Tuesday, December 25, 2018

അങ്ങനെ ഒരു ക്രിസ്മസ് കൂടി വിട പറയുന്നു . നിറഞ്ഞ ദീപാലങ്കാരങ്ങളും സമ്മാനപ്പൊതികളും വൈകിയാണെങ്കിലും വിരുന്നെത്തിയ മഞ്ഞും സ്നേഹവിരുന്നുകളും ഇന്നലെകളിലേയ്ക്ക് .

ഡിസംബർ എനിക്ക് പ്രിയപ്പെട്ട മാസങ്ങളിലൊന്നാണ്, പണ്ടുമുതൽക്കെ. നനുത്ത കുളിരുള്ള പ്രഭാതങ്ങൾക്ക് വല്ലാത്തൊരു വശ്യതയാണ് . ക്രിസ്തുമസ്സിനും പുതുവർഷത്തിനുമിടയിലുള്ള അഞ്ചാറു ദിവസങ്ങൾ വല്ലാത്ത തിരക്കിലാവും പണ്ടൊക്കെ. മറ്റൊന്നുമല്ല, പുതിയതായി ജീവിതത്തിൽ വരുത്തേണ്ടുന്ന മാറ്റങ്ങളും പുതിയ തീരുമാനങ്ങളുമൊക്കെയായി പുതിയ ഡയറി തയ്യാറാക്കുന്ന തിരക്ക് . പിന്നീടെപ്പോഴോ മനസ്സാക്ഷി സൂക്ഷിപ്പുകാരനാവേണ്ടുന്ന  ഡയറി ഒരു  തുറന്ന പുസ്തകമായി മാറിയത് കണ്ടപ്പോൾ  ഡയറിയെഴുത്തു നിർത്തി, അതോടൊപ്പം തന്നെ പുതിയ തീരുമാനങ്ങളെടുക്കാൻ പുതുവർഷം തിരഞ്ഞെടുക്കുന്ന പതിവും . പിന്നീടിങ്ങുവരെ അങ്ങനെത്തന്നെ .

പക്ഷേ , ഇത്തവണ എന്താണാവോ മനസ്സിലൊരു തോന്നൽ, "ബക്കറ്റ് ലിസ്റ്റ്" പോലെ ഒരു ലിസ്റ്റ് എനിക്കും തയ്യാറാക്കണമെന്ന് . കൊച്ചുകൊച്ചു മോഹങ്ങളുടെ ഒരു ലിസ്റ്റ്. പലതും വളരെ എളുപ്പത്തിൽ സാധിച്ചെടുക്കാവുന്നവ, പക്ഷേ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി പിന്നത്തേക്കു മാറ്റിവെച്ചവ , മറ്റുള്ളവർ എന്ത് വിചാരിക്കുമെന്നു കരുതി ചെയ്യാതെ പോയവ, കുട്ടികൾ വലുതാവട്ടെ എന്ന് കരുതി അർദ്ധവിരാമമിട്ടു നിർത്തിയവ, ജോലി കിട്ടട്ടേ , അവധി കിട്ടട്ടേ , തിരക്കൊഴിയട്ടേ അങ്ങനെ നൂറുനൂറു കാരണങ്ങൾ....

വർഷാന്ത്യത്തിലെ അവധി തുടങ്ങിയപ്പോൾ ആദ്യം ചെയ്തത് ഉറക്കം തീരുംവരെ കിടന്നുറങ്ങുകയായിരുന്നു. വൈകിയെണീറ്റ് അടുക്കളയിലെത്തുമ്പോൾ ആദ്യം ഓർത്തത് എല്ലാവരും എണീക്കുമ്പോഴേക്കും ഭക്ഷണം റെഡിയാക്കാം എന്നായിരുന്നു. ഒരു കാപ്പി കുടിച്ചു ചെന്ന് നോക്കുമ്പോൾ എല്ലാരും നല്ല ഉറക്കത്തിലാണ് ."വൈ ഷുഡ് ഐ ?" എന്ന ചോദ്യം എന്റെ തലയിൽ മിന്നിയപ്പോൾ തന്നെ മോന്റെ പുതപ്പുവലിച്ചു അതിനടിയിലേക്കു ചുരുണ്ടുകൂടി. പിന്നേയും മണിക്കൂറുകൾ കഴിഞ്ഞു എല്ലാവരും എണീറ്റപ്പോൾ കൂടെയെണീറ്റു, മോൻ അത്ഭുതപ്പെട്ടു പറഞ്ഞു, "ഓ, അമ്മ ഇന്ന് നന്നായുറങ്ങിയല്ലോ , ഗുഡ്". എന്താ ഭക്ഷണം ഉണ്ടാക്കുക എന്ന വേവലാതിയിൽ വന്നപ്പോൾ മോൾ പറഞ്ഞു, "നമുക്ക് ഓംലറ്റ് മതി അമ്മാ ". ഭർത്താവ് ഓംലറ്റ് സ്പെഷ്യലിസ്ററ് ആണെന്ന് സ്വയം പറഞ്ഞു അടുക്കളയിൽ കയറി. അഞ്ചു മിനിറ്റ് , എല്ലാര്ക്കും ഭക്ഷണം റെഡി. അത് കഴിക്കുമ്പോൾ ഞാനോർത്തത്, ഒരു മണിക്കൂറെടുത്തു രാവിലത്തെ ദോശയ്ക്ക് രണ്ടുതരം ചട്ണി ഉണ്ടാക്കി വെച്ച് കഴിക്കാൻ വിളിക്കുമ്പോൾ "ഇതാണോ"എന്ന ചോദ്യവും എനിക്കുണ്ടാകുന്ന നിരാശയും വിഷമവുമാണ്. അപ്പോഴാണ് മേൽപ്പറഞ്ഞ ലിസ്റ്റിന്റെ ചിന്ത എന്റെ തലയിൽ പൊട്ടിമുളച്ചത് .

പിടിപ്പതു ജോലിത്തിരക്കും അതിന്റെ മാനസ്സിക സമ്മർദ്ദവും ഇത്തവണ നന്നായി പിടികൂടിയതിനാൽ ലിസ്റ്റിലെ ആദ്യത്തെ കാര്യം  നടപ്പിലാക്കാൻ തീരുമാനിച്ചു. പരിപൂർണ്ണ വിശ്രമം . രണ്ടു ദിവസത്തേക്ക് ആരെയും വിളിച്ചില്ല, കാര്യമായി അടുക്കളയിൽ തലകുത്തി മറിഞ്ഞില്ല , ആവശ്യത്തിന് മാത്രം.  സിനിമകൾ കണ്ടു, പാട്ടു കേട്ടു , പുസ്തകം വായിച്ചു , പുറത്തേക്കു ഇറങ്ങിയില്ല..

പക്ഷേ, അത് കൊണ്ട് ലോകം കീഴ്മേൽ മറിഞ്ഞൊന്നുമില്ല , സൂര്യൻ പടിഞ്ഞാറുനിന്നും ഉദിച്ചുമില്ല. ഭർത്താവും കുട്ടികളും വളരെ സന്തോഷവാന്മാർ ആയിരുന്നു. "കുറച്ചുനേരമെങ്കിലും നീ ഇരിക്കുന്നത് കണ്ടല്ലോ, സന്തോഷം " എന്ന് ഭർത്താവ് പറഞ്ഞപ്പോൾ "അമ്മയ്ക്ക് സിനിമ കാണാനൊക്കെ ശരിക്കും ഇഷ്ടമാണോ ?" എന്ന അത്ഭുതമായിരുന്നു മോന്. പഴയ പാട്ടുകൾക്കൊപ്പം ചുണ്ടനക്കുന്നതു കണ്ട് "വല്ലപ്പോഴെങ്കിലും ഇഷ്ടമുള്ളത് ചെയ്യൂ " എന്ന് മകൾ.

ദിവസങ്ങൾ കഴിയുംതോറും ഒരു കാര്യം മനസ്സിലായി ,ഇവിടെ  നമ്മളെ, അതായത് സ്ത്രീകളെ, ആരും തടവറയിലിട്ടിട്ടൊന്നുമില്ല. സ്വയം സൃഷ്‌ടിച്ച ഒരു തടവറയിൽ നമ്മളെയിട്ടു പൂട്ടി അതിന്റെ താക്കോൽ സ്വന്തം തലയിണക്കീഴെ വച്ച് ഉറങ്ങുന്നത് നമ്മൾ തന്നെയാണ് . പലപ്പോഴും അത് നമ്മൾ മനസ്സിലാക്കുന്നില്ല എന്ന് മാത്രം. ആരെയൊക്കെയോ പേടിച്ചു നമ്മുടെ ഇഷ്ടങ്ങൾ അപ്പാടെ മാറ്റി വയ്ക്കുമ്പോൾ അതൊരു ത്യാഗമാണെന്നു സ്വയം തോന്നാം , അത് മറ്റുള്ളവർ അംഗീകരിക്കാതെ വരുമ്പോൾ ഉണ്ടാവുന്ന നിരാശയിൽ, "വേണ്ടിയിരുന്നില്ല" എന്ന ചിന്തയിൽ എത്രയോ പേർ , അല്ലേ .

ഒന്നിരുന്ന് ആലോചിച്ചു നോക്കൂ , മാറ്റി വെച്ചവ, ഉള്ളിലെ നൊമ്പരമായവ, പറയാതെ പോയവ  ഒന്നെഴുതി നോക്കൂ . ഓരോന്നായി ചെയ്യണമെന്ന് തീരുമാനിക്കൂ ,  നാളെ  മുതൽ അടുക്കള പൂട്ടി കുടുംബത്തെ പട്ടിണിക്കിടാനോ കുടുംബത്തിലെ മുതിർന്നവരെ അനുസരിക്കാതിരിക്കാനോ ഇഷ്ടമുള്ളപ്പോൾ ഇറങ്ങിപ്പോവാനോ ഉള്ള മോഹങ്ങളുടെ ഒരു ലിസ്റ്റിനെക്കുറിച്ചല്ല ഞാൻ പറഞ്ഞുവന്നത് .  ആ സ്നേഹത്തണലിൽ നിന്ന് കൊണ്ട് തന്നെ, ഇഷ്ടമുള്ള കുറേ കാര്യങ്ങൾ ചെയ്യുക. മറ്റുള്ളവരുടെ വിചാരങ്ങളിൽ രൂപം കൊള്ളുന്ന ഒരു പുകയാവാതെ  സ്വന്തം രൂപം സ്വയം സൃഷ്ടിക്കുക. ഗാന്ധിജി പറഞ്ഞത് പോലെ , വൃത്തികെട്ട പാദങ്ങൾ കൊണ്ട് നമ്മുടെ മനസ്സിലൂടെ നടക്കാൻ നാം ആരെയും അനുവദിക്കില്ലെന്നു  തീരുമാനിക്കുക. പുതുവർഷത്തിൽ ജീവിതം സുന്ദരമാകട്ടെ , ഓരോ നിമിഷവും ജീവിച്ചുതീർക്കട്ടെ ...

Saturday, December 22, 2018

ഡിസംബർ....
നിനക്ക് പ്രണയത്തിന്റെ ഗന്ധമാണ് ,
മഞ്ഞുമൂടിയ വഴിയോരങ്ങളിൽ
ഇലപൊഴിഞ്ഞ മരങ്ങൾക്കു കീഴെ
ഏതോ ദേശാടനക്കിളി പൊഴിച്ചിട്ട
തൂവലിനും അതേ ഗന്ധമാണ് .

ഡിസംബർ......
നിന്റെ പുലരികൾക്കു
എന്തു ഭംഗിയാണ്
പുൽത്തുമ്പുകളിൽ അടരാൻ വെമ്പിനിൽക്കുന്ന
ഹിമകണങ്ങളുടെ കുളിരിനും
ഗൃഹാതുരത്വത്തിന്റെ  നോവുണർത്തുന്ന
സന്ധ്യയ്ക്കും അതേ ഭംഗിയാണ്.


ഡിസംബർ....
നീയെനിക്കു സമ്മാനിക്കുന്നത്
ഓർമ്മകളുടെ പൂക്കൂടകളാണ്
അറിഞ്ഞിട്ടും അറിയാതെപോയ
കൊതിച്ചിട്ടും പറയാതെ പലവുരു മാറ്റിവെച്ച
വാക്കുകളുടെ , എരിയുന്ന കനലുകളുടെ
അതേ പൂക്കൂടകൾ ..

ഡിസംബർ ...
കൊഴിഞ്ഞടങ്ങിയ  സ്വപ്നങ്ങളുടെ
ശവകുടീരങ്ങളിൽ നിന്നും
പുതിയവയുടെ പണിപ്പുരകളിലേക്കു
നമുക്കൊരു യാത്രപോകാം
മൗനം കനക്കുംമുമ്പേ,
പ്രണയം നെഞ്ചിലൊളിപ്പിച്ചു
പുതിയ പുലരികളിലേക്കു
നമുക്ക് മാത്രമായ് ഒരു യാത്ര .

Friday, November 23, 2018

കണ്ണുകളിൽ സ്നേഹം നിറച്ചു
പറ്റുമെങ്കിൽ പ്രണയം നിറച്ചു
നീ എന്നെയൊന്നു നോക്കുക
സഖീ, വെറുതെ..
ഓർമ്മകൾ ഉണർത്താതെ
നോവു പടർത്താതെ
മൗനമായ് മെല്ലെയൊന്നു
കൺ തിരിച്ചു നീ
എന്നെയൊന്നു നോക്കുക


തുളസിയും നന്ത്യാർവട്ടവും
പൂവിട്ട തൊടിയിൽ
മഴ നനഞ്ഞതും മരം ഉലഞ്ഞതും
പരിഭവങ്ങളലിഞ്ഞു വീണതും
മറന്നതില്ലെങ്കിൽ സഖീ,
കണ്ണുകളിൽ പ്രണയം നിറച്ചു
നീ എന്നെയൊന്നു നോക്കുക .

ഓർമ്മകൾ തിക്കുന്ന
ദ്രവിച്ച പുസ്തകത്താളുകൾ
അടർത്താതെ  മൃദുവായ്
കണ്ണുകളിൽ പ്രണയം നിറച്ചു
നീ എന്നെയൊന്നു നോക്കുക

കാലുകളിലെ ചങ്ങലയിളകാതെ 
കൈവള കിലുങ്ങാതെ
തേങ്ങലൊതുക്കി മെല്ലെ
കണ്ണുകളിൽ പ്രണയം നിറച്ചു
എന്നെയൊന്നു നോക്കുക

ജടകളൊഴിയാത്തൊരെൻ
മുടിയിഴകളൊതുക്കാതെ
എൻ മേനി നോവാതെ നീ
കണ്ണുകളിൽ പ്രണയം നിറച്ചു
എന്നെയൊന്നു നോക്കുക

ഒരിയ്ക്കൽ  കൂടി ....

വിറയ്ക്കുന്ന നിൻ കൈകളാൽ
എന്നെ വാരിയെടുത്ത്
സ്നേഹം നിറച്ച കണ്ണുകളാൽ
എൻ കണ്ണുകളിലേയ്ക്കു നോക്കുക
എൻ നെറ്റിമേൽ ആർദ്രമായ്
ഒന്നമർത്തി ചുംബിക്കുക
എൻ കണ്ണുകളിലിറ്റുന്ന
ചുടു നീരൊപ്പുക ..



Friday, November 2, 2018

ഇന്നലെയാണ് പുതിയ കണ്ണട കിട്ടിയത് . വായന കൂടിയപ്പോൾ, മുൻപ്  വല്ലപ്പോഴും വിരുന്നുകാരിയായെത്തിയിരുന്ന തലവേദന സ്ഥിരതാമസക്കാരിയായിത്തീർന്നപ്പോളാണ് പുതിയ കണ്ണടയെക്കുറിച്ചു ചിന്തിച്ചത്. അതിന്റെ സന്തോഷത്തിൽ അങ്ങനെ മാറ്റിയും മറിച്ചും വച്ച് നോക്കി പരീക്ഷിക്കുമ്പോൾ ആണ് പെട്ടെന്ന് അത് ശ്രദ്ധയിൽ പെട്ടത് .

മൈലാഞ്ചികൊണ്ടു വരച്ച പാതിമാഞ്ഞ ചിത്രമുള്ള വരണ്ടു തുടങ്ങിയ കൈവിരലുകൾ. "ഇതിപ്പോ ഇന്നലെ പൊന്നു വരച്ചിട്ട ചിത്രം പോലുണ്ടല്ലോ" എന്നോർത്ത് വീണ്ടും നോക്കിയപ്പോൾ ഞെട്ടിയത് ഞാനാണ് . അതേ, എന്റെ വിരലുകൾ തന്നെ. പണ്ടേ ചുളുങ്ങിയ വിരലുകൾക്ക് ഉടമയാണെങ്കിലും ഇതെപ്പോൾ ഇത്ര വരണ്ടുപോയി എന്ന് അത്ഭുതപ്പെട്ട് കണ്ണട ഊരി മാറ്റിവെച്ചു. നല്ല തിരക്കുള്ള ദിവസമായതുകൊണ്ടും തീർക്കേണ്ട ജോലികൾ ബാക്കിനിൽക്കുന്നതുകൊണ്ടും പിന്നീട് അതിനെക്കുറിച്ചോർത്തില്ല .

വൈകിട്ട്, സംശയവുമായി കൊറിയക്കാരി വന്നപ്പോൾ ആണ് വീണ്ടും കണ്ണടയെടുത്തു മുഖത്തുവച്ചത് . വീണ്ടും ഞെട്ടൽ!! നല്ല മിനുങ്ങുന്ന മുഖമുള്ള അവളുടെ മുഖത്ത് പല തട്ടുകളായി പല നിറങ്ങൾ പൂശിയിരിക്കുന്നു.  സംശയം തീർത്തു അവൾ മടങ്ങുന്നതുവരെ കണ്ടുപിടിക്കപ്പെട്ട ആ സത്യത്തിന്റെ രസത്തിൽ പൊട്ടിച്ചിരിക്കാതെ ഞാൻ പിടിച്ചിരുന്നു.

കാണപ്പെടാത്ത എത്ര കാഴ്ച്ചകൾ ഈ കണ്ണട എനിക്ക് വെളിപ്പെടുത്തി തരുമെന്നോർത്തപ്പോൾ ഒരു ഗൂഢാനന്ദം എന്റെയുള്ളിൽ പതഞ്ഞുപൊങ്ങി .
ആ സന്തോഷം അധികനേരം നീണ്ടുനിന്നില്ല. തലവേദന വീണ്ടും തുടങ്ങിക്കഴിഞ്ഞു. കണ്ണടവെച്ചു വായിച്ചുതുടങ്ങിയപ്പോൾ ആദ്യം കണ്ണിൽപ്പെട്ടത് ദൈന്യതയാർന്ന ഒരു പിഞ്ചുകുഞ്ഞിന്റെ മുഖമാണ് ,ആവശ്യമില്ലാത്തൊരു തെളിമയും അക്ഷരങ്ങൾക്കൊക്കെ വല്ലാത്തൊരു വലിപ്പവും . വീണ്ടും കണ്ണട ഊരിമാറ്റി . തലവേദന ശക്തമാവുന്നു.

വൈകിട്ടത്തെ ട്രെയിൻ യാത്രയിൽ വെറുതെ നാടിനെക്കുറിച്ചോർത്തപ്പോൾ ഫോണിലെ ഓൺലൈൻ മലയാളപത്രത്തിലൂടെ കണ്ണോടിക്കാമല്ലോ എന്നു കരുതി വീണ്ടും കണ്ണടയെടുത്തു വച്ചു .  തമ്മിൽത്തല്ലിചോരകുടിക്കുന്ന കഥകൾ മാത്രമേയുള്ളു . എത്രപെട്ടെന്നാണ് വാർത്തകൾക്കു വർഗീയതയുടെ മണവും നിറവും കൈവന്നത് !!. വായിക്കേണ്ടിയിരുന്നില്ല, വെറുതെ കണ്ണടച്ചിരുന്ന് മനക്കോട്ടകൾ കെട്ടുകതന്നെ ഭേദം .

വൈകിട്ട് വീട്ടിലെത്തിയപ്പോൾ വീണ്ടും കണ്ണടയെടുത്തുവെച്ചു . എതിരെയിരുന്നു ചായ ആസ്വദിച്ചുകുടിച്ചുകൊണ്ടിരുന്ന ഭർത്താവിനോട് പതിയെപ്പറഞ്ഞു, "എന്റെ കണ്ണട ഒന്ന് ചെക്കു ചെയ്യണം, പവർ കൂടുതലാണോ എന്നൊരു സംശയം ". ചോദ്യഭാവത്തിൽ ആൾ തലയുയർത്തി , "കയ്യൊക്കെ വല്ലാണ്ട് ചുളിഞ്ഞിരിക്കണ പോലെ, ശരിക്കും അത്രയ്ക്കൊന്നും ഇല്ലന്നേ ". ഒരു പരിഹാസച്ചിരിയിൽ മുഖമുയർത്തിയപ്പോളാണ് അത് ശ്രദ്ധിച്ചത്, ആളുടെ മുഖം അൽപ്പം ചുളിങ്ങിയിട്ടുണ്ടോ . "നിങ്ങൾക്ക് വയസ്സായിത്തുടങ്ങീട്ടൊ ". ചിരിക്കാനൊരുമ്പെട്ട മുഖം പെട്ടെന്ന് ഗൗരവമായി , "നീയെന്തിനാണ് റീഡിങ്ങ് ഗ്ലാസ്സ് ഏതുനേരവും വച്ചേക്കുന്നത്? പവർ കൂടുതലാണെന്നാ  തോന്നുന്നത്, നാളെത്തന്നെ പോയി റീചെക്ക്‌ ചെയ്യണം ".

എനിക്ക് ചിരിപൊട്ടി . ചിലകാഴ്ചകൾ കാണാൻ കണ്ണടകൾ വേണമെന്ന് പറഞ്ഞ മുരുകൻ കാട്ടാക്കടയുടെ കവിത ഓർമ്മവന്നു . കണ്ണട  ഇല്ലാത്തതാണ് നല്ലത് , അശാന്തിയുടെ പല കാഴ്ച്ചകളും നിഴൽ ചിത്രങ്ങൾപോലെ അവ്യക്തമായിത്തന്നെയിരിക്കട്ടെ . മനക്കാഴ്ചകളിൽ തെളിയുന്ന മായചിത്രങ്ങളിൽ വെറുതെ സന്തോഷിക്കാമല്ലോ .

