"നിനക്ക് മുറിയിൽ നിന്നിറങ്ങുമ്പോൾ ആ ലൈറ്റും ഫാനും നിർത്തിക്കൂടെ? " പല പ്രാവശ്യം ആവർത്തിച്ചിട്ടും അതിനു തെല്ലു ശ്രദ്ധ പോലും കൊടുക്കാത്തതിലുള്ള ദേഷ്യം മുഴുവനും എന്റെ സ്വരത്തിലുണ്ടായിരുന്നു. "ആ, സോറി 'അമ്മ", കഴിഞ്ഞു പ്രതികരണം . "ഒരു ഗ്ലാസ്സ് കഴുകുന്നതിനാണോ മോളെ ആ പൈപ്പ് ഇങ്ങനെ തുറന്നിട്ടിരിക്കുന്നത്?" ഒരു കയ്യിലിരുന്ന ബുക്കിൽ നിന്നും കണ്ണെടുത്തു അവൾ എന്നെ തുറിച്ചു നോക്കി. " ഇതെന്താ ഹിറ്റ്ലർ ഭരണമോ?" എന്ന് മുറുമുറുത്തു .
അലക്ഷ്യമായി തുറന്നിട്ട് നഷ്ടപ്പെടുത്തുന്ന വെള്ളവും ആളൊഴിഞ്ഞ മുറികളിൽ കത്തി നിൽക്കുന്ന ബൾബുകളും അവിരാമം കറങ്ങുന്ന ഫാനുകളുമെല്ലാം എൻറെ ജോലിഭാരം കൂട്ടുന്നുണ്ട് ഈയിടയായി . പണ്ട് അച്ഛനായിരുന്നു ഇങ്ങനെ ഓരോരുത്തരുടെയും പുറകെ നടന്ന് ശകാരിച്ചു അനാവശ്യമായ ലൈറ്റുകളും ഫാനുകളുമൊക്കെ ഓഫാക്കിക്കൊണ്ടിരുന്നത് . കിണർ നിറയുന്ന മഴക്കാലത്തുപോലും പാഴാക്കുന്ന ഓരോ തുള്ളിയുടെയും ഓരോ അരിമണിയുടെയും കണക്കെടുപ്പുകൾ ഒട്ടൊക്കെ അലോസരമായിരുന്നു സൃഷ്ടിച്ചിരുന്നത്.
പിന്നീട്, സ്വന്തമായി ജീവിതം തുടങ്ങിയപ്പോൾ ഒരിക്കൽ പോലും അത്തരം ചിന്തകൾ എനിക്ക് വന്നിരുന്നില്ല . രാവും പകലുമന്യേ എന്റെ മുറികളിൽ ലൈറ്റും ഫാനും പ്രവർത്തിച്ചു . തുറന്നിട്ട പൈപ്പുകളിൽ വെള്ളം ഒഴുകിയിറങ്ങി . ഫ്രിഡ്ജിൽ ഭക്ഷണം കുന്നുകൂടി. അടിയ്ക്കടി കൂടിക്കൂടി വന്ന ബില്ലുകൾ തെല്ലും എന്നെ ആശങ്കപ്പെടുത്തിയില്ല. കാശുകൊടുക്കുന്നവന്റെ ധാർഷ്ട്യം എന്നെയും പിടികൂടി. ഫൗസിയയെ കാണുന്നതുവരെ .
പുതിയ ജോലിയിൽ പ്രവേശിച്ചു ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ ആണ് ഒരു ഉച്ച നേരത്തു ഫൗസിയ കടന്നു വരുന്നത് . മെലിഞ്ഞു നീണ്ട ഒരു സ്ത്രീ . അത്ര ആകർഷണീയമല്ലാത്ത വേഷം. ആളെ മനസ്സിലാകാഞ്ഞിട്ടും ഞാൻ പുഞ്ചിരിച്ചു, എന്റെ നേരെ ഒന്ന് നോക്കി നിർവികാര ഭാവത്തിൽ അവർ മുറിയിലേക്ക് കടന്നുവന്ന് കയ്യിലെ പേപ്പറുകൾ അവിടെ വച്ച് ഇറങ്ങിപ്പോയി . "നമ്മുടെ സ്റ്റാഫ് ആണ്, ഓഫ്‌സൈറ്റ് ആണ് ജോലി" ആരോ പറഞ്ഞു. പിന്നീട് പല പ്രാവശ്യം. തോൽക്കാൻ മനസ്സില്ലാത്തതുകൊണ്ട് , ഓരോ പ്രാവശ്യവും ഫൗസിയയെ കാണുമ്പോൾ ഞാൻ ചിരിച്ചു, അഭിവാദ്യം ചെയ്തു . പതിയെപ്പതിയെ അവർ എന്നോട് ചിരിച്ചു തുടങ്ങി.
