Saturday, November 25, 2017

"കുട്ടികളൊക്കെ വലുതായിട്ടു വേണം അവരും ഞാനും കൂടി കുറേ യാത്രകൾ പോകാൻ".  പതിവു വാരാന്ത്യ സമയംകൊല്ലൽ വേളയിലെ സംസാരത്തിൽ അബദ്ധം പിണഞ്ഞതാവും എന്നാണ് ഞാൻ കരുതിയത് . ഉദ്ദേശിച്ചത്‌ കുട്ടികളുടെ കൂടെത്തന്നെ യാത്ര പോവലാണോ എന്ന ചോദ്യം മനസ്സിൽ വന്നെങ്കിലും ചോദിച്ചത് ഇങ്ങനെയാണ്, "അപ്പോൾ നിങ്ങളുടെ ആ ചിത്രങ്ങളിലൊന്നും ഞാൻ ഇല്ല അല്ലേ ?".  കഴിച്ച ബിരിയാണിയുടെ ആലസ്യത്തിൽ കസേരയിലോട്ടു ചാഞ്ഞിരുന്ന ആൾ എന്നെയൊന്നു നോക്കി, "ഓ, നീ ക്ഷീണിതയായിരിക്കും . നിനക്ക് വിശ്രമിക്കാമല്ലോ ".  ഒന്നും പറയാൻ തോന്നിയില്ല, വർഷങ്ങളത്രയും ഓടിക്കഴിഞ്ഞു  മൂലയിലേക്ക് മാറ്റിയിടപ്പെട്ട     ഒരു  പഴയ അംബാസഡർ കാറിനോട് ആദ്യമായി എനിക്കൊരു സ്നേഹം തോന്നി.

യാത്രകൾ പണ്ടൊക്കെ എനിയ്ക്ക് വലിയ ഇഷ്ടമായിരുന്നു. രാവിലെ തോളിൽ ഒരു സഞ്ചിയും തൂക്കി സുസൂക്കിയുടെ പിറകിൽ കയറിയാൽ പിന്നെ തളരുവോളം , അതു ആർത്തലച്ചു പെയ്യുന്ന മഴയായാലും പൊള്ളുന്ന വെയിലായാലും . മടുക്കുമ്പോൾ എവിടെയെങ്കിലും നിർത്തി എന്തെങ്കിലും കഴിയ്ക്കുക , പിന്നെ വീണ്ടും.. അങ്ങനെ കുന്നും മലകളും കാടുകളും നഗരങ്ങളും . കുടജാദ്രിയുടെ മൂടൽ മഞ്ഞണിഞ്ഞ മനോഹാരിതയും  വന്യതയും.

പതിയെപ്പതിയെ യാത്രകളോടുള്ള കമ്പം കുറഞ്ഞുവന്നു.
യഥാർത്ഥത്തിൽ അത് കുറഞ്ഞുവന്നതല്ല,  ജീവിതത്തിലെ മാറ്റങ്ങൾക്കനുസരിച്ചു മറ്റു പലതിനും പ്രാധാന്യം ഏറിയതാണ് .  "കുഞ്ഞിനേയും കൊണ്ട് നീ എന്തിനാണ് ഇത്ര യാത്ര ചെയ്യുന്നത്? അവൻ പോയിട്ട് വരട്ടേ " എന്ന സംയുക്താഭിപ്രായത്തിനു മുന്നിൽ യാത്രകളുടെ പ്രാധാന്യം മെല്ലെമെല്ലെ മങ്ങിവന്നു . കുഞ്ഞുങ്ങൾ അൽപ്പം കൂടി മുതിർന്നപ്പോൾ, "കുട്ടികളുടെ പഠനം കളഞ്ഞു നീ പോകണോ?" ചോദ്യത്തിന്റെ ശൈലി മാത്രമേ മാറിയിട്ടുള്ളൂ .

"നമുക്കൊന്ന് ഐസ്‌ലാന്റിൽ പോകണം , ഫോട്ടോഗ്രാഫിയ്ക്ക് പറ്റിയ സ്ഥലമാണ് " ഭർത്താവ് പറഞ്ഞപ്പോൾ ഞാൻ ആദ്യം ആലോചിച്ചതും പറഞ്ഞതും  ആ ഒരാഴ്ചകൂടി കിട്ടിയാൽ നാട്ടിൽ അച്ഛനമ്മമാരുടെ കൂടെ നിൽക്കാമായിരുന്നു എന്നാണ് .

പക്ഷേ , പിന്നീട് എപ്പോഴോ ഞാൻ ഓർത്തു , പോകണം, കുറേ സ്ഥലങ്ങളിൽ പോകണം . കുട്ടികളൊക്കെ സെറ്റിലായിക്കഴിയുമ്പോൾ ജോലിയൊക്കെ മതിയാക്കി കുറച്ചു യാത്രകൾ പോകണം, ആൾത്തിരക്കുകൾക്കിടയിൽ അറിയപ്പെടാത്ത രണ്ടു യാത്രികരായി.  വല്യ വല്യ നഗരങ്ങൾ വേണ്ട, മനസ്സിന് കുളിർമ്മ തരുന്ന കുറച്ചു സ്ഥലങ്ങൾ . പക്ഷേ , കഴിയുമോ എന്നറിയില്ല , മറ്റൊന്നുമല്ലാ , കാലിൽ ചങ്ങലകളിട്ട് പുറകോട്ടു വലിയ്ക്കുന്ന ബന്ധങ്ങൾ . എത്ര മുതിർന്നാലും എവിടെയായാലും എന്റെ മക്കൾ ഉണ്ടോ ഉറങ്ങിയോ എന്ന ആവലാതികൾ .

ചിലർ അങ്ങനെയാണ് , അവരുടെ സന്തോഷങ്ങൾ വീടിന്റെ നാലു ചുമരുകൾക്കുള്ളിലും കുടുംബത്തിന്റെ കൂടെയും മാത്രമേ പൂർണമാകുന്നുള്ളു, അത് മടി കൊണ്ടല്ല,   കാലഹരണപ്പെട്ട മനസ്സുള്ളതുകൊണ്ടുമല്ല , അമ്മയായതുകൊണ്ടാണ് ,   സ്വന്തം കാര്യം മാത്രം നോക്കി ഇറങ്ങിപ്പോകാൻ ചിന്തകൾ അനുവദിക്കാത്തതുകൊണ്ടാണ് .