരങ്ങളും . കുടജാദ്രിയുടെ മൂടൽ മഞ്ഞണിഞ്ഞ മനോഹാരിതയും  വന്യതയും.

പതിയെപ്പതിയെ യാത്രകളോടുള്ള കമ്പം കുറഞ്ഞുവന്നു.
യഥാർത്ഥത്തിൽ അത് കുറഞ്ഞുവന്നതല്ല,  ജീവിതത്തിലെ മാറ്റങ്ങൾക്കനുസരിച്ചു മറ്റു പലതിനും പ്രാധാന്യം ഏറിയതാണ് .  "കുഞ്ഞിനേയും കൊണ്ട് നീ എന്തിനാണ് ഇത്ര യാത്ര ചെയ്യുന്നത്? അവൻ പോയിട്ട് വരട്ടേ " എന്ന സംയുക്താഭിപ്രായത്തിനു മുന്നിൽ യാത്രകളുടെ പ്രാധാന്യം മെല്ലെമെല്ലെ മങ്ങിവന്നു . കുഞ്ഞുങ്ങൾ അൽപ്പം കൂടി മുതിർന്നപ്പോൾ, "കുട്ടികളുടെ പഠനം കളഞ്ഞു നീ പോകണോ?" ചോദ്യത്തിന്റെ ശൈലി മാത്രമേ മാറിയിട്ടുള്ളൂ .

"നമുക്കൊന്ന് ഐസ്‌ലാന്റിൽ പോകണം , ഫോട്ടോഗ്രാഫിയ്ക്ക് പറ്റിയ സ്ഥലമാണ് " ഭർത്താവ് പറഞ്ഞപ്പോൾ ഞാൻ ആദ്യം ആലോചിച്ചതും പറഞ്ഞതും  ആ ഒരാഴ്ചകൂടി കിട്ടിയാൽ നാട്ടിൽ അച്ഛനമ്മമാരുടെ കൂടെ നിൽക്കാമായിരുന്നു എന്നാണ് .

പക്ഷേ , പിന്നീട് എപ്പോഴോ ഞാൻ ഓർത്തു , പോകണം, കുറേ സ്ഥലങ്ങളിൽ പോകണം . കുട്ടികളൊക്കെ സെറ്റിലായിക്കഴിയുമ്പോൾ ജോലിയൊക്കെ മതിയാക്കി കുറച്ചു യാത്രകൾ പോകണം, ആൾത്തിരക്കുകൾക്കിടയിൽ അറിയപ്പെടാത്ത രണ്ടു യാത്രികരായി.  വല്യ വല്യ നഗരങ്ങൾ വേണ്ട, മനസ്സിന് കുളിർമ്മ തരുന്ന കുറച്ചു സ്ഥലങ്ങൾ . പക്ഷേ , കഴിയുമോ എന്നറിയില്ല , മറ്റൊന്നുമല്ലാ , കാലിൽ ചങ്ങലകളിട്ട് പുറകോട്ടു വലിയ്ക്കുന്ന ബന്ധങ്ങൾ . എത്ര മുതിർന്നാലും എവിടെയായാലും എന്റെ മക്കൾ ഉണ്ടോ ഉറങ്ങിയോ എന്ന ആവലാതികൾ .

ചിലർ അങ്ങനെയാണ് , അവരുടെ സന്തോഷങ്ങൾ വീടിന്റെ നാലു ചുമരുകൾക്കുള്ളിലും കുടുംബത്തിന്റെ കൂടെയും മാത്രമേ പൂർണമാകുന്നുള്ളു, അത് മടി കൊണ്ടല്ല,   കാലഹരണപ്പെട്ട മനസ്സുള്ളതുകൊണ്ടുമല്ല , അമ്മയായതുകൊണ്ടാണ് ,   സ്വന്തം കാര്യം മാത്രം നോക്കി ഇറങ്ങിപ്പോകാൻ ചിന്തകൾ അനുവദിക്കാത്തതുകൊണ്ടാണ് .




വിടർന്ന കണ്ണുകളും നിഷ്കളങ്കത നിറഞ്ഞ ചിരിയുമായി നിൽക്കുന്ന ആ പിഞ്ചുകുഞ്ഞിന്റെ മുഖം എത്ര ശ്രമിച്ചിട്ടും മനസ്സിൽ നിന്നും മായുന്നില്ല. രണ്ടു ദിവസമായി കുഞ്ഞു ഐലിനാണ് മാധ്യമങ്ങളിൽ നിറയുന്നത് .  അതെന്നെ കൊണ്ടുപോകുന്നത് മറ്റൊരു നടുക്കത്തിന്റെ ഓർമയിലേക്കാണ്.

