മരിച്ചുപോയ മനുഷ്യരുടെ സ്വപ്നങ്ങളാണത്രേ
തൂമഞ്ഞായ് പൊഴിയുന്നത്!
മഞ്ഞുപെയ്യുന്ന രാവുകളിൽ
ഒരു പുകമറ പോലെ തെളിയുന്ന നേർത്തവെളിച്ചം
ആ സ്വപ്നങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന
ആത്മാക്കളുടേതാണത്രേ !
ഒരു നിമിഷാര്ധത്തില് ജീവനൊടുങ്ങുമ്പോൾ
പ്രിയസ്വപ്നങ്ങൾ ഞെരിഞ്ഞമരുമ്പോൾ
വറ്റിപ്പോയ കണ്ണീരാണത്രേ
മഞ്ഞുരുകുമ്പോൾ ജലകണികകളാവുന്നത് !
സ്വപ്നമാവാനോ സത്യമാവാനോ ഭാഗ്യമില്ലാത്ത
ആത്മാക്കളുടെ കണ്ണുനീർ !
മഞ്ഞായ്‌പൊഴിഞ്ഞു പ്രിയരിലെത്തുന്ന സ്വപ്‌നങ്ങൾ..
നെഞ്ചുലയ്ക്കുന്ന കണ്ണുനീർ...
ഇനി മഞ്ഞുപെയ്യുമ്പോൾ കണ്ണുകൾ മലക്കെത്തുറന്ന്
ആകാശത്തിലേയ്ക്ക് നോക്കണം
അവയെ ആവാഹിച്ചെടുക്കണം..
ആ നനുത്ത സ്വപ്നങ്ങളുടെ കൂടെ
പ്രണയം നിറച്ചൊരു ആത്മാവിനെയെങ്ങാനും കിട്ടിയാലോ..