ഓ..ക്യാനഡാ...

ഏതാണ്ട് ഒൻപതു വർഷങ്ങൾക്ക്  മുൻപ് ഒരു ആറു വയസ്സുകാരിയെയും മറ്റൊരു കൈക്കുഞ്ഞിനെയും കൊണ്ട് ഭർ ത്താവിനൊപ്പം കാൽഗരിയിൽ  വിമാനമിറങ്ങുമ്പോൾ മനസ്സിന് തെല്ലും സന്തോഷം തോന്നിയില്ല. മറിച്ചു ആശങ്കകളുടെ ഒരു കൂടാരത്തിലേക്കാണ് കാലുകുത്തിയത് . പിറകിലുപേക്ഷിച്ചു പോന്ന നാടും ഉറ്റവരും ജോലിയും പത്രാസ്സുമൊക്കെ വല്ലാത്തൊരു നഷ്ടബോധം നെഞ്ചിൽ ഉണർത്തി . ഒരു വല്യ പൂജ്യത്തിൽനിന്നു തുടങ്ങേണ്ടി വരുമെന്നോർത്തപ്പോൾ ഒക്കെ ഭർത്താവ് പറയുന്നുണ്ടായിരുന്നു, "വേവലാതിപ്പെടാതിരിക്കൂ , ഏതു ജോലിയും ചെയ്യാനുള്ള  മനസ്സും ആത്മവിശ്വാസവും ഉണ്ടെങ്കിൽ ഈ രാജ്യം നമ്മളെ കൈവിടില്ല ".  ഒൻപതു വർഷങ്ങൾക്കിപ്പുറം , ജോലി കഴിഞ്ഞു വന്നിരുന്ന് ഒരു ചായകുടിച്ചു അലസമായിരിക്കുമ്പോൾ അതു തന്നെയാണ് മനസ്സ് പറയുന്നത്, "മുൻവിധികൾ മാറ്റിവെച്ചു മുന്നോട്ടിറങ്ങു, ഈ രാജ്യം നിങ്ങളെ ചേർത്തുപിടിക്കും ".

പിറന്നുവീണ മണ്ണ് എന്നും പ്രിയപ്പെട്ടത് തന്നെ. ഒരവസരം കിട്ടിയാൽ തിരിച്ചുപറന്നു കാടും പുഴയും മലയും മഴയും കണ്ട് ആ മണ്ണിൽത്തന്നെ അലിഞ്ഞുചേരുക എന്നത് തന്നെയാണ് എന്റെയും സ്വപ്നം . അതോടൊപ്പം ഇവിടെനിന്നും കിട്ടിയ ചില നന്മകൾ അങ്ങുവരേക്കും കാത്തുസൂക്ഷിക്കണമെന്നും ഞാൻ ഉറപ്പിക്കുന്നു.

കാനഡ നമ്മെ പഠിപ്പിക്കുന്ന ചെറിയ രണ്ടു "വല്യ"കാര്യങ്ങളാണ് ഏതൊരു ചെറിയ ഉപകാരത്തിനും നന്ദി പറയാനും  ഏറ്റവും  ചെറിയ തെറ്റിനുപോലും ക്ഷമ ചോദിക്കാനുമുള്ള മര്യാദ . ആദ്യമാദ്യമൊക്കെ അതൊരു വല്ലാത്ത ഔപചാരികതയായി തോന്നുമെങ്കിലും നമ്മളും അതിന്റെ ആ മഹത്വത്തെ താമസിയാതെ അംഗീകരിച്ചുപോകും . അനവസരത്തിലുള്ള ഒരു നോട്ടത്തിനോ ഇടയിൽ കയറിയുള്ള സംസാരത്തിനോ ഒക്കെ നമ്മളും "സോറി" പറഞ്ഞുതുടങ്ങും.

ഓരോരുത്തർക്കും മറ്റുള്ളവരോടുള്ള ആദരവ് , അത് നമ്മളെ അദ്‌ഭുതപ്പെടുത്തുക തന്നെ ചെയ്യും . ഓരോ യാത്രക്കാരനും ബസ്സിൽ കയറുമ്പോൾ സ്വാഗതം ചെയ്യുന്ന ബസ് ഡ്രൈവറെ കാണുമ്പോൾ നാട്ടിലെ "കിളി"യുടെ പൂരപ്പാട്ടും ഡ്രൈവറുടെ അഭ്യാസങ്ങളും ഓർമ്മയിൽ പൊങ്ങിവരും. താരതമ്യം ചെയ്യലല്ല, എങ്കിലും മനുഷ്യനെ മനുഷ്യനായിക്കാണാൻ നമ്മുടെ നാട് പഠിക്കേണ്ട നേരം അതിക്രമിച്ചിരിക്കുന്നു.

ഗതാഗത മര്യാദകൾ മറ്റൊന്നാണ്, അലറിപ്പാഞ്ഞുപോകുന്ന ആംബുലൻസോ അത്യാവശ്യത്തിനു പോകുന്ന പൊലീസ് വാഹനങ്ങളോ അല്ലാതെ മറ്റൊരു വാഹനവും അനുവദനീയമായതിൽ കൂടുതൽ വേഗതയിൽ പോകുന്നത്  നിങ്ങൾക്കു കാണാനാവില്ല. അമിതവേഗതയ്ക്ക് ഉയർന്നനിരക്കിലുള്ള പിഴ ഈടാക്കുന്നതാണ്. അനാവശ്യമായ ഹോണടികളോ കുത്തിതിരുകലുകളോ മറികടക്കലുകളോ ഇല്ല. കർശനമായ ഗതാഗതനിയമങ്ങൾ തന്നെ കാരണം. വാഹനപരിശോധനയുടെ സമയത്തു 50 ഡോളർ കൊടുത്താൽ കണ്ണടയ്ക്കുന്ന ആ വിദ്യ കടൽ കടന്ന് ഇതുവരെ ഇവിടേക്കെത്താത്തതുകൊണ്ട് നിയമപാലകർ അവരുടെ ജോലി കൃത്യമായി ചെയ്യുന്നു.

ഇതൊക്കെയായാലും ജോലിക്ക്‌ വൈകിയിറങ്ങുന്ന വേളയിൽ എം ജി റോഡിലൂടെ തലങ്ങനേയും വിലങ്ങനേയും പായുന്ന ഓട്ടോറിക്ഷകൾ എനിക്ക് ഇടയ്ക്കിടെ മിസ്സ് ചെയ്യുക തന്നെ ചെയ്യും.

ഏതൊരു ജോലിയും അന്തസ്സുള്ളതാണ് ഇവിടെ. ആരും ആരെക്കാളും താഴെയല്ല . ഒരു പുഞ്ചിരിയുടെ അടുപ്പത്തിൽ എല്ലാവരും അഭിവാദ്യം ചെയ്യുന്നു .

ഭരണസംവിധാനങ്ങൾ വളരെ സുതാര്യമാണ് . ഒരു ഗവണ്മെന്റ് ഓഫീസിലും നമുക്ക് ശുപാർശയുമായി ചെല്ലേണ്ടതില്ല, കാര്യങ്ങൾ നടക്കാൻ. നിയമപരമായി എല്ലാം അതിന്റെ വഴിയേ പോകും.  നിയമം പാലിക്കാൻ വേണ്ടി തന്നെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ് .

മക്കളെയും കൂട്ടി ഇവിടേയ്ക്ക് ചേക്കേറുന്ന മലയാളീകുടുംബങ്ങൾ അനുഭവിക്കുന്ന ചില ടിപ്പിക്കൽ ടെൻഷനുകളും ഇവിടെയുണ്ട്.

ഒന്നാം ക്‌ളാസ്സുമുതൽ പുസ്‌തകചുമടെടുത്തു ശീലിച്ച നമ്മളെ അത്ഭുതപ്പെടുത്തും സ്കൂളുകൾ. ചെറിയ ക്ലാസ്സുകളിൽ വല്യ ഹോംവർക്കുകളോ പരീക്ഷകളോ ഇല്ല. അത് നല്ലതോ ചീത്തയോ എന്ന തർക്കം നിലനിൽക്കെത്തന്നെ, കുട്ടികൾ പല പ്രായോഗിക കാര്യങ്ങളും അക്കാലഘട്ടത്തിൽ പഠിക്കുന്നെന്നു സമ്മതിക്കാതെ വയ്യ. കാര്യങ്ങളെ ലളിതമായിക്കാണുക , പരിഹരിക്കുക.

 മുതിർന്നവരോ അതിഥികളോ വീട്ടിലേക്കു കയറിവരുമ്പോൾ നിങ്ങളുടെ കുട്ടികൾ ചാടിയെണീറ്റ് ബഹുമാനം കാണിക്കുമെന്നോ ഉപചാരപൂർവ്വം  സ്വാഗതം ചെയ്യുമെന്നോ നിങ്ങൾ പ്രതീക്ഷിച്ചുപോകരുത്, അവരെ പരിശീലിപ്പിക്കാത്തിടത്തോളം .  അത്തരം പ്രകടനങ്ങളിലൊന്നും ഇവർ വിശ്വസിക്കുന്നില്ല തന്നെ.

അവനവന്റെ സ്വകാര്യതയിലേക്കുള്ള ഒരു കടന്നുകയറ്റവും ആളുകൾ സഹിക്കില്ല, അത് ഭർത്താവായാലും ഭാര്യയായാലും മക്കളായാലും ശരി. ബന്ധങ്ങൾക്കുള്ള മലയാളി ടച്ച് പ്രതീക്ഷിക്കേണ്ട.

അധ്യാപകരെ കാണുമ്പോൾ എഴുന്നേറ്റു നിന്ന് "സാർ " എന്ന് വിനയപൂർവം വിളിക്കുന്ന ആ വിളി കേൾക്കാമെന്നു കരുതി അദ്ധ്യാപക രക്ഷാകർതൃ മീറ്റിങ്ങിനു ചെല്ലുന്ന നമ്മളെ അന്തം വിടീച്ചു സ്വന്തം അദ്ധ്യാപകനെ "മിസ്റ്റർ സ്റ്റീവ് " എന്ന് വിളിച്ചു തോളത്തു കയ്യിടുന്നതും നമ്മുടെ കുട്ടികൾ തന്നെ.

കുട്ടികൾ, അവർ  വളരുന്ന സമൂഹത്തിനനുസരിച്ചു മാറുമ്പോൾ കരഞ്ഞുവിളിച്ചു നാട്ടിലേക്കുള്ള പെട്ടി കെട്ടാതെ ചില കാര്യങ്ങൾ മുൻകൂട്ടി ശ്രദ്ധിക്കുന്നതും നല്ലതാണ്.

"പണ്ട് ഞാനൊക്കെ പഠിച്ചപ്പോൾ.." എന്നു തുടങ്ങുന്നതായ എല്ലാ വാചകങ്ങളും മറന്നേക്കുക. ഒരിയ്ക്കലും ഉപയോഗിക്കാതിരിക്കുക. അത് കേൾക്കാൻ നിങ്ങളുടെ കുട്ടികൾ ഒരിയ്ക്കലും ഇഷ്ടപ്പെടുന്നില്ലെന്ന് മാത്രമല്ല, "പണ്ടത്തെ" ആ നാടിനെപ്പോലും അവർ വെറുത്തുപോകും. മാത്രമല്ല, നമ്മളുടെ ആ സഹനങ്ങൾക്കൊന്നും ഇവിടെ വല്യ പ്രസക്തി ഇല്ല താനും.

കുഞ്ഞുങ്ങളോട് സംസാരിക്കുക, ഓരോ ദിവസവും നടക്കുന്ന കാര്യങ്ങൾ ചോദിച്ചറിയുക. അതൊരു പോലീസ് മുറ ചോദ്യം ചെയ്യലാവരുത് , ഒരു സുഹൃത്തായി സംസാരിക്കുക. കൊച്ചുകൊച്ചു നേട്ടങ്ങൾ പോലും വിലമതിക്കുക, ഓരോ നല്ല കാര്യത്തിനും അഭിനന്ദിക്കുക. തെറ്റുകൾ എന്താണെന്ന് മനസ്സിലാക്കിക്കുക.

വീട്ടിൽ മാതൃഭാഷ പറയുന്നത് ശീലിപ്പിക്കുക, ഇംഗ്ലീഷ് അവർ എങ്ങനെയും പഠിക്കും. മലയാളം കൈവിട്ടുപോയാൽ അതൊരു സംസ്കാരം തന്നെ അന്യമാകലാകും .  മാത്രമല്ല, വീട്ടിൽ മാതൃഭാഷ സംസാരിക്കുന്ന കുട്ടികൾ കൂടുതൽ പ്രാഗത്ഭ്യം ഉള്ളവരാകുമെന്ന് അടുത്തകാലത്തെ ഗവേഷണങ്ങൾ തെളിയിച്ചിട്ടുമുണ്ട്.

ജന്മനാടുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുക, മുത്തച്ഛനോടും മുത്തശ്ശിയോടുമൊക്കെ സംസാരിക്കാൻ പ്രോത്സാഹിപ്പിക്കുക , അതു വഴി അവർ നേടുന്നത് പലതാണ്, ആ വാത്സല്യം, നന്മ, നാടിനെക്കുറിച്ചുള്ള നല്ല സങ്കൽപ്പങ്ങൾ .

ഇടയ്ക്കിടെ യാത്രകൾ പോവുക, അത് നാട്ടിലേക്കോ മറ്റെവിടേക്കോ ആവട്ടെ. ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും ഊഷ്മളത കൈവരിക്കാനും യാത്രകൾ വളരെ നല്ലതാണ്.

നമ്മുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായ പ്രതികരണങ്ങളിൽ ഹൃദയം തകർന്നു പോവാതിരിക്കുക, അവരെ കേൾക്കുക, ഒരു നല്ല ശ്രോതാവാവുക, ജനറേഷൻ ഗ്യാപ് നമ്മൾ മനസ്സിലാക്കാൻ ശ്രമിയ്ക്കുക , കുട്ടികളുടെ അഭിപ്രായങ്ങളും ഇടയ്ക്കിടെ പരിഗണിക്കുക, അവരെ ബഹുമാനിക്കുക  - അവർ നിങ്ങളെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യും.

ഇതൊക്കെയായാലും ചിലപ്പോഴെല്ലാം ആ "കൾച്ചറൽ ഷോക്ക് " നമുക്കിങ്ങനെ ഉണ്ടായിക്കൊണ്ടേയിരിക്കും. അപ്പോഴൊക്കെ ഓർക്കുക , ഇതല്ല ജീവിതത്തിന്റെ അവസാന വാക്ക് .  ഭാഷയോ ഭാവിയോ ഒന്നും നിശ്ചയമില്ലാതെ,  ഈ ഭൂഗോളത്തിന്റെ അങ്ങേയറ്റത്തുനിന്ന് ഒരു സുപ്രഭാതത്തിൽ ആത്മവിശ്വാസത്തിന്റെ മാത്രം ബലത്തിൽ നമ്മൾ ഇവിടെയെത്തിയില്ലേ, അ തിലും വല്യ വെല്ലുവിളികളൊന്നും നമുക്ക് വരാനില്ല, നമ്മളിതിനെയും അതിജീവിക്കും.












Sunday, September 16, 2018

ഏതാണ്ട് രണ്ടു മാസം മുമ്പ് ട്രെയിനിൽ ഇരിയ്ക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്. വഴിയരികിൽ സിറ്റിയിലെ രണ്ടു ജോലിക്കാർ ഒരു വലിയ മരം കുഴിച്ചു വയ്ക്കുന്നു . എവിടുന്നോ വലിയ മരം പിഴുതെടുത്തു കൊണ്ടുവന്ന് വെക്കുകയാണ് . എന്നിട്ട് , അതിനെ നന്നായി വെള്ളവും വളവും കൊടുത്തു പിടിപ്പിച്ചെടുക്കുന്നു. അടുത്ത വർഷമാവുമ്പോഴേക്കും മരം സ്വന്തം സ്ഥാനത്തു ആഴത്തിൽ വളർന്നു തലയെടുപ്പോടെ നിലയുറപ്പിച്ചു കഴിയും .

ആദ്യമൊക്കെ ഈ കാഴ്ചകാണുമ്പോൾ എനിക്ക് വല്ലാത്ത ആശങ്കയായിരുന്നു, ഇത്ര വലിയ മരം പിഴുതു മാറ്റിവച്ചാൽ അത് അതിജീവിക്കുമോ എന്ന ആശങ്ക . പക്ഷേ, കരുതലും പരിപാലനമികവും കൊണ്ട് പരിസ്ഥിതിയോടിണങ്ങി തലയുയർത്തുന്ന അവയെക്കണ്ട് എനിക്കിപ്പോൾ ആശ്വാസമാണ് .

സമാനമായൊരു  ആശങ്ക കാണാൻ കഴിയുന്ന മറ്റൊരു സ്ഥലം അങ്ങ് നമ്മുടെ ആ കൊച്ചുനാട്ടിലെ വിവാഹപ്പന്തലുകളാണ്.

 ഒരു സുപ്രഭാതത്തിൽ പുതിയൊരു വീട്ടിലേക്ക് മരുമകളായി കയറിച്ചെല്ലുന്ന  ഏതൊരു പെൺകുട്ടിക്കും മനസ്സിൽ ഇത്തരമൊരു ആശങ്കയുണ്ടാവും. മകളെന്ന വാത്സല്യത്തിന്റെ ലേബലിൽ നിന്ന് ഉത്തരവാദിത്തമുള്ള ഭാര്യയായും അനുസരണയുള്ള മരുമകളായും  ഒക്കെ  വേഷപ്പകർച്ച നടത്തുമ്പോൾ താളം പിഴയ്ക്കുമോ , കാലിടറുമോ എന്നൊക്കെയുള്ള ആശങ്ക.  ഓരോ ദിവസവും കാത്തുവെക്കുന്ന ഞെട്ടലുകളെയും അദ്‌ഭുതങ്ങളെയും കുറിച്ചുള്ള ആശങ്ക .

പുരുഷന്മാരുടെ കാര്യവും വ്യത്യസ്തമല്ല. ഇന്നലെവരെ കൊണ്ടാടിയ സ്വാതന്ത്ര്യങ്ങൾക്കെല്ലാം മേലെ സമയത്തിന്റെ ഒരു പുതിയ നിബന്ധന. ഏതു കാര്യത്തിനും അച്ഛനോടും അമ്മയോടും ചിണുങ്ങിയിരുന്ന ആൾ മറ്റൊരാളുടെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കേണ്ടി വരുമ്പോഴുള്ള സമ്മർദ്ദം . എന്തായാലും  ജീവിതം ഒരിയ്ക്കലും പഴയപോലെ ആവില്ല തന്നെ,

പരസ്പര കരുത്തലിലും സ്നേഹത്തിലും അലിഞ്ഞു തീരാവുന്നതേയുള്ളു ഇതെല്ലാം. നമ്മുടെ ജീവിതം സന്തോഷമാവണമെന്ന് നാം തീരുമാനിക്കുന്നതിൽ തുടങ്ങുന്നു വിജയത്തിന്റെ ആദ്യ സൂത്രവാക്യം. മനസ്സിലാക്കാൻ ശ്രമിക്കുക, തുറന്നു സംസാരിക്കുക ഇതൊക്കെ പിറകേ വരുന്നു. നമ്മുടെ പ്രശ്നങ്ങൾ നാല് ചുമരുകൾക്കുള്ളിൽ പരിഹരിക്കാൻ ഉറപ്പിക്കുക, അതിൽ മൂന്നാമതൊരാളെ കൈകടത്താൻ അനുവദിക്കാതിരിക്കുക. ദേഷ്യം വരുമ്പോൾ സംസാരിക്കാതിരിക്കുക, കാരണം ദേഷ്യത്തിൽ പറയുന്നവ പലപ്പോഴും ക്ഷമിക്കാൻ പറ്റാത്തതാവും, പറഞ്ഞു പോയ വാക്ക് തിരിച്ചെടുക്കാൻ ആവില്ലെന്ന് ഓർമ്മിക്കുക . ചെയ്തു തരുന്ന കാര്യങ്ങൾ അംഗീകരിക്കുക, നന്ദിയുള്ളവരാകുക.

ഇതെല്ലാം ചെയ്താലും ഇടക്കിടെയുണ്ടാകുന്ന പൊട്ടിത്തെറിക്കലുകൾ സ്വാഭാവികമാണെന്ന സത്യം മനസ്സിലാക്കുക . ഒരു പിണക്കവും അടുത്തദിവസത്തേക്ക് നീണ്ടുപോകാൻ അനുവദിക്കാതിരിക്കുക. ഉറങ്ങുംമുമ്പ് പരിഹാരം കാണാൻ ശ്രമിക്കുക.

ഇനിയിപ്പോൾ, ഈ വൈകിയ വേളയിൽ ഈയൊരു ലേഖനത്തിന്റെ സാംഗത്യം എന്തെന്ന ചോദ്യത്തിനുത്തരം... കഴിഞ്ഞ പതിനെട്ടുവർഷങ്ങൾ  ഗവേഷണം  നടത്തി കണ്ടെത്തിയ സത്യങ്ങൾ ആണിത്. മേൽപറഞ്ഞ സത്യങ്ങളെല്ലാം എന്റെ ഭർത്താവ് സാക്ഷ്യപ്പെടുത്തിയവയുമാണ് . ജീവിതം പങ്കുവെയ്ക്കാൻ കിട്ടിയത് ക്ഷമ എന്ന പദത്തിന്റെ അർത്ഥവും വ്യാപ്തിയും നന്നായറിയുന്ന, കുഞ്ഞുകുഞ്ഞു  അക്ഷരത്തെറ്റുകൾക്കുനേരെ കണ്ണടയ്ക്കാനുള്ള ദയ കാണിക്കുന്ന ആളായതുകൊണ്ടും  സന്തോഷമായി ജീവിക്കണമെന്ന വാശിയുള്ളതു കൊണ്ടും സർവോപരി പടച്ചവനെ പേടിയുള്ളതുകൊണ്ടും ഈ കഥ അങ്ങനെ തുടരുന്നു .