ഏകദേശം  എട്ടു വർഷങ്ങൾക്കു മുൻപാണ് . ഇളയ മോനെ ഗർഭിണിയായിരിക്കുന്ന സമയം . നിറവയറുമായി ഒന്ന് വീണതിനാൽ അതീവ ശ്രദ്ധയിലാണ് മുന്നോട്ടുപോകുന്നത് . നമ്മുടെ കലൂരിലെ ഇന്ത്യൻ എക്സ്പ്രസ്സ് ബിൽഡിങ്ങിൽ ആണ് അന്ന് ഓഫീസ്. പതിവുപോലെ രാവിലെ ജോലിക്കെത്തിയപ്പോഴേ രവി സർ പറഞ്ഞു, "വൈകിട്ട് സ്റ്റേഡിയത്തിൽ ഒരു രാഷ്‌ട്രീയ പാർട്ടിയുടെ സമ്മേളനമുണ്ട് , കുട്ടി നേരത്തെ ഇറങ്ങിക്കോളൂ ". അന്ന് സെക്ഷനിൽ ഉള്ള മറ്റൊരു വനിത എത്തിയിട്ടുമില്ല . എങ്കിലും എനിക്ക് അശേഷം ഭയം തോന്നിയില്ല. കാരണം രവി സാറും ഭാസ്കരൻ സാറുമെല്ലാം സ്വന്തം മകളോടെന്നപോലെ എനിയ്ക്കൊരു കരുതൽ തരുന്നുണ്ട് .

ഉച്ചകഴിഞ്ഞപ്പോൾ എന്തോ വല്ലാത്ത ക്ഷീണം, ഒരു ശ്വാസം മുട്ടുപോലെ . നെഞ്ചിൽ എന്തോ കുരുങ്ങി നിൽക്കുന്നതുപോലെ, വയറിനാണെങ്കിൽ വല്ലാത്ത വേദനയും. വല്ലാതെ വിയർക്കുന്നുമുണ്ട് . എന്റെ ഭാവമാറ്റം കണ്ട് സഹപ്രവർത്തകർ ഓടി വന്നു , എനിക്ക് ശ്വസിക്കാനുള്ള ബുദ്ധിമുട്ട് കൂടി വരുന്നതുപോലെ . ആരോ ഭർത്താവിനെ വിളിച്ചുപറഞ്ഞു , ആസ്പത്രിയിൽ എത്തിക്കണം , ടാക്സി വിളിക്കാൻ പോയ പയ്യൻ ഓടി വന്ന് രവിസാറിനോട് പറഞ്ഞു, "ടാക്സി പോവില്ല, വഴിയെല്ലാം ബ്ലോക്ക് ആണ്, മെഡിക്കൽ സെൻറർ വരെ സ്റ്റേഡിയത്തിലോട്ടു പ്രവർത്തകരുടെ ഒഴുക്കാണ് ". ജോലിക്കു കൊണ്ടുപോയ കാർ വഴിയിലിട്ട് ആരുടെയൊക്കെയോ ബൈക്കിൽ കയറി ഓടിക്കിതച്ചു ഭർത്താവ് എത്തി . അറിയാവുന്ന ഒരു ടാക്സി വിളിച്ചു  മെഡിക്കൽ സെന്ററിലേക്ക് .

വഴിനിറയെ മഞ്ഞക്കടലായിരിക്കുന്നു . അണികൾ മുദ്രാവാക്യങ്ങൾ ആഞ്ഞു വിളിച്ചു ഏതോ ഉന്മാദലഹരിലെന്നപോലെ നടക്കുന്നു. പാലാരിവട്ടത്തെത്തിയപ്പോൾ ആരോ കാർ തടഞ്ഞു . ഡ്രൈവർ പുറത്തിറങ്ങി കാര്യം പറഞ്ഞു . കടന്നുപോകാൻ പറ്റില്ലെന്ന് തടഞ്ഞവർ കട്ടായം പറഞ്ഞു. തളർന്നവശയായി ചാഞ്ഞിരുന്ന എന്നെ വിട്ട് ഭർത്താവ് പുറത്തിറങ്ങി , കരഞ്ഞപേക്ഷിച്ചു . വഴിയേ പോകുന്നവർ നിറവയറുമായി വണ്ടിയിലിരുന്നു കരയുന്ന എന്നെ നോക്കി നിസ്സംഗരായി നടന്നകന്നു .

