Friday, July 27, 2018

നീണ്ട യാത്രയുടെ ക്ഷീണത്തിലായിരുന്നെങ്കിലും ഉറക്കം എന്തുകൊണ്ടോ പിടി തരുന്നുണ്ടായിരുന്നില്ല.  ജനലിലൂടെ പുറത്തേക്കുനോക്കി , സ്ട്രീറ്റ്‌ലൈറ്റിന്റെ വെളിച്ചത്തിൽ വെള്ളം ഒഴുകുന്നത് കണ്ടപ്പോഴാണ് മനസ്സിലായത് മഴ പെയ്യുകയാണെന്ന് . നിശബ്ദമായ മഴ ,  നിസ്സഹായത നിറഞ്ഞ ചില മിഴികൾ പോലെ . കഴിഞ്ഞദിവസം പുറപ്പെടാനൊരുങ്ങുമ്പോൾ ആർത്തലച്ചുപെയ്ത എന്റെ നാടൻ മഴ ഉള്ളിൽ നഷ്ടബോധം ജനിപ്പിച്ചു.

നാട്ടിലിപ്പോൾ അമ്മ ഉച്ചയൂണു കഴിഞ്ഞു പതിവുള്ള മയക്കത്തിന് കിടന്നിട്ടുണ്ടാവും .  മൂന്നാഴ്ച്ചയായി ശബ്ദമുഖരിതമായി നിറഞ്ഞു നിന്ന വീട് പെട്ടെന്ന് ശൂന്യമായതിന്റെ സങ്കടത്തിൽ ഒന്നും കഴിച്ചിട്ടുണ്ടാവില്ല . ഒന്നിരിക്കാൻ കൂടി സമയമില്ലാത്തവിധത്തിലുള്ള  ആ ഓട്ടത്തിന് ഒരു സമാധാനമാകുമല്ലോ എന്നാണ്  ഇറങ്ങുമ്പോൾ കരച്ചിലിനിടയിൽ ഞാൻ ചിന്തിച്ചത് . മഴയിൽ നടക്കുമ്പോൾ കണ്ണുനീരറിയില്ലെന്നുള്ള യാഥാർഥ്യം തെല്ലാശ്വാസം തന്നു.

എത്ര വേഗമാണ് സമയം കടന്നുപോകുന്നത്! നാട്ടിൽ കാലുകുത്തിയപ്പോൾ മുതൽ ഓരോ ഫ്രയിമിലും പശ്ചാത്തലസംഗീതമായി മഴയുണ്ടായിരുന്നു , ഒരു നിമിഷാർദ്ധത്തിൽ ഇരുണ്ട മാനത്തുനിന്നും പൊട്ടിവീഴുന്ന വലിയ മഴത്തുള്ളികൾ, ആർത്തലച്ചു രൗദ്രസംഗീതത്തിൽ ഭൂമിയിൽ തിമിർത്താടുന്ന മഴത്തുള്ളികൾ.. ഇത്ര നന്നായി ഈയടുത്തൊന്നും ഇങ്ങനൊരു മഴ കണ്ടിട്ടില്ല.
തുള്ളിക്കൊരുകുടം പെയ്യുന്ന പേമാരിയിൽ നിന്നും രക്ഷപ്പെടാൻ നിറഞ്ഞ ലോഡുള്ള വണ്ടിയുടെ മുകളിൽ കുടനിവർത്തി കുഞ്ഞിക്കൂടിയിരിക്കുന്ന ബംഗാളി  ഏതോ ഒരു കൽശില്പത്തെ ഓർമ്മിപ്പിച്ചു  .

ആസ്പത്രിയിൽ നിന്നും വീട്ടിലേക്കുള്ള രാത്രിയാത്രകളിൽ മഴ നിൽക്കാതെ പെയ്യുന്നുണ്ടായിരുന്നു . വാക്കുകളുടെ പെരുമഴ തീർക്കുന്നയാൾ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ചു നിശബ്ദമായിരിക്കുന്നത് കണ്ടെങ്കിലും കാണാത്ത ഭാവത്തിലിരുന്നു. പുറത്തേക്കാൾ വലിയ മഴ ഒരു പക്ഷേ ആ മനസ്സിൽ പെയ്യുന്നുണ്ടായിരിക്കും എന്നു തോന്നി . അമ്മയോടൊത്തുള്ള ഒരവധിക്കാലം അമ്മക്ക് കൂട്ടായി ആസ്പത്രിക്കിടക്കയിലായിപ്പോയതിന്റെ സങ്കടം പറയാതെതന്നെ മനസ്സിലാവുന്നുണ്ട് .

ഇടയ്ക്കിടെ പതിയെ കാറിന്റെ വിൻഡോ താഴ്ത്തുമ്പോൾ വളരെക്കാലം കാണാതിരുന്ന ആത്മസുഹൃത്തിനെ കണ്ടുമുട്ടിയതുപോലെ മഴത്തുള്ളികൾ നെറ്റിയിലും  കണ്ണിലും ഉമ്മ വച്ചു . പഴയ കഥകൾ പറഞ്ഞു, "നീ ഒത്തിരി മാറിയിരിക്കണു " എന്നു പരിഭവം പറഞ്ഞു.  "വിൻഡോ അടച്ചോളൂ , പനി പിടിക്കേണ്ട " എന്ന ഓർമ്മപ്പെടുത്തലിൽ ഉയർത്തിയ ചില്ലിനപ്പുറം മഴത്തുള്ളികൾ തിക്കിത്തിരക്കി നിന്നു .

മഴ പലപ്പോഴും പല വികാരങ്ങളാണ് . ചിലനേരം മോഹഭംഗങ്ങളിൽ ഒരു സാന്ത്വനം പോലെ.... ചിലപ്പോൾ സംഹാരശക്തിയായി....മറ്റു ചിലപ്പോൾ ഒരു നേർത്ത പ്രണയംപോലെ...

ഇരുപത്താറു മണിക്കൂറുകൾക്കിപ്പുറം ലോകത്തിന്റെ ഇങ്ങേയറ്റത്തുനില്കുമ്പോൾ മഴ വീണ്ടും രൂപം മാറുകയാണ് , വളരെ നാട്യം നിറഞ്ഞ  പുഞ്ചിരിപോലെ, വികാരങ്ങളില്ലാതെ  അത് പെയ്യുകയാണ്. ജനാലകൾ ചേർത്തടച്ചു . കണ്ണടച്ചു പിടിച്ചു ,എന്റെ മഴ അത് അങ്ങ് ദൂരെ നിറഞ്ഞു പെയ്യുന്നുണ്ട്, ആ ആരവം ഞാൻ കേൾക്കുന്നുണ്ട്. ആ മഴയിൽ എന്റെ മനസ്സും തണുക്കുന്നുണ്ട് .