കിട്ടിയതും കെട്ടിയതും നല്ലൊരു തോട്ടക്കാരനായതുകൊണ്ട്  പതിനെട്ട്  വർഷം മുമ്പ് പറിച്ചുനടപ്പെട്ട ഈ ഞാനെന്ന മരം ഇവിടെ വേരുറപ്പിച്ചു തലയുയർത്തിനിൽക്കുന്നു .  എന്റെ ഭർത്താവാണ് എന്റെ ഏറ്റവും വല്യ അനുഗ്രഹം എന്നൊന്നും ഞാൻ പറയില്ല, വല്ലാതങ്ങു അഹങ്കരിച്ചു കളയും

മറുഭാഗം കേൾക്കുംമുമ്പ് ആശംസിച്ചോളൂ ..


Friday, September 7, 2018

ഡൌൺ ടൗണിലെ മരങ്ങളൊക്കെ മഞ്ഞയായിത്തുടങ്ങിയിരിക്കുന്നു. നടപ്പാതകൾക്കിരുവശവും തണലുവിരിച്ചു നിൽക്കുന്ന അവയെക്കാണുമ്പോളൊക്കെ മനസ്സിന് വല്ലാത്തൊരു കുളിർമയാണ്‌ .  മരങ്ങൾ തളിരിടുന്നതും അവ പച്ചിലകളാവുന്നതും പൂക്കൾ വിടരുന്നതും മെല്ലെ മെല്ലെ മഞ്ഞയാവുന്നതും ഒക്കെ എന്റെ പ്രഭാതങ്ങളെ സാക്ഷി നിർത്തിയാണ് . എത്ര തിരക്കേറിയാലും അവയെക്കണ്ടാണ് ഞാൻ ഓഫീസിലേക്ക് നടക്കാറ്.  ആൾക്കൂട്ടത്തിൽ അറിയപ്പെടാതെ...ചിലപ്പോൾ തോന്നും എത്ര അപ്രസക്തമാണ് ജീവിതമെന്ന് . മറ്റു ചിലപ്പോൾ അതൊരു രസമാണ്, ഭൂതകാലമില്ലാതെ ജീവിക്കേണ്ടിവരുന്നതിന്റെ  രസം .

ഋതുഭേദങ്ങളിൽ ഏറ്റവും മനോഹരം ഈ മഞ്ഞനിറമാർന്ന ശരത്കാലമാണ് . ഓരോ മരത്തിലും തീപോലെ കത്തിജ്വലിച്ച വർണ്ണങ്ങൾ . അണയും മുൻപുള്ള ആളിക്കത്തലാണെന്നോർക്കുമ്പോൾ ഒരു നൊമ്പരം തോന്നും . എങ്കിലും അത് നമ്മളെ പലതും ഓർമ്മപ്പെടുത്തും .

 നടന്നു  തീർത്ത വഴികൾ ,  ഇടയിൽ വച്ച് കൂടിയും പിന്നെയേതോ വഴിയിൽ അപ്രത്യക്ഷമാവുകയും ചെയ്തവർ , നിഴലായ് ഇപ്പോഴും കൂടെ നടക്കുന്നവർ , ലോകത്തിന്റെ മറ്റേതോ കോണിലിരുന്ന് "നീ സുഖമായിരിക്കട്ടെ"എന്ന് പ്രാർത്ഥിക്കുന്നവർ , വളരെച്ചെറിയ നിമിഷങ്ങളിൽ മനസ്സിൽ മുറിപ്പാടു തീർത്തു സന്തോഷിച്ചവർ - മായ പറയുമ്പോലെ "ഓർമ്മകളുടെ അസുഖമുള്ളവർ"ക്ക്   ഈ മഞ്ഞയിലകൾ ഒരു ബാധ്യതയാണ്. മറക്കാൻ ശ്രമിച്ചാലും എത്ര മായ്ക്കാൻ ശ്രമിച്ചാലും പൂർവാധികം മിഴിവോടെ തെളിഞ്ഞുവരുന്ന ചില ഓർമ്മകളുടെ തീരാത്ത ബാധ്യത.

കൊഴിയാൻ ഒരുങ്ങിനിൽക്കുമ്പോഴും മറ്റുള്ളവരുടെ കണ്ണുകളിൽ സന്തോഷം പടർത്തുന്ന മഞ്ഞയിലകൾ ദിവസ്സവും എന്നെ ഓർമ്മപ്പെടുത്തുന്ന മറ്റൊരു വലിയ കാര്യം കൂടിയുണ്ട്, സങ്കടങ്ങളല്ലവിളിച്ചു പറയേണ്ടത്, സന്തോഷങ്ങളാണ്. ജീവിതത്തിലെ ചില നിമിഷങ്ങളെങ്കിലും മറ്റുള്ളവർക്കായി മാറ്റിവയ്ക്കുക .  സ്നേഹിക്കുക,അഭിനന്ദിക്കുക, വിലമതിക്കുക, അത് പ്രകടിപ്പിക്കുക. വാക്കുകൾക്കു പിശുക്കു കാണിച്ചു വാ പൂട്ടി  ജീവിച്ചുതീർക്കുന്ന ഒരു ജീവിതം കൊണ്ട് എന്താണ് പ്രയോജനം?  ശ്വാസം നിലയ്ക്കുമ്പോൾ "ഇവിടെ ജീവിച്ചിരുന്നു" എന്ന് അടയാളപ്പെടുത്താൻ നമ്മൾ ധരിച്ച മുഖംമൂടിയോ വിഴുങ്ങിയ വാക്കുകളോ ഉണ്ടാവില്ല. ചിരിച്ചുകൊണ്ടു പറഞ്ഞ ഒരു നന്ദിവാക്കോ , "നീ എനിക്ക് എത്ര പ്രിയപ്പെട്ടതാണ്" എന്ന് സ്നേഹം നിറഞ്ഞുപറഞ്ഞ സൗഹൃദമോ ബന്ധങ്ങളോ കരുണ നിറഞ്ഞ ഒരു നോട്ടമോ  ഒക്കെത്തന്നെയേ കാണൂ .

ഒന്നു രണ്ടാഴ്ച്ചകൾ കൂടി കഴിയുമ്പോൾ ഈ ഇലകൾ പൊഴിഞ്ഞുതുടങ്ങും . അപ്പോഴും അവ ലോകത്തോട് വിളിച്ചുപറയും , മെഴുകുതിരിപോലെ ഉരുകുമ്പോഴും മറ്റുള്ളവർക്ക് വെളിച്ചമാവുക. പിന്നെ, പതിയെ തണുപ്പ് വിരുന്നെത്തും, നിറഞ്ഞുനിന്ന വീഥികളിൽ വെറും ചുള്ളിക്കമ്പുകൾ മാത്രം ബാക്കിയാക്കി മരങ്ങൾ മറ്റൊരു പാഠം പകർന്നുതരും , ഈ മഞ്ഞിന്റെ മരവിച്ച വെളുപ്പിനുമപ്പുറം വീണ്ടും നിറമാർന്ന ഒരു പുലരി വിരുന്നെത്തുമെന്ന പ്രതീക്ഷയുടെ പാഠം.  ഏതൊരു വസന്തത്തിനും അവസാനമുണ്ടെന്നും ജീവിതം ഋതുഭേദങ്ങൾ പോലെയാണെന്നും കൺമുന്നിൽ സാക്ഷ്യപ്പെടുത്തും .

ജീവിതം ഓരോ ദിവസവും ഓരോ പാഠമാണ് ചൊല്ലിത്തരുന്നത് . വിഷയങ്ങൾക്ക് പേരിടാതെ വഴിയോരങ്ങളിലും   ട്രെയിനിലും ഓഫീസിലും കണ്ടുമുട്ടുന്നവരും കാഴ്ച്ചകളും അദ്ധ്യാപകരാകുന്ന പാഠങ്ങൾ .  

ഈ അദ്ധ്യാപക  ദിനത്തിൽ  ഏറ്റവും ഓർമ്മിക്കുന്നത് ഇവരെയൊക്കെയാണ്, സ്നേഹിക്കാനും വഞ്ചിക്കാനും പഠിപ്പിച്ചവരെ,  വലംകൈകൊണ്ട് തലോടാനും ഇടംകൈകൊണ്ടു തല്ലാനും പഠിപ്പിച്ചവരെ, സർവോപരി, ജീവിതം എന്താകണമെന്നും എന്താകരുതെന്നും പഠിപ്പിച്ചവരെ. 


Friday, August 31, 2018

അങ്ങനെ വീണ്ടും വെള്ളിയാഴ്ച്ചയായി .  ചില കാട്ടിക്കൂട്ടലുകൾ കാണുമ്പോൾ വെള്ളിയാഴ്ചകൾക്കു വേണ്ടി മാത്രമാണ് ഞാൻ കാത്തിരിക്കുന്നത് എന്ന് എനിക്ക് തന്നെ തോന്നാറുണ്ട് . അത്, വീടിനും ഓഫീസ്സിനും ഇടയിൽ തിങ്കൾ മുതൽ വെള്ളിവരെ ഓടിത്തീർക്കുന്ന ഒരു വീട്ടമ്മയുടെ അവിവേകമായിക്കരുതി വായനക്കാർ ക്ഷമിക്കുക . വെള്ളിയാഴ്ച്ച വൈകുന്നേരങ്ങൾ അങ്ങനെ അലസമായിരിക്കാനുള്ള അവസരമാണ് . അടുത്ത രണ്ടുദിവസം അവധി, അടുക്കളയ്ക്ക് അവധി കൊടുത്തു വെറുതേ ഇരുന്ന് ഭർത്താവിനോടു എന്തെങ്കിലും കൊച്ചുവാർത്തമാനമൊക്കെ പറഞ്ഞു മക്കളോട് തല്ലുപിടിച്ചു അങ്ങനെ നേരം കൊല്ലുക . കേൾക്കുമ്പോൾ അത്ര വല്യ കാര്യമൊന്നുമല്ലെങ്കിലും അടുത്ത ഒരാഴ്ചയിലേക്കുള്ള ഊർജ്ജം തരുന്നത് ഈ വൈകുന്നേരങ്ങളാണ് .

വെള്ളിയാഴ്ച്ച ഉച്ചകഴിയുമ്പോൾ മുതൽ ഓഫീസിൽ ജോലി ചെയ്യാൻ വല്യ മടിയാണ്, സമയം അങ്ങ് നീങ്ങാത്തതുപോലെ . മനസ്സിൽ വരുന്ന ആശയങ്ങളൊക്കെ ഒരു സ്റ്റിക്കിനോട്ടിൽ എഴുതി ഒട്ടിച്ചുകൊണ്ടിരുന്നു, മൂന്നു ദിവസം അവധിയുണ്ട്. എവിടെയെങ്കിലും യാത്ര പോകാം . ഇഷ്ടമുള്ളത് എന്തെങ്കിലുമൊക്കെ ചെയ്യാം. ഇന്നലെ രാത്രി മടിപിടിച്ചു കലക്കി വച്ച ഹെന്ന ഇടണം, തലയ്ക്കൊരു തണുപ്പുകിട്ടട്ടെ. വെള്ളിയാഴ്ച്ചയായതുകൊണ്ടു ഭർത്താവിനു സമയമുണ്ടല്ലോ , സഹായിക്കാമോയെന്നു ചോദിക്കാം , ചെയ്യുമായിരിക്കും , കാരണമുണ്ട് .

രണ്ടുദിവസം മുൻപ് പതിവുപോലെ വൈകിട്ട് കാപ്പികുടിച്ചിരിക്കുമ്പോൾ ഭർത്താവ് പറഞ്ഞു, "നിനക്കീയിടെയായി ഒരു മാറ്റമുണ്ട് ,  സ്ട്രെസ് ഒക്കെ ഒന്ന് കുറഞ്ഞത് പോലെ , സദാ സമയവും ആവലാതിപ്പെട്ടിരുന്ന നീ അത് നിർത്തിയിരിക്കുന്നു . വായന കൂടിയതിന്റെ ആവും". അതെനിക്കും തോന്നാതിരുന്നില്ല, ഒരു കനമില്ലാതായതുപോലെ . മാധവിക്കുട്ടിയുടെ ബുക്കുകളാണ് രണ്ടാഴ്ച്ചയായി ട്രെയിൻ യാത്രയിലെ കൂട്ട്. വായിച്ചു പുസ്തകമടച്ചുവയ്ക്കുമ്പോൾ ചുറ്റും കാണുന്ന എല്ലാത്തിനും ഒരു സൗന്ദര്യം തോന്നും. സ്നേഹം തോന്നും. വെറുതെ ചിരിക്കാൻ തോന്നും . കാടുകയറിയ  ചിന്തകളെ മുറിച്ചു ഭർത്താവ് തുടർന്നു , "നിന്റെ പ്രശ്നങ്ങളെ എങ്ങനെ പരിഹരിക്കണമെന്ന് നീ പഠിച്ചു. ഇനി എന്നെങ്കിലും ഇത് ഫലപ്രദമല്ലെന്നു തോന്നിയാൽ ചെയ്യാൻ ഞാൻ ശാസ്ത്രീയമായ  ഒരു വഴി പറഞ്ഞു തരാം "

സോഫയിൽ ചമ്രം പടിഞ്ഞിരുന്ന ഞാൻ "ശാസ്ത്രീയമായ" ആ വഴി കേൾക്കാൻ ഒന്നിളകി നേരേയിരുന്നു, "ഏതൊരു പ്രശ്നത്തെയും നേരിടാൻ ആദ്യം അതിനെ ഓരോരോ  ഭാഗങ്ങളാക്കി ബ്രേക്ക് ചെയ്യുക, എന്നിട്ട് വിശകലനം ചെയ്യുക, വളരെ പെട്ടെന്ന് തന്നെ ഒരു പരിഹാരത്തിലെത്താൻ നമുക്ക് കഴിയും . ഉദാഹരണത്തിന്, അടുത്ത ആഴ്ച്ച കുട്ടികളുടെ സ്കൂൾ തുറക്കുകയാണ്, അതിനു നീ ഇന്നേ സ്ട്രെസ്സ്ഡ് ആണെന്നെനിക്കറിയാം. ബ്രേക്ക് ചെയ്യൂ , സ്കൂളിലേക്ക് എന്തൊക്കെ വേണം, അത് തയ്യാറാക്കാൻ എത്ര നേരം വേണം, ചിന്തിക്കൂ ". ഞാൻ ചിന്തിച്ചു  നോക്കി, ശരിയാണ്,ഭർത്താവാണെങ്കിലും പറഞ്ഞത് നന്നെങ്കിൽ അംഗീകരിക്കണമല്ലോ എന്നെന്റെ പെൺബുദ്ധി ആത്മഗതം ചെയ്തു.

അങ്ങനെ പ്രശ്നങ്ങളൊന്നുമില്ലാത്ത സമാധാനപരമായ  ആഴ്ച്ചകളിലൊന്നാണ് കടന്നുപോയത് . എന്റെ പുസ്തകങ്ങളിൽ ഞാനും വാട്സ്ആപ്പിലും ഫോട്ടോഗ്രഫിയിലും ഭർത്താവും വളരെ രമ്യതയോടെ പരസ്പരബഹുമാനത്തോടെ വിരാജിച്ചു . ഒരാൾ മറ്റേയാൾക്കു ഒരിയ്ക്കലും തടസ്സം നിന്നില്ല .

വെള്ളിയാഴ്ചയിലേക്കു തിരിച്ചു വരാം, സമയം 4 : 30 മുട്ടിയപ്പോൾ ബാഗെടുത്തു ട്രെയിൻ സ്റ്റേഷനിലേക്ക് പാഞ്ഞു . "പക്ഷിയുടെ മണം" വായിച്ചു കഴിഞ്ഞതിനാൽ മീരയുടെ  "ഭഗവാന്റെ മരണം " ആയിരുന്നു കൂട്ട് . ഇറങ്ങേണ്ട സ്ഥലമെത്തിയപ്പോൾ പതിവുപോലെ കാത്തുനിൽപ്പുണ്ട് .  കാറിൽ കയറിയിരുന്ന് വീടെത്താറായപ്പോൾ , "ഇന്നൊരു ഫോട്ടോഷൂട്ടിന് ക്ഷണമുണ്ട് , നിജു ഒരു മോഡൽ ഫോട്ടോഷൂട്ട് ചെയ്യുന്നുണ്ട് വൈകിട്ട്. നീ ഇറങ്ങിക്കോ, ഞാൻ പോയിട്ടുവരാം " .

കാർ വഴി തിരിഞ്ഞു അകന്നു മറഞ്ഞു .  കലക്കിവെച്ച ഹെന്ന ആരോ തട്ടിമറിച്ചപോലെ .  വല്ലാത്ത നിരാശ തോന്നി . ഹൃദയത്തിന്റെ ഇടിപ്പിന് വേഗം കൂടി .  പെട്ടെന്നാണോർത്തത്, പ്രശ്നത്തെ ബ്രേക്ക് ചെയ്യണം , കഷണങ്ങളാക്കി നോക്കി, ആദ്യത്തെ കഷണം നിജുവാണ് , "ചേച്ചീ " എന്നുള്ള സ്നേഹം നിറഞ്ഞ വിളി ഓർത്തപ്പോൾ തോന്നി ബ്രേക്ക് ചെയ്യണ്ട, പാവം. ഭഗവാന്റെ മരണം വിട്ട് ഞാൻ നീർമാതളം കയ്യിലെടുത്തു .


Thursday, August 23, 2018

സമർപ്പണം : ജലം കൊണ്ടു മുറിവേറ്റവർക്ക്

"നമ്മൾ അതിജീവിയ്ക്കും " - ഒരേയൊരു മുദ്രാവാക്യം മാത്രമേ ഇപ്പോൾ ഉയർന്നുകേൾക്കുന്നുള്ളൂ , മഹാപ്രളയം മായ്ച്ചെഴുതിയ ഒരേയൊരു മുദ്രാവാക്യം . അതിനു കൊടികളുടെ അകമ്പടിയില്ല, രാഷ്ട്രീയത്തിന്റെ  വൃത്തികെട്ട സൂത്രവാക്യങ്ങളില്ല,

ഒരൊറ്റ ജാതി, ഒരൊറ്റ മതം, ഒരൊറ്റ മനസ്സ് - മനുഷ്യൻ -എത്ര മനോഹരമായ സൃഷ്ടി !!!

എത്ര ഭയാനകമായ കാഴ്ച്ചകളിലൂടെയും അനുഭവങ്ങളിലൂടെയുമാണ് ആ ദിവസങ്ങൾ കടന്നുപോയത് .  വാർത്തകൾക്കായി ടീവിയുടെ മുന്നിൽ ഇരുന്ന നീണ്ട മണിക്കൂറുകൾ. മാതാപിതാക്കളും കൂടെപ്പിറപ്പുകളും സുരക്ഷിതരാണെന്ന വിവരത്തിന് ഉള്ളിലെ തീയണയ്ക്കാൻ ആയില്ല.  മഹാപ്രളയത്തിൽ മുങ്ങിയമരുന്നത് എന്റെ നാടാണ്, ഭക്ഷണമില്ലാതെ, വെള്ളമില്ലാതെ ഒറ്റപ്പെട്ട് ജീവനുവേണ്ടി കേഴുന്നത് എന്റെ ആളുകളാണ് . സഹായത്തിനായുള്ള ഓരോ നിലവിളികൾക്കുമൊപ്പം ഞാനും വിതുമ്പി.  ജീവനെത്തേടിയുള്ള ഓരോ തിരച്ചിലിലും അവരോടൊപ്പം പ്രാർത്ഥിച്ചു.  ദൈവദൂതൻമാരെപ്പോലെ കടലമ്മയുടെ സ്വന്തം മക്കൾ ജീവൻ പണയപ്പെടുത്തി രക്ഷകരായപ്പോൾ മനസ്സുകൊണ്ട് ആ കാൽക്കൽ വീണു . എന്തിനും തയ്യാറായ പട്ടാളത്തിനും പോലീസിനും സ്നേഹം കൊണ്ട് നന്ദിപറഞ്ഞു.

ഒരിക്കൽപ്പോലും , ആരും പരസ്പരം ചോദിച്ചില്ല - നിന്റെ മതമേതാണെന്ന് .

ഒരു മഹാ പ്രളയം വേണ്ടിവന്നു മനുഷ്യൻ മനുഷ്യനാവാൻ.  സഹോദരങ്ങളുടെ കണ്ണീരൊപ്പാൻ, ജീവന്റെ തുടിപ്പുകൾ തിരിച്ചറിയാൻ.

എന്റെ സ്കൂൾ കാലഘട്ടങ്ങളിൽ ഒരിക്കൽപോലും കേൾക്കാത്ത ഒരു ചോദ്യമായിരുന്നു അത് . മതമേതായാലും മനുഷ്യനായി വളരുക എന്നതാണ് ഞാൻ പഠിച്ചത് .  തൊട്ടടുത്ത വീട്ടിലെ അമ്മിണിച്ചേച്ചിയും ഇന്ദിരച്ചേച്ചിയുമൊക്കെ ഞങ്ങൾക്ക് അമ്മമാർ തന്നെയായിരുന്നു. പെരുന്നാളുകൾ ഞങ്ങൾ ഒരുമിച്ചാഘോഷിച്ചു. വിഷുവിനു കൈനീട്ടം വാങ്ങാൻ ചേച്ചിമാരുടെ പിന്നിൽ തിക്കിത്തിരക്കി. ഓണത്തിന് ഒരുമിച്ചു പൂക്കളമിട്ടു . ക്രിസ്തുമസ്സിനു നക്ഷത്രങ്ങൾ തൂക്കി . ആർക്കും ഒന്നും സംഭവിച്ചില്ല, ഞങ്ങൾ അല്ലാഹുവിനോടും അവർ ഭഗവാനോടും യേശുവിനോടും പ്രാർത്ഥിച്ചു, എല്ലാർക്കും നന്മ ഉണ്ടാവണേ എന്ന് . ആരും ആരുടേയും  വിശ്വാസങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും തടസ്സം നിന്നതുമില്ല.