അപ്പോൾ ആണ് ഒരു പോലീസ് വാഹനത്തിനു മുൻപിലായി ഒരു പോലീസുകാരൻ ഓടി വന്നത് . "വാഹനം മാറ്റൂ , ഐ ജി വരുന്നുണ്ട് , അദ്ദേഹത്തിന്റെ വാഹനം കടന്നുപോകണം ".  ഭർത്താവിന്റെ കരച്ചിലോ അപേക്ഷയോ ഒന്നും കേൾക്കപ്പെട്ടില്ല.  യാത്ര തടസ്സപ്പെടുത്തി മുന്നിൽ കിടക്കുന്ന കാർ കണ്ട്, ഐ ജി ഇറങ്ങിവന്നു, മനോജ് എബ്രഹാം I P S . അദ്ദേഹം കാര്യം തിരക്കി . ഡോറിനടുത്തു വന്ന് എന്നോട് പറഞ്ഞു , "കുട്ടി പേടിക്കേണ്ട ". എന്നിട്ട് കാറിനു മുന്നിൽ നടന്നു, ഒപ്പം കുറേ പോലീസുകാരും. പിന്നെയെല്ലാം പെട്ടെന്നായിരുന്നു . ആളുകൾ അരികിലേക്ക് മാറി, കുറച്ചു ദൂരം അദ്ദേഹം നടന്നു, പിന്നെ രണ്ടു പോലീസുകാർ ആസ്പത്രി വരെ. സ്ഥിതി വഷളാവുന്നതിനു മുൻപ് ആസ്പത്രിയിൽ എത്തി .ഇപ്പോഴും ഞാൻ ആഗ്രഹിക്കുന്നുണ്ട് , എന്നെങ്കിലും അദ്ദേഹത്തെ കണ്ടാൽ പറയാതെപോയ ഒരു നന്ദി പറയണമെന്ന് .

വാർത്താമൂല്യം ഉള്ള ദുരന്തങ്ങളൊന്നും ഉണ്ടാവാത്തതിനാൽ ഇതൊരു അറിയപ്പെടാത്ത സംഭവമായി.  പക്ഷേ , എത്രയോ ജീവിതങ്ങൾ ഇത്തരം കോപ്രായങ്ങളിൽ മാറ്റിയെഴുതപ്പെട്ടിട്ടുണ്ടാവാം . മനുഷ്യനിലും വലുതല്ല  ഒരു കൊടിയുടെയും നിറം എന്ന് എന്നാണ് നമ്മൾ തിരിച്ചറിയുക?

ദൈവത്തിന്റെ കൈയ്യൊപ്പുമായി നിന്നെ രക്ഷിക്കാൻ  ഒരു മാലാഖയും അവതരിച്ചില്ലല്ലോ കുഞ്ഞേ .....  പ്രിയപ്പെട്ടവർ ആരെങ്കിലും കടന്നുപോകുന്നത് വരെ പ്രതികരിക്കാൻ കൂട്ടാക്കാത്ത  ഒരു സമൂഹത്തിനു വേണ്ടി മാപ്പ് .



































Saturday, November 18, 2017

പതിനേഴു വർഷത്തിനു ശേഷം ഇന്ത്യക്കു വീണ്ടും ലോകസുന്ദരിപ്പട്ടം കിട്ടിയത്രേ . "സ്വപ്നകിരീടം" സ്വന്തമാക്കിയ പെൺകുട്ടിക്കും ആ പെൺകുട്ടിയെ സ്വന്തമാക്കിയ നമ്മുടെ നാടിനും അഭിമാനമുഹൂർത്തം . അതിലുപരി, സുന്ദരിപ്പട്ടത്തിലേക്കു കണ്ണും നട്ടിരിക്കുന്ന ഭാവി സുന്ദരികൾക്ക് പ്രതീക്ഷയുടെ പൊൻവെളിച്ചം..

ഇതിലൊന്നും എനിയ്ക്കൊരു എതിർപ്പുമില്ല. മാത്രമല്ല, പുതിയ സുന്ദരിയെ എനിക്കങ്ങോട്ടു ഇഷ്ടപ്പെടുകയും ചെയ്തു. പിന്നെ ആ അവസാന ചോദ്യത്തിന്റെ ഉത്തരം, അത് പലരെയും  വീഴ്ത്തിക്കളഞ്ഞു . "ലോകത്തിൽ ഏറ്റവും പ്രതിഫലം അർഹിക്കുന്ന ജോലി എന്ത് " എന്നതിന് "'അമ്മ" എന്ന ഉത്തരം. അതൊരു ജോലിയാണോ എന്ന് നാഴികക്ക് നാല്പതുവട്ടം ചോദിച്ചിരുന്നു മഹാനുഭാവന്മാരൊക്കെ ലോകസുന്ദരിയുടെ ഉത്തരത്തോടെ മൗനികളായി തലയാട്ടി.

