Friday, August 31, 2018

അങ്ങനെ വീണ്ടും വെള്ളിയാഴ്ച്ചയായി .  ചില കാട്ടിക്കൂട്ടലുകൾ കാണുമ്പോൾ വെള്ളിയാഴ്ചകൾക്കു വേണ്ടി മാത്രമാണ് ഞാൻ കാത്തിരിക്കുന്നത് എന്ന് എനിക്ക് തന്നെ തോന്നാറുണ്ട് . അത്, വീടിനും ഓഫീസ്സിനും ഇടയിൽ തിങ്കൾ മുതൽ വെള്ളിവരെ ഓടിത്തീർക്കുന്ന ഒരു വീട്ടമ്മയുടെ അവിവേകമായിക്കരുതി വായനക്കാർ ക്ഷമിക്കുക . വെള്ളിയാഴ്ച്ച വൈകുന്നേരങ്ങൾ അങ്ങനെ അലസമായിരിക്കാനുള്ള അവസരമാണ് . അടുത്ത രണ്ടുദിവസം അവധി, അടുക്കളയ്ക്ക് അവധി കൊടുത്തു വെറുതേ ഇരുന്ന് ഭർത്താവിനോടു എന്തെങ്കിലും കൊച്ചുവാർത്തമാനമൊക്കെ പറഞ്ഞു മക്കളോട് തല്ലുപിടിച്ചു അങ്ങനെ നേരം കൊല്ലുക . കേൾക്കുമ്പോൾ അത്ര വല്യ കാര്യമൊന്നുമല്ലെങ്കിലും അടുത്ത ഒരാഴ്ചയിലേക്കുള്ള ഊർജ്ജം തരുന്നത് ഈ വൈകുന്നേരങ്ങളാണ് .

വെള്ളിയാഴ്ച്ച ഉച്ചകഴിയുമ്പോൾ മുതൽ ഓഫീസിൽ ജോലി ചെയ്യാൻ വല്യ മടിയാണ്, സമയം അങ്ങ് നീങ്ങാത്തതുപോലെ . മനസ്സിൽ വരുന്ന ആശയങ്ങളൊക്കെ ഒരു സ്റ്റിക്കിനോട്ടിൽ എഴുതി ഒട്ടിച്ചുകൊണ്ടിരുന്നു, മൂന്നു ദിവസം അവധിയുണ്ട്. എവിടെയെങ്കിലും യാത്ര പോകാം . ഇഷ്ടമുള്ളത് എന്തെങ്കിലുമൊക്കെ ചെയ്യാം. ഇന്നലെ രാത്രി മടിപിടിച്ചു കലക്കി വച്ച ഹെന്ന ഇടണം, തലയ്ക്കൊരു തണുപ്പുകിട്ടട്ടെ. വെള്ളിയാഴ്ച്ചയായതുകൊണ്ടു ഭർത്താവിനു സമയമുണ്ടല്ലോ , സഹായിക്കാമോയെന്നു ചോദിക്കാം , ചെയ്യുമായിരിക്കും , കാരണമുണ്ട് .

രണ്ടുദിവസം മുൻപ് പതിവുപോലെ വൈകിട്ട് കാപ്പികുടിച്ചിരിക്കുമ്പോൾ ഭർത്താവ് പറഞ്ഞു, "നിനക്കീയിടെയായി ഒരു മാറ്റമുണ്ട് ,  സ്ട്രെസ് ഒക്കെ ഒന്ന് കുറഞ്ഞത് പോലെ , സദാ സമയവും ആവലാതിപ്പെട്ടിരുന്ന നീ അത് നിർത്തിയിരിക്കുന്നു . വായന കൂടിയതിന്റെ ആവും". അതെനിക്കും തോന്നാതിരുന്നില്ല, ഒരു കനമില്ലാതായതുപോലെ . മാധവിക്കുട്ടിയുടെ ബുക്കുകളാണ് രണ്ടാഴ്ച്ചയായി ട്രെയിൻ യാത്രയിലെ കൂട്ട്. വായിച്ചു പുസ്തകമടച്ചുവയ്ക്കുമ്പോൾ ചുറ്റും കാണുന്ന എല്ലാത്തിനും ഒരു സൗന്ദര്യം തോന്നും. സ്നേഹം തോന്നും. വെറുതെ ചിരിക്കാൻ തോന്നും . കാടുകയറിയ  ചിന്തകളെ മുറിച്ചു ഭർത്താവ് തുടർന്നു , "നിന്റെ പ്രശ്നങ്ങളെ എങ്ങനെ പരിഹരിക്കണമെന്ന് നീ പഠിച്ചു. ഇനി എന്നെങ്കിലും ഇത് ഫലപ്രദമല്ലെന്നു തോന്നിയാൽ ചെയ്യാൻ ഞാൻ ശാസ്ത്രീയമായ  ഒരു വഴി പറഞ്ഞു തരാം "