ആ കാലമൊക്കെ എവിടെയാണ് പോയ്മറഞ്ഞത് ? കാനഡയിലേക്ക് കുടിയേറിയതിനുശേഷം നാട്ടിലേക്കുള്ള ഓരോ സന്ദർശനവും തുറന്നുവച്ചത് അപരിചിതമായ അനുഭവങ്ങളായിരുന്നു.  ഒരേ പാത്രത്തിൽ ഉണ്ട് ഒരേ കപ്പിൽനിന്നും വെള്ളം കുടിച്ചു ഒരേ ക്‌ളാസിൽ പഠിച്ച സതീർഥ്യർ പോലും കാണുമ്പോൾ അപരിചിതമായ ഭാഷ സംസാരിച്ചു, ശീലങ്ങൾ കാണിച്ചു. ഓർമ്മകൾ പുനർജീവിപ്പിക്കാൻ തുടങ്ങിയ വാട്സാപ്പ് കൂട്ടായ്മകളിൽ വർഗ്ഗീയ വിഷം ശർദ്ദിച്ചിട്ടു . രാഷ്ട്രീയവും ജാതിയും വർഗ്ഗീയതയും എല്ലാം കാളകൂടവിഷം പോലെ പൊങ്ങിവന്നു, സൗഹൃദവും സ്നേഹവും മാത്രം പുനർജ്ജനിച്ചില്ല. മനുഷ്യൻ എന്ന പദം തന്നെ നിരർത്ഥകമായി തോന്നി.

എന്റെ തലമുറ എത്രമാത്രം  അധഃപതിച്ചെന്നു പലപ്പോഴും വേദനയോടെ ഓർത്തിട്ടുണ്ട് .

ഒടുവിൽ പ്രകൃതി തന്നെ മുന്നിട്ടിറങ്ങി, മുങ്ങിത്തോർന്നപ്പോൾ ബാക്കിയായത് ജീവിതത്തെക്കുറിച്ചുള്ള ആവലാതികൾ മാത്രം. രക്ഷപ്പെടുത്താൻ നീട്ടിയ കൈകളും ധൈര്യം പകരുന്ന കണ്ണുകളും മാത്രമേ കണ്ടുള്ളൂ , താടിയോ തൊപ്പിയോ കാഷായമോ കുരിശോ ഒന്നും കണ്ണിൽപ്പെട്ടില്ല . കണ്ടത് കുറേ മനുഷ്യരെയാണ്, മതിൽകെട്ടുകളില്ലാത്ത സാധാരണ മനുഷ്യർ.

ദുരിതാശ്വാസ ക്യാമ്പുകളിൽ ഒരുമിച്ചുണ്ടു, ഉറങ്ങി. എല്ലാവരും അവനവന്റെ പ്രാർത്ഥനകളിൽ നാടിനുവേണ്ടി കരഞ്ഞപേക്ഷിച്ചു. മഹാപ്രളയത്തിന്റെ  പോറലേൽക്കാത്തവർ ദുരിതക്കയത്തിലെ സഹോദരർക്കുവേണ്ടി ആഘോഷങ്ങൾ വേണ്ടെന്നു വച്ചു , ആരാധനാലയങ്ങൾ തുറന്നുകൊടുത്തു .  ലോകത്തിന്റെ വിവിധകോണുകളിൽ  പ്രവാസികൾ നാടിനുവേണ്ടി മുന്നിട്ടിറങ്ങി, ആവുന്നവിധം സഹായങ്ങളെത്തിച്ചു, ആർഭാടങ്ങൾ മാറ്റിവെച്ചു . ഒരൊറ്റ ചിന്തയേ ഉണ്ടായുള്ളൂ, "കരകയറ്റണം ".

പക്ഷേ, നിവർന്നുനിന്നു കഴിയുമ്പോൾ പഴയ പ്രേതങ്ങൾ വീണ്ടും വരും, കൊടിയായും വർഗ്ഗീയ വിഷമായും ചുറ്റുംനിന്ന് ആർത്തട്ടഹസിക്കും . പോകാൻ പറയണം, ആ പേക്കൂത്തുകൾക്കു നേരെ കാറിത്തുപ്പണം .

വെള്ളമിറങ്ങിയപ്പോൾ ബാക്കിയായ ചെളികൾ കഴുകിയിറക്കുമ്പോൾ മനസ്സുകൂടെ വെടിപ്പാക്കണം . പ്രളയം ബാക്കിവച്ചത് സ്നേഹത്തിന്റെ ശേഷിപ്പുകളാവണം , നാമൊന്ന് എന്ന്  അഭിമാനത്തോടെ വിളിച്ചുപറയണം , പ്രതീക്ഷയുടെ അവസാന കച്ചിത്തുരുമ്പാണിത് , അതെങ്കിലും ബാക്കി വെച്ചില്ലെങ്കിൽ നമ്മുടെ മക്കൾ മനുഷ്യരല്ലാതാവും, ആത്മാവില്ലാത്ത, ജീവിക്കുന്ന  വെറും ജഡങ്ങൾ മാത്രമാകും. അതിന് വിട്ടുകൊടുക്കരുത് നമ്മുടെ കുഞ്ഞുങ്ങളെ.

 "നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും."




Wednesday, August 15, 2018


ജീവനറ്റ ആ കുരുന്നിന്റെ ശരീരം ചേർത്തുപിടിച്ചു നിൽക്കുന്ന അഗ്നിശമനസേനാംഗത്തിന്റെ ചിത്രം ഉറക്കം കെടുത്തുകയാണ് . മഹാപ്രളയത്തിൽ മുങ്ങിയ പ്രിയ നാടിന്റെ വാർത്തകൾ കണ്ണുകളിൽ വീണ്ടും പേമാരി പെയ്യിക്കുകയാണ് .  രക്ഷപ്പെടാനാവാതെ കുടുങ്ങിപ്പോയവരും ക്യാമ്പുകളിൽ അഭയം തേടിയവരും  നാളെയെന്ത് എന്ന് ഒരുപോലെ ആശങ്കപ്പെടുന്നു . വാർത്തകൾ കണ്ടുമറക്കാതെ എന്തെങ്കിലും ചെയ്യാം നമുക്ക് , കൈകോർത്തിറങ്ങാം  നമ്മുടെ നാടിനു വേണ്ടി .

ആർത്തലച്ചെത്തുന്ന മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകുന്നത് വീടും വസ്തുക്കളും മാത്രമല്ലാ, ജീവിതങ്ങളാണ് . ചോര നീരാക്കി സ്വരുക്കൂട്ടിയ കിടപ്പാടങ്ങളും കരുതിവച്ച സ്വപ്നങ്ങളും കലിതുള്ളുന്ന കാലവര്ഷത്തിനു മുന്നിൽ തകർന്നടിയുന്നു . ഒരിക്കലും ഉണരാത്ത ഉറക്കം ഉറങ്ങിയവരും കാത്തിരിക്കാൻ തരിമ്പു പ്രതീക്ഷപോലും ബാക്കിവയ്ക്കാതെ കാണാമറയത്തു മറഞ്ഞവരും ബാക്കിയാക്കിയത് നിസ്സഹായാരായ ഒരു കൂട്ടം ആളുകളെയാണ് .  പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വന്ദ്യവയോധികർ വരെ ദുരിതപ്പേമാരിയിൽ മുങ്ങിത്താഴുന്നു . കൈകോർത്തിറങ്ങാം  നമ്മുടെ നാടിനു വേണ്ടി .


# Pray for Kerala എന്ന ഹാഷ്ടാഗ് മാത്രം മതിയാകില്ലാ  കേരളത്തിന് . പ്രാർത്ഥനകൾ വേണം . പക്ഷെ ഇന്നത്തെ അവസ്ഥ നേരിടാൻ അത് മാത്രം പോരാ . ലോകത്തിന്റെ ഏതുകോണിൽ ജീവിച്ചാലും നാം പിറന്ന മണ്ണ് നമുക്ക് അമ്മയാണ് , നമ്മുടെ തറവാടാണ്, ഒരുമിച്ച് ഇറങ്ങണം .

പെരുന്നാളും ഓണവുമൊന്നും ആഘോഷിക്കാൻ കഴിയാത്ത, ഒന്നിരുട്ടി വെളുക്കുമ്പോഴേക്കും സകലതും നഷ്ടപ്പെട്ട ഒട്ടനവധി കുഞ്ഞുങ്ങളുടെ മുഖങ്ങൾ ദൈന്യത നിറഞ്ഞ കണ്ണുകളുമായി നമ്മെ നോക്കുന്നുണ്ട് . ആഘോഷങ്ങൾ ഇത്തവണത്തേക്കു നമുക്ക് മാറ്റിവയ്ക്കാം. ആ പണം ദുരിതബാധിതരെ സഹായിക്കാൻ സ്വരൂപിക്കാം . ഓരോ രൂപയും വിലപിടിപ്പുള്ളതാണ് . ഒരു കുപ്പി ശുദ്ധ ജലം വാങ്ങാൻ, ഒരു പുതപ്പുവാങ്ങാൻ , മരുന്നുവാങ്ങാൻ..നമ്മുടെ ഒരു രൂപ സഹായകമായെങ്കിൽ അതിലും വലിയ എന്ത് സന്തോഷമാണ് ഏതൊരാഘോഷവും നമുക്ക് തരിക? കണക്കുകൾ പരസ്യപ്പെടുത്തേണ്ടതുമില്ല. അത് നമുക്കും പടച്ചതമ്പുരാനും  ഇടയിൽ മാത്രം ഒതുങ്ങട്ടേ .

ഒന്നോർമ്മിക്കുക , ദുരിതം നമ്മുടെ മുറ്റത്തെത്തുന്നതുവരെ, നമ്മുടെ പ്രിയപ്പെട്ടവരിലേക്കെത്തുന്നത് വരെ കാത്തിരിക്കേണ്ടതില്ല. ആഘോഷങ്ങൾ മാറ്റിവെക്കാൻ നമ്മുടെ വീട്ടിൽ ദുരന്തം സംഭവിക്കേണ്ടതില്ല. നമ്മുടെ നാട് കരയുമ്പോൾ നാം ചിരിക്കുന്നതെങ്ങനെ ?

ഓർമ്മയുണ്ടാവുക - ഏതൊരാളും അഭയാർത്ഥിയാവാൻ ഒരു നിമിഷം മതി .



Wednesday, August 1, 2018

"ഹൃദയമുരുകി നീ കരയുകയില്ലെങ്കിൽ,
കദനം നിറയുമൊരു കഥപറയാം " എന്നു കരുണാർദ്രമായ സ്വരത്തിൽ പാടിപ്പാടി കണ്ണുനനയിച്ച പാട്ടുകാരൻ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി ...
എന്നു മുതലാണ് ഗസലുകളെ സ്നേഹിച്ചുതുടങ്ങിയതെന്ന് ഓർമ്മയില്ല , സൗഹൃദവും പ്രണയവും തമ്മിലുള്ള വളരെ നേർത്ത അതിർവരമ്പ് മനസ്സിലായിത്തുടങ്ങിയ അന്നു മുതലാവാം . പങ്കജ് ഉദാസ് പ്രണയം നിറച്ചു പാടിയ ഗസലുകളാണ് ഏറെക്കാലം മനസ്സിൽ ആവാഹിച്ചതും കേട്ടു നടന്നതും . പറയാനാഗ്രഹിച്ച പലതും അദ്ദേഹത്തിന്റെ സ്വരത്തിലൂടെ ഒഴുകിയെത്തിയപ്പോൾ ഗസലുകൾ പ്രിയ കൂട്ടുകാരായി. വിരഹം നിറഞ്ഞ ശബ്ദത്തിൽ "ചിട്ടി ആയി ഹേ , ആയി ഹേ ..." എന്ന് അദ്ദേഹം പാടിയപ്പോൾ കണ്ണീരൊഴുക്കി .
ലോർഡ് കൃഷ്ണ ബാങ്കു കുടുംബത്തിൽ എത്തപ്പെട്ടപ്പോൾ ആണ് പങ്കജ് ഉദാസിൽ നിന്നും ജഗ്ജിത് സിങ്ങിലേക്കു എത്തിനോക്കുന്നത് . പി ഭാസ്കരൻ മാഷിന്റെ അനന്തരവനായ ബിനോദ് സാറാണ് തന്റെ ഘനഗംഭീര സ്വരത്തിൽ ജഗ്ജിത് സിങ്ങിന്റെ ഗസലുകൾ മൂളിനടന്നിരുന്നത് . ചില ഉച്ചയൂണു വേളകളിൽ നിർബന്ധത്തിനു വഴങ്ങി അദ്ദേഹത്തിലൂടെ ജഗ്ജിത് സിംഗ് പാടി , "തും ഇത്നാ ജോ മുസ്‌കുരാ രഹെ ഹോ...". ഓണാഘോഷത്തിനു കീബോർഡിനൊപ്പം സ്വയം അലിഞ്ഞു കറയറ്റ ശബ്ദത്തിൽ പാടി അദ്ദേഹം ഗസലുകളിലേക്കു ഊളിയിട്ടു .
ബിനോദ് സർ തന്നെയാണ്, "കുട്ടീ , ഈ മലയാളം ഗസലുകൾ കേട്ടു നോക്കൂ ", എന്നു പറഞ്ഞു ഉമ്പായിയുടെ ഗസലുകളിലേക്ക് എന്നെ ക്ഷണിച്ചത് . കേൾക്കുംതോറും "കേൾക്കാൻ വൈകിയതെന്തേ " എന്ന് അവയെന്നോട് നനുത്ത ശബ്ദത്തിൽ ചോദിച്ചു കൊണ്ടിരുന്നു . "വീണ്ടും പാടാം സഖീ നിനക്കായ് ഒരു വിരഹഗാനം ഞാൻ " എന്ന് പറഞ്ഞു എന്റെ വിരഹകാലങ്ങളെ സംഗീതമയമാക്കി . വരണ്ട മനസ്സിൽ പ്രണയം ചാലിച്ച് കുളിർമഴ പെയ്യിച്ചു . ഗസലുകളും പുസ്തകങ്ങളും ജാടകളില്ലാത്ത കുറച്ചുകൂട്ടുകാരും സഹപ്രവർത്തകരും നിറഞ്ഞ ഒരു കാലം.. ഇരുട്ടി വെളുക്കുമ്പോൾ മാഞ്ഞുപോയ ഒരു സ്വപ്നം പോലെ .
ഇവിടെ , ഒറ്റപ്പെടലിന്റെ ചില നിമിഷങ്ങളിൽ പങ്കജ് ഉദാസിന്റെയും ജഗ്ജിത് സിംഗിന്റെയും കൂട്ടത്തിൽ ഉമ്പായിയും എന്റെ അടുക്കളയിൽ വിരുന്നിനെത്തി . അവർക്കൊപ്പം ചുള്ളിക്കാടും മധുസൂദനൻ നായരും വേണുഗോപാലിലൂടെ സുഗതകുമാരിയും എനിക്ക് വേണ്ടി പാടിക്കൊണ്ടിരുന്നു .
ഒടുവിൽ പാട്ടുനിർത്തി എന്റെ പ്രിയഗായകൻ യാത്രയാവുകയാണ്,
പ്രണയം നിറച്ച മരണമില്ലാത്ത വരികൾ ബാക്കിയാക്കി .
എൻറെ അടുക്കളയിൽ വിരഹം നിറച്ചു ഇനിയും അദ്ദേഹത്തിന്റെ ശബ്ദം മുഴങ്ങിക്കൊണ്ടേയിരിക്കും,
"പിരിയുവാൻ നേരത്തു കാണുവാൻ ആശിച്ച ..
ഒരു മുഖം മാത്രം ഞാൻ കണ്ടതില്ല....'

Friday, July 27, 2018

നീണ്ട യാത്രയുടെ ക്ഷീണത്തിലായിരുന്നെങ്കിലും ഉറക്കം എന്തുകൊണ്ടോ പിടി തരുന്നുണ്ടായിരുന്നില്ല.  ജനലിലൂടെ പുറത്തേക്കുനോക്കി , സ്ട്രീറ്റ്‌ലൈറ്റിന്റെ വെളിച്ചത്തിൽ വെള്ളം ഒഴുകുന്നത് കണ്ടപ്പോഴാണ് മനസ്സിലായത് മഴ പെയ്യുകയാണെന്ന് . നിശബ്ദമായ മഴ ,  നിസ്സഹായത നിറഞ്ഞ ചില മിഴികൾ പോലെ . കഴിഞ്ഞദിവസം പുറപ്പെടാനൊരുങ്ങുമ്പോൾ ആർത്തലച്ചുപെയ്ത എന്റെ നാടൻ മഴ ഉള്ളിൽ നഷ്ടബോധം ജനിപ്പിച്ചു.

നാട്ടിലിപ്പോൾ അമ്മ ഉച്ചയൂണു കഴിഞ്ഞു പതിവുള്ള മയക്കത്തിന് കിടന്നിട്ടുണ്ടാവും .  മൂന്നാഴ്ച്ചയായി ശബ്ദമുഖരിതമായി നിറഞ്ഞു നിന്ന വീട് പെട്ടെന്ന് ശൂന്യമായതിന്റെ സങ്കടത്തിൽ ഒന്നും കഴിച്ചിട്ടുണ്ടാവില്ല . ഒന്നിരിക്കാൻ കൂടി സമയമില്ലാത്തവിധത്തിലുള്ള  ആ ഓട്ടത്തിന് ഒരു സമാധാനമാകുമല്ലോ എന്നാണ്  ഇറങ്ങുമ്പോൾ കരച്ചിലിനിടയിൽ ഞാൻ ചിന്തിച്ചത് . മഴയിൽ നടക്കുമ്പോൾ കണ്ണുനീരറിയില്ലെന്നുള്ള യാഥാർഥ്യം തെല്ലാശ്വാസം തന്നു.

എത്ര വേഗമാണ് സമയം കടന്നുപോകുന്നത്! നാട്ടിൽ കാലുകുത്തിയപ്പോൾ മുതൽ ഓരോ ഫ്രയിമിലും പശ്ചാത്തലസംഗീതമായി മഴയുണ്ടായിരുന്നു , ഒരു നിമിഷാർദ്ധത്തിൽ ഇരുണ്ട മാനത്തുനിന്നും പൊട്ടിവീഴുന്ന വലിയ മഴത്തുള്ളികൾ, ആർത്തലച്ചു രൗദ്രസംഗീതത്തിൽ ഭൂമിയിൽ തിമിർത്താടുന്ന മഴത്തുള്ളികൾ.. ഇത്ര നന്നായി ഈയടുത്തൊന്നും ഇങ്ങനൊരു മഴ കണ്ടിട്ടില്ല.
തുള്ളിക്കൊരുകുടം പെയ്യുന്ന പേമാരിയിൽ നിന്നും രക്ഷപ്പെടാൻ നിറഞ്ഞ ലോഡുള്ള വണ്ടിയുടെ മുകളിൽ കുടനിവർത്തി കുഞ്ഞിക്കൂടിയിരിക്കുന്ന ബംഗാളി  ഏതോ ഒരു കൽശില്പത്തെ ഓർമ്മിപ്പിച്ചു  .

ആസ്പത്രിയിൽ നിന്നും വീട്ടിലേക്കുള്ള രാത്രിയാത്രകളിൽ മഴ നിൽക്കാതെ പെയ്യുന്നുണ്ടായിരുന്നു . വാക്കുകളുടെ പെരുമഴ തീർക്കുന്നയാൾ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ചു നിശബ്ദമായിരിക്കുന്നത് കണ്ടെങ്കിലും കാണാത്ത ഭാവത്തിലിരുന്നു. പുറത്തേക്കാൾ വലിയ മഴ ഒരു പക്ഷേ ആ മനസ്സിൽ പെയ്യുന്നുണ്ടായിരിക്കും എന്നു തോന്നി . അമ്മയോടൊത്തുള്ള ഒരവധിക്കാലം അമ്മക്ക് കൂട്ടായി ആസ്പത്രിക്കിടക്കയിലായിപ്പോയതിന്റെ സങ്കടം പറയാതെതന്നെ മനസ്സിലാവുന്നുണ്ട് .

ഇടയ്ക്കിടെ പതിയെ കാറിന്റെ വിൻഡോ താഴ്ത്തുമ്പോൾ വളരെക്കാലം കാണാതിരുന്ന ആത്മസുഹൃത്തിനെ കണ്ടുമുട്ടിയതുപോലെ മഴത്തുള്ളികൾ നെറ്റിയിലും  കണ്ണിലും ഉമ്മ വച്ചു . പഴയ കഥകൾ പറഞ്ഞു, "നീ ഒത്തിരി മാറിയിരിക്കണു " എന്നു പരിഭവം പറഞ്ഞു.  "വിൻഡോ അടച്ചോളൂ , പനി പിടിക്കേണ്ട " എന്ന ഓർമ്മപ്പെടുത്തലിൽ ഉയർത്തിയ ചില്ലിനപ്പുറം മഴത്തുള്ളികൾ തിക്കിത്തിരക്കി നിന്നു .

മഴ പലപ്പോഴും പല വികാരങ്ങളാണ് . ചിലനേരം മോഹഭംഗങ്ങളിൽ ഒരു സാന്ത്വനം പോലെ.... ചിലപ്പോൾ സംഹാരശക്തിയായി....മറ്റു ചിലപ്പോൾ ഒരു നേർത്ത പ്രണയംപോലെ...

ഇരുപത്താറു മണിക്കൂറുകൾക്കിപ്പുറം ലോകത്തിന്റെ ഇങ്ങേയറ്റത്തുനില്കുമ്പോൾ മഴ വീണ്ടും രൂപം മാറുകയാണ് , വളരെ നാട്യം നിറഞ്ഞ  പുഞ്ചിരിപോലെ, വികാരങ്ങളില്ലാതെ  അത് പെയ്യുകയാണ്. ജനാലകൾ ചേർത്തടച്ചു . കണ്ണടച്ചു പിടിച്ചു ,എന്റെ മഴ അത് അങ്ങ് ദൂരെ നിറഞ്ഞു പെയ്യുന്നുണ്ട്, ആ ആരവം ഞാൻ കേൾക്കുന്നുണ്ട്. ആ മഴയിൽ എന്റെ മനസ്സും തണുക്കുന്നുണ്ട് .