എന്റെ പ്രശ്നം ഇതൊന്നുമല്ല. സൗന്ദര്യത്തിന്റെ അളവുകോൽ എനിക്കങ്ങോട്ടു പിടിച്ചിട്ടില്ല. അളന്നും തൂക്കിയും സൗന്ദര്യം പറയുന്ന രീതി ഇല്ലാത്ത പഴഞ്ചൻ മനഃസ്ഥിതിയായതുകൊണ്ടാവാം .    മുഖത്ത് നിറയുന്ന നിറങ്ങൾ, കാലിയാക്കുന്ന കീശകളുടെ ദീനരോദനം ഓർത്തുമാകാം. സർവോപരി അവ സൃഷ്ടിക്കുന്ന മായാലോകത്തിന്റെയും മത്സരബുദ്ധിയുടെയും അപകടഭീതി കണ്മുന്നിൽ തെളിയുന്നതുകൊണ്ടുമാകാം.

എന്താണ് സൗന്ദര്യം, അതിനെ ഒരു സ്കെയിൽ വച്ച് അളക്കാനാകുമോ , അളക്കേണ്ടതുണ്ടോ ഇതൊക്കെ  മുൻപേതന്നെ ചർച്ച ചെയ്തു തളർന്നതാണ് . കിട്ടാത്ത മുന്തിരി പുളിക്കും എന്നൊക്കെപ്പറഞ്ഞു ചിലരെങ്കിലും അടിച്ചിരുത്തും. എങ്കിലും പറയാതെ വയ്യ, പ്രത്യേകിച്ചും ഈ "അഭിമാന മുഹൂർത്തത്തിൽ".

സൗന്ദര്യത്തെക്കുറിച്ചുള്ള നമ്മുടെ ചിന്ത നിറത്തിൽ തുടങ്ങുന്നു, വെളുത്ത പെണ്ണുവേണം എനിക്ക് എന്നു പറയുമ്പോൾ നിറം കുറഞ്ഞ നമ്മുടെ സ്വന്തം അമ്മയെയോ പെങ്ങന്മാരെയോ നമ്മളെ തന്നെയോ നമ്മൾ മറന്നുപോവുന്നു .
 "മോന് കുഞ്ഞുണ്ടായീട്ടോ" എന്ന് പറയുമ്പോൾ  "നിറം എങ്ങനെ, വെളുത്തതാ?" എന്ന ചോദ്യത്തിൽ നിന്നും നമ്മൾ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. സൗന്ദര്യത്തിനു, നിറം ഒരു അളവുകോലാവരുത്.

നല്ല പെരുമാറ്റവും, മനോഭാവവും ആവണം അതിൽ മുഖ്യം. കണ്ണുകൾ തിളങ്ങേണ്ടത് "ലാക്മെ"യുടെ മാത്രം പിൻബലത്തിലാവരുത് , ആത്മവിശ്വാസത്തിന്റെ തിളക്കമാവണം അത് . സമൂഹത്തിനു മുന്നിൽ നമ്മെ വലിയവരാക്കുന്നത് ഇട്ടിരിക്കുന്ന ഉടുപ്പുകളുടെ ബ്രാൻഡുകൾ  അല്ല , നമ്മെ നാം എങ്ങിനെ രൂപപ്പെടുത്തുന്നു എന്നതാണ് . തല ഉയർത്തിനിൽക്കുമ്പോഴും ഭൂമിയാണ് നമ്മെ താങ്ങുന്നതെന്ന തിരിച്ചറിവാണത് .

നമ്മുടെ കുഞ്ഞുങ്ങളെ നമുക്ക് സുന്ദരന്മാരും സുന്ദരികളുമാക്കാം , അതിനു കൂർത്ത മുനകളിൽ അവർ എല്ലൊടിഞ്ഞു നടക്കേണ്ടതില്ല , പാകമല്ലാത്ത ഉടുപ്പുകളിൽ നാണം മറയ്ക്കാൻ പാടുപെടേണ്ടതുമില്ല  . അവരെ നല്ല മനുഷ്യരാക്കി വളർത്തിയാൽ മതി . സ്നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിച്ചാൽ മതി . എരിയുന്ന വയറിനും നീട്ടുന്ന കൈകൾക്കും താങ്ങാവണം എന്ന് ഓര്മിപ്പിച്ചാൽ മതി . അതിനു പത്തും പതിനേഴും വർഷങ്ങൾ കാത്തിരിക്കേണ്ടതില്ല .



