Friday, December 8, 2017

"ഇപ്പോൾ എങ്ങനെയുണ്ട്?" ആസ്പത്രിക്കിടക്കയിൽ ക്ഷീണിച്ചു തളർന്നുകിടന്നിരുന്ന അവൾ ചോദ്യം കേട്ട് പതിയെ തലതിരിച്ചു എന്നെ നോക്കി. വിളറിയ ഒരു പുഞ്ചിരി വളരെ പണിപ്പെട്ട് ആ മുഖത്ത് പ്രത്യക്ഷമായി.  "ആശ്വാസം തോന്നുന്നുണ്ട് " , നേർത്ത സ്വരം മറുപടി തന്നു . "എന്നാൽ ഞാൻ ഇറങ്ങട്ടെ". മടിയിൽ വച്ചിരുന്ന ബാഗ് എടുത്തു തോളത്തിട്ട് ഞാൻ എഴുന്നേറ്റു . ചെയ്തു തീർക്കാനുള്ള ജോലികളെക്കുറിച്ചോർക്കുമ്പോൾ എനിക്ക് തിടുക്കമേറി . പെട്ടെന്ന് അവൾ കൈകാട്ടി എന്നെ വിളിച്ചു . എന്നോടെന്തോ പറയാനുണ്ടെന്ന് മനസ്സിലായി  അവളുടെ കിടക്കയുടെ അരികിൽ ഇരുന്നു. മേശപ്പുറത്തിരുന്ന ഒരു കേട്ട് റോസാപ്പൂക്കൾ ചൂണ്ടിക്കാട്ടി അവൾ പറഞ്ഞു , "ലവ്  യുവേഴ്‌സെൽഫ് , നമ്മൾ നമ്മെത്തന്നെ സ്നേഹിക്കാൻ പഠിക്കണം  . അല്ലെങ്കിൽ ഒടുവിൽ ഒരു റോസാപ്പൂവിന്റെ വിലയേ കമ്പനിക്ക് നഷ്ടം വരൂ ."

വീട്ടിലേക്കുള്ള യാത്രയിൽ ഓടിമറഞ്ഞ കാഴ്ച്ചകളൊന്നും ഞാൻ കണ്ടില്ല . ഓഫീസിനു തൊട്ടു ചേർന്നുള്ള കഫ്ത്തീരിയയിലാണ് അവൾ ജോലി ചെയ്യുന്നത്. മൂന്നുമണി വരെ അവിടെ , അതിനു ശേഷം വേറൊരു കമ്പനിയിൽ . ഒരു കോഫി വാങ്ങുന്നതിൽ തുടങ്ങിയ സൗഹൃദമാണ്, ഇടയ്ക്കു തിരക്കൊഴിഞ്ഞ വേളയിൽ കാണുമ്പോൾ ധാരാളം സംസാരിക്കും . രാവിലെ ആറു  മണിക്ക് വീട്ടിൽനിന്നിറങ്ങിയാൽ തിരികെയെത്തുന്നത് രാത്രി പത്തു മണിയ്ക്കാണ്. "കുട്ടികൾ ഉറങ്ങിയിട്ടുണ്ടാവും" ഇടറിയ സ്വരത്തിൽ ഒരിക്കൽ അവൾ പറഞ്ഞു . "എന്നാലും അവർ ചോദിക്കുന്നതെന്തും വാങ്ങിക്കൊടുക്കാൻ എനിക്ക് പറ്റുന്നുണ്ട് . അതുകൊണ്ടു അവർ ഹാപ്പി ആണ്". മെലിഞ്ഞുണങ്ങിയ അവളുടെ നേരെ നോക്കി "നീ എപ്പോഴാണ് വിശ്രമിക്കുക " എന്ന ചോദ്യത്തിന് ആ  പതിവു നിറകൺചിരി വിരാമമിട്ടു.

ഈയിടെയായി കഫ്റ്റീരിയയിൽ പോക്ക് കുറച്ചു . ജോലിത്തിരക്ക് കൂടിയതു തന്നെ കാരണം . മൂന്നാഴ്ച്ച മുൻപ് ഒരു ഉച്ചനേരത്തു E M S (അടിയന്തിര മെഡിക്കൽ സേവനം ) വന്നതിന്റെ ബഹളം കേട്ട് വിവരം തിരക്കിയപ്പോൾ സഹപ്രവർത്തക  പറഞ്ഞു  " കഫ്റ്റീരിയയിൽ ആരോ ബോധം മറഞ്ഞു വീണതാണ് ". ആരാണെന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും തിരക്ക് അതിന് അനുവദിച്ചില്ല .

വർഷാവസാനത്തെ ജോലികളും മറ്റ് അനുബന്ധ പ്രശ്നങ്ങളും ഓരോ ദിവസ്സവും കൂടിക്കൂടി വന്നു . കുളിമുറിയിൽ കൊഴിഞ്ഞുവീഴുന്ന അസംഖ്യം മുടിയിഴകളോ കണ്ണിനടിയിലെ കരുവാളിപ്പോ ഒന്നും ശ്രദ്ധിക്കാൻ സമയം കിട്ടാറില്ല . ഡിസംബറിലെ തണുപ്പുള്ള വൈകുന്നേരങ്ങളോ കാലം  തെറ്റി വന്ന വെയിലോ ഒന്നും എന്നെ ബാധിച്ചില്ല. വാരാന്ത്യങ്ങളിലെ പതിവുള്ള യാത്രകൾക്കും താത്പര്യമില്ലാതായപ്പോൾ ഭർത്താവ് ഓർമിപ്പിച്ചു , "ജോലിയിലെ നേട്ടങ്ങളൊന്നും സഹായിക്കാത്ത, ശരീരം പണിമുടക്കുന്ന, ഒരു കാലം വരും. അന്ന് സ്വപ്നങ്ങളേക്കാളേറെ ഓർമ്മകൾക്കായിരിക്കും പ്രാധാന്യം."

വീട്ടിലെത്തി, ബാഗൊക്കെ എവിടെയോ ഇട്ടു.  ഒരു ആസ്പത്രിക്കിടക്കയും പ്രതീക്ഷയറ്റ രണ്ടുകണ്ണുകളും എന്നെ പേടിപ്പെടുത്തുന്നുണ്ടായിരുന്നു.  കസേരയിൽ ചാരിക്കിടന്നു മയങ്ങിപ്പോയി . പെട്ടെന്ന് ആരോ രണ്ടു റോസാപ്പൂക്കൾ എൻറെ ദേഹത്തുവച്ചതുപോലെ  . ഞാൻ മയക്കത്തിൽ നിന്നും ഞെട്ടിയെണീറ്റു , ഭർത്താവാണ് ,  പുതപ്പ് എന്റെ ദേഹത്തേക്ക് വലിച്ചിടുകയാണ്. "നിനക്ക് നല്ല ക്ഷീണമുണ്ട് , കിടന്നോളൂ". പെട്ടെന്ന് ആ കയ്യിൽ പിടിച്ചു ഞാൻ ചോദിച്ചു , "നമുക്കൊരു ഡ്രൈവിനു പോയാലോ? "