Saturday, November 25, 2017

വിടർന്ന കണ്ണുകളും നിഷ്കളങ്കത നിറഞ്ഞ ചിരിയുമായി നിൽക്കുന്ന ആ പിഞ്ചുകുഞ്ഞിന്റെ മുഖം എത്ര ശ്രമിച്ചിട്ടും മനസ്സിൽ നിന്നും മായുന്നില്ല. രണ്ടു ദിവസമായി കുഞ്ഞു ഐലിനാണ് മാധ്യമങ്ങളിൽ നിറയുന്നത് .  അതെന്നെ കൊണ്ടുപോകുന്നത് മറ്റൊരു നടുക്കത്തിന്റെ ഓർമയിലേക്കാണ്.

ഏകദേശം  എട്ടു വർഷങ്ങൾക്കു മുൻപാണ് . ഇളയ മോനെ ഗർഭിണിയായിരിക്കുന്ന സമയം . നിറവയറുമായി ഒന്ന് വീണതിനാൽ അതീവ ശ്രദ്ധയിലാണ് മുന്നോട്ടുപോകുന്നത് . നമ്മുടെ കലൂരിലെ ഇന്ത്യൻ എക്സ്പ്രസ്സ് ബിൽഡിങ്ങിൽ ആണ് അന്ന് ഓഫീസ്. പതിവുപോലെ രാവിലെ ജോലിക്കെത്തിയപ്പോഴേ രവി സർ പറഞ്ഞു, "വൈകിട്ട് സ്റ്റേഡിയത്തിൽ ഒരു രാഷ്‌ട്രീയ പാർട്ടിയുടെ സമ്മേളനമുണ്ട് , കുട്ടി നേരത്തെ ഇറങ്ങിക്കോളൂ ". അന്ന് സെക്ഷനിൽ ഉള്ള മറ്റൊരു വനിത എത്തിയിട്ടുമില്ല . എങ്കിലും എനിക്ക് അശേഷം ഭയം തോന്നിയില്ല. കാരണം രവി സാറും ഭാസ്കരൻ സാറുമെല്ലാം സ്വന്തം മകളോടെന്നപോലെ എനിയ്ക്കൊരു കരുതൽ തരുന്നുണ്ട് .

ഉച്ചകഴിഞ്ഞപ്പോൾ എന്തോ വല്ലാത്ത ക്ഷീണം, ഒരു ശ്വാസം മുട്ടുപോലെ . നെഞ്ചിൽ എന്തോ കുരുങ്ങി നിൽക്കുന്നതുപോലെ, വയറിനാണെങ്കിൽ വല്ലാത്ത വേദനയും. വല്ലാതെ വിയർക്കുന്നുമുണ്ട് . എന്റെ ഭാവമാറ്റം കണ്ട് സഹപ്രവർത്തകർ ഓടി വന്നു , എനിക്ക് ശ്വസിക്കാനുള്ള ബുദ്ധിമുട്ട് കൂടി വരുന്നതുപോലെ . ആരോ ഭർത്താവിനെ വിളിച്ചുപറഞ്ഞു , ആസ്പത്രിയിൽ എത്തിക്കണം , ടാക്സി വിളിക്കാൻ പോയ പയ്യൻ ഓടി വന്ന് രവിസാറിനോട് പറഞ്ഞു, "ടാക്സി പോവില്ല, വഴിയെല്ലാം ബ്ലോക്ക് ആണ്, മെഡിക്കൽ സെൻറർ വരെ സ്റ്റേഡിയത്തിലോട്ടു പ്രവർത്തകരുടെ ഒഴുക്കാണ് ". ജോലിക്കു കൊണ്ടുപോയ കാർ വഴിയിലിട്ട് ആരുടെയൊക്കെയോ ബൈക്കിൽ കയറി ഓടിക്കിതച്ചു ഭർത്താവ് എത്തി . അറിയാവുന്ന ഒരു ടാക്സി വിളിച്ചു  മെഡിക്കൽ സെന്ററിലേക്ക് .