Friday, November 10, 2017


"നിനക്ക് മുറിയിൽ നിന്നിറങ്ങുമ്പോൾ ആ ലൈറ്റും ഫാനും നിർത്തിക്കൂടെ? " പല പ്രാവശ്യം ആവർത്തിച്ചിട്ടും അതിനു തെല്ലു ശ്രദ്ധ പോലും കൊടുക്കാത്തതിലുള്ള ദേഷ്യം മുഴുവനും എന്റെ സ്വരത്തിലുണ്ടായിരുന്നു.  "ആ, സോറി 'അമ്മ", കഴിഞ്ഞു പ്രതികരണം .  "ഒരു ഗ്ലാസ്സ് കഴുകുന്നതിനാണോ മോളെ ആ പൈപ്പ് ഇങ്ങനെ തുറന്നിട്ടിരിക്കുന്നത്?"  ഒരു കയ്യിലിരുന്ന ബുക്കിൽ നിന്നും കണ്ണെടുത്തു അവൾ എന്നെ തുറിച്ചു നോക്കി. " ഇതെന്താ  ഹിറ്റ്ലർ ഭരണമോ?" എന്ന് മുറുമുറുത്തു .

അലക്ഷ്യമായി തുറന്നിട്ട് നഷ്ടപ്പെടുത്തുന്ന വെള്ളവും ആളൊഴിഞ്ഞ മുറികളിൽ കത്തി നിൽക്കുന്ന ബൾബുകളും അവിരാമം  കറങ്ങുന്ന ഫാനുകളുമെല്ലാം എൻറെ ജോലിഭാരം കൂട്ടുന്നുണ്ട്  ഈയിടയായി .  പണ്ട് അച്ഛനായിരുന്നു ഇങ്ങനെ ഓരോരുത്തരുടെയും പുറകെ നടന്ന് ശകാരിച്ചു  അനാവശ്യമായ ലൈറ്റുകളും ഫാനുകളുമൊക്കെ ഓഫാക്കിക്കൊണ്ടിരുന്നത് . കിണർ നിറയുന്ന മഴക്കാലത്തുപോലും പാഴാക്കുന്ന ഓരോ തുള്ളിയുടെയും  ഓരോ അരിമണിയുടെയും കണക്കെടുപ്പുകൾ ഒട്ടൊക്കെ അലോസരമായിരുന്നു സൃഷ്ടിച്ചിരുന്നത്. 

പിന്നീട്, സ്വന്തമായി ജീവിതം തുടങ്ങിയപ്പോൾ ഒരിക്കൽ പോലും അത്തരം ചിന്തകൾ എനിക്ക് വന്നിരുന്നില്ല . രാവും പകലുമന്യേ എന്റെ മുറികളിൽ ലൈറ്റും ഫാനും പ്രവർത്തിച്ചു . തുറന്നിട്ട പൈപ്പുകളിൽ വെള്ളം ഒഴുകിയിറങ്ങി . ഫ്രിഡ്ജിൽ ഭക്ഷണം കുന്നുകൂടി. അടിയ്ക്കടി കൂടിക്കൂടി വന്ന ബില്ലുകൾ തെല്ലും എന്നെ ആശങ്കപ്പെടുത്തിയില്ല. കാശുകൊടുക്കുന്നവന്റെ ധാർഷ്ട്യം എന്നെയും പിടികൂടി. ഫൗസിയയെ കാണുന്നതുവരെ .

പുതിയ ജോലിയിൽ പ്രവേശിച്ചു ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ ആണ് ഒരു ഉച്ച നേരത്തു ഫൗസിയ കടന്നു വരുന്നത് . മെലിഞ്ഞു നീണ്ട ഒരു സ്ത്രീ . അത്ര ആകർഷണീയമല്ലാത്ത വേഷം. ആളെ മനസ്സിലാകാഞ്ഞിട്ടും ഞാൻ പുഞ്ചിരിച്ചു, എന്റെ നേരെ ഒന്ന് നോക്കി നിർവികാര ഭാവത്തിൽ അവർ മുറിയിലേക്ക് കടന്നുവന്ന് കയ്യിലെ പേപ്പറുകൾ അവിടെ വച്ച് ഇറങ്ങിപ്പോയി . "നമ്മുടെ സ്റ്റാഫ് ആണ്, ഓഫ്‌സൈറ്റ്  ആണ് ജോലി" ആരോ പറഞ്ഞു.  പിന്നീട് പല പ്രാവശ്യം. തോൽക്കാൻ മനസ്സില്ലാത്തതുകൊണ്ട് , ഓരോ പ്രാവശ്യവും ഫൗസിയയെ കാണുമ്പോൾ ഞാൻ ചിരിച്ചു, അഭിവാദ്യം ചെയ്തു . പതിയെപ്പതിയെ അവർ എന്നോട് ചിരിച്ചു തുടങ്ങി.