Saturday, June 23, 2018

എഴുത്തിൽനിന്നും  ഒരു ചെറിയ ഇടവേളയിലായിരുന്നു. ഒട്ടനവധി ചെറുതും വലുതുമായ കാര്യങ്ങൾ ഈ രണ്ടുമൂന്നു മാസത്തിനിടയിൽ..

മുപ്പതുദിവസത്തെ നോമ്പായിരുന്നു അതിൽ പ്രധാനം. പത്തൊമ്പതു മണിക്കൂറിലേറെ നീണ്ട നോമ്പ് ഓരോ ദിവസ്സവും ആത്മശുദ്ധിക്കുള്ള ഒരവസരമായിരുന്നു, അതിലേറെ അച്ചടക്കത്തിന്റെയും. വികാരങ്ങൾ വിചാരങ്ങൾക്കുമുമ്പേ ഓടാതിരിക്കാനും അത് വാക്കുകളായി മാറി മറ്റുള്ളവരെ മുറിവേൽപ്പിക്കാതിരിക്കാനുമാണ് പരമാവധി ശ്രമിച്ചത് . "ഒരു പുഞ്ചിരി ഒരു സത്കർമ്മമാണ്" എന്ന പ്രവാചകവചനം ജീവിതത്തിൽ ഒന്നുകൂടി ഉറപ്പിച്ചു . അത് പലരും ചൂഷണം ചെയ്യുന്നുണ്ടോ എന്ന തോന്നൽ ഇടയ്ക്കിടെ ഉയർന്നുവരാറുണ്ടെങ്കിലും അത് എന്നെ ബാധിക്കില്ല എന്നുതന്നെ വിശ്വസിച്ചുപോകുന്നു .

ജീവിതം നമ്മുടെ നിയന്ത്രണത്തിലല്ലെന്ന് വീണ്ടും ബോധ്യപ്പെടുത്തുന്ന ഒരു സംഭവമായിരുന്നു അടുത്തത്. പതിവുപോലെ ജോലിക്കെത്തിയ സഹപ്രവർത്തക ഒരു കാർഡ്ബോർഡ് പെട്ടിയിൽ വിരലിലെണ്ണാവുന്ന സാധനങ്ങളുമെടുത്തു എന്നേയ്ക്കുമായി സ്ഥാപനത്തിന്റെ പടികളിറങ്ങുന്ന ദൃശ്യം കാണാൻ ഞാൻ നിന്നില്ല. മറ്റുള്ളവരോട് നാം ചെയ്യുന്ന ഓരോ പ്രവർത്തിയും ഇന്നല്ലെങ്കിൽ നാളെ നമ്മൾക്കെതിരെ സാക്ഷി പറയും എന്ന ഓർമ്മപ്പെടുത്തലായിരുന്നു ആ സംഭവം. അധികാരം ഭരിക്കാനുള്ളതാണെന്നു വാദിച്ചിരുന്ന അവർ അത് ദുർവിനിയോഗം ചെയ്തതിന്റെപേരിൽ തന്നെ പുറത്താക്കപ്പെട്ടു .

രണ്ടു വർഷം മുൻപാണ്, തിരക്കിട്ട് കാറിൽ കയറുമ്പോൾ കാറിന്റെ വാതിൽ കാലിൽ ഇടിച്ചു , നന്നായി  വേദനിച്ചു, രണ്ടുമൂന്നാഴ്ച്ച അത് നീലനിറത്തിൽ കരുവാളിച്ചുകിടന്നു. നടക്കുമ്പോളെല്ലാം വീണ്ടും വീണ്ടും അതെന്നെ നോവിച്ചുകൊണ്ടിരുന്നു . അതൊരു ചെറിയ തടിപ്പായി വ ന്നപ്പോഴും ഉറുമ്പുകടിച്ചാൽപോലും സഹിക്കാത്ത ആളായതുകൊണ്ട് ആരും ശ്രദ്ധിച്ചില്ല. രണ്ടു വർഷത്തിനിപ്പുറം പെട്ടെന്നൊരുദിവസം അതെന്നെ പേടിപ്പെടുത്തി . മനസ്സിലെന്തോ ഒരു അങ്കലാപ്പ് . ഡോക്ടർ നെറ്റിചുളിച്ചു, "സ്കാനിംഗ്, എക്സ് റേ" എന്നൊക്കെ പറഞ്ഞു. റിസൾട്ട് നോക്കി, "നിങ്ങളുടെ എല്ലു പൊട്ടിയിരുന്നു അന്ന്. ശ്രദ്ധിക്കാത്തതിനാൽ അത് തന്നെ കൂടി ഒരു എക്സ്ട്രാ വളർച്ചയുണ്ട്. പേടിക്കാനൊന്നുമില്ല, എന്നാലും ഒരു സർജനെ കണ്ടോളൂ " എന്നു പറഞ്ഞു പുഞ്ചിരിച്ചപ്പോൾ സമാധാനമായി അല്പനേരത്തേക്ക് . ഒരു മാസം കഴിഞ്ഞു സർജനെ കാത്തു മുറിയിലിരിക്കുമ്പോൾ വെറുതെ ഓർത്തു, 99.9 % ഓക്കേ ആണെന്നാണ് ആദ്യം കണ്ടയാൾ പറഞ്ഞത് , ബാക്കി 0.1 % ന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും? പതിവ്‌പോലെ ദൈവത്തെത്തന്നെ വിളിച്ചു, കൈവിടില്ലെന്നുള്ള വിശ്വാസം തന്നെ. ഏതായാലും സർജൻ തെളിച്ചുതന്നെ പറഞ്ഞു, ഇത് പേടിക്കാനൊന്നുമില്ല, ഒന്നും ചെയ്യേണ്ട . ജീവിതത്തിന്റെ അസ്ഥിരതയെക്കുറിച്ചു ബോധ്യം വരണമെങ്കിൽ ഇടയ്ക്കിടെ ഏതെങ്കിലും  ആസ്പത്രി സന്ദർശിച്ചാൽ മതി .

ഇതിനിടയിലും ട്രെയിൻ യാത്രകളിൽ "ആടുജീവിതം" വായിച്ചു തുടങ്ങി . പലപ്പോഴും നെഞ്ചിൽ ഒരു ഘനമായി വിവരണങ്ങൾ മാറിയപ്പോൾ പുസ്തകം അടച്ചുവെച്ചു പുറത്തേക്കു നോക്കിയിരുന്നു . വേനൽ വിരുന്നെത്തിയതിനാൽ ബോ നദിയിൽ നിറയെ വെള്ളമൊഴുകുന്നുണ്ട് . എത്ര പെട്ടെന്നാണ് മഞ്ഞുറഞ്ഞിരുന്ന  നദി പതഞ്ഞൊഴുകുന്നത്!!

അതേ, ഒന്നും സ്ഥായിയല്ല , അവസ്ഥകളും പദവികളും വികാരങ്ങളും വിചാരങ്ങളും. എന്നിട്ടും എന്തിനാണ് നാമിത്ര അഹങ്കരിക്കുന്നത് ? ഒരു പനിവന്നാൽ, ഒരു കാലിടറിയാൽ, എന്തിന് , ഒരു മുള്ളുകൊണ്ടാൽ തീരുന്നതേയുള്ളൂ . അഹങ്കാരം മാറി കണ്ണുകളിൽ കരുണ നിറയട്ടേ , പുഞ്ചിരി വിരിയട്ടേ .. കണക്കുപുസ്തകത്തിൽ ചേദമില്ലാത്ത കുറച്ചു പോയിന്റ് കിടന്നോട്ടേന്ന്.

Friday, April 20, 2018


"പ്ലീസ് , നീ എന്റെ കൂടെ വരൂ , ഒരു അര മണിക്കൂർ, ആ പുതിയ കടയിലൊന്നു കയറാം", ആൻ നിന്ന് കെഞ്ചുകയാണ് .  "ഇല്ല ആൻ , മക്കൾ തനിച്ചാണ് വീട്ടിൽ . നോക്കിയിരിക്കുകയാവും ". നാലര ക്ലോക്കിൽ മുട്ടിയപ്പോൾ ഞാൻ വേഗം ഇറങ്ങി ട്രെയിൻ സ്റ്റേഷനിലേക്ക് നടന്നു. പിറുപിറുത്തുകൊണ്ട് ആൻ പിറകെയും . "ഒരിടത്തേക്കും വരില്ല, ഏതു നേരവും കുടുംബം, കുട്ടികൾ, വീട് ", അവൾക്കു ദേഷ്യം അടങ്ങുന്നില്ല .

ട്രെയിനിൽ ഇരിക്കുമ്പോൾ ഓർത്തു, കുട്ടികൾ മുഷിഞ്ഞിരിക്കുകയാവും , വൈകിട്ട് ചെന്നാൽ അവരെക്കൂട്ടി ഒന്ന് നടക്കാൻ ഇറങ്ങണം. രണ്ടുമൂന്നു ദിവസമായി വല്ലാത്ത തലവേദനയുണ്ട് . സാരമില്ല, ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് . എല്ലാം കൂടി തിരക്കാണ് വാരാന്ത്യങ്ങളിൽ .

വീട്ടിലെത്തുമ്പോൾ കണ്ണു തുറക്കാൻ വയ്യാത്തത്ര തലവേദന. ചൂടുദിവസമായതുകൊണ്ടു മോൻ സൈക്കിൾ എടുത്തു പാർക്കിൽ കറങ്ങുന്നുണ്ട് . "എവിടേക്കെങ്കിലും പോകാം അമ്മ " എന്ന് ചിണുങ്ങിക്കൊണ്ട് മകൾ .

എനിക്കൊന്നു കടയിൽ പോകണമായിരുന്നു, പിന്നെ ടാക്സ് ചെയ്യണം...ഓരോന്നായി കെട്ടഴിച്ചപ്പോഴേ ഭർത്താവ് പറഞ്ഞു, "എനിക്കൊരു വർക് ഷോപ്പുണ്ട് , ഫോട്ടോഗ്രഫിയുടെ , ഞാൻ അതിന് പോകുകയാണ് ".  പരാതിപറച്ചിലിനിടയിൽ ഒരു പത്തുമിനിറ്റ് ഉപദേശം കൂടി , "നിന്റെ ആവലാതികളെല്ലാം അടിസ്ഥാനരഹിതമാണ്".

കൈയ്യിലൊരു ബാഗുമെടുത്തു ആൾ ഇറങ്ങി . പിറകെ, പിറുപിറുത്തുകൊണ്ട് മോൾ നടക്കാനിറങ്ങി. മോൻ തിരിച്ചുവന്നു ടിവിയുടെ റിമോട്ടിൽ കൂടുകൂട്ടി .

എന്റെ ചുറ്റുമുള്ള ആ ചില്ലുകൂടാരം താഴെവീണുടഞ്ഞു, അതിലോരോന്നിലുമിരുന്നു ആൻ എന്നെ നോക്കി പൊട്ടിച്ചിരിച്ചു . വേഗത്തിലോടുന്ന വണ്ടിയുടെ പാസഞ്ചർ സീറ്റിൽ ഗതി നിയന്ത്രിക്കാനാവാതെ ഞാൻ അള്ളിപ്പിടിച്ചിരുന്നു . എനിക്ക് വല്ലാതെ കരച്ചിൽ വന്നു .

"ശരിയ്ക്കും അമ്മയ്ക്ക്  എന്നോട് ദേഷ്യമില്ലേ ?"  ഇരുകണ്ണുകളിൽ നിന്നും ധാരധാരയായി ഒഴുകിക്കൊണ്ടിരുന്ന കണ്ണുനീർ അമർത്തിത്തുടച്ചു വളരെ നിഷ്ക്കളങ്കമായി അവനെന്നോട് പലതവണ ചോദിച്ചു . "ഇല്ല മോനേ , അമ്മ വെറുതെ കാണിച്ചതല്ലേ, ഒരു തമാശയ്ക്ക് ". കള്ളമാണ് പറയുന്നതെങ്കിലും അത് സത്യത്തോളം കൃത്യമായിരിക്കാൻ  ഞാൻ വളരെ ശ്രദ്ധിച്ചു . "മോൻ എന്തിനാ ഒറ്റയ്ക്ക് ഇവിടെ വന്നിരുന്നു കരയുന്നത്? സങ്കടം വന്നാൽ അമ്മയോട് പറയുകയല്ലേ വേണ്ടത്?". കുഞ്ഞു കണ്ണിൽ വീണ്ടും ഒരു കടൽ ഇരമ്പിവന്നു, "'അമ്മ എന്നോട് ഒത്തിരി ഒച്ച വെച്ചു ". കുറ്റബോധത്തിന്റെ കുത്തൊഴുക്കിൽ  വീണുപോയ എന്നെ ഒരു ചുഴി വലിച്ചെടുക്കുന്നതുപോലെ തോന്നി .

പതിവില്ലാത്തവണ്ണം ക്ഷീണിച്ചാണ്‌ ഇന്ന് വൈകിട്ട് വന്നു കയറിയത്. ഒരു ചായ ആരെങ്കിലും ഇട്ടു തന്നിരുന്നെങ്കിൽ എന്ന വ്യർത്ഥമോഹത്തെ കടിച്ചിറക്കി ചായപ്പാത്രം എടുക്കുമ്പോളാണ് മോന്റെ വരവ് . "അമ്മ , നോക്കൂ , എനിക്ക് കണക്കിന് 19/ 24  കിട്ടി . ടീച്ചർ പറഞ്ഞു "ഗുഡ് ജോബ് " ആണെന്ന് . "

അവൻ 19 എന്ന് പറഞ്ഞത് ഞാൻ കേട്ടില്ല, എന്റെ മനസ്സിൽ 5 മാർക്ക് എവിടെപ്പോയി എന്ന സ്വതഃസിദ്ധമായ ചിന്തയാണ് ഉയർന്നത്  . കയ്യിലിരുന്ന ചായപ്പാത്രം വലിയൊരു ശബ്ദത്തിൽ നിലത്തിരുന്നു.  ഹോം വർക്ക് ചെയ്തുകൊണ്ടിരുന്ന മകൾ രംഗം പന്തിയല്ലെന്ന് കണ്ട് കമ്പ്യൂട്ടറിലേക്ക് തലതാഴ്ത്തി . അടുത്തേക്ക് വരുന്ന എന്റെ മുഖഭാവം കണ്ട് മോൻ വല്ലായ്മയോടെ പറഞ്ഞൊപ്പിച്ചു, "എന്റെ ഫ്രണ്ടിനും 19  ആണ് . ടീച്ചർ..പറഞ്ഞത്..ഗുഡ് ജോബ് ആണെന്നാണ്". പേപ്പർ വാങ്ങി ഒരു മയവും ഇല്ലാതെ ഞാൻ അവനോടു ചോദിച്ചു, "5  മാർക്ക് എവിടെപ്പോയി? അശ്രദ്ധയാണ്, അതെങ്ങനാ പഠിക്കണമെന്ന വിചാരം വേണ്ടേ".  എന്തോ പറയാൻ വന്ന അവൻ എന്റെ ശബ്ദത്തിന്റെ മൂർച്ച കണ്ട് നിശബ്ദനായി . "ഇതല്ല ഗുഡ് ജോബ്". അവൻ എന്റെ നേരെ നോക്കി തല കുനിച്ചു ഒന്നും മിണ്ടാതെ മുറിയിലേക്ക് കയറിപ്പോയി.

അതു വരെ നിശ്ശബ്ദനായിരുന്ന ഭർത്താവ് അടുത്ത് വന്ന് ശാന്തമായി പറഞ്ഞു, "കുഞ്ഞുങ്ങളുടെ മനഃശാസ്ത്രം പഠിച്ചാൽ മാത്രം പോരാ , മനസ്സിലാക്കണം അവരെ . വളരെ സന്തോഷിച്ചാണ് അവൻ പേപ്പറുമായി വന്നത്, ഒരു നിമിഷത്തിൽ തകർന്നുവീണത് അവന്റെ ആത്മവിശ്വാസമാണ് , പ്രതീക്ഷയാണ്.  കടലാസ്സിൽ വീഴുന്ന മാർക്കുകൾ എത്രനാൾ നമ്മൾ ഓർത്തിരിക്കും? "

പറഞ്ഞുതീരുന്നതിനുമുമ്പേ ഞാൻ എഴുന്നേറ്റു , അവന്റെ  നിറഞ്ഞ കണ്ണുകൾ എന്റെ മനസ്സിൽ തീർത്ത മുറിപ്പാട് നോവിച്ചുകൊണ്ടേയിരുന്നു . ശബ്ദമുണ്ടാക്കാതെ പടികൾ കയറി ഞാൻ മുറിയിൽ എത്തി നോക്കി, കിടക്കയിലിരുന്ന് ടിഷ്യു പേപ്പർ കൊണ്ട് കണ്ണുകൾ അമർത്തിത്തുടക്കുന്നുണ്ട് . എന്നെ കണ്ടതും ചിരിക്കാൻ ഒരു വൃഥാശ്രമം നടത്തി അവൻ . അപ്പോൾ ആണ് ഞാൻ ആ കള്ളം പറഞ്ഞത്, "അമ്മ വെറുതെ കാണിച്ചതാണ്".

രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഞാൻ അവന്റെ മുഖത്തേക്ക് തന്നെ നോക്കിക്കിടന്നു , ആ നെറ്റിയിൽ ഒന്നുകൂടി ഉമ്മവച്ചു , പെട്ടെന്ന് ആ കുഞ്ഞിക്കണ്ണുകൾ തുറന്ന് അവൻ പറഞ്ഞു, " അമ്മയ്ക്ക് സങ്കടമായി എന്ന് തോന്നീട്ടാ ഞാൻ കരഞ്ഞത് , അമ്മ സങ്കടപ്പെടണ്ടാട്ടോ, അടുത്ത ടെസ്റ്റിന് ഞാൻ മുഴുവൻ മാർക്കും വാങ്ങിയ്ക്കാം , അമ്മ സങ്കടപ്പെടണത് എനിക്കിഷ്ടമല്ലാ . ഉറങ്ങിക്കോ, അമ്മക്ക് നാളെ ജോലിക്ക് പോകണ്ടേ".

ചേർന്നുകിടന്ന് ഉറങ്ങുന്ന അവനെ നോക്കികിടക്കുമ്പോൾ ഞാൻ വല്ലാതെ ചെറുതായിപ്പോയതുപോലെ തോന്നി .  മാർക്കുകളെത്ര വാരിക്കൂട്ടിയാലും മനുഷ്യനായില്ലെങ്കിൽ എന്തു കാര്യം എന്ന് ആ കുഞ്ഞുമുഖത്തെ പാതിമാഞ്ഞ ചിരി എന്നോട് ചോദിച്ചുകൊണ്ടിരുന്നു .


Thursday, April 12, 2018

ആസിഫ...
നിർഭയ....
പട്ടിക നീണ്ടതാണ്..
പേരുകൾ പലതാണ്...
എങ്കിലും... കശക്കിയെറിയുമ്പോൾ, എല്ലാം
പെണ്ണുടലുകൾ മാത്രം..

കണ്ണുകളിലെ ബാല്യത്തിന്റെ നക്ഷത്രത്തിളക്കങ്ങളോ
കൗമാരത്തിന്റെ സ്വപ്നവൈവിധ്യങ്ങളോ
മാതൃത്വത്തിന്റെ ചുരത്തപ്പെട്ട മാറിടങ്ങളോ
വാർദ്ധക്യത്തിന്റെ ശോഷിപ്പോ
ഒന്നും ചെന്നായ്ക്കൾ  കാണില്ല  ..

കശക്കിയെറിയുമ്പോൾ, എല്ലാം
പെണ്ണുടലുകൾ മാത്രം ..

കണ്ണുകൾ മൂടിക്കെട്ടിയ നീതിദേവതയെന്തിന്?
കണ്ണുതുറന്ന് നാം നടപ്പാക്കുക ജനനീതി
ഇനിയൊരു പെണ്ണുടലും കടിച്ചുവലിക്കാതെ
കൊത്തിയരിയുക  പേപ്പട്ടികളെ ,,

അല്ലെങ്കിൽ, നരിക്കും ചെന്നായ്ക്കും കൊടുക്കാതെ
കൈ വിറക്കാതെ, സ്നേഹത്തിൽ വിഷം കൊടുത്തു
കൊന്നൊടുക്കുക നാം നമ്മുടെ  പെണ്മക്കളെ..


Saturday, April 7, 2018



നരച്ച മുടിയിഴകൾ എന്നോടു പറയുന്നത്.....

കണ്ണാടി നോക്കുമ്പോൾ തിരയുന്ന  വെള്ളിവരകൾ
ഇത്രനാളും പേടിസ്വപ്നമായിരുന്നു .
ഇപ്പോൾ, അതൊരു തിരിച്ചറിവാകുന്നു..

നരച്ച മുടിയിഴകൾ - അവയ്ക്കെന്തോ പറയുവാനുണ്ട് .

നടന്നുതീർത്ത വഴികൾ എത്ര മധുരമായിരുന്നെന്ന്,
ഇനി നടക്കാൻ അധികം ദൂരമില്ലെന്ന് ,
ഓടിയെത്തി ഒന്നാമനാവാനുള്ളതല്ല ഈ ദൈർഖ്യമെന്ന്,
പതിയെ നടന്ന്, പലരെ അറിഞ്ഞു പോകാമായിരുന്നെന്ന്,
മനസ്സ് നനയ്ക്കുന്ന ഓർമ്മ വിത്തുകൾ പാകാമായിരുന്നെന്ന് ,
മനസ്സ് ശൂന്യമാവുമ്പോഴും മൗനം വീർപ്പുമുട്ടിക്കുമ്പോഴും
ഓർമ്മകൾ ജീവിതത്തിന്റെ കച്ചിത്തുരുമ്പാവുമായിരുന്നുന്നെന്ന്,
ഇടയ്ക്കെങ്കിലും ആത്മാവിനെ കേൾക്കാമായിരുന്നെന്ന് .