സോഫയിൽ ചമ്രം പടിഞ്ഞിരുന്ന ഞാൻ "ശാസ്ത്രീയമായ" ആ വഴി കേൾക്കാൻ ഒന്നിളകി നേരേയിരുന്നു, "ഏതൊരു പ്രശ്നത്തെയും നേരിടാൻ ആദ്യം അതിനെ ഓരോരോ  ഭാഗങ്ങളാക്കി ബ്രേക്ക് ചെയ്യുക, എന്നിട്ട് വിശകലനം ചെയ്യുക, വളരെ പെട്ടെന്ന് തന്നെ ഒരു പരിഹാരത്തിലെത്താൻ നമുക്ക് കഴിയും . ഉദാഹരണത്തിന്, അടുത്ത ആഴ്ച്ച കുട്ടികളുടെ സ്കൂൾ തുറക്കുകയാണ്, അതിനു നീ ഇന്നേ സ്ട്രെസ്സ്ഡ് ആണെന്നെനിക്കറിയാം. ബ്രേക്ക് ചെയ്യൂ , സ്കൂളിലേക്ക് എന്തൊക്കെ വേണം, അത് തയ്യാറാക്കാൻ എത്ര നേരം വേണം, ചിന്തിക്കൂ ". ഞാൻ ചിന്തിച്ചു  നോക്കി, ശരിയാണ്,ഭർത്താവാണെങ്കിലും പറഞ്ഞത് നന്നെങ്കിൽ അംഗീകരിക്കണമല്ലോ എന്നെന്റെ പെൺബുദ്ധി ആത്മഗതം ചെയ്തു.

അങ്ങനെ പ്രശ്നങ്ങളൊന്നുമില്ലാത്ത സമാധാനപരമായ  ആഴ്ച്ചകളിലൊന്നാണ് കടന്നുപോയത് . എന്റെ പുസ്തകങ്ങളിൽ ഞാനും വാട്സ്ആപ്പിലും ഫോട്ടോഗ്രഫിയിലും ഭർത്താവും വളരെ രമ്യതയോടെ പരസ്പരബഹുമാനത്തോടെ വിരാജിച്ചു . ഒരാൾ മറ്റേയാൾക്കു ഒരിയ്ക്കലും തടസ്സം നിന്നില്ല .

വെള്ളിയാഴ്ചയിലേക്കു തിരിച്ചു വരാം, സമയം 4 : 30 മുട്ടിയപ്പോൾ ബാഗെടുത്തു ട്രെയിൻ സ്റ്റേഷനിലേക്ക് പാഞ്ഞു . "പക്ഷിയുടെ മണം" വായിച്ചു കഴിഞ്ഞതിനാൽ മീരയുടെ  "ഭഗവാന്റെ മരണം " ആയിരുന്നു കൂട്ട് . ഇറങ്ങേണ്ട സ്ഥലമെത്തിയപ്പോൾ പതിവുപോലെ കാത്തുനിൽപ്പുണ്ട് .  കാറിൽ കയറിയിരുന്ന് വീടെത്താറായപ്പോൾ , "ഇന്നൊരു ഫോട്ടോഷൂട്ടിന് ക്ഷണമുണ്ട് , നിജു ഒരു മോഡൽ ഫോട്ടോഷൂട്ട് ചെയ്യുന്നുണ്ട് വൈകിട്ട്. നീ ഇറങ്ങിക്കോ, ഞാൻ പോയിട്ടുവരാം " .

കാർ വഴി തിരിഞ്ഞു അകന്നു മറഞ്ഞു .  കലക്കിവെച്ച ഹെന്ന ആരോ തട്ടിമറിച്ചപോലെ .  വല്ലാത്ത നിരാശ തോന്നി . ഹൃദയത്തിന്റെ ഇടിപ്പിന് വേഗം കൂടി .  പെട്ടെന്നാണോർത്തത്, പ്രശ്നത്തെ ബ്രേക്ക് ചെയ്യണം , കഷണങ്ങളാക്കി നോക്കി, ആദ്യത്തെ കഷണം നിജുവാണ് , "ചേച്ചീ " എന്നുള്ള സ്നേഹം നിറഞ്ഞ വിളി ഓർത്തപ്പോൾ തോന്നി ബ്രേക്ക് ചെയ്യണ്ട, പാവം. ഭഗവാന്റെ മരണം വിട്ട് ഞാൻ നീർമാതളം കയ്യിലെടുത്തു .