പാതിവഴിയിൽ മതിയാക്കിയ ഭക്ഷണം ചവറ്റുകൊട്ടയിലേക്കു ഇടാൻ തുടങ്ങുമ്പോളാണ് അന്ന് ഫൗസിയ കടന്നു വന്നത്. "ആവശ്യമുള്ള ഭക്ഷണം എടുത്താൽ പോരെ,  എന്തിനാണ് ഇതിങ്ങനെ കളയുന്നത്? എത്രയോ പേർ ഇതിനുവേണ്ടി യാചിക്കുന്നു." പരുഷമായ ആ സ്വരം കേട്ട് എനിക്ക് കുറ്റബോധം തോന്നി.  ബാക്കിയായ ഭക്ഷണത്തിൽ കരയുന്ന ദീനമായ മുഖങ്ങൾ..

ഫൗസിയ എന്റെ എതിരെ വന്നിരുന്നു. "ഞാൻ സൊമാലിയയിൽ നിന്നാണ് ,  ദാരിദ്ര്യത്തിൽ മുങ്ങിയ ഒരു ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം  വയർ നിറഞ്ഞു ഉറങ്ങുന്ന ഒരു ദിവസം ആയിരുന്നു. ഒരു റൊട്ടി ആറു കുട്ടികൾക്ക് പങ്കിട്ടു കൊടുക്കേണ്ടി വരുന്ന ഒരു പിതാവിന്റെ ഗതികേട് നിങ്ങൾക്കു മനസ്സിലാകുമോ എന്നറിയില്ല. ഞാൻ അത് കണ്ടാണ് വളർന്നത് . മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിലൂടെയുള്ള നൂൽപാലമായിരുന്നു കാനഡയിലേക്കുള്ള കുടിയേറ്റം .അഭയാർത്ഥിയായിട്ട്  പലരുടെയും കാരുണ്യത്തിൽ ഇവിടെ വന്നിറങ്ങുമ്പോൾ  ഇതൊരു മാന്ത്രികലോകമായാണ് തോന്നിയത് . വൃത്തിയുള്ള ഉടുപ്പുകളും നിറഞ്ഞ ചിരിയുമുള്ള മനുഷ്യരും നിറഞ്ഞ ഒരു ലോകമുണ്ടെന്നു തന്നെ വിശ്വസിച്ചത് അപ്പോളാണ് . പഠിക്കാൻ സഹായം കിട്ടി. പഠിച്ചു , ചെറിയൊരു ജോലി കിട്ടി .കുട്ടികൾ വലുതായി . എന്നാലും പിന്നിട്ട കല്ലും മുള്ളും നിറഞ്ഞ വഴികൾ മനസ്സിൽ നിന്നും മായുന്നില്ല. അനാവശ്യമായി കളയുന്ന ഓരോന്നിന്റെയും അവകാശികൾ ഈ ലോകത്തിന്റെ മറ്റൊരു കോണിൽ നിറപ്പകിട്ടില്ലാത്ത ജീവിതങ്ങളിൽ അലയുന്നുണ്ടെന്ന ഓർമ്മ ഓരോ നിശ്വാസത്തിലും എനിക്കുണ്ട്".

എഴുന്നേറ്റു നിന്ന് ഞാൻ അവരോട് ചോദിച്ചു. "ഞാൻ നിങ്ങളെയൊന്ന് ആലിംഗനം ചെയ്തോട്ടെ?" ഒരു വലിയ പാഠമാണ് അവരെന്നെ പഠിപ്പിച്ചത് .  അഹങ്കാരത്തിന്റെയും ആഡംബരത്തിന്റെയും ധൂർത്തിന്റെയും കാട്ടിക്കൂട്ടലുകൾക്കപ്പുറം ഈ ലോകത്തിന്റെ ഓരോ അവകാശികളോടും ഞാൻ കടപ്പെട്ടിരിക്കുന്നു എന്ന സത്യം .

"അമ്മാ , എനിക്കിന്ന് ചപ്പാത്തി വേണ്ട, വ്യത്യസ്തമായതെന്തെങ്കിലും...."  ഞാൻ അവളെ രൂക്ഷമായി നോക്കി. "ഓ, സൊമാലിയയിൽ 120 കുട്ടികൾ പട്ടിണിമൂലം....എനിക്കോര്മയുണ്ട് അമ്മാ , സോറി ". പാത്രം കാലിയാക്കി അവൾ എഴുന്നേറ്റു.