നരച്ചമുടിയിഴകൾ - എന്നെ ഓര്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു

കൊഴിഞ്ഞപൂക്കളും നിമിഷങ്ങളും തിരികെയെത്തില്ലെന്ന്
കുറച്ചുകൂടി സ്നേഹിക്കാമായിരുന്നെന്ന്
കണ്ണു നനയുവോളം ഉറക്കെച്ചിരിക്കാമായിരുന്നെന്ന്, 
ക്ഷമ ഒരിയ്ക്കലും  തോൽവി ആയിരുന്നില്ലെന്ന് .

നരച്ച മുടിയിഴകൾ എന്നോടു പറയുന്നത് -

ഈ മദ്ധ്യാഹ്നത്തിലും അല്പസമയമുണ്ടെന്ന് ,
ഇരുളുംമുൻപേ, മനസ്സിന്റെ വഴിയേ നടക്കാമെന്ന്  ,
സ്വപ്നങ്ങളെ സ്നേഹം കൊണ്ടു കൈനടത്താമെന്ന്
വീതം വെയ്ക്കപ്പെട്ട ജീവിതത്തിൽ
ചെയ്തതിനും ചെയ്യാത്തതിനും ഉത്തരവാദി
ഈ ഞാൻ മാത്രമെന്ന്....




Friday, March 16, 2018

കൈയ്യിലിരുന്ന പാസ്സ്പോർട്ടും ടിക്കറ്റും അയാൾ വീണ്ടും വീണ്ടും നോക്കി ഉറപ്പുവരുത്തി .  നാളെ ഈ സമയത്തു ഫ്ലൈറ്റിൽ ആയിരിക്കും . എത്ര നാളായി ആഗ്രഹിക്കുന്നതാണ് ഈ യാത്ര . സുമിത്രയ്ക്കും സന്തോഷമാവും  . ഇന്നലെ മകൻ ഫോണിൽ സംസാരിക്കുമ്പോൾ, അങ്ങേത്തലയ്ക്കലെ  ദുർബലസ്വരത്തിലെ നിറവ് അയാൾക്കും അനുഭവപ്പെട്ടു  .

"അച്ഛാ, കിടന്നോളു , രാവിലെ പുറപ്പെടാനുള്ളതാണ് " മകൻ മുറിയിലേക്ക് കടന്നു വന്നു . ടിക്കറ്റ് വാങ്ങി . ലൈറ്റ് അണച്ച് അവൻ മടങ്ങി . രാത്രി പത്തുമണി ആയെങ്കിലും പുറത്തു നല്ല വെളിച്ചമുണ്ട് , നാട്ടിലെ നിലാവെളിച്ചം പോലെ .  അയാൾ കർട്ടൻ മാറ്റി പുറത്തേയ്ക്കു നോക്കി .  പ്രകൃതി തണുത്തു വിറങ്ങലിച്ചു നിൽക്കുന്നു . എങ്ങും മഞ്ഞുനിറച്ച വെളുപ്പുമാത്രം . അവിടവിടെ ചില മരച്ചില്ലകൾ മാത്രം ശോഷിച്ചു തലയുയർത്തി നിൽക്കുന്നു . എങ്ങനെയെങ്കിലും ഈ കാലം തരണം ചെയ്യുക എന്നതു മാത്രമാവാം അവയുടെ ലക്ഷ്യം.

നാട്ടിൽ ഇപ്പോൾ സുമിത്ര തിരക്കിട്ട് ഓടിനടക്കുകയാവും . കാൽമുട്ടിന്റെ വേദനയൊന്നും വകവയ്ക്കുന്നുണ്ടാവില്ല . അയാൾ  ഉണ്ടായിരുന്നെങ്കിൽ ഇടക്കെങ്കിലും പരിഭവം പറഞ്ഞേനെ , "രവിയേട്ടന് ഇതു വല്ലതും അറിയണോ , പറയുമ്പോൾ വെറുതെ ചിരിച്ചാൽ മതി ", അവളുടെ പരിഭവത്തിനും എന്തു ഭംഗിയാണ്!

മൂന്നു കുട്ടികളായിരുന്നു , ഒരു പെണ്ണും രണ്ടു ആണും . എല്ലാവരെയും നന്നായി പഠിപ്പിച്ചു . പുറംനാടുകളിലേക്ക്‌ ഓരോരുത്തരായി ചേക്കേറിയപ്പോൾ അഭിമാനമായിരുന്നു മനസ്സിൽ . സുമിത്ര മാത്രം രാത്രിയുടെ അവസാനയാമങ്ങളിലും ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് അയാളെ  വിളിച്ചെഴുന്നേൽപ്പിച്ചു . "രവിയേട്ടാ ,  ഗോപു കൂടി പോയാല് നമുക്ക് ആരാ ഉണ്ടാവുക?".  "എവിടെപ്പോയാലും നമ്മുടെ മക്കളല്ലേ സുമി, അവര് ഓടിയെത്തില്ലേ ഏതാവശ്യത്തിനും ." ആ വിശ്വാസം അവർ ഒരിയ്ക്കലും തെറ്റിച്ചില്ല . ഒരിക്കൽ സുമിത്ര കാൽ വഴുതി വീണ് പൊട്ടൽ ഉണ്ടായി ആശുപത്രിയിൽ ആക്കിയ വിവരം അറിഞ്ഞ ഉടനെ ഓരോരുത്തരായി എത്തി , അമ്മയെ ശുശ്രൂഷിച്ചു. അമ്മ എഴുന്നേറ്റു നടക്കാൻ തുടങ്ങിയശേഷമാണ് മടങ്ങിയത് .

അങ്ങനെയിരിക്കെയാണ് ഗോപൻ വിളിക്കുന്നത് , "അച്ഛാ, ഗീതയുടെ പ്രസവാവധി കഴിയാറായി. , അപ്പുവിന് ഒരു വയസ്സല്ലേയുള്ളു , എന്ത് ചെയ്യുമെന്ന് അറിയില്ല".  "നീ സമാധാനിയ്ക്കു മോനെ, എന്തെങ്കിലും പരിഹാരം ഉണ്ടാക്കാം " , അന്ന് മുഴുവൻ ആലോചിച്ചു , സുമിത്രയും ഞാനും കൂടി പോകാം, ഒരു ആറു മാസത്തേക്ക് . കൃഷിയും പശുവിനെയുമൊക്കെ അയൽവക്കത്തെ അലീക്കായെ ഏൽപ്പിക്കാം .  കാര്യം പറഞ്ഞപ്പോൾ അലീക്കയ്ക്കും സൈനബയ്ക്കും സന്തോഷമേയുള്ളൂ .  വൈകിട്ട് തന്നെ ഗോപനെ വിളിച്ചു , അവനും സന്തോഷമായി . പേപ്പറുകൾ ശരിയാക്കിയിട്ട് വിളിക്കാം എന്ന് പറഞ്ഞു വച്ചു .

മൂന്നു ദിവസ്സം കഴിഞ്ഞപ്പോൾ അവൻ വീണ്ടും വിളിച്ചു , " ഗീത പറയുന്നൂ , അമ്മ വന്നാൽ ശരിയാവില്ല, വേദനയുള്ള കാൽ കൂടുതൽ വഷളായാലോ, ആലോചിച്ചപ്പോൾ അത് ശരിയാണല്ലോ എന്നെനിക്കും തോന്നി , അതു കൊണ്ട് അച്ഛന് മാത്രമുള്ള ടിക്കറ്റ് ഈമെയിലിൽ അയച്ചിട്ടുണ്ട് ".  അതൊരു വല്ലാത്ത ഷോക്ക് ആയിരുന്നു അയാൾക്ക്. മുപ്പത്തഞ്ചു വർഷങ്ങളായി കൂടെയുള്ള ഒരാൾ , ആറു മാസമല്ല ആറു നിമിഷം അവളെ പിരിഞ്ഞു ജീവിക്കുന്നതെങ്ങനെ ?  നിറഞ്ഞ കണ്ണുകൾ ഒളിപ്പിച്ചുവയ്ക്കാൻ വൃഥാ ശ്രമം നടത്തി സുമിത്ര പറഞ്ഞു , "സാരമില്ല രവിയേട്ടാ, അവരു പറഞ്ഞത് ശരിയല്ലേ . എനിക്കിവിടെ ഇവരൊക്കെയുണ്ടല്ലോ , രവിയേട്ടൻ ക്യാനഡയൊക്കെ കണ്ടുവരൂ , അപ്പുവിനും അമ്മുവിനും  അമ്മൂമ്മയുടെ മുത്തം കൊടുക്കണം ".

ഗോപന്റെ വീട് , മൂത്ത കുട്ടി മൂന്നാം ക്ലാസ്സിൽ .  അടുത്ത് വരാൻ തന്നെ രണ്ടുമൂന്നു ദിവസമെടുത്തു . മലയാളം പറയാൻ തന്നെ അറിയില്ല , അതുകൊണ്ടു തന്നെ ഒരു അകൽച്ച തോന്നിച്ചു , ഇടയ്ക്കിടെ എന്തെങ്കിലും ആവശ്യത്തിന് വന്നു ചൂണ്ടിക്കാണിക്കും, ബുദ്ധിമുട്ടിയാണെങ്കിലും "അപ്പൂപ്പാ" എന്ന് പറയും . ഗോപൻ രാവിലെ ജോലിക്കു പോയി ആറു മണിക്ക് വരും. ഗീത ഉച്ചയ്ക്ക് പോയി പാതിരാത്രിക്കെ വരൂ . എല്ലാവരും വളരെ സ്നേഹമായിത്തന്നെ പെരുമാറി .  വാരാന്ത്യങ്ങൾ ഏതെങ്കിലും വീട്ടിൽ സുഹൃത്തുക്കൾ ഒന്നിച്ചുകൂടുന്നു .

ആദ്യമൊക്കെ, അയാളും ആ ഒത്തുചേരലിൽ പങ്കെടുത്തു . പിന്നെപ്പിന്നെ , മുതിർന്ന ഒരാളുടെ സാന്നിദ്ധ്യം, അവർക്കൊരു സ്വാതന്ത്ര്യ കുറവാണെന്നു തോന്നിത്തുടങ്ങിയപ്പോൾ അയാൾ പറഞ്ഞുതുടങ്ങി, "നിങ്ങൾ പോയിട്ടുവരൂ , അച്ഛൻ ഇവിടിരുന്നോളാം ". മറുത്തൊന്നും പറയാതെ അവർ പുറപ്പെടുമ്പോൾ, അയാൾക്കൊരു ആശ്വാസമായിരുന്നു . പാർട്ടികൾ ഗോപന്റെ വീട്ടിലാകുന്ന ദിവസം സ്വീകരണമുറിയിലെ സോഫയിൽ ഒരു പ്രതിമപോലെ അയാൾ ഇരുന്നു . മൂന്നുനാലു മാസങ്ങൾ കൊണ്ട് താൻ പടുവൃദ്ധനായി എന്നയാൾക്കു തന്നെ തോന്നിത്തുടങ്ങി .

ഇടയ്ക്ക് വിളിക്കുമ്പോൾ സുമിത്ര ചോദിക്കും , "രവിയേട്ടന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ അവിടെ? ഭക്ഷണമൊക്കെ കഴിക്കുന്നില്ലേ ? " സങ്കടങ്ങളെ ഉള്ളിൽ ഒളിപ്പിച്ചു വച്ച് , "സുഖം തന്നെ സുമി , നിനക്കോ?" ഒരു മൂളലിൽ അവൾ നിർത്തും .

ആറുമാസം പൂർത്തിയാവുന്നതിന് ഒരാഴ്ച്ച മുൻപ് ഗോപൻ പറഞ്ഞു, "അച്ഛാ,
ഒരു വർഷത്തേക്കു കൂടി വിസ നീട്ടുകയാണ് , അച്ഛന് അവിടെച്ചെന്നിട്ട് തിരക്കൊന്നുമില്ലല്ലോ , ഇവിടെ ഡേ കെയറിനൊക്കെ വല്യ ചിലവാണ് . മാത്രമല്ല കുട്ടികളുടെ ആരോഗ്യവും മോശമാകും ". അഭിപ്രായമല്ല, പറഞ്ഞത് തീരുമാനമാണെന്ന് മനസ്സിലായപ്പോൾ ഒരു തരം നിർവികാരത തോന്നി. വിളിച്ചപ്പോൾ തന്നെ സുമിത്ര പറഞ്ഞു, "സാരമില്ല രവിയേട്ടാ , കുട്ടികൾക്ക് വേണ്ടിയല്ലേ നമ്മുടെ ജീവിതങ്ങൾ". അവളുടെ സ്വരത്തിലെ ഒറ്റപ്പെടലും സങ്കടവും അയാൾക്കു മാത്രമേ മനസ്സിലാവുമായിരുന്നുള്ളൂ .

പിന്നെയും മാസങ്ങൾ ദശകങ്ങളെപ്പോലെ ദൈർഖ്യവും പേറി കടന്നുപോയി . മൂന്നാഴ്ച്ച മുൻപ്, ഇവിടെ നടത്തിയ പാർട്ടിയിലാണ് വര്ഗീസിനെ കണ്ടത് . തലവേദനയെന്നൊരു കള്ളവും പറഞ്ഞു മുറിയിൽ തന്നെ കൂടിയതാണ് .  വരുമ്പോൾ കൊണ്ടുവന്ന രണ്ടുമൂന്നു പുസ്തകങ്ങൾ വെറുതെ എടുത്തു മറിച്ചും തിരിച്ചും നോക്കിയിരുന്നു . അപ്പോൾ ആണ് വര്ഗീസ് കടന്നുവന്നത് .  ഗോപന്റെ സുഹൃത്തിന്റെ അച്ഛനാണ് , വന്നിട്ട് ഒരു മാസം ആയതേയുള്ളു . ഒരു സമപ്രായക്കാരനെ കണ്ടതിന്റെ ആശ്വാസത്തിൽ ആയിരുന്നു വര്ഗീസ് .

ഓരോരോ കഥകൾ പറഞ്ഞിരുന്നു , നാട്ടു വിശേഷങ്ങൾ പറഞ്ഞു . ഇടയ്ക്കു വര്ഗീസ് പറഞ്ഞു , "രവിസാറിന് വീടും വീട്ടുകാരിയെയും ഒക്കെ മിസ് ചെയ്യുന്നുണ്ടല്ലേ ". "മക്കൾക്ക് വേണ്ടിയല്ലേ വര്ഗീസേ , ജീവീതം ".  പിന്നെയും വളരെനേരം സംസാരിച്ചിരുന്നു . പോകാൻ സമയം ആയപ്പോൾ അയാൾ എഴുന്നേറ്റു , കൈകളിൽ പിടിച്ചു പറഞ്ഞു, "മാഷേ , ഞാൻ ഈ മാസാവസാനം തിരികെപ്പോകും , നമ്മുടെ ജീവിതം അങ്ങ് നാട്ടിലല്ലേ, ആ മണ്ണും മഴയും കാറ്റും ഒന്നിനും പകരമാവില്ല .  പിന്നെ, ജീവിതം മക്കൾക്കു വേണ്ടി മാത്രമല്ല മാഷേ, നമുക്കും കൂടിയാണ് . ഇത് ഇവർ തിരഞ്ഞെടുത്ത ജീവിതമാണ് , അതിനു വല്ലപ്പോഴും ഒരു കൈത്താങ്ങായാൽ മതി, അതല്ലാതെ, നമ്മുടെ ജീവിതം ഹോമിക്കേണ്ട കാര്യമില്ല. ചെയ്യേണ്ടതിൽ കൂടുതൽ ചെയ്താണ് നമ്മൾ മക്കളെ നോക്കിയത് . നമ്മുടെ ഒപ്പം നടന്നുതീർക്കാമെന്നു പറഞ്ഞു ഇറങ്ങിത്തിരിച്ച ഒരാളെ ഒറ്റയ്ക്കാക്കുന്നതിന്റെ കടം നമ്മൾ എവിടെ വീട്ടും ?"

വര്ഗീസ് പോയിക്കഴിഞ്ഞിട്ടും അയാളുടെ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു . പിറ്റേന്നു ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ അയാൾ പറഞ്ഞു , " എനിക്ക് നാട്ടിൽ പോകണം , വര്ഗീസിന്റെ കൂടെ പോകാൻ സാധിച്ചാൽ നല്ലത് , ഒറ്റയ്ക്ക് ഇത്ര ദൂരം, വയ്യാണ്ടായിരിക്കുന്നു ."  ഗോപന്റെയും ഗീതയുടെയും ഞെട്ടൽ അയാൾ കണ്ടില്ലെന്ന് നടിച്ചു . "അത് അച്ഛാ, വിസയുടെ കാലാവധി ഇനിയുമുണ്ടല്ലോ" മകൻ പറഞ്ഞു . അയാൾ തല ഉയർത്തി അവന്റെ നേരെ നോക്കി, ഒന്ന് പുഞ്ചിരിച്ചു , "ഇതെന്റെ തീരുമാനമാണ് മോനെ".

ഇരുണ്ട മുഖത്തോടെയാണെങ്കിലും കാര്യങ്ങളെല്ലാം മകൻ നീക്കി . ഇടയ്ക്കു വിളിച്ചപ്പോൾ സുമിത്ര പറഞ്ഞു അവന്റെ പരിഭവത്തെപ്പറ്റി . വെറുതെ ചിരിച്ചതേ ഉള്ളൂ .

നേരം വല്ലാതെ വൈകിയിരിക്കുന്നു. രാവിലെ പുറപ്പെടണം , മഞ്ഞിന്റെ മരവിപ്പുകൾ കണ്ണുകളിൽ നിന്നും മായ്ച്ചു, അതിജീവനത്തിന്റെ ശോഷിച്ച മരച്ചില്ലകളിൽ  കുറേ കണിക്കൊന്നപൂവുകൾ സ്വപ്നം കണ്ട് അയാൾ കിടന്നു . ആകാശത്ത്  അവസാനത്തെ ദേശാടനക്കിളിയും പ്രതീക്ഷയുടെ ചിറകിലേറി ദൂരേക്ക് പറന്നു .

Friday, March 9, 2018

"ജീവിതത്തിൽ നിങ്ങൾക്കു പിണഞ്ഞ ഒരു അമളിയെക്കുറിച്ചു പറയൂ " ആവശ്യം മകളുടേതാണ്. "നിന്റെ അച്ഛനെ വിവാഹം ചെയ്തത് തന്നെ " എന്ന സ്ഥിരം കോമെഡി പറയാൻ തുടങ്ങുംമുമ്പേ അവൾ പറഞ്ഞു, "സ്ഥിരം നമ്പർ ഒന്നും പറയരുത്, പ്ലീസ് ".  മോളുടെ ക്ലാസ്സിലെ ഇന്നത്തെ ചർച്ചാവിഷയമാണ് .

ഭൂതകാലം അമളികളാൽ സമ്പന്നമാണെന്ന് പറയാതെ വയ്യാ.  അറിഞ്ഞും അറിയാതെയും ചെയ്തുകൂട്ടിയ മണ്ടത്തരങ്ങളെക്കുറിച്ചോർത്തു പിന്നീട് ഒത്തിരിച്ചിരിച്ചിട്ടുണ്ട് . പക്ഷേ, പലതും അങ്ങനെ വിളിച്ചുപറയാൻ മനസ്സിലെ ഈഗോ പലപ്പോഴും സമ്മതിക്കാറില്ല.

രണ്ടിലോ മൂന്നിലോ പഠിക്കുമ്പോഴാണ് , വീടിനടുത്തു തന്നെ ഒരു തോട് (ചെറിയ പുഴ) ഒഴുകുന്നുണ്ട് . അവിടെ കുളിക്കാൻ പോവുക എന്നത് വളരെ ദുർഘടമായ ഒരു സ്വപ്നമാണ് . അച്ഛൻ സമ്മതിക്കില്ല,  പശുവിനുള്ള പുല്ലു പറിക്കാം, മുറ്റമടിക്കാം, വീട് വൃത്തിയാക്കാം എന്നിങ്ങനെ പല പല വാഗ്ദാനങ്ങളും ചെയ്ത് ഞാനും ചേച്ചിയും കൂടി അച്ഛന്റെ പുറകെ നടക്കും. ഒടുവിൽ അപൂർവ്വമായി വല്ലപ്പോഴും  സമ്മതം കിട്ടും . പോകുന്നിടത്തെല്ലാം കമ്മലോ മാലയോ ഒക്കെ കളഞ്ഞു പാരമ്പര്യമുള്ളതിനാൽ "ഒന്നും കളഞ്ഞിട്ടു വന്നേക്കരുത് " എന്ന കർശന നിർദ്ദേശത്തിലാവും തോട്ടിലേക്ക് ഓടുക .

അങ്ങനെ, അന്നും സമ്മതം കിട്ടി. ചേച്ചിയും അനിയത്തിയും കൂടി തോട്ടിലേക്ക് യാത്രയായി. മുട്ടൊപ്പം വെള്ളം ഉണ്ട് , ഒരുവിധം നല്ല ഒഴുക്കുമുണ്ട് . തോട്ടിലേക്കിറങ്ങിയപ്പോൾ ആണ് എനിക്ക് പെട്ടെന്ന് ഓർമ്മ വന്നത്, കാതിൽ കിടന്ന കമ്മൽ വീട്ടിൽ ഊരിവെക്കാൻ മറന്നു . അതെങ്ങാനും വെള്ളത്തിൽ വീണുപോയാലോ .  പേടികൂടിയപ്പോൾ കാര്യം ചേച്ചിയോട് പറഞ്ഞു .  "അതിനെന്താ, നീ അതങ്ങു ഊരിവച്ചോ ". തോടിനു നടുക്കു നിന്നുതന്നെ കമ്മൽ രണ്ടും ഊരി . വെക്കാൻ ഒരു സ്ഥലം തിരഞ്ഞു. അപ്പോളാണ് തോടിനരികിൽ നിന്നിരുന്ന ചേമ്പില കണ്ണിൽപ്പെട്ടത് . ചേച്ചി ചേമ്പില പറിച്ചെടുത്തു വിടർത്തിപ്പിടിച്ചു. വലിയ ആശ്വാസത്തിൽ ഞാൻ കയ്യിലെ കമ്മലുകൾ അതിലേക്ക് വെച്ചു . "ബ്ലും " ഒരൊച്ച കേട്ട് നോക്കുമ്പോൾ ചേമ്പിലയിലെ നടുവിലെ സുഷിരത്തിലൂടെ  കമ്മൽ താഴെ വെള്ളത്തിൽ.. നിമിഷാർദ്ധത്തിൽ ഒഴുക്കിൽ മണൽ വന്നു മൂടി. ശ്വാസം നിലച്ചപോലെ   തുറിച്ച നാലുകണ്ണുകൾ പരസ്പരം നോക്കി  അന്ധാളിച്ചുനിന്നു.

