"ഹൃദയമുരുകി നീ കരയുകയില്ലെങ്കിൽ,
കദനം നിറയുമൊരു കഥപറയാം " എന്നു കരുണാർദ്രമായ സ്വരത്തിൽ പാടിപ്പാടി കണ്ണുനനയിച്ച പാട്ടുകാരൻ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി ...
കദനം നിറയുമൊരു കഥപറയാം " എന്നു കരുണാർദ്രമായ സ്വരത്തിൽ പാടിപ്പാടി കണ്ണുനനയിച്ച പാട്ടുകാരൻ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി ...
എന്നു മുതലാണ് ഗസലുകളെ സ്നേഹിച്ചുതുടങ്ങിയതെന്ന് ഓർമ്മയില്ല , സൗഹൃദവും പ്രണയവും തമ്മിലുള്ള വളരെ നേർത്ത അതിർവരമ്പ് മനസ്സിലായിത്തുടങ്ങിയ അന്നു മുതലാവാം . പങ്കജ് ഉദാസ് പ്രണയം നിറച്ചു പാടിയ ഗസലുകളാണ് ഏറെക്കാലം മനസ്സിൽ ആവാഹിച്ചതും കേട്ടു നടന്നതും . പറയാനാഗ്രഹിച്ച പലതും അദ്ദേഹത്തിന്റെ സ്വരത്തിലൂടെ ഒഴുകിയെത്തിയപ്പോൾ ഗസലുകൾ പ്രിയ കൂട്ടുകാരായി. വിരഹം നിറഞ്ഞ ശബ്ദത്തിൽ "ചിട്ടി ആയി ഹേ , ആയി ഹേ ..." എന്ന് അദ്ദേഹം പാടിയപ്പോൾ കണ്ണീരൊഴുക്കി .
ലോർഡ് കൃഷ്ണ ബാങ്കു കുടുംബത്തിൽ എത്തപ്പെട്ടപ്പോൾ ആണ് പങ്കജ് ഉദാസിൽ നിന്നും ജഗ്ജിത് സിങ്ങിലേക്കു എത്തിനോക്കുന്നത് . പി ഭാസ്കരൻ മാഷിന്റെ അനന്തരവനായ ബിനോദ് സാറാണ് തന്റെ ഘനഗംഭീര സ്വരത്തിൽ ജഗ്ജിത് സിങ്ങിന്റെ ഗസലുകൾ മൂളിനടന്നിരുന്നത് . ചില ഉച്ചയൂണു വേളകളിൽ നിർബന്ധത്തിനു വഴങ്ങി അദ്ദേഹത്തിലൂടെ ജഗ്ജിത് സിംഗ് പാടി , "തും ഇത്നാ ജോ മുസ്‌കുരാ രഹെ ഹോ...". ഓണാഘോഷത്തിനു കീബോർഡിനൊപ്പം സ്വയം അലിഞ്ഞു കറയറ്റ ശബ്ദത്തിൽ പാടി അദ്ദേഹം ഗസലുകളിലേക്കു ഊളിയിട്ടു .
ബിനോദ് സർ തന്നെയാണ്, "കുട്ടീ , ഈ മലയാളം ഗസലുകൾ കേട്ടു നോക്കൂ ", എന്നു പറഞ്ഞു ഉമ്പായിയുടെ ഗസലുകളിലേക്ക് എന്നെ ക്ഷണിച്ചത് . കേൾക്കുംതോറും "കേൾക്കാൻ വൈകിയതെന്തേ " എന്ന് അവയെന്നോട് നനുത്ത ശബ്ദത്തിൽ ചോദിച്ചു കൊണ്ടിരുന്നു . "വീണ്ടും പാടാം സഖീ നിനക്കായ് ഒരു വിരഹഗാനം ഞാൻ " എന്ന് പറഞ്ഞു എന്റെ വിരഹകാലങ്ങളെ സംഗീതമയമാക്കി . വരണ്ട മനസ്സിൽ പ്രണയം ചാലിച്ച് കുളിർമഴ പെയ്യിച്ചു . ഗസലുകളും പുസ്തകങ്ങളും ജാടകളില്ലാത്ത കുറച്ചുകൂട്ടുകാരും സഹപ്രവർത്തകരും നിറഞ്ഞ ഒരു കാലം.. ഇരുട്ടി വെളുക്കുമ്പോൾ മാഞ്ഞുപോയ ഒരു സ്വപ്നം പോലെ .
ഇവിടെ , ഒറ്റപ്പെടലിന്റെ ചില നിമിഷങ്ങളിൽ പങ്കജ് ഉദാസിന്റെയും ജഗ്ജിത് സിംഗിന്റെയും കൂട്ടത്തിൽ ഉമ്പായിയും എന്റെ അടുക്കളയിൽ വിരുന്നിനെത്തി . അവർക്കൊപ്പം ചുള്ളിക്കാടും മധുസൂദനൻ നായരും വേണുഗോപാലിലൂടെ സുഗതകുമാരിയും എനിക്ക് വേണ്ടി പാടിക്കൊണ്ടിരുന്നു .
ഒടുവിൽ പാട്ടുനിർത്തി എന്റെ പ്രിയഗായകൻ യാത്രയാവുകയാണ്,
പ്രണയം നിറച്ച മരണമില്ലാത്ത വരികൾ ബാക്കിയാക്കി .
എൻറെ അടുക്കളയിൽ വിരഹം നിറച്ചു ഇനിയും അദ്ദേഹത്തിന്റെ ശബ്ദം മുഴങ്ങിക്കൊണ്ടേയിരിക്കും,
"പിരിയുവാൻ നേരത്തു കാണുവാൻ ആശിച്ച ..
ഒരു മുഖം മാത്രം ഞാൻ കണ്ടതില്ല....'
പ്രണയം നിറച്ച മരണമില്ലാത്ത വരികൾ ബാക്കിയാക്കി .
എൻറെ അടുക്കളയിൽ വിരഹം നിറച്ചു ഇനിയും അദ്ദേഹത്തിന്റെ ശബ്ദം മുഴങ്ങിക്കൊണ്ടേയിരിക്കും,
"പിരിയുവാൻ നേരത്തു കാണുവാൻ ആശിച്ച ..
ഒരു മുഖം മാത്രം ഞാൻ കണ്ടതില്ല....'