Friday, November 3, 2017

എന്റെ ഉറക്കം കെടുത്തി കൂർക്കം വലിച്ചുറങ്ങുന്ന ഭർത്താവിനെ കണ്ടിട്ട് എനിക്ക് അനിയന്ത്രിതമായ ദേഷ്യം വന്നു.  തിരിഞ്ഞും മറിഞ്ഞും പല പ്രാവശ്യം ശ്രമിച്ചെങ്കിലും ഉറക്കം എന്റെ കണ്ണുകളിൽനിന്നും ഓടിയൊളിച്ചിരുന്നു . എഴുന്നേറ്റു ജനാലക്കരികിൽ പോയി പുറത്തേയ്ക്കു നോക്കി,  ചുറ്റുപാടും വെളുപ്പുമയം. എത്ര പെട്ടെന്നാണ് തീജ്വാലകൾ പോലെ നിറഞ്ഞു നിന്നിരുന്ന മഞ്ഞയും ഓറഞ്ചും  കലർന്ന കണ്ണഞ്ചിപ്പിച്ച നിറം വിരസമായ വെളുപ്പിന് വഴിമാറിക്കൊടുത്തത്, മെയ്‌വഴക്കമേറിയ ഒരു മജീഷ്യന്റെ കൈവിരുതുപോലെ .

വല്ലാതെ ക്ഷീണിച്ചാണ്‌ വൈകിട്ട് വീട്ടിൽ വന്നു കയറിയത്. മഞ്ഞുകാലം അതിശക്തമായിത്തന്നെ അതിന്റെ വരവറിയിക്കുന്നുണ്ട് . മുഴുനീളൻ ജാക്കറ്റിനുള്ളിൽ ആഴ്ന്നിറങ്ങി മഞ്ഞിലൂടെ ആയാസപ്പെട്ട് കാലുകൾ വലിച്ചു നടന്നാണ് ട്രെയിൻ സ്റ്റേഷനിൽ എത്തിയത്. മുഖത്തേക്ക് ആഞ്ഞടിച്ചുകൊണ്ടിരുന്ന മഞ്ഞു തുള്ളികൾ കാഴ്ച തടസ്സപ്പെടുത്തുന്നുണ്ടായിരുന്നു .  ആവി പറക്കുന്ന ഒരു ചൂടു ചായയിൽ ഈ തണുപ്പ് അലിയിച്ചു കളയാൻ കൊതിച്ചാണ് വീട്ടിൽ കയറിയത് .  ആണുങ്ങളുടെ അധികാരങ്ങളെക്കുറിച്ചും അവർ ചെയ്യരുതാത്തതായ പണികളെക്കുറിച്ചും ബോധ്യപ്പെടുത്തി മലയാളികളുടെ സ്വതഃസിദ്ധമായ ദുരഭിമാനത്തെ ചൂടുപിടിപ്പിക്കാൻ ആരും വീട്ടിലില്ലാത്തതു കൊണ്ട്, വന്നു കയറുമ്പോൾ അപൂർവ്വമെങ്കിലും ഒരു ചായയോ മലയാളിക്കടയിലെ വിറങ്ങലിച്ച പഴംപൊരി ചൂടാക്കിയതോ ഒക്കെ കിട്ടാറുണ്ട് . അതിങ്ങനെ നുണഞ്ഞു  അലസമായിരിക്കുമ്പോൾ ആണ് വീണ്ടും ആ ചിന്ത ഞങ്ങൾക്കിടയിലേക്ക് പൊട്ടിവീണത് .

പിറന്ന മണ്ണു വിട്ട് ഈ നാട്ടിൽ വന്നിറങ്ങിയ അന്ന് മുതൽ തുടങ്ങിയതാണ് ഒരു മടങ്ങിപ്പോകലിനെക്കുറിച്ചുള്ള സ്വപ്നം . പത്തു വർഷങ്ങൾക്കു ശേഷം ഒരു മടക്കയാത്ര എന്ന എന്റെ മോഹത്തെ അതിമോഹമായി പലരും വിശേഷിപ്പിച്ചെങ്കിലും ആ കച്ചിത്തുരുമ്പിൽ ഞാൻ ഒരുപാടു നാൾ ജീവിതം മുന്നോട്ടുകൊണ്ടുപോയി . എട്ടുവർഷങ്ങൾക്കിപ്പുറം ഇതു പോലൊരു മഞ്ഞുറഞ്ഞ സന്ധ്യയിലെ സംഭാഷണങ്ങൾക്കിടയിലാണ് ഭർത്താവ് പറയുന്നത് , "മോൾ യൂണിവേഴ്സിറ്റി കഴിയട്ടെ , അപ്പോൾ നമുക്ക് മടക്കയാത്രയെക്കുറിച്ചു ചിന്തിക്കാം". ഓടിക്കൊണ്ടിരുന്ന ട്രെയിൻ ആരോ അപായച്ചങ്ങല പിടിച്ചു വലിച്ചു നിർത്തിയതുപോലെയാണ് എനിക്കു തോന്നിയത് .