അന്ന് വീട്ടിൽ  തിരിച്ചെത്തിയപ്പോൾ എന്താണ് സംഭവിച്ചതെന്ന് ഇപ്പോൾ ഓർമ്മയിലില്ല , എന്തായാലും അതത്ര സുഖമുള്ള സ്വീകരണമായിരുന്നില്ല.

മകൾ തലകുത്തിമറിഞ്ഞു ചിരിക്കുകയാണ്,  "അമ്മാ,  എങ്ങനെ ഇത്ര പൊട്ടത്തരം ചെയ്തു, രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കുറെയൊക്കെ ബോധം ഉണ്ടാവില്ലേ " . 

അമളിയെക്കുറിച്ചു ചോദിച്ചപ്പോൾ എന്തെങ്കിലും പറഞ്ഞു തടിതപ്പിയാൽ മതിയായിരുന്നെന്നു ഉള്ളിലിരുന്ന് ആ പഴയ രണ്ടാം ക്ലാസ്സുകാരി വിളിച്ചുപറഞ്ഞു . രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന മോൻ എന്നെ വളരെ സഹതാപത്തിൽ ഒന്ന് നോക്കി . കുടുംബസമാധാനത്തെക്കുറിച്ചു നല്ല ബോധ്യമുള്ള ഭർത്താവ് "ഇതിൽ കൂടുതൽ പ്രതീക്ഷിക്കാനാവില്ലല്ലോ " എന്ന ഭാവത്തിൽ ചിരിയടക്കിയിരിക്കുന്നു .  എങ്കിലും ഓർത്തോർത്തു ചിരിക്കാനും സങ്കടപ്പെടാനും ഒരു കുന്ന് ഓർമ്മകൾ കൂട്ടിനുണ്ടല്ലോ എന്നോർത്തപ്പോൾ എനിക്ക് അഭിമാനം തോന്നി .

"ഇനിയെന്തെങ്കിലും ..?" അവൾ ഉത്സാഹക്കമ്മറ്റിയായി.  അമളികൾ ധാരാളമുണ്ടെങ്കിലും ,ചരിത്രമാഹാത്മ്യങ്ങളൊക്കെ വിളമ്പി വീണ്ടും ഒരു ചിരിക്ക് ഇരയാവാനുള്ള മനക്കട്ടിയില്ലാത്തതിനാൽ , "അതിനു ശേഷം ഞാൻ വളരെ ബുദ്ധിയുള്ള കുട്ടിയായിരുന്നു " എന്ന് പറഞ്ഞു  കഥ ശുഭപര്യവസായിയാക്കി . 

Friday, March 2, 2018

എന്നും ഉറങ്ങാൻ കിടക്കുമ്പോൾ മക്കൾക്കു ചൊല്ലിക്കൊടുക്കുന്ന ചില പ്രാർത്ഥനകളുണ്ട് , അതിനൊപ്പം തന്നെ ഇത്രകൂടി പറയാറുണ്ട് , " എല്ലാകുഞ്ഞുങ്ങളും  സുഖമായിരിക്കണേ, സന്തോഷമായിരിക്കണേ ". ഒരിക്കൽ മോൻ എന്നോട് ചോദിച്ചു, "എന്താ അമ്മാ, കുട്ടികൾ മാത്രം സുഖമായിരുന്നാൽ മതിയോ?" അന്ന് ഞാൻ അവനോടു പറഞ്ഞത് , "കുട്ടികൾ സുഖമാകണമെങ്കിൽ കുടുംബങ്ങൾ സന്തോഷത്തിലാവണം, സമൂഹം സമാധാനത്തിലാവണം, രാജ്യങ്ങൾ സുരക്ഷിതമാവണം " എന്നാണ് . ആ കുഞ്ഞുമനസ്സിന് അത്ര  മനസ്സിലായില്ലെങ്കിലും അവൻ തലയാട്ടി.

ഇന്നു  വൈകിട്ട് കഴിക്കാനിരിക്കുമ്പോൾ ഭർത്താവ് രോഷം കൊണ്ടു ,  "സിറിയയിൽ ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് കൊല്ലപ്പെടുന്നത്, നരകിക്കുന്നത് , ആർക്കുവേണ്ടിയാണ് ഈ കൊന്നൊടുക്കൽ? ആരാണ് വിജയിക്കുന്നത്? " . കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന മകൾ പറഞ്ഞു , "എല്ലാവരും പരാജയപ്പെടുകയാണ്, അല്ലെ അമ്മാ? കൊന്നവരും കൊല്ലപ്പെട്ടവരും " . ഇവൾ എപ്പോഴാണ് ഇത്ര ആഴത്തിൽ ചിന്തിച്ചുതുടങ്ങിയത് എന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടു . പെട്ടെന്നാണ് മോൻ പറയുന്നത്. "എന്റെ ക്ലാസ്സിലെ അസ്‌വദ് സിറിയയിൽ നിന്നാണ്. ഭാഗ്യം,അവൻ ഇങ്ങോട്ടു വന്നതുകൊണ്ട് മരിച്ചില്ല". ഞാൻ അവന്റെ മുഖത്തേക്ക് നോക്കി . അവൻ തുടർന്നു , "യു നോ, സിറിയ വാസ് എ വെരി ബ്യൂട്ടിഫുൾ പ്ലെയിസ് ബിഫോർ വാർ ". ഭക്ഷണം നിർത്തി അവൻ ചോദിച്ചു, "അമ്മാ , അവിടെ പീസ് കൊണ്ടുവരാൻ ആർക്കും കഴിയില്ലേ?"

ആ ചോദ്യത്തിന്റെ ഉത്തരം വളരെ സങ്കീര്ണമായതുകൊണ്ട് ഒന്നും മിണ്ടാതെ എഴുന്നേറ്റു . "ദൈവം രക്ഷിക്കട്ടെ"എന്നു പറഞ്ഞു ആ ഭാരം ഞാൻ ദൈവത്തെ ഏൽപ്പിച്ചു .

ഭക്ഷണം, വെള്ളം, ശുദ്ധമായ വായു എന്നിവയൊക്കെ ലോകത്തിലെ വളരെ ചെറിയ ഒരു വിഭാഗത്തിന്റെ മാത്രം ആഡംബരങ്ങളാണെന്നും ഇതൊന്നുമില്ലാത്ത അനേകായിരങ്ങൾ ഈ ഭൂമിയിൽ ബാക്കിയുണ്ടെന്നും മക്കൾക്ക് പറഞ്ഞുകൊടുക്കാൻ നിരവധിതവണ ശ്രമിച്ചിരുന്നെങ്കിലും "കുട്ടികളെ വിഷമിപ്പിക്കുന്നതെന്തിനാണ്" എന്ന മറുചോദ്യം എന്നെ തടഞ്ഞു .  പക്ഷേ ഇന്ന്, ടി.വി. ഓൺ ചെയ്ത് അവർക്കു കാർട്ടൂൺ ചാനൽ മാറ്റി ന്യൂസ് ചാനൽ വെച്ചുകൊടുത്തു . ലോകത്തിന്റെ വിവിധ മുഖങ്ങൾ തെളിഞ്ഞപ്പോൾ ,"എനിക്കു ഉറക്കം വരുന്നു" എന്നു പറഞ്ഞു മകൾ വേഗം പോയി. മോനും ടി വി ഓഫ് ചെയ്‌തു മൗനമായി മുറിയിലേക്ക് പോയി.

കിടക്കാൻ നേരം അവൻ പതിവ് പ്രാർത്ഥന ചൊല്ലിയില്ല . ഞാൻ ചൊല്ലുന്നത് കേട്ട് കിടന്നു , അവസാനം ഇങ്ങനെ കൂട്ടിച്ചേർത്തു, " സിറിയ വീണ്ടും ബ്യൂട്ടിഫുൾ ആവണേ , എല്ലാ കിഡ്‌സും ഹാപ്പി ആവണേ ".  ആ കുഞ്ഞുകണ്ണുകളിൽ നിറഞ്ഞ സങ്കടം ഉറക്കത്തിനു വഴിമാറിക്കൊടുത്തു .

അവന്റെ മുഖം നോക്കിക്കിടക്കവേ ഒട്ടനവധി കുരുന്നുകളുടെ കരയുന്ന മുഖങ്ങൾ എന്റെ മുന്നിൽ തെളിഞ്ഞു . അതിൽ കറുത്തവരും വെളുത്തവരും ഉണ്ടായിരുന്നു.  ഭാഷകൾ വ്യത്യസ്തമായിരുന്നെങ്കിലും എല്ലാവരുടെയും  കരച്ചിൽ ഒരേപോലെ ആയിരുന്നു . അവരുടെ ദൈന്യത നിറഞ്ഞ കണ്ണുകൾ എന്റെ കാഴ്ച കെടുത്തി . മോന്റെ  കയ്യിൽ മുറുകെപ്പിടിച്ചു ഞാൻ നെഞ്ചുരുകി  പ്രാർത്ഥിച്ചു, "എല്ലാ കുഞ്ഞുങ്ങളും സന്തോഷത്തോടെ ജീവിക്കണേ ".







Friday, February 23, 2018

മധു  - എത്ര മധുരമായ പേര് , ഇന്നലെ വരെ .
ഇന്ന് - അതെനിക്കൊരു നീറ്റലാണ് ,
തൊണ്ടയിൽ പിടയ്ക്കുന്ന ശ്വാസമാണ്
നെഞ്ചിലെ മുറുകുന്ന മിടിപ്പാണ്..

സംസ്കാരസമ്പന്നനെന്ന മേനി നടിക്കലിന്റെ,
കേരളമെന്നു കേൾക്കുമ്പോൾ ചോര തിളയ്ക്കുന്ന
ഞരമ്പുകളുടെ , ഉയരുന്ന ശിരസ്സിന്റെ മേലെ
കടുംനിറമണിഞ്ഞ ചോരയുടെ മായാത്ത കറയാണ്
എത്ര തേച്ചിട്ടും മായ്ച്ചിട്ടും പോകാത്ത
കറുത്ത കലയാണ്
നാസാരന്ധ്രങ്ങളിൽ തുളച്ചുകയറുന്ന
ചോരയുടെ രൂക്ഷഗന്ധമാണ്.
വിശക്കുന്നവന്റെ ദൈന്യതകലർന്ന നോട്ടമാണ്
ഉറക്കം കെടുത്തുന്ന രോദനമാണ് .

മധു.. നീയുറങ്ങുക , വിശപ്പറിയാതെ
വേദനയറിയാതെ, നിഷ്കളങ്കമായി ചിരിച്ച്‌.
ഉണ്ടും ഉറങ്ങിയും സെൽഫിയെടുത്തും
കാട്ടാളനീതിയാർക്കട്ടെ .

മാപ്പ്.. മനുഷ്യനെന്ന പദം ഇനിയും പേറുന്നതിന് ..
മാപ്പ്.. വിശപ്പറിയാതെ പോയതിന്..
മാപ്പ്.. നിന്നെ മായ്ച്ചുകളഞ്ഞവരുടെ മുഖത്ത്,
കാർക്കിച്ചുതുപ്പാനും വെട്ടിനുറുക്കാനും കഴിയാത്തതിന്....



Thursday, February 22, 2018


ചില അറിവുകൾ അങ്ങനെയാണ്, അത് നമ്മളിൽ ഉണ്ടാക്കുന്ന ഞെട്ടൽ വലുതാണ്. അത്തരമൊരു ബോംബാണ് ഇന്ന് എന്റെ ചെവിയിൽ വന്നു വീണത് .

രണ്ടുദിവസ്സമായി  സ്റ്റാഫ് ട്രെയിനിംഗ് ആയിരുന്നു ,  സദാസമയം പൊട്ടിച്ചിരിച്ച് അന്തരീക്ഷത്തിന്റെ മടുപ്പു മാറ്റി എല്ലാവരെയും ഉഷാറാക്കാൻ ഒരു പ്രത്യേക കഴിവ് തന്നെയാണ് ട്രെയിനർ ആയി വന്ന ഐലിനുണ്ടായിരുന്നത് .  "എന്റെ അമ്മ പറയാറുണ്ടായിരുന്നു, ചിരിക്കുക, ചിരിപ്പിക്കുക  മതിവരുവോളം, കരയാൻ ആർക്കും ഇഷ്ടമല്ലെന്നു മനസ്സിലാക്കുക " -  അവർ ക്ലാസ്സ് തുടങ്ങിയത് ആ വാചകത്തിലാണ് . കുടുംബവിശേഷങ്ങളും യാത്രാവിവരണങ്ങളുമൊക്കെയായി രണ്ടുദിവസ്സം വളരെപ്പെട്ടെന്നു കടന്നുപോയി .  അവരുടെ മൂന്നുമക്കളും കുടുംബങ്ങളും  ഒമ്പതു പേരക്കുട്ടികളും പലപ്പോഴും ഉദാഹരണങ്ങളിൽ കടന്നുവന്നു . "അവരെയോർത്തു ഞാൻ അഭിമാനിക്കുന്നു , കാരണം എനിക്ക് അമ്മ പകർന്നുതന്ന മൂല്യങ്ങൾ അവരും കാത്തുസൂക്ഷിക്കുന്നു " ഇടയ്ക്കിടെ ഐലിൻ പറഞ്ഞു.

ഒട്ടനവധി തവണ ഇന്ത്യൻ സംസ്കാരത്തെക്കുറിച്ചു അവർ പരാമർശിച്ചത് എന്നിൽ അദ്‌ഭുതം ജനിപ്പിച്ചു . എന്റെ ആകാംക്ഷ കണ്ടിട്ടാവണം അവർ പറഞ്ഞത് , "എന്റെ 'അമ്മ ജനിച്ചത് കൽക്കട്ടയിലാണ്. അമ്മയുടെ മാതാപിതാക്കൾ അവിടെയായിരുന്നു ബിസ്സിനസ്സ് ചെയ്തിരുന്നത്".

ഉച്ചയ്ക്ക് കഴിക്കാനിരിക്കുമ്പോൾ വീണ്ടും അവരെന്നോട് ഇന്ത്യയെക്കുറിച്ചു വാ തോരാതെ സംസാരിച്ചു .  കൽക്കട്ടയെക്കുറിച്ചു ചോദിച്ചറിഞ്ഞു . ഇന്ത്യൻ സാഹിത്യം, കലകൾ എല്ലാം അവർക്കു ഏകദേശം മനഃപ്പാഠമായിരുന്നു . കൽക്കട്ട ഇന്ത്യയുടെ ഒരു സാംസ്കാരിക കേന്ദ്രമാണെന്നും എന്നെങ്കിലും അവിടെ പോകണമെന്നും ഞാൻ അവരോടു പറഞ്ഞു . അവർ ഒന്നു മന്ദഹസിച്ചു , പിന്നെ പറഞ്ഞുതുടങ്ങി .

"വളരെ ക്ലേശകരമായ ഒരു ബാല്യമായിരുന്നു എന്റെ അമ്മയുടേത് . അമ്മമ്മ അമ്മയ്ക്ക് ഏഴുവയസ്സുള്ളപ്പോൾ  കുടുംബത്തെ ഉപേക്ഷിച്ചു പോയി.  കുറച്ചുകഴിഞ്ഞപ്പോൾ അച്ഛനും .  വലിയ സമ്പത്തിൽ വളർന്നിട്ട് പെട്ടെന്നൊരുദിവസം അനാഥത്വത്തിലേക്കും ദാരിദ്ര്യത്തിലേക്കും എറിയപ്പെടുക . ജീവിതം വഴിമുട്ടിനിന്നപ്പോളെല്ലാം അമ്മയ്ക്ക് വാശിയായിരുന്നു  തോറ്റുകൊടുക്കില്ലെന്ന് .  അനാഥാലയത്തിൽ കുറേക്കാലം.  മുപ്പതു വയസ്സുവരെ അമ്മ കൽക്കട്ടയിൽ ജീവിച്ചു. അതിനിടെ എന്റെ അച്ഛനെ കണ്ടുമുട്ടി. അച്ഛൻ ബ്രിട്ടനിൽ നിന്നും ഇന്ത്യയിലേക്ക് പോയ കപ്പലിലെ കപ്പിത്താൻ ആയിരുന്നു . പിന്നീട് അവർ വിവാഹം കഴിച്ചു,  ലണ്ടനിലേക്ക് മടങ്ങി ". 

കഥ കേട്ടിരുന്ന എന്റെ നേരെ  നോക്കി അവർ  തുടർന്നു . " അമ്മ എപ്പോഴും എനിക്കൊരു അദ്‌ഭുതമായിരുന്നു. എന്തു പ്രശ്നങ്ങളെയും അവർ ധീരമായി നേരിട്ടു . മക്കളെ ഒരുപാട് ജീവിതപാഠങ്ങൾ  പഠിപ്പിച്ചു.  ഞങ്ങളുടെ ഓരോ നിശ്വാസവ്യതിയാനവും തിരിച്ചറിഞ്ഞു  .   കയ്പ്പേറിയ ബാല്യവും യൗവ്വനവും ഞങ്ങളെ പറഞ്ഞുകേൾപ്പിച്ചു. പിന്നീട് ജർമ്മനി ഇംഗ്ലണ്ടിനെ ആക്രമിച്ചപ്പോൾ  കുട്ടികളുടെ സുരക്ഷിതത്വത്തെക്കരുതി അവർ വാൻകോവേറിലേക്കു ജീവിതം പറിച്ചുനട്ടു . ഒറ്റപ്പെട്ടുപോയ സ്വന്തം ബാല്യം അവരെ അതിനു പ്രേരിപ്പിച്ചിരിക്കാം. അമ്പതാമത്തെ വയസ്സിൽ അമ്മയ്ക്ക് സുഖമില്ലാതായപ്പോൾ ഞാനും ഭർത്താവും അവരുടെയടുത്തേക്കു താമസം മാറ്റി . കുറെ നാൾ ശുശ്രുഷിച്ചു . കിടപ്പായിരുന്നിട്ടും സഹായിക്കാൻ ആരും തൊടുന്നത് അമ്മക്കിഷ്ടമില്ലായിരുന്നു . അച്ഛൻ അമ്മയെ ഒരിയ്ക്കലും ഒറ്റയ്ക്കാക്കിയില്ല . വല്യ സ്നേഹമായിരുന്നു .അച്ഛനോട് മാത്രം ശാഠ്യങ്ങളൊന്നും കാണിച്ചില്ല. അങ്ങനെ രണ്ടുവർഷം....   ഞങ്ങളുടെയെല്ലാം ജീവിതത്തിൽ നികത്താനാവാത്ത ഒരു ശൂന്യത ബാക്കിവെച്ചു അമ്മ കടന്നു പോയി. മരണത്തിലും അവർ അങ്ങനെ ചിരിച്ചുകിടന്നു . അച്ഛൻ ഇപ്പോഴുമുണ്ട്, തൊണ്ണൂറ്റൊന്നു  വയസ്സായി, ".

 ഭക്ഷണം കഴിച്ചുതീർത്തു ഐലിൻ എഴുന്നേറ്റു , "എനിക്കും പോകണം അമ്മയുടെ ഓർമ്മകളിലെ കൽക്കട്ട കാണാൻ.  അമ്മയുടെ വാക്കുകളിലൂടെ മനസ്സിൽ പതിഞ്ഞ കൽക്കട്ട കാണാൻ . അമ്മയുടെ അസുഖം പറയാൻ മറന്നു,"  ഐലിൻ  ഒന്ന് നിർത്തി എന്റെ  തോളിൽ കൈവച്ചു, നേരെ നോക്കി , "എയ്ഡ്സ് ആയിരുന്നു , ഷി  വാസ്  ....... എ  പ്രോസ്ടിട്യൂറ്റ്,
ബട്ട്.... ആൻ അമേസിങ് പേഴ്സൺ "

എന്റെ ഞെട്ടൽ അവരെ ബാധിച്ചതേയില്ല.  അഭിമാനപൂർവ്വം നടന്നുപോകുന്ന ആ മകളെ കണ്ടപ്പോൾ , കൽക്കട്ട എന്റെ ചിന്തകളിൽ നിന്നും മറഞ്ഞുപോയി . എന്റെ കണ്ണുകൾ വീണ്ടും വീണ്ടും നിറയുന്നതെന്തിനാണെന്ന് ഞാൻ അത്ഭുതപ്പെട്ടു .


Friday, February 16, 2018

ട്രെയിനിലെ യാത്രക്കാർ മുഴുവനും അവരെത്തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു . ഒരു അച്ഛനും മകനും . കഷ്ടി രണ്ടു വയസ്സുകാണും കുഞ്ഞിന്. ട്രെയിനിൽ കയറിയപ്പോൾ മുതൽ ഒരേ കരച്ചിലാണ് .അവന്റെ സ്വർണ്ണത്തലമുടി പാറിപ്പറന്നിരിക്കുന്നു . പൂപോലുള്ള കുഞ്ഞുമുഖം മുഴുവൻ ചുവന്നിട്ടുണ്ട് . ആ അച്ഛൻ മോനെ തന്റെ നെഞ്ചോടു ചേർത്തുതന്നെ പിടിച്ചിട്ടുണ്ട് , ആർക്കും വിട്ടുകൊടുക്കില്ലൊന്നൊരു ഭാവത്തിൽ .

