ചിലർ അങ്ങനെയാണ്, നമ്മുടെ ഈ ഭ്രാന്തൻ യാത്രയിൽ ഇടയ്ക്ക് ഏതോ സ്റ്റോപ്പിൽ നിന്നും കയറി കുറേ നേരം നമ്മെ ചിരിച്ചും ചിന്തിപ്പിച്ചും ചിലപ്പോൾ കരയിച്ചും പൊടുന്നനേ എവിടെയോ മറയുന്നു. പേരിടാൻ അറിയാത്ത ഏതോ ബന്ധങ്ങൾ അവർ വരച്ചുവെക്കുന്നു, പിന്നീട് കണ്ടു മുട്ടുമെന്ന പ്രതീക്ഷയ്ക്കുപോലും വകയില്ലാതെ.
ഒട്ടനവധി വർഷങ്ങൾക്കു ശേഷം സൂസന്റെ അപ്പച്ചന്റെ ചിരിക്കുന്ന മുഖം കണ്ടത് ഇന്നാണ് . അനിയൻ അയച്ചു തന്ന വാട്സാപ്പ് സന്ദേശത്തിൽ "ആദരാഞ്ജലികൾ" എന്ന തലക്കെട്ടോടെ .
എന്റെ ബാല്യകാല ഓർമ്മകളിൽ ഇപ്പോഴും ആ മുഖം തെളിഞ്ഞുകിടപ്പുണ്ട്. നേഴ്സറി മുതൽ ഉള്ള കൂട്ടാണ് സൂസനുമായുള്ളത് . സ്കൂൾ വിട്ട് വരുമ്പോൾ ഇടയ്ക്കൊക്കെ പോകാൻ അനുവാദമുണ്ടായിരുന്ന ഒരു വീടായിരുന്നു അത് . കുളവും മീനുകളും പക്ഷി മൃഗാദികളും വായിൽ വെള്ളമിറ്റിക്കുന്ന ഇരുമ്പൻപുളിയും , നിറയെ വർത്തമാനം പറയുന്ന ഒരു അപ്പച്ചനും. കാലം മിന്നിമറയുകയും ഞാനും സൂസനും ലോകത്തിന്റെ രണ്ടു കോണുകളിൽ ആവുകയും ചെയ്തു. ഇക്കാലമത്രയും നാട്ടിൽ പോയിട്ടും ഒരിക്കൽ പോലും അവിടംവരെ ഒന്നു പോകാത്തതിലുള്ള ഒരു കുറ്റബോധം ഇന്നെനിക്കു തോന്നുന്നുണ്ട് .
ഭൂമിയുടെ ഇങ്ങേയറ്റത്തിരിക്കുമ്പോൾ പല മരണ വാർത്തകളും സൃഷ്ടിക്കുന്ന വികാരം ഇതു തന്നെ. ചെറിയ തെറ്റിദ്ധാരണകളിലെ പിണക്കത്തിൽ മറന്നവർ, സമയം മാറ്റിവെക്കാൻ കാണിച്ച മടിമൂലം വർഷങ്ങളായി കാണാത്തവർ , മുൻഗണനാലിസ്റ്റിൽ പേരു വരാത്തതുകൊണ്ടു ഒഴിവാക്കപ്പെട്ടവർ അങ്ങനെ ഒട്ടനവധി കാരണങ്ങൾ . പക്ഷേ തിരുത്താനുള്ള സമയം പോലും തരാതെ ഒരു ചരമക്കോളത്തിൽ നിറഞ്ഞു നിന്ന് അവർ നമ്മളെ നോക്കി ചിരിക്കുമ്പോൾ തോന്നുന്ന ആ നിസ്സഹായാവസ്ഥ വല്ലാത്തതാണ് . അത് നമ്മളോട് പറയാൻ ശ്രമിക്കുന്ന പാഠങ്ങൾ വളരെ വലുതാണ് .
മരണം ഒരു ഓർമപ്പെടുത്തലാണ് എന്ന് ആരോ പറഞ്ഞുകേട്ടിട്ടുണ്ട്. അക്ഷരംപ്രതി ശരിയാണത്. ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ . ജനനത്തിനും മരണത്തിനും ഇടയിലുള്ള വളരെക്കുറച്ചു മാത്രം നിമിഷങ്ങളുടെ അസ്ഥിരതയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ. കണക്കുകൂട്ടലുകളുടെയും വിലയിരുത്തലുകളുടെയും വിഡ്ഢിത്തത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ. എല്ലാറ്റിലുമുപരി, മിർച്ചി ആർ ജെ ജോസഫ് പറഞ്ഞതുപോലെ, കുറച്ചുകൂടി സ്നേഹിക്കാമായിരുന്നു എന്ന ഓർമ്മപ്പെടുത്തൽ.