"അതിന് ഇനിയും എത്രയോ വർഷങ്ങൾ.. " ആത്മഗതം ഉറക്കെയായിപ്പോയതു കൊണ്ട്, "അല്ലെങ്കിലും നമ്മുടെ വയസ്സു കാലത്തു ആരാണ് നമുക്ക് നാട്ടിൽ ഉണ്ടാവുക ? മക്കൾ അവരുടെ വഴിക്കു പോകും. അപ്പോൾ ഇവിടെ ഏതെങ്കിലും വൃദ്ധസദനം തന്നെ നല്ലത്. നോക്കാൻ നേഴ്സ് എങ്കിലും ഉണ്ടാവും.", കണിശവും കൃത്യവുമായ മറുപടി എന്നെ നിശ്ശബ്ദയാക്കി . നാട്ടിൽ എന്താണ് എന്നെ കാത്തിരിക്കുന്നതെന്ന ചോദ്യത്തിനു മറുപടി പറഞ്ഞാൽ അത് ആർക്കെങ്കിലും മനസ്സിലാവുമോ എന്നുറപ്പില്ലാത്തതിനാൽ ഞാൻ ഒരു വിളറിയ ചിരിയിൽ എന്നെ പിടിച്ചു കെട്ടി. കുറേ ദിവസങ്ങൾ അതെന്റെ സ്വര്യം കെടുത്തി .

ഇന്നു ചായ ഊതി കുടിക്കുമ്പോൾ ആണ് പാതി തമാശയായി അദ്ദേഹം പറയുന്നത്, "പുതിയ ഒരു ഫെസിലിറ്റി വരുന്നുണ്ട് , ഇവിടെ അടുത്താണ്, പോയി നോക്കിയാലോ? " വായിലേക്ക് ഒഴിച്ച ചായ ആവിയായിപ്പോയതുപോലെ . "അല്ല, നമുക്കു തിരിച്ചു പോകണം, നാടിന്റെ മണം തന്നെ നമ്മളെ പൊതിഞ്ഞു സംരക്ഷിക്കും . ആരെങ്കിലുമൊക്കെ കാണില്ലേ നമുക്ക്?".  കുത്തിക്കൊണ്ടിരുന്ന ഫോൺ നിർത്തി ആൾ എന്നെ ഏറുകണ്ണിട്ടു നോക്കി "നീ എന്നു പ്രാക്ടിക്കൽ ആവും?" എന്നു പിറുപിറുത്തു .

ഉറങ്ങാൻ കിടന്നപ്പോൾ തന്നെ ഭർത്താവ് ജാമ്യമെടുത്തു, "നീ ഉറങ്ങിയില്ലെങ്കിലും എന്നെ വിളിച്ചുണർത്തരുത് , നല്ല ക്ഷീണം ഉണ്ട്".

പുറത്തേക്കുള്ള നോട്ടം അവസാനിപ്പിച്ചു മോളുടെ മുറിയിൽ പോയി നോക്കി, അവൾ ശാന്തമായി ഉറങ്ങുന്നുണ്ട്. ഉറങ്ങിക്കിടക്കുമ്പോഴും മോന്റെ മുഖത്തൊരു ചിരി പാതി വിരിഞ്ഞു നിൽപ്പുണ്ട് .  മക്കളെ കണ്ടും മാമ്പൂ കണ്ടും മോഹിക്കരുതെന്ന് ആരോ പറഞ്ഞതോർത്തു . സ്വന്തം ജീവിതം തേടി മക്കൾ യാത്രയാവുന്നതും എന്റെ വീട് കിളിയൊഴിഞ്ഞ കൂടുപോലെ ശൂന്യമാവുന്നതും ഞാൻ സങ്കൽപ്പിച്ചു . "ഒടുവിൽ ഞാനും നീയും മാത്രമാവും" എന്ന  സത്യം വല്ലാതങ്ങു പേടിപ്പിച്ചു . കുലുക്കി വിളിച്ചാലോ എന്നോർത്ത് കൈയ്യെടുത്തു . വേണ്ട, ഉറങ്ങട്ടെ, ദുഃസ്വപ്നങ്ങൾ കാണാതെ .....