വഴിനിറയെ മഞ്ഞക്കടലായിരിക്കുന്നു . അണികൾ മുദ്രാവാക്യങ്ങൾ ആഞ്ഞു വിളിച്ചു ഏതോ ഉന്മാദലഹരിലെന്നപോലെ നടക്കുന്നു. പാലാരിവട്ടത്തെത്തിയപ്പോൾ ആരോ കാർ തടഞ്ഞു . ഡ്രൈവർ പുറത്തിറങ്ങി കാര്യം പറഞ്ഞു . കടന്നുപോകാൻ പറ്റില്ലെന്ന് തടഞ്ഞവർ കട്ടായം പറഞ്ഞു. തളർന്നവശയായി ചാഞ്ഞിരുന്ന എന്നെ വിട്ട് ഭർത്താവ് പുറത്തിറങ്ങി , കരഞ്ഞപേക്ഷിച്ചു . വഴിയേ പോകുന്നവർ നിറവയറുമായി വണ്ടിയിലിരുന്നു കരയുന്ന എന്നെ നോക്കി നിസ്സംഗരായി നടന്നകന്നു .

അപ്പോൾ ആണ് ഒരു പോലീസ് വാഹനത്തിനു മുൻപിലായി ഒരു പോലീസുകാരൻ ഓടി വന്നത് . "വാഹനം മാറ്റൂ , ഐ ജി വരുന്നുണ്ട് , അദ്ദേഹത്തിന്റെ വാഹനം കടന്നുപോകണം ".  ഭർത്താവിന്റെ കരച്ചിലോ അപേക്ഷയോ ഒന്നും കേൾക്കപ്പെട്ടില്ല.  യാത്ര തടസ്സപ്പെടുത്തി മുന്നിൽ കിടക്കുന്ന കാർ കണ്ട്, ഐ ജി ഇറങ്ങിവന്നു, മനോജ് എബ്രഹാം I P S . അദ്ദേഹം കാര്യം തിരക്കി . ഡോറിനടുത്തു വന്ന് എന്നോട് പറഞ്ഞു , "കുട്ടി പേടിക്കേണ്ട ". എന്നിട്ട് കാറിനു മുന്നിൽ നടന്നു, ഒപ്പം കുറേ പോലീസുകാരും. പിന്നെയെല്ലാം പെട്ടെന്നായിരുന്നു . ആളുകൾ അരികിലേക്ക് മാറി, കുറച്ചു ദൂരം അദ്ദേഹം നടന്നു, പിന്നെ രണ്ടു പോലീസുകാർ ആസ്പത്രി വരെ. സ്ഥിതി വഷളാവുന്നതിനു മുൻപ് ആസ്പത്രിയിൽ എത്തി .ഇപ്പോഴും ഞാൻ ആഗ്രഹിക്കുന്നുണ്ട് , എന്നെങ്കിലും അദ്ദേഹത്തെ കണ്ടാൽ പറയാതെപോയ ഒരു നന്ദി പറയണമെന്ന് .

വാർത്താമൂല്യം ഉള്ള ദുരന്തങ്ങളൊന്നും ഉണ്ടാവാത്തതിനാൽ ഇതൊരു അറിയപ്പെടാത്ത സംഭവമായി.  പക്ഷേ , എത്രയോ ജീവിതങ്ങൾ ഇത്തരം കോപ്രായങ്ങളിൽ മാറ്റിയെഴുതപ്പെട്ടിട്ടുണ്ടാവാം . മനുഷ്യനിലും വലുതല്ല  ഒരു കൊടിയുടെയും നിറം എന്ന് എന്നാണ് നമ്മൾ തിരിച്ചറിയുക?

ദൈവത്തിന്റെ കൈയ്യൊപ്പുമായി നിന്നെ രക്ഷിക്കാൻ  ഒരു മാലാഖയും അവതരിച്ചില്ലല്ലോ കുഞ്ഞേ .....  പ്രിയപ്പെട്ടവർ ആരെങ്കിലും കടന്നുപോകുന്നത് വരെ പ്രതികരിക്കാൻ കൂട്ടാക്കാത്ത  ഒരു സമൂഹത്തിനു വേണ്ടി മാപ്പ് .