ഇടയ്ക്കു ഒന്നു രണ്ടു സ്ത്രീകൾ അവന്റെ നേരെ നോക്കി കൈവീശുകയും പുഞ്ചിരിക്കുകയും ചെയ്തപ്പോൾ അവൻ കരച്ചിൽ നിർത്തി അച്ഛനോടു പറ്റിപ്പിടിച്ചിരുന്നു . ഒളികണ്ണാൽ മറ്റുള്ളവരെ ഒന്ന് നോക്കി . കുഞ്ഞു കരച്ചിൽ നിർത്തിയപ്പോൾ ആശ്വാസത്തോടെ അയാൾ നെടുവീർപ്പിട്ട് അവന്റെ നെറ്റിയിൽ ഉമ്മ വച്ചു . അവൻ അച്ഛന്റെ മൂക്കിലും ചെവിയിലുമൊക്കെ പിടിച്ചു കളിതുടങ്ങി .

ഞാൻ അയാളെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു , വളരെ ക്ഷമയോടെ കുഞ്ഞിന്റെ ഓരോ കളിയും ആസ്വദിക്കുന്നു .  വളരെ കരുതലോടെ അവനെ ചേർത്തു പിടിക്കുന്നു .  സാധാരണനിലയിൽ നമ്മളൊന്നും കാണാതെപോകുന്ന ഒരു ചിത്രം - അച്ഛന്റെ സ്നേഹം.

കഴിഞ്ഞ ദിവസം അമ്മയെക്കുറിച്ചെഴുതിയപ്പോൾ ശ്രീജിത് ചോദിക്കുന്നുണ്ടായിരുന്നു , അച്ഛൻ എന്തേ ഒഴിവാക്കപ്പെടുന്നു എന്ന് .  ആ ചോദ്യം വീണ്ടും മുന്നിൽ വന്ന് എന്നെ തുറിച്ചുനോക്കി..

അച്ഛൻ പലർക്കും കാർക്കശ്യത്തിന്റെ രൂപമാണ് ,  അനുവാദം ചോദിക്കാനും പണം തരാനും ഉള്ള  ഒരാൾ . ഒട്ടേറെ അരുതുകൾ മുന്നിൽ വയ്ക്കുന്ന ഒരാൾ , ഒടുവിൽ വയസ്സാകുമ്പോൾ പേരക്കുട്ടികൾക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറുള്ള സ്നേഹം നിറഞ്ഞ അപ്പൂപ്പൻ .

ശരിക്കും അച്ഛൻ എപ്പോഴും സ്നേഹത്തിന്റെ നിറകുടം തന്നെ. പക്ഷേ , പലപ്പോഴും അത് പ്രകടിപ്പിക്കാൻ ഇഷ്ടപ്പെടാത്തവർ . മക്കൾക്ക് അപകടം സംഭവിക്കുമോ എന്ന് ഭയപ്പെട്ട്‌ പലതിനും "അരുത് " പറയുന്നവർ. ഒരു ചെറിയ വീഴ്ച്ചയിൽപോലും നമ്മെ താങ്ങുന്നവർ . മിക്കപ്പോഴും പ്രിയപ്പെട്ടവരുടെ മനസ്സിൽ പോലും ഇരിപ്പിടങ്ങൾ നഷ്ടപ്പെടുന്നവർ .

എനിക്ക് അച്ഛൻ  എന്നും ഒരു ആത്മവിശ്വാസമാണ്,  മുന്നോട്ടിറങ്ങാൻ ഉള്ള ധൈര്യം .  എത്ര ദൂരെയായാലും ഒരു ഹൃദയമിടിപ്പിന്റെ അകലത്തിൽ അനുഭവപ്പെടുന്ന സാമീപ്യം. 

സാധാരണയായി  കിടക്കുംമുമ്പ് ഉറങ്ങുന്ന ഒരാൾ , മോനൊരു ചുമ വന്നാൽ അല്ലെങ്കിൽ മോൾക്കൊരു പനി വന്നാൽ രാത്രി ഇടയ്ക്കിടെ എഴുന്നേറ്റ് അവർക്കു കുഴപ്പമൊന്നുമില്ലെന്നു ഉറപ്പുവരുത്തുന്ന സ്വന്തം വീട്ടിലെ കാഴ്ച്ചയും അതു തന്നെയാണ് എന്നോടു പറയുന്നത് . പാതിയുറക്കത്തിൽ ഞാൻ കാണുന്ന ആ കാഴ്ച്ച എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് . അച്ഛൻ, കൊട്ടിഘോഷിക്കപ്പെടാത്ത ഒരു കഥാപാത്രമാണ് , പക്ഷേ  തിരക്കഥാകൃത്തും സംവിധായകനുമാണ്. ഇരിപ്പിടങ്ങൾ മനസ്സിന് പുറത്തല്ല, നമ്മുടെ ഓരോ നിശ്വാസത്തിലുമാണ് അവർക്കു കൊടുക്കേണ്ടത് .

കുഞ്ഞുറങ്ങിക്കഴിഞ്ഞിരിക്കുന്നു , ഞാൻ ഇറങ്ങുന്ന സ്റ്റേഷനിൽത്തന്നെ അയാളും ഇറങ്ങി. നേർത്ത മഞ്ഞു പൊടിയുന്നുണ്ടായിരുന്നു , അയാൾ തന്റെ ജാക്കറ്റ് തുറന്ന് മോനെ ഒന്നുകൂടി പൊതിഞ്ഞു പിടിച്ചു . ലോകത്തു മറ്റൊരിടത്തും കിട്ടാത്ത സുരക്ഷിതത്വത്തിൽ മയങ്ങുന്ന ആ കുഞ്ഞിനോട് എനിക്കെന്തോ  അസൂയ തോന്നി. 

ആൾക്കൂട്ടത്തിൽ അച്ഛന്റെ കൈയ്യിലെ പിടുത്തം നഷ്ടപ്പെട്ട ഒരു കുട്ടിയെപ്പോലെ ഞാൻ നടന്നു .




Friday, January 26, 2018

വീണ്ടും ഒരു പനിക്കാലം.. ഇത്തവണ അതെന്നെ വല്ലാതങ്ങു സ്നേഹിച്ചുകളഞ്ഞു .  നിർത്താതെ ചിലച്ചുകൊണ്ടിരിക്കുന്ന തൊണ്ടയിൽ തന്നെ ആശാൻ പിടിമുറുക്കിക്കളഞ്ഞു .  അമ്മമാർ നിശ്ശബ്ദരാവുന്ന വീടിന് താളമാധുര്യം കുറവാണെന്ന് അഹങ്കാരത്തോടെയാണെങ്കിലും ഞാൻ തിരിച്ചറിയുന്നത് ഇങ്ങനെയാണ് .

അമ്മ ഒരുനേരം എഴുന്നേറ്റില്ലെങ്കിൽ തീർന്നുപോവുന്ന ദുശാഠ്യമൊക്കെയേ നമ്മുടെ ആണുങ്ങൾക്കും കുട്ടികൾക്കുമുള്ളൂ , അതു സമ്മതിച്ചു തരാൻ അല്പം മടിയാണെങ്കിലും .

പനിച്ചു കിടന്നപ്പോഴെല്ലാം ഞാൻ എന്റെ അമ്മയെ ഓർത്തുകൊണ്ടേയിരുന്നു . അമ്മ എന്നെങ്കിലും വിശ്രമിച്ചിട്ടുണ്ടാകുമോ എന്ന് അദ്‌ഭുതപ്പെട്ടു . അദ്ധ്യാപക ജോലി കഴിഞ്ഞു വീട്ടിലെത്തിയാൽ , പിന്നെ വീട്ടു പണികൾ , അച്ഛനമ്മമാരുടെ കാര്യങ്ങൾ നോക്കൽ , കുട്ടികൾ, പറമ്പ് , പശു .... എപ്പോൾ ആവും 'അമ്മ ഒന്നിരിന്നിട്ടുണ്ടാവുക?  അച്ഛൻ തന്നാൽ ആവുംവിധമൊക്കെ സഹായിച്ചിരുന്നു . എത്ര വയ്യെങ്കിലും ഒരിക്കൽ പോലും "പറ്റില്ല" എന്നൊരു വാക്കു പറഞ്ഞിട്ടില്ല.

പഠനമൊക്കെ കഴിഞ്ഞപ്പോളേക്കും വിവാഹമായി . ഞങ്ങൾ പെൺകുട്ടികൾ പിരിഞ്ഞു പോയി . പിന്നീട് അതിഥികളായി വീട്ടിൽ എത്തുമ്പോഴും 'അമ്മ തിരക്കിലായിരുന്നു . സല്കാരത്തിരക്ക് , എല്ലാവരും വട്ടം കൂടിയിരുന്നു വിശേഷങ്ങൾ പങ്കുവക്കുമ്പോഴും അമ്മ അവിടെയുണ്ടാവാറില്ല , അടുക്കളയിൽ പാത്രങ്ങളോട് മല്ലിടുകയായിരിക്കും . അവധികഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അമ്മ വേഗം പണികളൊക്കെ നിർത്തി ഉമ്മറത്തുവന്നു നിൽക്കും . "എന്റെ മക്കളെ നന്നായൊന്ന് കണ്ടുകൂടിയില്ലല്ലോ" എന്ന് സങ്കടം പറയും.

അമ്മ അങ്ങനെയാണ്, കടലോളം സ്നേഹം വിളമ്പി, കടുകോളം തിരിച്ചു പ്രതീക്ഷിക്കുന്ന ഒരു ജന്മം. അൽപ്പമെങ്കിലും തിരിച്ചുകൊടുക്കാനായോ , അറിയില്ല .

"'അമ്മ, അമ്മയ്ക്ക് വയ്യാത്തതുകൊണ്ട് ഞാൻ ഇന്ന് പാത്രം തനിയെ കഴുകി വച്ചു " അടുത്ത് വന്നിരുന്ന് എന്റെ രണ്ടാം ക്‌ളാസ്സുകാരൻ . "അമ്മ , മരുന്നു കഴിച്ചോ?" ഐപാഡിന് അവധികൊടുത്തു മകൾ . "നീ എഴുന്നേൽക്കാത്തതു കൊണ്ട് വീടുറങ്ങി " , ഭർത്താവിന്റെ സങ്കടം. 

അമ്മ - അതൊരു വലിയ ഉത്തരവാദിത്തമാണ് , സുന്ദരമാണ് . വയ്യെങ്കിലും പതിയെ എഴുന്നേറ്റു - സ്നേഹത്തിന്റെ വിളിക്ക് പിന്തിരിഞ്ഞു നിൽക്കുന്നതെങ്ങനെ ? കുടുംബം കൂടുമ്പോൾ ഇമ്പമുള്ളതു തന്നെ .













Friday, January 12, 2018

"ഇന്നലെയും അമ്മ പറഞ്ഞതല്ലേ കാക്കപ്പൂവ് പറിച്ചു തരാമെന്ന് . എന്നെ വെറുതെ പറ്റിച്ചതാണല്ലേ "  മോന്റെ വാടിയ മുഖത്തെ കണ്ണുകൾ രണ്ടും പെയ്തൊഴിയാൻ കാത്തുനിൽക്കുന്ന കാർമേഘങ്ങൾ പോലെ  തുളുമ്പിനിന്നു.  അടുക്കളയ്ക്കും ഊൺമേശക്കുമിടയിലെ എന്റെ അനേകശതം ഓട്ടങ്ങൾക്കു അത് പെട്ടെന്ന് കടിഞ്ഞാണിട്ടു . തിരക്കൊഴിഞ്ഞിട്ടു ചെയ്തുകൊടുക്കാമെന്നു കരുതി മാറ്റിവച്ച ഒട്ടനേകം കുഞ്ഞുസ്വപ്നങ്ങൾ എന്റെ മുന്നിൽ പ്രതീക്ഷയോടെ  തിക്കിത്തിരക്കി നിന്നു .

അരിഞ്ഞുകൊണ്ടിരുന്ന പച്ചക്കറി  മാറ്റിവച്ചിട്ടു ഞാൻ മോന്റെ അരികിലേക്ക് ചെന്നു .  ജനാലയുടെ വിരി മാറ്റി  നോക്കി . ശൈത്യകാലമായതുകൊണ്ടു സൂര്യൻ നേരത്തെ മറഞ്ഞിരിക്കുന്നു, പുറത്തു ഇരുൾ\പരന്നിരുന്നു . ചെറിയ മഞ്ഞുമലകൾ മാത്രം സ്ട്രീറ്റ്‌ലൈറ്റിന്റെ വെളിച്ചത്തിൽ തിളങ്ങിനിന്നു . "നേരം ഇരുണ്ടല്ലോ മോനെ, ഇനിയെങ്ങനെ നമ്മൾ കാക്കപ്പൂ തേടി പോകും?"   അതു കേട്ടപ്പോൾ ഉരുണ്ടുകൂടിയ കാർമേഘം പെയ്യുക തന്നെ ചെയ്തു .  സന്തത സഹചാരിയായ  ഐപാടെടുത്തു കയ്യിൽ പിടിച്ചു  അവൻ വിതുമ്പി.  നനുത്ത തണുപ്പും നിരാശയുമെല്ലാം കൂടിച്ചേർന്നു അങ്ങനെ തന്നെ മയങ്ങുകയും ചെയ്തു .

എല്ലാവരും ഉറക്കം പിടിക്കുമ്പോഴാണ് എന്റെ ചിന്തകൾ പൂർവാധികം ശക്തി പ്രാപിച്ചു എന്നെ ഉണർത്തുന്നത്.  ഉണർവിനും ഉറക്കത്തിനും ഇടയിലുള്ള നേർത്ത ഇടവേളകളിൽ ഞാൻ മുടങ്ങാതെ തിരക്കിട്ടൊരു  യാത്രപോകാറുണ്ട്.  തിമിർത്താഘോഷിച്ച ബാല്യവും കൗമാര സ്വപ്നങ്ങളും നടന്നു തീർത്ത വഴിയോരങ്ങളും കുശലം പറഞ്ഞ ചെടികളും എല്ലാം എന്നെ കാത്തു നില്പുണ്ടാവും . പഴയ വഴികളിലൂടെ വീണ്ടും വീണ്ടും നടക്കും , ഓരോ മൺതരിയോടും വിശേഷം പറയും . ആർക്കും എന്നെ കാണാൻ പറ്റുന്നുണ്ടാവില്ല, പക്ഷേ  ഞാൻ എല്ലാം കാണും .  അമ്മ തിരക്കിട്ട് അടുക്കളയിൽ പാകം ചെയ്യുന്നത് എത്തി നോക്കും , അച്ഛൻ വരാന്തയിൽ പത്രം വായിക്കുന്നുണ്ടാവും . ഗേറ്റ് എപ്പോഴും തുറന്നുതന്നെ കിടക്കും , വരുമെന്നു പറഞ്ഞു പടിയിറങ്ങിപ്പോയ ആ ഒരാൾ ഞാനായിരുന്നുവെന്ന് മതിലിൽ ചാഞ്ഞു നിൽക്കുന്ന മൈലാഞ്ചിച്ചെടി എന്നോടു പറയും .  കണ്ടു കൺനിറഞ്ഞു ഉറക്കം പതിയെ എന്നെ തിരിച്ചുവിളിക്കും.

ഇന്നിപ്പോൾ അതും പറ്റുന്നില്ല .  ഇടനെഞ്ചിൽ ഒരു സങ്കടം കെട്ടിനിൽക്കുന്നതുപോലെ . നടക്കാത്ത ഒരു കാര്യം കാര്യം പറഞ്ഞു അവനെ പറ്റിക്കേണ്ടിയിരുന്നില്ല .  അമ്മയുടെ മോഹങ്ങളും   മോഹഭംഗങ്ങളുമാണ് കഥകളായും വാഗ്ദാനങ്ങളായും പുറത്തേക്കുവരുന്നതെന്ന് അവനറിയില്ലല്ലോ.  എഴുന്നേറ്റിരുന്നു , രാത്രിയുടെ നിശ്ശബ്ദതയിൽ എല്ലാവരും
ഉറങ്ങുമ്പോൾ മുഖം മൂടികളൊന്നുമില്ലാതെ ഉണർന്നിരിക്കുക ഒരു സുഖമാണ്.  ഞാൻ ഞാനാവുന്ന സുഖം , എന്റെ കാക്കപ്പൂവുകൾ നെറുകയിൽ ഉമ്മ വയ്ക്കുന്ന സുഖം .

Monday, January 1, 2018


"'അമ്മ, ഇന്ന് ന്യൂ ഇയർ ഫയർവർക്സ് കാണാൻ പോയാലോ? "  പുറത്തെ വെളുപ്പ് മൂടിയ, തണുത്തുറഞ്ഞ സന്ധ്യയിലേക്ക് നോക്കി ശൂന്യമായ മനസ്സോടെ ഇരിക്കുമ്പോളാണ് മകൾ ചോദിച്ചത് . പ്രകൃതിയും മനസ്സും ഒന്നുപോലെ -31 ൽ ഇരിക്കുമ്പോളും മറ്റാർക്കും തണുക്കുന്നില്ലേ എന്ന് ഞാൻ ആശ്ചര്യപ്പെട്ടു . ഒരു വർഷം കൂടി കൊഴിഞ്ഞു വീഴുന്നുവെന്ന തിരിച്ചറിവിൽ   പെട്ടെന്ന് ഞാനൊരു പന്ത്രണ്ടു വയസ്സുകാരിയായി.

"ഇന്നു നമുക്ക് പന്ത്രണ്ടുമണി വരെ ഉറങ്ങാതിരിക്കണം , ടീവിയിൽ നിറയെ പരിപാടികളുണ്ട് ", ചേച്ചിയോട് നയത്തിൽ പറഞ്ഞു അനിയത്തിക്കുട്ടി പുതുവർഷം പിറക്കുന്നത് കാണാൻ കാത്തിരിക്കുകയാണ്  . ദൂരദർശനിൽ അരമണിക്കൂർ പരിപാടിക്കിടെ അമ്പതു പരസ്യങ്ങൾ ക്ഷമയോടെ കണ്ട് കുഞ്ഞനിയനും ചേച്ചിമാരുടെ കൂടെ.. . ഒടുവിൽ മണി പന്ത്രണ്ടടിച്ചു  താരങ്ങളെല്ലാം "ഹാപ്പി ന്യൂ ഇയർ " പാടുമ്പോൾ ഉറക്കം തൂങ്ങിയ കണ്ണുകളിൽ സന്തോഷത്തിന്റെ തിരയിളക്കം. പരസ്പരം ഹാപ്പി ന്യൂ ഇയർ പറഞ്ഞു പുതപ്പിനടിയിലേക്കു ഊളിയിടുമ്പോൾ സ്വപ്നങ്ങളിൽപോലും താരപ്രകടനങ്ങളാവും .

 കൃത്യം പന്ത്രണ്ടു മണിക്ക് സന്ദേശം അയക്കാൻ വാട്സ്ആപ്   അന്ന് ഇല്ലാതിരുന്നതുകൊണ്ട് അത്യാവശ്യം വേണ്ടപ്പെട്ടവർക്ക് ഒരാഴ്ച്ച മുൻപേ കാർഡുകൾ അയച്ചിരിക്കും . കാട്ടിക്കൂട്ടലുകൾ ആയിരുന്നില്ല ഒന്നും , സ്നേഹത്തിന്റെ കലർപ്പില്ലാത്ത പ്രകടനങ്ങൾ.

മുതിർന്നപ്പോൾ എല്ലാം മാറിയിരിക്കുന്നു . കുഞ്ഞനിയനും ചേച്ചിമാരും ലോകത്തിന്റെ മൂന്നു ദിശകളിൽ  മൂന്ന് സമയമേഖലകളിലായി .

പിന്നേയും കാലങ്ങൾ അതിവേഗത്തിൽ ഓടിമറഞ്ഞു ഇവിടെയെത്തുമ്പോൾ മനസ്സും ശരീരവും ഒരുപോലെ അഭിനയിക്കാൻ പഠിച്ചിരിക്കുന്നു . ബന്ധങ്ങളിൽ , എന്താണ് വേണ്ടതെന്നു നോക്കി അത് മാത്രം വിളമ്പാൻ വല്ലാതങ്ങു പരിശീലിക്കുന്നു. വർഷങ്ങൾ വീണ്ടും പിറക്കുമ്പോൾ പുതുവത്സര പ്രതിജ്ഞകൾക്കൊന്നും മിനക്കെടാതാവുന്നു ,  നടക്കില്ലെന്ന് അംഗീകരിക്കാൻ മനസ്സ് പഠിച്ചതുകൊണ്ടാവാം.

കഴിഞ്ഞ ദിവസം ഒരു  സുഹൃത്ത് കണ്ടപ്പോൾ പറഞ്ഞിരുന്നു , ഈ നാട്ടിൽ ജീവിക്കുമ്പോൾ ഇവിടെ ആസ്വദിക്കാൻ പഠിക്കണം , ഓർമ്മകളിൽ ജീവിച്ചാൽ ജീവിക്കാൻ മറന്നു പോകും " എന്ന് . കടന്നുപോയ വർഷം മനസ്സിലാകാതെ വന്ന ഒരു വാചകമായിരുന്നു അത്.  മനസ്സിലാക്കണമെന്ന ശാഠ്യം  ഇല്ലതാനും .

മോൾ വീണ്ടും വന്നു വിളിക്കുന്നു , "'അമ്മ, പ്ലീസ് ...".

 മഞ്ഞുപുതഞ്ഞു കിടക്കുന്ന  വഴിയോരങ്ങളിലേക്ക് നോക്കി വണ്ടിയിൽ ഇരുന്നു . വീണ്ടുമൊരു  വർഷം  കൂടി വിടപറഞ്ഞിറങ്ങുകയാണ്, കണ്ണീർ തുടച്ചും മൂകം വിതുമ്പിയും പിന്തിരിഞ്ഞു നോക്കി  പതിയെ പടികളിറങ്ങുകയാണ്. ഓർമ്മകളുടെ വൻ കടലിലേക്ക് ഒരു കുടം വെള്ളം കൂടി . തേങ്ങലുകളും പരിഭവങ്ങളും പിണക്കങ്ങളുമെല്ലാം ഇന്നലെകളാവുമ്പോൾ ചുമരിൽ ഒരു കലണ്ടർ മാറ്റിയിടപ്പെടുന്നു .  ജീവിതത്തിൽ എന്തെങ്കിലും മാറുന്നുണ്ടോ  ആവോ .