പാതിവഴിയിൽ മതിയാക്കിയ ഭക്ഷണം ചവറ്റുകൊട്ടയിലേക്കു ഇടാൻ തുടങ്ങുമ്പോളാണ് അന്ന് ഫൗസിയ കടന്നു വന്നത്. "ആവശ്യമുള്ള ഭക്ഷണം എടുത്താൽ പോരെ, എന്തിനാണ് ഇതിങ്ങനെ കളയുന്നത്? എത്രയോ പേർ ഇതിനുവേണ്ടി യാചിക്കുന്നു." പരുഷമായ ആ സ്വരം കേട്ട് എനിക്ക് കുറ്റബോധം തോന്നി. ബാക്കിയായ ഭക്ഷണത്തിൽ കരയുന്ന ദീനമായ മുഖങ്ങൾ..
ഫൗസിയ എന്റെ എതിരെ വന്നിരുന്നു. "ഞാൻ സൊമാലിയയിൽ നിന്നാണ് , ദാരിദ്ര്യത്തിൽ മുങ്ങിയ ഒരു ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം വയർ നിറഞ്ഞു ഉറങ്ങുന്ന ഒരു ദിവസം ആയിരുന്നു. ഒരു റൊട്ടി ആറു കുട്ടികൾക്ക് പങ്കിട്ടു കൊടുക്കേണ്ടി വരുന്ന ഒരു പിതാവിന്റെ ഗതികേട് നിങ്ങൾക്കു മനസ്സിലാകുമോ എന്നറിയില്ല. ഞാൻ അത് കണ്ടാണ് വളർന്നത് . മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിലൂടെയുള്ള നൂൽപാലമായിരുന്നു കാനഡയിലേക്കുള്ള കുടിയേറ്റം .അഭയാർത്ഥിയായിട്ട് പലരുടെയും കാരുണ്യത്തിൽ ഇവിടെ വന്നിറങ്ങുമ്പോൾ ഇതൊരു മാന്ത്രികലോകമായാണ് തോന്നിയത് . വൃത്തിയുള്ള ഉടുപ്പുകളും നിറഞ്ഞ ചിരിയുമുള്ള മനുഷ്യരും നിറഞ്ഞ ഒരു ലോകമുണ്ടെന്നു തന്നെ വിശ്വസിച്ചത് അപ്പോളാണ് . പഠിക്കാൻ സഹായം കിട്ടി. പഠിച്ചു , ചെറിയൊരു ജോലി കിട്ടി .കുട്ടികൾ വലുതായി . എന്നാലും പിന്നിട്ട കല്ലും മുള്ളും നിറഞ്ഞ വഴികൾ മനസ്സിൽ നിന്നും മായുന്നില്ല. അനാവശ്യമായി കളയുന്ന ഓരോന്നിന്റെയും അവകാശികൾ ഈ ലോകത്തിന്റെ മറ്റൊരു കോണിൽ നിറപ്പകിട്ടില്ലാത്ത ജീവിതങ്ങളിൽ അലയുന്നുണ്ടെന്ന ഓർമ്മ ഓരോ നിശ്വാസത്തിലും എനിക്കുണ്ട്".
എഴുന്നേറ്റു നിന്ന് ഞാൻ അവരോട് ചോദിച്ചു. "ഞാൻ നിങ്ങളെയൊന്ന് ആലിംഗനം ചെയ്തോട്ടെ?" ഒരു വലിയ പാഠമാണ് അവരെന്നെ പഠിപ്പിച്ചത് . അഹങ്കാരത്തിന്റെയും ആഡംബരത്തിന്റെയും ധൂർത്തിന്റെയും കാട്ടിക്കൂട്ടലുകൾക്കപ്പുറം ഈ ലോകത്തിന്റെ ഓരോ അവകാശികളോടും ഞാൻ കടപ്പെട്ടിരിക്കുന്നു എന്ന സത്യം .
"അമ്മാ , എനിക്കിന്ന് ചപ്പാത്തി വേണ്ട, വ്യത്യസ്തമായതെന്തെങ്കിലും...." ഞാൻ അവളെ രൂക്ഷമായി നോക്കി. "ഓ, സൊമാലിയയിൽ 120 കുട്ടികൾ പട്ടിണിമൂലം....എനിക്കോര്മയുണ്ട് അമ്മാ , സോറി ". പാത്രം കാലിയാക്കി അവൾ എഴുന്നേറ്റു.